2018, ഫെബ്രുവരി 22, വ്യാഴാഴ്‌ച

നഴ്‌സുമാർ

പാവം നഴ്‌സുമാർ. ചേർത്തല കെ.ഇ.എം ആശുപത്രിയിലെ നഴ്‌സുമാർ 180 ദിവസമായി സമരത്തിലാണ്. സർക്കാർ അംഗീകരിച്ച മിനിമം വേതനം കിട്ടാൻ വേണ്ടിയാണ് അവർ സമരം നടത്തുന്നത്. ഇത്രയൂം ദിവസം ആയിട്ടും സർക്കാർ ഇതിൽ ഇടപെട്ടിട്ടില്ല. അനിശ്ചിത കാല നിരാഹാര സമരവുമായി നേതാവ് സുജനപാൽ അവിടെ കിടക്കുകയാണ്. ഈ സമരത്തിന് പിന്തുണയുമായി കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണി മുടക്കി കെ ഇ എം ആശുപതിയുടെ മുൻപിൽ സമരം ചെയ്തു. ഏതാണ്ട് 50,000 നഴ്‌സുമാർ. എന്നിട്ടും സർക്കാർ ഭാഗത്തു നിന്നും യാതൊരു അനക്കവുമില്ല.

 തുശ്ചമായ വേതനത്തിലാണ് നഴ്‌സുമാർ ജോലി ചെയ്യുന്നത്. അത്രയും മാതമേ മാനേജ്‌മെന്റ് കൊടുക്കുകയുള്ളൂ. മറ്റു മാര്ഗങ്ങളില്ലാതെ പാവം നഴ്‌സുമാർ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇവരുടെ സമരം പരിഹരിക്കാൻ സർക്കാരിന് ബാധ്യതയില്ലേ? അവർ രാജ്യ ദ്രോഹികളൊന്നും അല്ലല്ലോ. കേരളത്തിലെ ആരോഗ്യ മേഖലയുടെ 65% സ്വകാര്യ ആശുപത്രികൾ ആണ്. അത്രയും നഴ്‌സുമാർ സ്വകാര്യ മേഖലയിൽ ആണ് കുറഞ്ഞ ശമ്പളത്തിൽ. അവരെ ചർച്ചയ്ക്കു വിളിക്കുക, ആശുപത്രി അധികൃതരെ വിളിക്കുക ഇതൊന്നും ചെയ്യാൻ കഴിയില്ലേ? ആരോഗ്യ മന്ത്രിയുടെ 28000 ത്തിന്റെ കണ്ണടയിൽ കൂടി നോക്കിയിട്ടൂ നഴ്‌സുമാരെ കാണാൻ കഴിയുന്നില്ലേ? എല്ലാം ശരിയാക്കും എന് പറഞ്ഞ എൽഡിഫ് ഒന്നൊന്നായി ശരിയാക്കി വരുന്നു.

2018, ഫെബ്രുവരി 14, ബുധനാഴ്‌ച

വാലെന്റൈൻ ഡേ

ആദ്യത്തെ പ്രണയം എന്നും ഓർമയിൽ പച്ച പിടിച്ച് നിൽക്കും. കാമുകന്റെയും കാമുകിയുടെയും മനസിൽ. എനിക്കുമുണ്ട് ഒരോർമ.   പള്ളിക്കൂടത്തിൽ വച്ചാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ. ആ വർഷം പുതിയ ഒരു പെൺകുട്ടി മറ്റേതോ സ്കൂളിൽ നിന്നും പത്താം ക്ലാസിൽ വന്നു ചേർന്നു. അവിടത്തെ ഒരു ടീച്ചറുടെ ബന്ധു. അവരുടെ വീട്ടിൽ നിന്ന് പഠിക്കാൻ. കാണാൻ കൊള്ളാം. ഒരു കൊച്ചു സുന്ദരി. വേറെ ഡിവിഷനിലാ. എല്ലാ ആൺ പിള്ളേരും സ്വാഭാവികമായി ആ സുന്ദരിയുടെ ശ്രദ്ധ കിട്ടാൻ നടന്നു. പല തവണ  സാഹചര്യങ്ങൾ ഉണ്ടാക്കി അവൾ എന്നോട് സംസാരിച്ചു. പല തവണ. ഞാനും സംസാരിച്ചു. ചെറിയ ചെറിയ കാര്യങ്ങൾ. അതിനപ്പുറമൊന്നും അതിൽ കടന്നു വന്നില്ല. സ്കൂളിൽ കലാ മത്സരം നടക്കുന്നു. ചിത്ര രചനാ മത്സരം. ഒരു ക്ലാസ് മുറിയിൽ എല്ലാവരും ഒന്നിച്ച്. ഇടക്ക് അവളുടെ ചായം തീർന്നു. അവള് നേരെ എന്റടുത്തേക്ക്. "എന്റെ കളർ തീർന്നു, ഒന്നു തരുമോ ". എടുത്തോളൂ. അവൾ നല്ലൊരു ചിത്രം വരച്ചു കാണും. ഫലം വന്നു. ഒന്നാം സമ്മാനം എനിക്ക്. രണ്ടാം സമ്മാനം അവൾക്ക്. 




ക്ലാസ് പരീക്ഷാ ഫലം വന്നു. രണ്ടു പേരും ജയിച്ചു. കോളേജ് പ്രവേശനത്തിന് കാത്തുനിൽക്കുന്ന കാലം. ഒരിയ്ക്കൽ അവളെ വഴിയിൽ വച്ചു കണ്ടു.  വഴിയെന്ന് പറഞ്ഞാൽ   അവളുടെ വീട്ടിലേക്ക് പോകുന്ന ഒരു നടപ്പാത. നാട്ടു വഴി. വിജനം. കുറെ നേരം സംസാരിച്ചു. കോളേജിൽ ചേരുന്ന കാര്യവും തിരിച്ച് ദൂരെയുള്ള സ്വന്തം വീട്ടിലേക്ക് പോകുന്ന കാര്യവും. ഏറെ നേരം മറ്റു വിശേഷങ്ങളും സംസാരിച്ചു നിന്നു. പിരിയുന്നതിന് മുൻപ് അവൾ പറഞ്ഞു. ''എനിക്ക് ഇഷ്ടമായിരുന്നു. വല്യ ഇഷ്ടമായിരുന്നു " . ഞാൻ മൗനമായി. ഒരിട വേളക്ക് ശേഷം അവൾ ചോദിച്ചു. "എന്നെ ഇഷ്ടമല്ലേ?" ഞാനാകെ സ്തംബ്ധനായി നിന്നു. അതെയെന്നോ   ഇല്ലെന്നോ പറഞ്ഞില്ല. ഞാൻ  അവളുടെ കൈ പിടിച്ച് ചെറുതായൊന്ന് അമർത്തി.രണ്ടു പേരുടെയും കണ്ണുകൾ നനഞ്ഞു. ഞങ്ങൾ പിരിഞ്ഞു. ആനിമിഷമാണ് ഞാനറിഞ്ഞത് അവൾ എന്നെ പ്രേമിച്ചിരുന്നു എന്ന്. അങ്ങിനെ ഞാനറിയാതെ പോയഎന്റെ ആദ്യ പ്രണയം. ഇന്നും ഒരു നനുത്ത വേദനയായി മനസ്സിൽ നിൽക്കുന്നു. 

(വാലന്റൈൻ ഡേ  പ്രമാണിച്ചുള്ള ഒരു കഥ)

2018, ഫെബ്രുവരി 11, ഞായറാഴ്‌ച

പദ്‌മശ്രീ

Image may contain: 1 person, text





 ഇത്രയും നിലവാരമില്ലാത്തവർ മന്ത്രി ആകരുത്. അല്ല  അങ്ങിനെ നോക്കിയാൽ സിപിഎം ആകെ കുഴയും. പാർട്ടിക്ക് പുറത്തു നിന്നും ആളെ എടുക്കേണ്ടി വരും. ഇവിടെ  മന്ത്രി എ.കെ.   ബാലന്റെ കാര്യം തന്നെയാണ് പറഞ്ഞത്. സാംസ്കാരിക മന്ത്രി. നല്ല സംസ്കാരം തന്നെ. ഭാരതത്തിന്റെ പദ്മ പുരസ്‌കാര ജേതാക്കളെ മന്ത്രി അധിക്ഷേപിച്ചിരിക്കുന്നു. അതും ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നൊക്കെ ഇവർ തന്നെ വിശേഷിപ്പിക്കുന്ന നിയമ സഭയിൽ. 'കഴിഞ്ഞ തവണ കളരിപ്പയറ്റിനു നൽകി, ഇപ്രാവശ്യം ആദിവാസ    ചികിത്സയ്ക്ക് നൽകി. ഇനി മന്ത്രവാദത്തിനു നൽകുമായിരിക്കാം'. ഇതാണ് കേരള നിയമസഭയിൽ  മന്ത്രി പറഞ്ഞത്. 

 പദ്മശ്രീ പുരസ്കാരം നേടിയ ആദിവാസി ചികിത്സകയായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയെ കളിയാക്കിക്കൊണ്ടാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. ജനം തെരെഞ്ഞെടുത്തു വിട്ട 140 എം.എൽ.എ. മാരും ഈ അധിക്ഷേപം കേട്ട് കൊണ്ട് മിണ്ടാതെ ഇരുന്നു. ഇത് കാണിക്കുന്നത്ഇവരുടെ   പാവങ്ങളോടുള്ള മനോഭാവമാണ്. ആദിവാസികളോടുള്ള സമീപനമാണ്. നാട്ടറിവിനോടും നമ്മുടെ സംസ്കാരത്തോടും ഉള്ള സമീപനമാണ്. പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ  മന്ത്രി ആണ്. എന്നിട്ടും ഒരു ആദിവാസിയെ നിയമ സഭയിൽ പരസ്യമായി അധിക്ഷേപിക്കാൻ അദ്ദേഹത്തിന് ഒരു ഉളുപ്പും  ഉണ്ടായില്ല. ഒരു ആദിവാസിക്ക് പദ്മ പുരസ്കാരം കിട്ടിയതിനു അഭിമാനിക്കുകയല്ലേ മന്ത്രി ചെയ്യേണ്ടി ഇരുന്നത്? അതിനു പകരം ഒരു പുരസ്‌കാര ജേതാവിനെ അപമാനിക്കുകയാണ് ചെയ്തത്. 
    
സ്വന്തം പ്രാഞ്ചിയേട്ടന്മാർക്കു പുരസ്കാരങ്ങൾ കിട്ടാതെ പോയ ദ്വേഷ്യത്തിലാണ് മന്ത്രി ഇതൊക്കെ പറഞ്ഞത്. ജ്യോതിഷത്തിനും കൈനോട്ടത്തിനും വരെ കേന്ദ്രം പദ്മശ്രീ നൽകിയേക്കും എന്നും കൈനോട്ടമാണെങ്കിൽ സ്വന്തം പേര് കൊടുക്കും എന്നും കൂടി മന്ത്രി പറഞ്ഞു. കൈ നോട്ടത്തിനല്ല മറ്റു ചിലതിനാണ് മന്ത്രിക്കു പദ്മശ്രീ നൽകേണ്ടത്.