2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

റേഡിയോ

No photo description available.






ഓർമ വച്ച നാള് മുതൽ അവൾ പാടുന്നതും പറയുന്നതും കേൾക്കുന്നു. സ്വീകരണ മുറിയിൽ ഉയർന്ന പ്രത്യേക പീഠത്തിൽ അവൾ രാജകീയമായി ഇരിക്കുന്നുണ്ടാകും. ഉദയഗീതത്തിൽ തുടങ്ങി വാർത്ത മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും. പിന്നെ....... എന്തെല്ലാം. 
ഫെബ്രുവരി 13.  ലോക റേഡിയോ ദിനം.

വീട്ടിലെ ആദ്യത്തെ റേഡിയോ നാഷണൽ എക്കോ. എക്കോ ബ്രാൻഡ് അവസാനിച്ചപ്പോൾ  മാറി അവസാനം ഫിലിപ്സ് - pride ൽ എത്തി. അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

എന്തൊക്കെ പരിപാടികൾ. വാർത്തകൾ. അറിവ് പകരുന്ന ധാരാളം പരിപാടികൾ. പിന്നെ പാട്ട്, നാടകം, സിനിമ (ചലച്ചിത്ര ശബ്ദരേഖ ) കഥകളി പദങ്ങൾ, ശാസ്ത്രീയ സംഗീതം. ഞായറാഴ്ച രാവിലത്തെ ബാലലോകം. രാത്രി 8 മണിയുടെ 1 മണിക്കൂർ നിങ്ങളാവശ്യപ്പെട്ട ചലചിത്ര ഗാനങ്ങൾ, അമ്മയും അച്ഛനും ഉൾപ്പടെ എല്ലാവരും റേഡിയോക്ക് ചുറ്റും കാണും. അടുക്കള ഒതുക്കി ജോലിക്ക് നിൽക്കുന്ന ചേച്ചിയും.

തലത് മഹമ്മൂദിനെ, റഫിയെ, ലതയെ ഒക്കെ കേൾപ്പിച്ച -ഗീഥ് ഗാത്താ ഗുൻ ഗുനാത്താ - അമിൻ സായ്നിയുടെ ബിനാക്കാ ഗീത് മാല...

റേഡിയോ വളരെയേറെ സ്വാധീനിച്ചു എന്നത് സത്യം. അറിവ് ലഭിക്കുന്നതിന്, കലാസ്വാദനത്തിന്. സംഗീതവും പാട്ടും പ്രത്യേകിച്ച്. 

ഇന്നും റേഡിയോയെ കൈവിട്ടില്ല. പാട്ട് കേൾക്കുക എന്നതിൽ മാത്രം ഒതുങ്ങി എന്ന് മാത്രം. ദൃശ്യമാധ്യമങ്ങൾ മറ്റു ദൗത്യങ്ങൾ ഏറ്റെടുത്തതോടൊപ്പം നമ്മളും കൂറ് മാറി.



2020, ഫെബ്രുവരി 1, ശനിയാഴ്‌ച

ആവിഷ്ക്കാര സ്വാതന്ത്ര്യം

ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലേ? ഏതു വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, അത് പോലും നമ്മുടെ ഭരണ ഘടന നല്കുന്നില്ലേ? സ്വാതന്ത്ര്യം ഇല്ല എന്ന് പറഞ്ഞാൽ ഇന്നലെ വരെ നമ്മൾ   വിശ്വസിച്ചേനെ. പക്ഷെ ഇന്നത്തെ സ്ഥിതി  അങ്ങിനെയല്ല. പൗരത്വ ഭേദഗതി നിയമത്തിനു വേണ്ടി ഭരണ ഘടന നമ്മൾ  പഠിച്ചു.  ലക്ഷോപലക്ഷം നിരക്ഷര കുക്ഷികളും ഇന്ന് ഭരണ ഘടന വായിച്ചവരാണ്. ഭരണ ഘടന വിഭാവനം ചെയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്താണ് എന്ന് അറിയുന്നവർ. നമ്മുടെ ശരീരത്തെ എങ്ങിനെ ആവിഷ്ക്കരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം. ഏതു വസ്ത്രവും  എങ്ങിനെയും  ധരിക്കാനുള്ള സ്വാതന്ത്ര്യം. നമ്മുടെ  ആവിഷ്ക്കാര സ്വാതന്ത്ര്യം.

പ്രിയങ്ക ചോപ്ര ധരിച്ച വേഷം ആണ് പ്രശ്നം. അതിനെതിരെ നിരൂപണങ്ങളും ആക്ഷപങ്ങളും ആണ് വന്നത്. മറച്ചു വച്ച് കൊണ്ടിരുന്ന ശരീരത്തിനെ പല ഭാഗങ്ങളും അനാവൃതമാക്കുന്ന ഒരു വസ്ത്ര ശകലമാണ് ഗ്രാമി അവാർഡ് വേളയിൽ അവർ ധരിച്ചത്. അതാണ് കുറെ യാഥാസ്ഥിതികർക്ക്  പ്രശ്നം.




 ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള വസ്ത്രം അല്ല. മദാമ്മമാര് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്  അവരുടെ രീതി അവരുടെ സംസ്‌കാരം. ബിക്കിനി ഇട്ടു കടപ്പുറത്തു അവരെ കാണാറില്ലേ?  അത് പോലെ നമ്മുടെ നാട്ടുകാരെ കാണാറുണ്ടോ? അവർ ആറ്റിൽ കുളിക്കുമ്പോഴും എല്ലാം മൂടിക്കെട്ടി അല്ലേ? ഇതൊക്കെയാണ് പാരമ്പര്യവാദികളുടെ വാദങ്ങൾ.

എന്താണ് ഇത്ര മറയ്ക്കാൻ ഉളളത്?  ശരീര ഭാഗങ്ങൾ അല്ലേ? എന്താണിത്ര ഒളിക്കാൻ?  ഇനിയും നമ്മൾ മാറാറായില്ലേ? പാശ്ചാത്യ സംസ്കാരം എന്ത് നല്ല സംസ്കാരോ- എന്ത് സ്വതന്ത്ര സംസ്കാരം. ഇതോളൊന്നും തെറ്റില്ല. 20 വർഷം മുൻപ് ജെന്നിഫർ ലോപ്പസ് ധരിച്ചത് നോക്കൂ. സത്യത്തിൽ ഇന്ത്യക്കാർ 20 വർഷം പിറകോട്ടാണ്. എന്നൊക്കെ പുരോഗമന വാദികൾ.

ഒരു 20 വർഷം മുൻപേ ( 17 വയസ്സ്  )  പ്രിയങ്ക ചോപ്ര  ധരിക്കേണ്ട വസ്ത്രമാണ് ഇത്  എന്ന് ഒരു രസികൻ പറഞ്ഞതിനോട് യോജിക്കുന്നു. ഇത് ഒരു ..80-90  വയസ്സായ ഇറക്കി വെട്ടിയ റൗക്ക ഇട്ട അമ്മൂമ്മ മാരെ പ്പോലെ ഒരു ഊഞ്ഞാൽ look ആയി. ഇത്  Body shaming ആണോ  അതോ ഡിസൈനർ Wendell  Rodriks പറഞ്ഞത് പോലെ Dress shaming ആണോ?

മനു സ്‌മൃതിയിൽ പറഞ്ഞത് പോലെ 'ന സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന പഴഞ്ചൻ ഫിലോസഫിയും  കൊണ്ടിരിക്കാതെ കൂടുതൽ പുരോഗമനപരമായി ചിന്തിച്ചു സ്ത്രീകൾ മുന്നേറട്ടെ.