2017, ജൂലൈ 31, തിങ്കളാഴ്‌ച

പി.ടി. ഉഷ

ഇനി മുതൽ  പത്ര മാധ്യമങ്ങളെയോ കാണില്ല എന്ന് പറഞ്ഞിരിക്കുന്ന പി.ടി. ഉഷ ഒരു 8 വർഷംപിറകോട്ടൊന്നു നോക്കുമോ? 2009 ൽ ഭോപ്പാലിൽ നടന്ന ദേശീയ അത്‍ലറ്റിക്ക് മീറ്റിൽ  സ്വീകരിക്കാൻ ആരുമില്ലാതെ  ഉഷയും മത്സരാർത്ഥികളും 5 മണിക്കൂർ  കറങ്ങി നടന്നതും അവിടത്തെ  മന്ത്രി  മാപ്പു പറഞ്ഞതും  ഒക്കെ  മാധ്യമങ്ങൾ ഈ പ്രശ്നം പുറത്തു കൊണ്ട് വന്നത് കൊണ്ടല്ലേ? അന്ന് ഇന്റർവ്യൂ കൊടുക്കാനും ഒക്കെ ഉഷയ്ക്ക് ഉത്സാഹം ആയിരുന്നല്ലോ.

ഉഷ അത്യധ്വാനം ചെയ്തതു  കൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിയത്. തന്റെ കഴിവും മത്സര ബുദ്ധിയും ഒന്നു  കൊണ്ട് മാത്രമാണ് ഉഷ പയ്യോളിയിൽ നിന്നും ലോസ് ആഞ്ചലസ്‌ ഒളിംപിക് ട്രാക്കിൽ എത്തിയതെന്നും ഒക്കെ എല്ലാവർക്കും അറിയാം. പ്രതികൂല സാഹചര്യങ്ങളോട്  പൊരുതി ആണെന്നും. പക്ഷേ ഇതിനൊക്കെ ഒരു അവസരം കിട്ടണം. പിന്തുണയും. അത് ഉഷയ്ക്ക്  കിട്ടി. കേരളത്തിൽ നിന്നും ഭാരതത്തിൽ നിന്നും. കേരളത്തിലെ ഓരോ ആളും ഉഷയ്ക്ക് വേണ്ടി നില കൊണ്ടു. മാധ്യമങ്ങൾ ഒന്നാകെ ഉഷയ്ക്ക് വേണ്ടി എഴുതി,പറഞ്ഞു. കഴിവ് കൊണ്ട് മാത്രം എങ്ങും എത്തില്ല എന്ന് ഉഷയ്ക്ക് സ്വന്തം അനുഭവത്തിൽ നിന്നും നന്നായി   അറിയാമല്ലോ. കഴിവ് തെളിയിക്കാൻ ഉള്ള അവസരങ്ങൾ കിട്ടണം. അങ്ങിനെ കിട്ടിയത് കൊണ്ട് മാത്രമാണ് ഉഷ ഈ നിലയിൽ എത്തിയത്. അതിനു നാടിന്റെയും നാട്ടാരുടേയും പിന്തുണ കിട്ടി.

ഇവിടെ ചിത്രയ്ക്ക് കിട്ടാതെ പോയത് അവസരം ആണ്. ലോക അത്‍ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ  അവസരം ആണ് നിഷേധിക്കപ്പെട്ടത്. അതും ഉഷ ഉണ്ടായിരുന്ന ഒരു കമ്മിറ്റിയിൽ നിന്നും. അതാണ് മാധ്യമങ്ങൾ പറഞ്ഞത്. ഉഷയുടെ കൂടെ എന്നും ഉണ്ടായിരുന്ന  അതേ മാധ്യമങ്ങൾ.  ജനങ്ങളും ഒപ്പം കൂടി. മറ്റൊരു ഉഷയെ ആണ് കേരളം ചിത്രയിൽ കണ്ടത്. അതിനുള്ള അവസരം ആണ് നിഷേധിക്കപ്പെട്ടത്. പഴയ ഒരു വീഡിയോ നോക്കൂ.അന്നത്തേതിലും നിസ്സഹായയായും  വേദനയോടെയും  കരയുകയല്ലേ  ഇന്ന് ചിത്ര? 






2017, ജൂലൈ 26, ബുധനാഴ്‌ച

എം.എൽ.എ. പീഡനം




സ്ത്രീ പീഡനം ഒരു തുടർ കഥ ആകുകയാണ്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരും രാഷ്ട്രീയക്കാരും ഒക്കെ പീഡകരാണ്. പണവും അധികാരവും കൊണ്ട് ഇതൊക്കെ തേച്ചു മാച്ചു കളയാം എന്നുള്ള വിശ്വാസം ആണ് അവർക്കു. ഐസ് ക്രീം സൂര്യ നെല്ലി ഇതൊക്കെ അവർക്കു പ്രോത്സാഹനം നൽകുന്നുമുണ്ട്. പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ  വിൻസന്റ് എം.എൽ.എ. യെ പിന്തുണച്ചു കോൺഗ്രസ്സുകാർ എല്ലാവരും. അയാൾ പീഡിപ്പിച്ചു എന്ന് വീട്ടമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.പക്ഷേ കോൺഗ്രസ്സുകാർക്ക് അത് ഗൂഡാലോചന ആണ്. മാർക്സിസ്റ്റുകാർ നടത്തിയ ഗൂഡാലോചന. 

നടിയുടെ കേസിൽ  ദിലീപിനെ അറസ്റ്റ് ചെയ്യണമെന്ന് ചാനലുകളിൽ വാദിച്ചവരാണ് കോൺഗ്രസ്സുകാർ.  നടിയെ പീഡിപ്പിച്ചത് സുനി. അതിൽ ഗൂഡാലോചന ആണ് ദിലീപിന്റെ പേരിൽ. എന്നിട്ടും അറസ്റ്റ് ചെയ്യണം എന്ന്. വിൻസെന്റിന്റെ കേസിലോ? വിൻസന്റ് തന്നെ പീഡിപ്പിച്ചു എന്ന് വീട്ടമ്മ തന്നെ മൊഴി നൽകി. എന്നിട്ടും കോൺഗ്രസ്സുകാർക്കു ഇത് ഗൂഡാലോചന ആണ്. 900 തവണയാണ് ഇവർ തമ്മിലുള്ള ഫോൺ വിളി. ഇന്നലെ ഒരു പൊട്ടൻ ചാനലിൽ പറയുകയാണ് അതിൽ 128 എണ്ണം മാത്രമേ എം.എൽ.എ. അങ്ങോട്ട് വിളിച്ചുള്ളൂ എന്ന്. പോരേ? എന്തിനാ ഒരു വീട്ടമ്മയെ 128 തവണ വിളിക്കുന്നത്? സംഭവം പുറത്തറിഞ്ഞ ഉടൻ വിൻസന്റ് വീട്ടമ്മയുടെ സഹോദരനെ വിളിച്ചു സംഭവം ഒതുക്കാൻ പറയുന്നതിന്റെ ശബ്ദ രേഖ പുറത്തായി. അത് പോലെ ആ കോൺഗ്രസ്സ് പൊട്ടൻ പറയുന്നു നാട്ടുകാരെല്ലാം എം.എൽ.എ. യ്ക്ക് അനുകൂലമാണ് എന്ന്. കാശ് കൊടുത്താൽ കോൺഗ്രസ്സ്കാർ ഏതു വശത്തേക്കും പോകും. പോലീസ് അന്വേഷിക്കട്ടെ. അത് വരെ വിൻസന്റ് റിമാൻഡിൽ കഴിയട്ടെ. 

2017, ജൂലൈ 24, തിങ്കളാഴ്‌ച

നഴ്‌സുമാരുടെ സമരം




നഴ്‌സുമാർ സൂക്ഷിക്കുക. പക ഉള്ളിൽ സൂക്ഷിക്കുന്ന പാമ്പുകളാണ്  സി.പി.എം.  ഭരണാധികാരികൾ.(ടി.പിയുടെ 51 വെട്ടു ഓർമ്മിക്കുമല്ലോ) അതിനാൽ  മുഖ്യ മന്ത്രിയെ പുകഴ്ത്താതെ ഓരോ ചുവടും ശ്രദ്ധയോടെ  വച്ച് മുന്നോട്ട് പോവുക. ആശംസകൾ.

നഴ്‌സുമാരുടെ സമരം വിജയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കൂടെ നടന്നോ, അധികാരികളുടെ കാലു പിടിച്ചോ നേടിയ വിജയമല്ല. ചങ്കുറപ്പോടെ സമരം ചെയ്തു നേടിയ സമരം. യാതൊരു ഗത്യന്തരവുമില്ലാതെയാണ് മുഖ്യ മന്ത്രിക്കു ഒത്തു തീർപ്പു ചർച്ചയ്ക്കു അവരെ വിളിക്കേണ്ടി വന്നതും അവരുടെ മിനിമം ആവശ്യമായ മിനിമം ശമ്പളം 20000 രൂപ അംഗീകരിക്കേണ്ടി വന്നതും. അതിന്റെ ക്രെഡിറ്റ് പൂർണമായും സമരത്തിൽ ശക്തമായി ഉറച്ചു നിന്ന നഴ്‌സുമാർക്ക് തന്നെയാണ്. അവർക്കു മാത്രം.

തുടക്കം മുതലേ ;സമരത്തിന് എതിരായ നിലപാടാണ് സർക്കാർ എടുത്തത്. അതിനു പ്രധാന കാരണം ഈ നഴ്‌സന്മാര് ഇവരുടെയൊന്നും ട്രെയിഡ് യൂണിയനിൽ ഇല്ല എന്നത് തന്നെ. പിന്നെ അവരെ എന്തിനു സഹായിക്കണം. മ്റ്റൊരു കാര്യം ആശുപത്രി മുതലാളിമാരോടുള്ള  സ്നേഹം.  സ്വകാര്യ ആശുപത്രികളെ പിണക്കാൻ അവർക്കു കഴിയില്ല. പാർട്ടിയ്ക്ക് സംഭാവന നൽകുന്ന അവരെ പിണക്കുന്നതു ബുദ്ധിയല്ലല്ലോ.

ഏറെ വൈമനസ്യത്തോട് കൂടിയാണ്  സർക്കാർ ഒത്തു തീർപ്പു നടത്തിയത്. സ്വേച്ഛാതിപരമായാണ്  മുൻപ് നടന്ന ചർച്ചയിൽ ആരോഗ്യ മന്ത്രി 17000 ശമ്പളം പ്രഖ്യാപിച്ചത്. ഇതിനെ നിങ്ങൾക്കു അർഹതയുള്ളൂ വേണമെങ്കിൽ  എന്ന പുശ്ചത്തോട് കൂടി. കേരളത്തിലെ ജനങ്ങൾ ഒന്നാകെ നഴ്സ് മാരുടെ ന്യായമായ ആവശ്യത്തോ ടൊപ്പമെന്ന തിരിച്ചറിവും ആരോഗ്യ മേഖല പൂർണമായും സ്തംഭിക്കും എന്ന സത്യത്തിനു നേരെ കണ്ണടക്കാൻ കഴിയാത്തതു കൊണ്ടും ആണ് സർക്കാർ ഇടപെട്ടത്.  പിന്നെ മറ്റൊരു കാര്യം കൂടി. കേന്ദ്ര ആരോഗ്യ മന്ത്രി ലോക് സഭയിൽ നടത്തിയ പ്രഖ്യാപനം നേഴ്‌സുമാർക്ക് ശമ്പളം  കൂടുതൽ കൊടുക്കണം  ആയിരുന്നു. നഴ്‌സുമാർ ട്രെയിഡ് യൂണിയനുകളിൽ   ചേരാത്തതിന്റെ ദ്വേഷ്യം സി.പി.എം. നുണ്ട്. അതാണ് സർക്കാർ കളിച്ചതു. മൂന്നാറിൽ പെമ്പിളൈ ഒരുമൈ സമരം പൊളിച്ചത് പോലെ ഇവിടെയും പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ നടന്നില്ല.



2017, ജൂലൈ 22, ശനിയാഴ്‌ച

സ്പീക്കറുടെ കസേര

ഒരു കഥയുണ്ട്. പ്രതാപിയായ കാരണവരുടെ  വീട്ടിൽ ചെന്ന ഒരു ഭിക്ഷക്കാരനോട് ' ഒന്നുമില്ല '  പറഞ്ഞു കാര്യസ്ഥൻ പറഞ്ഞയച്ചു. '' ഒന്നും ഇല്ല  എന്ന് പറയാൻ നീ ആരാ" എന്ന് കാര്യസ്ഥനോട് ക്ഷോഭിച്ചു. എന്നിട്ട്   ആ ഭിക്ഷക്കാരനെ തിരിച്ചു വിളിച്ചു എന്നിട്ടു പറഞ്ഞു  " ഒന്നും  ഇല്ല". പറയേണ്ടത് കാര്യസ്ഥനല്ല കാരണവർ ആണ്. ഞാനെന്ന ഭാവം, അധികാര ഭാവം തലയ്ക്കു പിടിച്ചതു കാണിക്കുന്നൂ ഈ കഥ.

ഇന്നലെ സ്പീക്കർ പോലീസിനെ വിരട്ടി. എന്റെ അനുവാദം  ഇല്ലാതെ രണ്ടു എം.എൽ.എ. മാരുടെ ,മൊഴി  എന്തിനു എടുത്തു? മൂന്നാമത്തെ എം.എൽ.എ. യുടെ മൊഴി എടുക്കണ്ട എന്ന് ഉത്തരവും ഇട്ടു. എടുത്തതിന്. അത് കഴിഞ്ഞു പോലീസ് ചെന്ന് സ്പീക്കറുടെ അനുമതി ചോദിച്ചു. " ശരി എടുത്തോളൂ" എന്ന് സ്പീക്കർ ഉത്തരവും ഇട്ടു.  " ഒന്നും  ഇല്ല" എന്ന് കാര്യസ്ഥൻ പറഞ്ഞത് പോരാഞ്ഞു സ്വയം പറഞ്ഞ കാരണവർ.

കാരണവരുടെ സ്വഭാവം ഇപ്പോൾ ജന പ്രതിനിധികൾക്ക് കിട്ടിയിരിക്കു കയാണ്‌. എം.എൽ.എ. ഹോസ്റ്റലിൽ  ഗുണ്ടാ ആക്രമണം ഒന്നുമല്ല നടന്നത്. പോലീസ് അതിക്രമവും അല്ല. നേരത്തെ നോട്ടീസ് കൊടുത്തു സമയം ചോദിച്ചു പാവം പോലീസ് വിനീത വിധേയരായി എം.എൽ.എ.മാരുടെ മൊഴി എടുത്തു. അത്ര തന്നെ.  ഒരു സ്ത്രീ  പീഡന,ഗൂഡാലോചന  ക്കേസാണിത്. എത്രയും പെട്ടെന്ന് സംശയമുള്ളവരുടെ മൊഴി എടുത്തു, തെളിവ് ശേഖരിച്ചു കുറ്റവാളികളെ അറസ്റ്റ് ചെയ്തു ശിക്ഷിക്കാൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കുകയല്ലേ ഉത്തരവാതിത്വപ്പെട്ട ജന പ്രതിനിധി ചെയ്യേണ്ടത്? അതോ നടപടി ക്രമങ്ങളുടെ നൂലാമാലകളിൽ പെടുത്തുകയോ? 

സ്പീക്കറുടെ അന്തസ്സൊക്കെ നമ്മൾ കണ്ടതാണ്. കഴിഞ്ഞ നിയമസഭയിൽ അന്നത്തെ സ്പീക്കറുടെ കസേര എടുത്തു മറിച്ചതിൽ ഒരാളാണ് ഇന്നത്തെ സ്പീക്കർ.




2017, ജൂലൈ 17, തിങ്കളാഴ്‌ച

ഒരു അന്തി ചർച്ച

"നമസ്കാരം.  എല്ലാ പ്രേക്ഷകർക്കും നാറും  ടിവിയുടെ  'സൂപ്പർ തറ ടൈമിലേയ്ക്ക്' സ്വാഗതം. ഞാൻ  നാണു .ഇന്ന് സൂപ്പർ തറ ടൈം ചർച്ച ചെയ്യുന്നത് മെമ്മറി കാർഡ് അമേരിക്കയിലോ, തുടങ്ങി പത്തു ചോദ്യങ്ങൾ.   ചർച്ചയിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ നേതാവ്  തള്ള്  തങ്കപ്പൻ, മഹിളാ നേതാവ് സുന്ദരി , ചെയർപേഴ്സൺ  മേരി,  അഭിഭാഷകൻ കുറുക്കൻ കുഴി  കറിയാ, കോളേജ് ചെയർമാൻ സെയ്താലി, സിനിമാ സംവിധായകൻ  രാജൻ  പൊട്ടക്കുഴി എന്നിവരാണ്. മുതിർന്ന മാധ്യമ പ്രവർത്തകനായ ജോസഫ് വളഞ്ഞ വഴി,  റിട്ടയേർഡ് പോലീസുദ്യോഗസ്ഥൻ   കെ.പി.  ഈശാ പോശാ  എന്നിവർ ചർച്ചയിൽ ടെലിഫോൺ വഴി പങ്കെടുക്കാം എന്നറിയിച്ചിട്ടുണ്ട്. ഒരു  ഇടവേള."

"എടേ നാണൂ മൂന്നാലു ദിവസമായി നീയൊക്കെ എല്ലാ ചാനലും കൂടിയിട്ട് അലക്കി,  മറുപടി പറഞ്ഞു ഞങ്ങള് മടുത്തു ഇനി ഒന്നും പറയാനില്ലാത്ത അവസ്ഥയിലാ ഇപ്പഴെല്ലാരും. പുതിയ വിവരങ്ങൾ ഒന്നും പുറത്തു വരുന്നതുമില്ല. അത് കൊണ്ട് ഇനി എന്ത് പറയാനാ. ഞങ്ങൾ പോട്ടോടെ കുഴലൂത്തേ"

" പൊന്നു സാറന്മാരെ അവനെ ഒരു  വശത്താക്കണം എന്നാണു ഞങ്ങളുടെ മാനേജ്‌മെന്റിന്റെ ഉദ്ദേശം. അതിനു ഞങ്ങൾക്ക്  സമ്മാനം,കമ്മീഷൻ  ഒക്കെ തരുന്നുണ്ട്. അതിനു നിങ്ങളെല്ലാവരും ഒന്ന് സഹകരിക്കണം. നിങ്ങൾക്കും മൈലേജ് കിട്ടുമല്ലോ. പ്ലീസ്. ഇടവേള കഴിഞ്ഞു. പ്ലീസ്. പോകല്ലേ. 

"സ്വാഗതം. ആദ്യമായി ശ്രീ തള്ള് തങ്കപ്പൻ,  മെമ്മറി കാർഡ് പൊലീസിന് കിട്ടുമോ? അങ്ങയുടെ പാർട്ടി എന്താണ് പറയുന്നത്?"

" എന്റെ നാണൂ. കാർഡിന് വേണ്ടി അമേരിക്കയിൽ പോകണം. ദാസനും വിജയനും പോയത് പോലെ. നമ്മുടെ പോലീസ്  ശക്തരാണ്. ഗൂഡാലോചന ഇല്ലെന്നു ആദ്യം  പറഞ്ഞിട്ട് അവസാനം ഗൂഡാലോചനയിൽ കൊണ്ടെത്തിച്ചില്ലേ? 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ ചൈന അമേരിക്കയെ തോൽപ്പിച്ചത് അറിയില്ലേ?  അത് പോലെ അമേരിക്കയെ യുദ്ധത്തിൽ കീഴടക്കി നമ്മുടെ പോലീസ് അത് പിടിച്ചെടുക്കും''
  
 ''ശ്രീമതി  സുന്ദരി എന്താണ് പറയാനുളളത്? ''
ശ്രീ നാണൂ,  സ്ത്രീ സമൂഹത്തിനാകെ അപമാനം വരുത്തി വച്ച ആ കശ്മലന്റെ  കാർഡ് എവിടെ ഉണ്ടെങ്കിലും പിടിച്ചെടുത്തു  കീറിക്കളയണം എന്നാണ്  എനിക്ക് പറയാനുളളതു. സ്വന്തം നാട്ടിലെ എം.എൽ.എ.യെ പ്പോലെയല്ല അന്യ സ്ഥലത്തുള്ള  ഭരണ പക്ഷ എം.എൽ.എ.മാർ. അവരെ ചോദ്യം ചെയ്യണം.

 ശ്രീമതി  മേരി എന്ത് പറയുന്നു?  

''ചൈന, റഷ്യ, തുടങ്ങിയ ലോക  കമ്മ്യുണിസ്റ്റ് രാജ്യങ്ങളിൽ, പാലസ്തീനിൽ, ബൊളീവിയയിൽ,ക്യൂബയിൽ എന്തിനു ത്രിപുരയിൽ പോലും സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ  അടിച്ചമർത്തലാണ് ട്രംപിന്റെയും മോദിയുടെയും  കീഴിൽ അമേരിക്കയിൽ നടക്കുന്നത്.  ഗ്രീൻ കാർഡ്  കൊടുക്കാത്ത കുത്തക മുതലാളിത്ത രാജ്യമായ  അമേരിക്കയെ  തള്ളിപറയണം...


അഡ്വേക്കേറ്ശ്രീ  കുറുക്കൻ കുഴി  കറിയാ, എന്താണിതിന്റെ നിയമ വശങ്ങൾ?.

നാണൂ  ഇവിടെ നടക്കുന്ന ചർച്ചകൾ യൂസ്‌ലെസ്സ്. സെക്ഷൻ 120 A പറയുന്നത് ഒരു ക്രിമിനൽ കോൺസ്പിറസി ആണ് 120 ബി അതിനുള്ള പണിഷ്മെന്റ്റും. മെമ്മറി കാർഡ് 120 A യിൽ വരുമോ 120 B യിൽ ആണോ എന്നുള്ളതാണ് ബഹു കോടതി നോക്കേണ്ടത്. ഇത് സബ്‌ജൂഡീസാണ്.

കോളേജ് ചെയർമാൻ ഡോക്ടർ  സൈതാലി, അങ്ങ് എന്ത് പറയുന്നു? 

നാണൂ  ഇവിടെ ഫാസിസം ആണ് നടക്കുന്നത്. മത ന്യുന പക്ഷത്തെ കോളേജ് നടത്താനോ , ആശുപത്രി നടത്താനോ  കോഴ വാങ്ങാനോ അനുവദിക്കാത്ത, ബീഫ് കഴിക്കാൻ അനുവദിക്കാത്ത  കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവത്തിന് ഒരു ഉദാഹരമാണ് ഈ മെമ്മറി കാർഡ്.

സിനിമാ സംവിധായകൻ ശ്രീ പൊട്ടക്കുഴി അങ്ങേയ്ക്കു എന്താണ് പറയാനുള്ളത്? 
നാണൂ എനിക്കും പറയാൻ സമയം തരണം. സിനിമാക്കാരെന്തിനാ വിദേശത്തു പോകുന്നത്? കാശുണ്ടാക്കാൻ.  ഞങ്ങളെ കൊണ്ട് പോകാറില്ല. അത് കൊണ്ട് പണവും ഉണ്ടാക്കാൻ വഴിയില്ല. അങ്ങിനെ കഷ്ട്ടപ്പെടുന്ന ഞങ്ങളെ അമേരിക്കയിൽ കൊണ്ട് പോകാൻ സർക്കാർ എങ്കിലും മുൻകൈ എടുക്കണമെന്നാണ് എന്റെ ആവശ്യം.

''റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ ശ്രീ  കെ.പി. ഈശാ പോശായിലേക്ക് പോകാം അദ്ദേഹത്തിന്റെ ടെലഫോൺ അടിക്കുന്നുണ്ട്. ഹലോ പറയൂ  സാർ കാർഡിനെ കുറിച്ച്.''

''കാർഡ് എന്ന് പറയുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം നിർണായക തെളിവാണ്. അന്വേഷണം ശരിയായ ദിശയിലാണോ എന്ന്  നമുക്ക് നോക്കാം.....

''ഹലോ ഹലോ കട്ടായിപ്പോയി എന്ന് തോന്നുന്നു.''

"കട്ടായതല്ല നാണൂ . മറ്റൊരു ചാനലിൽ ചർച്ചയിൽ ആണ്ഞാൻ. വിഷയം ഇത് തന്നെ അത് കൊണ്ട് ഇവിടെ പറഞ്ഞത്  ഫോണിൽ കൂടി കേൾപ്പിച്ചതാ. ഇവിടെ ഇടവേളയായി.  ബാക്കി പിന്നെ കേൾപ്പിക്കാം."

''മുതിർന്ന മാധ്യമ പ്രവത്തകൻ ജോസഫ് വളഞ്ഞ വഴി ടെലഫോൺ ലൈനിൽ ഉണ്ട്. ശ്രീ വളഞ്ഞ വഴി കേൾക്കാമോ? ഹലോ. 

''കേൾക്കാം. അവനെന്തെങ്കിലും ചെയ്യട്ടെടാ. നിനക്കെന്തു വേണം? നിനക്ക് കാശ് കിട്ടുന്നുണ്ടല്ലോ. ഞാൻ ഇവിടെ  ബാറിലിരുന്നു രണ്ടു വീശുവാ. കൂടെ നിങ്ങടെ ന്യൂസ് ചീഫ് എഡിറ്ററും ഉണ്ട്. ഓകെ.'' 


''ശ്രീ വളഞ്ഞ വഴി യാത്രയിലാണ്. അത്ര ക്ലിയർ അല്ല.''

 ''നമുക്ക് മറ്റൊരു ഇടവേളയിലേയ്ക്ക് പോകാൻ സമയമായി.''

2017, ജൂലൈ 16, ഞായറാഴ്‌ച

ആല്


നാണമില്ലാത്തവന്റെ ആസനത്തിൽ ആല് കുരുത്താൽ അതും അവനു തണൽ ആണ്. അതാണ് കേരളത്തിലെ സഭകളിൽ നടക്കുന്നത്. വിശ്വാസികളായ   കുഞ്ഞാടുകളുടെ പണം കൊണ്ട് സഭ ആശുപത്രികൾ കെട്ടിപ്പൊക്കി. എന്നാ ആ കുഞ്ഞാടുകൾക്കോ അവന്റെ കുടുംബങ്ങൾക്കോ എന്തെങ്കിലും സൗജന്യം, ഒരു പാരസെറ്റമോൾ ഗുളിക ഫ്രീ ആയി കൊടുക്കുമോ? അതങ്ങു പള്ളീപറഞ്ഞാൽ മതി.  അവിടെ എല്ലാവരെയും പിഴിയുന്നത് പോലെ സംഭാവന നൽകിയ കുഞ്ഞാടുകളെയും കുഞ്ഞു കുഞ്ഞാടുകളെയും അവരുടെ സന്തതി പരമ്പരകളെയും സഭ പിഴിയും. പള്ളി വേറെ ആശുപത്രി വേറെ.

അത് പോകട്ടെ ഈ പാവപ്പെട്ട കുഞ്ഞാടുകളുടെ കുടുംബത്തിൽ നിന്നും വായ്പ എടുത്തും പറമ്പു പണയം വച്ചും നഴ്‌സിംഗ് പഠിച്ചു വരുന്ന കൊച്ചു പിള്ളാരൊണ്ട്.  പഠിത്തം കഴിഞ്ഞു വന്നാ ഈ അച്ചന്മാരുടെ  ആശുപത്രീല് ജോലിക്കു കേറും. കൊടുക്കുന്നത് എന്നതാ? ഒരു 3000 രൂപ. ട്രെയിനി എന്ന വിളിപ്പേരുമിട്ട്. ഈ ട്രെയിനി പരിപാടി പല വർഷം തുടരും. ഒരു പത്തോ നൂറോ  അധികം കൊടുക്കും. ഇതാണ് അച്ചന്മാരുടെ കളി. നഴ്സ്‌ന്മാര്   ക്രിസ്ത്യാനി കളായതു കൊണ്ട് പള്ളിയെയും സഭയെയെയും ഒന്നും പറയാൻ അവരുടെ വീട്ടുകാർ സമ്മതിക്കില്ല. മറ്റു സമുദായങ്ങളിൽ പെട്ടവരോ എന്ന ചോദ്യം വരും. അവർ ന്യുന പക്ഷമാണ്. അത് കൊണ്ട് ഭൂരിപക്ഷത്തോടൊപ്പം നിൽക്കേണ്ടി വരും.  അത്  കൊണ്ട് സമരം എന്നൊന്നിനെ പറ്റി ആലോചിക്കാനേ കഴിയില്ല.  അങ്ങിനെയാണ് പാവം നഴ്‌സുമാർക്ക്‌ നക്കാപ്പിച്ച ശമ്പളം കൊടുത്ത് ആശുപത്രിക്കാർ നിറുത്തുന്നത്.  ഇപ്പഴ് നഴ്സ്സന്മാര് ശമ്പളം കൂട്ടി ചോദിച്ചപ്പോൾ   സഭ എടുത്ത നിലപാട് കണ്ടല്ലോ.  ഒരു പൈസ കൂട്ടിക്കൊടുക്കില്ല. എന്നിട്ടു കാണിക്കുന്ന പരിപാടി നോക്ക്. ആശുപത്രി ഉണ്ടാക്കാൻ ഇടവകയിലെ ക്രിസ്ത്യാനികളിൽ നിന്നും  നിർബന്ധിത പണപ്പിരിവ്. ഇവിടെയാണ് ആദ്യം പറഞ്ഞ ആല് കുരുത്തത്. പേടിച്ചു എല്ലാവരും കാശും കൊടുക്കും.