ഹിരോഷിമയിലോ നാഗസാകിയിലോ നടന്ന ദുരന്തത്തിന്റെ രക്തസാക്ഷികളല്ല ഇവര്‍.
എന്ടോസള്‍ഫാന്‍ എന്ന കീടനാശിനി പരത്തുന്ന മാരക വിഷ ജ്വാല ഏറ്റ് ജനിതക വൈകല്യവും മാറാ രോഗങ്ങളും ബാധിച്ചു യാതന അനുഭവിക്കുന്ന ഹത ഭാഗ്യരായ ഒരു ജനതയുടെ പ്രതിനിധികള്‍ ആണവര്‍. നരകിച്ചു മാത്രം മരിക്കാന്‍ അടിച്ചേല്‍പപിക്കപ്പെട്ട വിധിയുടെ മുമ്പില്‍ മരവിച്ച മനസ്സുമായി നിസ്സഹായരായി നില്‍ക്കുന്ന കാസര്‍കോട്ടെ ജനങ്ങളുടെ മക്കള്‍.
1976 മുതല്‍ തുടങ്ങിയതാണീ കീട നാശിനി പ്രയോഗം. 13000 ഏക്കര്‍ പറങ്കി മാവിന്‍ തോട്ടത്തില്‍ ആകാശത്ത് നിന്നും ഹെലികോപ്ടര്‍ മുഖേന തളിക്കുന്ന
എന്ടോസള്‍ഫാന്‍ വിഷ കണികകള്‍ വായുവിലും വെള്ളത്തിലും മണ്ണിലും കലരുന്നു. പക്ഷികളും ചെറു മൃഗങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മനുഷ്യന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു. കാസര്‍കോട് പ്രദേശത്തെ ആവാസ വ്യവസ്ഥ ആകമാനം തകരുന്നു. 1990 വരെ എത്ര കീട നാശിനി തളിച്ച് എന്ന് കണക്കില്ല. 1990 മുതല്‍ 2000 വരെ 30000 ലിറ്റര്‍ എന്ടോസള്‍ഫാന്‍ ആണ് കാസര്‍കോട് വര്‍ഷിച്ചത്.
നരകയാതന അനുഭവിക്കുന്ന തദ്ദേശ വാസികളും പരിസ്ഥിതി പ്രവര്‍ത്തകരും മനുഷ്യ സ്നേഹികളും ഒത്തൊരുമിച്ചു നടത്തിയ നിരന്തര സമരത്തിന്‍റെ ഫലമായി എന്ടോസള്‍ഫാന്‍ ഉപയോഗം തല്ക്കാലം നിറുത്തി വച്ചിരിക്കയാണ്. അത് വീണ്ടും തുടങ്ങാന്‍ പോവുകയാണ്.
ഇത് കാസര്‍കോട് കാരുടെ മാത്രം പ്രശ്നം അല്ല. മനുഷ്യ രാശിയുടെ പ്രശ്നമാണ്. നമ്മുടെ നിര്‍വികാരതയും നിസംഗതയും മാറ്റി വച്ച് മുന്നിട്ടിറങ്ങാന്‍ സമയമായി.
ജനങ്ങളില്‍ ഇതിനെ പറ്റി അവബോധം ഉണ്ടാക്കേണ്ടതാണ് അത്യാവശ്യം. ആദ്യമായി തിരുവനന്തപുരത്ത് പ്രചാരണം തുടങ്ങണം. ഇതിന്റെ മാരക ഭവിഷ്യത്തുകള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. . അതിനു ശേഷം കേരളത്തിലെ ഓരോ പ്രധാന സ്ഥലങ്ങളിലും ഇത്തരം പ്രചാരണങ്ങള്‍ നടത്തണം. അങ്ങിനെ കേരളം മുഴുവന്‍ പങ്കെടുക്കുന്ന ഒരു പ്രതിരോധമായി ഇതിനെ വളര്‍ത്തണം.
മാധ്യമങ്ങളും മറ്റും ഇതിനുള്ള മുഴുവന്‍ സഹായങ്ങളും ചെയ്യുമെന്നുള്ളതാണ് ചരിത്രം. ഈ പ്രശ്നം ജനശ്രദ്ധയില്‍ ഇപ്പോള്‍ കൊണ്ട് വന്നത് തന്നെ മാതൃഭുമി ആഴ്ചപ്പതിപ്പ് ആണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ