2016, മേയ് 31, ചൊവ്വാഴ്ച

തൊപ്പി തെറിച്ചു

"താങ്കൾ പറഞ്ഞത് പോലെയൊന്നും അല്ല നിഷ്പക്ഷ മതികളായ ജനങ്ങൾ താങ്കളെ കണ്ടത് എന്ന് പറയട്ടെ. ശരിയുടെ കൂടെയല്ല താങ്കൾ നിന്നത് എന്ന് തന്നെയാണ് ജനം കരുതുന്നത്. അധികാരത്തിൽ ഇരിക്കുമ്പോൾ കാണിക്കുന്ന അഹങ്കാരത്തിന്റെ ഒരു ചിത്രം അടുത്തിടെ താങ്കൾ സോഷ്യൽ മീഡിയയിൽ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു. തലേ ദിവസം വരെ  സല്യുട്ട് അടിച്ച പോലീസ് കാരൻ  ഉമ്മൻ ചാണ്ടിയെ മൈൻഡ് ചെയ്യാതെ കാല് എടുത്തു കലുങ്കിന്റെ പുറത്തു വച്ച് നിൽക്കുന്നു. ആധികാരം ആദരവ് നേടിത്തരില്ല. അത് അന്തസ്സായ പെരുമാറ്റം ആണ് വേണ്ടത്. DGP യെ insult ചെയ്തു  ADGP യെ വിജിലൻസിൽ നിയമിച്ചപ്പോൾ താങ്കൾ ഒന്നും മിണ്ടിയില്ല.  ജേക്കബ് തോമസിനെ unceremonious ആയി കെട്ടിട നിർമാണ മുഖ്യൻ ആയി നിയമിച്ചപ്പോൾ താങ്കൾ ഒന്നും മിണ്ടിയില്ല. ഇപ്പോൾ ആ ഗതി താങ്കൾക്കും." 




DGP സെൻകുമാർ State Police Chief  എന്ന തന്റെ ഫെസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റിന് ഞാൻ അതിൽ കൊടുത്ത മറുപടിയാണ്‌ മുകളിൽ കണ്ടത്. പോകുന്ന പോക്കിൽ ആയതു കൊണ്ട് അൽപ്പം മയത്തിനാണ് എഴുതിയത്. " ഞാൻ പോകുന്നു. ഇന്ന് വരെ അന്തസ്സായി ആണ് പണിയെടുത്തത്....  " എന്നൊക്കെ  പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ  പോസ്റ്റ്,

ഇന്ന് ചാനലുകളിൽ അദ്ദേഹത്തിന്റെ പ്രകടനം കണ്ടതാണല്ലോ.താൻ നട്ടെല്ല് വളയ്കാത്ത ആളാണ്‌. ക്ലുബ്ബുകളിലും 5 സ്റ്റാർ ഹോട്ടലുകളിലും പോകാറില്ല എന്നൊക്കെ പറയുന്നത്. സ്ഥലം മാറ്റുന്നതിന് മുൻപ് തന്നോടൊന്നു ചോദിക്കാമായിരുന്നു എന്നും പറയുന്നു. ഇത്തരം കാര്യങ്ങളൊക്കെ സ്വന്തം കാര്യം വരുമ്പോഴാണ് ആലോചിക്കുന്നത്.

DGP പോസ്റ്റ്‌ ആണ് വിജിലൻസ് ഡയരക്ടർക്ക്. അത് സൌകര്യത്തിനു ഒരു ADGP യ്ക്ക് കൊടുത്തപ്പോൾ ഒരക്ഷരം ഇദ്ദേഹം മിണ്ടിയില്ല. കൺസ്ട്രക്ഷൻ കോർപറേഷൻ MD ആയി ജേക്കബ് തോമസിനെ ഒതുക്കിയപ്പോൾ അങ്ങേരു ഒന്നും മിണ്ടിയില്ല. ഇങ്ങിനെ പലതും. ഇപ്പോൾ സ്വന്തം അനുഭവം വന്നപ്പോൾ കരയുന്നു നിയമം പറയുന്നു. അധികാര സ്ഥാനത്ത് ഇരിക്കുമ്പോൾ അഹങ്കാരം അരുത്. എന്നെങ്കിലും താഴെ ഇറങ്ങും എന്നൊരു ഓർമ വേണം. അല്ലെങ്കിൽ ഇത് പോലെ ഒക്കെ വരും. 

കേസിൽ പെടും എന്ന് പേടിച്ചു  ചാണ്ടിയും കൂട്ടരും ഇറക്കി വിട്ട ജേക്കബ് തോമസ്‌ ഇതാ വിജിലൻസ് ഡയരക്ടർ ആയി വീണ്ടും വന്നിരിക്കുന്നു. ഇതാണ് വിധിയുടെ ഓരോ കളികൾ.  മന്ത്രിമാർക്ക് എതിരായ, ഒതുക്കി വച്ച കേസുകൾ എല്ലാം പൊങ്ങി വരും.  

2016, മേയ് 30, തിങ്കളാഴ്‌ച

കാസ്ട്രോമാർ



                                                               ഉമ്മൻ കാസ്ട്രോ


ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഒന്ന് രണ്ടു ഗുണങ്ങൾ ഉണ്ടായി. ഒന്ന് ക്യുബയിലെ വിപ്ലവ നേതാവിന്റെ പേരിൽ ഒരാൾ കേരളത്തിൽ ഉടലെടുത്തു.

സാക്ഷാൽ അച്ചു കാസ്ട്രോ.

 കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്നു വോട്ട് പിടിക്കുമ്പോൾ ഒരു മുഖ്യ മന്ത്രി പദം  സഖാവ് വി.എസ്. സ്വപ്നം കാണുന്നത് സ്വാഭാവികം. കഴിഞ്ഞ ഭരണത്തിലെ മുഖ്യ മന്ത്രി. അത് കഴിഞ്ഞു അഞ്ചു വർഷം പ്രതി പക്ഷ നേതാവ്. വയസ്സ് 92 കഴിഞ്ഞെങ്കിലും ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല. കാസർഗോഡ്‌ മുതൽ പാറശാല വരെ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു, പക്ഷേ സംഭവം കൈവിട്ടു പോയി. മുഖ്യ മന്ത്രി യെ നിശ്ചയിക്കുന്ന സമയം വന്നപ്പോൾ ഇദ്ദേഹത്തിന്റെ പേരെ ഇല്ല. പിണറായി അത് കൊണ്ട് പോയി. രണ്ട് മാസം മുഴുവൻ സമയം ഓടി നടന്ന വി.എസിന് ശരീര സുഖം പോരാ എന്ന് പോളിറ്റ് ബ്യുറോ പറഞ്ഞു. പക്ഷെ യെച്ചൂരി നന്ദി യുള്ളവനാണ്. ഒരു പേര് കൊടുത്തു. കേരളത്തിലെ കാസ്ട്രോ.

അപ്പുറത്തും ഇത് പോലെ ഒരാളുണ്ടായി. ഉമ്മൻ ചാണ്ടി. ഹൈ കമാണ്ടിനെ വരച്ച വരയിൽ നിർത്തുമ്പോഴും നല്ല വിശ്വാസം ഉണ്ടായിരുന്നു തിരിച്ചു ഭരണത്തിൽ വരാം എന്ന്. കേരളത്തിലെ ജനങ്ങൾ അത്ര മണ്ടന്മാർ അല്ല എന്ന് തെളിയിച്ചു കൊണ്ട് അവരെ ദയനീയമായി പരാജയപ്പെടുത്തി. ആശാൻ ഔട്ട്‌ ആയി. ആശാന്റെ വിശ്വസ്തരായ എ ഗ്രൂപ്പ് തോറ്റു പോയി. ചെന്നിത്തലയുടെ ഐ. ഗ്രൂപ്പിൽ കൂടുതൽ എം.എൽ.എ. മാർ ജയിച്ചു വന്നു. സ്വാഭാവികമായി രമേശ്‌ ആണ് പ്രതിപക്ഷ നേതാവ് ആകേണ്ടത്. രക്ഷയില്ലാതെ  വീണിടം  വിദ്യയാക്കി താൻ ഒഴിഞ്ഞു കൊടുക്കുന്നു എന്ന് ചാണ്ടി പറഞ്ഞു. അങ്ങിനെ രമേശ്‌ പ്രതിപക്ഷ നേതാവ് ആയി. ചാണ്ടി ഒരു കാര്യം കൂടി ചെയ്തു. രമേഷിന്റെ പേര് നിർദ്ദേശിച്ചു എന്ന് കൂടി പറഞ്ഞു. എന്ത് നല്ല മനസ്സ്.

ഇടതായാലും വലതായാലും അഴിമതിയും മറ്റു കാര്യങ്ങളും എതിർ പക്ഷത്ത്  നിന്നും സ്വീകരിക്കാൻമടി കാണിക്കില്ല. അപ്പുറത്ത് അച്ചുതാനന്ദനെ എങ്ങിനെ ഇരുത്തി എന്ന് കോൺഗ്രസ് നോക്കി. അത് പോലെ ഇവിടെയും ചെയ്തു. യു.ഡി.എഫ്. ചെയർമാൻ സ്ഥാനം കൊടുത്തു.  അങ്ങിനെ കേരളത്തിന് രണ്ടാമതൊരു കാസ്ട്രോ യെ കൂടി കിട്ടി.

ഉമ്മൻ കാസ്ട്രോ 

2016, മേയ് 29, ഞായറാഴ്‌ച

പൊങ്ങച്ച കാറുകൾ






ദേശീയ ഹരിത ട്രിബ്യുണൽ   കൊച്ചി സർക്യുട്ട് ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങിൽ തന്നെ ചരിത്ര പ്രധാനമായ വിധി പുറപ്പെടുവിച്ചു.  മരണക്കിടക്കയിൽ ഊർധ്വ ശ്വാസം വലിക്കുന്ന  കേരളത്തിന്റെ പരിസ്ഥിതിയ്ക്ക് അൽപ്പം ജീവ വായു നൽകുന്ന സുപ്രധാനമായ   ഒരു വിധി.  10 വർഷത്തിലേറെ പഴക്കമുള്ള ചെറുതും വലുതുമായ എല്ലാ ഡീസൽ വാഹനങ്ങളും കേരളത്തിലെ 6 നഗരങ്ങളിൽ നിരോധിച്ചു. 2000 സി.സി. യ്ക്ക് മുകളിലുള്ള എല്ലാ ഡീസൽ വാഹനങ്ങൾ പുതുതായി രജിസ്ട്രേഷൻ നൽകരുതെന്നും ഹരിത ട്രിബ്യുണൽ വിധിയിൽ പറഞ്ഞു.

അന്തരീക്ഷ മലിനീകരണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇനിയും അനിയന്ത്രിതമായി വാഹനങ്ങൾ വർദ്ധിക്കുകയും ഡീസൽ കത്തുമ്പോഴുള്ള പുകയും കാർബണും അന്തരീക്ഷത്തിൽ നിറയുകയും ചെയ്‌താൽ ശ്വസിക്കാൻ വേറെ വായു കണ്ടെത്തേണ്ട ഒരു സ്ഥിതി വരും. അത് മുന്നിൽ കണ്ടു കൊണ്ടാണ്  ഇത്തരം ഒരു വിധി പുറപ്പെടുവിച്ചത്.

പക്ഷേ ടൊയോട്ടയുടെ ഇവിടത്തെ കച്ചവടക്കാരൻ ഇതിനെതിരെ  ഹരിത വിധിഹൈക്കോടതിയിൽ പോയി. പുതിയ വാഹനങ്ങളുടെ  രജിസ്ട്രേഷൻ തടഞ്ഞ നടപടി ഹരിത വിധി    രണ്ടു മാസത്തേയ്ക്ക്  ഹൈക്കോടതി  സ്റ്റേ ചെയ്തു.

അതിനു ഹൈ  കോടതി ഒരു കാരണം പറഞ്ഞത് ശരിയായ പഠനമോ വസ്തുതകളോ കണക്കുകളോ ഇല്ലാതെ ആണ് ഹരിത ട്രിബ്യുണൽ വിധി പറഞ്ഞത് എന്നും ഇപ്പോൾ അങ്ങിനെ ഒരു സ്ഥിതി കേരളത്തിൽ ഇല്ലെന്നുമാണ്. ഒരു പത്തോ  പതിനഞ്ചൊ  മുൻപത്തെ ഡൽഹിയിലെ സ്ഥിതിയും മെച്ചപ്പെട്ടതായിരുന്നു. അത് വളർന്ന് ഇന്ന് ഒറ്റയും ഇരട്ടയും നമ്പർ മാറി മാറി നിരത്തിൽ ഇറക്കാൻ ഇടയാക്കിയത്.

2000 സി.സി. യ്ക് മേലുള്ള വാഹനങ്ങൾ ഏതൊക്കെയാണ്? 20 ലക്ഷം വരെയുള്ള  ഇന്നോവ തുടങ്ങിയ ഇന്ത്യൻ വാഹനങ്ങൾ. ട്രെവിറ്റ, ബുഗാട്ടി,ലംബൊർഗിനി തുടങ്ങിയ 10 കോടിയുടെ കാറുകൾ. പിന്നെ  മേഴ്സിടെസ്,BMW ,ഹോണ്ട, ടൊയോട്ട   തുടങ്ങിയ 50 ലക്ഷത്തിന് മുകളിലുള്ളവ  ഇത്തരം കാറുകൾ ആരാണ് ഉപയോഗിക്കുന്നത്? കോടീശ്വരൻമാർ. 2000 സിസി യ്ക്ക് താഴെയുള്ള കാറുകളിൽ സഞ്ചരിച്ചാൽ എന്താണ് ഇവർക്ക് കുഴപ്പം. ഒന്നുമില്ല. പക്ഷെ ഇത് ഒരു പൊങ്ങച്ചം കാണിക്കുന്നു എന്നത് മാത്രമാണ്. പണത്തിന്റെ കൊഴുപ്പ് കാണിക്കുന്നു. ഇവര് ഈ വലിയ കാറുകളിൽ അടിച്ചു പൊളിച്ചു നടക്കുമ്പോൾ ഇതിന്റെ പുക ശ്വസിക്കേണ്ടത് പാവപ്പെട്ടവൻ കൂടിയല്ലേ? ഇവരുടെ പൊങ്ങച്ചത്തിന് സാധാരണക്കാരൻ എന്തിനു വില നൽകണം?  നമ്മുടെ സർക്കാരും മന്ത്രിമാരും ഒക്കെ ഈ ആഡംബര ക്കാറുകളിൽ ആണ് സഞ്ചരിക്കുന്നത്. അതൊക്കെ നിർത്തി 2000 ത്തിനു താഴെയുള്ള കാറിൽ സഞ്ചരിക്കാൻ ഇവർ തയ്യാറാകണം. അടുത്ത തലമുറയ്ക്ക് വേണ്ടി.




2016, മേയ് 28, ശനിയാഴ്‌ച

അത് ഞമ്മളാണ്

ബസ് കാത്തു നിൽക്കുന്നവർക്ക് വേണ്ടി റോഡരുകിൽ  തട്ട് കട പോലെ  ഒരു കുഞ്ഞു  ഷെഡ്‌ തട്ടിക്കൂട്ടിയാലും  അതിനു മുൻപിൽ ആ ഷെഡ്‌ നെക്കാളും വലിയ  ഒരു  ബോർഡ് കാണാം. വെണ്ടക്കയിൽ എഴുതിയത്. " ശശി  MLA ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ചത്".  പാർലമെന്റിൽ ഉള്ള ശശി  "ശശി MP ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ചത്" എന്നു എഴുതും .കഴിയുമെങ്കിൽ ശശിയുടെ ചെവി മുതൽ ചെവി വരെ വായ വലിച്ചു കീറിയ ചിരിയുള്ള ഒരു പടവും.

സംശയിക്കേണ്ട ഇത് ശശിയുടെ കുടുംബത്തിൽ കൊണ്ട് വന്ന പണം ഒന്നുമല്ല. നമ്മൾ കൊടുത്ത നികുതി പണം ആണ്. അത് സർക്കാർ ശശിയുടെ കയ്യിൽ കൊടുത്തു. അത് കുറെ കയ്യിട്ടു വാരി ശശി ഇങ്ങിനൊരു സാധനം ഉണ്ടാക്കുന്നു. എന്നിട്ട് സ്വന്തം പേരും എഴുതി വയ്ക്കുന്നു. നമ്മുടെ പണം. അതിന്റെ  ക്രെഡിറ്റോ വെറുതെ ഇരുന്ന ശശിക്ക്.  

നമ്മുടെ എട്ടുകാലി മമ്മൂഞ്ഞിനെ പ്പോലെ. കാശ് ജനത്തിന്റെ ആണ് എങ്കിലും പറയും "അത് ഞമ്മളാണ്".

ഇപ്പോൾ വടക്കാഞ്ചേരി MLA അനിൽ അക്കര ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.  ജനങ്ങളുടെ പണം എടുത്തു ഉണ്ടാക്കിയിട്ട് സ്വന്തം പേരെഴുതി വച്ച് പൊങ്ങച്ചം അടിക്കുന്നതിനെതിരെ. എല്ലാ MLA മാരും MP മാരും അനിൽ അക്കര പറഞ്ഞ സത്യം മനസ്സിലാക്കി ഇനിയെങ്കിലും ഇങ്ങിനെ അന്യന്റെ മുതൽ മുടക്കിയിട്ട് അതിന്റെ മേനി അവകാശപ്പെടുന്ന അൽപ്പത്തരം അവസാനിപ്പിക്കണം. 


2016, മേയ് 27, വെള്ളിയാഴ്‌ച

തല വിധി



"അന്ന് നമ്മൾ അടക്കി വാണതിവിടം 
ഇന്ന് അടക്കത്തോടെ വാഴ്വതും ഇവിടം 

അന്ന് രാജ്യം ഭരിപ്പോർ 
ഇന്ന് ഉദരം ഭരി കൾ"

( പണ്ട് ഡൽഹി ഐഫക്സ് ഹാളിൽ ഞങ്ങൾ അവതരിപ്പിച്ച 'അവതരണം ഭ്രാന്താലയം' എന്ന നാടകത്തിൽ നിന്നും ഓർമയിൽ വന്നത്)

ഇന്നലെ ഓടി വന്ന് സല്യുട്ട്  അടിച്ച് കാറിന്റെ ഡോർ തുറന്നു കൊടുത്ത് അറ്റൻഷൻ ആയി നിന്ന പോലീസ് കാരനാണ് ഇന്ന് കാലും കയറ്റി നിന്ന് ഉമ്മൻ ചാണ്ടിയെ മൈൻഡ് ചെയ്യാതെ നിൽക്കുന്നത്. 

 ഒരു പഴയ മുഖ്യ മന്ത്രി എന്ന പരിഗണന പോലും കൊടുക്കാതെ, ഒരു എം.എൽ.എ. എന പരിഗണന പോലും കൊടുക്കാതെ. 
വിജയൻ സത്യ പ്രതിജ്ഞ ചെയ്യുന്നത് വരെ ചാണ്ടി തന്നെയാണ് മുഖ്യ മന്ത്രി. എന്നിട്ടും കണ്ടില്ലേ 

ഇതാണ് തലവിധി. അധികാരത്തിൽ ഇരിക്കുമ്പോൾ തലയ്ക്കു മത്തു പിടിച്ച് എന്തെല്ലാം വിക്രിയകൾ ആണ് കാട്ടിക്കൂട്ടുന്നത്  ശുംഭന്മാർ. ഫോൺ പിടിക്കാൻ ഒരാൾ,കാർ തുറന്നു കൊടുക്കാൻ മറ്റൊരാൾ, ഫയൽ പിടിക്കാൻ വേറൊരാൾ അങ്ങിനെ പോകുന്നു.   താഴെ  ഇറങ്ങുമ്പോൾ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല ഇത്തരക്കാരെ.

2016, മേയ് 25, ബുധനാഴ്‌ച

ആതുര ശുശ്രൂഷ

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയിരിക്കുന്നു. ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ. ഇത്രയും പരിമിതികൾക്ക്‌ ഉള്ളിൽ നിന്നും ഇത്രയും മഹത്തായ ഒരു സേവനം നടത്തിയ ഡോക്ടർമാർക്കും അവരുടെ  കൂടെ പ്രവർത്തിച്ച എല്ലാവർക്കും  എത്ര അഭിനന്ദനം നൽകിയാലും മതിയാകില്ല. 

സർക്കാർ ആശുപത്രികളെ പട്ടിണി പ്പാവങ്ങളുടെ ആശുപത്രികളാക്കി അവിടെ സൌകര്യങ്ങൾ ഒന്നും ചെയ്ത് കൊടുക്കാതെ സ്വയം സ്വകാര്യ ആശുപത്രികളിൽ  അഭയം തേടുന്ന, വിദേശ രാജ്യങ്ങളിൽ വരെ പോകുന്ന ഭരണ  വർഗത്തിന്റെ കണ്ണ് തുറപ്പിക്കാൻ കൂടി ഇത് ഉപകരിക്കും. 5 കോടി രൂപയിൽ അധികം ആണ് കഴിഞ്ഞ ഭരണ കാലത്ത് കേരള മന്ത്രിമാരും  എം.എൽ.എ. മാരും അവരുടെ ചികിത്സക്കായി ഖജനാവിൽ നിന്നും ചിലവാക്കിയത്.  എല്ലാം സ്വകാര്യ ആശുപത്രികളിൽ നൽകാൻ. ജന പതിനിധികളുടെ ജീവൻ അല്ലേ? ജനങ്ങളുടെതിനേക്കാൾ വില കാണുമല്ലോ.

 6 മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജിൽ, സർക്കാർ ആശുപത്രിയിലെ ആദ്യത്തെ  ഹൃദയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. സ്ഥല സൌകര്യങ്ങൾ ഇല്ല, ഉപകരണങ്ങൾ ഇല്ല തുടങ്ങി ഇല്ലായ്മകളുടെ നടുവിൽ നിന്നാണ് ഈ ഡോക്ടർ മാർ ഈ അത്ഭുതങ്ങൾ കാട്ടുന്നത്. നമ്മുടെ സർക്കാർ ആശുപത്രികളിൽ മിടുക്കരായ ഡോക്ടർ മാർ ഉണ്ട്. സൌകര്യങ്ങൾ നൽകാതെ  അവരുടെ കഴിവുകൾ മുരടിപ്പിച്ചു കളയുകയാണ് ഇന്നേ വരെയുള്ള ഭരണാധികാരികൾ ചെയ്യുന്നത്. മരുന്ന് വാങ്ങുമ്പോഴും ഉപകരണങ്ങൾ വാങ്ങുമ്പോഴും  കിട്ടുന്ന കോഴയും സ്ഥലം മാറ്റത്തിലും മറ്റും കിട്ടുന്ന കൈക്കൂലിയും മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ലക്ഷ്യം. അതാണ്‌ സർക്കാർ  ആശുപത്രികൾ ഇങ്ങിനെ അധപതിക്കുന്നതിന്റെ കാരണം. പൊതു  ആതുര ശുശ്രൂഷാലയങ്ങളെ  മനപൂർവം രോഗ ഗ്രസ്ഥമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സ്വകാര്യ ആശുപത്രികൾ വളരാനായി.

 പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഒരു ഡോക്ടർ ഓ.പി.യിൽ 200 ൽ  അധികം രോഗികളെ ആണ് നോക്കുന്നത്. ഒരു രോഗിയെ നോക്കാൻ ഒരു മിനിട്ട് പോലും കിട്ടുന്നില്ല. ഒരു മിനിട്ടിനുള്ളിൽ രോഗ നിർണയവും മരുന്ന് കുറിക്കലും! ജനം എന്ന കഴുതയ്ക്ക് അത് മതിയല്ലോ.

 ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നവർക്ക് പുതിയ ടെക്നോളജി മനസ്സിലാക്കാനും പഠിക്കാനും  പരിശീലനം (updation)   ആവശ്യമാണ്. അതിനുള്ള സൌകര്യവും നമ്മുടെ സർക്കാർ ചെയ്തു കൊടുക്കുന്നില്ല. ആധുനിക സൌകര്യങ്ങൾ ഉള്ള ഭാരതത്തിലെ പ്രമുഖ ആശുപത്രികളിലും വിദേശ ആശുപത്രികളിലും ഇവരെ അയക്കേണ്ടത് അത്യാവശ്യമാണ്.നമ്മുടെ ഡോക്ടർ മാരുടെ അനുഭവ/ പരിചയ ക്കുറവു പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിലുണ്ടായ  പൊള്ളലിനു ചികിത്സ നൽകുമ്പോൾ നാം കണ്ടതാണ്. ഇടയ്ക്കിടെ ഹ്രസ്വ കാല പഠനങ്ങൾക്ക് ഡോക്ടർ മാരെ അയയ്ക്കെണ്ടതിന്റെ ആവശ്യകത യിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നമ്മുടെ ഡോക്ടർ മാർ ഈ സാഹചര്യത്തിലും സ്തുത്യർഹമായ സേവനം നൽകുമ്പോൾ അവർക്ക് ആവശ്യമായ സൌകര്യവും പരിശീലനവും നൽകാൻ സർക്കാർ തയ്യാറാകുമോ? അങ്ങിനെ ചെയ്‌താൽ ഭരണാധികാരികളുടെ പ്രീയപ്പെട്ട സ്വകാര്യ ആശുപത്രികൾ അന്ത്യ ശ്വാസം വലിക്കുമല്ലോ.

2016, മേയ് 21, ശനിയാഴ്‌ച

തെരഞ്ഞെടുപ്പ്

അങ്ങിനെ കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പൂർണമായും ശരിയായ ഒരു വിധിയെഴുത്ത് എന്ന് പറയാൻ കഴിയില്ല എങ്കിലും കുറെയേറെ സീറ്റുകളിൽ  ജനം ആലോചിച്ചു തന്നെ ചെയ്തു. 

 ബാബു,ഷിബു,ജയ ലക്ഷ്മി, മോഹനൻ എന്നീ മന്ത്രിമാരെ തോൽപ്പിച്ചു.  അഴിമതിക്കാരനായ ബാബുവും അഹങ്കാരിയായ ഷിബുവും കഴിവില്ലാത്ത  മോഹനനും ലക്ഷ്മിയും തോൽക്കേണ്ടവർ. ജനങ്ങളുടെ നല്ല തീരുമാനം.  

 അഴിമതിയ്ക്കു കുട പിടിക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്ത കുറേപ്പേർ ഉണ്ട്. റ്റീവി ഷോകളിൽ വലിയ വാഗ്വാദം നടത്തി മിടുക്കന്മാരെന്നു സ്വയം ധരിച്ചവരാണ് ഇവർ. എന്തൊരു പ്രകടനം ആയിരുന്നു ഈ മണ്ടന്മാരുടെത്. എല്ലാം സർക്കാരിന്റെ  അഴിമതിയെ പിന്തുണച്ച്.  വാഴയ്ക്കൻ,സിദ്ദിക്ക് വിഷ്ണുനാഥ്, ഉണ്ണിത്താൻ, ലാലി വിൻസെന്റ്, ഹസ്സൻ,  ലിജു, ഷാനിമോൾ, പന്തളം സുധാകരൻ, ഉണ്ണിയാടൻ,  സുരേഷ് ബാബു, തുടങ്ങിയ മഹാന്മാർ. എല്ലാവരെയും ജനം തോൽപ്പിച്ചു കയ്യിൽ കൊടുത്തു. 

സീറ്റ് കിട്ടാതെ മറുകണ്ടം ചാടിയ മഹാന്മാർ 4 പേർ. കേരള കോൺഗ്രസ്സിൽ നിന്നും മാറി പുതിയ പാർട്ടിയുമായി ഇടതു മുന്നണിയിൽ ചേർന്നവർ.  മാണിയുടെ അഴിമതിയെ ശക്തിയുക്തം പിന്തുണച്ച  ആന്റണി രാജു, പിന്നെ ഫ്രാൻസിസ് ജോർജ്,കെ.സി.ജൊസഫ് പി.സി.ജൊസഫ്. നാല് പേരും തോറ്റു തൊപ്പിയിട്ടു. അത് ജനങ്ങളുടെ വളരെ നല്ല തീരുമാനം.

ഇടതിൽ നിന്നും വലതു മാറി എം.എൽ.എ. ആയ ശെൽവരാജ്. ഇത്തവണ ജനം ശരിയായ പണി കൊടുത്തു.

സർക്കാർ ജോലിക്കാരനെക്കൊണ്ട് ചെരുപ്പഴിപ്പിച്ചു പ്രസിദ്ധനായ ശക്തൻ. രാജി വച്ച എം.എൽ.എ. യെ പുറത്താക്കിയ സ്പീക്കർ. യു.ഡി.എഫ്. നിയമസഭയിൽ  ചെയ്ത അടിയും വഴക്കും കാഴ്ച ശക്തിയില്ലാത്തത് കൊണ്ട് കാണാതിരിക്കുകയും ചെയ്ത സ്പീക്കർ. കാഴ്ചയില്ലാത്ത ആ മനുഷ്യനെ ജനം തോൽപ്പിച്ചു. 

വയൽ നികത്തി വിമാനത്താവളം പണിയാൻ തുടങ്ങിയ ശിവദാസൻ നായരെ ജനം ഇറക്കി വിട്ടു. അങ്ങേരുടെ തോൽവി വിമാന ത്താവളത്തിന് എതിരെയുള്ള വിധിയെഴുത്തായിരിക്കും എന്ന് നേരത്തെ അങ്ങേരു പറയുകയും ചെയ്തു.

പിന്നെ ആര്യാടാൻ ഷൌക്കത്തും  ശ്രേയാംസ് കുമാറും ആണ്.അത് അർഹിച്ച തോൽവി  ജനം നൽകി.

അഹങ്കാരത്തിന് രണ്ടു കൈയ്യും കാലും വച്ച സുധാകരനെ ഉദുമയിൽ ജനം മനോഹരമായി തോൽപ്പിച്ചു.  

 കുറെയൊക്കെ ചിന്താ ശക്തിയില്ലാതെ ചെയ്തു ജനം. അഴിമതിക്കാരെ തൂത്തെറിഞ്ഞു എന്ന് പറയാൻ കഴിയില്ല.

കഴിഞ്ഞ മന്ത്രിസഭയിൽ അഴിമതിക്കാരും കഴിവില്ലാത്തവരും മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ ഏറെ പ്പേർ തിരിച്ചു വന്നു. ചാണ്ടി, മാണി, ശിവകുമാർ, അനൂപ്‌,റബ്ബ്  തുടങ്ങിയ അഴിമതി വീരന്മാരെ തിരികെ കൊണ്ട് വന്നു. കൂടാതെ കുറെ പഴയ എം.എൽ.എ മാരെയും. അത് ഒരു വീണ്ടു വിചാരം ഇല്ലാതെ ജനം ചെയ്തതാണ്.

പിന്നെ ചെയ്ത ഒരു നല്ല കാര്യം രാജഗോപാലിനെ ജയിപ്പിച്ച്‌ ബി.ജെ.പി.യെ നിയമസഭയിൽ എത്തിച്ചതാണ്. ഇരു മുന്നണികളിൽ നിന്നും ഭാവിയിൽ ജനത്തിന്  രക്ഷ നേടാനുള്ള ഏക വഴി.

2016, മേയ് 8, ഞായറാഴ്‌ച

നിർഭയ കേരളം

ജിഷയുടെ ദാരുണമായ കൊലപാതകം നടന്നിട്ട് ദിവസങ്ങൾ 10 കഴിഞ്ഞു. പ്രതിയെ കുറിച്ച് പോലീസിനു ഒരു തുമ്പും ഇല്ല.  തെളിവുകൾ നശിക്കാനും പ്രതികൾ രക്ഷപ്പെടാനും ആവശ്യമുള്ള സമയം നൽകിയതിനു ശേഷമാണ് പോലീസ് തങ്ങളുടെ അന്വേഷണം ആരംഭിച്ചത് എന്നത് നമ്മുടെ പോലീസിനും പോലീസ് മന്ത്രിയ്ക്കും അഭിമാനിക്കാൻ വകയുള്ളതാണ്.   സംഭവം  മൂടി വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതു കൊണ്ടാണ് അന്വേഷണം തുടങ്ങിയത്. അതാണ്‌ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നത്.( തപ്പുന്നു എന്ന് പറയുന്നു. എന്താണാവോ അവർ ചെയ്യുന്നത്). 

"നിർഭയ കേരളം സുരക്ഷിത കേരളം" എന്ന ഒരു പദ്ധതി വലിയ ആരവത്തോടെ തുടങ്ങിയത് ഓർമ്മയുണ്ടോ? 2014 ൽ  നമ്മുടെ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി  ആയി കയറിയ സമയത്ത് കാണിച്ച ആരംഭ ശൂരത്വം. കേരളത്തിലെ സ്ത്രീകളുടെ നേർക്ക്‌ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ഈ സംരംഭം. 24 മണിക്കൂറും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ വേണ്ടിയുള്ളത്. ആദ്യ പടി എന്ന നിലയിൽ   99  സന്നദ്ധ സേവകരെ തെരഞ്ഞെടുത്തു എറണാകുളത്ത് ആയിരുന്നു തുടക്കം.

ഉദ്ഘാടനത്തോടെ അവസാനിച്ചു 'നിർഭയ കേരളം' സംരംഭം. ആഭ്യന്തര വകുപ്പിൻറെ നിരുത്തരവാദിത്വ പരമായ നിലപാടാണ് ഇത് നശിക്കാൻ കാരണം. ഇത് തുടരാൻ അവർ ഒരു നടപടിയും എടുത്തില്ല. അധികൃതരുടെ അനാസ്ഥ. അതൊന്നു കൊണ്ട് മാത്രം ഇത് ഉദ്ഘാടനത്തിന് അപ്പുറം പോയില്ല.

ഫണ്ട് കിട്ടാത്തത് കൊണ്ടാണ് ഇത് നിലച്ചു പോയത് എന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പറയുന്നു. ഇത്രയും കോടികൾ വലിച്ചെറിയുന്ന സർക്കാരിനു ഇതിനു മാത്രം ഫണ്ടില്ല അത്രേ. കഷ്ട്ടം. കുറെ പെണ്ണുങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌താൽ എന്താണ്? കേരളത്തിൽ പെണ്ണുങ്ങൾ ധാരാളം ഉണ്ടല്ലോ. അത് കൊണ്ട് ഉമ്മൻ ചാണ്ടിയ്ക്കും രമേശ്‌ ചെന്നിത്തലയ്ക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ. അവർക്ക് മുഖ്യം "തുടരണം" "വളരണം" എന്ന് മാത്രമാണല്ലോ. സ്വന്തം കാര്യം "ശരിയാക്കാൻ" പാട് പെടുന്ന മറ്റൊരു കൂട്ടർ. 

 'നിർഭയ കേരളം' എന്ന  സാധനം ഇപ്പോഴും  സാമൂഹ്യക്ഷേമ   വകുപ്പിൽ  ഉണ്ടെന്നു   നളിനി നെറ്റോ പറയുന്നു. നമ്മുടെ മുനീർ ആണല്ലോ  സാമൂഹ്യ നീതി വകുപ്പ് മന്ത്രി. കഴിവതും സ്ത്രീകൾ പുറത്തു വരാതെ പർദ്ദയ്ക്കകത്ത്‌ തന്നെ കഴിയട്ടെ എന്ന് പറയുന്ന ഒരു പാർട്ടി ആയ മുസ്ലിം ലീഗിന്റെ മന്ത്രി ആണല്ലോ മുനീർ.  ആ പാർട്ടിയിൽ നിന്നും മന്ത്രി പോയിട്ട് ഒരു MLA പോലും ഒരു സ്ത്രീ ആയിട്ടില്ല. വനിതാ ലീഗിന്റെ മീറ്റിങ്ങിനു പോലും വേദിയിൽ ഇരിക്കാൻ ഒരു സ്ത്രീയെ അവർ അനുവദിച്ചില്ലല്ലോ.

സ്ത്രീകളെ നിങ്ങൾ വീട്ടിൽ ഒളിച്ചിരിക്കുക. തല കൂടി മൂടുക. ഭാഗ്യമുണ്ടെങ്കിൽ ആരും ബലാസംഗം ചെയ്യാതെ രക്ഷപ്പെടാം. ആരും കൊല്ലാതെ രക്ഷപ്പെടാം. ഭാഗ്യം അതൊന്നു മാത്രമാണ് കേരളത്തിൽ ഇന്നു സ്ത്രീകളെ രക്ഷപെടുത്തുന്നത്. ദൈവ വിശ്വാസികൾ ദൈവത്തെ വിളിക്കുക. അല്ലാത്തവർ രഹസ്യമായി എങ്കിലും പ്രാർഥിക്കുക.  

പുരുഷന്മാരെ, സ്വന്തം പെങ്ങൾക്ക്, മകൾക്ക്  ഇങ്ങിനെ  ഒരു ദുസ്ഥിതി വരുന്നത് വരെ മാളത്തിൽ ഒളിച്ചിരുന്നോളൂ. ഇടതിനും വലതിനും പുറകെ നടന്നോളൂ.

2016, മേയ് 4, ബുധനാഴ്‌ച

ജിഷ

ജിഷയുടെ ബലാത്സംഗവും കൊലപാതകവും  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. ആലോചിക്കാൻ പോലും വയ്യാത്തത്ര ക്രൂരവും ഹീനവുമായ കൃത്യം. മനസാക്ഷി മുരടിച്ച രാഷ്ട്രീയക്കാരുടെ  കപടമായ ഞെട്ടലല്ല. ഇത്രയും ക്രൂരന്മാരെ നമ്മുടെ സമൂഹം വളർത്തുന്നു എന്ന സത്യം നമ്മെ തുറിച്ചു നോക്കുന്നു. ഈ പിശാചുകൾ നമ്മുടെ ഇടയിൽ തന്നെയാണ് ജീവിക്കുന്നത് എന്നത് ലജ്ജ കൊണ്ട് നമ്മുടെ തല കുനിക്കുന്നു. മറ്റൊന്ന് നമുക്കും ഇത് സംഭവിക്കാം എന്ന ഭയം നമ്മെ ഗ്രസിക്കുന്നു.

കുറ്റ കൃത്യങ്ങൾ ഇവിടെ വർദ്ധിക്കുന്നതെന്തു കൊണ്ട് ഇനിയെങ്കിലും  എന്ന് ഒന്ന് ചിന്തിക്കണം. ഭരണാധികാരികളുടെ മാനസിക നില ഒന്ന് മാത്രമാണ് കാരണം. എങ്ങിനെയെങ്കിലും അധികാരത്തിൽ എത്തണം. പണം ഉണ്ടാക്കണം. ഭൌതിക സുഖം ആവോളം ആസ്വദിക്കണം. ഇത് മാത്രമാണ് അധികാരത്തിൽ ഇരിക്കുന്നവരുടെയും അധികാരത്തിൽ കയറാൻ പോകുന്നവരുടെയും ചിന്ത. അതിനായി അവർ നിയമ നിഷേധം നടത്തുന്നു.നിയമത്തെ അവർ വളച്ചൊടിക്കുന്നു. അവർക്ക് ഏറാൻ മൂളാൻ നിൽക്കുന്നവരും ഇത് കണ്ടു ഇതേ വഴിയിൽ സഞ്ചരിക്കുന്നു. സമൂഹം മൊത്തം ഈ എളുപ്പ വഴി തേടുന്നു.

സിസ്റ്റർ അഭയ കേസ്. പള്ളിയുടെയും രാഷ്ട്രീയക്കാരുടെയും വേണ്ടപ്പെട്ടവർ രക്ഷപ്പെട്ടില്ലേ? കോഴിക്കോട് ഐസ് ക്രീം പെൺ വാണിഭ കേസ് എന്തായി? രാഷ്ട്രീയ ഉന്നതൻ വളരെ എളുപ്പത്തിൽ രക്ഷപ്പെട്ടില്ലേ? അധികാരവും പണവും ഉള്ളവർ രക്ഷപ്പെടും. സൂര്യ നെല്ലി ബലാത്സംഗ കേസ് എന്തായി? അവിടെയും ഉന്നതൻ രക്ഷപ്പെട്ടില്ലേ? ആ പെൺകുട്ടി ഒരു വേശ്യ ആയിരുന്നു, സ്വമനസ്സാലെ ചെയ്തതാണ് എന്ന് വരെ ഒരു ജഡ്ജി പറഞ്ഞില്ലേ? MLA മാരും, മന്ത്രിമാരും, M  P  മാരും ബലാൽസംഗം ചെയ്തു എന്ന് കത്തിലൂടെ  സരിത പറഞ്ഞിട്ട് എന്തായി?

ഇതെല്ലാം കണ്ടല്ലേ സമൂഹം വളരുന്നത്‌? പിന്നെങ്ങിനെ സമൂഹം നന്നാകും?

ജിഷ.  ഇവിടെ ആരുമില്ലാത്ത പാവപ്പെട്ട ഒരു ദളിത യുവതിയ്ക്കാണ്  ഇത് സംഭവിച്ചത്. അത് കൊണ്ടാണ് പോലീസ് ഈ കേസ് ഉഴപ്പിയത്. ഇനി മറ്റൊരു കാര്യം. ഇതിൽ ഏതെങ്കിലും രാഷ്ട്രീയക്കാർ ഉൾപ്പെട്ടു കാണും. ഏതായാലും പോലീസിന്റെ ഈ കളി എത്തിച്ചേരുന്നത് രമേശ്‌ ചെന്നിത്തല എന്ന ആഭ്യന്തര മന്ത്രിയിലാണ്. അങ്ങേരുടെ കളിക്കൊക്കെ കൂടെ നിന്ന പോലീസിനെ അങ്ങേരു എങ്ങിനെ കുറ്റം പറയും?

2016, മേയ് 1, ഞായറാഴ്‌ച

പോലീസ് എസ്കോർട്ട്

മുന്നിൽ  ഹുട്ടർ മുഴക്കിപ്പായുന്ന പൈലറ്റ്‌  വാഹനം. അതിനു പിറകിൽ ഹോൺ  മുഴക്കുന്ന മറ്റൊരു  പോലീസ് എസ്കോർട്ട് വാഹനം. അതിനു പിറകിൽ ആണ് കൊടി  വച്ച കാറിൽ  മന്ത്രി പുംഗവൻ. ആ കാറിനു പിറകിൽ ലോക്കൽ പോലീസിന്റെ മറ്റൊരു ജീപ്പ്. ഇതാണ് എല്ലാ മന്ത്രിമാരുടെയും യാത്ര വാഹാൻ വ്യുഹം. വീട്ടിൽ ചോറുണ്ണാൻ പോകുമ്പോഴും മോളുടെ കൊച്ചിന്റെ ചോറൂണിന്  പോകുമ്പോഴും ഒക്കെ ഇതാണ് ചടങ്ങ്. കാറിൽ നിന്നിറങ്ങുമ്പോഴോ? ഒരു പാവം പോലീസുകാരൻ, SI, CI, SP തൊട്ടു മുകളിലോട്ടു  ഇതു പോലീസുകാരനും, ഓടി വന്നു ഡോർ തുറന്നു കൊടുക്കും. ഈ മന്ത്രിയ്ക്ക് എന്താ കൈ പൊങ്ങൂല്ലേ ആ ഡോർ ഒന്ന് തുറക്കാൻ? ജനാധിപത്യം. ഉമ്മൻ ചാണ്ടിയ്ക്ക് മൊബൈൽ ഫോൺ പിടിച്ചു കൊടുക്കാൻ സർക്കാർ ശമ്പളത്തിൽ ആളുണ്ട്. ഫയൽ പിടിക്കാൻ അങ്ങിനെ പലതിനും. എന്തൊക്കെ സർക്കാർ ചിലവിൽ പിടിച്ചു കൊടുക്കുമോ എന്തോ.



ദേ തെരഞ്ഞെടുപ്പു വന്നു. പോലീസും വേണ്ട. എസ്കോർട്ടും വേണ്ട ഡോർ തുറക്കാൻ ആള് വേണ്ട. ഫോണും ഫയലും  പിടിച്ചു കൊടുക്കാൻ ആള് വേണ്ട. ഒരു കൂറ വേഷവും ഇട്ട് ചെവി തൊട്ടു ചെവി വരെയുള്ള ഇളിപ്പുമായി ഇറങ്ങിക്കോളും. അപ്പോഴെന്താ സെക്യുരിറ്റി   പ്രശ്നം ഇല്ലേ? എത്ര കൂൾ ആയിട്ടാ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെല്ലുന്നത്?




പോലീസിന്റെ മേലധികാരി ആയ ആഭ്യന്തര മന്ത്രി   മന്ത്രി രമേശ്‌ ചെന്നിത്തല  പോകുന്ന പോക്ക് കണ്ടോ. ഒരാളുടെ ബൈക്കിന്റെ പിറകിൽ.  ഇപ്പോഴും മന്ത്രി തന്നെ. എന്നിട്ടും പോലീസും പട്ടാളവും ഒന്നുമില്ലാതെ പോകുന്നു. ഒരു കുഴപ്പവും പറ്റുന്നില്ല. പിന്നെ എന്തിനാണ് ഈ കൊടി വച്ച കാറും എസ്കൊർട്ടും? ഇതെല്ലാം ഒരു ജാഡ?