ഒരു നോവലിൽ സ്ത്രീകൾക്കെതിരെ ലൈംഗിക പരാമർശം. അതിനെതിരെ പ്രതിഷേധവും ആവിഷ്‌ക്കാര സ്വാതന്ത്ര്യ വാദവും. നോവലിലെ ഒരു കഥാപാത്രം പറയുന്നതിന്റെ പേരിൽ ആണ് എതിർപ്പ് ഉയർത്തുന്നത് എന്നു പറയുന്നു ആവിഷ്കാര സ്വാതന്ത്ര്യ ദാഹികൾ! കഥാപാത്രത്തിന് സ്വന്തമായി രൂപമോ ഭാവമോ ഭാഷയോ ശബ്ദമോ ഉണ്ടോ? ഇല്ല. എഴുത്തുകാരൻ ക ഥാപാത്രത്തിന് സംഭാഷണം നൽകുന്നു. ഷേക്‌സ്‌പിയർ മാക്ബത്തിനെ ഉണ്ടാക്കി സംഭാഷണം നൽകുന്നു.വി.കെ.എൻ. സർ ചാത്തുവിനെ ഉണ്ടാക്കി ചാത്തുവിന്റെ സംഭാഷണം നൽകുന്നു. ഒ.വി.വിജയൻ രവിയെ ഉണ്ടാക്കി. അങ്ങിനെ പലതും. കഥാകാരൻ പറയാതെ ഒരു കഥാ പാത്രവും സംസാരിക്കില്ല. കഥാ സന്ദർഭത്തിനു അനുയോജ്യമായാണ് കഥാപാത്രങ്ങൾ സംസാരിക്കു ന്നത്.
ഇവിടെ ഹരീഷിന്റ്റെ നോവലിൽ കഥയുമായി പുലബന്ധം പോലുമില്ലാത്ത സംഭാഷണമാണ് കുത്തിക്കയറ്റിയത്. ഒരാൾ നടക്കുമ്പോൾമൂന്നായി പിരിയുന്ന വഴി.ഒന്ന് അമ്പലത്തിലേയ്ക്ക്. അപ്പോഴാണ് 'തങ്ങൾ തയ്യാറാണ് എന്നറിയി ക്കാനാണ് സ്ത്രീകൾ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുന്നതെന്നും നമ്പൂതിരിമാരാണ് ഇതിന്റെ ആശാന്മാർ' എന്നും ഒരുത്തൻ പറഞ്ഞതായി അയാൾ ഓർമ്മിക്കുന്നത്. ഇത് പറയാൻ വേണ്ടി മാത്രം അമ്പലത്തിന് മുന്നിലൂടെയുള്ള വഴി പറയുന്നു. കഥയ്ക്കോ കഥാപാത്രത്തിനോ ഒരു വിധത്തിലും ആവശ്യമില്ലാത്ത ഒരു ഭാഗം. കഥയുമായി ഒരു ബന്ധവുമില്ലാത്ത ഭാഗം. നോവലിൽ ഒരു പ്രസക്തിയും ഇല്ലാത്ത ഒരു വിവരണം. അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കാൻ മാത്രം നോവലിൽ എഴുതി ചേർത്തത് പോലെ തോന്നും. തർക്കം മുറുകിയപ്പോൾ നോവലിസ്റ്റ് പിൻവലിഞ്ഞു. ഇവിടെ നോവലിസ്റ്റ് പറയട്ടെ ഈ വിവരണത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന്. അത് എങ്ങിനെ നോവലിന്റെ കഥാ ഗതിയെ ബാധിക്കുന്നു എന്ന്. എന്താണ് നോവലിൽ ഈ പ്രസ്താവനയുടെ സാംഗത്യം എന്ന്. പ്രശ്നം അവിടെ അവസാനിക്കുമല്ലോ.