2016, ഡിസംബർ 31, ശനിയാഴ്‌ച

M.T.

എം.ടി. വാസുദേവൻ നായർക്ക് ''പ്രതികരണ ശേഷി'' ഉണ്ടാകാൻ  83 വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു എന്നൊരു വിഷമം മാത്രം ആണ് വായക്കാർക്കു ഉണ്ടായത്. ഇത്രയും വർഷം  അദ്ദേഹത്തിന് ഉണ്ടായിരുന്ന  ''ശേഷിക്കുറവ്''   ഇപ്പോഴെങ്കിലും  മാറിയല്ലോ എന്നൊരു ആശ്വാസവും.

നവംബർ 8 ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞു നേരം വെളുത്ത ഉടനെ അല്ല എം.ടി.അഭിപ്രായം പറഞ്ഞത്.  45 ദിവസത്തെ പഠനത്തിനും ആലോചനയ്ക്കും , സ്വന്തം അനുഭവത്തിനും ശേഷം ആണ് സുചിന്തിതമായ അഭിപ്രായം പറഞ്ഞത്.

ഭാരതത്തിലെ ഓരോ പൗരനും ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനും ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ആരും കൈ കടത്തുന്നുമില്ല.

ഒരു പുസ്തകം പ്രകാശനം ചെയ്യുമ്പോൾ ഏതു തറ പുസ്തകം ആയാലും  അതിനെ പുകഴ്ത്തി  രണ്ടു നല്ല വാക്ക് പറയുക എന്നതാണ് സാമാന്യ മര്യാദ. അല്ലാതെ 'ഇത് വളരെ മോശം പുസ്തകം ആണ്' എന്നൊന്നും പറയാൻ കഴിയില്ല. അതിനാണല്ലോ അവരെ വിളിക്കുന്നതും. സ്വർണ കട ഉദ്ഘാടനത്തിന് കാശ് കൊടുത്തു നടിയെ കൊണ്ട് വരും   എങ്കിലും പുസ്തക പ്രകാശനത്തിന് കാശ് കൊടുത്തു എന്ന് കേട്ടിട്ടില്ല. പിന്നെ വണ്ടിക്കൂലി കൊടുക്കും. അല്ലെങ്കിൽ ആളെ വണ്ടി കൊണ്ട് പോയി വിളിച്ചു കൊണ്ട് വരും. സുകുമാർ അഴിക്കോട് വണ്ടിക്കൂലി വാങ്ങിയാണ് പ്രസംഗത്തിന് പോകുന്നത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. 

ഒരാളെക്കുറിച്ചോ ഒരു പുസ്തകത്തെ കുറിച്ചോ നല്ലതു പറയണമെങ്കിൽ അയാളെ/അതിനെ വിലയിരുത്തി ഗുണം നോക്കിയാണ് പറയേണ്ടത്.അങ്ങിനെ പറയാൻ ഗുണം ഒന്നും ഇല്ലെങ്കിൽ ഉള്ള  ഒരേ ഒരു വഴി മറ്റുള്ളവരെ ദുഷിക്കുക എന്നതാണ്. ആ മാർഗം ആണ് എം.ടി. അവലംബിച്ചത്. തോമസ് ഐസക്കിന്റെ പുസ്തകത്തെ കുറിച്ച് നല്ലത് പറയണമെങ്കിൽ മോദിയെ കുറ്റം പറയണം എന്നൊരു സ്ഥിതി വന്നു.

പിന്നെ, പണ്ട് മഹാരാജാക്കന്മാരുടെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങിയ പാരമ്പര്യമുള്ളവരാണ്  എഴുത്തുകാർ. ആ രക്‌തം സിരകളിൽ ഉണ്ട്. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവരെ ഒന്ന് ഓച്ഛാനിക്കുന്നതിൽ എന്താണ് തെറ്റ്?

 മലയാളത്തിലെ മഹാനായ സാഹിത്യകാരന്  ജ്ഞാന പീഠ ത്തിനു മേലെ ഇനി എന്താണ് ഇവിടെ ഉള്ളത്?

സാഹിത്യകാരനായാലും ഒരു രാഷ്ട്രീയ വീക്ഷണം ഉണ്ടാകാം. മറ്റ് മേഖലകളിൽ ഇല്ലാത്തതു പോലെ യാതൊരു രാഷ്ട്രീയവും ഇല്ലാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന അനേകം എഴുത്തുകാർ ഉണ്ട്. 

മോഹൻലാൽ മോദിയെ അനുകൂലിച്ചപ്പോൾ മാർക്സിസ്റ്റുകാരും മറ്റും അതിനെതിരെ വലിയ പ്രഖ്യാപനങ്ങൾ നടത്തി.സ്വാഭാവികം. അത് പോലെ എം.ടി. മോദി വിരുദ്ധ പ്രസ്താവന നടത്തിയപ്പോൾ ബി.ജെ.പി. അതിനെ വിമർശിച്ചു. സ്വാഭാവികം. അത് രാഷ്ട്രീയം.

സുരേഷ് ഗോപിയ്ക്ക് സ്ഥാനം കിട്ടിയപ്പോൾ മോദിയുടെ അടിമ എന്ന് കമൽ (കമാലുദീൻ എന്ന് വിളിച്ചതിന്റെ പ്രശ്നം തീർന്നിട്ടില്ല) വിളിച്ചു. അതെ കമൽ പിണറായിയുടെ അടിമ ആയി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം സ്വീകരിച്ചു. ഇതോ?

2016, ഡിസംബർ 29, വ്യാഴാഴ്‌ച

ക്രിസ്മസ് ആഘോഷം

ബോൺ നത്താലെ. എന്നൊക്കെയാണ് പത്രങ്ങൾ എഴുതുന്നതും ജനങ്ങൾ പറയുന്നതും. എന്താണ് എന്ന് ഭൂരിപക്ഷം ആൾക്കാർക്കും അറിഞ്ഞും കൂടാ. വെറുതെ ബോൺ നത്താലെ എന്ന് പറഞ്ഞു നടക്കുന്നു. നത്തോലി എന്നൊക്കെ പറയുന്ന അതെ മാനസികാവസ്ഥയിൽ ആണ് ജനം പറയുന്നത്. തൃശൂർ നഗരത്തിൽ ക്രിസ്മസ്സിന് അരങ്ങേറുന്ന ഒരു സംഭവം ആണ് ഈ ബോൺ നറ്റാലെ. ഇപ്പറയുന്നത്  ഇറ്റാലിയൻ ഭാഷ ആണ്. മെറി ക്രിസ്മസ് എന്ന് അർത്ഥം.

6000 ആൾക്കാർ ആണ് സാന്റാ ക്ളോസിന്റെ വേഷം ധരിച്ചു ഈ ക്രിസ്‌മസ്സിനു തൃശൂർ നഗരവീഥിയിലൂടെ ഘോഷയാത്ര ആയി പോയത്. 2014 ൽ 18000 ത്തിൽ അധികം പേർ പങ്കെടുത്ത്‌ ഗിന്നസ് വേൾഡ് റിക്കോർഡ് കരസ്ഥമാക്കിയതാണ് ഈ നത്താലെ. 6000 പേർ. ഒരാൾക്ക് ഈ സാന്റാ ക്ളോസ് വസ്ത്രത്തിനു ഏറ്റവും കുറഞ്ഞത് 1000 രൂപ ചെലവ് വച്ച് കണക്കു നോക്കിയാൽ ഉടുപ്പിന് മാത്രം 60 ലക്ഷം രൂപ! പിന്നെ മറ്റെല്ലാറ്റിനും കൂടി കൂട്ടിയാൽ 1 കോടി രൂപ ചിലവഴിച്ചു എന്ന് കാണാം. എന്തിനായിരുന്നു ഇത്രയും ചെലവ്?  ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ കാർമികത്തിൽ ആയിരുന്നു ഈ പാഴ് ചെലവ്.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ ശ്രദ്ധ തൃശൂർ തന്നെയുള്ള കോട്ടപ്പടി സെന്റ്.ലാസർ പള്ളിയിലേക്ക് ക്ഷണിക്കുന്നു. അവിടെ തിരുനാളിനു ഉള്ള വെടിക്കെട്ട് ഒഴിവാക്കി  പള്ളിയിലെ അച്ചൻ നോബി അമ്പുക്കനും ഇടവകക്കാരും കൂടി ആ പണം കൊണ്ട് കിടപ്പാടം ഇല്ലാത്ത പൊറിഞ്ചു കുട്ടി തോമസിന് ഒരു വീട് നിർമിച്ചു കൊടുത്തു.

അതാണ് ഒരു വികാരിയുടെ കടമ താഴത്തിൽ അച്ചോ.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ ശ്രദ്ധ തൃശൂർ തന്നെയുള്ള ദേവമാതാ സ്‌കൂളിലേക്ക് ക്ഷണിക്കുന്നു. സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ ഷാജു എടമന ഇത്തവണത്തെ ക്രിസ്മസിന്  എല്ലാവരും കൂടി പണമെടുത്തു പൂജ എന്ന അവിടത്തെ വിദ്യാർത്ഥിനി ക്കു ഒരു വീട് ഉണ്ടാക്കി കൊടുത്തു.

അതാണ് സഹ ജീവി സ്നേഹം  താഴത്തിൽ അച്ചോ.

നോബി അച്ചനും ഷാജു അച്ചനും ഒക്കെ താഴത്തിൽ അച്ചൻ പഠിച്ച അതെ മത പഠനം തന്നെ ആണ് നടത്തിയത്. പക്ഷെ അവർ അതിൽ മനുഷ്യ സ്നേഹവും സഹജീവി സ്നേഹവും കൂടി പഠിച്ചു.

പിന്നെ എല്ലാവരെയും  കബളിപ്പിക്കാനായി  മത സ്നേഹം, മത സൗഹാർദ്ദം എന്നൊരു ലേബൽ കൂടി ചാർത്തും.ആശ്രമത്തിൽ നിന്നും ഒരു സ്വാമിയെയും പള്ളിയിൽ നിന്നും ഒരു ഇമാമിനെയും കൂടി പങ്കെടുപ്പിക്കും. (തിരിച്ചും ഇതൊക്കെ തന്നെയാണ്).

ഈ നറ്റാലെ യിൽ എന്താണ് മത സൗഹാർദ്ദം? ഈ ആർഭാടത്തിന്റെ പണം കൊണ്ട് പാവപ്പെട്ടവർക്ക്‌ ഒരു നേരത്തെ ആഹാരമോ അന്തിയുറങ്ങാൻ ഒരു ഇടമോ കൊടുക്കാമായിരുന്നില്ലേ? അതിലായിരുന്നു യേശു തന്റെ ജന്മദിനത്തിൽ സന്തോഷിക്കുമായിരുന്നത്.

2016, ഡിസംബർ 26, തിങ്കളാഴ്‌ച

ഹരിവരാസനം

ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ പോലും  ഇത് വരെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. സന്നിധാനവും പമ്പയും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓരോ സീസൺ കഴിയുമ്പോഴേയ്ക്കും അടുത്തത് ഭംഗിയായി നടത്തും വലിയ കാര്യങ്ങൾ ചെയ്യും എന്ന് പ്ലാനും പദ്ധതിയും എല്ലാം പ്രഖ്യാപിക്കും. അടുത്ത സീസണിലും ഇത് തന്നെ ഗതി. ഒന്നും ചെയ്യില്ല. 

ഇങ്ങിനെ ശബരിമലയിലെ പ്രശ്നങ്ങൾ കൂടി വരുമ്പോഴാണ് പണ്ട് യേശുദാസ് പാടിയ പാട്ടിൽ ഉണ്ടായ തെറ്റ് തിരുത്തി വീണ്ടും പാടിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇറങ്ങി ത്തിരിച്ചിരിക്കുന്നത്.

യേശുദാസ് പാടിയ ഹരിവരാസനം റെക്കോർഡ് ഇട്ടാണ് എന്നും രാത്രി  ശബരിമല   നട അടയ്ക്കുന്നത്. കഴിഞ്ഞ തവണ യേശുദാസിന് തോന്നി അന്ന് റെക്കോർഡ് ചെയ്യാൻ പാടിയപ്പോൾ അർത്ഥം അറിയാതെ പാടിയതാണ്  എന്നും അതിൽ ഒരു പ്രയോഗം തെറ്റാണെന്നും..

മൂന്നാമത്തെ വരി "അരിവിമർദ്ദനം നിത്യ നർത്തനം" എന്നതിൽ അരിവിമർദ്ദനം എന്നത് ഒന്നിച്ചു പാടിപ്പോയി എന്നും 'അരി' കഴിഞ്ഞു ഒരു  ഇട  ഇട്ടു 'വിമർദ്ദനം' പാടേണ്ടതാണ് എന്ന് യേശുദാസ് പറഞ്ഞു. അതാണ് പ്രയാർ പറയുന്നത് യേശുദാസിനോട് പറഞ്ഞു മാറ്റിപ്പടിക്കും എന്ന്.

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മുൻഗണന ക്രമം മനസ്സിലായല്ലോ.  ഇതിലും പ്രധാനപ്പെട്ട നൂറു നൂറു കാര്യങ്ങൾ ശബരിമലയിൽ ചെയ്യാനുള്ളപ്പോഴാണ് പ്രയാർ പാട്ടു പാടിക്കാൻ നടക്കുന്നത്.

ഈ പ്രായത്തിൽ ഇനി യേശുദാസ് പാടിയാൽ ആ പാട്ടിന്റെ ഏഴയലത്തു വരുമോ?

പ്രയാറേ ആവശ്യമുള്ള കാര്യം നോക്ക്. കോടിക്കണക്കിനു രൂപ തരുന്ന ഭക്തി ജനങ്ങൾക്കു മിനിമം സൗകര്യം എങ്കിലും ചെയ്തു കൊടുക്കൂ. പാട്ട് പഴയതു തന്നെ മതി. 

യേശുദാസ് ഇപ്പഴ് പാടുന്നത് ഒന്ന്കേൾക്കൂ.....




2016, ഡിസംബർ 25, ഞായറാഴ്‌ച

ടൈമൂർ.

ടൈമൂർ.  പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ടർക്കോ- മംഗോൾ,  ചെങ്കിഷ്‌ ഖാന്റെ കുലത്തിലുള്ള,  അന്യ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കുന്ന സ്വേച്ഛാധി  പതിയായ  ഭരണാധികാരി ,  എന്ന് പണ്ട് സാമൂഹ്യ പാഠങ്ങളിലും ചരിത്ര ക്ലാസുകളിലും പഠിച്ചതു ഓർമ വരും. അതേ. ആള് അത് തന്നെ.

നൂറ്റാണ്ടുകൾക്കു ശേഷം ടൈമൂർ എന്ന പേര് വീണ്ടും ഭാരതത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇത് ഒരു സിനിമാ ദമ്പതികളുടെ കൊച്ചിന്റെ പേര് ആയതു കൊണ്ട്. കരീന കപൂർ-സൈഫ് അലിഖാന്റെ കുട്ടിയുടെ പേരാണ് ടൈമൂർ എന്ന് ഇടാൻ നിശ്ചയിച്ചത്.

അവര് അവരുടെ കുട്ടിയ്ക്ക് എന്തെങ്കിലും പേര് ഇട്ടോട്ടെ. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. സ്വന്തം കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള അവകാശം അവർക്കുണ്ടല്ലോ.

കിരാതനായ ഒരു ഭരണാധികാരിയുടെ പേര് കുട്ടിക്കിടുന്നതിനെതിരെ വൻതോതിൽ വിമർശനങ്ങൾ ഉയർന്നു വരുന്നു. അത് സ്വാഭാവികം. കാരണം കരീന കപൂർ ഗർഭിണി  ആയ നിമിഷം മുതലുള്ള ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പൊടിപ്പും തൊങ്ങലും വച്ച്  പത്രങ്ങളും ചാനലുകളുമെല്ലാം ആഘോഷപൂർവം കൊണ്ടാടുന്നു. കരീന ഗർഭിണി ആയ വിവരം പരിശോധിച്ച ഡോക്ടർ കരീനയോടോ ഭർത്താവിനോടോ ആയിരിക്കുമല്ലോ പറഞ്ഞത്. അല്ലാതെ  സംഭവം ഡോക്ടർ ജനങ്ങളോടല്ലല്ലോ പറഞ്ഞത്. അപ്പോൾ സംഭവം പുറത്തു വിട്ടത് അവര് തന്നെയാണ്. ഒരു ഗർഭത്തിൽ ഇത്ര രഹസ്യം ഒന്നുമില്ല. രഹസ്യമായി വച്ചിരിക്കാനും കഴിയില്ല. അതിന്റെ ആവശ്യവുമില്ല.  അതൊക്കെ പുറത്തു വിടുന്നതും വാർത്ത യാക്കുന്നതും കരീനയും ഭർത്താവും തന്നെയാണ്. ആ വാർത്തകളും  ജനങ്ങളുടെ അഭിപ്രായങ്ങളും ഒക്കെ സന്തോഷ പൂർവം കരീനയും സൈഫും  ആസ്വദിക്കുകയും ചെയ്തിരുന്നു. കാരണം പ്രസിദ്ധി ആണല്ലോ സ്വകാര്യതയേക്കാൾ അവർക്കു പ്രധാനം. സ്വന്തം പ്രസവം ലൈവ് ആയി ജനങ്ങളെ കാണിച്ച നടിയും നമുക്കുണ്ടല്ലോ.

അങ്ങിനെ കരീനയുടെ ഗർഭം അവരുടെ ആരാധകരുടെ സ്വന്തം ഗർഭമായി മാറി. അങ്ങിനെ  ഇരിക്കെ ടൈമൂർ എന്ന പേരിനെതിരെ വിമർശനം വന്നാൽ അതും ഉൾക്കൊള്ളേണ്ടത് കരീന-ഖാൻ ദമ്പതികളുടെ ഉത്തരവാദിത്വം തന്നെയാണ്. ഇപ്പോൾ കരീനയുടെ ബന്ധു ഋഷി കപൂർ വിമർശനങ്ങൾക്കെതിരെ ദ്വേഷ്യപ്പെടുന്നത് കണ്ടു.  വിവാഹവും വിവാഹിതര ബന്ധങ്ങളും ഒക്കെ പരസ്യമായി അലക്കി അതിൽ പ്രശസ്തി കണ്ടെത്തുന്ന സിനിമാക്കാർ വിമർശനങ്ങളെയും സഹിക്കേണ്ടി ഇരിക്കുന്നു.

വിമർശനങ്ങൾക്കെതിരെ എന്തിനു അസഹിഷ്ണുത കാണിക്കുന്നു? 

2016, ഡിസംബർ 15, വ്യാഴാഴ്‌ച

ഒരു സിനിമാ കഥ

6 മണി. നേരം വെളുത്തു വരുന്നതേയുള്ളൂ. മൂടൽ മഞ്ഞു മാറിയിട്ടില്ല. ഇരുട്ടും. ക്യൂ നീണ്ടു കഴിഞ്ഞിരുന്നു.വേഗം  ക്യൂ വിനു  പിന്നിൽ കയറി.ഡിസംബർ മാസത്തിലെ തണുപ്പ് സ്വെറ്ററിനുള്ളിലേയ്ക്കും അരിച്ചു  കയറുന്നു. കൈകൾ പോക്കറ്റിനുള്ളിൽ തിരുകി കാത്തു നിന്നു. അനന്തമായ കാത്തു നിൽപ്പ്. ................  

ഗോവയിൽ സ്ഥിരം വേദി ആക്കുന്നതിനു മുൻപ്  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യ (IFFI) ഡൽഹിയിൽ ആയിരുന്നു. കണാട്ട് പ്‌ളേസ്  മുതൽ ആർ.കെ.പുരം-വസന്തവിഹാർ വരെ നീണ്ടു കിടക്കുന്ന പത്തു പന്ത്രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഉള്ള കുറെ തിയേറ്ററുകളിൽ  നടത്തുന്ന മേള.  ഓരോ തിയേറ്ററിനും ഓരോ പാസ്സ് സംവിധാനം ആയിരുന്നു. ഒരാഴ്ചത്തെ പാസ്. ഈവനിംഗ് ഷോ ആണെങ്കിൽ ഒരാഴ്ചത്തെ ഈവനിംഗ് ഷോ പാസ്സ്. കുറച്ചു ടിക്കറ്റുകൾ ദിവസവും കൊടുക്കും. കാലം കുറെ മുൻപാണ്. നല്ല  വിദേശ ചിത്രങ്ങൾ കാണാനുള്ള അവസരം ആണ് മേള ഒരുക്കുന്നത്. അന്ന്  ഇന്റർനെറ്റും മറ്റും ഒന്നുമില്ല. അത് കൊണ്ട് നല്ല വിദേശ സിനിമയ്ക്ക് ചലച്ചിത്ര  മേള തന്നെ ശരണം.

തിരക്ക് അപാരം. മത്സര വിഭാഗം, ലോക സിനിമ, ലോക ക്ലാസ്സിക് എന്നൊക്കെയുള്ള വിഭാഗങ്ങൾ ഉണ്ട് . അവയ്ക്കു  പുറമെ മറ്റൊരു പ്രധാന വിഭാഗമുണ്ട്. അതിനാണ് ഏറ്റവും കൂടുതൽ തിരക്ക്. ടിക്കറ്റ് ബ്ളാക്കിൽ പോകും. ഉന്തും തള്ളും അടിയും ഒക്കെ നടക്കും ടിക്കറ്റ് കിട്ടാൻ.എല്ലാ വിഭാഗങ്ങളിലും ഉള്ള ചില പടങ്ങൾ ഉൾക്കൊള്ളുന്ന  ആ വിഭാഗമാണ് ബ്ലൂ. അന്ന് ഇന്റർനെറ്റ് ഒന്നും  ഇല്ലാത്തതു കൊണ്ട്സെ മേളയിലെ സെൻസർ ചെയ്യാത്ത  പടങ്ങൾ ആണ് പ്രധാന അട്രാക്ഷൻ.  എന്തെങ്കിലും ഒക്കെ കാണും. കൂടുതൽ കാണുന്നവ ആണ് പ്രധാനം. ''ഡയറി ഓഫ് എ ഷിഞ്ജിക്കു ബർഗ്ലർ''എന്ന പടത്തിനു റിവോളി തിയേറ്ററിൽ ടിക്കറ്റില്ലാതെ എങ്ങിനെയോ അകത്തു കയറി പത്തു പതിനഞ്ചു മിനിറ്റ് കണ്ടപ്പോൾ അധികാരികൾ ഇറക്കി വിട്ടു എങ്കിലും അത്രയും ആയല്ലോ എന്ന് പറഞ്ഞു ആത്മ സംതൃപ്തി അടഞ്ഞ ഒരു സിനിമാ പ്രേമിയെ അറിയാം. അത്തരം ഒരു കാത്തു നിൽപ്പായിരുന്നു ചാണക്യ പുരിയിലെത്. 'ബോഡി' എന്ന യു.കെ. സിനിമയുടെ  ടിക്കറ്റിനു വേണ്ടി.....................

കാത്തു നിൽപ്പിനു വിരാമമായി. ചാണക്യ തിയേറ്ററിന്റെ ഗേറ്റുകൾ തുറന്നു. അകത്തോട്ടൊരു ഒരു പ്രവാഹം. ഒരു മിനിട്ടു കൊണ്ട് അനൗൺസ്‌മെന്റ് വന്നു. 'ടിക്കറ്റ് തീർന്നു' . ഒപ്പം  കൗണ്ടർ അടപ്പും. ഇതൊരു സാമ്പിൾ.

ആർ. കെ.പുരത്തുള്ള 'സംഗം സിനിമ'യിൽ ഒരാഴ്ച പാസ് സംഘടിപ്പിച്ചു. രാത്രി 9 മണി ഷോ. നല്ല കുറെ സിനിമകൾ. രാവിലെ 11 മണിക്ക് ഐഫക്സ് ഓഡിറ്റോറിയത്തിൽ ഉള്ള ''ചാർളി ചാപ്ലിൻ റെട്രോസ്പെക്ടീവ്‌''  ന് തിരക്കില്ലാത്തത് കൊണ്ട് പാസ് ഒരാഴ്ച. മേളയിലെ ചില നല്ല പടങ്ങൾ ഡൽഹി മലയാളി ഫിലിം സൊസൈറ്റി ക്കാര് പ്രദർശിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്ര രംഗായനിൽ. അങ്ങിനെ ദിവസം മൂന്നു പടം കാണാൻ അവസരം.

രാവിലെ ഓഫീസ്. 11 മണിക്ക് അതിനടുത്തുള്ള 'ഐഫക്‌സിൽ'ചാർളി ചാപ്ലിൻ ചിത്രം. തിരിച്ചു ഓഫീസ്. വൈകുന്നേരം 2കിലോമീറ്റർ അകലെ പാഡ്ഗഞ്ചിൽ ഉള്ള മഹാരാഷ്ട്ര രംഗായനിൽ സിനിമ കാണും. ഡിഫൻസ് മിനിസ്ട്രയിലെ ഉണ്ണി എന്ന  സുഹൃത്തിന്റെ പാസിൽ. അത് കഴിഞ്ഞു നേരെ ബസ് പിടിക്കും ആ സുഹൃത്തിനോടൊപ്പം 15 കിലോമീറ്റർ അകലെയുള്ള സംഗം സിനിമയിൽ എത്താൻ. സമയമില്ല . അത് കൊണ്ട് രാത്രി ഭക്ഷണം ബസ് കാത്തു നിൽക്കുമ്പോൾ വല്ല ചോലെ -ബട്ടൂരെ പോലെ എന്തെങ്കിലും വഴിക്ക് നിന്ന് കൊണ്ട്  കഴിച്ചാൽ ആയി. സംഗം തീയേറ്ററിലെ  സെക്കൻഡ് ഷോ യും കഴിഞ്ഞു 2 കിലോമീറ്റർ നടത്തം. മോത്തി ബാഗിൽ സുഹൃത്തിന്റെ താമസ സ്ഥലത്തെയ്ക്ക്. രാത്രി ഉറക്കം അവിടെ . അങ്ങിനെ ഒരാഴ്ച. കുറെ സിനിമകൾ. നല്ല സിനിമകൾ.

ചാർളി ചാപ്ലിന്റെ കുറെ നല്ല സിനിമകൾ. ഫാസ്ബിൻഡറിന്റെ   സിനിമകൾ, പോളണ്ട് സിനിമകൾ അങ്ങിനെപല സിനിമകൾ.

2016, ഡിസംബർ 13, ചൊവ്വാഴ്ച

സിനിമാക്കാർ






ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാ ഷോയ്ക്കും എണീറ്റ് നിൽക്കണം എന്ന് പറയുന്നത് നിർഭാഗ്യകരം എന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറയുന്നത്.  മനുഷ്യന്റെ പ്രസ്താവന എന്ത് നിർഭാഗ്യകരമാണ്. വിവര ദോഷം പറയുന്നതിനും പരിധി നിശ്ചയിക്കേണ്ടി ഇരിക്കുന്നു. അല്ലെങ്കിൽ കമലും അത് പോലുള്ളവരും വിവര ദോഷം പറഞ്ഞു കൊണ്ടേ ഇരിക്കും.ഇയാളോട്  ചോദ്യം. ദേശീയ ഗാനം ആലപിക്കുമ്പോൾ ആദരസൂചകമായി ജനം എണീറ്റ് നിന്നാൽ ഇയാൾക്കെന്താണ് കുഴപ്പം? അത് ഫിലിം ഫെസ്റ്റിവലിനെ എങ്ങിനെ പ്രതികൂലമായി ബാധിക്കും? 52 സെക്കൻഡ് ആളുകൾ അറ്റൻഷൻ ആയി നിൽക്കുന്നു. സുപ്രീം കോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. ദേശീയ ഗാനത്തിന് ആദരവ് നൽകേണ്ടതിന്റെ ആവശ്യകത. എന്നിട്ടും എന്ത് കൊണ്ട് കമൽ ഇങ്ങിനെ അസഹിഷ്ണുത കാണിക്കുന്നു? ഈ അസഹിഷ്ണുത രാജ്യസ്നേഹത്തിന്റെ കുറവു കൊണ്ടും പിന്നെ യജമാനന്മാരെ സുഖിപ്പിക്കാനും ആണ്. വിധേയൻ തൊമ്മി ആയി അഭിനയിക്കുകയാണ് കമൽ. സിനിമാ മന്ത്രി  എ .കെ. ബാലൻ ആദ്യം പറഞ്ഞു ദേശീയ ഗാനം ഇടാം. എണീറ്റ് നിൽക്കുന്നവർ നിൽക്കട്ടെ എന്ന്. പിന്നീട് അത് പതിയെ മാറ്റി. സുപ്രീം കോടതി വിധി മേളയ്ക്ക് ബാധകമാണോ എന്നറിയാൻ കോടതിയിലും ഒക്കെ പോയി. ബാലനെയും മറ്റും സുഖിപ്പിക്കണമെങ്കിൽ ഇങ്ങിനെ പറയണം എന്ന് ധരിച്ചാണ് കമൽ എന്ന തൊമ്മി ഇങ്ങിനെ പറഞ്ഞത്.

ഓരോ സിനിമാ കാണാൻ കയറാൻ പത്തും ഇരുപതും മിനിട്ടാണ് ഓരോരുത്തരും ക്യൂ നിൽക്കുന്നത്. എന്നിട്ടാണ് ഒരു മിനിറ്റ് എണീറ്റ് നിൽക്കുന്നതിന് കമൽ അസിഹിഷ്ണുത കാണിക്കുന്നത്.

ഒരു ദിവസം ഏതെങ്കിലും ഒരു ഷോയ്ക്കു ദേശീയ ഗാനത്തിന് ഒരു തവണ എണീറ്റ് നിന്നു എന്നൊരു സർട്ടിഫിക്കറ്റു ഓരോ ആൾക്കും കമൽ കൊടുത്താൽ മതി.

ഈ സിനിമാക്കാരുടെ ജാഡ കണ്ടാൽ തുണിയുരിഞ്ഞിട്ട് മുഖത്ത് ഉരച്ചു കൊടുക്കാൻ തോന്നും. പത്തു കാശ് കിട്ടുമ്പോൾ സ്വഭാവം ആകെ മാറും. മഹാൻ ആണെന്ന് സ്വയം തോന്നിത്തുടങ്ങും. ഏഴെട്ടു പടത്തിൽ അഭിനയിച്ചു, മൂന്നാലു പടം സംവിധാനം ചെയ്തു. അഭിനയം ശരാശരിയിലും താഴെ. അപ്പൂപ്പൻ ആനപ്പുറത്തിരുന്നു എന്ന് വച്ച് മോന്റെ ചന്തിയിൽ തഴമ്പ് കാണില്ലല്ലോ.   സംവിധാനവും പറയത്തക്കതായി ഒന്നുമില്ല. പക്ഷെ   അപ്പോഴേയ്ക്കും അഹങ്കാരം കേറി തലയ്ക്കു പിടിച്ചു. ആളാരാണെന്നു മനസ്സിലായി ക്കാണുമല്ലോ. വിനീത് ശ്രീനിവാസൻ.

പുള്ളി പറഞ്ഞ ഊളത്തരവും കൂടി കേട്ടാലേ എത്രത്തോളം വങ്കൻ ആണ് ആളെന്ന് മനസ്സിലാകൂ.

സിനിമയ്ക്ക് മുൻപേ തിയറ്ററുകളിൽ  ദേശീയ ഗാനം വേണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ചു പറയുകയായിരുന്നു. അതിൽ അദ്ദേഹത്തിന് വിഷമം ഒന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമയുടെ സമയം അപഹരിക്കും എന്നതാണ് പ്രശ്നം. ദേശീയ ഗാനത്തിന്റെ ഒരു മിനിറ്റ് ആണ് അദ്ദേഹത്തിന്റെ സിനിമയെ ബാധിക്കുന്നത്! രണ്ടും മൂന്നും മണിക്കൂർ വലിച്ചു നീട്ടി സിനിമ എന്ന പേരിൽ ചവറ് ഉണ്ടാക്കിയ വിനീത് ആണ് പറയുന്നത് ആ ഒരു മിനിറ്റ് അദ്ദേഹത്തിന്റെ സിനിമയെ ബാധിക്കും എന്ന്. ഒരു മിനിറ്റ് അല്ല ഒരു മണിക്കൂർ എടുത്തു മാറ്റിയാലും അങ്ങേരുടെ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. അത്രയും ബോറടി കുറയും എന്ന ഗുണം  മാത്രം.

 'ഉദയനാണ് താരം' എന്ന ചിത്രത്തിലെ പൊങ്ങച്ചക്കാരൻ രാജപ്പൻ എന്ന സരോജ് കുമാർ എന്ന കാരക്ടർ വിനീത് ശ്രീനിവാസനിലൂടെ അറം പറ്റും എന്ന് അതിന്റെ തിരക്കഥാകൃത്തു ഒരിക്കലും വിചാരിച്ചു കാണില്ല.  

2016, ഡിസംബർ 11, ഞായറാഴ്‌ച

കൂടുതൽ കുട്ടികൾ

''മത്സര ബുദ്ധിയോടെ കുട്ടികളെ ജനിപ്പിക്കണം. അന്ത്യശ്വാസം വരെ (ഉത്പാദന ശേഷിയുടെ) കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കണം'' എന്ന് ഒരു മെത്രാൻ പറഞ്ഞതിന് അങ്ങേരെ ആക്ഷേപിച്ചു കൊണ്ട് കേരളം മൊത്തം ഉറഞ്ഞു തുള്ളുകയാണ്. ഇടുക്കി രൂപതയുടെ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇറക്കിയ ഇടയ ലേഖനത്തിൽ ആണ് ഇങ്ങിനെ ഒരു ആഹ്വാനം ആ ദേഹം നടത്തിയിരിക്കുന്നത്.

 ചില 'ഡൗട്ടിങ് തോമ' മാർ കാണും. ഈ പരിപാടി എല്ലാവരും ചെയ്യണോ അതോ ക്രിസ്ത്യാനികൾ മാത്രം ചെയ്‌താൽ മതിയോ എന്ന് സംശയിക്കുന്നവർ. സംശയം വേണ്ട.

 ''കർത്താവിന്റെ ദാനമാണ് മക്കൾ; ഉദരഫലം ഒരു സമ്മാനവും'' (സങ്കി: 127:3 ).
ബൈബിൾ പിടിച്ചാണ് ആനിക്കുഴി ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. അത് കൊണ്ട് വിശ്വാസികൾക്ക് മാത്രമുള്ളതാണിത്. മറ്റു മതക്കാർക്ക് ഇത് ബാധകമല്ല. ഇനി അങ്ങിനെ ചെയ്യുന്ന അവിശ്വാസികൾ "at own risk".

തോമായ്ക്കു സംശയം തീരുന്നില്ല. ഇങ്ങിനെ പന്നിയെപ്പോലെയോ പട്ടിയെപ്പോലെയോ (ദ്വേഷ്യപ്പെടേണ്ട -മെത്രാൻ ഉപയോഗിച്ച വാക്കുകൾ തന്നെയാണ്. പന്നി എന്ന് പറഞ്ഞാൽ ആർക്കെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് പേടിച്ചു 'കാട്ടു പന്നി' എന്ന് ബുദ്ധിപൂർവമാണ് ആനിക്കുഴി പറഞ്ഞത് എന്ന് മാത്രം) കുട്ടികളെ ജനിപ്പിച്ചാൽ ആര് ചെലവ് കൊടുക്കും എന്ന് മെത്രാൻ പറയുന്നില്ല. അല്ലെങ്കിൽ തന്നെ സ്ഥിതി കഷ്ട്ടം ആണ്. ആകെയുണ്ടായിരുന്ന റവ റിനു വില കുറഞ്ഞു മരം മുറിച്ചു കളയേണ്ട അവസ്ഥയാണ്.കുരുമുളക്, ഏലം തുടങ്ങിയ എല്ലാത്തിനും വില കുറഞ്ഞു. ഇപ്പം ഒള്ള പിള്ളാരെ തന്നെ വളർത്താൻ പ്രയാസം. പെമ്പിള്ളാരെ വല്ല നഴ്സ് ആയി പറഞ്ഞയക്കാം എന്ന് വച്ചാൽ ഗൾഫിലും അമേരിക്കയിലും ഒന്നും ജോലിയില്ലാതെ എല്ലാം തിരിച്ചു വരുവാ. അപ്പം പുതിയ പുള്ളാരെ ഒണ്ടാക്കിയാ പള്ളി ചെലവിന് കൊടുക്കുമോ?  അതോ ആഹ്വാനം  മാത്രമേ ഉള്ളോ മെത്രാന്റെ ഉത്തരവാദിത്വം? പിന്നെ പട്ടിണിയും പരിവട്ടവും ആയിട്ട് പിള്ളാരെ വളർത്താൻ തന്തേം തള്ളേം കിടന്നു കഷ്ട്ടപ്പെടണോ? തോമാ നിസഹായനായി ചോദിക്കുകയാണ്.

തോമയുടെ അടുത്ത സംശയം എന്തിനാ ഇങ്ങിനെ ജനസംഖ്യ വർധിപ്പിക്കുന്നത് എന്നാണു. ഇത് കൊണ്ട് എന്താ ഗുണം? ലോകത്തു ആകെ 750 കോടിയുണ്ട്. ഭാരതത്തിൽ 132  കോടി. കേരളത്തിൽ 3.5 കോടി. വളർച്ച  1.5 ശതമാനത്തിൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. അപ്പഴാ മെത്രാൻ പറയുന്നത് ഇനിയും കൂട്ടണം എന്ന്. ഇനി ക്രിസ്ത്യാനി കൂടാനാണോ? ഇപ്പഴ് കേരളത്തിൽ 18 ശതമാനം ആണുള്ളത്. അതങ്ങോട്ടു കൂടിയാൽ ബാക്കിയുള്ള ക്രിസ്ത്യാനികൾക്ക് എന്നാ ഗുണമാ കിട്ടുന്നത്. മെത്രാന്മാർക്കും പള്ളിക്കും ഗുണം കാണും. ഓരോ പുതിയ ആളിനെയും തലയെണ്ണി പണം വാങ്ങാമല്ലോ. ഈ പുതിയ പിള്ളാര് ഓരോന്നിനും മാമോദിസ, മനസമ്മതം,കല്യാണം പിന്നെ ശവമടക്ക് അങ്ങിനെ എത്രയെത്ര മുഹൂർത്തങ്ങൾ ആണ് പള്ളിക്കു വന്നു ചേരുന്നത്.പണവും.

പിന്നെ തോമായുടെ അശ്ളീല വാസന അടുത്ത സംശയത്തിൽ പുറത്തു വരുന്നുണ്ട്. എല്ലാം ഇപ്പം ടീവിയിൽ ലൈവ് ഷോ ആണ്. ഈ മത്സരം? 

ഇങ്ങിനെയുള്ള സംശയ തോമ മാർ ഉളളത് കൊണ്ടാണ് പള്ളി വളരാത്തത്. മെത്രാന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്. തനിക്കു കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്തു കാണട്ടെ എന്ന ആഗ്രഹവും അത് കാണുമ്പോഴുള്ള സന്തോഷവും ഒന്ന് മാത്രമാണ് മെത്രാന്റെ മനസ്സിൽ എന്ന് നിസംശയം പറയാം. 

2016, ഡിസംബർ 9, വെള്ളിയാഴ്‌ച

തിന്മയുടെ വിത്ത്

Image result for illegal construction in munnar




ഹരിത കേരളം എന്നൊരു മിഷനും കൊണ്ട് ഇതാ കേരള സർക്കാർ ഇറങ്ങിയിരിക്കുന്നു.കേരളത്തിലെ പ്രകൃതിയും ജലസ്രോതസ്സും സംരക്ഷിക്കാനും നമ്മുടെ നാട്ടിൽ കൃഷി പുനരുജ്ജീവിപ്പിക്കാനും ഒക്കെയാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. അങ്ങനെയൊക്കെയാണ് മുഖ്യമന്ത്രി എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ഒരേ ലേഖനം എഴുതി എല്ലാ പത്രത്തിനും നൽകിയതായിരിക്കാം. പക്ഷേ ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ ചില മാറ്റങ്ങൾ വരുത്തി മനോരമ ഇട്ടു. ചില വാചകങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഏതാണ്ട് അത് പോലെ തന്നെ. അത്രയും വിധേയത്വം കാണിക്കാതെ മാതൃഭൂമിയാകട്ടെ അത് കുറെയേറെ എഡിറ്റ് ചെയ്തു കളഞ്ഞു. തിരുവനന്തപുരത്തു നിന്നും വടക്കോട്ടു പോകുംതോറും എഡിറ്റിങ് കൂടി കൂടി വന്നു.അതൊക്കെ പോകട്ടെ. അതല്ല വിഷയം.

എന്തെല്ലാം മോഹന വാഗ്‌ദാനങ്ങൾ ആണ് പിണറായി വിജയൻ ആ ലേഖനത്തിൽ കൂടി നൽകിയിരിക്കുന്നത്! കേരളത്തിലെ ''വായു,ജല ഖര മലിനീകരണം'' തടയുക, ''വന സമ്പത്തും ജല സമ്പത്തും സംരക്ഷിക്കലും വ്യാപ്തി വർധിപ്പിക്കലും'' ഒക്കെയാണ്  ഹരിത കേരളം പദ്ധതിയിലൂടെ നടപ്പാക്കണം എന്ന് മുഖ്യ മന്ത്രി ഉദ്‌ബോധനം നടത്തുന്നത്. ഇപ്പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥയുണ്ടോ മുഖ്യ മന്ത്രിയ്ക്ക്? അദ്ദേഹം എഴുതിയതല്ല ഈ ലേഖനം എന്ന് എല്ലാവർക്കും അറിയാം. അതിനൊക്കെയാണെല്ലോ ഗോസ്റ്റ് റൈറ്റേഴ്സിനെ നിയമിച്ചിരിക്കുന്നത്. പക്ഷെ എന്തൊക്കെ ആണ് എഴുതിയിരിക്കുന്നത്എന്നൊന്നു വായിച്ചു കേൾപ്പിക്കാൻ  എങ്കിലും ഈ ശമ്പള എഴുത്തുകാരോട് ഒന്ന് പറയുക എങ്കിലും ചെയ്തു  കൂടായിരുന്നോ? എല്ലാം ശുദ്ധ കള്ളം. എഴുത്തൊന്ന് പ്രവൃത്തി മറ്റൊന്ന്.

രണ്ടു ദിവസം മുന്നേയാണ് ക്വാറി മുതലാളിമാർ സുപ്രീം കോടതിയിൽ പോയത്. 5 ഏക്കറിൽ താഴെയുള്ള ക്വാറികൾക്കും പരിസ്ഥിതി അനുമതി വേണം എന്ന ഹൈക്കോടതിയുടെ വിധിയ്ക്കെതിരെയാണ് ഇവർ സുപ്രീം കോടതിയിൽ പോയത്.  ഹരിത കേരളം കൊണ്ടു വന്ന കേരള സർക്കാർ അവിടെ എന്ത് നിലപാടാണ് എടുത്തത് എന്നറിയാമോ? ക്വാറി മുതലാളിമാർക്ക് അനുകൂല നിലപാട്. അതായത് ക്വാറികൾക്ക് പരിസ്ഥിതി അനുമതി വേണ്ട എന്ന് കേരളം പറഞ്ഞു. സുപ്രീം കോടതി കേരള സർക്കാരിനെ ഇതിന്റെ പേരിൽ നിശിതമായി വിമർശിച്ചിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ക്വാറി മാഫിയയെ സഹായിരിക്കുന്ന ഈ സർക്കാരാണ് പരിസ്ഥിതി സംരക്ഷണം നടത്തും എന്ന് പ്രസ്താവന ഇറക്കുന്നത്.

അടുത്തിടെ ഇറങ്ങിയ മറ്റൊരു തീരുമാനവും ഇവരുടെ പ്രകൃതി സ്നേഹം വെളിവാക്കുന്നു. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളെ എല്ലാം നിയമ വിധേയം ആക്കും എന്നത്. തീരദേശ പരിപാലന നിയമങ്ങളും,തണ്ണീർത്തട നികത്തൽ നിയമങ്ങളും,വന സംരക്ഷണ നിയമങ്ങളും,വയൽ നികത്തൽ നിയമങ്ങളും ഒക്കെ ലംഘിച്ചു കൊണ്ട് പരിസ്ഥിതി നാശം വരുത്തി വച്ച് കൊണ്ട്  ഭൂ മാഫിയയും വൻ കിട കെട്ടിട നിർമാണക്കാരും റിസോർട്ട് മാഫിയയും ഒക്കെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും ഫ്‌ളാറ്റ് സമുച്ചയങ്ങളും റിസോർട്ടുകളും ഒക്കെയാണ് നിയമ വിധേയം ആക്കാൻ പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.മൂന്നാറിലുംവായനാടിലും വനം  കയ്യേറി നിർമിച്ച റിസോർട്ടുകൾ കോവളത്തും വർക്കലയിലും മാരാരിക്കുളത്തും കടൽത്തീരം കയ്യേറി നിർമിച്ച ഹോട്ടലുകൾ,പുഴയും കായലും കയ്യേറി നിർമിച്ച കെട്ടിടങ്ങൾ ഇവയൊക്കെയാണ്  വിധേയമാക്കുന്നത്. 

പിണറായി സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആത്മാർഥത ഇതിൽ നിന്നും മനസ്സിലാകുമല്ലോ,ഇങ്ങിനെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന പിണറായി സർക്കാർ ആണ്  " ദീർഘ നാളുകളിലെ തെറ്റായതും അശാസ്ത്രീയവും  ആയ പ്രകൃതി ചൂഷണത്തിലൂടെ തകർന്ന പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കണം "  എന്ന് പറഞ്ഞു ഹരിത കേരളവും ആയി വരുന്നത് .ഇത് വെറും തട്ടിപ്പു ആണ്, ജനങ്ങളുടെ പണം  കുറെ രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും കൂടി പങ്കിട്ടെടുക്കാനുള്ള ഒരു പദ്ധതി ആണ് ഹരിത കേരളം. പരിസ്ഥിതി നശിപ്പിക്കുന്നതിന് അനുകൂലമായ തീരുമാനങ്ങളും നിയമങ്ങളും ഈ സർക്കാർ ആദ്യം മാറ്റട്ടെ. അത് കഴിഞ്ഞു ആർജവത്തോടെ വരട്ടെ ''ഹരിത കേരളം' എന്ന ''നന്മയുടെ വിത്തിടാൻ''. അല്ലെങ്കിൽ ഈ സർക്കാർ വിതയ്ക്കുന്ന വിത്തെല്ലാം തിന്മയുടേതാകും. ആ വിത്തുകൾ പാറമടകളിലും,  വരണ്ട പുഴകളിലും,പാടത്തും കിടന്നു പ്രകൃതി നാശത്തിന്റെ മുളകളായി നാമ്പെടുക്കും. നാട് നശിക്കും.    

2016, ഡിസംബർ 4, ഞായറാഴ്‌ച

ദേശീയ ഗാനം.

 സിനിമ തുടങ്ങുന്നതിനു മുൻപ് എല്ലാ സിനിമാ തിയേറ്ററുകളിലും ദേശീയ ഗാനം ഇടണം എന്ന് സുപ്രീം കോടതി വിധി വന്നിരിക്കുന്നു. ആ സമയം ദേശീയ പതാക സ്‌ക്രീനിൽ കാണണമെന്നും എല്ലാവരും എഴുനേറ്റു നിൽക്കണമെന്നും ആണ് നിർദ്ദേശം.

'' അടുത്ത കാലത്തു ജനം പലതും വായിക്കുന്നുവെങ്കിലും ദേശീയതയെ കുറിച്ചുള്ള കാര്യങ്ങൾ പഠന വിധേയമാക്കാറില്ല. ആഗോളീകരണം ഒക്കെ ശരി  തന്നെ പക്ഷേ സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും ഒക്കെ ഉറവിടം ആണ് ഭാരതം. ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും ആദരവ് നൽകുന്ന ഒരു രാഷ്ട്രമാണ് ഭാരതം എന്ന് ജനങ്ങൾക്ക് അനുഭവവേദ്യമാകണം.'' -സുപ്രീം കോടതി പറഞ്ഞു. 

ഇതിനെതിരെ പലരും  രംഗത്ത് എത്തിക്കഴിഞ്ഞു. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുഎന്നും അതിലേക്കുള്ള ഒരു കടന്നു കയറ്റം ആണെന്നും ഒരു കൂട്ടം  പറയുന്നു. മറ്റൊരു കൂട്ടരാകട്ടെ രാജ്യ സ്നേഹം അടിച്ചേൽപ്പിക്കേണ്ടതല്ല എന്നും.

പണ്ടും സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം ഇടുന്ന പതിവ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ ഉടൻ ദേശീയ ഗാനം. അത് പോലെ വൈകുന്നേരം പള്ളിക്കൂടം വിടുന്നതിനു മുൻപ് ജനഗണ മന ആലപിക്കുന്ന പതിവ് ഉണ്ടായിരുന്നു. (ജനഗണ മന എന്നായിരുന്നു കുട്ടികൾ പറഞ്ഞിരുന്നത്). അത് പോലെ പൊതു ചടങ്ങുകളിൽ അവസാനം  ദേശീയ ഗാനം ആലപിക്കാറുണ്ടായിരുന്നു.   അങ്ങിനെ ദേശീയ ഗാനം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 

കാല ക്രമേണ  ദേശീയ ഗാനം ആലപിക്കുന്നത് ഒഴിവാക്കിത്തുടങ്ങി. പൊതു ചടങ്ങുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമൊക്കെ ദേശീയ ഗാനത്തെ ഒഴിവാക്കിയത്  ബോധ പൂർവമായിരുന്നോ എന്നത് ചിന്തിക്കേണ്ടി ഇരിക്കുന്നു. ദേശീയ ഗാനം ഒരു ദേശീയത ബോധം ഉണർത്തും എന്നൊരു ചിന്ത ആയിരിക്കാം അതിനെ ബുദ്ധിപൂർവം ഒഴിവാക്കിയതിന് പിന്നിലുള്ള കാരണം എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

ഈ വിധി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.സർവ സ്വതന്ത്ര സ്വാതന്ത്ര്യം അല്ലല്ലോ ലോകത്തു ഒരു രാജ്യത്തും. എല്ലായിടത്തും നിയന്ത്രണ വിധേയമായ സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ.നിരത്തിൽ വാഹനം ഓടിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അത് നിയമങ്ങൾക്കു അനുസരിച്ചു വേണം. അത് പോലെ സ്വന്തം മുറിയുടെ ഭിത്തികൾക്ക് അകത്ത്  നഗ്‌നത ആകാമെങ്കിലും സ്വാതന്ത്ര്യം എന്ന് പറഞ്ഞു പൊതു സ്ഥലത്തു നഗ്‌നത പാടില്ലല്ലോ. സ്വന്തം വീടിന്റെ ബാൽക്കണിയിൽ പോലും നഗ്‌നതാ പ്രദർശനം പാടില്ല. എല്ലാ സ്വാതന്ത്ര്യവും നിയമങ്ങൾക്കും അതിലൂടെയുള്ള നിയന്ത്രണങ്ങൾക്കും വിധേയമാണ് .അത് കൊണ്ട് സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന വാദഗതി തീർത്തും ബാലിശമാണ്. ദേശീയ ഗാനം ആലപിക്കുമ്പോൾ വേണമെന്നുള്ളവർ എണീറ്റ് നിന്നാൽ മതി എന്ന് കേരളത്തിൽ മന്ത്രി ബാലൻ പറയുകയുണ്ടായി. അദ്ദേഹം വക്കീൽ പരീക്ഷ പാസായ ആളാണെന്നു തോന്നുന്നു. എന്നിട്ടു പോലും സുപ്രീം കോടതി വിധിയെ ഇങ്ങിനെ ധിക്കരിക്കാൻ  പ്രേരിപ്പിച്ചത് എന്താണെന്നു മനസ്സിലാകുമല്ലോ. നിയമ സഭയിൽ സ്പീക്കർ പ്രവേശിക്കുമ്പോൾ എല്ലാവരും എണീക്കുന്നു. അതെന്തിനാണ്? ആ  കൂട്ടത്തിൽ ശ്രീ ബാലൻ എണീക്കാറില്ലേ? അതോ വേണമെങ്കിൽ എണീറ്റാൽ മതി എന്ന നിലപാടാണോ അവിടെ അദ്ദേഹം എടുക്കുന്നത്?

രാജ്യ സ്നേഹം അടിച്ചേൽപ്പിക്കുന്നു എന്ന് പറയുന്നു ചിലർ. ഒരു രാജ്യത്തുള്ളവർ ആ രാജ്യത്തോട് കൂറ് പുലർത്താൻ ബാധ്യസ്ഥരാണ്.അത് ഭാരതത്തിൽ മാത്രമല്ല ലോക രാജ്യങ്ങളിൽ എല്ലായിടത്തും ഉള്ള നിയമം തന്നെയാണ്. കൂറ് പുലർത്താത്തവരെയാണ് രാജ്യ ദ്രോഹി എന്ന് വിളിക്കുന്നത്. അപ്പോൾ രാജ്യ സ്നേഹം നിർബന്ധിതമാണ്. അത് അടിച്ചേൽപ്പിക്കുകയല്ല ഇവിടെ ചെയ്യുന്നത്. അത് മനസ്സിലാക്കിക്കൊടുക്കുക ആണ് ഈ വിധിയിലൂടെ സുപ്രീം കോടതി ചെയ്തത്.

ഇതൊന്നും അറിയാത്തവരല്ല ഈ വിധിക്കെതിരെ പറഞ്ഞു  നടക്കുന്നവർ. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നവർ ആണവർ. ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലു വിളിക്കുന്നവർ. 

ദേശീയ ഗാനം തിയേറ്ററുകളിൽ ആലപിക്കുകയും അപ്പോൾ ബഹുമാന സൂചകമായി എണീറ്റ് നിൽക്കുകയും ചെയ്‌താൽ എന്താണ് ദോഷം വരുന്നത്? 








2016, ഡിസംബർ 1, വ്യാഴാഴ്‌ച

കടും വെട്ട്

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അവസാന കാലത്തു കുറെ  ഉത്തരവുകൾ ഇറക്കി. കേരളത്തെ  സ്വകാര്യ വ്യക്തികൾക്ക് വിറ്റുതുലയ്ക്കുന്ന തീരുമാനങ്ങൾ  ആയിരുന്നു അവ. റബ്ബർ മരം മുറിക്കുന്നതിന് മുൻപ് പാല് ഊറ്റിയെടുക്കാനുള്ള വെട്ട് പോലെ കടും വെട്ട്. അത് പോലെ പണം ഊറ്റിയെ ടുക്കാനുള്ള കടും വെട്ടു ഉത്തരവുകൾ ആയിരുന്നു അവ.

378 ഏക്കർ മെത്രാൻ കായൽ, സന്തോഷ് മാധവന്റെ പുത്തൻവേലിക്കര, കടമക്കുടി, 750 ഏക്കർ ഹോപ്പ് പ്ലാന്റേഷൻ ഭൂമി, ചെമ്പ് ഭൂമി, വിജയ മല്യക്ക് പാലക്കാട് കൊടുത്ത ഭൂമി, 833 ഏക്കർ കരുണ എസ്റ്റേറ്റ്, തുടങ്ങിയ, കോടികൾ കമ്മീഷൻ ഇനത്തിൽ മറിയുന്ന  അനവധി ഭൂമി കച്ചവടങ്ങൾ.

ഈ കടുംവെട്ടുകൾ ആണ് പിണറായിയെ അധികാരത്തിൽ എത്തിച്ചതിന്റെ മുഖ്യ കാരണം.  പിണറായി മന്ത്രി സഭ വന്നപ്പോൾ കടും വെട്ടു ഉത്തരവുകൾ എല്ലാം പരിശോധിക്കാനായി മന്ത്രി ബാലന്റെ അധ്യക്ഷതയിൽ,തോമസ് ഐസക്ക്,സുനിൽ കുമാർ,മാത്യു തോമസ്,ശശീന്ദ്രൻ എന്നിവരെ ഉൾപ്പെടുത്തി  ഒരു മന്ത്രിസഭാ ഉപ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ജൂണിൽ ഈ കമ്മിറ്റി പറഞ്ഞത് 127 ഉത്തരവുകൾ പരിശോധിച്ച് എന്നും അതെല്ലാം ക്രമ വിരുദ്ധം എന്ന്. ഇനിയും കൂടുതൽ ഉത്തരവുകൾ പരിശോധിക്കാനുണ്ട് എന്നും.കമ്മിറ്റി വന്നിട്ട് മാസം 6 കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുന്നു.

ഇതൊരു ഒത്തു കളിയാണ്. തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ കടും വെട്ടു ഉത്തരവുകൾ എല്ലാം ക്രമ വിരുദ്ധവും അഴിമതി നിറഞ്ഞതും കോടികൾ കൈക്കൂലി വാങ്ങിയതും ആണെന്ന് ജനം അറിഞ്ഞു കഴിഞ്ഞു. അത് മുതലെടുത്തു അഴിമതി തുടച്ചു നീക്കും എന്ന് തെറ്റി ധരിപ്പിച്ചു പിണറായി സർക്കാർ അധികാരത്തിൽ വന്നു. ഒരു ഉപ സമിതിയെയും നിയമിച്ചു.

കാര്യത്തോട് അടുത്തപ്പോഴാണ് ഈ അഴിമതിയുടെ അനന്ത സാധ്യതകൾ അവരും മനസ്സിലാക്കുന്നത്. ഭൂ മാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഒരു അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിൽ ഉണ്ട്. ഇടതു-വലതു മുന്നണി ഭേദമില്ലാതെ എല്ലാവരും അതിൽ പങ്കുകാരാണ്.അത് കൊണ്ടാണ് 6 മാസമായിട്ടും ഉപ സമിതിയുടെ പരിശോധന എങ്ങുമെത്താതെ ഇങ്ങിനെ നീളുന്നത്. ഭൂ മാഫിയ ആകട്ടെ വളരെ ശക്തരും . ഉദ്യോഗസ്ഥരോ ഇതിൽ നിന്നും ഇടനിലക്കാരായി നിന്ന് സത്യം മറച്ചു വയ്ക്കുന്നു.

ഉമ്മൻ ചാണ്ടി വെട്ടിയ കടും വെട്ടിൽ നിന്നും ഇനിയും പണം ഒഴുകും എന്ന് പിണറായിക്ക് അറിയാം. അതിങ്ങു വരട്ടെ. അടുത്ത 5 വർഷം  ഭരണം കിട്ടിയില്ലെങ്കിലും ഇത് തന്നെ ധാരാളം.