മറവിയില്‍ ആണ്ടു പോയ മലയാള കവിതയെ ബഹു ജന മനസ്സുകളിലേക്ക് കൊണ്ട് വരാനുള്ള ശ്രമം ആയ "മാമ്പഴം" എന്ന കവിത ചൊല്ലുന്ന പരിപാടി മലയാള സാഹിത്യത്തിനു "കൈരളി" ടിവി നല്‍കിയ മഹത്തായ സംഭാവന ആണ്. കുരുന്നു പ്രതിഭകള്‍, തുഞ്ചത്ത് എഴുത്തച്ഛന്‍,കുഞ്ചന്‍ നമ്പ്യാര്‍ , ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, വൈലോപ്പിള്ളി, സുഗത കുമാരി തുടങ്ങിയ കവികളുടെ കവിതകള്‍ ഈണത്തില്‍ മനോഹരമായി ആലാപിക്കുന്നത് ഉള്‍പ്പുളകത്തോടെ ആണ് കേട്ടത്. തുണി ഇല്ലാതെ ആടി പ്പാടുന്ന ടീവിയിലെ വൈകൃത കാഴ്ചകള്‍ക്കിടയില്‍ പനിനീര്‍പ്പൂ പോലെ സൗന്ദര്യവും സൌരഭ്യവും പരത്തി നില്‍ക്കുന്നു ഈ പരിപാടി.
മലയാളം മലയാളം പോലെ പറയാനറിയാവുന്നതും പറയുന്നതുമായ അവതാരാക ഗായത്രി. മലയാള കവിതയെ പറ്റി വ്യക്തമായ ധാരണയും, ആസ്വാദന ശേഷിയും, കവിത ഉള്ളിലുള്ളവരും ആയ വിധി കര്‍ത്താക്കള്‍ , ജയകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍. അങ്ങിനെ നല്ല കവിതാ വിരുന്നായിരുന്നു "മാമ്പഴം".
മാമ്പഴം അല്ലേ? പഴുത്തു പാകമായത്? എത്ര നാള്‍ സൂക്ഷിച്ചു വക്കാന്‍ കഴിയും? രണ്ടാം ഭാഗം ആയപ്പോഴേക്കും മാമ്പഴം കൂടുതല്‍ പഴുത്തു തുടങ്ങിയിരിക്കുന്നു. സ്വാദ് മാറി തുടങ്ങി.
പാടാന്‍ വരുന്ന കുട്ടികള്‍ കൂടുതല്‍ തയ്യാറെടുപ്പ് നടത്തി മത്സരം എന്ന ബോധം അധികം ആയി, ഈണത്തിലും താളത്തിലും കൂടുതല്‍ ശ്രത്ത കൊടുത്തു കൃത്രിമത്വത്തിലേക്ക് വഴുത്തി വീഴുന്നതായി അനുഭവപ്പെട്ടു തുടങ്ങി. വിധി കര്‍ത്താക്കളും മറ്റേതു റിയാലിടി ഷോ കളെ പ്പോലെ അഭിനയവും തുടങ്ങി. സര്‍വകലാവല്ലഭവര്‍ ആണെന്ന ഭാവവും.
കവിതയെക്കുരിച്ചും അതിന്റെ ആലാപനത്തെ ക്കുറിച്ചും ഔചിത്യ പൂര്‍വം അറിവ് പങ്കു വച്ചു ആദ്യത്തെ വിധി കര്‍ത്താക്കള്‍. രണ്ടാം ഭാഗം ആയപ്പോഴ്‌െക്കും അറിവ് പ്രദര്‍ശിപ്പിക്കുക ആയി അവരുടെ ലക്ഷ്യം. കവിതയെ പ്പറ്റി നീണ്ട പ്രസംഗങ്ങള്‍. വിരസങ്ങളായ അഭിപ്രായങ്ങള്‍. അത്ര മാത്രം.
ലീലകൃഷ്ണന്‍ മാത്രം ഇപ്പോഴും ഹൃദ്യമായി സംസാരിക്കുന്നു.
ജോര്‍ജ് ഓണക്കൂര്‍ എന്തു പറയുന്നു എന്നു അദ്ദേഹത്തിനു മാത്രം അറിയാം.
(ഗായത്രി അഭിപ്രായം അറിയാന്‍ 'ഓണക്കൂര്‍ സാര്‍' എന്നു വിളിക്കുമ്പോള്‍ "ഓടക്കുഴല്‍ സാര്‍" എന്നാണ് കേള്‍ക്കുന്നത് എന്നു മകള്‍ കളിയായി പറയാറുണ്ട്).
പ്രഭാവര്‍മ ആണെങ്കില്‍ ഈ കവികളേക്കാലോക്കെ വമ്പന്‍ ആണ് താനെന്ന ഭാവത്തിലും ആണ്.
കൌമാര പ്രായം മുതലേ കവിത മനസ്സിലും, എഴുതിയതൊക്കെ പെട്ടിയിലും സൂക്ഷിക്കുന്ന എന്റെ ഒരു സ്നേഹിത ഉണ്ട്.
ആവേശത്തോടെ ആത്മ സംതൃപ്തിയോടെ ഒന്നാം ഭാഗം കണ്ട അവള്‍ മാമ്പഴം കാണല്‍ നിര്‍ത്തി.
"മാമ്പഴത്തിന്റെ അണ്ടി പാകി മൂളപ്പിച്ചു, മാവ് പൂത്തു പുതിയ മാമ്പഴം വരുന്നത് വരെ നമുക്ക് കാത്തിരിക്കാം."