അഞ്ചു ലക്ഷം രൂപ കൊണ്ടു ഒരു മലയാളം സിനിമ നിര്‍മ്മിച്ചു. അത് മലയാള സിനിമാ ലോകത്ത് ചരിത്രമായി. അഭിനേതാക്കള്‍ക്ക് പ്രതിഫലമായി മാത്രം കോടികള്‍ വലിച്ചെറിയുന്ന മലയാള സിനിമാ രംഗത്താണ് 5 ലക്ഷം രൂപ കൊണ്ടു സന്തോഷ് പണ്ഡിറ്റ് സിനിമ നിര്‍മ്മിച്ചത്. ഒരു സിനിമയുടെ പോസ്റര്‍ അച്ചടിക്കാന്‍ പോലും തികയാത്ത 5 ലക്ഷം കൊണ്ടാണ് ഒരു മുഴു നീള മലയാള ചിത്രം നിര്‍മ്മിച്ചത്. വലിയ അവകാശ വാദങ്ങളും കോലാഹലങ്ങളും ആയിട്ട് ഇറക്കുന്ന സിനിമകളുടെ ചിലവിന്റെ ആയിരത്തില്‍ ഒരു ഭാഗം കൊണ്ടു മലയാള ത്തില്‍ സിനിമ എടുക്കാമെന്ന് തെളിയിച്ചു.
അതാണ് സന്തോഷ് പണ്ഡിറ്റ്‌ന്റെ സിനിമയുടെ പ്രസക്തി.
അതാണിവിടെ പ്രശ്നം ആയതും.
അതാണ് സിനിമാക്കാര്‍ ഒന്നടങ്കം ഒറ്റക്കെട്ടായി ഈ സിനിമയെ എതിര്‍ത്തതും.
മലയാള സിനിമാ രംഗം പ്രതി സന്ധിയില്‍ ആണ് , മുടക്കു മുതല്‍ തിരിച്ചു കിട്ടില്ല എന്നെല്ലാം നിര്‍മാതാക്കളും, സംവിധായകരും, അഭിനേതാക്കളും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി. എന്നിട്ടെന്താണ് ഇവിടെ സിനിമകള്‍ കുറയാത്തത്? ഒരു മോഡേണ്‍ നിര്‍മാതാവും പടം പൊളിഞ്ഞ് പാപ്പരായതായി അറിവില്ല. വീണ്ടും വീണ്ടും പടങ്ങള്‍ നിര്‍മിക്കുകയാണ് ഓരോരുത്തരും. നഷ്ടം വരുന്നത് തിയേറ്ററില്‍ കാശ് മുടക്കി കയറിയിരിക്കുന്ന പാവം ജനങ്ങള്‍ക്കാണ്. പല അഭിനേതാക്കളും ബിനാമി വച്ച് ഇവിടെ സിനിമ നിര്‍മിക്കുന്നുണ്ട്. ലാഭം ഇല്ലെങ്കില്‍ സിനിമയുടെ ഉള്ളു കള്ളികള്‍ അറിയാവുന്ന ഇവര്‍ കോടികള്‍ മുടക്കാന്‍ തയ്യാറാകുമോ? ഇല്ല. അപ്പോള്‍ നഷ്ടം നഷ്ടം എന്ന് മുറവിളി കൂട്ടുന്നത് ഒരു അടവാണ്. പുതിയ ആള്‍ക്കാര്‍ ഫീല്‍ഡില്‍ ഇറങ്ങാതിരിക്കാന്‍ താപ്പാനകള്‍ നടത്തുന്ന കള്ള പ്രചരണം.
സന്തോഷ് പണ്ഡിറ്റ് ന്റെ സിനിമ നിലവാരം ഇല്ലാത്തതാണെന്ന് ആണ് ഇവര്‍ പറയുന്നത്. നിലവാരത്തെ കുറിച്ച് പറയാന്‍ ഇവര്‍ക്കെന്തു അര്‍ഹത ആണുള്ളത്? കലാ മൂല്യം ഉള്ള സിനിമകള്‍ ഇന്ന് ഉണ്ടോ? ഇന്നത്തെ മലയാളം സിനിമകള്‍ എല്ലാം യാതൊരു നിലവാരവും ഇല്ലാത്തവയാണ്. പ്രതിഭാധനര്‍ ആയ സംവിധായകര്‍ നമുക്കില്ല. എല്ലാം മീടിയോക്കര്‍. ശരാശരി യിലും താഴ്ന്നവര്‍. കട്ടോ മോഷ്ടിച്ചോ ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ ഐഡിയ തീര്‍ന്നവര്‍. അതല്ലേ ഇപ്പോള്‍ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എടുത്തു ഇവര്‍ മലയാള സിനിമയെ മലീമസം ആക്കുന്നത്. ഒന്നാം ഭാഗം തന്നെ മോശപ്പെട്ടതാകുമ്പോള്‍ രണ്ടും മൂന്നും എങ്ങിനെ നന്നാകും? ഹരിഹര്‍ നഗര്‍, നാടോടിക്കാറ്റ്, രാംജി റാവു സ്പീക്കിംഗ് തുടങ്ങിയവയുടെ രണ്ടാം ഭാഗം കണ്ടില്ലേ? എന്തെങ്കിലും പൊട്ട ക്കഥ ഉണ്ടാക്കി നടന്മാര്‍ കോപ്രായം കാട്ടിയാല്‍ സിനിമ ആയി എന്നാണു ഇവരുടെ വിചാരം.
പഴയ കാല സിനിമകള്‍ വീണ്ടും എടുക്കുകയാണ് ഇന്നത്തെ സംവിധായകര്‍ അവലംബിക്കുന്ന മറ്റൊരു സൂത്ര പ്പണി. രതി നിര്‍വേദം, നീലത്താമര എന്നീ സിനിമകളുടെ പുനരാവിഷ്ക്കരണം വന്നു. ഒരു നല്ല കഥ എടുത്തു നല്ല സിനിമ ഉണ്ടാക്കാനുള്ള ടാലെന്റ്റ് ഇല്ലാത്തത് കൊണ്ടാണ് ഇവര്‍ ഇത്തരം വില കുറഞ്ഞ റീ-making നു പോകുന്നത്. ഇനിയുമുണ്ട് ഇവരുടെ കയ്യില്‍ വിദ്യകള്‍. മുന്‍പ് എടുത്ത പടങ്ങള്‍ കൂട്ടി ചേര്‍ത്ത് ഒരു സിനിമ ഉണ്ടാക്കുക എന്നത്. കിംഗ് &കമ്മീഷണര്‍ ഒന്നിച്ചു ചേര്‍ത്ത് ഇതാ വരാന്‍ പോകുന്നു ഒരു പുതിയ സിനിമ. ഇത്തരം gimmick ഉം തട്ടിപ്പും ആണ് ഇന്നത്തെ മലയാളം സിനിമ.
മോഷണം ആണ് നമ്മുടെ സംവിധായകര്‍ ഏറെ പ്പേരുടെയും തൊഴില്‍. നല്ല ഹോളിവുഡ് സിനിമകള്‍ അപ്പടി അടിച്ചു മാറ്റുന്നു. plagiarism അങ്ങിനെ ഒരു വെബ് സൈറ്റില്‍ കയറി നോക്കിയാല്‍ ധാരാളം കോപ്പിയടിക്കാരെ ക്കാണാം. കമല്‍ തുടങ്ങി പലരും. ഇംഗ്ലീഷ് പടം മലയാളത്തില്‍ ആക്കി മിടുക്കന്മാര്‍ ആകുന്ന നമ്മുടെ സംവിധായകര്‍. പ്രിയദര്‍ശന്‍ ആണിതില്‍ ആഗ്ര ഗന്ന്യന്‍ . ആ മനുഷ്യന്റെ 99 ശതമാനം സിനിമകളും കോപ്പിയടി ആണെന്ന് imdb .com എന്ന സൈറ്റ് പറയുന്നു. അങ്ങേര് സംവിധാനം ചെയ്ത സിനിമകളുടെ മുഴുവന്‍ ലിസ്റ്റും, കട്ടെടുത്ത ഇംഗ്ലീഷ് സിനിമകളുടെ പേരും അതിലുണ്ട് . അടുത്ത കാലത്ത് ഉള്ള പുള്ളിയുടെ കാക്കക്കുയിലും ഒറിജിനല്‍ ഇംഗ്ലീഷ് പടത്തിന്റെ ഓരോ സീനും താര തമ്യം ചെയ്തു ഒരു TV ചാനല്‍ കാണിക്കുക ഉണ്ടായി. ഒറിജിനല്‍നെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്. നമ്മുടെ സിനിമാ ലോകം ഇത്തരം കോപ്പിയടി സംവിധായകരെ ക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇവരൊക്കെയാണ് നമ്മുടെ oscar നിലവാര സംവിധാന പ്രതിഭകള്‍.
സിനിമാ ഗാനങ്ങളുടെ കാര്യവും ഇത് പോലൊക്കെ ആണ്. അര്‍ഥം ഇല്ലാത്ത കുറെ അപ ശബ്ദങ്ങള്‍ ഇമ്പം ഇല്ലാതെ ആലപിക്കുന്നത് ആണ് ഇന്നത്തെ സിനിമാ പാട്ടുകള്‍. വളരെ ഉച്ചത്തില്‍ ഓര്‍ക്കസ്ട്ര വച്ച് പാട്ടെന്ന പേരില്‍ പടച്ചു വിടുന്ന സാധനങ്ങള്‍. ഇവിടെ ഒന്നും അവസാനിക്കുന്നില്ല ഇവരുടെ ക്രൂര കൃത്യങ്ങള്‍. പഴയ പാട്ടുകള്‍ വികൃതം ആക്കുന്ന സാടിസവും ഇവര്‍ പ്രകടിപ്പിക്കുന്നു. 'ചെട്ടി കുളങ്ങരെ ഭരണി നാളും', 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ' യും സിനിമയില്‍ ആക്കി അവയെ നശിപ്പിച്ചില്ലേ നമ്മുടെ പ്രതിഭാ ശാലികള്‍ ആയ ഗാന ഗന്ധര്‍വന്മാര്‍.
ഗാനങ്ങളിലും ഉണ്ട് മോഷണം. പ്രിയദര്‍ശന്റെ പുതിയ അറബിക്കഥ സിനിമയിലെ പാട്ട് മോഷണം ആണെന്ന് ഗായകന്‍ എം.ജി . ശ്രീകുമാര്‍
സമ്മതി ച്ചിട്ടുണ്ട്. പാട്ട് മൊത്തം ആയി ആല്ല ഈണവും താളവും മാത്രം ആണ് അടിച്ചു മാറ്റിയത് എന്ന് അദ്ദേഹം പറയുന്നു. നല്ല വാദം. പാട്ടിന്റെ പദം കൂടി അടിച്ചു മാറ്റി ഇരുന്നു എങ്കില്‍ അത് അറബി പാട്ട് ആകുക ഇല്ലായിരുന്നോ ഗായക രത്നമേ? പഴയ 'അയാള്‍ കഥ എഴുതുകയാണ് ' എന്ന സിനിമയിലെ അറബി പാട്ടും അടിച്ചു മാറ്റിയത് ആണെന്ന് ശ്രീകുമാര്‍ പറയുന്നുണ്ട്.
അഭിനയത്തിന്റെ കാര്യത്തിലും സ്ഥിതി തഥൈവ. ഒന്നാമത് അഭിനയിക്കാന്‍ കഥയിലോ സിനിമയിലോ ഒന്നും ഇല്ല. ഉണ്ടെങ്കില്‍ തന്നെ അഭിനയിക്കാന്‍ നമ്മുടെ അഭിനേതാക്കള്‍ക്ക് കഴിയുന്നില്ല. മുഖത്ത് മാംസം കേറി നിറഞ്ഞു ഭാവാഭിനയം വരാത്ത, പ്രായാധിക്ക്യതാലും കൊഴുപ്പ് കൂടിയതിനാലും ശരീരം വഴങ്ങാത്ത നായകന്മാര്‍. എപ്പോഴും എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞു കോക്രി കാണിക്കുക ആണ് ഹാസ്സ്യാഭിനയം എന്ന് ധരിച്ച കോമടിക്കാര്‍, പൊങ്ങച്ചം കാട്ടുന്ന മസിലുകാര്‍, ഇറക്കി വെട്ടിയ ബ്ലൌസിലും നഗ്നം ആയ തുടയിലും വയറിലും ആണ് അഭിനയം എന്ന് കരുതുന്ന നായികമാര്‍. ഇതാണ് നമ്മുടെ മലയാള സിനിമയിലെ അഭിനയം.
ഇന്ന് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്ന മാനദണ്ഡം അതിന്റെ കളക്ഷന്‍ ആയി മാറി കഴിഞ്ഞിരിക്കുന്നു. എത്ര കളക്റ്റ് ചെയ്തു എന്നതിനെ ആശ്രയിച്ചു ആണതിന്റെ വിജയം പറയുന്നത്. എത്ര കോടികള്‍ മുടക്കി , എത്ര കോടികള്‍ കിട്ടി, അതനുസരിച്ചാണ് അത് നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത്. അങ്ങിനെ തിയേറ്റര്‍ കളക്ഷന്റെയും സാറ്റലൈറ്റ് കളക്ഷന്റെയും അടിസ്ഥാനത്തില്‍ സിനിമയുടെ മൂല്യം നിശ്ചയിക്കുന്ന ഈ ക്കാലത്ത് സന്തോഷ് പണ്ടിറ്റിന്റെ ചിത്രം എങ്ങിനെ മോശമാകും? നിറഞ്ഞ തിയെറ്റരുകളില്‍ അല്ലെ അതിന്റെ പ്രദര്‍ശനം തുടരുന്നത്? കളക്ഷന്റെ അളവ് കോല്‍ വച്ച് സിനിമയുടെ നിലവാരം അളക്കുന്ന സിനിമാക്കാര്‍ക്ക് എങ്ങിനെ പണ്ഡിറ്റ് നെ കുറ്റം പറയാനാകും?
ജനങ്ങള്‍ക്ക് ആവശ്യം ഉള്ളതാണ് തങ്ങള്‍ നല്‍കുന്നത് എന്ന വിചിത്ര വാദം ആണ് നിലവാരം കുറഞ്ഞ സിനിമ എടുക്കുന്നതിനെ സാധൂകരിക്കാന്‍ ഇന്നത്തെ സിനിമാക്കാര്‍ പറയുന്നത്. ജനങ്ങള്‍ കാണുന്നു എന്നതാണ് അവരുടെ വാദത്തെ ന്യായീകരിക്കാന്‍ അവര്‍ ചൂണ്ടി ക്കാട്ടുന്നത് . അപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ന്റെ സിനിമയും ധാരാളം ജനങ്ങള്‍ കണ്ടുവല്ലോ. തിയേറ്ററുകള്‍ നിറഞ്ഞു ഒഴുകുകയാണ്. അപ്പോള്‍ ജനങ്ങള്‍ക്ക് ആവശ്യം ഉള്ളതല്ലേ സന്തോഷ് പണ്ഡിറ്റ് ഉം നല്‍കുന്നത്?
പിന്നെ തിയേറ്ററില്‍ ജനം കൂകി വിളിക്കുന്നത്. മോഹന്‍ ലാലിന്റെതോ, മംമൂട്ടിയുടെതോ തറപ്പടം ആയാലും ഇത് പോലെ കൂകി വിളിച്ചു ബഹളം ഉണ്ടാക്കാന്‍ അവരുടെ ഫാന്‍സ് അസ്സോസ്സി യേഷന്‍ ജനങ്ങളെ സമ്മതിക്കുമോ? ഇല്ല. അടി കൊടുക്കും. അമ്മയുടെയും, ഫെഫ്കയുടെയും , exibitors ന്റെയും മറ്റനേകം സംഘടനകളുടെയും, മാധ്യമങ്ങളുടെയും,നിരൂപകരുടെയും, സര്‍ക്കാരിന്റെയും ചാനലുകളുടെയും, എന്ന് വേണ്ട ജനങളുടെ ഒഴിച്ച് എല്ലാവരുടെയും സംരക്ഷണം ഉള്ളത് കൊണ്ടാണ് ഇന്നത്തെ സംവിധായകരും അഭിനേതാക്കളും എന്തെല്ലാം കോപ്പിരാട്ടികള്‍ കാണിച്ചാലും പരസ്യമായി തെറി വിളി കേള്‍ക്കാതെ രക്ഷപ്പെടുന്നത്.
ജനം മതി മറന്ന് ഇഷ്ടം പോലെ തെറി പറഞ്ഞു ആഹ്ലാദിക്കുന്നു. അവരുടെ frustration , നിരാശ, ദ്വേഷ്യം, സങ്കടം എന്നിവയാണ് പ്രകടിപ്പിക്കുന്നത്. സന്തോഷ് പണ്ടിറ്റിനു മാത്രം ആയുള്ള തല്ല ഈ തെറി വിളിയും കൂക്കി വിളിയും. അത് ഇന്നത്തെ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഉള്ളതാണ്. അവസരം കിട്ടിയപ്പോള്‍ ജനങ്ങള്‍ അത് വിനിയോഗിച്ചു എന്ന് മാത്രം. സന്തോഷ് പണ്ഡിറ്റ് ഒരു നിമിത്തം ആയി. അത്ര മാത്രം.
ഈ സിനിമ എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യം ആയ ഒരു മേഖല ആണെന്നും കോടിക്കണക്കിനു രൂപ മുതല്‍ മുടക്കേണ്ട താണെന്നും ഒരു ധാരണ ആണ് ഇന്ന് വരെ നമ്മളില്‍ സിനിമാക്കാര്‍ ഉണ്ടാകിയിരുന്നത് . അതാണ് പണ്ടിട്റ്റ് ഇവിടെ തിരുത്തി ക്കുറിച്ചത്. അത് പോലെ കഥ, തിരക്കഥ, സംഭാഷണം, ഫോട്ടോ ഗ്രാഫി, എഡിറ്റിംഗ് ,മേക്കപ്പ്, കോറിയോഗ്രാഫി,സംവിധാനം എന്നിവ എല്ലാം വലിയ സാങ്കേതിക വിദഗ്ധര്‍ കൈ കാര്യം ചെയ്യേണ്ട വ ആണെന്നും വളരെ സങ്കീര്‍ണം ആണെന്നും, വളരെ പണച്ചിലവു ഉള്ളത് ആണെന്നും സിനിമാക്കാര്‍ ഇന്നലെ വരെ ജനങ്ങളെ തെറ്റി ധരിപ്പിച്ചു വച്ചിരുന്നു. ആ വലിയ നുണയാണ് സന്തോഷ് പണ്ഡിറ്റ് ന്റെ സിനിമയിലൂടെ പൊളിഞ്ഞു വീണത്.
അതാണ് ഇന്നത്തെ സിനിമാക്കാരെ പരിഭ്രാന്തിയില്‍ ആക്കിയത് . തങ്ങളുടെ ആധിപത്യം തകരുമോ എന്ന ഭയം. ഇന്നലെ വരെ ജനങ്ങളെ കബളിപ്പിച്ച് പണം ഉണ്ടാക്കിയിരുന്ന വഴി അടയുമോ എന്ന ഭയം. ബാബുരാജ് എന്ന സിനിമാ നടന്‍ ഇത് തുറന്നു പറയുകയും ചെയ്തുവല്ലോ. മനോരമ ചാനലില്‍ സന്തോഷ് പണ്ഡിറ്റ് നെ ആക്രമിക്കുന്ന പരിപാടിയില്‍ പുള്ളി പറയുക ആണ് "ഒന്ന് പച്ച പിടിച്ചു വരുന്നതെ ഉള്ളൂ, രക്ഷ പെട്ടോട്ടെ" എന്ന്. ഇനി അഞ്ചും പത്തും ലക്ഷങ്ങളും ആയി പലരും വരും, നല്ല സിനിമകളും ആയി. അങ്ങിനെ എങ്കില്‍ കോടികളുടെ സിനിമകളുടെ അന്ത്യം ആയ്രിക്കും അത്. സിനിമയും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തങ്ങളെ 'പണ്ഡിറ്റ് സിനിമ syndrome ' ബാധിക്കും എന്നൂല്ല ഭയം ആണ്. മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യങ്ങള്‍ കിട്ടുകില്ല എന്ന ഭയവും. ഇതാണ് സന്തോഷ് പണ്ഡിറ്റ് നെ ആക്രമിക്കാന്‍ സിനിമ-മാധ്യമ ലോകത്തെ പ്രേരിപ്പിക്കുന്ന ഘടകം.
കള്ളപ്പണക്കാരുടെ കൈപ്പിടിയില്‍ ആണ് ഇന്ന് സിനിമ. നമ്മുടെ സൂപ്പര്‍ സ്ടാറുകള്‍ ആയ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും വീടും സ്ഥാപനങ്ങളും ഇന്‍കം tax കാര്‍ raid ചെയ്തു. എത്ര നികുതി വെട്ടിച്ചു എന്നത് പരമ രഹസ്യം. Income Tax Department ഉം നമ്മുടെ താരങ്ങളും ഒന്നും മിണ്ടുന്നില്ല. കുറെ പണക്കാരുടെ ആധിപത്യം ആണ് മലയാള സിനിമയില്‍. അവര്‍ സൌകര്യത്തിനായി കുറെ പേപ്പര്‍ സംഘടനകളെ ഉണ്ടാക്കി വച്ചിട്ടുണ്ട് . ഈ മാഫിയ സംഘം വിചാരിക്കുനതിനു അപ്പുറം സിനിമാ രംഗത്ത് ഒന്നും നടക്കുകില്ല. ചെക്ക് കേസ് കളില്‍ പ്പെട്ട എത്രയോ അഭിനേതാക്കള്‍ ഉണ്ട്. പെണ്‍ വാണിഭത്തില്‍പ്പെട്ടവര്‍ ഉണ്ട്. പക്ഷെ ഈ സംഘത്തില്‍ ആയതിനാല്‍ അവര്‍ രക്ഷപ്പെടുന്നു. തിലകനെ അഭിനയിപ്പിക്കരുത് എന്ന് ഇവര്‍ പറഞ്ഞു. അടുത്ത കാലത്ത് നിത്യാ മേനോന്‍ എന്ന നടിയെ സിനിമയില്‍ നിന്നും ban ചെയ്തു. ചില നിര്‍മാതാക്കളും സംവിധായകരും ചെന്നപ്പോള്‍ അവര്‍ എണീറ്റ് മുണ്ടഴിച്ചിട്ടു ( സാരി?) ബഹുമാനിച്ചില്ലത്രേ! അതാണ് കാരണം. ഇതാണ് നമ്മുടെ സിനിമാ ലോകം. പഞ്ച പുച്ഛം അടക്കി ഒച്ചാനിച്ചു നില്‍ക്കുന്നവര്‍ക്കും ഏറാന്‍ മൂളികള്‍ക്കും മാത്രമേ നില നില്‍പ്പുള്ളൂ. അങ്ങിനെ ഒരു അന്തരീക്ഷത്തിലേക്ക് ആണ് ഇവരെ ഒന്നും വക വക്കാതെ സന്തോഷ് പണ്ഡിറ്റ് സിനിമ എടുത്തു. അതാണ് ഈ ഫ്യൂടല്‍ പ്രഭുക്കളെ പ്രകോപിച്ചത്.
ഇന്നത്തെ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ തല്‍പ്പരര്‍ ആണ്. അടുത്തിടെ ഏഷ്യാനെറ്റ് ചാനലില്‍ വന്ന പ്രിയ ദര്‍ശനും ആയി അദേഹത്തിന്റെ ഒരു സുഹൃത്ത് നടത്തിയ ഇന്റര്‍വ്യൂ ഉദാഹരം ആണ്. Intellucutual ആയ ഒരു സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ വരാത്തത് കൊണ്ടു വരേണ്ട കാര്യങ്ങള്‍ സൌകര്യ പൂര്‍വ്വം ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ സ്വയം പറഞ്ഞു ആളെ പുകഴ്ത്തുന്ന, ജനങ്ങളെ വിഡ്ഢി കള്‍ ആക്കുന്ന ഒരു രീതി. പ്രിയ ദര്‍ശന്റെ 'ചിത്രം' എന്ന സിനിമ മറ്റെതിന്റെയോ കോപ്പി ആണെന്ന് ഏതോ മലയാളി പത്ര പ്രവര്‍ത്തകന്‍ ബോംബെ പത്രത്തില്‍ എഴുതി. മണ്ടന്‍, വിഡ്ഢി ആയ പത്രക്കാരന്‍ എന്നാണ് ദ്വെഷ്യത്തോട് കൂടി പ്രിയദര്‍ശന്‍ പറഞ്ഞത്. സന്തോഷ് പണ്ഡിറ്റ് ചാനലുകളില്‍ ചൂടായതിന്റെ മറ്റൊരു പതിപ്പ്. മലയാളികള്‍ ആണ് തനിക്കെതിരെ നില്‍ക്കുന്നത് എന്നും മുംബൈ മുഴുവന്‍ തന്റെ കൂടെയാണെന്നും പ്രിയ ദര്‍ശന്‍ തട്ടി വിടുന്നു. മുംബൈ ക്കാര്‍ ഇങ്ങോരെ എന്ത് മൈന്‍ഡ് ചെയ്യാന്‍? കൂടാതെ ഈ മോഷണപ്പടം മുഴുവന്‍ മലയാളികള്‍ അല്ലെ കാണേണ്ടി വന്നത്?
ഒരു സംഭവം പറയാം. അടുത്തിടെ, പണ്ഡിറ്റ് ന്റെ സിനിമാ വരുന്നതിനും അല്‍പ്പം മുന്‍പ്. ഞങ്ങളുടെ സംഗീത നാട്യ കല വിദ്യാലയത്തിനെ പ്പറ്റി ഒരു ഡോകുമെന്ററി തയാരാക്കി ത്തരാം എന്ന ഓഫറും ആയി ഒരു ചെറുപ്പക്കാരന്‍ വന്നു. രവി കുമാര്‍. ആദ്യമായാണ് ഡോകുമെന്ററി ഉണ്ടാക്കുന്നത് എന്നും പറഞ്ഞു. ആ ചെറുപ്പക്കാരന്റെ ആത്മ വിശ്വാസവും ആത്മാര്‍ഥതയും കണ്ടപ്പോള്‍ അയാള്‍ക്കത് ചെയ്യാന്‍ കഴിയും എന്ന് തോന്നി. ഐഡിയകള്‍ ചര്‍ച്ച ചെയ്തു. script ഉം narration ഉം കൊടുത്തു. അയാള്‍ ഒരു പ്രൊഫഷണല്‍ കാമറ മാനെ സംഘടിപ്പിച്ചു. ഷൂട്ട് ചെയ്തു, ടബ്ബ് ചെയ്തു. എഡിറ്റ് ചെയ്തു. എല്ലാം പ്രോഫഷനലുകളുടെ സഹായത്തോടെ. ഏതായാലും നല്ല ഒരു ഡോകുമെന്ററി പിറവി എടുത്തു.
ഇങ്ങിനെ എത്ര എത്ര കഴിവുള്ള കലാകാരന്മാര്‍ മലയാളത്തില്‍ ഉണ്ട്. കഥ എഴുതാന്‍, പാട്ടെഴുതാന്‍, സംഗീതം നല്‍കാന്‍, പാടാന്‍, അഭിനയിക്കാന്‍, കാമറ കൈകാര്യം ചെയ്യാന്‍ , സംവിധാനം ചെയ്യാന്‍ അങ്ങിനെ ഓരോ രംഗത്തും ശരിക്കും ടാലെന്റ്റ് ഉള്ള അനേകം പേരുണ്ട്. ചെലവ് കുറച്ചു വളരെ പ്രൊഫഷണല്‍ ആയി നല്ല സിനിമ എടുക്കാന്‍ അവര്‍ക്ക് കഴിയും. കുറഞ്ഞ ചിലവില്‍ നല്ല സിനിമ.
അതിന്റെ ഒരു trend setter ആണ് സന്തോഷ് പണ്ഡിറ്റ് ന്റെ സിനിമ.