2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

ജയിലിൽ ആയ വിദ്യാർഥികൾ

പ്രശസ്തമായ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ലെ 33 വിദ്യാർഥികൾ ജയിലിൽ കിടക്കുകയാണ്. രാഷ്ട്രീയക്കാരുടെ ചതുരംഗ ക്കളിയിൽ  വെട്ടി വീഴ്തപ്പെട്ട കാലാളുകൾ ആണ് ആ പാവം കുട്ടികൾ. വിദ്യാർഥി  സംഘടനകൾ തമ്മിലുള്ള സംഘട്ടനത്തിന്റെ രക്ത സാക്ഷികൾ.

മിടുക്കരിൽ മിടുക്കരായ കുട്ടികൾക്ക് മാത്രമാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം ലഭിക്കുന്നത്. നന്നായി പഠിക്കുക എന്ന ഉദ്ദേശ്യം മാത്രമാണാ കുട്ടികൾക്ക് ഉള്ളതും. അത്തരം കുട്ടികളെ വിവിധ വിദ്യാർഥി സംഘടനകളുടെ മുദ്ര പതിപ്പിച്ച് തമ്മിൽ വൈരാഗ്യം വളർത്തുന്നതിന്റെയും , അക്രമത്തിന്റെ പാതയിലൂടെ നയിക്കുന്നതിന്റെയും, സാമൂഹ്യ വിരുദ്ധരും ക്രിമിനലുകളും ആക്കുന്നതിന്റെയും പൂർണ  ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികൾക്ക് ആണ്.  വിദ്യാർതികളുടെ സംഘടന എന്നാണ് പറയുന്നത് എങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വാലുകൾ ആണിവ. അവരുടെ ചട്ടുകം. ആ നേതൃത്വങ്ങളുടെ പ്രചോദനം ഒന്ന് കൊണ്ടു മാത്രം ആണ് വിദ്യാർഥികൾ ഇത്തരത്തിൽ പെരുമാറുന്നതും കാമ്പസ്സുകളിൽ അക്രമവും അരാജാകത്വവും നടമാടുന്നതും. കാമ്പസ് രാഷ്ട്രീയത്തിന് വേണ്ടി മുറവിളി കൂട്ടുന്ന രാഷ്ട്രീയ  പാർട്ടികൾ  അടി പിടിയിലും കത്തിക്കുത്തിലും നശീകരണത്തിലും പ്രാവീണ്യം നേടുന്ന ഒരു പുതു തലമുറയെ  ആണോ  പ്രതീക്ഷിക്കുന്നത്?

അറസ്റ്റിൽ ആയി ജയിലിൽ കിടക്കുന്ന വിദ്യാർഥികൾക്ക് ജാമ്യത്തിൽ ഇറങ്ങണമെങ്കിൽ നശിപ്പിച്ച പൊതു മുതലിന്റെ വില ആയ 6 ലക്ഷം രൂപ കോടതിയിൽ കെട്ടി വയ്ക്കണം. ഈ തുക സംഘടന നൽകുമോ? ഇല്ല. അത് പാവപ്പെട്ട മാതാ പിതാക്കളുടെ തലയിൽ ആണ് വീഴുന്നത്. അടുത്തിടെ ഒരു സർക്കാർ ഉദ്യോഗസ്ഥൻറെ ദേഹത്ത് കരി ഓയിൽ ഒഴിച്ച കേസിൽ അറസ്റ്റിൽ ആയ കെ. എസ്.യു. വിദ്യാർഥികളുടെ ജാമ്യ ത്തുക ആയ ലക്ഷങ്ങൾക്ക് വേണ്ടി അവരുടെ പാവപ്പെട്ട മാതാ പിതാക്കൾ കഷ്ട്ടപ്പെട്ട കാര്യം നമ്മൾ കണ്ടുവല്ലോ? സംഘടന ഒരു കാര്യം ചെയ്തു. കുറ്റം ചെയ്‌തവരെ മൂന്നു വട്ടം തള്ളിപ്പറഞ്ഞു. ആര് പറഞ്ഞിട്ടായിരുന്നു ആ കുട്ടികൾ ആ അക്രമം കാണിച്ചത്? ആ നേതാക്കൾ എല്ലാം സുഖമായി സമൂഹത്തിൽ വിരാജിക്കുന്നു. കുട്ടികളോ?ക്രിമിനൽ കേസിൽ പ്രതികളായി  പഠിത്തവും ഭാവിയും നഷ്ട്ടപ്പെട്ട് കഴിയുന്നു.

ഒരു പരിധി വരെ മാതാപിതാക്കളും ഇതിന് ഉത്തരവാദികൾ ആണ്. തങ്ങളുടെ കുട്ടികൾ വഴി തെറ്റിപ്പോകുന്നത് തടയാൻ അവർ ഒന്നും ചെയ്യുന്നില്ല. ഈ കുട്ടികളെ നേർ വഴിക്ക് നയിക്കാൻ സമൂഹത്തിനും ഉത്തരവാദിത്വം ഉണ്ട്. പക്ഷെ എല്ലാം നിസംഗതയോടെ നോക്കി നിശബ്ദമായി ഇരിക്കുകയാണ് പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹം.

ഇനിയുള്ളത് ഭരണാധികാരികൾ ആണ്. കുറെ വിദ്യാർഥികൾ ജയിലിൽ പോയാലും, അവരുടെ ഭാവി തുലഞ്ഞാലും തങ്ങളുടെ പാർടിയുടെ ഭാവി ശോഭനം ആകുമല്ലോ എന്നാണവരുടെ നിലപാട്. ഈ അവസ്ഥക്ക് മാറ്റം വരേണ്ടി ഇരിക്കുന്നു. വിദ്യാർഥികളുടെ മേലുള്ള രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്നതാണ് ആദ്യ പടി. വിദ്യാർഥികൾ ആകുന്ന കുട്ടി ക്കുരങ്ങന്മാരെ ക്കൊണ്ടു ചുടു ചോറ് വാരിക്കുകയാണ് രാഷ്ട്രീയ നേത്രുത്വം എന്ന് മനസ്സിലാക്കി രക്ഷ കർത്താക്കൾ കുട്ടികളെ നിയന്ത്രിക്കുക. സാമൂഹ്യ, സാംസ്കാരിക സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടുന്നത് വളരെ ഫലവത്താണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ