2016, ഫെബ്രുവരി 27, ശനിയാഴ്‌ച

ചോക്കലേറ്റ്




കണ്ടല്ലോ ഈ രണ്ടു സാധനങ്ങൾ. നമ്മളും നമ്മുടെ കുട്ടികളും സന്തോഷമായി വാങ്ങി ഗമയോടെ ( ഗമ സായിപ്പിന്റെ ബ്രാൻഡ് ആയതു കൊണ്ട്) കഴിക്കുന്ന ചോക്കളേറ്റ് മുട്ടായി. 

അമേരിക്കൻ ചോക്കലേറ്റ്   ഭീമനായ മാർസ്  ഇതാ ഈ രണ്ടു ബ്രാൻഡുകളും പിൻ വലിച്ചിരിക്കുന്നു. സ്നിക്കെർസ് ഉം മാർസ് ഉം.  ജർമനിയിൽ ഈ ജാനുവരി 8 നു വാങ്ങിയ ഒരു   സ്നിക്കെർസിൽ ഒരു ചുവന്ന പ്ലാസ്റ്റിക് കഷണം കണ്ടതിനാലാണ് ഇത് പിൻ വലിക്കുന്നത് എന്ന് കമ്പനി പറയുന്നു.  ഏതായാലും ലക്ഷക്കണക്കിന്‌ ചോക്കലേറ്റ് ആണ് പിൻ വലിച്ചത്.  നെതർലാണ്ടിൽ ഉണ്ടാക്കിയ മുട്ടായി ആണ് പ്രശ്നം എന്നാണ് അവർ പറയുന്നത്. 56 രാജ്യങ്ങളിൽ നിന്നും പിൻ  വലിച്ചു . അതെല്ലാം യുറോപ്യൻ രാജ്യങ്ങൾ.  ഇങ്ങോട്ട് വന്നിട്ട്  ഏഷ്യയിലെ വിയറ്റ്നാമും ശ്രീലങ്കയും. ഇന്ത്യ ഇല്ല. നമ്മൾ ഇപ്പോഴും സുഖമായി അത് കഴിക്കുന്നു.

അല്ലെങ്കിലും ഇന്ത്യാക്കാർക്ക് അൽപ്പം പ്ലാസ്റ്റിക്ക് കൂടി കഴിച്ചു എന്ന് വച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല.  പണ്ട് പുഴുത്ത ഗോതമ്പ് P L 480 എന്ന് പറഞ്ഞു തന്നിട്ട് നമ്മുടെ കുട്ടികളൊക്കെ കഴിച്ചിട്ടും ഒന്നും സംഭവിച്ചില്ലല്ലോ. അത് പോലെ കേടായ elisa ടെസ്റ്റ്‌ കിറ്റ് നമുക്ക് തന്നിട്ട് നമ്മൾ HI V ഒക്കെ കണ്ടു പിടിച്ചല്ലോ. അപ്പോൾ ഇന്ത്യയ്ക്ക് അതൊക്കെ മതി.

ചുവന്ന പ്ലാസ്റ്റിക് എന്ന് കമ്പനി പറയുന്നതാണ്. സത്യം അതാണോ? മറ്റു ഗുരുതരമായ എന്തെങ്കിലും ആണോ ഉണ്ടായിരുന്നത്? അതിനാണ് സാധ്യത.

അതൊക്കെ പോട്ടെ. നമ്മൾ ഇത് കഴിക്കുന്നത്‌ നിർത്തുകയൊന്നും വേണ്ട. വാങ്ങി കഴിച്ചോളൂ. 3 ലക്ഷം കോടിയുടെ വിറ്റു വരവുള്ള ഒരു പാവം കമ്പനി ആണ്. 2014 അവസാനം വരെയുള്ള നെറ്റ് സെയിൽസ് 33 ബില്ലിയൻ ഡോളർ ആയിരുന്നു. അവര് നഷ്ട്ടത്തിൽ ആകരുതല്ലോ.

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ബേബി ക്യാൻസർ പൌഡർ

Image result for johnson baby powder images


ജോൺസൺ & ജോൺസൺ ബേബി പൌഡർ ഉപയോഗിച്ച് ക്യാൻസർ വന്നു മരിച്ചു.   ആ സ്ത്രീയുടെ കുടുംബത്തിനു    72 ദശലക്ഷം ഡോളർ  (495 കോടി രൂപ)  കമ്പനി നഷ്ട്ടം കൊടുക്കാൻ അമേരിക്കൻ കോടതി വിധിച്ചിരിക്കുന്നു.

വർഷങ്ങളായി  ജോൺസൺ ബേബി പൌഡറും അവരുടെ തന്നെ "ഷവർ റ്റു ഷവർ" പൌഡറും ഉപയോഗിച്ച ജാക്വലിൻ ഫോക്സ്  ഓവറി യിൽ (അണ്ഡാശയം)    ക്യാൻസർ വന്നു മരിക്കുകയായിരുന്നു. അവരുടെ സ്വകാര്യ ഭാഗങ്ങൾ ശുചിയായി സൂക്ഷിക്കാൻ ഏതാണ്ട് 35 വർഷങ്ങളോളം  ഈ രണ്ടു പൌഡറുകളും ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്.ഇക്കഴിഞ്ഞ ഒക്ടോബറിൽ 62 വയസ്സിൽ ആണ് അവർ മരിച്ചത്.

 അമേരിക്കയിലെ മിസ്സൌറി കോടതിയിൽ 1000 ത്തോളം കേസുകളും ന്യൂ ജേർസി കോടതിയിൽ 200 ഓളം കേസുകളും  ജോൺസൺ & ജോൺസൺ കമ്പനിയ്ക്ക് എതിരെ നിലവിലുണ്ട്.

പണ്ട് കാലത്ത് കുഞ്ഞു ജനിച്ചാൽ ഇഞ്ചയും പയറ് പൊടിയും വാക പ്പൊടിയും മറ്റും തേച്ച് ആണ് കുളിപ്പിച്ചിരുന്നത്. അതൊക്കെ പതിയെ മാറി. എല്ലാവരും ബേബി സോപ്പിലോട്ടു മാറി. അതും ജോൺസൺ ബേബി. അത് കഴിഞ്ഞു ദേഹത്തിടാൻ  ജോൺസൺ ബേബി പൌഡർ. അർദ്ധ പട്ടിണിക്കാരനും കുഞ്ഞുങ്ങൾക്ക്‌  ജോൺസൺ ബേബി പൌഡറെ ഇടൂ. കുഞ്ഞിനെ കാണാൻ പോകുന്നവരും ജോൺസൺ ബേബി പൌഡർ കൊണ്ട് കൊടുക്കും. ഇതൊക്കെ കണ്ട് കമ്പനി കുറെ സാധനങ്ങൾ കൂടി ഇറക്കി.ബേബി ഓയിൽ, ബേബി ലോഷൻ,  ബേബി ക്രീം, ബേബി ഷാമ്പൂ ( കൊച്ചു കുഞ്ഞിനു ഷാമ്പൂവേ!). പിന്നെ ഇതൊക്കെ ഒരു  പാക്കറ്റിലാക്കി "ഗിഫ്റ്റ് പാക്കെറ്റ്" ആക്കി. അങ്ങിനെയും വിൽപ്പന കൂട്ടി.  

 നല്ല വെളുത്ത സായിപ്പ് കുഞ്ഞുങ്ങളെ പരസ്യത്തിൽ കാണിച്ചു. അത് പോലെ നമ്മുടെ കറുത്ത കുഞ്ഞുങ്ങളും വെളുത്തു തുടുക്കും  എന്ന ആഗ്രഹത്തിൽ   നമ്മളും കൊച്ചുങ്ങളുടെ ദേഹം മുഴുവൻ വാരി പൂശി.അല്ലെങ്കിലും സായിപ്പിന്റെ സാധനം ആണല്ലോ നമുക്ക് എന്നും വിശേഷം. അതിനെയാണല്ലോ നാം എന്നും പാടി പുകഴ്ത്തുന്നത്. അമേരിക്കക്കാരൻ കഴിക്കാത്ത എന്ത് പുഴുത്ത സാധനം അവിടന്ന്  വന്നാലും വാങ്ങി തിന്ന് "ഹാ നല്ല ടെയിസ്റ്റ് "  എന്ന് പറയും. KFC, Mc Donald അങ്ങിനെ പലതും.

ഈ നഷ്ട്ടം 495 കോടി രൂപ, കിട്ടിയത് അങ്ങ് അമേരിക്കയിൽ. ഇവിടെ ഇങ്ങിനെ സംഭവിച്ചാൽ ഒരു പുല്ലും കിട്ടില്ല. നമ്മുടെ സർക്കാർ തന്നെ അതിനെതിരെ, കമ്പനിയ്ക്ക് അനുകൂലമായി പ്രവർത്തിക്കും. യുണിയൻ കാർബൈഡ് കേസിൽ നമ്മൾ കണ്ടതാണല്ലോ. വിഷ വാതകം ശ്വസിച്ചു മരിച്ചവർക്കും മൃത പ്രായമായവർക്കും ചില്ലിക്കാശു കൊടുത്തു കേന്ദ്ര  സർക്കാർ  കമ്പനിയെ സഹായിച്ചത്. അതിന്റെ മേധാവിയെ ഇവിടന്നു വിമാനത്തിൽ കയറ്റി അയച്ചു രക്ഷിച്ചത്‌.

അത് കൊണ്ട് ഈ വൃത്തി കെട്ട സാധനങ്ങൾ വാങ്ങി ഉപയോഗിച്ച് ക്യാൻസർ വരാതെ നമ്മൾ തന്നെ സൂക്ഷിക്കണം.

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

അയോഗ്യ പയലുകൾ

കോടതികൾ ഇല്ലായിരുന്നുവെങ്കിൽ ഈ രാഷ്ട്രീയക്കാർ എല്ലാവരും കൂടി ജനങ്ങളെ കൊന്നു കൊല വിളിച്ചേനെ. അഴിമതിയും മറ്റും കൂടി വന്നപ്പോഴാണ് കോടതികൾ കൂടുതൽ ശക്തമായതും ധീരമായ വിധി പ്രസ്താവങ്ങൾ നടത്തിയതും.  

കേരളത്തിലെ വിദ്യാഭ്യാസം അക്ഷര വൈരികളായ മുസ്ലിം ലീഗിന്റെ കയ്യിൽ ഏൽപ്പിച്ച്  കഴിഞ്ഞ അഞ്ചു വർഷം ജനങ്ങളും പുതു തലമുറയും അനുഭവിക്കുക ആയിരുന്നു. വെറും പണം, അത് മാത്രമായിരുന്നു മന്ത്രിയുടെയും പാർട്ടിയുടെയും ലക്ഷ്യം. കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം ആയിരുന്നു ഒരു വിഷയം. രാഷ്ട്രീയ നേതാക്കളുടെ, ലീഗ് നേതാക്കളുടെ കാല് നക്കാൻ തയ്യാറുള്ളവരെ, അല്ലെങ്കിൽ കാശു കൊടുക്കാൻ തയ്യാരായവരെ  യാതൊരു മാനദണ്ഡവും ഇല്ലാതെ കോളേജ് പ്രിസിപ്പൽ ആക്കി. യു.ജി.സി. സ്കെയിലിൽ ശമ്പളവും വാങ്ങി ഈ അയോഗ്യർ വിലസി. 

2010 ജൂൺ 30 നു യു.ജി.സി. പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്  പ്രിൻസിപ്പൽ നിയമനത്തിന് പി.എച്ച്.ഡി., ബിരുദാനന്തര  ബിരുദത്തിനു   55 ശതമാനം മാർക്ക്, 15 വർഷത്തെ പ്രവർത്തി പരിചയം ഉള്ള അസോസിയേറ്റ് പ്രൊഫസ്സർ / പ്രൊഫസ്സർ പദവിയിൽ ഉള്ളവർ ഇങ്ങിനെ കുറെ യോഗ്യതകൾ ആണ് മാനദണ്ഡം ആയി പ്രിൻസിപ്പൽ ആകാൻ  യു.ജി.സി.  നിശ്ചയിച്ചത്. യു.ജി.സി നിബന്ധനകൾ കേരള സർക്കാർ 2010 സെപ്റ്റംബർ 18 നു കേരള സർക്കാർ അംഗീകരിച്ചു. പക്ഷെ ഇതൊക്കെ ധിക്കരിച്ചു ആയിരുന്നു നിയമനങ്ങൾ. അതിനു സർക്കാർ ഒരു കുരുട്ടു ബുദ്ധി പ്രയോഗിച്ചു.  യു.ജി.സി. അനുസരിച്ച് സർവകലാശാല നിയമം ഭേദഗതി ചെയ്തില്ല. ആ ലൂപ് ഹോൾ ഉപയോഗിച്ച് അയോഗ്യരെ പ്രിൻസിപ്പൽ ആയി നിയമിച്ചു കൊണ്ടിരുന്നു.കാശും വാങ്ങി ക്കൊണ്ടിരുന്നു.

അപ്പോഴാണ്‌ ഹൈക്കോടതി ഇടപെടുന്നത്. സുപ്രധാനമായ ഒരു വിധിയിലൂടെ സർക്കാർ ഉപയോഗിച്ച് കൊണ്ടിരുന്ന ലൂപ് ഹോൾ അങ്ങ് അടച്ചു. കേരള  സർക്കാർ യു.ജി.സി. അംഗീകരിച്ചത് കൊണ്ട്  കേരളത്തിലെ എല്ലാ സർവകലാശാല കൾക്കും  അത് ബാധകമാണ് എന്ന് കോടതി ഉത്തരവിട്ടു.  ഹൈക്കോടതി ഫുൾ ബെഞ്ച്‌ ആണ് ഈ വിധി പ്രസ്താവിച്ചത്. അതോടെ അയോഗ്യ പ്രിൻസിപ്പാൾ മാർ  പലരും വരും ദിവസങ്ങളിൽ  പുറത്താകും. ലീഗിന്റെ കളി അവസാനിച്ചു. 

ഇതേ യു.ജി.സി.  നിർദ്ദേശങ്ങൾ ( വകുപ്പ് 7.1 .0. & 7.3.) അനുസരിച്ച് പ്രൊ. വൈസ് ചാൻസലർക്കും (പ്രൊഫസ്സർ ആയിരിക്കണം), വൈസ് ചാൻസലർക്കും ( 10 വർഷം പ്രൊഫസ്സർ)    യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോൾ അയോഗ്യരായ  സ്വന്തക്കാരെ ഇവിടെയൊക്കെ സർക്കാർ തള്ളിക്കയറ്റിയിട്ടുണ്ട്. അതും ഉടൻ കോടതിയിൽ പോകും പ്രശ്നമാകും എന്ന് തന്നെ കരുതാം. 

2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

രാജ്യ ദ്രോഹികൾ

ഇഷരത്  ജഹാൻ പാകിസ്ഥാൻ നിയോഗിച്ച ഒരു ഭീകര പ്രവർത്തക,ഒരു ചാവേർ ആയിരുന്നു  എന്ന് സഹ ഭീകരൻ ഡേവിഡ് ഹെഡ് ലി  ആവർത്തിച്ചു  പറഞ്ഞിട്ടും അത് സ്വീകരിക്കാൻ വിമുഖതയാണ്‌ ഭരണത്തിൽ ഇരുന്ന കോൺഗ്രസ്സിനും അവരുടെ കൂട്ടാളികൾക്കും.    മുംബൈ ആക്രമണത്തിലെ പിടിയിലായ  ഭീകരവാദി  ഹെഡ് ലി കുറ്റ സമ്മതം നടത്തിയിട്ടു പോലും  ഇഷരത് ജഹാനെ ആരാധിക്കുന്ന,  അവർക്ക് വേണ്ടി വക്കാലത്ത് പറയുന്ന ഒരു കൂട്ടം ആളുകൾ ഭാരതത്തിൽ ഉണ്ട് എന്ന സത്യം ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സമാധാനം കാംക്ഷിക്കുന്ന ജനങ്ങൾക്കും രാജ്യ സ്നേഹികൾക്കും  ഒരു വലിയ ഭീഷണി ആയി നിൽക്കുന്നു.

ഭാരതം നശിപ്പിക്കാനായി പ്രതിജ്ഞ എടുത്തതാണ് നമ്മുടെ  അയൽ രാജ്യം.   ഇന്ത്യയ്ക്കെതിരെ  നിരന്തരം   ആക്രമണം നടത്തുകയും അതിർത്തിയിൽ എപ്പോഴും സംഘർഷം സൃഷ്ട്ടിക്കുകയും   ചെയ്യുന്ന  പാകിസ്ഥാൻ  സ്വന്തം ഭീകര സംഘടനകളെ വളർത്തുകയും അവരെ ഉപയോഗിച്ച് ഭാരതത്തിൽ ഇടയ്ക്കിടെ ആക്രമണം നടത്തുകയും നമ്മുടെ നാടിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങിനെ ഭാരതത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധംചെയ്യുന്ന ശത്രു രാജ്യത്തിന്റെ സ്വന്തം ഭീകര സംഘടനകളെയും  രാജ്യത്തെ ആക്രമിച്ചവരെയും   ആദരിക്കുകയും അവരോടു  മാനസികമായി ഐക്യ ദാർഡ്യം പ്രകടിപ്പിക്കുന്ന   കുറെ ആളുകൾ  ഭാരതത്തിൽ ഉണ്ട് എന്ന വസ്തുത നമുക്ക് അപമാനകരം ആണ്.

ഭാരതത്തിൽ ജീവിച്ചു കൊണ്ട് നാടിനെതിരെ പ്രവർത്തിക്കുന്ന അവരാണ് അയലത്തെ ശത്രു   രാജ്യത്തിനെക്കാൾ നമ്മുടെ   നാടിനു ആപത്ത് എന്ന് കൂടി നാം മനസ്സിലാക്കേണ്ടി ഇരിക്കുന്നു. മുഖ്യ ധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിൽ ചേരുന്നു എന്നത് ഗൌരവം വർധിപ്പിക്കുന്നു.

2004 ജൂൺ 15 അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള കോട്ടാർപുർ വാട്ടർ വർക്സ് ലേയ്ക്കുള്ള റോഡിൽ വച്ച് 4 പേർ പോലീസിന്റെ വെടിയേറ്റ്‌ കൊല്ലപ്പെടുന്നു. ഇഷരത്  ജഹാൻ, ജാവേദ് ഷെയിക്ക്, സീഷൻ ജോഹർ, അംജത് അലി റാണ. ഇതിന്റെ തുടക്കം 2004 ഫെബ്രുവരിയിൽ ആണ്. കാശ്മീരിലെ പൂഞ്ച് മേഖലയിൽ കാശ്മീർ പോലീസ്  വെടി  വച്ചു കൊന്ന ലഷ്കർ ഭീകരനായ എഹ്സാൻ ഇല്ലാഹി യുടെ കയ്യിൽ നിന്നും കിട്ടിയ കത്ത് ആണ് .

പക്ഷെ ഈ സംഭവം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി,സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി   ഭരണത്തിൽ ഇരുന്ന  മൻ മോഹൻ സിംഗ് സർക്കാർ ഉപയോഗിച്ചു എന്നതാണ് ദുഃഖ സത്യം. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും  ഇതൊരു വ്യാജ ഏറ്റുമുട്ടൽ ആണെന്ന് വരുത്തി ത്തീർക്കാൻ കേന്ദ്ര സർക്കാർ കരുനീക്കങ്ങൾ നടത്തി. അതിനായി സി.ബി. ഐ യെ രംഗത്തിറക്കി. സി.ബി. ഐ ആകട്ടെ ഈ ഭീകരാക്രമണ കഥ    ഐ.ബി. (ഇന്റലിജൻസ് ബ്യുറോ) കെട്ടിച്ചമച്ചതാണ്  എന്ന് വരുത്തിത്തീർത്ത്,  അവർക്കെതിരെ   പ്രോസിക്ക്യുഷൻ നടപടികളുമായി നീങ്ങി.

  2016 ഫെബ്രുവരി 11 ന് മുംബൈ കോടതി പ്രത്യേക ജഡ്ജി യുടെ മുന്നിൽ നൽകിയ മൊഴിയിൽ   ഡേവിഡ് ഹെഡ് ലി വീണ്ടും അതെ കുറ്റ സമ്മതം തന്നെ നടത്തി. ഇഷ്രത് ജഹാൻ   Le T യുടെ അംഗം ആയിരുന്നുവെന്നും, അക്ഷർദാം ക്ഷേത്രം, സോമനാഥ ക്ഷേത്രം, സിദ്ദി വിനായക ക്ഷേത്രം എന്നിവ ആക്രമിക്കാൻ  Le T  പരിപാടി ഇട്ടിരുന്നുവെന്നും  ഹെഡ് ലി വെളിപ്പെടുത്തി.

 ഹെഡ് ലിയുടെ മൊഴി വന്നതോടെ യു.പി.എ. സർക്കാരിന്റെ മുഖം മൂടി അഴിഞ്ഞു വീണു.  

എന്തിനാണ് യു.പി.എ. സർക്കാർ ഇത്തരത്തിൽ ഒരു വ്യാജ പ്രചരണം നടത്തിയതും അതിനു വേണ്ടി സർക്കാർ മെഷീനറി മുഴുവൻ ദുരുപയോഗം ചെയ്തതും?   മറ്റൊന്നിനുമല്ല, 2004 ലെ ഗുജറാത്ത് ഭരണ കൂടത്തെ കളങ്കിത മാക്കാൻ  വേണ്ടി മാത്രമാണ് യു.പി.എ ഇത്തരമൊരു ഗൂഡാലോചന നടത്തിയത്. അതിനു വേണ്ടിയാണ്   ഇത്തരമൊരു 'വ്യാജ ഏറ്റുമുട്ടൽ'  തിയറി കെട്ടിച്ചമച്ചത്. ഗുജറാത്ത് സർക്കാർ കൂടുതൽ ജനപ്രിയമാകുന്നത് നിയന്ത്രിക്കാനും അവിടത്തെ ജന സമ്മിതിയുള്ള  ഭരണാധികാരി ദേശീയ രാഷ്ട്രീയത്തിൽ  കടന്നു ചെല്ലുന്നതിനു തടയിടാനും വേണ്ടിയായിരുന്നു ഇതെന്ന് പറയാം.

പക്ഷേ അതിനുമൊക്കെ അപ്പുറം വലിയ മാനങ്ങൾ ഈ 'വ്യാജ ഏറ്റുമുട്ടൽ'  ഗൂഡാലോചനയ്ക്ക് ഉണ്ടായി. ഒരു രാഷ്ട്രീയ പാർട്ടിയെ തേജോവധം ചെയ്യാൻ വേണ്ടി വലിയൊരു ദ്രോഹമാണ് മൻ മോഹൻ സർക്കാർ  രാഷ്ട്രത്തോട്‌ കാട്ടിയത്. ഭീകരാക്രമണത്തെ തള്ളി പ്പറയുന്നതിനു പകരം അതിനെ  വെള്ള പൂശുകയാണ്  അവർ ചെയ്തത്. ഭീകരവാദികൾക്ക് പ്രോത്സാഹനം നൽകുകയാണ് അവർ ചെയ്തത്. ഭരണാധികാരികൾ ഇങ്ങിനെ ചെയ്തത് ഭീകരർക്ക്‌ ഒരു പ്രചോദനമായി എന്ന് പറയുന്നതിലും തെറ്റില്ല.

 ഭാരതത്തിനെതിരെ  ഭീകരാക്രമണം നടത്തിയാലും ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ അതിനെ എതിർക്കാനായി പോലും ഒന്നിച്ചു നിൽക്കില്ല  എന്നൊരു സന്ദേശം കൂടി ഭീകരർക്കും അത് വഴി  ശത്രു രാജ്യത്തിനും നൽകുകയായിരുന്നു യു.പി.എ. സർക്കാർ. 

ഇതിലൊക്കെ ഗുരുതരമായ മറ്റൊരു കാര്യം കൂടി ഉണ്ടായി. വ്യാജ ഏറ്റുമുട്ടൽ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനനിടെ ഭീകരരുടെ ബന്ധങ്ങളും ഭാവി പരിപാടികളും മറ്റും അന്വേഷിക്കാൻ നമ്മുടെ ഏജൻസികൾക്ക്  കഴിയാതെ പോയി. അന്വേഷണ ഉദ്യോഗസ്ഥരെ മുൾ മുനയിൽ നിർത്തി കുറ്റ വാളികൾ എന്ന് മുദ്ര കുത്തിയതോടെ  ഭീകര പ്രവർത്തകരെ കുറിച്ചുള്ള  അന്വേഷണം പാടെ നിലച്ചു.  കുറ്റവാളികളെ വിട്ടു അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കിയത്  ഭീകരർക്ക് കാര്യം എളുപ്പമാക്കി.  കൂടുതൽ ആക്രമണം നടത്താൻ  അതവർക്ക് വഴി തുറന്നു കൊടുത്തു. ഭീകരരെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരുന്നത്  ഇന്റലിജൻസ് ബ്യുറോ ആയിരുന്നു. തീവ്രവാദികളെ കൊന്നതിന് അവരെ കൊലയാളികൾ ആക്കിയത് കൊണ്ട് ഇന്റലിജൻസ് ബ്യുറോ അതിന്റെ പ്രവർത്തനം മന്ദഗതിയിൽ ആക്കി. എന്തിനു വെറുതെ പുലി വാല് പിടിക്കണം എന്നവർ ചിന്തിച്ചു. ഇത് ഭീകര പ്രവർത്തനം ഭാരതത്തിൽ വളരാൻ സാഹചര്യം ഒരുക്കി.  അതിനു ശേഷം ഭാരതത്തിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കും വഴി തെളിച്ചത് മൻ മോഹൻ  സിംഗ് സർക്കാരിന്റെ നിരുത്തരവാദിത്വപരവും രാജ്യ വിരുദ്ധവുമായ  ഈ  പ്രവർത്തി  ആണെന്ന് കാണാം.

2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

സുവർണ കാലം

ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ അഞ്ചു വർഷ ഭരണം കേരളത്തിന്റെ സുവർണ കാലഘട്ടം ആണത്രേ.

ഇത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ സ്വന്തം വിധിയെ പഴിച്ചു വിഷണ്ണരായി നിൽക്കുകയാണ് ജനം.   രാജ്യത്ത്  ഉണ്ടായ  സർവതോന്മുഖമായ വികസനവും പുരോഗതിയും ജനങ്ങളുടെ മാനസിക സന്തോഷവും ഒക്കെക്കൂടി   കണക്കിലെടുത്താണ് സുവർണ കാലം എന്ന  വിശേഷണം ആ കാലഘട്ടത്തിനു നൽകുന്നത്.  ഭരണാധികാരിയുടെ കഴിവും പ്രാഗത്ഭ്യവും ഭരണ പാടവവും സർവോപരി ജീവ ജാലങ്ങൾക്ക് നന്മ ചെയ്യണമെന്നുള്ള മഹത്തായ ആഗ്രഹവും ആണ് സുവർണ കാലം എന്ന് പറയുന്ന  സദ്‌ ഭരണത്തിന്റെ പിന്നിൽ വരുന്ന ശക്തി.

അത്തരമൊരു മഹാനായ ഭരണാധികാരി ആയാണ് ഉമ്മൻ ചാണ്ടിയെ  അവതരിപ്പിച്ചിരിക്കുന്നത്. ഇത് പറയാൻ ചരിത്രകാരന്മാർ ആരും ഇല്ല.   ഉമ്മൻ ചാണ്ടി തന്നെ   സ്വയം ആ ജോലി ഏറ്റെടുത്തതാണ്, തന്റെ ഭരണ കാലം സുവർണ കാലം ആയിരുന്നുവെന്ന് പറയാൻ. 

എന്തൊക്കെ പറഞ്ഞാലും അഴിമതിയ്ക്കു  ഇതൊരു സുവർണ കാലഘട്ടം തന്നെ ആയിരുന്നു എന്നതിൽ പ്രതിപക്ഷത്തിന് പോലും ഒരു എതിരഭിപ്രായം ഉണ്ടാവാൻ വഴിയില്ല. മുഖ്യ മന്ത്രി തൊട്ട് താഴോട്ടു മിയ്ക്കവാറും എല്ലാ മന്ത്രിമാരുടെയും  പേരിൽ നല്ല യമണ്ടൻ  അഴിമതി ആരോപണങ്ങൾ  വന്നു കഴിഞ്ഞു. കോടികളുടെ.  ബട്ജറ്റ് വിറ്റു കാശുണ്ടാക്കുന്നു. ബാറുകൾ അടച്ചും തുറന്നും കാശുണ്ടാക്കുന്നു. കോടികൾ കൈക്കലാക്കുന്നു. അധ്യാപകരുടെയും ഡോക്ടർമാരുടേയും സ്ഥലം മാറ്റത്തിന് വരെ കോഴ വാങ്ങുന്ന മന്ത്രിമാർ.  ഒരു മന്ത്രി, മാണി, അഴിമതി ആരോപണത്തിൽ മുങ്ങി  രാജി വച്ചു കഴിഞ്ഞു. അടുത്ത  മന്ത്രി ബാബു രാജിയും പോക്കറ്റിലിട്ടു നടക്കുകയാണ്. ഏതു നിമിഷവും അത് സംഭവിക്കാം. ഇതു പോക്കറ്റിലാ രാജി എന്ന് കണ്ടു പിടിക്കുകയെ വേണ്ടൂ. ഇനി അത് ചാണ്ടിയുടെ പോക്കറ്റിൽ ആണോ എന്നും സംശയമുണ്ട്‌.  രമേശ്‌ ചെന്നിത്തലയ്ക്കും ശിവകുമാറിനും   പണം കൊടുത്തു എന്ന് ബാർ ഉടമകൾ പറഞ്ഞു കഴിഞ്ഞു. ഇനിയും മന്ത്രിമാരുടെ പേരുകൾ പുറത്തു വരും എന്നാണു പറയുന്നത്. മുഖ്യ മന്ത്രി പറഞ്ഞിട്ടാണ് ഇവർക്കൊക്കെ കോഴ നൽകിയത് എന്നാണു കൊടുത്ത ആൾ പറയുന്നത്. മുഖ്യ മന്ത്രിയ്ക്ക് എത്ര എത്തി എന്നതിന്റെ കണക്ക് പുറത്തു വന്നിട്ടില്ല. 

മുഖ്യ മന്ത്രിയെ അങ്ങിനെ കുറച്ചു കാണേണ്ട. ബാർ കോഴയിൽ അദ്ദേഹത്തിന് എത്ര കിട്ടി എന്ന് പുറത്തു വന്നിട്ടില്ല.  അദ്ദേഹത്തിന്റെ സ്വന്തം അഴിമതി ആയ  സോളാർ അഴിമതിയുടെ കണക്കു വന്നിട്ടുണ്ട്. 1 കോടി 70 ലക്ഷം ചാണ്ടിയ്ക്ക് നൽകിയതായി സരിത ജുഡിഷ്യൽ കമ്മീഷന് മുൻപിൽ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ മന്ത്രി  ആര്യാടൻ  മുഹമ്മദിനും ലക്ഷങ്ങൾ നൽകിയിട്ടുണ്ട് എന്ന് പറയുന്നു. ബാറിലും സോളാറിലും ആയി മുഖ്യ മന്ത്രി ഉൾപ്പടെ മൊത്തം 6 മന്ത്രിമാരുടെ പേരുകൾ ഇതേ വരെ അഴിമതിയിൽ വന്നിട്ടുണ്ട്. ഇതിന്റെ തന്നെ കൂടുതൽ  കണക്കുകൾ ഇനിയും പുറത്തു വരാനുണ്ട്. അഴിമതിയുടെ കാര്യത്തിൽ ചാണ്ടിയുടെ ഭരണം ഒരു സുവർണ കാലം തന്നെയായിരുന്നു എന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.

സരിതയെ കോൺഗ്രസ്സുകാർ ആരും വിശ്വസിക്കുന്നില്ല. അവർ എന്ത് പറഞ്ഞാലും ഉടനെ കോൺഗ്രസ്സുകാർ പറയും അവർ ക്രിമിനൽ ആണ്. 38 തട്ടിപ്പ് കേസിലെ പ്രതി ആണ് എന്നൊക്കെ. ഇതേ സരിത പറഞ്ഞ, എൽ.ഡി.എഫ്. 10 കോടി ഓഫർ ചെയ്തു എന്ന പഴയ മൊഴി ചാണ്ടി അടക്കം എല്ലാ കോൺഗ്രസ്സുകാർക്കും വേദ വാക്യം ആണ്. 

ഇതിനൊപ്പം സ്ത്രീ വിഷയത്തിലും, പുറത്തു വന്ന രേഖകളും കത്തിന്റെ ഭാഗങ്ങളും സത്യമാണെങ്കിൽ, ഇതൊരു സുവർണ കാലഘട്ടം ആയിരുന്നു. മന്ത്രിമാർ,എം.എൽ.എ. മാർ, എം.പി.മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്ക്  മദിരാക്ഷി വിഷയത്തിൽ തെളിഞ്ഞ കാലം.

 ഒരേ ഒരു കാര്യം കൂടി 14 മണിക്കൂർ ഒരു അഴിമതി അന്വേഷണ കമ്മീഷന് മുൻപിൽ മൊഴി നൽകിയ മുഖ്യ മന്ത്രി കേരളത്തിന്‌ അഭിമാനം അല്ലേ? ( 14 മണിക്കൂർ കള്ളം പറഞ്ഞു എന്നും എതിരാളികൾ  പറയുന്നു. അങ്ങിനെയെങ്കിൽ അത് ഗിന്നസ് റിക്കോർഡ് തന്നെ ആയിരിക്കും.)

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഭരണം

രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് വന്ന് പ്രസംഗിക്കുകയുണ്ടായി. പ്രധാനമായും പറഞ്ഞത്  

  "കോൺഗ്രസ്സ് കാരെ നിങ്ങൾ തമ്മിൽ വഴക്ക് കൂടിക്കോ. അത് നിർത്താൻ ഒന്നും എനിക്കാവില്ല. ഏതായാലും ഒരു രണ്ടു മാസത്തേയ്ക്ക് അതൊന്നു നിർത്തി വയ്ക്കൂ. തെരഞ്ഞെടുപ്പു കഴിഞ്ഞു വീണ്ടും തുടങ്ങിക്കോ." 

സുധീരൻ പറയുന്നത് കേട്ടോളൂ. " തൽക്കാലം മറ്റു കാര്യങ്ങൾ എല്ലാം മറക്കാം. എല്ലാവരും ഒറ്റക്കെട്ട് ആയിട്ട് മുന്നോട്ടു പോകും. കൂട്ടായി നയിക്കും. ഒരു ഭരണ തുടർച്ച ഏതായാലും ഉണ്ടാകണം."

ഇനി ഉമ്മൻ ചാണ്ടി പറയുന്നത് കേൾക്കൂ. " എന്തൊക്കെ നുണ പ്രചരണം അഴിച്ചു വിട്ടാലും യു.ഡി.എഫ്. തന്നെ   വീണ്ടും അധികാരത്തിൽ വരും."

അപ്പോൾ എല്ലാവരുടെയും ലക്ഷ്യം  ഒന്നാണ്. അധികാരത്തിൽ വരുക എന്നത് മാത്രം.

കേരളത്തിലെ ജനങ്ങൾക്ക്‌ അത് മതിയോ? വീണ്ടും യു.ഡി.എഫ് അധികാരത്തിൽ   വന്നാൽ ജനനങ്ങൾക്കു എന്താണു പ്രയോജനം? നേതാക്കന്മാർക്ക് എല്ലാവർക്കും ഗുണം കിട്ടും. വീണ്ടും "കക്കാം മോട്ടിയ്ക്കാം". 

പക്ഷെ ജനം ഈ ജിമ്മിക്കിൽ വീഴുന്നതാണ് കാണുന്നത്. നാടിന്റെ വികസനമോ, ജനങ്ങളുടെ ഉന്നതിയോ ഒന്നുമല്ല ഇന്നത്തെ തെരഞ്ഞെടുപ്പു വിഷയം. രണ്ട് ചേരികളിൽ നിന്നായി തമ്മിൽ ആക്രോശിക്കുകയാണ് ജനങ്ങൾ. എന്ത് കൊണ്ട് ഇന്ന് വരെ കേരളത്തിൽ ഉണ്ടായ നേട്ടങ്ങൾ,  ജനങ്ങൾക്ക്‌ ഉണ്ടായ ഗുണങ്ങൾ ആരും ചർച്ച  ചെയ്യുന്നില്ല? നടത്തിയ വാഗ്ദാനങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ നടപ്പിലാക്കിയോ? അതൊന്നും നോക്കാൻ ആർക്കും സമയമില്ല.

ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കിൽ വീണ്ടും അഞ്ചു വർഷം അഴിമതിയും വികസനമില്ലയ്മയും നിറഞ്ഞ ഒരു ജീവിതം ആയിരിക്കും കേരള ജനതയ്ക്ക് കിട്ടുവാൻ പോകുന്നത്.

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

അഴിമതി സോളാർ

സരിത ആണല്ലോ ഇപ്പോൾ കേരളത്തിലെ താരം. രാവിലെ പത്രം നോക്കിയാൽ സരിത (ആദ്യമൊക്കെ  മാതൃഭൂമിയിലും മനോരമയിലും അകത്തെ പേജിൽ വന്ന സരിത ഇപ്പോൾ പൂമുഖത്തെയ്ക്ക് വന്നിട്ടുണ്ട്) ചാനൽ തുറന്നാൽ സരിത. ആകെ സരിത മയം. 

ഏതായാലും സരിതയുടെ ബോംബ്‌ പൊട്ടിത്തുടങ്ങി. ഉമ്മൻ ചാണ്ടിയുടെ പ്രതിരോധം ഒക്കെ തകരുന്ന മട്ടാണ്. സരിതയെ കണ്ടിട്ടേ ഇല്ല  എന്ന് പറഞ്ഞ ചാണ്ടി മൂന്നു തവണ കണ്ടിരിക്കാം ( അത് അങ്ങേർക്കു തീർച്ചയില്ല) എന്ന് സമ്മതിക്കുന്നു. സരിതയെ അറിഞ്ഞേ കൂടാ എന്ന് പറഞ്ഞ ചാണ്ടി ഇപ്പോൾ പറയുന്നത് അറസ്റ്റ് നടന്നപ്പോഴാണ് തട്ടിപ്പ് ആണെന്ന് പറയുന്നത്.

 ചാണ്ടി പ്രതിരോധത്തിൽ ആണ്. ചാണ്ടിയുടെ ശിഷ്യ ഗണങ്ങൾ ചാനലുകളിൽ ഉമ്മൻ നല്ലവനാണ് എന്ന് പറഞ്ഞു പറഞ്ഞു മടുത്തു.

ചാണ്ടിക്ക് 1 കോടി 90  ലക്ഷം കൊടുത്തു എന്ന് സരിത പറഞ്ഞപ്പോൾ ഈ പൊട്ടന്മാർ പറഞ്ഞത് അത് കളവാണ്. 38 തട്ടിപ്പ് കേസിൽ പ്രതിയായ സരിത കളവാണ് പറയുന്നത് എന്നാണ്.  ഇപ്പോൾ ചാണ്ടിക്കുഞ്ഞുങ്ങൾ  കേറി പിടിച്ചിരിക്കുന്ന പോയന്റ്  എൽ.ഡി.എഫ്. സരിതയ്ക്ക് 10 കോടി രൂപ വാഗ്ദാനം നല്കി എന്നാണു.  ഈ കണക്കു എവിടന്നു കിട്ടി? സരിത തന്നെ പറഞ്ഞതാണ് ഇത്. 38 കേസിൽ പ്രതിയായ സരിത പറഞ്ഞത്. ആ പറഞ്ഞത്  ഈ പൊട്ടന്മാർ വിശ്വസിക്കുന്നു. ഒരു സിമ്പിൾ ചോദ്യം.എങ്കിൽ അതെ സരിത പറഞ്ഞ ഉമ്മന് 1.90 കോടി കൊടുത്തത് എന്ത് കൊണ്ട് വിശ്വസിച്ചുകൂടാ? 

സരിതയെ മൊഴി മാറ്റി പറയിപ്പിക്കാൻ ഇടതു പാർട്ടികൾ ഗൂഡാലോചന നടത്തി എന്ന് പറയുന്നു. അപ്പോൾ തമ്പാനൂർ രവി അവരെ ഫോണിൽ വിളിച്ച് സത്യം പറയരുത് എന്ന് പറഞ്ഞത് ഒരു ഗൂഡാലോചന അല്ലേ? സത്യം പറയാൻ ഒരു ഗൂഡാലോചന. കള്ളം പറയാൻ ഒരു ഗൂഡാലോചന.

ഏതായാലും ഇവരെല്ലാവരും കൂടി കേരളം മലീമസമാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എങ്കിലും ജനം ഇതൊക്കെ മനസ്സിലാക്കും എന്ന് കരുതാം.