" എല്ലാ പക്ഷിക്കും ചിലക്കാം വയവന് മാത്രം പാടില്ല", ഒരു പഴംചൊല്ല് ആണിത്. വയവന്‍ (മരംകൊത്തി) ചിലക്കുന്നത് ശുഭം അല്ലെന്നാണ് പറയുന്നത്. ഇതേ ഗതി ആണ് നായര്‍ സര്‍വീസ് സൊസൈറ്റി യുടെതും. എന്‍.എസ്.എസ്. പറയുന്നതിനെ എല്ലാം വ്യാഖ്യാനിച്ചു പുതിയ മാനങ്ങള്‍ നല്‍കി ശരി അല്ലെന്നു പറയും രാഷ്ട്രീയ പാര്‍ടികള്‍.
അടുത്ത കാലത്ത് നിയമ സഭാ തെരഞ്ഞെടുപ്പു വന്നു. പതിവ് പോലെ നാനാ ജാതി മതസ്ഥരും ( എല്ലാ ജാതികളും അജ്ജാതികളുടെ സംഘടനകളും ) തങ്ങളുടെ ജാതിക്കാരെ സ്ഥാനാര്‍ഥികള്‍ ആക്കാന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. പുലയ സഭ, വെള്ളാള സഭ, പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ എല്ലാവരും. ക്രിസ്ത്യാനികളെ മാത്രം സ്ഥാനാര്‍ഥികള്‍ ആക്കുന്ന ക്രിസ്ത്യാനികള്‍ക്ക് മാത്രം വേണ്ടി, ക്രിസ്ത്യാനികള്‍ നടത്തുന്ന ( അബ്രഹാം ലിങ്കന്‍ പറഞ്ഞ പോലെ of the ക്രിസ്ത്യാനി, by the ക്രിസ്ത്യാനി, for the ക്രിസ്ത്യാനി ) മാണിയുടെയും ജേക്കബിന്റെയും കോണ്‍ഗ്രസ് ഉണ്ടായിട്ടും സുറിയാനി, ലത്തീന്‍, യാകോബ, മാര്‍ത്തോമ, ക്നാനായ, സി എസ്.ഐ. തുടങ്ങിയ അവാന്തര ഇടവകകളുടെ വകയായ അച്ചന്മാരും കുഞ്ഞാടുകളും സ്വന്തം ജാതിക്കാരെ സ്ഥാനാര്‍ഥികള്‍ ആക്കാന്‍ രംഗത്തിറങ്ങി. ഇതില്‍ ഡീസന്റ് ആയ ഒറ്റ ജാതിയെ ഉള്ളൂ. മുസ്ലിം. ഒന്നും ആവശ്യപ്പെടാതെ മുസ്ലിം ലീഗിന് ഉള്ള സീറ്റ് മാത്രം. മുയ്മനും ഇല്ലെങ്കിലും ഒള്ളത് കൊണ്ടു തൃപ്തിപ്പെട്ടു.
ഇങ്ങിനെ എല്ലാ ജാതിക്കാരും സ്ഥാനാര്‍ഥികള്‍ ആക്കാന്‍ വേണ്ടി മുറ വിളി കൂട്ടിയപ്പോള്‍ നായര്‍ സര്‍വീസ് സൊസൈറ്റി യും നായര്‍ക്ക് വേണ്ടി വാദിച്ചു. മരം കൊത്തിയുടെ കഥ പോലെ അത് ആയി. മതേതര രാഷ്ട്രം ആയ ഭാരതത്തിന്റെ അഖന്ടത ഭഞ്ജിക്കുന്ന പ്രശ്നം ആയി. ജാതി ചിന്ത ലെവ ലേശം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത, ജാതി പറയുകയോ ചോദിക്കുകയോ ചെയ്യാത്ത കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ പാര്‍ടികള്‍ നായരുടെ ജാതി ചിന്തയില്‍ രോഷം കൊണ്ടു. എന്‍.എസ്.എസ്. ആകട്ടെ സമ ദൂരത്തില്‍ നിന്നു.
തെരഞ്ഞെടുപ്പു ഫലം 'യന്തിരനില്‍' തന്നെ ഇരിക്കുന്ന അവസരത്തില്‍ എന്‍.എസ്.എസ്. ഒരു വെടി പൊട്ടിച്ചു. സമ ദൂരം ആണെങ്കിലും അച്യുതാനന്ദനെയും പാര്‍ടിയെയും സമത്തില്‍ നിന്നും കൂടുതല്‍ ദൂരത്തു നിര്‍ത്തി എന്ന്. ആ വെടി പൊട്ടിയതിനോടോപ്പം എന്‍.എസ്.എസ്. കരയോഗ മന്ദിരങ്ങളുടെ ജനാല ചില്ലുകളും പൊട്ടി. ഇനി സൈന്റ് ഗോബന്‍ ശരണം.
തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മന്നത്തു പദ്മനാഭന് അല്പം സ്വസ്ഥത കിട്ടി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മന്നത്തിന്റെ സമാധിയില്‍ ആകെ തിരക്കായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും പെരുന്നയില്‍ എത്തി. കുറെ പൂക്കളുമായി. പൂക്കള്‍ സാമാധിയില്‍ അര്‍പ്പിച്ചു കൈകള്‍ കൂപ്പി കണ്ണുകള്‍ അടച്ചു ഭക്തി നിര്‍ഭരാര്‍ ആയി ഇവര്‍ നില്‍ക്കുന്ന കാഴ്ച കണ്ടു നായര്മാര്‍ ഉള്ളില്‍ ചിരിച്ചു. മന്നവും ചിരിച്ചു കാണും.
അടുത്ത തെരഞ്ഞെടുപ്പു വരെ മന്നം അല്പം വിശ്രമിക്കട്ടെ.