പരവൂരിലെ വെടിക്കെട്ട് നമ്മൾ ഉണ്ടാക്കിയ മറ്റൊരു മഹാ ദുരന്തം. അപകടത്തിൽ നൂറിലേറെ പ്പേർ മരണമടഞ്ഞു. ഇനിയും കൂടാൻ സാധ്യത. നാനൂറിലേറെ ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ. നൂറോളം പേർ ഗുരുതരാവസ്ഥയിൽ. ദാരുണമായ ഈ ദുരന്തത്തിന് ഉത്തരവാദികൾ ക്ഷേത്രം അധികൃതരും വെടിക്കെട്ട് നടത്തിയവരും ആണ്. വെടിക്കെട്ടു പുരയ്ക്കു തീ പിടിച്ച് ഉണ്ടാകുന്ന ദുരന്തം ഇത് ആദ്യത്തെത് ഒന്നുമല്ല. പല തവണ അമ്പലങ്ങളിൽ ഇത്തരം വെടിക്കെട്ട് ദുരന്തങ്ങൾ നടന്നിട്ടുണ്ട്. 400 ലേറെ വെടിക്കെട്ട് അപകടം ഉണ്ടായിട്ടുണ്ട്. 400 ലേറെ പ്പേർക്ക് ജീവൻ നഷ്ട്ടപ്പെടുകയും ചെയ്തിട്ടുണ്ട്.എന്നിട്ടും ഇത് തുടരുന്നത് അധികാരികളുടെ അശ്രദ്ധയും മനപൂർവമായ ഉദാസീനതയും ഒന്ന് കൊണ്ട് മാത്രമാണ്.
ആഭ്യന്തര മന്ത്രി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ജുഡിഷ്യൽ അന്വേഷണത്തിന് മുഖ്യ മന്ത്രിയും. 6 മാസത്തിനകം റിപ്പോർട്ട് കൊടുക്കണം എന്ന്. 6 ദിവസം കൊണ്ട് നടത്താവുന്ന അന്വേഷണം അതാണ് 6 മാസം. അതിനർത്ഥം തെരെഞ്ഞെടുപ്പോക്കെ കഴിയും. ജനങ്ങൾ ഇതൊക്കെ മറക്കും. കാര്യം ശുഭം.
സംഭവിക്കാൻ പോകുന്നത് എല്ലാവർക്കും അറിയാം.രാഷ്ട്രീയ സ്വാധീനത്തിൽ കുറ്റവാളികൾ രക്ഷപ്പെടും. വീണ്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും. ക്ഷേത്ര ആചാരങ്ങൾ എന്ന നിലയിൽ ആണ് വെടിക്കെട്ട് നടത്തുന്നത്. അങ്ങിനെ തന്നെ എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. ക്ഷേത്ര ആരാധനയുമായി വെടിക്കെട്ടിന് എന്ത് ബന്ധമാണ് ഉള്ളത്? ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം. ഏത് ദൈവം ആണ് കാതടപ്പിക്കുന്ന ഇത്രയും ഭയങ്കരമായ ശബ്ദം കേൾക്കാൻ ഇഷ്ട്ടപ്പെടുന്നത്? ഏതെങ്കിലും ഐതിഹ്യം എങ്കിലും ഇതും ആയി ബന്ധപ്പെട്ട് ഉണ്ടോ? ഇല്ല എന്നതാണ് സത്യം.
പിന്നെ പള്ളിപ്പെരുനാളിനു നടക്കുന്ന വെടിക്കെട്ട്. അത് ക്രിസ്ത്യാനികൾ കേരളീയ ആചാരം പിന്തുടരുന്നു എന്നേ ഉള്ളൂ. അവർക്ക് അതിൽ പ്രത്യേക വിശ്വാസം ഒന്നും ഇല്ല. അവർ നിലവിളക്ക് ഉപയോഗിക്കുന്നു.(മുകളിൽ ഒരു കുരിശു വയ്ക്കുന്നു ) സ്വർണ കൊടിമരം ഉണ്ട് ( മുകളിൽ ഒരു കുരിശും കൂടി) മുത്തുക്കുട, ആനപ്പുറത്ത് എഴുന്നള്ളത്തു എന്നിവ. അതൊക്കെയും ഹിന്ദു ആചാരം പിന്തുടരുന്നു എന്ന് മാത്രം. പൂർവികർ ഹിന്ദുക്കൾ (അൽപ്പം വെയിറ്റ് ഇരിക്കട്ടെ- നമ്പൂതിരിമാർ) ആണല്ലോ.
ഇതൊക്കെ തെളിയിക്കുന്നത് ദൈവവും ആയോ ആരാധന ക്രമവുമായൊ വെടിക്കെട്ടിന് യാതൊരു ബന്ധവുമില്ല എന്നതാണ്. ഓരോ വർഷവും 2000 കോടി രൂപയുടെ വെടി മരുന്ന് ആണ് ഈ കമ്പക്കെട്ട് എന്ന പ്രാകൃത ആചാരത്തിലൂടെ കത്തിച്ചു കളയുന്നത് . ഇതെല്ലാം ഭക്തരുടെ പണം ആണ്. അത് പാവപ്പെട്ടവർക്ക് ആഹാരത്തിനോ,ചികിത്സയ്ക്കോ വീട് വയ്ക്കാനോ, പഠനത്തിനോ ഉപയോഗിച്ച് കൂടെ? ശബ്ദ മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവ മാത്രം പ്രദാനം ചെയ്യുന്ന ഒരു ദുഷ്ക്കർമം അവസാനിപ്പിച്ചു കൂടെ?
ആർക്കും പ്രയോജനമില്ലാത്ത, കാതിനും വായുവിനും ദോഷം ചെയ്യുന്ന ഈ വെടിക്കെട്ട് എന്ന പരിപാടി പൂർണമായും നിരോധിക്കണം. അതിനു ഉടൻ തന്നെ അധികൃതർ നടപടി എടുക്കണം. ഇവിടെ ജാതിയോ മതമോ ഒന്നും ഇല്ല. ജനങ്ങളുടെ സുരക്ഷ മാത്രമാണ് ഉളളത്. അതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. മുഖ്യ മന്ത്രി "ബ ബ്ബ ബ്ബ" പറഞ്ഞു കഴിഞ്ഞു. നിരോധനം പറ്റില്ല നിയന്ത്രണം ആകാം എന്ന്. ബഹുമാനപ്പെട്ട ഹൈക്കോടതി ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ ഭരണ ഘടന പ്രകാരം ഇത് നിരോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.