2014, ജൂൺ 27, വെള്ളിയാഴ്‌ച

കുശിറാം പ്ലാസ?

ദേശീയ ഗെയിംസ് കേരളത്തിൽ നടക്കാൻ പോവുകയാണ്. 2015 ജനുവരിയിൽ. കളിസ്ഥലങ്ങൾ ഒക്കെ തയ്യാറായി ക്കൊണ്ടിരിക്കുന്നു. 7 ജില്ലകളിലായി കിടക്കുന്ന 29   കളിസ്ഥലങ്ങളിൽ 18 സ്ഥലങ്ങളുടെ  പേരിടൽ ചടങ്ങും നടന്നു കഴിഞ്ഞു.  ഭാരതത്തിലെ പ്രശസ്ത കളിക്കാരുടെ പേരാണ് ഇട്ടിരിക്കുന്നത്.  കുശിറാം പ്ലാസ, ഹവാ സിംഗ് പ്ലാസ,  ബൽബിന്ദർ സിംഗ് പ്ലാസ, കർണി സിംഗ് പ്ലാസ  തുടങ്ങിയ പേരുകൾ. എന്താണീ പ്ലാസ എന്നതിനർത്ഥം? കളിസ്ഥലം എന്നാണോ? മൈതാനം എന്ന് തനി മലയാളത്തിൽ ഇട്ടാൽ പോരായിരുന്നോ   ആംഗലേയ പണ്ഡിതരെ?

ഇവരൊക്കെ പ്രശസ്തർ തന്നെ. പക്ഷെ കേരളത്തിൽ ഒരു ദേശീയ കായിക മത്സരം നടക്കുമ്പോൾ കേരളത്തിലെ സ്പോർട്സ് മേഖലയ്ക്ക് ഉണർവ് നൽകാനും അത് വളർത്താനും അല്ലേ ഈ അവസരം ഉപയോഗിക്കേണ്ടത്? വിവിധ കായിക ഇനങ്ങളിൽ കേരളത്തിനും,ഭാരതത്തിനും അഭിമാനമായ, സ്വന്തം കഴിവും പ്രയത്നവും കാഴ്ചവച്ച അനേകം താരങ്ങൾ കേരളത്തിൽ ഉണ്ട്. ജീവിച്ചിരിക്കുന്നവരും    കാലയവനികയിൽ മറഞ്ഞവരും ആയി . അവരുടെ പേര് ഈ കളിസ്ഥലങ്ങൾക്ക് നൽകുക ആയിരുന്നില്ലേ ഉചിതം?  ഈ കളിസ്ഥലങ്ങളുടെ പേരുകൾ പറയുമ്പോൾ എങ്കിലും ഇവർ  നമ്മുടെ മനസ്സിൽ വരുമായിരുന്നല്ലോ. ഇവിടെ മത്സരിക്കുന്ന നമ്മുടെ പുതിയ തലമുറയിലെ കായിക താരങ്ങൾ മുൻ കാല താരങ്ങളെ ഓർക്കുവാനുള്ള ഒരു സന്ദർഭം ലഭ്യമാകുമായിരുന്നല്ലോ. ദേശീയ കാഴ്ചപ്പാട് വേണ്ടെന്നോ സങ്കുചിത മനോഭാവം കാട്ടണം എന്നോ അല്ല ഇതിനർത്ഥം. കേരളത്തിലെ കായിക താരങ്ങളെ തിരിച്ചറിയാൻ കേരള സർക്കാർ മാത്രമേ ഉള്ളൂ. അത് അവരുടെ കടമയും ഉത്തരവാദിത്വവും ആണ്. അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.  ബാനർജിയെ ഓർക്കാൻ കഴിഞ്ഞു പക്ഷെ ഒളിമ്പ്യൻ  റഹ് മാനെ മറന്നു. ഹവാ സിംഗിനെ ഓർത്തപ്പോൾ ജോണ്‍സണ്‍ വർഗീസിനെ മറന്നു.  മിഹിർസെന്നിൻറെ പേരിടാൻ വേണ്ടി സെബാസ്റ്റ്യൻ സേവിയറിനെ മറന്നു. അങ്ങിനെ എത്രയെത്ര പ്രസസ്തർ മലയാള ക്കരയിൽ ഉണ്ട്. ഇവരൊക്കെ മോശക്കാർ ആയിട്ടാണോ ഒഴിവാക്കിയത്?   ഫുട്ട് ബാളിൽ, വോളീ ബാളിൽ, ഓട്ടത്തിൽ, ചാട്ടത്തിൽ,നീന്തലിൽ അങ്ങിനെ എല്ലാ ഇനങ്ങളിലും  മാറ്റ് തെളിയിച്ച അനേകം പ്രതിഭകൾ നമുക്കുണ്ട്. അവരെയെല്ലാം തഴഞ്ഞതിന്റെ പിന്നിലുള്ള ബുദ്ധി ആരുടെതാണ്? പൊതുവെ മലയാളികൾക്കുള്ള  അപ കർഷതാ ബോധവും അടിമത്ത മനോഭാവവും ആയിരിക്കാം ഇതിനു പിന്നിൽ. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ. നമ്മുടെ കളിക്കാരെപ്പറ്റി  അഭിമാനത്തോടെ പറയാൻ നമുക്ക് കഴിയില്ലേ?

2014, ജൂൺ 26, വ്യാഴാഴ്‌ച

ക്രൂരത

ഇന്നത്തെ പത്രങ്ങളിൽ കേരള സർക്കാരിന്റെ വക ഒരു പരസ്യം ഉണ്ട്. "സ്ത്രീത്വത്തെ സംരക്ഷിക്കൂ, സ്ത്രീകളോട് ബഹുമാനത്തോടും അന്തസ്സോടും പെരുമാറുക, സ്ത്രീകളോടുള്ള അതിക്രമം കുറ്റകരവും നിയമപ്രകാരം ശിക്ഷാർഹവും ആണ്". എന്ന്.  തലസ്ഥാന നഗരിയിലെ കോട്ടണ്‍ ഹിൽ സ്‌കൂളിലെ പ്രധാന അധ്യാപിക ആയ സ്ത്രീയെ സ്ഥലം മാറ്റിയ അതേ സർക്കാർ ആണ് ഈ പരസ്യം നൽകിയിരിക്കുന്നത് എന്നത്   പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് അതിനെതിരെ   എന്നാണു തെളിയിക്കുന്നത്. 




മാതൃഭൂമി പ്രസിദ്ധീകരിച്ച  മന്ത്രിയെ കാത്തിരിക്കുന്ന വിദ്യാർത്ഥിനികളുടെ   ഫോട്ടോ ഞെട്ടിക്കുന്നതാണ്.  നിലത്തു കുത്തിയിരിക്കുകയാണ് ഈ കൊച്ചു കുട്ടികൾ. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് മന്ത്രിയുടെ ഉദ്ഘാടനം കഴിയുന്നത്‌ വരെ 4 മണിക്കൂർ നേരം ജല പാനമില്ലാതെ വെറും തറയിൽ ഒരേ ഇരുപ്പ്. അതിലും ഹൃദയ ഭേദകമാണ് കാൽ സ്വാധീനമില്ലാത്ത ഒരു കുട്ടിയെ വീൽ ചെയറിൽ കൊണ്ട് വന്ന് മുന്നിൽ ഇരുത്തിയിരിക്കുന്നത്. എന്തിനാണ് കൊച്ചു  കുട്ടികളോട് ഇത്രയും ക്രൂരത കാണിക്കുന്നത്?  സർക്കാർ പള്ളിക്കൂടത്തിൽ പഠിക്കാൻ പോയതിന്റെ ശിക്ഷയാണോ ഇത്?  മന്ത്രി വരുമ്പോൾ നിറഞ്ഞ സദസ്സ് എന്ന് കാണിക്കാനല്ലേ ഈ പാവം കുട്ടികളെ  ഇങ്ങിനെ പിടിച്ചിരുത്തിയത്?    പരീക്ഷണ ശാലകളിലെ ഗിനി പന്നികളെ പ്പോലെയാണോ സർക്കാർ വിദ്യാലയത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ കരുതുന്നത്?  ഇത് ബാല പീഠന നിയമത്തിൽ വരുകയില്ലേ? മനുഷ്യാവകാശ കമ്മീഷൻ ഇതിൻറെ സംഘാടകർക്ക് എതിരെ  കേസ് എടുക്കാത്തത് എന്ത് കൊണ്ടാണ്?

ഇവിടെ കുറെയേറെ  ചോദ്യങ്ങൾക്ക് മറുപടികിട്ടേണ്ടതായി  ഉണ്ട്. 11 മണിക്ക്  മന്ത്രി വരാമെന്ന് പറഞ്ഞിട്ട് 9.30  മണിക്കാണെന്ന് നോട്ടീസിൽ വച്ചതെന്ന് മുഖ്യ മന്ത്രി കുറ്റപ്പെടുത്തുന്നു. ഡിസ്ട്രിക്റ്റ്  സെൻറർ ഫോർ ഇംഗ്ലീഷ് ആണ് പരിപാടി സംഘടിപ്പിച്ചതും നോട്ടീസ് അടിച്ചതും. അതിൽ ഹെഡ്മിസ്ട്രസ്സ് എങ്ങിനെ ഉത്തരവാദി ആകും? നിയമ സഭ സമ്മേളനം നടക്കുമ്പോൾ,  അവിടെ നിന്നും എത്ര മണിക്ക്ഇറങ്ങാൻ കഴിയും എന്ന് ഉറപ്പില്ലാത്തപ്പോൾ   എന്തിന് 11 മണിക്ക്   ഇങ്ങിനെ  ഒരു ഉദ്ഘാടനം വച്ചു?  കുട്ടികൾ വേണമെങ്കിൽ കാത്തിരിക്കട്ടെ എന്ന ധാർഷ്ട്യമല്ലേ ഇതിനു പുറകിൽ? മന്ത്രി വേദിയിലേക്ക് പുറപ്പെടുമ്പോൾ തീർച്ചയായും  ആ വിവരം സംഘാടകരെ  അറിയിക്കാറുണ്ട്.  അപ്പോൾ സംഘാടകരായ ഡിസ്ട്രിക്റ്റ്  സെൻറർ ഫോർ ഇംഗ്ലീഷ്ൻറെ ആൾക്കാരല്ലേ സ്വീകരിക്കാൻ അവിടെ ഉണ്ടാകേണ്ടിയിരുന്നത്? അതോ മന്ത്രി വരുന്നത് വരെ പ്രിൻസിപ്പൽ ഹെഡ് മിസ്ട്രസ്സ് ഗേറ്റിൽ കാത്തു നിൽക്കണമായിരുന്നു എന്നാണോ?  ഒരു ചാനലിൽ മന്ത്രി പറഞ്ഞത് അവരുടെ പ്രസംഗം ഒന്നും താൻ കേട്ടില്ല എന്നും അടുത്ത ദിവസം പത്രങ്ങളിൽ നിന്നാണ് ഈ വിവാദം അറിഞ്ഞത് എന്നുമാണ്. എന്നിട്ടും പറയുന്നു മന്ത്രിയെ ഇകഴ്ത്തിയാണ്  അവർ സംസാരിച്ചത് എന്ന്. അന്വേഷണം നടത്താൻ ഉത്തരവ് ഇടുന്നതിനു മുൻപ് അതിൻറെ ടേപ്പ് എന്താണ്  ഒന്നു കേൾക്കാഞ്ഞത്? അവർക്ക് സ്കൂൾ നടത്തിപ്പിൽ പ്രാഗത്ഭ്യം പോരാ എന്ന് പറയുന്നുണ്ട്.ഇത്തരം യോഗങ്ങൾ കൊണ്ട് വിദ്യാർത്ഥി കൾക്ക് പഠന സമയം നഷ്ട്ടപ്പെടുന്നു എന്ന് പറഞ്ഞതാണോ കഴിവില്ല എന്നതിന്റെ തെളിവ്? പഠന സമയം നഷ്ട്ടപ്പെടുത്തി സമ്മേളനം നടത്തരുത് എന്ന് ഡി.പി.ഐ. നിർദേശം ഉള്ള വിവരം മന്ത്രിക്ക് അറിയാൻ പാടില്ലേ? അങ്ങിനെ നടത്തിയവർക്കെതിരെ എന്ത്‌ നടപടി ആണ് എടുത്തത്?  ഹെഡ് മിസ്ട്രസ്സിനെതിരെ സസ്പെൻഷൻ ശുപാർശ ചെയ്തിട്ടും മാനുഷിക പരിഗണന വച്ച് അത് സ്ഥലം മാറ്റം ആക്കി എന്ന് പറയുന്നു. അങ്ങിനെ ഒരു വിവേചനാധികാരം ഉണ്ടോ? സ്ഥലം മാറ്റം  ശിക്ഷ അല്ല എന്നും പറയുന്നു. പിന്നെന്തിനാണ് സ്ഥലം മാറ്റിയത്?

2014, ജൂൺ 25, ബുധനാഴ്‌ച

പട്ടാള ഭരണം

കേരളം എന്താ പാകിസ്ഥാൻ ആകുകയാണോ? പാക്കിസ്ഥാനിൽ  ഭരണാധികാരികൾ എന്ത് തോന്നിവാസം കാണിച്ചാലും ആർക്കും അതിനെതിരെ ഒരക്ഷരം മിണ്ടാൻ പാടില്ല. അഥവാ അങ്ങിനെ എന്തെങ്കിലും ശബ്ദിച്ചു  പോയാൽ പട്ടാള ഭരണ കൂടം അവരെ തൂക്കി കൊല്ലും. കേരള വിദ്യാഭ്യാസ വകുപ്പും പട്ടാള ഭരണം ആണിവിടെ നടത്തുന്നത് എന്ന് തോന്നത്തക്ക വിധത്തിൽ ആണ് കാര്യങ്ങൾ നടക്കുന്നത്.  ഉദ്ഘാടനങ്ങൾക്ക് മന്ത്രിമാർ താമസിച്ച് എത്തുന്നത് കൊണ്ട്, ക്ലാസ് മുടക്കി  യോഗത്തിന് കൊണ്ടിരുത്തുന്ന    വിദ്യാർത്ഥികൾക്ക് പഠിത്തം നഷ്ട്ടപ്പെടുന്നു എന്ന  സത്യം  പറഞ്ഞതിന്  പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയിരിക്കുന്നു.

തിരുവനന്തപുരം കോട്ടണ്‍ ഹിൽ ഗവണ്‍മെൻറ് ഗേൾസ്‌ ഹയർ സെക്കണ്ടറി  സ്കൂൾ പ്രിൻസിപ്പൽ ഹെഡ് മിസ്ട്രസ്സ് ഊർമിള ദേവിയെ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബിൻറെ ജില്ലാതല ഉദ്ഘാടനത്തിനാണ് 8,9,10 ക്ലാസുകളിലെ കുട്ടികളെ ക്ലാസ് നിറുത്തി വച്ച് വേദിയിൽ കൊണ്ടിരുത്തിയത്. 11 മണിക്ക് എത്തേണ്ട മന്ത്രി എത്തിയതോ 12.30ന്. ഉദ്ഘാടന പരിപാടികൾ തീർന്നത് ഉച്ചക്ക് 1 മണിക്കും. അത്രയും നേരം കുട്ടികൾ  ക്ലാസ്സിൽ കയറാതെ ഒന്നും പഠിക്കാതെ മന്ത്രിയെയും കാത്തിരുന്നു.  ഇത്തരം സംഭവങ്ങൾ കാരണം കുട്ടികളുടെ പഠിത്തം നഷ്ട്ടപ്പെടുന്നു എന്നുള്ള സത്യം തൻറെ  പ്രസംഗത്തിനിടെ, മന്ത്രി ഇരിക്കുന്ന വേദിയിൽ പറഞ്ഞതിനാണ് ഇപ്പോൾ അവരെ സ്ഥലം മാറ്റിയിരിക്കുന്നത്.

മന്ത്രിക്ക് ഉദ്ഘാടനം കഴിഞ്ഞ്,  അർത്ഥമില്ലാത്ത കുറെ ഉദ്ബോധനങ്ങളും  കുറെ സാരോപദേശവും  നൽകി,  ഫോട്ടോയ്ക്ക് പോസും ചെയ്ത് എയർ കണ്ടീഷൻ കാറിൽ, തിരിച്ച് എയർ കണ്ടീഷൻ ഓഫീസിലേക്ക് പോകാം. ജലപാനം ഇല്ലാതെ ഇത്രയും മണിക്കൂർ ഇരുന്ന കുട്ടികളുടെ കഥയോ? അവർക്ക് പഠിക്കാനുള്ള സമയം ആണ് നഷ്ട്ടപ്പെട്ടത്‌. ജാതി അടിസ്ഥാനത്തിൽ ഓരോരുത്തരും മത്സരിച്ച് സ്കൂളുകൾക്ക് നൽകുന്ന അവധികളും, സമരങ്ങളും എല്ലാമായി നഷ്ട്ടപ്പെടുന്നത് കുട്ടികളുടെ പഠനം ആണ്. അത് പോലെ അധ്യാപകരുടെ കാര്യമോ? ഈ നഷ്ട്ടപ്പെടുന്ന ദിനങ്ങളിലെ ക്ലാസ്സുകൾ കൂടി ബാക്കി സമയത്ത് പൂർത്തിയാക്കാൻ  അവർ വളരെ കഷ്ട്ടപ്പെടണം. കോട്ടണ്‍ ഹിൽ സ്കൂൾ നല്ല നിലവാരമുള്ള, നല്ല റിസൾട്ട് ഉള്ള സ്കൂൾ ആണ്. ഇതിനിടയിലാണ് ഉദ്ഘാടനത്തിന് ഈ കുട്ടികളെ നിർബ്ബന്ധിച്ച്‌ പിടിച്ചിരുത്തുന്നത്. വിദ്യഭ്യാസത്തിനാണോ ഉദ്ഘാടനങ്ങൾക്കാണോ പ്രാധ്യാന്യം?

സർക്കാർ പരിപാടികൾക്ക് താലപ്പൊലിയും മന്ത്രിമാർക്ക് വൃഷ്ടി നടത്താനുള്ള പുഷ്പങ്ങളുമായി മണിക്കൂറുകളോളം പൊരി വെയിലത്ത് കുട്ടികളെ പിടിച്ചു നിർത്തുന്ന പരിപാടി നാം കണ്ടിട്ടുള്ളതാണ്.ഇത് ബാല പീഠനം അല്ലേ ? ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകൾക്ക് വരെ സംരക്ഷണത്തിന് നിയമം ഉള്ളപ്പോൾ ഈ പാവം മനുഷ്യ കുട്ടികൾക്ക് യാതൊരു സംരക്ഷണവും ഇല്ലേ?  അധികാരികളുടെ  വരവേൽപ്പിനായി മണിക്കൂറുകളോളം  കുട്ടികളെ ഇത്തരത്തിൽ  ഇരുത്തുന്നത്‌ മനുഷ്യാവകാശ ധ്വംസനം അല്ലേ? ഈ പീഠന ത്തിനെതിരെ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
 മെച്ചപ്പെട്ട ഭക്ഷണവും,  സൌകര്യങ്ങളും, വിദ്യാഭ്യാസവും, സ്നേഹവും, വാത്സല്യവും നൽകാനാണ്  കനിവ് തോന്നി    ഝാ ർക്കണ്ടിൽ നിന്നും കുട്ടികളെ കൊണ്ട് വന്നതെന്ന്  പറയുന്ന പാർട്ടിക്കാരാണ്  കുട്ടികളോട് ഇത്രയും ദയയില്ലാതെ പെരുമാറുന്നത്. 

അയ്യായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന കോട്ടണ്‍ ഹിൽ പോലുള്ള പ്രമുഖ പള്ളിക്കൂടത്തിന്റെ തലപ്പത്ത് എത്തുക എന്നത് എല്ലാ അധ്യാപകരുടെയും സ്വപ്നമാണ്. ഊർമിള ദേവി  ടീച്ചർക്ക് ആ സ്വപ്നം സാക്ഷാത്കരിച്ചിട്ടു   വെറും 40 ദിവസമേ ആയുള്ളൂ.   അതിനിടയിലാണ് സത്യം പറഞ്ഞതിന് ശിക്ഷ ആയി സ്ഥലം മാറ്റം വരുന്നത്.  കേരളത്തിൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പട്ടിക ജാതി വിഭാഗത്തിൽ പെട്ട   ശ്രീമതി ഊർമിള ദേവി  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇവിടെ എത്തിയപ്പോഴാണ് സ്ഥലം മാറ്റം എന്ന ശിക്ഷ നേരിടേണ്ടി വന്നത്. ടീച്ചർക്ക് മാത്രമല്ല ഈ ദുര്യോഗം.  പട്ടിക ജാതി/ പട്ടിക വർഗ വിദ്യാർത്ഥിനികൾക്കും മോശപ്പെട്ട അനുഭവം തന്നെ. ഇവർക്ക്    പഠനാവശ്യത്തിനായി കേന്ദ്ര സർക്കാർ നൽകുന്ന സെക്കണ്ടറി വിദ്യാഭ്യാസ ഇൻസെൻറ്റിവ്  എന്ന ആനുകൂല്യങ്ങൾ 2010-13 വർഷങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ മൂലം അർഹിക്കുന്ന പലർക്കും കിട്ടാതെ അവർ പഠനം നിർത്തിയതായി രേഖകൾ പറയുന്നു. 

2014, ജൂൺ 21, ശനിയാഴ്‌ച

IAS തമ്മിലടി

അങ്ങ് ബ്രസീലിൽ ആവേശകരമായ  ലോക കപ്പ് ഫുട് ബാൾ മത്സരം അരങ്ങേറുമ്പോൾ  ഇങ്ങ് കൊച്ചു കേരളത്തിലും അതിലേറെ വീറും  വാശിയും ഉള്ള മറ്റൊരു മത്സരം നടക്കുകയാണ്.  ഐ.എ.എസ് ഉദ്യോഗസ്ഥർ  തമ്മിലുള്ള  കിട  മത്സരം. ചീഫ് സെക്രട്ടറി  ടീം, നാരായണ സ്വാമി ടീം, ടോം ജോസ്  ടീം, ഐ.എ.എസ്. അസോസിയേഷൻ ടീം, അങ്ങിനെ പല ടീമുകൾ കളിക്കളത്തിൽ  ഇറങ്ങി കഴിഞ്ഞു. പ്രീ ക്വാർട്ടർ റൌണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ   ചീഫ് സെക്രട്ടറി,  ടോം ജോസ്   ടീമുകൾ  ഗോളുകൾ വാങ്ങിക്കഴിഞ്ഞു.  മന്ത്രി തലത്തിൽ കേരള ഭരണത്തെ ഗ്രസിച്ചിരിക്കുന്ന പുഴുക്കുത്ത് ഉദ്യോഗസ്ഥ തലത്തിലും വ്യാപിച്ചു കഴിഞ്ഞു  എന്ന സത്യം ആണ് ഇവരുടെ തമ്മിലടിയിൽ പ്രകടമാകുന്നത്. ഭരണത്തിൽ കയറിയ അന്ന് മുതൽ ഓരോ വിവാദത്തിലും പ്രശ്നത്തിലും പെട്ട് ഭരണത്തിന് സമയമില്ലാതെ കഴിയുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ. അഞ്ചാം മന്ത്രി, സരിത, സോളാർ, സലിം രാജ്, ടിപി.വധം ഒത്തുതീർപ്പ്, ആഭ്യന്തര മന്ത്രി നിയമനം, ഗ്രൂപ്പ് കളി, മദ്യ നയം,ബാർ അനുവദിക്കൽ, മനുഷ്യക്കടത്ത്  തുടങ്ങിയുള്ള പ്രശ്നങ്ങൾ മാത്രമാണ് ഈ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ സർക്കാരിന്റെ നേട്ടങ്ങൾ. കെടുകാര്യസ്ഥതയും അഴിമതിയും ആണ് ഈ സർക്കാരിന്റെ മുഖ മുദ്ര.

ഉദ്യോഗസ്ഥരുടെ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് ഒരേ ഒരു കാരണം നമ്മുടെ മന്ത്രിമാർ തന്നെയാണ്. തങ്ങളുടെ വ്യക്തി താൽപ്പര്യങ്ങളും, നിയമ വിരുദ്ധ പ്രവർത്തനങ്ങളും,കള്ളത്തരങ്ങളും, അഴിമതിയും  നടപ്പാക്കാനും അവ രഹസ്യമായി മൂടി വയ്ക്കാനും മന്ത്രിമാർക്ക് ഈ ഐ.എ.എസ്., ഐ.പി.എസ്.  ഉദ്യോഗസ്ഥരുടെ സഹായം അത്യന്താപേക്ഷിതമാണ്. അതിനായി കുറെ ഉദ്യോഗസ്ഥരെ വിശ്വസ്തരായി ഇവർ കയ്യിലെടുക്കുന്നു. ഇതിനായി തക്കം പാർത്തിരിക്കുന്ന കുറെ ഉദ്യോഗസ്ഥരും ഉണ്ട്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറയുന്നത് പോലെ ഈ അവസരം നന്നായി   മുതലെടുത്ത്‌ ഈ  ഉദ്യോഗസ്ഥരും സ്വയം  അധികാര ദുർവിനിയോഗവും,   അഴിമതിയും നടത്തുന്നു.  ഇവർ അധികാരവും ശക്തിയും ആർജിക്കുകയും, മന്ത്രിമാരുമായുള്ള  അടുപ്പം മൂലം ഇവരെ തൊടാൻ മേലുദ്യോഗസ്ഥർക്കോ  ആർക്കും ധൈര്യമില്ലാതെയും  വരുന്നു. മന്ത്രിമാരാകട്ടെ തങ്ങളുടെ അനധികൃത സമ്പാദ്യവും, അഴിമതിയും,  പരസ്ത്രീ ഗമന  വിഷയവും മറ്റും പുറത്തു വരും എന്നുള്ളതിനാൽ, സ്വന്തം തടി രക്ഷിക്കാനായി  ഇവരുടെ കുറ്റ കൃത്യങ്ങളിൽ  മൌനം പാലിക്കാനും  ഇവരെ സംരക്ഷിക്കാനും  നിർബന്ധിതരാകുന്നു.    അവരെ നോവിക്കാത്തിടത്തോളം കാലം  അവർ രഹസ്യം സൂക്ഷിക്കുകയും വിശ്വസ്തത പുലർത്തുകയും ചെയ്യും. യജമാനന്മാർ മാറുന്നതനുസരിച്ച്‌ കളം മാറിച്ചവിട്ടാനും മിടുക്കരായ  കുറേപ്പേർ ഇവരുടെ കൂട്ടത്തിൽ  ഉണ്ട്. കമ്മ്യുണിസ്റ്റ് മന്ത്രി സഭ മാറി       പുതിയ  കോണ്‍ഗ്രസ്സ് മന്ത്രി    സഭ വരുമ്പോഴും "വിശ്വസ്തർ" എന്ന ദൗത്യം ഇവർ ഏറ്റെടുക്കുന്നു.  കോണ്‍ഗ്രസ്സ് മന്ത്രി  ആയാലും കമ്മ്യുണിസ്റ്റ്   മ ന്ത്രി ആയാലും ഇവർക്ക്‌ സ്വന്തം കാര്യം നടക്കണം. അത്തരം കുറെ     ചീഫ്   സെക്രട്ടറി  മാരെയും ഡി.ജി.പി.മാരെയും കേരളം കണ്ടിട്ടുണ്ടല്ലോ.     മലയാറ്റൂർ രാമകൃഷ്ണൻ തൻറെ  ഐ.എ.എസ്  അനുഭവത്തിൽ നിന്നും എഴുതിയ    യന്ത്രം എന്ന നോവലിൽ പറയുന്നത് പോലെ ഇവർ "ഫ്ലോട്ട്" ചെയ്യും. ഒഴുക്കിനനുസരിച്ച് പോയി  ബിനാമി ആയി പത്തു കാശ് ഉണ്ടാക്കും.   നല്ല പോസ്റ്റും പദവിയും ഇവർ തട്ടിയെടുക്കും. മന്ത്രിയെ മറി കടന്ന് സ്വന്തം നിലയിൽ കൊച്ചി മെട്രോയുടെ കാര്യങ്ങൾ നടത്തിയ ടോം ജോസ്  എന്ന ഐ.എ.എസ് കാരനും ,സ്വന്തം ഇഷ്ട്ടപ്രകാരം വിദേശത്ത് പോവുകയും മറ്റു നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്ത ടോമിൻ തച്ചങ്കിരി എന്ന ഐ.പി.എസ് കാരനും ഒരു കുഴപ്പവുമില്ലാതെ ഇന്നും സർവീസിൽ തുടരുന്നത്   ചില ഉദാഹരണങ്ങൾ മാത്രം.

 മസൂറിയിൽ നിന്നും വന്നാലുടനെ നട്ടെല്ല് ഊരി മാറ്റി വയ്ക്കുന്നവരാണിവർ.   ഇവരെപ്പോലെ അല്ലാത്ത, സത്യ സന്ധരായ, ധർമിഷ്ട്ടരായ കുറെ ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ട്.  മന്ത്രിമാരുടെ കൊള്ളരുതായ്മകൾക്കു കൂട്ടു നിൽക്കാത്ത ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥർ.  ഏതെങ്കിലും അപ്രധാന സ്ഥലങ്ങളിൽ ആജീവനാന്തം പോസ്റ്റ്‌ ചെയ്ത് അവരെ ഒതുക്കും. തെറ്റ് ചെയ്യാൻ കൂട്ട് നിൽക്കാത്തതിലുള്ള ദ്വേഷ്യം കൊണ്ടും , പാർശ്വ വർത്തികൾക്ക്  കാശുണ്ടാക്കാനുള്ള  സൗകര്യം നൽകുന്നതിനും വേണ്ടി ആണ്  ഇവരെ പാർശ്വ വൽക്കരിക്കുന്നത്. കൂടാതെ ഇവരെ നിരന്തരം ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കും. മന്ത്രി കൊടുത്ത ലിസ്റ്റ് അനുസരിച്ച് കൊച്ചി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകാത്തതിന് രാജി വച്ചൊഴിയേണ്ടി വന്ന  പ്രേമ ചന്ദ്ര കുറുപ്പ് എന്ന  ഐ.എ.എസ് കാരൻറെ കേസിൽ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ ഉൾപ്പെട്ട ഹൈ ക്കോടതി ബെഞ്ച്‌ ഇങ്ങിനെ വരെ ചോദിക്കുകയുണ്ടായി, 'മന്ത്രിയുടെ പി.എ. ആണോ  ഐ.എ.എസ് ഉദ്യോഗസ്ഥന് ഓർഡർ നൽകുന്നത്' എന്ന്. അത്രയ്ക്കും പരിതാപകരമാണ് മന്ത്രിമാരുടെ   താളത്തിനൊത്ത് തുള്ളാത്ത ഉദ്യോഗസ്ഥന്റെ ഗതി.

ഇവിടെ മന്ത്രിമാരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ആശ്രിതരായ  ഐ.എ.എസ് കാരും സത്യ സന്ധരായ  ഐ.എ.എസ് കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ആദ്യത്തെ കൂട്ടർക്ക് അധികാരികളുടെ അകമഴിഞ്ഞ  പിന്തുണയുണ്ട്. രണ്ടാമത്തെ കൂട്ടർക്കാകട്ടെ  ആരുമില്ല. അതിന് ഉദാഹരണം ആണ് ഇത്രയും അഴിമതി ആരോപണങ്ങൾ ചീഫ് സെക്രടറിക്കും മറ്റും എതിരെ വന്നിട്ടും മുഖ്യ മന്ത്രി നിസ്സഹായനായി മൌനം പാലിക്കുന്നത്.  ഇവിടെയാണ് പ്രധാന മന്ത്രി  മോദിയുടെ പ്രവൃത്തികൾ മാതൃകാപരം ആകുന്നത്. അഴിമതിയിൽ മുങ്ങിയ മൻ മോഹൻ സർക്കാർ മന്ത്രിമാരുടെ ഓ.എസ്.ഡി.,പേർസണൽ സ്റ്റാഫ് ആയിരുന്ന ആരെയും പുതിയ മന്ത്രിമാർ തങ്ങളുടെ സ്റ്റാഫ് ആയ്രി നിയമിക്കരുത് എന്ന് മോദി പറഞ്ഞു കഴിഞ്ഞു. അത് പോലെ മുൻ സർക്കാരിന്റെ ഏറാൻ മൂളികൾ ആയ അഴിമതിക്കാരും  സത്യ സന്ധരല്ലാത്തവരും ആയ ആരെയും പ്രധാന പ്പെട്ട പദവികളിൽ ഇരുത്തുകയില്ല എന്നും തീർച്ചയാണ്. അത്തരം ഒരു നടപടി ആണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തമ്മിലടി അവസാനിപ്പിക്കാനും സദ്‌ഭരണം കാഴ്ച വയ്ക്കാനുമുള്ള ഏക മാർഗം. പക്ഷേ സ്വയം അഴിമതിയിൽ മുങ്ങി നിൽക്കുന്ന കേരള സർക്കാരിന്  അതു ചെയ്യാൻ ഉള്ള ആർജവം ഉണ്ടാകുമോ  എന്നതാണ് ചോദ്യം.

2014, ജൂൺ 20, വെള്ളിയാഴ്‌ച

പരാതി പരിഹാരം

"എന്താടാ കിഴവാ വീട്ടിൻറെ തിണ്ണയിൽ  വടിയും കുത്തിപ്പിടിച്ച് നോക്കിയിരിക്കുന്നത്?  പരാതി വല്ലതു മുണ്ടോ/"

-പോലീസ് കാരൻ.  

( ഇനി മുതൽ മുതിർന്ന പൌരന്മാരുടെ  വീട്ടിൽ പോയി പോലീസ് പരാതി  സ്വീകരിക്കും - രമേശ്‌ ചെന്നിത്തല -ആഭ്യന്തര മന്ത്രി.)

2014, ജൂൺ 16, തിങ്കളാഴ്‌ച

അഴിമതി

കെ.എസ്.ആർ .ടി. സിയെ എങ്ങിനെ കര കയറ്റാം എന്ന ചർച്ച തകൃതിയായി  നടക്കുകയാണ്. മുഖ്യ മന്ത്രി ഉൾപ്പടെയുള്ളവർ നടത്തുന്ന ചർച്ച  കമ്പനി എങ്ങിനെ നന്നായി നടത്താം എന്നല്ല.  സർക്കാർ ഖജനാവിൽ നിന്നും കുറെ പണം എടുത്ത് തൽക്കാലം ആശ്വാസം നൽകാം  എന്നാണ് അവർ  ചിന്തിക്കുന്നത്.  കേരളം ഭരിച്ച എല്ലാ സർക്കാരുകളുടെയും മനോഭാവം ഈ 'താൽക്കാലിക' പുനരുദ്ധാരണം ആയത് കൊണ്ടാണ്  കെ.എസ.ആർ .ടി. സി. ഇന്നും  നാശത്തിന്റെ പടുകുഴിയിൽ  വീണു കിടക്കുന്നത്. അതിൻറെ വിശ്വാസ്യത ഇന്ന് ഏറ്റവും താഴെയാണ്. സമയനിഷ്ഠയില്ലാത്ത, വൃത്തി ഹീനമായ അവരുടെ ബസുകളിൽ ഇന്നും ജനങ്ങൾ കയറുന്നത് ഗത്യന്തരമില്ലാത്തത് കൊണ്ട് മാത്രമാണ്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ റൂട്ടുകളും കയ്യടക്കി വച്ചിരിക്കുന്ന ഇവർ നഷ്ട്ടത്തിൽ നിന്നും കര കയറാത്തത്, അങ്ങിനെ രക്ഷപ്പെടെണ്ട  എന്ന് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ നേതൃത്വം   തീരുമാനിച്ചത്  ഒന്ന് കൊണ്ട് മാതമാണ്. പിന്നെ എങ്ങിനെയെങ്കിലും നടത്തിയാൽ മതി ആരും ചോദിക്കാൻ ഇല്ലല്ലോ എന്ന് കമ്പനിയുടെ തലപ്പത്ത് കയറിപ്പറ്റിയ  അധികാരികളുടെ മനോഭാവവും. പത്ത് നിർദേശങ്ങൾ.

ജനങ്ങളുടെ വിശ്വാസ്യത ആർജിക്കുക എന്നതാണ് ആദ്യ മായി ചെയ്യേണ്ടത്. അതിനായി ബസുകളുടെ സമയ നിഷ്ഠയും ജോലിക്കാരുടെ കൃത്യ നിഷ്ഠയും ഉറപ്പു വരുത്തണം. ട്രിപ്പുകൾ റദ്ദാക്കരുത്. ബ്രേക്ക്‌ ഡൌണ്‍ ആയ ബസ്സിലെ യാത്രക്കാരെ വഴിയാധാരമാക്കാതെ ഏറ്റവും പെട്ടെന്ന് ഏറ്റവും അടുത്ത ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് എത്തിക്കുക. ജീവനക്കാരുടെ പെരുമാറ്റം സൗഹാർദ പരം ആയിരിക്കണം. എല്ലാ ജീവനക്കാർക്കും  വർഷത്തിൽ ഒരിക്കൽ എങ്കിലും,പരിശീലന ക്ലാസുകൾ നടത്തണം. യാത്രക്കാരുടെ പരാതി പരിഹരിക്കാനും  നിർദേശങ്ങൾ സ്വീകരിക്കാനും, ഗുണകരമായവ നടപ്പാക്കാനും  ഫലപ്രദമായ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തണം.

രണ്ട്. ജനങ്ങൾക്ക്‌ അസൌകര്യവും കമ്പനിക്കു നഷ്ട്ടവും ഉണ്ടാക്കുന്ന   അശാസ്ത്രീയവും , യാഥാർത്യബോധമില്ലാത്തതും ആയ  ബസ് ഷെഡൂളുകൾ ആണ് ഇപ്പോൾ ഉള്ളത്. ഒന്നിന് പിറകെ ഒന്നായി കാലി ബസ്സുകൾ ഓടിക്കൊണ്ടേ ഇരിക്കുന്നു, ചില റൂട്ടുകളിൽ ബസുകൾ തിങ്ങി നിറഞ്ഞും.   ഓരോ ഡിപ്പോയിലെയും  ഷെഡൂളുകളും വരുമാനവും കുറവുണ്ടെങ്കിൽ കാരണവും    ഹെഡ് ക്വാർട്ടെഴ്സിൽ (കേന്ദ്രം) വരുത്തണം. അത് വിശകലനം ചെയ്ത് നേരിട്ട് പഠനം നടത്തി, വരുമാന നഷ്ട്ടമില്ലാതെ ജനങ്ങൾക്ക്‌ പ്രയോജന പ്രദമായ രീതിയിൽ സർവീസുകൾ പുന:ക്രമീകരിക്കണം. ഇവിടെ സ്വകാര്യ ബസുടമകളുടെ താൽപ്പര്യം അല്ല സംരക്ഷിക്കേണ്ടത്, കെ.എസ്.ആർ .ടി. സി യുടെയും ജനങ്ങളുടെതുമാണ്.  കേരളത്തിലെ ഓരോ ഷെഡൂളിന്റെയും പൂർണ വിവരം കേന്ദ്രത്തിൽ വിരൽ തുമ്പിൽ ലഭ്യമായിരിക്കണം. ഓരോ ദിവസത്തെയും വരുമാനം അടുത്ത ദിവസം രാവിലെ കേന്ദ്രത്തിൽ എത്തിക്കണം. ഓരോ ആഴ്ചയും, മുന്നിലത്തെ ആഴ്ചയുമായുള്ള താരതമ്യ റിപ്പോർട്ടും അയക്കണം.കേന്ദ്രം ഇവ   പരിശോധിച്ച് ഉചിതമായ നടപടികൾ എടുക്കണം. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകൾ യാത്രക്കാർക്ക് സൗകര്യ പ്രദമായ സമയങ്ങളിൽ ഓടി കാശ് വാരുമ്പോൾ, നാമ മാത്രമായ  സർവീസുകൾ  അസമയത്ത്  ഓടിച്ച് മന:പൂർവ്വം  നഷ്ട്ടത്തിൽ ആകുകയാണ് സർക്കാർ.  കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ശരിയായ സമയത്ത് ഓടിക്കുക.  

മൂന്നാമതായി സമയ ക്രമം പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ  ഓരോ ഡിപ്പോയിലും  സൂപ്പർവൈസറെ  നിയോഗിക്കുക എന്നതാണ്. സമയ വ്യത്യാസവും മറ്റു കാര്യങ്ങളും   ഡിപ്പൊ  തലവന് ദിവസവും  സൂപ്പർവൈസർ നൽകുകയും അതിനെ അധികരിച്ച്   വിശകലനവും, കാരണവും, പരിഹാര മാർഗവും  ഉൾപ്പടെ ആഴ്ച തോറും  റിപ്പോർട്ട് ഡിപ്പൊ തലവൻ കേന്ദ്രത്തിനു നൽകുകയും വേണം.

നാലാമത്തെ  കാര്യം ബസുകളുടെയും, ബസ് സ്റ്റേഷനുകളുടെയും  ശോചനീയ അവസ്ഥ മാറ്റുക എന്നതാണ്. തുരുമ്പു പിടിച്ച, അഴുക്കു നിറഞ്ഞ ബസുകൾ മാറ്റി നല്ല ബസുകൾ ഉപയോഗിക്കുകസ്റ്റേഷനുകൾ വൃത്തിയും വെടിപ്പുമുള്ളവ   ആക്കി മാറ്റുക.  സ്റ്റേഷനുകളുടെ മുഖ മുദ്ര ആയ മൂക്ക് പൊത്താതെ കയറാൻ കഴിയാത്ത മൂത്രപ്പുരകൾ മാറ്റി എല്ലായിടവും ശുചിയാക്കി വയ്ക്കുക. എന്തെങ്കിലും ചവറ് നൽകി യാത്രക്കാരെ ചൂഷണം ചെയ്യാൻ വേണ്ടി  മാത്രം നടത്തുന്ന ഇപ്പോഴത്തെ കാൻറീൻ രുചിയും, ശുചിത്വവുമുള്ള ഭക്ഷണം ന്യായമായ വിലയ്ക്ക് നൽകുന്ന സ്ഥലം ആക്കി മാറ്റുക. കാൻറീൻ കൂടാതെയുള്ള ചായ ക്കടകളും മറ്റും കൊള്ള വില ഈടാക്കില്ല എന്ന് ഉറപ്പു വരുത്തുക. ഓരോ ബസ്സും   ഏത് സ്റ്റേഷനിൽ ആഹാരത്തിനു നിറുത്തും എ ന്ന് നേരത്തെ  തീരുമാനിക്കുക. എല്ലാ  സ്റ്റേഷനുകളിലും, അടുത്ത ഒരു മണിക്കൂറിൽ  പുറപ്പെടുന്നവയും കടന്നു പൊകുന്നവയുമായ എല്ലാ ബസുകളുടെ വിവരവും സമയവും കാണിക്കുന്ന ഇലക്ട്രോണിക്ക് ബോർഡുകൾ സ്ഥാപിക്കുക. ബസുകൾക്ക് ഓണ്‍ ലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക.  

തിരുവനന്തപുരം ഉൾപ്പടെ പല സ്റ്റേഷനുകളിലും  വലിയ കെട്ടിടങ്ങൾ നിർമിച്ചു കഴിഞ്ഞു. സാധ്യത ഉള്ളിടത്ത് യാത്രക്കാർക്ക് താമസ സൗകര്യം മിതമായ നിരക്കിൽ  നൽകുക. അതു പോലെ ഭക്ഷണ ശാലകളും ഇവിടങ്ങളിൽ തുറക്കുക.

കേരളത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സ്വന്തം  ബസ് ഓടുന്ന  കെ.എസ്.ആർ .ടി. അത്യാവശ്യമായി നടപ്പാക്കേണ്ടതാണ് കൊറിയർ സർവീസ്. എല്ലാ ബസ് സ്റ്റേഷനുകളിലും എഴുത്തുകൾ സമാഹരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഫ്രാൻചൈസികളെ നിയമിക്കാവുന്നതും ആണ്.

സൗജന്യ പാസ്സുകൾ ആവശ്യമുള്ളവർക്ക് മാത്രം നൽകുക.  പഞ്ചായത്ത് മെംബർ പോലും  കാറിൽ പോകുമ്പോൾ സ്വന്തം കാറുകൾ ഉള്ള എം.എൽ.എ. മാർക്കും അത് പോ ലെയുള്ളവർക്കും എന്തിനാണ് സൌജന്യം നൽകി സർക്കാർ പരിഹാസ്യമാകുന്നത്? ആവശ്യമില്ലാത്തവ നിർത്തലാക്കുക.

ബസ് ബോഡി നിർമാണവും അറ്റ കുറ്റ പ്പണിയും പരമാവധി ചെയ്യാൻ വർക്ക് ഷോപ്പുകളും ജോലിക്കാരെയും  സജ്ജമാക്കുക. അച്ചടക്കം എല്ലാ മേഖലകളിലും കർശനമായി നടപ്പാക്കുക. കെടു കാര്യസ്ഥത ആണ് മറ്റൊരു പ്രശ്നം. 4486  തൊഴിലാളികൾ ജോലിയെടുക്കാതെ ആനുകൂല്യം പറ്റുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. 125 ബസ്സുകൾ ദിവസവും  ജോലിക്കാരില്ലാതെ ഓടാതെ ഇരിക്കുമ്പോഴാണ്  തൊഴിലാളികൾ ഇത്രയും നിരുത്തരവാദിത്വ പരമായി പെരുമാറുന്നത്. അതനുവദിച്ചു കൊടുക്കുന്ന മാനേജ്മെന്റും. ഓരോ ബസിനും ആവശ്യമുള്ള ജീവനക്കാർ എത്രയെന്നു കണ്ടെത്തി അത്ര മാത്രം നിയോഗിക്കുക. വർക്ക് ഷോപ്പുകളിലും മറ്റുമുള്ള ഉദ്പ്പാദനം പൂർണമായ  അളവിൽ ലഭ്യമാക്കുക.

 ഇനിയുള്ള പ്രധാനപ്പെട്ട പ്രശ്നം  ബസ്സും സ്പെയർ പാർട്ട്സും  വാങ്ങുന്നതിലുള്ള കള്ളത്തരങ്ങളും വെട്ടിപ്പും അഴിമതിയും  ആണ്. മന്ത്രി തലത്തിൽ തുടങ്ങുന്ന അഴിമതി താഴോട്ട് എല്ലാ മേഖലകളിലും പടരുന്നു. കമ്മീഷന് വേണ്ടി നിലവാരം ഇല്ലാത്ത ഷാസിയും ടയറും മറ്റും  വാങ്ങുന്നു. ഇത് അവസാനിപ്പിക്കണം.   വിവിധ വർക്ക് ഷോപ്പുകളിൽ ആയി  4 കോടിയിൽ അധികം  രൂപയുടെ സ്പെയർ പാർട്ട്സും മറ്റും തുരുമ്പ് എടുത്തു നശിച്ചതായി വിജിലൻസ്   പറയുന്നു.  ഒരു നടപടിയും ഇതേ വരെ എടുത്തിട്ടില്ല. അഴിമതി നിർമാർജനം ചെയ്യുകയാണ് ഉടൻ ചെയ്യേണ്ടത്.

ഒരു പ്രൊഫഷനൽ സമീപനം ആണ് അ ത്യാവശ്യമായി വേണ്ടത്. രാഷ്ട്രീയ പിടിപാടിൽ ഇവിടെ കയറി പ്പറ്റുന്നവരാണ് ഇതിനെ നശിപ്പിക്കുന്നത്. 6143 ബസുകൾ, 5963 ഷെഡുളുകൾ, 72 ഡിപ്പോകൾ, 20 ഓപ്പറെടിംഗ് സെന്ററുകൾ, 5 വർക്ക് ഷോപ്പുകൾ, 3 ട്രെയിനിംഗ് സെന്ററുകൾ ഉൾപ്പെടുന്ന  ഇത്രയും ബൃഹത്തായ ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ ആപ്പയും ഊപ്പയും വിചാരിച്ചാൽ കഴിയില്ല. കഴിവും, വിവരവും, ദീർഘ വീക്ഷണവും അതിനാവശ്യമാണ്. അതുള്ളവരെ മാത്രം തലപ്പത്ത് കൊണ്ട് വരുക. നഷ്ട്ടത്തിനും മറ്റും ഉള്ള   ഉത്തരവാദിത്വം അധികാരത്തിൽ ഇരിക്കുന്നവരിൽ നിക്ഷിപ്തമാക്കുക. ഇത്രയും ചെയ്‌താൽ കെ.എസ്.ആർ .ടി. സി നന്നാകും. ഒരു വർഷത്തിനകം ലാഭത്തിൽ ആകുകയും ചെയ്യും.

2014, ജൂൺ 13, വെള്ളിയാഴ്‌ച

ലോക കപ്പ്

വാളെടുക്കുന്നവൻ  വെളിച്ചപ്പാട് എന്ന് പറയുന്നത് പോലെ ലോക കപ്പ് വന്നതോട് കൂടി  ബ്രസീൽ എന്ന് ഉച്ചരിക്കാൻ  അറിയാവുന്നവരെല്ലാം ഫുട്ട് ബാൾ "എക്സ്പെർട്ട്സ്" ആയി. എലിയും പാറ്റയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത   ഇവരാണ് ലോക കപ്പ് ഫുട്ട് ബാളിനെ പറ്റി ചാനലുകളിൽ   ഇരുന്ന് ആധികാരികമായി തട്ടി വിടുന്നത്. ചാനൽ ആയ ചാനലുകളിൽ എല്ലാം ചർച്ചകൾ തന്നെ.  ചാനലുകാർ തമ്മിൽ മത്സരം. ഓരോ ചാനലുകാരും എക്സ്പെർട്ട്സിനെ തപ്പിയെടുക്കുന്നു.  എക്സ്പെർട്ട്സ് ആയി വരുന്നതോ പന്ന്യൻ രവീന്ദ്രൻ, എം.എ. ബേബി, ടി.എൻ. പ്രതാപൻ, പിന്നെ കുറെ എം.എൽ.എ. മാരും. സർവജ്ഞ പീഠം കയറിയ ഇവരുടെ കൂടെ  സുരേഷ് ഗോപിയും ഉണ്ട്. ഇത്തവണ തൻറെ മകനെ ക്കൂടി ടീമിൽ  ഇറക്കിയിട്ടുണ്ട്  സുരേഷ് ഗോപി.  ഫുട്ട് ബാൾ താരങ്ങളുടെ പേര് പോലും അറിയാത്ത ഇവരാണ് നമുക്ക് ആധികാരികമായി കാര്യങ്ങൾ പറഞ്ഞു തരുന്നത്. ആകെ എല്ലാവർക്കും അറിയാവുന്നത് ബ്രസീൽ, അർജന്റീന,സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങൾ മാത്രം. അത് വച്ചുള്ള കളിയാണിവർ നടത്തുന്നത്. കളിക്കാരുടെ പേരുകൾ ഒന്നും ഇവർക്ക് അറിയില്ല. ആകെ അറിയാവുന്ന ഒരു പേര് മെസ്സി എന്നത് മാത്രമാണ്. ഒരു എം.എൽ.എ.യോട് അവതാരകൻ  ചോദിച്ചു  ഏതാണ് ഇഷ്ട്ടപ്പെട്ട ഗോൾ കീപ്പർ എന്ന്. ഒരു ഗോൾ കീപ്പറുടെയും പേരറിഞ്ഞു കൂടാത്ത  പുള്ളി വളരെ ബുദ്ധി പൂർവ്വം ഒഴിഞ്ഞു. എന്നിട്ട് രാഷ്ട്രീയ പ്രസംഗം പോലെ പറഞ്ഞു തുടങ്ങി     " നമ്മുടെ ബ്രസീൽ........." അങ്ങിനെ പോയി ഉത്തരം. ചർച്ചയിൽ എല്ലാവരെയും അവതരിപ്പിച്ചത് ഫുട്ട് ബാൾ കളിക്കാരുടെ ജേഴ്സി അണിയിച്ചാണ് . അജ്ഞതയ്ക്ക് പുറമേ   എല്ലാവർക്കും പൊതുവായി ഉ ണ്ടായിരുന്നത്‌   ഓരോ ബ്രസൂക്ക ബാൾ കെട്ടി വച്ചത് പോലെ വയറ് ആയിരുന്നു.

അവതാരകരുടെ കാര്യവും ഇത് പോലെ തന്നെ. ലോക കപ്പ് എന്ന് വച്ച് പ്രത്യേക സ്പോർട്സ് ലേഖകരെ ഒന്നും കൊണ്ട് വരാൻ കഴിയില്ലല്ലോ.  അത് കൊണ്ട്ചാനലുകാർ ഉള്ളവരെ വച്ച്  ഓണം പോലെ ആഘോഷിച്ചു. വിഡ്ഢി ചോദ്യങ്ങൾ, അതിനു അനുയോജ്യമായ മറുപടി. ഫുട്ട് ബാളിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്ന രവി മേനോനെ പോലെ കുറെ ആൾക്കാർ ഉണ്ടായിരുന്നത് കൊണ്ട് വലിയ ബോറടി ഒഴിവായി. അവരുടെ ഇടയിൽ വേഷം കെട്ടി രാഷ്ട്രീയക്കാരെ ഇരുത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അങ്ങ് ബ്രസീലിൽ നടക്കുന്ന ലോക കപ്പിന് ഇത്രയും ആവേശം കാണിക്കുന്ന നമ്മൾ, മന്ത്രിമാരും, എം.എൽ.മാരും, സ്പോർട്സ് സ്നേഹികളും  ഇതിൻറെ പത്തിലൊന്ന് ആവേശം ഇവിടെ കാണിച്ചിരുന്നു എങ്കിൽ കേരളം ലോക നിലവാരത്തിൽ എന്നേ എത്തിയേനെ! ഇവിടെ കളിക്കുന്നവർക്ക് നല്ല പന്തില്ല, ബൂട്ട് ഇല്ല. കളിക്കാനുള്ള സൌകര്യമോ സാഹചര്യമോ ഇല്ല. ഇപ്പോൾ ഈ അധികാരികൾ എല്ലാം സച്ചിൻ തെണ്ടൂൽക്കറിൽ എല്ലാം അർപ്പിച്ച് കഴിയുകയാണ്. ഐ.പി.എൽ. പോലെ വരുന്ന ഫുട്ട്ബാൾ ലീഗ് കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് ജനങ്ങളെ ധരിപ്പിച്ച് ഇരിക്കുകയാണവർ. ഐ.പി.എൽ. പോലെ സ്പോണ്‍സർ മാർക്ക് പണം ഉണ്ടാക്കാനുള്ള ഒന്നായി അതും മാറും എന്നുള്ളതിന് സംശയം വേണ്ട. അല്ലെങ്കിൽ ആരെങ്കിലും കോടികൾ ഇതിൽ വലിച്ചെറിയുമോ?  കുടവയറും  ജേഴ്സിയുമായി എക്സ്പെർട്ട്സ് ആകാൻ  കാത്തിരിക്കാതെ  2018 ലോക കപ്പ് വരുമ്പോഴേക്കും കേരളത്തിലെ ഫുട്ട് ബോൾ  നല്ല നിലവാരത്തിലേക്ക് ഉയരാൻ ആത്മാർത്ഥമായി ശ്രമിക്കൂ. 

2014, ജൂൺ 11, ബുധനാഴ്‌ച

വാഹനാപകടം

അപകടത്തിൽ പെട്ട് ആരാലും ആശുപത്രിയിൽ എത്തിക്കപ്പെടാതെ വഴിയിൽ നിരാലംബനായി ബോധം കെട്ടു കിടക്കുന്ന ഹത ഭാഗ്യൻറെ ചിത്രം പത്താം തീയതിയിലെ  മാതൃഭൂമി പത്രത്തിൽ കണ്ടു. ആ ആൾ മരണപ്പെട്ട വാർത്ത അതേ ചിത്രത്തോട് കൂടി ഇന്നത്തെ (11.6.) പത്രത്തിൽ ഇട്ടിരുന്നു. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്ടിനും   റെയിൽവേ  സ്റ്റേഷനും  മുന്നിൽ,   ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്നിടത്താണ്‌ ആരും രക്ഷപ്പെടുത്താതെ ആ പാവം മനുഷ്യൻ പത്തു മിനിട്ടോളം വഴിയിൽ കിടന്നത്. രണ്ടു മൂന്നു കാര്യങ്ങളാണ് ഇവിടെ ഉത്ഭവിക്കുന്നത്.

 ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറുടെ വിശദീകരണം മാതൃഭൂമിയിൽ തന്നെ കണ്ടു. ആളെ ആശുപത്രിയിൽ എത്തിക്കാതെ ഫോട്ടോയിൽ പകർത്തുന്നതിന് നൽകിയ വിശദീകരണം ഇത് പൊതുജന ശ്രദ്ധയിൽ കൊണ്ട് വരാൻ വേണ്ടി ആണെന്നാണ്‌. ശരി. ഫോട്ടോ എടുത്തിട്ട് സഹായം നൽകി എന്നും പറയുന്നു.  ഒരു ബസ് ആണ് ഈ മനുഷ്യനെ ബൈക്കിൽ നിന്നും ഇടിച്ചിട്ടത്. അതിന്   ഉത്തരവാദിയായ ഡ്രൈവർ എന്ത് കൊണ്ട് ഉടനെ ആളെ  ആശുപതിയിൽ എത്തിക്കാനുള്ള നടപടി എടുത്തില്ല?  മോട്ടോർ അപകട  നിയമങ്ങളിൽ അങ്ങിനെ ഒരു വകുപ്പ് ഇല്ലേ? ഇല്ലെങ്കിൽ അത് മന:പൂർവമായ നര ഹത്യ പോലെ  ഗുരുതരമായ ഒരു കുറ്റമാക്കാൻ സർക്കാർ നടപടി എടുക്കണം.  നഗരത്തിൽ എല്ലായിടത്തും നിറയെ ട്രാഫിക്കും അല്ലാത്തതുമായ പോലീസുകാ ഉണ്ട്.  പോലീസ് വണ്ടികളും ആവശ്യത്തിനു നിരത്തിൽ കറങ്ങി നടക്കുന്നുണ്ട്. തമ്പാനൂർ റെയിൽവേ സ്റ്റേ ഷന് മുന്നിൽ ട്രാഫിക് പൊലീസിന്റെ ബൂത്ത്‌ ഉണ്ട്, പോലീസ്കാരും ഉണ്ട്. അതിന് തൊട്ടടുത്താണ് തമ്പാനൂർ പോലീസ് സ്റ്റേഷൻ  എന്നിട്ടും  ഇങ്ങിനെ ഒരു അപകടം ഉണ്ടായിട്ട് ഒരു പോലീസ് പോലും എത്താത്തത് കഷ്ട്ടമായി പോയി.  നഗരത്തിൽ എല്ലായിടത്തും പോലീസ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ ദൃശ്യങ്ങൾ തത്സമയം വീക്ഷിക്കുന്നില്ലേ? അങ്ങിനെയെങ്കിൽ എന്ത് കൊണ്ട് സമീപത്തുള്ള പോലീസിനെ അറിയിച്ചില്ല?  അതോ ട്രാഫിക് ലംഘനമോ മറ്റു കുറ്റ കൃത്യങ്ങളോ കണ്ടു പിടിക്കാൻ ഭാവിയിൽ ഉപയോഗിക്കുകയാണോ ഈ ദൃശ്യങ്ങൾ ? അഥവാ  തത്സമയം വീക്ഷിക്കുന്നില്ലെങ്കിൽ  അങ്ങിനെ ചെയ്യാനുള്ള സംവിധാനം പോലീസ് ഒരുക്കണം. എന്നിട്ട് വയർ ലസ്സിൽ  അത് പോലീസുകാരെ അറിയിക്കണം. 

അപകടത്തിൽ പെട്ട് കിടക്കുന്ന ഒരാളെ ഏറ്റവും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒരു പൌരന് ഒഴിഞ്ഞു മാറാൻ മേൽപ്പറഞ്ഞവ ഒന്നും ഒരു കാരണവുമല്ല. അത് സഹ ജീവികളോടുള്ള സ്നേഹത്തിൽ നിന്നും സഹാനുഭൂതി യിൽ നിന്നും ഉണ്ടാകുന്ന വികാരമാണ്. സ്വന്തം കാര്യം കാണാനുള്ള,ലോകം പിടിച്ചടക്കാനുള്ള  ഈ ഓട്ടത്തിനിടയിൽ മറ്റുള്ളവരെ നോക്കാൻ എവിടെ സമയം?



2014, ജൂൺ 8, ഞായറാഴ്‌ച

പുന: സംഘടന

മന്ത്രി സഭ  പുന: സംഘടനയെ പ്പറ്റിയുള്ള സംവാദങ്ങളും വിവാദങ്ങളും കൊഴുക്കുകയാണ്. മുഖ്യ മന്ത്രി ആണ് പുന: സംഘടന യുടെ വക്ത്താവ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മന്ത്രി സഭയിൽ മാറ്റമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരാജയത്തിനു ഉത്തരവാദിയായി അദ്ദേഹംരാജി വച്ചൊഴിയുന്നതു മനസ്സിൽ കണ്ടാണ്‌ ഇത് പറഞ്ഞത്. പക്ഷെ അന്തരീക്ഷം ആകെ മാറി. തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ്സിൽ   ആകെ കിട്ടിയ 44 സീറ്റിൽ 8 എണ്ണം കേരളത്തിൽ നിന്നായതു കൊണ്ട് തമ്മിൽ ഭേദം ഉമ്മൻ ആയി. രമേശ്‌ ചെന്നിത്തല പുന: സംഘടനയ്ക്ക് എതിരാണ്. തൻറെ ശക്തിയും തൻറെ  ഗ്രൂപ്പുകാരുടെ കസേരയും പോകും എന്നു  സ്വാഭാവികമായി ഉള്ള ഭയം. സുധീരനും എതിരാണ്. പുന: സംഘടന കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന തിരിച്ചറിവ് കൊണ്ട്.എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് മുഖ്യ മന്ത്രിക്കു ആരെയും മന്ത്രി സഭയിൽ ഉൾപ്പെടുത്താനുള്ള അധികാരം ഉണ്ടെന്നാണ്. അത് തെറ്റാണ്.അങ്ങിനെയെങ്കിൽ സലിം രാജിനെയും ജിക്കുവിനെയും ജോപ്പനെയും മന്ത്രി സഭയിൽ ഉൾപ്പെടുത്താമായിരുന്നല്ലോ. ഈ പുന: സംഘടന കൊണ്ട് ഭരണത്തിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല എന്നതാണ് സത്യം. വലിയ പിടിപാടില്ലാത്ത ഏതെങ്കിലും ഒന്നോ രണ്ടോ പേരെ മാറ്റി അത്തരത്തിലുള്ള മറ്റാരെയെങ്കിലും കയറ്റി ഇരുത്തും. ഭരണത്തിൽ ഫലം തഥൈവ. 

പക്ഷെ ജനങ്ങൾ പുന: സംഘടന ആഗ്രഹിക്കുന്നു. ഭരണത്തിൽ പൂർണ പരാജയമായിരുന്ന മന്ത്രിമാരെ മാറ്റി പുതിയ ആൾക്കാരെ ഉൾപ്പെടുത്തണം. വ്യവസായ മന്ത്രി  -  വ്യവസായം വികസിച്ചില്ല എന്നു മാത്രമല്ല ഉള്ള വ്യവസായങ്ങൾ നശിക്കുകയും ചെയ്തു. ധനകാര്യ മന്ത്രിയുടെ ഭരണത്തിൽ ഉണ്ടായത്  കേരളം  കടം കേറി മുടിഞ്ഞു, ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാതായി  എന്നതാണ് . കേരളത്തിനെ  ഇരുട്ടിൽ ആക്കിയിരിക്കുകയാണ്  ഊർജ മന്ത്രി . അവശ്യ ഭക്ഷ്യ  സാധനങ്ങളുടെ വില ദിവസേന കുതിച്ചുയരുകയാണ് ഭക്ഷ്യ മന്ത്രിയുടെ  ഭരണത്തിൽ. കൃഷിയും കുറഞ്ഞു,കൃഷി സ്ഥലത്തിൻറെ വ്യാപ്തിയും കുറഞ്ഞതാണ് കൃഷി മന്ത്രിയുടെ  ഗുണം. വനം എല്ലാം വെട്ടിയും കത്തിച്ചും നശിപ്പിക്കുന്നു. ബസ് യാത്രാക്കൂലി വർധിപ്പിക്കുന്നു , കെ.എസ്. ആർ.ടി.സി. നഷ്ട്ടത്തിലേക്ക് കൂപ്പു കുത്തുന്നു  വനം-ഗതാഗത മന്ത്രിയുടെ ഭരണത്തിൽ. വിദ്യാഭ്യാസ മന്ത്രിയുടെ കീഴിൽ സർക്കാർ പള്ളിക്കൂടങ്ങളിൽ കുട്ടികൾ കുറയുന്നു സ്വകാര്യ സ്‌കൂളുകൾ പുതുതായി അനുവദിക്കുന്നു. മദ്യപാനം കുറയ്ക്കാൻ വഴി ഒരുക്കുന്നതിന് പകരം കൂടുതൽ ബാറുകൾ തുറക്കുകയാണ് എക്സ്സൈസ് മന്ത്രി. ആശുപത്രികളിൽ മരുന്നില്ല, സൌകര്യമില്ല, ഡോക്ടർമാർ ഇല്ല അതാണ്‌ ആരോഗ്യ മന്ത്രിയുടെ നേട്ടം. മാലിന്യ നിർമാർജന കാര്യങ്ങൾ നോക്കാനും ഒരു മന്ത്രി കാണും. കേരളം മുഴുവൻ കുന്നു കൂടിയിരിക്കുന്ന മാലിന്യ കൂമ്പാരം കൊണ്ട് ആ മന്ത്രിയെ കാണാൻ പറ്റുന്നില്ല. പിന്നെയും കുറെ മന്ത്രിമാർ ഉണ്ട്. വകുപ്പുകളും ഉണ്ട്. മുഖ്യ മന്ത്രി ഓരോ മന്ത്രി മാരോടും അവർ ജനങ്ങൾക്ക്‌ വേണ്ടി ചെയ്ത കാര്യങ്ങൾ  ഓരോന്നായി അക്കമിട്ടു എഴുതി തരാൻ പറയണം. അര പേജ് പോലും കാണില്ല ആർക്കും എഴുതാൻ. അതിനു ശേഷം  മുഖ്യ മന്ത്രി സ്വന്തം നേട്ടങ്ങളും ഒന്ന് നോക്കുക. എന്നിട്ട്  പുന: സംഘടന നടത്തുക. അതാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്.

ജനങ്ങൾ അഞ്ചു വർഷത്തേക്കാണ് തെരഞ്ഞെടുത്തത് എന്ന വാദം തെറ്റാണ്.ഈ ഭരണത്തിൽ ജനങ്ങൾ സംതൃപ്തർ ആയിരുന്നെങ്കിൽ ലോക സഭ ഫലം മറ്റൊന്നാകുമായിരുന്നു. ചെകുത്താനും കടലിനും ഇടയിൽ പെട്ട ജനം മറ്റു മാർഗം കുറെ ഇടതിനും കുറെ കോണ്‍ഗ്രസ്സിനും വോട്ട് ചെയ്തു എന്ന് മാത്രം. മൂന്നാമതൊരു  സാധ്യത തെളിഞ്ഞു വരുന്നു എന്നത് ആശ്വാസ ജനകമാണ്.

2014, ജൂൺ 6, വെള്ളിയാഴ്‌ച

മനുഷ്യക്കടത്ത്

ദൂര വ്യാപക ഫലങ്ങൾ ഉളവാക്കുന്ന ഭീകരമായ   കുറ്റ കൃത്യത്തെ അധികാരത്തിന്റെ   കരാള ഹസ്തങ്ങൾ ഉപയോഗിച്ച് മൂടി വയ്ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന  ഭരണ കൂടങ്ങൾ എന്നും രാജ്യത്തിന് ആപത്താണ്. ജനാധിപത്യ ഭരണ വ്യവസ്ഥയെയും ഭരണ ഘടന യെയും രാജ്യത്തിൻറെ സുരക്ഷയെ തന്നെയും  വെല്ലു വിളിക്കുന്ന ഇത്തരം പ്രവൃത്തികൾ കേരളത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് അത്യന്തം  ഗൌരവ മായി കാണേണ്ടതാണ്.

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കൊണ്ട് വന്നത് മനുഷ്യക്കടത്ത് തന്നെ എന്ന്  അസഗ്നിഗ്ധ
 മായി  ധൈര്യ പൂർവം പ്രഖ്യാപിച്ച  ആഭ്യന്തര മന്ത്രി ഇപ്പോൾ നാവനക്കുന്നില്ല.  ഇപ്പോൾ നടന്നത് മനുഷ്യക്കടത്ത് അല്ല എന്ന് ചെന്നിത്തല   കൂടി പങ്കെടുത്ത ഉന്നത സമിതി തീരുമാനിക്കുകയും യോഗത്തിൻറെ തലവൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അത് പ്രഖ്യാപിക്കുകയും ചെയ്തു. രമേശ്‌ ചെന്നിത്തല പിന്നോക്കം പോയി എന്ന് വേണം കരുതാൻ. ടി.പി. വധക്കേസിൽ എല്ലാ പ്രതികളെയും പിടിക്കും,ഗൂഡാലോചന നടത്തിയവരെയും പിടിക്കും എന്ന് വീര വാദം പറഞ്ഞ  പഴയ  ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കളം മാറി ചവിട്ടിയത് നമ്മൾ കണ്ടിട്ട് അധിക നാളായില്ലല്ലോ.  ഗത്യന്തരമില്ലാതെ അവസാനം ഗൂഡാലോചന സി.ബി.ഐ. അന്വേഷിക്കട്ടെ എന്ന് പറഞ്ഞു തടി തപ്പി! എല്ലാ ആഭ്യന്തര മന്ത്രിമാരുടെയും സ്വഭാവമാണിത്. നട്ടെല്ല് നിവർത്തി അവസാനം വരെ നിൽക്കാൻ അവർക്ക് കഴിവില്ല. അത്രയ്ക്ക് സമ്മർദ്ദം ആണവർക്ക് മുകളിൽ നിന്നും വരുന്നത്. പാർട്ടിയുടെയും സർക്കാരിന്റെയും നില നിൽപ്പ് അവരുടെ പ്രാഥമിക പരിഗണന ആയി മാറുന്നു. അവരുടെ പ്രസ്താവനകൾ പലതും വില പേശലിന് ഉള്ളതാണ്. ഈ മനുഷ്യക്കടത്ത് ഒരു ജീവ കാരുണ്യ പ്രവർത്തനമായി ചിത്രീകരിക്കാനും, വർഗീയത ഇളക്കി വിടാനും, ന്യൂന പക്ഷ പീഠനം എന്ന തുറുപ്പു ചീട്ട് ഇറക്കി കളിക്കാനും ആണ്   തൽപ്പര കക്ഷികളുടെ ശ്രമം. അതിനു ഒത്താശ ചെയ്യുകയാണ്  കേരള സർക്കാർ.

കുട്ടികളെ കൊണ്ട് വന്ന സംസ്ഥാനങ്ങളിൽ  ഒന്നായ ഝാർക്കണ്ടിലെ ഉദ്യോഗസ്ഥർ തന്നെ ഇതൊരു മനുഷ്യ കടത്താണ് എന്ന്  പറയുന്നുണ്ട്. പക്ഷേ കേരളത്തിലെ  ന്യൂന പക്ഷ കമ്മീഷൻ പറയുന്നത് വളരെ രസകരം ആണ്. ഇതൊരു "മനുശ്യ കടത്ത്"  അല്ലെന്ന്. കാരണം കുട്ടികൾ സ്വന്തം ഇഷ്ട്ട പ്രകാരം വന്നതാണെന്ന്. 5 വയസ്സുള്ള പിഞ്ചു കുട്ടികളല്ലേ സ്വന്തം ഇഷ്ട്ട പ്രകാരം ഝാർക്കണ്ടിൽ നിന്നും ട്രെയിൻ കയറി 2000 കിലോ മീറ്റർ സഞ്ചരിച്ച്  മുക്കത്ത് അനാഥാലയത്തിൽ എത്തിയത്! പിന്നെ  പറയുന്നു മാതാ പിതാക്കളുടെ സമ്മതത്തോടെ ആണ് എത്തിയത് എന്ന്. മാതാ പിതാക്കൾ ഉള്ളവർ എങ്ങിനെ അനാഥരായി? കേരളത്തിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനായി അനാഥ കുട്ടികൾ എന്ന് കള്ള സർറ്റിഫിക്കറ്റ് ഉണ്ടാക്കിയതായി തെളിഞ്ഞിട്ടുണ്ട്. അങ്ങിനെ ഉണ്ടാക്കിയ കള്ള സർട്ടിഫിക്കറ്റുകളുടെ   അടിസ്ഥാനത്തിൽ  മുക്കം, മനാശ്ശേരി മുസ്ലിം അനാഥാലയങ്ങളിൽ കുട്ടികളെ  പ്രവേശിപ്പിച്ചു എന്നതിനും തെളിവുണ്ട്. ഝാർക്കണ്ട് കൊരിയാന വില്ലേജ് ഓഫീസർ  13.4.2012 ൽ  കൊടുത്ത അത്തരം ഒരു കള്ള സർട്ടിഫിക്കറ്റു   പറയുന്നത്  മനശ്ശേരി മുസ്ലിം അനാഥാലയത്തിലെ അസ്രാർ അൻസാരി എന്ന കുട്ടി  ( ഝാർക്കണ്ട്, ഗൊദ്ദാ ജില്ലയിലെ വഹാബ് അൻസാരിയുടെ മകൻ )  കേരള  സ്വദേശി ആണെന്നാണ്‌.   ചില സർട്ടിഫിക്കറ്റുകൾ പറയുന്നത് സ്വദേശം 'കേരൾ' സംസ്ഥാനം, ജില്ലയോ  ഝാർഖണ്ടിലുള്ളതും.  ഇതിൽ നിന്നെല്ലാം സംശയ ലേശ മന്യേ തെളിയുന്നത് പണം കൊടുത്തു കുട്ടികളെ വാങ്ങിയാണ് ഇവിടങ്ങളിൽ എത്തിച്ചിട്ടുള്ളത് എന്നാണ്. അങ്ങിനെ മനുഷ്യ ക്കടത്തിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത്. ഝാർക്കണ്ടിൽ നിന്നും കുട്ടികളെ എത്തിച്ച മുഖ്യ പ്രതി  ഷക്കീൽ അഹമ്മദ് അറസ്റ്റിൽ ആയിട്ടുണ്ട്‌. മെയ് 24 നു 466 കുട്ടികളെ കൊണ്ട് വന്നത് ഇയാളുടെ നേതൃത്വത്തിൽ ആണ്. ഇത്രയും കുട്ടികളെ അറവു ശാലയിലേക്ക് കൊണ്ട് പോകുന്ന കന്നുകാലികളെ പ്പോലെ ട്രെയിനിൽ കുത്തി നിറച്ച് കൊണ്ടു വന്നത് മനുഷ്യാവകാശ ധ്വംസനം ആണ്. ഉത്തരവാദിത്വം റെയിൽവേക്കും ഉണ്ട്.  ആരാലും ചോദ്യം ചെയ്യപ്പെടാതെ 3 ദിവസത്തെ ട്രെയിൻ യാത്ര നടത്തിയത് തന്നെ  കാണിക്കുന്നത്  ഇതിന്  ഉന്നത തല ത്തിൽ ഉള്ളവരുടെ അറിവും, അംഗീകാരവും, പങ്കാളിത്തവും ഉണ്ടെന്നാണ്.  ജീവ കാരുണ്യ പ്രവർത്തനം  എന്നാണ്   മറ്റൊരു വാദം. അതിനായി   എന്തിനു അന്യ സംസ്ഥാനങ്ങളിൽ പോകണം? കേരളത്തിൽ അവശത അനുഭവിക്കുന്ന പാവപ്പെട്ട കുട്ടികൾ ആയിരക്കണക്കിന്  ഉണ്ടല്ലോ. പിന്നെ എന്തിനാണ്   ഝാർക്കണ്ടിലും ബീഹാറിലും പോകുന്നത്?  ഇനി മുസ്ലീം കുട്ടികൾക്ക് മാത്രമേ ജീവ കാരുണ്യം    ചെയ്യൂ എന്ന് അനാഥാലയം നടത്തിപ്പുകാർക്ക് നിർബന്ധം ഉണ്ടെങ്കിൽ അതിന്  പാവപ്പെട്ട, പഠിക്കാൻ നിർവാഹമില്ലാത്ത  മുസ്ലീം കുട്ടികൾ ധരാളം കേരളത്തിലും ഉണ്ടല്ലോ. അപ്പോൾ അതല്ല കാര്യം. ഉത്തരേന്ത്യൻ  കുട്ടികൾ ആണെങ്കിൽ ചോദിക്കാനും പറയാനും വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത  പാവങ്ങൾ ആയ ബന്ധുക്കൾ  ആരും വരില്ല. ബാല വേല നടത്തിയാലും, ബാല വിവാഹം നടത്തിയാലും, അവയവം വിറ്റാലും, ലൈംഗിക ചൂഷണം നടത്തിയാലും  ചോദ്യം ചെയ്യപ്പെടില്ല എന്ന വസ്തുത യാണ് ഝാർക്കണ്ടിലെ കുട്ടികളെ തേടിപ്പിടിക്കാൻ അനാഥാലയ നടത്തിപ്പുകാരെ പ്രേരിപ്പിക്കുന്നത്.

ഇത്തരം കള്ളത്തരങ്ങൾ ചെയ്യുന്നത് കുട്ടികളെ സംരക്ഷിക്കുന്നു എന്ന പേരിൽ അനാഥാലയങ്ങൾക്ക് പണം തട്ടാനാണ്. സർക്കാരിൽ നിന്നും കിട്ടുന്ന പണവും പിന്നെ ദേശത്തും വിദേശത്തും നിന്ന് സംഭാവനയായി കിട്ടുന്ന അനേകം  കോടികളും. അതൊന്നു മാത്രമാണ് ഇതിന്റെ ലക്ഷ്യം. മുക്കം അനാഥാലയത്തിന്    തെറ്റായി സർക്കാർ നൽകിയ 35  ലക്ഷം രൂപ തട്ടിപ്പാണെന്ന് ആഡിറ്റ് കണ്ടെത്തിയപ്പോൾ തിരിച്ചടച്ച ഒരു സംഭവവും അടുത്തിടെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇവയുടെ കണക്കുകൾ പരിശോധിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കേരളത്തിലെ അനാഥാലയങ്ങൾക്ക്  കഴിഞ്ഞ വർഷം 18 കോടി രൂപ ധന സഹായം ആയി നൽകിയിട്ടുണ്ട്  എന്ന് കേന്ദ്ര കേന്ദ്ര സർക്കാർ പറയുന്നു.  ഭാരതത്തോട് സ്ഥായിയായ ശത്രുത ഉള്ള ബംഗ്ലാദേശികളുടെ  കുട്ടികൾ ബംഗാൾ വഴി ഈ അനാഥാലയങ്ങളിൽ എത്താനും ഭാവിയിലെ ഭീകര, വിധ്വംസക   പ്രവർത്തികളിൽ അവർ   എത്തിച്ചേരാനും ഉള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.    ഇത്രയൊക്കെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും  അധികാരത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടി സമ്മർദത്തിനു വഴങ്ങി കേസ് തേയ്ച്ചു മായ്ച്ചു കളയാൻ ശ്രമിക്കുകയാണ് കേരള സർക്കാർ.

കേരള ഹൈ ക്കൊടതിയുടെ ഇടപെടൽ കേസിൻറെ ഗതി മാറ്റുകയും അന്വേഷണം സത്യ  സന്ധമായി പോകുകയും ചെയ്യും  എന്നും ഉള്ള ശുഭാപ്തി വിശ്വാസം തരുന്നുണ്ട്. സർക്കാർ സ്വീകരിച്ച നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി സത്യവാങ്ങ്മൂലം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബാല വേലയ്ക്കല്ല കുട്ടികളെ കൊണ്ട് വന്നത് എന്ന് പറയാനാകുമോ എന്ന് ചോദിച്ച കോടതി വെറുതെ  കയ്യും കെട്ടി നോക്കി ഇരിക്കില്ല എന്നും പറഞ്ഞു. കേരള സംസ്ഥാന സർക്കാരിന് നാണക്കേടുണ്ടാക്കിയ പ്രവൃത്തി എന്ന് വിശേഷിപ്പിച്ച   കോടതി ഉന്നതരെ സംരക്ഷിക്കാനാണോ ഇതെന്നും ചോദിച്ചു. (ആല് കുരുത്താൽ അതും തണലെന്ന് കരുതുന്നവർ സർക്കാർ )   ഇത്രയും ഗുരുതരമായ ഒരു കാര്യത്തെ  അത് അർഹിക്കുന്ന പ്രാധാന്യത്തോടും ഗൌരവത്തോടും കോടതി എടുത്തു എന്നുള്ളത് വലിയ ആശ്വാസം ആണ്  തരുന്നത്.    കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തിയാൽ മാത്രമേ സർക്കാരിന്റെ അനാവശ്യ   ഇടപെടലുകൾ ഒഴിവാകുകയും സത്യം തെളിയുകയും ചെയ്യൂ.  

2014, ജൂൺ 5, വ്യാഴാഴ്‌ച

കർണാടക ഭവൻ

ശബരി മല യിൽ കർണാടക സർക്കാരിന് 4.5 ഏക്കർ ഭൂമി കർണാടക ഭവൻ നിർമിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയത്  30.5.2014 ൽ  കേരള ഹൈ ക്കോടതി സ്റ്റേ ചെയ്തു.

ഇതിന് മുൻപ് എഴുതിയ പോസ്റ്റ്‌ കൾ.



MONDAY, OCTOBER 24, 2011


Sabarimala on hypothecation


  Kerala Government's decision to donate land to other states at Nilackal to develop infrastructure for Sabarimala pilgrims is not a wise one. Tomorrow they may act contrary to our ideas and it may turn counterproductive. Mullapperiyar dam is an example of this thoughtless action. We may not forget how the attempt to establish a Christian church at Nilackal some years ago disturbed the communal harmony. Possibility of such camouflaged attempt may arise again. The fund is to be mobilised from the income from Sabarimala and if still short get it from other states as donation.


THURSDAY, OCTOBER 31, 2013


SABARIMALA FOR SALE



ശബരിമല  വിൽക്കാൻ വച്ചിരിക്കുന്നതിന്റെ ഭവിഷ്യത്തുകൾ വിവരിച്ച്  2011ൽ എഴുതിയ ഒരു പോസ്റ്റ്‌ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. നീണ്ട കാലാവധിക്കുള്ള  പാട്ടത്തിനു അന്യ സംസ്ഥാനക്കാർക്ക് നൽകാനുള്ള നീക്കം ആയിരുന്നു അന്ന് നടത്തിയിരുന്നത്.  ഇന്നിതാ സർക്കാർ   ഒരു പടി കൂടി മുന്നോട്ടു പോയി അത് വിൽപ്പന ആക്കിയിരിക്കുന്നു. നാലര ഏക്കർ സ്ഥലം ആണ് കർണാടക സർക്കാരിന് നൽകിയിരിക്കുന്നത്. അതിൽ കേരള സർക്കാരിന് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.

വനഭൂമി ഏറ്റെടുത്താണ് ഇങ്ങിനെ കൊടുക്കുന്നത്. സംസ്ഥാനത്തിന് അകത്ത് ഇത്രയും പ്രാധാന്യമുള്ള ഒരു സ്ഥലം, വനഭൂമി, മറ്റൊരു സംസ്ഥാനത്തിന് വിട്ടു കൊടുക്കേണ്ട ആവശ്യം എന്താണ്? മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക്‌ തീർത്ഥാടനത്തിന് സൗകര്യം ഒരുക്കാനാണ് എന്ന് പറയുന്നു. അതിനു മറ്റു സംസ്ഥാനങ്ങളുടെ ധന സഹായം സ്വീകരിച്ചാൽ പോരായിരുന്നോ? വന ഭൂമി വിറ്റാണോ അതിനു പരിഹാരം കാണേണ്ടി ഇരുന്നത്?



2014, ജൂൺ 4, ബുധനാഴ്‌ച

മൊറാഴ സ്കൂൾ മാനേജർ

വിദ്യാഭ്യാസം വെറും കച്ചവടം ആക്കി അതിൽ നിന്നും ലാഭം കൊയ്യുന്ന ബിസിനസ്സ് കാരാണ് ഇന്നത്തെ സ്കൂൾ,കോളേജ് മാനേജർമാർ. ശരിക്ക് പറഞ്ഞാൽ  അവർ നടത്തിപ്പുകാർ എന്ന മാനേജർമാർ അല്ല.    മുതലാളിമാർ ആണവർ .  ലാഭകരമല്ലാത്ത അവസ്ഥ വരുമ്പോൾ രാത്രിയുടെ മറവിൽ  വിദ്യാലയം തകർത്ത് നശിപ്പിക്കുന്ന മാനേജർ മാരും ഇവിടെ കേരളത്തിൽ ഉണ്ട്. വിദ്യാർത്ഥികളിൽ നിന്നും അമിത മായി ഫീസ്‌ വാങ്ങുക, അധ്യാപക നിയമനത്തിന് ലക്ഷക്കണക്കിന്‌ കോഴ വാങ്ങുക, അങ്ങിനെ ആണ് അവർ കോടിക്കണക്കിന് കാശുണ്ടാക്കുന്നത്.  അധ്യാപകർക്ക് സർക്കാർ   ശമ്പളം നൽകുന്ന എയിഡഡ് സ്കൂളുകളിലും ഇതാണ് സംഭവിക്കുന്നത്‌. ചാരിറ്റി എന്ന പേരിട്ട്, കോടിക്കണക്കിനു രൂപ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഉണ്ടാക്കുന്ന മത സ്ഥാപനങ്ങൾ, ദൈവ നാമത്തിലും ആൾ ദൈവ നാമത്തിലും   നടത്തുന്ന സ്കൂൾ,കോളേജുകളിലും തീവെട്ടി  കൊള്ള ആണ് നടത്തുന്നത്. ഒരു എം.ബി.ബി.എസ്. സീറ്റിനു 70 ലക്ഷം മുതൽ 1 കോടി രൂപ വരെ ആണ് വാങ്ങുന്നത്. ഇതിൻറെ പി.ജി. സീറ്റിനോ 1 കോടി മുതൽ മേലോട്ട്. ആരെങ്കിലും ഇത് ചോദ്യം ചെയ്താൽ, ന്യൂന പക്ഷ അവകാശവും, മത സ്വാതന്ത്ര്യവും, മതേതരത്വവും  ഒക്കെ വിളമ്പി പറയുന്നവനെ ഒതുക്കും.  അധികാരത്തിൽ തുടരുക എന്ന മിനിമം അജണ്ട മാത്രമുള്ള സർക്കാരുകൾ     ഇതിനൊക്കെ മൌനാനുവാദവും സഹായവും ചെയ്തു  നൽകുന്നു.

ഇത്തരം  മാനേജർമാരേയും സർക്കാരിനെയും ലജ്ജിപ്പിക്കുകയാണ് കണ്ണൂർ ജില്ലയിലെ മൊറാഴ സൌത്ത് എ. എൽ.പി.സ്കൂൾ മാനേജർ ശ്രീ സുനിൽ കുമാർ.  പള്ളിക്കൂടത്തിന്റെ വികസനത്തിന്‌ പണം കണ്ടെത്താൻ കൂലി പ്പണി എടുക്കുകയാണ് സുനിൽ കുമാർ.  അതിൽ നിന്നും കിട്ടുന്ന വേതനത്തിൽ നിന്നും  ആണ്   വീട്ടു ചിലവ് നടക്കുന്നത്. എന്നിട്ടും  അതിൻറെ  ഒരു ഭാഗം സ്കൂളിൻറെ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്നു. എന്തൊരു ത്യാഗം.

പാരമ്പര്യമായി കിട്ടിയ ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം കോടികൾ വിലമതിക്കുന്നതാണ്. അത് വിറ്റാൽ കൂലിപ്പണിക്ക് പോകാതെ സുഖ മായി ജീവിക്കാം. പക്ഷെ സുനിൽ അതിനു തയാറല്ല. സ്കൂൾ എങ്ങിനെയെങ്കിലും നടത്തും എന്നാണ് പറയുന്നത്. അത്  സമൂഹത്തോടുള്ള  തൻറെ കടപ്പാട് ആണ് എന്ന് അദേഹം വിശ്വസിക്കുന്നു. ഉദാത്തമായ കർമം. ഈ വിദ്യാലയം ഉത്തരോത്തരം അഭിവൃത്തി പ്രാപിക്കും എന്നുള്ളതിന് ഒട്ടും സംശയം ഇല്ല. അതിന് എല്ലാ ആശംസകളും നേരുന്നു.

അദ്ദേഹത്തിന് 1000 രൂപ അയച്ചു കൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്  വേണ്ടിയല്ല. ആ വിദ്യാലയത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് വേണ്ടി. അതിനുള്ള ഒരു എളിയ പ്രവൃത്തി.   ഇത്  സഹതാപമോ, അനുകമ്പയോ,  ദാനമോ അല്ല. സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു  മനുഷ്യൻറെ കടമ.  അത് മറന്നത്   തെറ്റ്.  ഓർമിപ്പിച്ചതിനു  സുനിലിനു നന്ദി. 






2014, ജൂൺ 3, ചൊവ്വാഴ്ച

മോണോ റയിൽ

തിരുവനന്തപുരത്ത് മോണോ റയിൽ നിർമാണ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കഴക്കൂട്ടം മുതൽ ബാലരാമപുരം വരെ 28 കിലോ മീറ്റർ ദൂരം ആണ് റയിൽ ഉദ്ദേശിക്കുന്നത്. ഓരോ കിലോമീറ്ററിനും 150 കോടി രൂപ വച്ച് മൊത്തം 4200 കോടി രൂപ ചെലവാകും.

നിലവിലുള്ള  നാഷണൽ ഹൈവേ 47  ൽ,   റോഡിൻറെ മധ്യത്തിൽ ഉയർത്തിയ തൂണുകളിൽ ആണ് റയിൽ പ്പാത സ്ഥാപിക്കുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടി  വരില്ല എന്നതാണ് മോണോ  റയിലിന്റെ മേന്മ ആയി പറയുന്നത്. പക്ഷെ മോണോ റയിൽ വരുന്നതോടു കൂടി   റോഡിന്റെ വികസനം എന്നെന്നേക്കുമായി  അവസാനിക്കുകയാണ്.  റോഡുകൾ തമ്മിൽ ക്രോസ് ചെയ്യുന്ന സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഉള്ള ഒരേ ഒരു മാർഗം "ഫ്ലൈ ഓവർ" ആണ്. തൂണുകളിൽ ഉയർത്തിയ മോണോ റയിൽ ഫ്ലൈ ഓവർ എന്ന സാധ്യത ഒരിക്കലും മാറ്റാൻ പറ്റാത്ത രീതിയിൽ പൂർണമായും അടയ്ക്കുകയാണ്.  റോഡു ഗതാഗതത്തിനു പകരം വയ്ക്കാൻ മോണോ റയിൽ കഴിയില്ല. മോണോ റയിലിന് കുറച്ചു യാത്രക്കാരെ മാത്രമേ വഹിക്കാൻ കഴിവുള്ളൂ. മോണോ റയിൽ വരുന്നതോടു കൂടി ആളുകൾ പൂർണമായും  നിരത്തിൽ നിന്നും അങ്ങോട്ടേക്ക് മാറും എന്ന് പറയുന്നത് തെറ്റാണ്. റോഡു ഗതാഗതത്തിനെ സഹായിക്കുന്ന ഒരു റോൾ മാത്രമാണ് അതിനുള്ളത്. അങ്ങിനെയിരിക്കെ റോഡു വികസനം പൂർണമായും നശിപ്പിച്ചു കൊണ്ടുള്ള മോണോ റയിൽ നഗരത്തിന് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. നിരത്തിൽ   ഗതാഗത കുരുക്ക് വർധിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്യും.

2006 ൽ ശ്രീ ശ്രീധരന്റെ നേതൃത്വത്തിൽ ഉള്ള  ഡൽഹി മെട്രോ റയിൽ കോർപറേഷൻ തിരുവനന്തപുരത്ത് ഒരു സർവേ നടത്തിയിരുന്നു. ഏറ്റവും തിരക്കേറിയ സമയത്തുള്ള ഗതാഗതം ( പീക്ക് അവർ പീക്ക് ഡയറക്ഷൻ ട്രിപ്പ്‌സ്) വർഷങ്ങൾക്കു ശേഷം 2030 ൽ പോലും 8000 ത്തിനു താഴെ ആയിരിക്കുമെന്നും 20,000 വരെ കൈകാര്യം ചെയ്യാൻ ബസ് ലൈൻ മതിയാകും എന്നും അതിനാൽ തിരുവനന്തപുരത്ത് ട്രെയിൻ ആവശ്യമില്ല എന്നും പറയുകയുണ്ടായി.  മുഖ്യ മന്ത്രി  വി.എസ. അച്യുതാനന്ദന് ആണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. അതിനു ശേഷം നാറ്റ്പാക് ആണ് മോണോ റയിൽ പദ്ധതി തിരുവനന്തപുരം നഗരത്തിന് അനുയോജ്യമാണെന്ന റിപ്പോർട്ട് നൽകിയത്.

വർദ്ധിച്ചു വരുന്ന ഗതാഗതത്തിന് ഇതൊരു പരിഹാരമേ അല്ല. നിരത്തിലെ വികസനത്തിന്‌ പരി  പൂരിതമായ അവസ്ഥ വന്നാൽ മാതമേ ഇത്തരം മാർഗങ്ങൾക്ക് പ്രസക്തി ഉണ്ടാകുന്നുള്ളൂ. മോണോ റയിൽ പോകുന്ന പ്രധാന കവലകൾ നോക്കാം. കഴക്കൂട്ടം, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂർ, , കേശവദാസപുരം, പ്ലാമൂട്,പി .എം.ജി. ഓവർ ബ്രിഡ്ജ്, കരമന, കിള്ളിപ്പാലം പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങൾ    എല്ലാം നാല് റോഡുകൾ സംഗമിക്കുന്ന കവലകൾ ആണ്. അവിടെയെല്ലാം  ഇപ്പോൾ തന്നെ വലിയ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെടുന്നത്. ചില സമയങ്ങളിൽ, പ്രത്യകിച്ചും  രാവിലെ പള്ളിക്കൂടത്തിലെക്കുള്ള വിദ്യാർഥികളുടെ യാത്ര കൂടി ആകുമ്പോൾ, ഉള്ളൂർ നിന്നും ശ്രീകാര്യം കടന്ന് കഴക്കൂട്ടം വരെ 7 കിലോ മീറ്റർ എത്താൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും. കരമന- ബാലരാമപുരം ഇതിലും ഭയങ്കരവും ദുരിത പൂർണവുമാണ്.  ഈ നാൽക്കവലകളിൽ ഒരു ഭാഗത്ത്‌ നിന്നും വരുന്ന ഗതാഗതം നിർത്തി വച്ച് വേണം മറ്റു റോഡിൽ നിന്നുമുള്ള ഗതാഗതം അനുവദിക്കാൻ. അപ്പോഴാണ്‌  ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. ഇതിനൊരു പരിഹാരമാണോ മോണോ റയിൽ?  അല്ല. മോണോ റയിൽ വരുന്നത് കൊണ്ട് ഇതിന് ഒരു  വ്യത്യാസവും  വരാൻ പോകുന്നില്ല.  അപ്പോൾ  ഗതാഗത കുരുക്ക് ദിനം പ്രതി വർദ്ധിക്കുകയും, എം.സി. റോഡു കൂടി വന്നു ചേരുന്ന   നാഷണൽ ഹൈവേ 47  പോലെ വളരെ  പ്രധാനപ്പെട്ട പാതയിൽ ഫ്ലൈ ഓവർ എന്ന  ഒരേ ഒരു  രക്ഷാ മാർഗം  മോണോ റയിൽ കൊണ്ട് നാം എന്നെന്നേക്കുമായി അടയ്ക്കുകയാണ്.

എൻ .എച്ചിൽ  ആവശ്യമുള്ളിടത്ത് ഫ്ലൈ ഓവറുകൾ പണിഞ്ഞാൽ  ഇവിടത്തെ ഗതാഗത കുരുക്കും പരിഹരിക്കാം. ഇപ്പോൾ ഉദ്ദേശിക്കുന്ന മോണോ റയിലിന്റെ ഗതി മാറ്റുകയാണ് വേണ്ടത്. ശ്രീകാര്യം മുതൽ കഴക്കൂട്ടം വഴി ബൈപ്പാസിനു മുകളിലൂടെ  മോണോ റയിൽ ആകാം. പള്ളിപ്പുറത്തു നിന്ന് നഗരത്തിലേക്ക്  തുടങ്ങാനിരുന്ന മെട്രോ റയിൽ പണം ഇല്ലാത്തതിനാൽ ആണ്ഒഴിവാക്കിയത്  എന്ന് ഓർക്കണം.പോത്തൻ കോട്, പൌടിക്കോണം   ഭാഗത്ത്‌ നിന്നും ശ്രീകാര്യത്ത്  എത്തുന്നവർക്കും, ടെക്നോപാർക്കിൽ   ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ആൾക്കാർക്കും ബൈപ്പാസ്  മോണോ റയിൽ വളരെ പ്രയോജനം ആകും. എൻ.എച്.47 ലെ തിരക്ക് കുറയും.  ബൈപ്പാസിന്റെ നാല് വരിപ്പാത നിർമ്മാണം ഉടൻ തുടങ്ങുകയുമാണ്‌.  (തുടങ്ങുമോ ആവോ ? കാരണം കഴിഞ്ഞ 20 വർഷമായി  റോഡിനായി സർക്കാർ സ്ഥലം എടുത്തിട്ടിരിക്കുകയാണ്) അതിനൊപ്പം   മോണോ റയിലിന്റെ പണി കൂടെ നടത്താം. നാൽക്കവലകളിൽ മറ്റു റോഡുകൾക്ക് അടിപ്പാതയും ഇതിനോടൊപ്പം പണിയണം.

ഇത്തരം കാര്യങ്ങൾ  ഉദ്യോഗസ്ഥ തലത്തിൽ തീരുമാനം എടുക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. സർക്കാർ ഉദ്യോഗസ്ഥരുടെ മുരടിച്ച മാനസിക നില നമുക്ക് അറിയാമല്ലോ. നിലവിലുള്ള ഒരു റോഡു ഇല്ലാതാക്കി   ഒരു അടിപ്പാത (പാളയം) നിർമിച്ച പാരമ്പര്യമാണ്   നമ്മടെ സർക്കാരിന് ഉള്ളത്.  വിദഗ്ദ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം തേടാറില്ല. നാറ്റ്പാക് വിദഗ്ദ്ധരുടെ സ്ഥാപനം ആണെന്ന് പറയുന്നുണ്ടെങ്കിലും വലിയ വൈദഗ്ദ്ധ്യം   ഒന്നും കാണിക്കാതെ  അത് മറ്റൊരു സാധാരണ ഒരു സർക്കാർ  ഓഫീസ് പോലെയാണ്.  ദീർഘ വീക്ഷണം ഇല്ലാത്ത മന്ത്രിമാർക്കാകട്ടെ  പദ്ധതി അടങ്കൽ തുകയാണ് ഒരേ ഒരു മാനദണ്ഡം. 

2014, ജൂൺ 2, തിങ്കളാഴ്‌ച

നഷ്ടത്തിൽ ഓടുന്ന KSRTC

കെ.എസ്.ആർ.ടി.സി. എന്നും നഷ്ട്ടത്തിലാണ്. ഈ നഷ്ട്ടത്തിനിടയിൽ ആണ് ഗതാഗത മന്ത്രിയുടെ വക ഒരു പ്രഹരം കൂടി നൽകിയത്. 35 ലക്ഷം രൂപയുടെ ഒരു ബാധ്യത. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് ആണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇത്രയും ഭീമമായ് തുക ചിലവഴിച്ചത്. പണി തീരാത്ത ബസ് സ്റ്റാൻഡ് തെരഞ്ഞെടുപ്പിന് മുൻപേ ഉദ്ഘാടനം നടത്തുക ആയിരുന്നു അവർ. അതിൻറെ ക്രെഡിറ്റ്‌ കൂടി എടുത്ത് തെരഞ്ഞെടുപ്പിൽ തങ്ങൾ ചെയ്ത കാര്യങ്ങളുടെ വലിപ്പം കൂട്ടിക്കാണിക്കാൻ വേണ്ടിയായിരുന്നു പണി തീരും  മുമ്പേ ഫെബ്രുവരി 13 നു വലിയ ആർഭാടം ആയി  ഉദ്ഘാടന കർമം നിർവഹിച്ചത്.  ഇതാ നാല് മാസമായി ഇപ്പോഴും പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി   പൂർത്തിയാക്കാൻ കഴിയാതെ ദുരിതവും പേറി നിൽക്കുന്നു തമ്പാനൂർ ബസ് സ്റ്റാൻഡ്. 12 ലക്ഷം രൂപ അന്നത്തെ ഉദ്ഘാടന മാമാങ്ക ചടങ്ങിന് ചിലവാക്കി. 22 ലക്ഷം രൂപയോ പരസ്യത്തിന്. വെളുക്കെ ചിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചിയൂരിന്റെയും പടങ്ങൾ  പത്രങ്ങൾ ആയ പത്രങ്ങളിലെല്ലാം  മുഴുവൻ പേജിൽ നിറഞ്ഞു നിന്നത് കണ്ട് ജനം കോൾമയിര്   കൊണ്ടില്ലേ? അത് മതി മന്ത്രിമാർക്ക്.

കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ ഓടുന്നതിന്റെ കാരണം അന്വേഷിച്ചു മറ്റെങ്ങും പോകേണ്ട കാര്യമില്ലല്ലോ. കാട്ടിലെ തടി തേവരുടെ ആന എന്ന രീതിയിൽ ആണ് മുകളിൽ മന്ത്രി തൊട്ട് താഴെ അറ്റം വരെയുള്ളവരുടെ മനോഭാവം. കേരളത്തിലെ പ്രധാന റൂട്ടുകളെല്ലാം ദേശസാൽകൃത മാക്കി കെ.എസ്.ആർ.ടി.സി മാത്രമാണ് അവിടങ്ങളിൽ ഓടുന്നത്. എന്നിട്ടും അവർ നഷ്ട്ടത്തിലാണ് എന്ന സ്ഥിരം പല്ലവി ആണ് നാം കേൾക്കുന്നത്. ഒരു ബസിൽ തുടങ്ങുന്ന സ്വകാര്യ വ്യക്തികൾ ഒന്നോ രണ്ടോ വർഷത്തിനകം അഞ്ചും പത്തും ബസ്സുകൾ ആണ് വാങ്ങുന്നത്. എക്സ്പ്രസ്സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് തുടങ്ങിയ ബസ്സുകൾ നിറച്ചു ഓടുന്ന കെ.എസ്.ആർ.ടി.സി ആകട്ടെ  നഷ്ടത്തിലും.  ബസ് വാങ്ങുമ്പോൾ തൊട്ടു തുടങ്ങുന്ന അഴിമതി സ്പെയർ പാർട്സ് വാങ്ങലിലൂടെ, റൂട്ടുകളും, ഷെഡ്യൂളുകളും തയാറാക്കുന്നതിൽ വരെ നീളും. അടി മുടി അഴിമതി.  സ്വകാര്യ ബസുകാരെ സഹായിക്കുന്ന തരത്തിൽ ആണ് സർക്കാർ ബസ്സുകളുടെ  ഷെഡ്യൂൾ. മന്ത്രി വരെ അത് കണ്ടില്ല എന്ന് നടിക്കുന്നു. നഷ്ട്ടത്തിനു ആരും ഉത്തരവാദികൾ അല്ല. അതിൻറെ കാരണവും കണ്ടെത്താറില്ല. പിന്നെ രാഷ്ട്രീയ, ട്രേഡ് യൂണിയൻ അതിപ്രസരം. ഇതിനൊരു പരിഹാരം ഇല്ലേ? ആഭ്യന്തരം എന്ന ഭാരിച്ച ചുമതല വഹിച്ച മന്ത്രി ആണിപ്പോൾ ഭാരം കുറഞ്ഞ കെ.എസ്.ആർ.ടി.സി വകുപ്പിൻറെ ചുമതല വഹിക്കുന്നത്.  ആഭ്യന്തരം പോലെ , കേസ് അന്വേഷണം പോലെ ഇവിടെ ഐ. ഗ്രൂപ്പിന്റെയോ   മാർക്സിസ്റ്റ് പാർട്ടിയുടെയോ ഇടപടൽ ഉണ്ടാകുകയില്ല എന്നതിനാൽ.  പേടിക്കാതെ,  പ്രസ്താവന നടത്തി സമയം കളയാതെ മന്ത്രിക്കു ഭരിക്കാം. എന്നിട്ടും അതിനു കഴിയുന്നില്ല എന്നത് കേരളത്തിൻറെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാൻ. കേന്ദ്രത്തിൽ കണ്ടില്ലേ പത്തു ദിവസത്തിനകം കാര്യങ്ങൾ തീരുമാനമാക്കാൻ മന്തിമാർക്കു മോദി നിർദേശം കൊടുത്തത്. അത് പോലെ കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കാൻ  സമയ ബന്ധിതമായ  ഒരു പദ്ധതി ഗതാഗത മന്ത്രി  ആസൂത്രണം ചെയ്യുക. മൂന്ന് വർഷം കഴിഞ്ഞ് ഇറങ്ങിപ്പോയതിന് ശേഷം  ജനങ്ങൾ ഓർമിക്കുന്നത്‌ , ടി.പി. വധക്കേസിലെ ഒത്തു തീർപ്പിന്റെ പേരിലോ, അതിൽ  ഇറക്കിയ പാട്ടു പുസ്തകത്തിൻറെ പേരിലോ, ശാലു മേനോൻറെ പാല് കാച്ചിന്റെ പേരിലോ ആകാതെ ഇരിക്കട്ടെ.