ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ......
അങ്ങ് ഉയരത്തിൽ പഴുത്തു നിൽക്കുന്ന മാങ്ങകൾ. കൊതിയോടെ നോക്കി നിൽക്കുന്ന കുട്ടികൂട്ടം. എത്തിപ്പെടാൻ പറ്റാത്ത പൊക്കം. പാതി വഴിയിൽ ചിറകറ്റു വീണ മോഹങ്ങൾ എറിഞ്ഞ കമ്പുകളും കല്ലുകളും ആയി മാവിന് ചുറ്റും കിടക്കുന്നു. ഒരു കാറ്റോ ഒരു അണ്ണാനോ ഒന്ന് വരും മാവ് ഒന്ന് കുലുക്കും ഒരു മാങ്ങ താഴെ തള്ളിയിടും എന്ന പ്രതീക്ഷയോടെ കൂട്ടുകാരുമൊത്തു മാവിൻ ചോട്ടിൽ കഥ പറഞ്ഞു കളിച്ചു നടന്ന കാലം.
പള്ളിക്കൂടം അടച്ചാൽ ഇതൊക്കെ തന്നെ.മാവും പറങ്കിമാവും ഒക്കെ കേറിയിറങ്ങി കളിച്ചു നടക്കുന്ന കാലം. അവയൊക്കെ പൂത്തു കായ്ക്കുന്ന കാലവും.
കിളിച്ചുണ്ടൻ, മൂവാണ്ടൻ, നാട്ടുമാവ് തുടങ്ങി കുറെ മാവുകൾ. പിന്നെ ആകാശം മുട്ടെ നിൽക്കുന്ന കോമാവ്. നല്ല പൈനാപ്പിളിന്റെ രുചി ആണ് അതിലെ മാങ്ങ. ഒരു നാട്ടുമാവിൽ ചെറിയ ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള തേൻ രുചിയുള്ള ചക്കര മാങ്ങ.എങ്ങിനെ കറങ്ങിയാലും ഏതെങ്കിലും മാവിൻ ചോട്ടിൽ നിന്നും പഴുത്ത മാങ്ങ കിട്ടും. തൊലി കടിച്ചുരുരിഞ്ഞു കളഞ്ഞു കടിച്ചു തിന്നും ദേഹത്തൊക്കെ കുറെ വീഴ്ത്തി.
ജോലിക്കാരെ കൊണ്ട് പറിപ്പിച്ചു പഴുപ്പിക്കാൻ വയ്ക്കും. കുട്ടയ്ക്കകത്തു വൈക്കോലിൽ വച്ച് ചാക്ക് മൂടി. നേരിട്ട് കിട്ടാതെ വരുമ്പോഴേ അതിൽ കൈ വയ്ക്കൂ. അതിനു അത്ര രുചി ഇല്ലല്ലോ.
ഇന്നിതാ കൈയെത്തി പറിക്കാൻ മാങ്ങ. മാവിന്റെ ഉയരത്തിൽ വീട്ടിലെ ടെറസിൽ നിന്നും. ആ പഴയ രുചി ഉണ്ടോ?..
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ .. ഈണം മറന്നു പോയി.