2019, ഡിസംബർ 11, ബുധനാഴ്‌ച

നീതി നിഷേധം

Image may contain: 1 person, smiling, sitting





യുവതിയെ ബലാത്സംഗം ചെയ്ത്, ശേഷം പച്ചയ്ക്ക് തീ കൊളുത്തി   കൊലപ്പെടുത്തിയ കശ്മലന്മാരെ വെടി വച്ചു കൊന്ന ഹൈദരാബാദ് പൊലീസിന് കുങ്കുമ തിലകവും അനുമോദനങ്ങളുമായി ഭാരതത്തിലെ ജനം ഒന്നായി. എങ്ങും ആഹ്ലാദ പ്രകടനങ്ങളാണ്. കൊല്ലപ്പെട്ട ഡോക്ടർ ദിശയുടെ മാതാപിതാക്കളും സഹോദരിയും പ്രതികരിച്ചത് ' നീതി ലഭിച്ചു' എന്നാണ്. ഇത് കൃത്യമായ സന്ദേശം നൽകും  എന്നു പറഞ്ഞ അവർ പോലീസിനും സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിച്ചു.  2012 ൽ ഡൽഹിയിൽ വച്ച് കൂട്ട  ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട   നിർഭയ എന്ന 23 കാരിയുടെ   അമ്മ ആശാ ദേവി പറഞ്ഞത് - 'ഒരു മകൾക്ക് എങ്കിലും നീതി ലഭിച്ചു. ഈ വാർത്ത കഴിഞ്ഞ 7 വർഷമായി വേദന തരുന്ന തന്റെ മുറിവിൽ ഒരു വേദന സംഹാരി ആയി  എന്നാണ്.  ബലാത്സംഗത്തിനിരയായി ശേഷം കൊല  ചെയ്യപ്പെട്ടു സൗമ്യയുടെ  അമ്മ സുമതി പറഞ്ഞത്  'ഇത് പോലെ യുള്ള ശിക്ഷ കൊടുക്കണം. ഒരു പാട് ആശ്വാസമുണ്ട്' എന്നാണ്. കൂടാതെ ധാരാളം ആളുകൾ ഈ വെടി വയ്പ്പ് വളരെ ആവശ്യമായിരുന്നു, ബലാത്സംഗം നടത്തിയ അധമർ കൊല്ലപ്പെടേണ്ടവർ  തന്നെ എന്നും പറഞ്ഞു.


ഏറ്റു  മുട്ടലിൽ കൊല്ലപ്പെട്ടു എന്നും അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടി  വച്ചതാണ് എന്ന് പോലീസ് കമ്മീഷണർ സജ്ജനാർ പറയുകയുണ്ടായി. കൊന്നതിനെ ന്യായീകരിക്കുന്നവർക്ക് ഏറ്റുമുട്ടൽ ആണോ അല്ലയോ എന്നത് ഒരു പ്രശ്‌നമേ അല്ല. ആ നാല് പേരും  കൊല്ലപ്പെടേണ്ടവർ ആണെന്നും കൊന്നത് ശരിയാണെന്നും ആണ് അവരുടെ നിലപാട്. ചില രാഷ്ട്രീയക്കാർ ഇതിനെതിരെ പ്രതികരിച്ചു. 'പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല' എന്ന് ശശി തരൂർ എം..പി  പറഞ്ഞു. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്. ഭാര്യയുടെ ദുരൂഹ  മരണത്തിന് കേസിൽ പെട്ടിരിക്കുന്ന വ്യക്തിയാണ് തരൂർ. അത് പോലെ കുറേപ്പേർ. അവരൊഴികെ
 ബഹു  ഭൂരിഭാഗം ജനങ്ങളും പ്രതികൾ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കുക യാണ്. പോലീസ് വെടി വച്ച് കൊല്ലുന്നത് നിയമ സാധുത ഉള്ള ഒരു ശിക്ഷ വിധി അല്ലെന്നിരിക്കിലും  എന്താണ് ജനങ്ങൾ ഭൂരിപക്ഷവും  വെടിവയ്പ്പിന് അനുകൂലമായി  പ്രതികരിക്കുന്നത്? ഇരയ്ക്കു നീതി ലഭിച്ചു എന്ന് എന്ത് കൊണ്ട് അവർ വിശ്വസിക്കുന്നു?  അതിനുള്ള കാരണങ്ങൾ നമുക്ക് മുൻപിൽ തന്നെയുണ്ട്.

നീതി ലഭിക്കാനുള്ള, അന്തിമ വിധി വരാനുള്ള അത്യധികമായ കാല താമസം ആണ് ഇത്തരം ഒരു മാനസികാവസ്ഥയിൽ എല്ലാവരെയും കൊണ്ടെത്തിക്കുന്നത്. നീതിക്കു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്. മാസങ്ങൾ വർഷങ്ങൾ  നീളുന്ന കേസ് അന്വേഷണം, അത് പോലെ നീളുന്ന കോടതി  വിചാരണ. പിന്നെ  ഹൈക്കോടതി, സുപ്രീം കോടതി അവസാനം ദയാ ഹർജി. ഇത്രയും ആകുമ്പോഴേയ്ക്ക് വർഷങ്ങൾ അഞ്ചും പത്തും കഴിഞ്ഞിരിക്കും. സംഭവിക്കാനുള്ളത് മുഴുവൻ സംഭവിച്ചു കഴിഞ്ഞു ഇരയുടെ ജീവിതം ദുസ്സ ഹമായി തീർന്നിരിക്കും. ഇത്രയും വർഷങ്ങൾ കഴിഞ്ഞു വരുന്ന വിധി എന്തെങ്കിലും ആകട്ടെ അതിൽ അർഥം ഒന്നുമില്ല എന്നൊരു മാനസികാവസ്ഥയിലേക്ക് അവരെത്തും. ഇക്കാലം അത്രയും കുറ്റാരോപിതർ എന്ന ഒരു ലേബൽ മാത്രം പേറി പ്രതി ജയിലിനകത്തോ  പുറത്തോ ആയി ജീവിതം കഴിക്കും. സാമ്പിൾ ആയി ഒന്ന് രണ്ടു കേസുകൾ നോക്കാം.

27 വർഷം. 1992 - സിസ്റ്റർ അഭയയെ ബലാസംഗം ചെയ്തു കൊലപെടുത്തി. ഇപ്പോഴും വിചാരണ നടക്കുന്നു. പ്രതികളായ അച്ചനും കന്യാസ്ത്രീയും ഈ കാലഘട്ടം മുഴുവൻ സുഖിച്ചു ജീവിച്ചു.
25  വർഷം.1996 ലെ  സൂര്യനെല്ലി പീഡന കേസ്.  16 വയസ്സുള്ള പെൺകുട്ടിയെ നാട് നീളെ കൊണ്ട് നടന്നു ലൈംഗിക പീഡനം നടത്തിയ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം. 

12 വർഷം. 2007- ഇടുക്കി കൊലപാതകവും ബലാസംഗവും. അമ്മയെയും മകളെയും. രാജേന്ദ്രനും ജോമോനും വധ ശിക്ഷ. ഇനി സുപ്രീം കോടതി അപ്പീലുകൾ. 

8 വർഷം. 2011 - സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ കുറച്ചു സുപ്രീം കോടതി 7 വര്ഷം തടവ് ആക്കി.
വാളയാർ ബലാത്സംഗവും കൊലപാതകവും. 13 ഉം 6 ഉം വയസ്സായ രണ്ടു കുഞ്ഞു പെൺകുട്ടികളെ ബലാസംഗം ചെയ്തിട്ട് കൊല്ലുന്നു. പ്രതികളെ വെറുതെ വിടുന്നു. ഇനിയും നൂറു കണക്കിന് ഇത്തരത്തിലുള്ള കേസുകൾ ഉണ്ട്.

രാഷ്ട്രീയ ഇടപെടലുകൾ ആണ് ഈ കേസുകളിൽ എല്ലാം എന്ന് കാണാം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധികാര ദുർ വിനിയോഗം നടത്തി കേസുകൾ അട്ടിമറിക്കുന്നു. സിസ്റ്റർ അഭയയെ കൊന്ന  അച്ചന്മാരെയും   കന്യാസ്ത്രീകളെയും രക്ഷിക്കേണ്ടത് സഭയുടെ ആവശ്യമായി.ഇല്ലെങ്കിൽ അവിടെ നടക്കുന്ന ലൈംഗിക പീഡനങ്ങളും മറ്റു അനാശാസ്യ പ്രവർത്തികളും  പുറത്തു വരും. വോട്ട് ബാങ്ക് എന്ന നിലയിലും കോടികളുടെ കിലുക്കത്തിലും അത് രാഷ്ട്രീയക്കാർ സമർത്ഥമായി ഉപയോഗിച്ച് അന്വേഷണം വഴി തിരിച്ചു വിട്ട് യഥാർത്ഥ പ്രതികളെയും   ക്രിസ്ത്യൻ സഭയെയും രക്ഷിച്ചു.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വന്തം പാർട്ടിക്കാരെ രക്ഷിക്കേണ്ടത് പാർട്ടിയുടെ കടമ ആയി മാറുന്നു. സ്വാധീനം ഉപയോഗിച്ച് കേസ് അട്ടി  മറിക്കുന്നു. സൂര്യനെല്ലി കേസിൽ പി.ജെ കുര്യൻ എന്ന  കോൺഗ്രസ് കാരൻ ആരോപണ വിധേയൻ ആയിരുന്നു. അവസാനം കുര്യനെ കോടതി വെറുതെ വിട്ടു.  വാളയാർ കേസിൽ പ്രതികൾ സിപിഎം പാർട്ടിക്കാർ ആയിരുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതല പാർട്ടി ഏറ്റെടുത്തു. അതോടെ യഥാർത്ഥ പ്രതികൾ കുറ്റ വിമുക്തരായി. കിളിരൂർ കേസിൽ ഒരു വിഐപി ഉണ്ടെന്ന് വി.എസ് അച്യുതാനന്ദൻ ആവർത്തിച്ചു പറഞ്ഞല്ലോ. അപ്പോൾ ഈ വിഐപി യെ രക്ഷിക്കുക എന്നതാണ് പാർട്ടി ധർമം.