2016, ജൂലൈ 30, ശനിയാഴ്‌ച

കൈക്കൂലി

70 രൂപ വാങ്ങി എന്ന പേരിൽ 70 വയസ്സുള്ള ഒരു മനുഷ്യനെ 10 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ജെയിലിൽ.  അത് കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. കേസ് എടുക്കാൻ പോലിസിന് പരാതി കൊടുത്തതോ  തിരുവനന്തപുരത്തെ വീര ശൂര പരാക്രമിയായ കളക്ടർ ബിജു പ്രഭാകർ. അനന്ത ഓപ്പറേഷനിൽ പത്തി മടക്കേണ്ടി വന്ന ആൾ. 



                                                              new  Indian  express photo 

 തിരുവനന്തപുരം കളക്റ്ററേറ്റിന് മുന്നിൽ ജനങ്ങൾക്ക് അപേക്ഷ എഴുതിക്കൊടുത്തു അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ആളാണ് ശശിധരൻ നായർ എന്ന ഈ വയോവൃദ്ധൻ. ഒരു സ്ത്രീയുടെ കയ്യിൽ നിന്നും ഒരു അപേക്ഷ എഴുതിക്കൊടുക്കാൻ വേണ്ടി 30 രൂപയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ചു കൊടുക്കാൻ വേണ്ടി  70 രൂപയും വാങ്ങി. 70  രൂപ കൈക്കൂലി വാങ്ങി എന്നതാണ് ഈ ജയിലിൽ പിടിച്ചിടാൻ കാരണമായ  ആരോപണം. 

ഇതെങ്ങിനെ അറസ്റ്റിനു കാരണമാകും?  ആ മനുഷ്യൻ ഒരു ജോലി ചെയ്തു. അതിനു കൂലിയും വാങ്ങി. ആ ചാർജ്  കൂടുതൽ ആണെന്ന് തോന്നിയെങ്കിൽ അയാളെ കൊണ്ടു അത് ചെയ്യിക്കാതിരിക്കണമായിരുന്നു. അങ്ങേരു പിടിച്ചു പറിച്ചതൊന്നുമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഒറിജിനലും കോപ്പിയും വാങ്ങി ഒരു ഓഫീസറുടെ അടുത്ത് കൊണ്ട് പോയി അറ്റസ്റ് ചെയ്തു വാങ്ങി. അതിനു സർവീസ് ചാർജ് 70 രൂപ വാങ്ങി. അതെങ്ങിനെ കൈക്കൂലി ആകും?

കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങുന്ന, കോഴ വാങ്ങുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും സസുഖം വാണരുളുന്ന നമ്മുടെ കേരള നാട്ടിലാണ് 70 രൂപ ജോലി കൂലി വാങ്ങിയ മനുഷ്യനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു ജെയിലിൽ അടപ്പിച്ചത്. നന്നായി. ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്കൊക്കെ അഭിമാനിക്കാം.

ഇതൊന്നും പോരാഞ്ഞു ജെയിലിൽ നിന്നും വന്ന ആ മനുഷ്യനെ അപേക്ഷ എഴുതിക്കൊടുക്കുന്ന ജോലി തുടരാൻ കളക്റ്ററേറ്റ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല.കളക്റ്ററേറ്റിലെ അക്ഷയ കേന്ദ്രത്തിൽ നിന്നും അപേക്ഷ എഴുതിക്കൊടുക്കുന്ന ബിസിനസിന് കോട്ടം  എന്നുള്ളത് കൊണ്ടാണ് അവർ സമ്മതിക്കാത്തത് എന്നാണു അദ്ദേഹം പറയുന്നത്.

57 വയസ്സുള്ള വൃദ്ധയായ ഭാര്യയുമായി വെള്ളൈക്കടവ് എന്ന സ്ഥലത്ത് ആറ്റിനരുകിൽ ഒരു ചെറ്റക്കുടിലിൽ താമസിക്കുന്ന ആ പാവം   മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുവാൻ പോവുകയാണ്. 

2016, ജൂലൈ 27, ബുധനാഴ്‌ച

കോടതി തടയൽ






രണ്ടു കൂട്ടരുടെ ''തിണ്ണ മിടുക്ക്'' കാണിക്കലാണ് കഴിഞ്ഞ ആഴ്ച കേരളം കണ്ടത്. അഭിഭാഷകരും മാധ്യമ പ്രവർത്തകരും . പത്രവും ചാനലും അവരുടെ ലോകമാണ്. അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാം. കിട്ടുന്ന വാർത്ത ഏതു രീതിയിൽ കൊടുക്കണം എന്ന് അവർ തീരുമാനിക്കും. അഭിഭാഷകരാകട്ടെ കോടതികൾ അവരുടെ കുടുംബ സ്വത്തു എന്ന് വിചാരിച്ചു മാധ്യമ പ്രവർത്തകരെ കോടതി വരാന്ത പോലും കാണാൻ അനുവദിക്കുകയില്ല.

 രണ്ടു പേരും ചെയ്യുന്നജോലി ഏകദേശം ഒരേ പോലെയാണ്. മാധ്യമ മുതലാളിയുടെ സ്ഥാപിത  താൽപ്പര്യം ആണ് മാധ്യമ പ്രവർത്തകരുടെ ആദർശം. തരുന്നവൻ എന്ത് തന്ത ഇല്ലാത്ത തരം കാണിച്ചാലും ആ വാർത്ത പത്രക്കാർ ഒതുക്കും, അവൻ പരസ്യം കൊടുത്താൽ. അതിനർത്ഥം കാശ് കൊടുത്താൽ എന്തും ചെയ്യും എന്ന്. ഹോട്ടലുകളിൽ എത്ര റെയിഡ് നടന്നു. എവിടെയൊക്കെ അടപ്പിച്ചു. ഏതെങ്കിലും പേര് പത്രങ്ങളിൽ/ചാനലുകളിൽ വന്നിട്ടുണ്ടോ? ഇല്ല. അവൻ പരസ്യം കൊടുക്കും. അതിനർത്ഥം കൈക്കൂലി വാങ്ങി ജീവിക്കുന്ന വർഗം. പിന്നെ പെയ്ഡ് ന്യൂസ് എന്നൊരു വകുപ്പ്  ഉണ്ട്. കാശ് കൊടുത്താൽ എന്ത് വേണമെങ്കിലും പാത്രത്തിൽ ഇടും. ചാനലുകളിൽ കാണിക്കും. അതാണ് വലിയ പത്ര ധർമം പറയുന്ന  മാധ്യമങ്ങളുടെ പണി. ആരെയെങ്കിലും മനഃപൂർവം ഒതുക്കണം എങ്കിലും ഇവര് ചെയ്തോളും. പണം കൊടുത്താൽ മതി.

അഭിഭാഷകനും ഇത് പോലെ തന്നെ. കാശ് ആര് കൊടുക്കുന്നോ അവർക്കു വേണ്ടി കേസ് വാദിക്കും. അവിടെയും ധർമാധർമങ്ങൾ ഒന്നുമില്ല. പണം. അത് മാത്രമാണ് കാര്യം. ഗോവിന്ദ ചാമിക്ക് വേണ്ടി പോലും വാദിക്കും വക്കീലന്മാർ.  

ഇതിൽ ആരാ വലിയവൻ എന്ന പ്രശ്നം ആണ് ഇവിടെ ഉണ്ടായത്. ഒരു സർക്കാർ പ്ലീഡർ പെണ്ണ് പിടിക്കേസിൽ പോലീസ് പിടിയിൽ ആയി. ചാനലുകളും പത്രങ്ങളും അത് വലിയ വാർത്തയായി രണ്ടു ദിവസം കൊണ്ട് നടന്നു. വക്കീലന്മാർക്കു അത് നാണക്കേടായി. അതിൽ  തുടങ്ങിയതാ ആരാ വലിയവൻ എന്ന ചോദ്യം. പുറത്തു ഒന്നും  പറ്റാത്തത് കൊണ്ട് കോടതിയ്ക്കകത്തു തിന്ന മിടുക്കു കാട്ടി.

പിന്നെ ഈ വൈരാഗ്യത്തിന് കാരണം ഈ ജുഡീഷ്യറിയുടെ കള്ളക്കളി പത്രക്കാർ പുറത്തു കൊണ്ട് വരുന്നു. കോടതിയിൽ നടക്കുന്ന പല ഒത്തു കളികളും ജനങ്ങൾ മനസ്സിലാക്കുന്നു. സർക്കാരിന് എതിരായി വാദിക്കുന്ന മുഖ്യ മന്ത്രിയുടെ ഉപദേശകൻ പുറത്തായത് മാധ്യമങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ്.

2016, ജൂലൈ 25, തിങ്കളാഴ്‌ച

കുപ്പി വെള്ളം


                                        
                                                                     


കമ്പനികൾ എന്ത് ഉണ്ടാക്കി തന്നാലും അമൃത് പോലെ കഴിക്കുന്നവരാണ് നമ്മൾ. വീട്ടിൽ നിന്നും തിളപ്പിച്ച വെള്ളം കുടിക്കുന്നതിനും പകരം കുപ്പി വെള്ളം ആണ് നമുക്ക് പഥ്യം. ഇത് എങ്ങിനെ ഉണ്ടാക്കുന്നു എന്നോ എന്താണ് നിറച്ചു തരുന്നത് എന്നോ നമ്മൾ നോക്കാറില്ല. ഈ കുപ്പി വെള്ളത്തിൽ പലതിലും  കോളി ഫോം ബാക്ടീരിയ ഉണ്ട്. അതായത് മനുഷ്യ-മൃഗ വിസർജ്യങ്ങളിൽ നിന്നും മാത്രം വരുന്ന ബാക്ടീരിയ. അതായത് വിസർജ്യം ഒഴുകുന്ന ഏതോ ആറ്റിൽ നിന്നോ തോട്ടിൽ നിന്നോ പിടിച്ച വെള്ളം കുപ്പിയിൽ നിറച്ചു ISI മുദ്രയും വച്ച് പണം വാങ്ങി നമുക്ക് തരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ച 6 ബ്രാൻഡ് കുപ്പി വെള്ളത്തിൽ കോളി ഫോം ബാക്ടീരിയ ഉണ്ട്.

കിൻലെ (കൊക്കാ കോള കമ്പനിയുടേത്)
കിംഗ് ഫിഷർ 
പ്യുവർ ഡ്രോപ്‌സ് 
ചന്ദ്രിക 
ഗോപിക
 ഹോൺബിൽ 

ഇവയാണ് അവ.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ധീര ധീരം പോരാടുന്ന മാധ്യമങ്ങൾ ഈ വാർത്ത തസ്കരിച്ചു. വാർത്ത കൊടുത്തവരാകട്ടെ കുപ്പി വെള്ളത്തിന്റെ പേര് കൊടുത്തില്ല. അവരിൽ നിന്നും നല്ല കാശ് പരസ്യത്തിലൂടെ കിട്ടുമ്പോൾ അവരെ പിണക്കുന്നതു ശരിയല്ലല്ലോ.

എല്ലാ കുപ്പി വെള്ളത്തിന്റെയും സ്ഥിതി ഇത് തന്നെ. ഈ കുപ്പി വെള്ളം വാങ്ങി കുടിക്കണോ എന്ന് തീരുമാനിക്കൂ.

ഹോട്ടലുകളിൽ നിന്നും കഴിക്കുന്ന  മാംസാഹാരത്തിന്റെ കാര്യവും മഹാ കഷ്ട്ടം. സുനാമി ഇറച്ചി എന്ന പേരിൽ തമിഴ് നാട്ടിൽ നിന്നും വരുന്ന ഇറച്ചിയാണ്  പല കടകളിലും ഉപയോഗിക്കുന്നത്. രോഗം വന്നും അപകടം വന്നും ഒക്കെ ചത്ത മൃഗങ്ങളുടെ ഇറച്ചിയാണ് ഇത്. ഒരു ചാനലിൽ ഇത് കാണിച്ചിരുന്നു. പകുതി വിലയ്ക്കു കിട്ടുന്നത് കൊണ്ട് ഹോട്ടലുകാർക്ക് ഇത് ലാഭ കരം. മട്ടൺ പഫ്സ്, മീറ്റ് പഫ്സ് എന്നൊക്കെ പറഞ്ഞു ബേക്കറികളിൽ കിട്ടുന്നത് ഭൂരിഭാഗവും ഈ സുനാമി ഇറച്ചി ആണ്. നല്ല ഭാഗം എടുത്ത ബാക്കി വെസ്റ്റും ഇത് പോലെ ഇവയിൽ ചേർക്കുന്നു. നമ്മൾ രുചിയോടെ വാങ്ങി കഴിക്കുന്നു.



2016, ജൂലൈ 24, ഞായറാഴ്‌ച

ചക്ക

സോഡിയം ഉണ്ട്, പൊട്ടാസിയം ഉണ്ട് അയൺ ഉണ്ട്,മിനറൽ ഉണ്ട്. അങ്ങിനെ എല്ലാം അടങ്ങിയിരിക്കുന്നു. ഒരു സമ്പൂർണ ആഹാരം. ഗുണമോ? ഷുഗർ കുറയും, പ്രെഷർ കുറയും, കൊളസ്‌ട്രോൾ കുറയും, ദഹനം നടക്കും, തല വേദന പല്ലു വേദന  തുടങ്ങി എല്ലാം അങ്ങിനെ സർവ രോഗ സംഹാരി.

ചക്ക മാഹാത്മ്യവും കൊണ്ട് സർക്കാർ ഇറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്ത്  ചക്ക മഹോത്‌സവും തുടങ്ങി. ചക്ക വറ്റൽ,ചക്ക സ്ക്വാഷ്, ചക്ക വരട്ടിയത്, ചക്ക പപ്പടം തുടങ്ങി എല്ലാം. ചക്ക "ചോറ്" മാത്രം കണ്ടില്ല.  ചക്ക പൊറോട്ട കൂടി ഉണ്ടായിരുന്നുവെങ്കിൽ  മലയാളിയ്ക്ക് മറ്റു ആഹാരം വേണ്ടായിരുന്നു.

ആരംഭ ശൂരത്വം എന്നു പറയുന്നത് പോലെ ഈ 'സർക്കാർ ചക്ക' പരിപാടി  പത്തു ദിവസം കഴിയുമ്പോൾ അടങ്ങും. വീണ്ടും പഴയതു പോലെ ചക്ക പ്ലാവിന്റെ മൂട്ടിൽ വീണു കിടന്നു അഴുകും. തമിഴന്മാർ ലോറിയുമായി വന്നാൽ മാത്രം മലയാളി രക്ഷപ്പെടും.

മലയാളി  ഉണ്ടായ കാലം മുതൽ നാട്ടിൽ ചക്ക ഉണ്ട്. അത് പല രീതിയിൽ അവൻ കഴിക്കുന്നും ഉണ്ടായിരുന്നു. ഇന്നും കഴിക്കുന്നുണ്ട്. ചക്ക ചുള  അവിയൽ, ചക്ക പുഴുങ്ങിയത്, ചക്കയുടെ കുരു എടുത്തു തോരൻ, ചക്കയുടെ പൂഞ്ഞു കൊണ്ട് തോരൻ അങ്ങിനെ പലതും. ചക്ക പഴുത്താൽ  ചക്കപ്പഴം കഴിക്കും. അതു ശർക്കരയും ചേർത്ത് വഴറ്റി കുഴമ്പു പരുവത്തിൽ ഏറെക്കാലം സൂക്ഷിക്കുന്നു. എല്ലാ വീട്ടു പറമ്പിലും പ്ലാവ് ഉണ്ട്. എല്ലാവരുടെയും ഭക്ഷണത്തിൽ ചക്ക ഉണ്ടായിരുന്നു താനും. ഇപ്പോഴും നാട്ടിൻ പുറങ്ങളിൽ ചക്ക മുൻപ് പറഞ്ഞ പല രീതിയിലും കഴിക്കുന്നതും ഉണ്ട്.  നഗരത്തിൽ പ്ലാവ് കുറവ്. ചക്ക കിട്ടിയാലും കയ്യിൽ അതിന്റെ അരക്ക് പുരളാൻ കൊച്ചമ്മ മാർക്ക് വയ്യ. (വെളിച്ചെണ്ണയോ മണ്ണെണ്ണയോ ഉപയോഗിച്ചു വൃത്തിയാക്കാവുന്നതേ ഉള്ളൂ).

ഇവിടെ ഉണ്ടാകുന്ന അത്രയും ചക്ക മലയാളിക്ക് നാട്ടിൻ പുറങ്ങളിൽ കഴിച്ചു തീർക്കാൻ കഴിയുന്നില്ല. അതു നശിച്ചു പോകുന്നു. അതു സംഭരിക്കുകയാണ് ചക്ക മഹോത്സവത്തിന് പകരം സർക്കാർ ചെയ്യേണ്ടത്. ഓരോ പഞ്ചായത്തിലും ചക്ക സംഭരണത്തിന് സൗകര്യങ്ങൾ ഒരുക്കണം. എന്നിട്ട് ചക്ക  വൃത്തിയാക്കി ,എളുപ്പം കൂട്ടാൻ വയ്ക്കാൻ പാകത്തിൽ   നഗരങ്ങളിൽ എത്തിയ്ക്കണം. കേരളത്തിൽ ഉണ്ടാകുന്ന ചക്കയുടെ ഭൂരിഭാഗവും ഇതിലൂടെ ഉപയോഗിക്കാൻ കഴിയും. വറ്റൽ തുടങ്ങിയ മൂല്യ വർദ്ധിത സാധനങ്ങൾ ഉണ്ടാക്കണം. ചക്കയെ കുറിച്ചുള്ള ബോധ വൽക്കരണം അല്ല വേണ്ടത്. കാരണം ചക്കയെ കുറിച്ച് മലയാളിയ്ക്ക് നന്നായി അറിയാം. അതു കിട്ടാനുള്ള വഴിയാണ് ഇല്ലാത്തത്. മന്ത്രി ചക്ക പുഴുങ്ങിയത് തിന്നു എന്നു വച്ച് അതിനു ഒരു പരിഹാരം ആകുന്നില്ല.

രണ്ടു വർഷം മുൻപ് ഡൽഹിയിലേക്കു ഒരു ട്രെയിൻ ചക്ക പോയിരുന്നു. ആ പരിപാടി  തുടർന്നില്ല. അതു പോലെ മലയാളി ഉള്ള  മറ്റു ന ഗരങ്ങളിലേയ്ക്കും ചക്ക അയയ്ക്കാം.




ചക്ക കൃഷി- തമിഴ് നാട്ടിൽ കടലൂർ ജില്ലയിൽ പൺറുട്ടി എന്നൊരു ഗ്രാമത്തിൽ പ്ലാവ് കൃഷി തന്നെ ഉണ്ട്. മല്ലിഗംപാട്ട് ഗ്രാമത്തിലെ കരുണാകരൻ എന്ന കർഷകൻ  6.5ഏക്കറിലാണ് പ്ലാവ് കൃഷി. അവിടത്തെ പാർത്ഥസാരഥി എന്ന കൃഷിക്കാരൻ 12 ഏക്കർ പ്ലാവ് തോട്ടത്തിൽ നിന്നും കഴിഞ്ഞ വർഷം 5 ലക്ഷം രൂപയാണ് ലാഭം നേടിയത്. മുംബൈ ആണ് അവരുടെ   പ്രധാന മാർക്കറ്റ്. കയറ്റുമതിയും ചെയ്യുന്നു. ഇതെല്ലാം തമിഴ്‌നാട്  സക്കാരിന്റേയും കാർഷിക സർവകലാശാല യുടെയും ഒക്കെ സഹായത്തോടെ ആണ്. വൻ തോതിൽ കൃഷി നടത്തിയില്ല എങ്കിലും യാതൊരു പ്രയത്‌നവും ഇല്ലാതെ പ്ലാവിൽ ഉണ്ടാകുന്ന ചക്ക വിപണനം നടത്താൻ എങ്കിലും കേരള സർക്കാരിന് കഴിയാതെ പോകുന്നത്  കഷ്ടമാണ്. 

2016, ജൂലൈ 23, ശനിയാഴ്‌ച

ദേ ..പുട്ട് അടിക്കാൻ





55 കോടി രൂപ. പാവങ്ങൾക്ക് വീട് വച്ച് നൽകാൻ. നടൻ ദിലീപിന്റെ പദ്ധതിയാണ്. കേൾക്കുമ്പോൾ നല്ല സുഖം. എന്ത് നല്ല മനുഷ്യൻ ആണീ ദിലീപ്. 55  കോടി ചിലവഴിക്കുന്നു പാവങ്ങൾക്ക് വേണ്ടി. എന്തൊരു ദീനാനുകമ്പ.

സംഭവം കൂടുതൽ വായിച്ചപ്പോഴാണ് ഗുട്ടൻസ് മനസ്സിലായത്. ബാങ്ക് അകകൗണ്ട് നമ്പർ കൊടുത്തിട്ടുണ്ട്. ആർക്കും സംഭാവന ചെയ്യാം. അപ്പോൾ അതാണ് കാര്യം. അങ്ങേരല്ല ഈ പണം മുടക്കുന്നത്. ഒരു ഫണ്ട് ഉണ്ടാക്കുന്നു. അതെടുത്തു വീട് നിർമിച്ചു കൊടുക്കും. അതും അത്രയും പണം കിട്ടിയാൽ. ആരാന്റെ പണം. ക്രെഡിറ്റ് നമുക്ക്. എങ്ങനുണ്ട് ദിലീപിന്റെ ബുദ്ധി? 

ഒരു കാര്യം കൂടി. ഇതിൽ അങ്ങേര് എത്ര പണം മുടക്കുമെന്നു പറയുന്നില്ല. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ് പ്രമാണം എന്നാണ് പുള്ളി പറയുന്നത്.എന്നു വച്ചാൽ ആരും അറിയരുത് എന്ന്. ദിലീപ് പണം മുടക്കുമോ എന്നു തന്നെ ആർക്കും അറിയില്ല. കിട്ടുന്നതും ആരും അറിയില്ലായിരിക്കാം. പൊതു ജന മനസ്സിൽ അദ്ദേഹം പാവങ്ങൾക്ക് സഹായം ചെയ്യുന്ന മനുഷ്യൻ.

എത്ര കോടികളാണ് ഈ സിനിമാക്കാർ  ഉണ്ടാക്കിയത്? കോടികളുടെ കാറും വീടും ആഡംബരവും വാങ്ങി അത് ചിലവഴിക്കുന്നു. ആർക്കു വേണ്ടി വാരിക്കൂട്ടുന്നു? ഇതൊന്നും സന്തോഷമായി ആസ്വദിക്കാൻ കുടുംബം ഇല്ല. മിയ്ക്കവാറും എല്ലാവരുടെയും ഭാര്യ/ഭർത്താവ് പിണങ്ങി പിരിഞ്ഞു പോയി. മക്കളുടെ ഗതിയും അത് തന്നെ. പിന്നെ ആർക്കു വേണ്ടി?

ഇനിയും ഇങ്ങിനെ ഉള്ള ദയാലുക്കൾ മലയാള കരയിൽ ഉണ്ടാകട്ടെ. 

2016, ജൂലൈ 22, വെള്ളിയാഴ്‌ച

കബാലി ഡാ

MGR ന് അസുഖം പിടിപെട്ടപ്പോൾ 100 ലേറെ ആൾക്കാർ ആത്മാഹൂതിയ്ക്കു ശ്രമിച്ചു. 1987 ൽ എം.ജി.ആർ. മരിക്കുമ്പോൾ തമിഴകത്തു ദുഃഖം അണപൊട്ടി അവിടമാകെ ജനങ്ങൾ  കൊള്ളയും കൊള്ളിവയ്പ്പും നടത്തുകയായിരുന്നു. 30 പേർ ആത്മഹത്യ ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ തല മുണ്ഡനം ചെയ്തു. 

ഇതൊക്കെ കണ്ട് മലയാളികൾ ചിരിക്കുകയായിരുന്നു. തമിഴന്റെ വിവരക്കേട് ഓർത്ത്. എന്നും തമിഴരെ മലയാളികൾ കളിയാക്കിയും ഇരുന്നു. അവന്റെ ഇത്തരം വികാരാവേശവും വിവരക്കേടും ചൂണ്ടിക്കാട്ടി. ജയലളിത ജയിലിൽ ആയപ്പോൾ തമിഴന്മാർ ആത്മഹത്യ ചെയ്യാൻ തുടങ്ങി. അഡ്ജസ്റ് മെന്റ് മുഖ്യ മന്ത്രി ആയ പനീർശെൽവം കസേരയിൽ  ഇരുന്നതേ ഇല്ല. മുഖ്യ മന്ത്രി  കസേരയ്ക്കു താഴെ തറയിൽ ഇരുന്നായിരുന്നു അയാളുടെ ഭരണം. ഇതൊക്കെ തമിഴന്റെ  വിവരക്കേടായി കണ്ട് എന്നും അവനെ പുശ്ചത്തോടെ നോക്കുക ആയിരുന്നു മലയാളി.

ആ മലയാളി ആണ് കബാലി എന്ന് അലറി വിളിച്ചു കൊണ്ട് തമിഴനേക്കാളും തരം താണ് ആ സിനിമ കാണാൻ തിയേറ്ററുകളിൽ അടി പിടി കൂട്ടുന്നത്. കഷ്ട്ടം.ഇപ്പോൾ തോന്നുന്നു തമിഴനാണ് ഭേദം എന്ന്. അവന്റെ ഹീറോ യെ ആണല്ലോ അവൻ ഇങ്ങിനെ കൊണ്ടു നടക്കുന്നത്. മലയാളിയോ?


2016, ജൂലൈ 20, ബുധനാഴ്‌ച

മാപ്പ്




                "രാഹുൽ ഗാന്ധി മാപ്പു പറയുന്ന പ്രശ്നമേ ഇല്ല."  

കോൺഗ്രസ്സിന്റെ വക്താക്കൾ ആണ് ഇതു പറയുന്നത്. "എന്തു വന്നാലും  അദ്ദേഹം നേരിടും". ഗാന്ധിയുടെ വധത്തിന് ഉത്തരവാദി RSS ആണെന്ന നിരുത്തരവാദിത്വ പരമായി രാഹുൽ നടത്തിയ  പ്രസ്താവനയ്ക്ക് മാപ്പ് പറയണം അല്ലെങ്കിൽ വിചാരണ നേരിടണം എന്ന സുപ്രീം കോടതി വിധിയ്ക്കു എതിരെയാണ് കോൺഗ്രസ്സ്  വക്താക്കളുടെ ഈ പ്രതികരണം.  മാപ്പ് പറഞ്ഞു എങ്ങിനെയെങ്കിലും  രക്ഷപ്പെടാൻ അവർ ആ പാവം രാഹുലിനെ അവർ  അനുവദിക്കില്ല. അവർക്കെന്താ? ശിക്ഷ കിട്ടിയാലും ആ പാവം അല്ലേ അകത്തു കിടക്കുന്നത്.

"രാഹുൽ ഗാന്ധി ചരിത്രം നന്നായി അറിയാവുന്ന പക്വതയുള്ള ഒരു നേതാവാണ്. അദ്ദേഹം പ്രസ്താവനയിൽ ഉറച്ചു നിൽക്കും" 

ഇതും കൂടി പറഞ്ഞു ആ വക്താവ്. ഇതു കേൾക്കുമ്പോൾ ചിരി യല്ല വരുന്നത്. കരച്ചിലാണ്. കോൺഗ്രസ്സിന്റെ ദുർഗതിയോർത്തു.  ഒപ്പം സഹതാപവും.  വിവരമില്ലാത്ത നേതാക്കളെ വാനോളം പുകഴ്ത്തി കാര്യം സാധിച്ചെടുക്കുക എന്നതാണ് കോൺഗ്രസ്സുകാരുടെ  സ്ഥിരം സ്വഭാവം. അത്തരമൊരു നേതാവാണ് രാഹുൽ ഗാന്ധി 

മുംബൈ ഹൈക്കോടതിയും സമൻസ് അനുസരിക്കണമെന്നു പറഞ്ഞതിന് എതിരായാണ് സുപ്രീം കോടതിയിൽ രാഹുൽ കേസ് കൊടുത്തത്. അതിലാണ് ഇത്തരമൊരു സ്ഥിതി വിശേഷം വന്നു ചേർന്നത്. സ്വാതന്ത്ര്യം കിട്ടിയപ്പോൾ മഹാത്മാ ഗാന്ധി പറഞ്ഞു. "ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്  പിരിച്ചു വിടുക."  ഇനി ഗാന്ധിജി അങ്ങിനെ പറഞ്ഞോ എന്നു കുറെ  കോൺഗ്രസ്സ് കാർ സംശയിക്കുന്നുണ്ടാകാം. കാരണം ചരിത്രം അവർക്കറിയില്ലല്ലോ.  അവർക്ക് വേണ്ടി  ഗാന്ധിജി പറഞ്ഞത് പറയാം. The Collected Works of Mahathama Gandhi Vol. 90 ൽ വ്യക്തമായി പറയുന്നുണ്ട്. (**)  ഗാന്ധിജി പറഞ്ഞത് കേൾക്കാതെ അധികാര മോഹികളായ നെഹ്‌റു ഉൾപ്പടെയുള്ള നേതാക്കൾ ആ കോൺഗ്രസ്സിന്റെ പേര് ഉപയോഗിച്ചു വർഷങ്ങളോളം ഭാരതം ഭരിച്ചു.

അങ്ങിനെ കുടുംബ വാഴ്ച കൊണ്ടു വീണു കിട്ടിയ അധികാരമാണ് രാഹുൽ ഗാന്ധിയ്ക്ക് കോൺഗ്രസ്സിൽ. അങ്ങേർക്കാകട്ടെ ചരിത്രവും അറിയില്ല ഭൂമി ശാസ്ത്രവും അറിയില്ല.ആ മനുഷ്യനാണ് പറഞ്ഞത് RSS ആണ് ഗാന്ധിയെ വധിച്ചത് എന്ന്. ഇത്രയും വിവര ദോഷം പറയുന്ന ഈ മനുഷ്യനെ ഇനിയും കോൺഗ്രസ്സുകാർ വൈസ് പ്രസിഡന്റ് ആയി വച്ചു കൊണ്ടിരിക്കുന്നത് കഷ്ട്ടം തന്നെ. അല്ല അങ്ങിനെ നേതാക്കൾ ഉണ്ടെങ്കിലല്ലേ പിറകിൽ നിന്നും അഴിമതി നടത്താനും പണം ഉണ്ടാക്കാനും കഴിയൂ.

(**)   
“Though split into two, India having attained political independence through means devised by the Indian National Congress, the Congress in its present shape and form, i.e., as a propaganda vehicle and parliamentary machine had outlived its use.

‘'India has still to attain social, moral and economic independence in terms of its seven hundred thousand villages as distinguished from its cities and towns. The struggle for the ascendancy of civil over military power is bound to take place in India's progress towards its democratic goal. It must be kept out of unhealthy competition with political parties and communal bodies. For these and other similar reasons, the AICC resolves to disband the existing Congress organisation’’.

2016, ജൂലൈ 9, ശനിയാഴ്‌ച

പഠനം

കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 14 റാങ്ക് നേടിയത് ശരത് വിഷ്ണു.




സാമ്പത്തിക പരാധീനതയേയും ജീവിത സാഹചര്യങ്ങളെയും അതി ജീവിച്ചു നേടിയ റാങ്കിന് പ്രത്യേക തിളക്കം. ഷൊറണൂർ വാടാനക്കുറിശ്ശിയിൽ  ഒറ്റമുറി വീട്ടിലെ ജീവിതം. നാലു പേർ. അച്ഛൻ, അമ്മ, അനിയത്തി. പത്താം ക്ലാസിൽ പഠിക്കുന്നു അനിയത്തി.





പശുവിനെ വളർത്തി അതിന്റെ പാല് വിറ്റു ജീവിതം."പത്തമ്പതു  വർഷമായി ജോലി ചെയ്യുന്നു. ഇപ്പോൾ ജോലി ചെയ്യാനൊന്നും വയ്യ." ശരത്തിന്റെ അച്ഛൻ പറയുന്നു.  അച്ഛന് സുഖമില്ലാത്തതു കൊണ്ടു പുല്ലു വാങ്ങുന്നതും പാല് വിൽക്കുന്നതും ഒക്കെ ശരത് തന്നെ. അതു കഴിഞ്ഞുള്ള സമയം പഠിച്ചാണ് ഈ മിടുക്കൻ 14  റാങ്ക് നേടിയത്.




ഈ മിടുക്കന് മെഡിസിന് പഠിക്കണ്ടേ?. ശരത്തുമായി സംസാരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആണ് സൗകര്യം. ബാക്കിയൊന്നും അറിഞ്ഞു കൂടാ. ഇന്നലെ അക്ഷയയിൽ പോയി ഓപ്‌ഷൻ കൊടുത്തു. കോഴിക്കോട് ആദ്യ ഓപ്‌ഷൻ. പിന്നെ തിരുവനന്തപുരം. വലിയ ചിലവുണ്ട്. പുസ്തകം, ഫീസ്,  താമസം   അങ്ങിനെ പലതും. 

 തിരുവനന്തപുരം സെൻട്രൽ എക്സൈസ് സമാന മനസ്കരുടെ ഒരു ചെറിയ കൂട്ടായ്മ ഉണ്ട്.  ഞങ്ങളുടെ ആ കൂട്ടായ്മ  ഒരു എളിയ സംഭാവന നൽകി. ഇന്നലെ ശരത്തിനു 25000 രൂപയുടെ ചെക്ക് കൈമാറി. 



ശരത്തിന് എല്ലാ ആശംസകളും. നല്ലതു പോലെ പഠിച്ചു ഡോക്ടർ ആയി പാവപ്പെട്ടവർക്കു വേണ്ടി ജീവിക്കട്ടെ.

2016, ജൂലൈ 7, വ്യാഴാഴ്‌ച

കച്ചവടം

ഞെട്ടലിൽ നിന്നും വിമുക്തമായിട്ടില്ല. രാഷ്ട്രീയക്കാരുടെ ഞെട്ടൽ പോലല്ല. ഞെട്ടി ത്തരിച്ചു പോയി.

 "നികുതി കൊടുത്തു സ്വർണം വാങ്ങൂ.  വാങ്ങുമ്പോൾ ബില്ല് വാങ്ങൂ. ബില്ലും നികുതിയും ഇല്ലാതെ സ്വർണം വിൽക്കില്ല". പറയുന്നത്  നികുതി പിരിവ് കാരോ സർക്കാരോ അല്ല. സ്വർണ്ണക്കച്ചവടക്കാരനാണ് പറയുന്നത്. ടി.വി. യിലെ പരസ്യത്തിലൂടെ.

ഇതു വേറെ ഏതെങ്കിലും രാജ്യത്ത് അല്ല. നമ്മുടെ ഇൻഡ്യാ മഹാരാജ്യത്തു തന്നെ. ജനങ്ങൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന കേരളത്തിൽ തന്നെ ആണ്. എന്തത്ഭുതം! വിശ്വസിക്കാൻ കഴിയുന്നില്ല. അല്ലേ?

സ്വർണത്തിന് കേരള സർക്കാരിന്റെ നികുതി ഉണ്ട്. അതു കൊടുക്കാതിരിക്കാനാണ്  സ്വർണ കടക്കാർ ശ്രമിക്കുന്നത്. അപ്പോൾ ആ കച്ചവടത്തിന്റെ കണക്ക്  എങ്ങും കാണിക്കാതെ നടത്തുന്നു. അതു കൊണ്ടു മറ്റു നികുതി യ്‌ക്കൊപ്പം ആദായ നികുതിയും വെട്ടിക്കുന്നു. അപ്പോൾ ഈ വിൽക്കുന്ന സ്വർണമോ? അതു വരുന്ന വഴി ആണ് കള്ളക്കടത്ത്. കഴിഞ്ഞ വർഷം 926 ടൺ സ്വർണമാണ് നികുതി കൊടുത്തു  ഇറക്കുമതി ചെയ്തത്. അതിലും പതിന്മടങ്ങു സ്വർണമാണ് കള്ളക്കടത്തു വഴി ഇന്ത്യയിൽ എത്തുന്നത്. അതിൽ കൂടുതലും കേരളത്തിലും. ആ കള്ളക്കടത്തു  സ്വർണം എങ്ങോട്ടു പോകുന്നു? ആര്  വാങ്ങുന്നു?ഈ സ്വർണക്കടക്കാർ ആണ് അതു വാങ്ങുന്നത്. കള്ളക്കടത്തു സ്വർണം വാങ്ങി നികുതി കൊടുക്കാതെ വിൽക്കുന്നു. കേരളത്തിലെ പ്രമുഖ ജ്യുവലറികൾ എല്ലാം ഇത്തരത്തിൽ കള്ളക്കടത്തു സ്വർണം വാങ്ങുകയും ആഭരണങ്ങൾ ആക്കി വിൽക്കുകയും ചെയ്യുന്നു. ഉത്സവപ്പറമ്പിലെ ആള് പോലെ സ്വർണം വാങ്ങാൻ ആൾക്കൂട്ടമാണ് എല്ലാ സ്വർണ കടകളിലും. അവിടത്തെ വൈകുന്നേരത്തെ കണക്കു കാണണം. 25 പവനോ 50 പവനോ ആയിരിക്കും ആകെ വിൽപ്പന.  

ഏതാണ്ട് 80000 കോടി രൂപയാണ് കേരളത്തിൽ ഇവർ വർഷം തോറും നികുതി വെട്ടിക്കുന്നത്. പുതിയ ധന മന്ത്രി നികുതി വെട്ടിപ്പ് തടയും എന്നൊരു സംശയം അവർക്കുണ്ട്. അതിനു  തടയിടാനാണ് ഇപ്പോൾ "നികുതി കൊടുക്കൂ" എന്നൊരു പരസ്യവുമായി രംഗത്തു വന്നത്. എന്തെല്ലാം തട്ടിപ്പുകൾ 

2016, ജൂലൈ 1, വെള്ളിയാഴ്‌ച

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം.

സത്യത്തിൽ സ്ഥല ജല ഭ്രമം ഉണ്ടായത് പെട്ടെന്ന് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം കിട്ടിയ രമേശ് ചെന്നിത്തലയ്ക്കാണ്.കൂടാതെ പാർട്ടിക്കുള്ളിൽ നിന്നും വരുന്ന നിസ്സഹകരണം. കൈവിട്ടു പോയ പദവി ആലോചിച്ചുള്ള ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദവും.

മന്ത്രി സഭാ തീരുമാനങ്ങൾ പണ്ടൊക്കെ ഉമ്മൻ ചാണ്ടി വിശദീകരിക്കുകയായിരുന്നു. അതു പിണറായി വിജയൻ ചെയ്യുന്നില്ല. അത്  മാധ്യമങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം ആണെന്നാണ് ചെന്നിത്തലയുടെ ആരോപണം. യാതൊരു ഉളുപ്പുമില്ലാത്ത ഒരു വർഗം ആണ് ഈ രാഷ്ട്രീയക്കാർ. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ആയിരുന്നു ഈ ചെന്നിത്തല. ആ മന്ത്രി സഭ അവസാന മാസങ്ങളിൽ  എടുത്ത തീരുമാനങ്ങൾ മുഴുവൻഒളിച്ചു വച്ചു. ഒരാൾ അതു വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുത്തില്ല. അവസാനം വിവരാവകാശ കമ്മീഷണർ അതു10 ദിവസത്തിനകം  കൊടുക്കണമെന്നുംഇനിയുള്ള മന്ത്രിസഭാ തീരുമാനങ്ങൾ 48   മണിക്കൂറുകൾക്കുള്ളിൽ സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവിട്ടും. അതു ഇതു വരെ കൊടുത്തിട്ടില്ല. അങ്ങിനെയുള്ള മന്ത്രി ചെന്നിത്തല ആണ് പറയുന്നത് പിണറായി മന്ത്രി സഭാ തീരുമാനങ്ങൾ പത്രക്കാരോട് പറയുന്നില്ല എന്ന്. എങ്ങിനെയൊക്കെ ആണ് ജനങ്ങളെ ഇവർ വിഡ്ഢികളാക്കുന്നത്.

ഈ കാര്യങ്ങളൊക്കെ പിണറായി വിജയനും അറിയാം. പക്ഷെ മറുപടിയിൽ അതിനെക്കുറിച്ചു ഒരക്ഷരം പറഞ്ഞില്ല. കാരണമെന്താണ്? രണ്ടും ഒരേ തൂവൽ പക്ഷികൾ. മന്ത്രിസഭയിൽ എടുക്കുന്ന തീരുമാനങ്ങൾ പലതും ജന വിരുദ്ധം ആണ്. അതു രഹസ്യമാക്കി വയ്ക്കാനാണ് രണ്ടു കൂട്ടർക്കും താൽപ്പര്യം. അതു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും രണ്ടു കൂട്ടരും കുറ്റപെടുത്തിന്നില്ല. 

ഇപ്പോൾ മനസ്സിലായില്ലേ കേരളത്തിലെ ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം.

നിയമ സഭയിൽ പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്, ചട്ടങ്ങൾ ഉണ്ട്. മര്യാദകൾ ഉണ്ട്. മാന്യത ഉണ്ട്. സഭയിൽ ഇല്ലാത്ത ഒരാളിനെ കുറിച്ചു അനാവശ്യ പരാമർശം നടത്തുന്നത് ഏതായാലും പാലിക്കേണ്ട മര്യാദ അല്ലെന്നുള്ളത് തർക്കമറ്റ സംഗതി ആണ്.

ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനാവശ്യമായി നരേന്ദ്ര മോദിയുടെ പേര് സഭയിൽ പരാമർശിക്കുകയുണ്ടായി. മുഖ്യ മന്ത്രി പിണറായിയെ  ഉപമിക്കാനാണ് മോദി യുടെ പേര് സഭയിൽ ഉപയോഗിച്ചത്. "മോദിയെ പ്പോലെ പത്രക്കാരിൽ നിന്നും ഒളിച്ചോടുന്ന മുഖ്യ മന്ത്രി വിജയൻ". ഇതാണ് ചെന്നിത്തല പറഞ്ഞത്. മുഖ്യ മന്ത്രി ഒളിച്ചോടുന്നു എന്നു പറയുന്നതിന്  ഇൻഡ്യൻ പ്രധാന മന്ത്രിയെ എന്തിനു നിയമ സഭയിൽ പരാമർശിക്കണം?  പ്രധാന മന്ത്രിയുടെ പേര് അനാവശ്യമായി നിയമ സഭയിൽ വലിച്ചിഴയ്ക്കണം? പ്രധാന മന്ത്രിയെ അധിക്ഷേപിക്കുക ആയിരുന്നില്ലേ പ്രതിപക്ഷ നേതാവ് ചെയ്തത്? ബി.ജെ.പി.യുടെ ഒരു അംഗം കേരള നിയമസഭയിൽ ഉണ്ട്. ഇതു സ്പീക്കറുടെ ശ്രദ്ധയിൽ കൊണ്ടു  വരണം. ഇനി ഇതു ആവർത്തിക്കരുത് എന്നു നിർദ്ദേശവും ഉണ്ടാകണം.