2016 ജൂൺ 15, ബുധനാഴ്‌ച

കേജിരിവാൾ






അഴിമതിയ്ക്കെതിരെ പോരാട്ടം എന്ന ലേബലിൽ അധികാര കസേരയിൽ കയറി പറ്റിയ ഡൽഹി മുഖ്യ മന്ത്രി  അരവിന്ദ് കേജിരിവാൾ നടത്തുന്ന അഴിമതികൾ പുറത്തു വരികയാണ്.ഏറ്റവും ഒടുവിൽ വന്നത് 21 MLA മാർക്ക് അനധികൃതമായി പദവികളും ആനുകൂല്യങ്ങളും നൽകി എന്നതാണ്. മിയ്ക്കവാറും ആ 21 MLA  മാരെയും അയോഗ്യരാക്കും. 

എങ്ങിനെയാണ് കേജിരിവാൾ കള്ളക്കളി നടത്തിയത് എന്ന് നോക്കാം. ഭരണ ഘടന ആർട്ടിക്കിൾ 239 AA അനുസരിച്ച്  ഡൽഹി നിയമസഭയിൽ മുഖ്യ മന്ത്രി ഉൾപ്പടെ 7 മന്ത്രിമാർ മാത്രമേ പാടുള്ളൂ.  70 അംഗങ്ങളുടെ 10 ശതമാനം. അതിനെ  ഒന്ന് കടത്തി വെട്ടാൻ വേണ്ടി, അധികാരം മോഹികളായ MLA മാരെ സന്തോഷിപ്പിക്കാനും കൂടെ നിർത്താനും ആയി, കേജിരിവാൾ തൻറെ 21 MLA മാരെ പാർലെമെന്റരി സെക്രട്ടറി എന്ന ഒരു പുതിയ പദവി ഉണ്ടാക്കി നിയമിച്ചു.  മന്ത്രിമാർക്ക് തുല്യമായ പദവി. അവർക്ക് പ്രത്യേക ശമ്പളം ഇല്ല എന്ന് മാത്രം.  പക്ഷെ  കാർ,സ്റ്റാഫ്, വീട്,അലവൻസ് തുടങ്ങി മറ്റു എല്ലാ  ആനുകൂല്യങ്ങളും നൽകി. ഒരേ ആൾക്ക് രണ്ടു പദവി ഭരണ ഘടനയ്ക്ക് എതിരായത് കൊണ്ട് അതിനെ കവർ ചെയ്ത് ഇതിനെ നിയമ വിധേയമാക്കാൻ  നിയമ സഭ ഒരു നിയമവും പാസ്സാക്കി. നമ്മുടെ പ്രസിഡന്റ് ആ നിയമം അംഗീകരിക്കാതെ തിരിച്ചയച്ചു.  അതിനർത്ഥം കേജിരിവാളിന്റെ  എളുപ്പവഴി ഭരണ ഘടന വിരുദ്ധം ആണ് എന്ന് തന്നെയാണ്. 

  2015 മാർച്ചിൽ ആണ്  കേജിരി ഈ പണി ചെയ്തത്. അന്ന് തന്നെ പൊതുജനം ഡൽഹി ഹൈക്കോടതിയിൽ  കേസ് പോവുകയും ചെയ്തു.  ആ കേസ് നില നിൽക്കുന്നു. ഇനി തെരഞ്ഞെടുപ്പു കമ്മീഷൻ ഈ 21 പേരെ അയോഗ്യരാക്കും.

2016 ജൂൺ 14, ചൊവ്വാഴ്ച

കുമ്പസാരം

നമ്മുടെ പ്രിയങ്കാ ചോപ്രയുടെ അമ്മൂമ്മയെ കുറിച്ച് ഒന്ന് കൂടി.
ആറ്റാമംഗലം യാക്കൊബാ സുറിയാനി പള്ളിയിൽ മേരി ജോണിന്റെ മൃത ദേഹം അടക്കാൻ സമ്മതിക്കാത്തതിനു ശേഷം പല സംഭവങ്ങളും നടന്നു.





കോട്ടയം ബിഷപ്പ് തോമസ്‌ തിമോത്തിയാസ് ആകട്ടെ ഈ സംഭവം മനുഷ്യത്വ രഹിതമാണെന്ന് ശക്തമായി വാദിക്കുകയും അവരുടെ തന്നെ പൊൻകുന്നം പള്ളിയിൽ അടക്കാൻ അനുവദിക്കുകയും ചെയ്തു. അങ്ങിനെ മനുഷ്യത്വം കാട്ടാൻ പള്ളി അധികാരികൾ അനുവദിച്ചാൽ പള്ളിയുടെ അധികാരം അവസാനിക്കി ല്ലേ? കോടിക്കണക്കിനുള്ള സ്വത്തും അത് ആസ്വദിച്ചുള്ള ജീവിതവും ജനങ്ങൾ ചോദ്യം ചെയ്യില്ലേ? അത് കൊണ്ട് പള്ളിയുടെ സുപ്രീം സഭ ബിഷപ്പിനെ അങ്ങ് സസ്പെന്ഡ് ചെയ്തു. അല്ല പിന്നെ.ഇങ്ങിനെയും കൈ വിട്ടു കളിക്കാമോ.

സംഭവം നാറ്റ ക്കേസ് ആയി. എല്ലാവരും പള്ളിയെ കുറ്റം പറയാൻ തുടങ്ങി. മറ്റു മാർഗം ഒന്നും ഇല്ലാതെ  അധിപൻ കത്തോലിക്കാ ബസെലിയാസ് തോമസ്‌ ഉത്തരവ് പിൻവലിച്ചു. 

മേരി ജോൺ ഹിന്ദുവിനെ കല്യാണം കഴിച്ചു എങ്കിലും ഇടയ്ക്കിടെ വന്നു കുമ്പസാരം നടത്തി എന്ന് പള്ളിക്കാർ പറയുന്നു. അത് കൊണ്ട് അവർ ക്രിസ്ത്യാനി തന്നെ ആയിരുന്നു എന്ന്. 

എന്താണ് ഈ കുമ്പസാരം? പള്ളീലച്ചനോട് തെറ്റുകൾ ഏറ്റു പറയുന്നു.എല്ലാ തെറ്റും അവർ ഏറ്റു പറയാറുണ്ടോ? ഈ വ്യഭിചാരവും,കള്ളക്കടത്തും ബലാത്സംഗവും പിന്നെ ഭൂമിയിലെ സർവ തെറ്റുകളും കാണിക്കുന്നവർ  കുമ്പസാരത്തിൽ ഇതെല്ലാം ഏറ്റുപറയുന്നു എന്നാണോ?  അങ്ങിനെയെങ്കിൽ  ഈ വിവരങ്ങൾ എല്ലാം അറിയുന്ന  അച്ചൻ കുറ്റവാളിയ്ക്കു കൂട്ട് നിൽക്കുകയല്ലേ  ചെയ്യുന്നത്? 

കുമ്പസാരം എന്നത് ഒരു വലിയ തട്ടിപ്പ് ആണ്. അച്ചന്മാർക്ക് കുഞ്ഞാടുകൾക്ക് മേൽ എന്നും അധികാരം നേടാനുള്ള ഒരു വേല.

2016 ജൂൺ 9, വ്യാഴാഴ്‌ച

ഭരണ പരിഷ്ക്കാരം

മുഖ്യ മന്ത്രി ഓപ്പൺഎയർ സത്യ പ്രതിജ്ഞ നടത്തിയ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ മറ്റൊരു രംഗം അരങ്ങേറി. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയെറ്റിലെ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി  മുഖ്യ മന്ത്രി കുറെ കാര്യങ്ങൾപറഞ്ഞു. ഭ രണം കാര്യക്ഷമമാക്കണം,വേഗത്തിലാക്കണം,അഴിമതി നിർത്തണം,കൃത്യ നിഷ്ട്ടത പാലിക്കണം എന്നൊക്കെ തുടങ്ങി കുറെ കാര്യങ്ങൾ. അങ്ങിനെ കുറെ ഉപദേശങ്ങളും അതനുസരിച്ചില്ലെങ്കിൽ വരാവുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള മാന്യമായ ഭാഷയിലുള്ള  പരോക്ഷമായ  ഭീഷണിയും.

അതൊക്കെ നല്ലത് തന്നെ. അഴിമതി രഹിത ഭരണം, "എല്ലാം ശരിയാക്കും" എന്നൊക്കെ പറഞ്ഞു അധികാരത്തിൽ വരുമ്പോൾ ഉദ്യോഗസ്ഥരും കൂട്ട് നിൽക്കണം എന്ന് പറയുന്നത് സ്വാഭാവികം. പല കാര്യങ്ങളും പറഞ്ഞിട്ടും ഇതിനൊക്കെ പ്രധാന കാരണം ആയ ഒരു കാര്യം മുഖി മന്ത്രി പറഞ്ഞു കണ്ടില്ല. സെക്രട്ടറിയേറ്റിലെ ട്രെയിഡ് യുണിയൻ. സാധാരണ ഗതിയിൽ ഒരു സർവീസ് സംഘടന യാണ് ഉണ്ടാവേണ്ടത്. പക്ഷെ ഇവിടെ (കേരളത്തിലെ സർക്കാർ മേഖലയിൽ എല്ലാം )  രാഷ്ട്രീയ പാർട്ടികളുടെ വാലായുള്ള സംഘടനകൾ ആണുള്ളത്. പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥൻ  രാഷ്ട്രീയം കളിക്കുന്നു.കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മാർക്സിസ്റ്റ് പാർടിയുടെ അനുകൂല സംഘടന ആണ്. അവരുടെ വെബ്‌ സൈറ്റിൽ പ്രസിഡന്റ് സെക്രട്ടറി എനിവരുടെ പേരിനു മുൻപ് Com. ( സഖാവ്) എന്ന് പോലും  വച്ചിരിക്കുന്നു.  കേരള സെക്രട്ടറിയറ്റ് സ്റ്റാഫ്‌  അസോസിയേഷൻ സി.പി.ഐ യുടേത്. അത് പോലെ കോൺഗ്രസ്സിന്  കേരള സെക്രട്ടറിയറ്റ് അസോസിയേഷൻ. ഈ സംഘടനകൾ  എല്ലാം പരസ്യമായി  രാഷ്ട്രീയ പാർട്ടികളുടെ സംഘടന തന്നെ. രാഷ്ട്രീയ പാർട്ടികൾ ഈ സംഘടന കളെ വളർത്തിക്കൊണ്ട് വരാൻ പരസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നു. 

ഇതിന്റെ നേതാക്കൾ ആണ് അവിടം ഭരിക്കുന്നത്‌. അവർക്ക് സംഘടന പ്രവർത്തനവും വെറുതെ നടപ്പും ആണ് ജോലി. സർക്കാർ ജോലി ചെയ്യുന്നതേ ഇല്ല. സ്ഥലം മാറ്റവും മറ്റും ഇവരാണ് നടത്തുന്നത്. ഈ സ്ഥിതി മാറാതെ സെക്രട്ടറിയെറ്റ്നന്നാകില്ല.  പിണറായി വിജയന് അറിയാം. പക്ഷെ അതിൽ കടക്കാനോ അതിനു നിയന്ത്രണം കൊണ്ട് വരാനോ പിണറായി മുതിരുന്നില്ല. പകരം സംഘടനാ സ്വാതന്ത്ര്യം അനുവദിക്കും എന്നാണു പറയുന്നത്.

2016 ജൂൺ 7, ചൊവ്വാഴ്ച

ഒന്നാം റാങ്ക്

12th ക്ലാസ് ഒന്നാം റാങ്ക് കാരി. റൂബി റായ്.  ആർട്സ്. 500 ൽ 444 മാർക്ക്. വിഷയത്തിൽ ഒന്ന് പൊളിറ്റിക്കൽ സയൻസ്.   ഒന്നാം റാങ്ക് കിട്ടിയപ്പോൾ ആജ് തക് എന്ന tv ചാനലുകാർ ചോദിച്ചു.   വിഷയം ഏതൊക്കെ. ഒരെണ്ണം പൊളിറ്റിക്കൽ സയൻസ് എന്ന് മറുപടി റഞ്ഞു. എന്താണ് പൊളിറ്റിക്കൽ സയൻസ് എന്ന് ചോദിച്ചു. അത് പാചകം ചെയ്യുന്ന  കുക്കിംഗ് നെ കുറിച്ച് ആണെന്ന്  (ഖാനാ ബനാനാ കാ ബാരെ മേ) ഒന്നാം റാങ്ക് കാരി പറയുന്നു. പൊളിറ്റിക്കൽ സയൻസിൽ ഡി സ്റ്റിങ്ക്ഷൻ ആണ് റൂബിയ്ക്ക് കിട്ടിയത്. മൊത്തം600 മാർക്ക്‌ ആണെന്നും പറയുന്നു.

സയൻസിൽ ഒന്നാ റാങ്ക് വാങ്ങിയ സൌരവിനെ നോക്കാം. 500 ൽ 485 മാർക്ക്. ഈ റാങ്ക് നേടാനുള്ള പഠിത്തം വളരെ ഹാർഡ് വർക്കിംഗ്‌ ആണെന്ന് പറയുന്നു. പീരിയോടിക്കൽ ടേബിളിലെ മോസ്റ്റ്‌ ആക്റ്റീവ് എലമെന്റ് എന്ന TV ക്കാരുടെ ചോദ്യത്തിന് മറുപടി ഇതാണ് അലൂമിനിയം. പിന്നെ കുറെ ചോദ്യത്തിനും ഇങ്ങിനെയൊക്കെ ആയിരുന്നു മറുപടി.

രണ്ടു പേരുടെയും ആഗ്രഹം എന്താണെന്നു അറിയാമോ?  IA S ആകാൻ.

ബീഹാറിൽ ഈയിടെ നടത്തിയ പരീക്ഷയുടെ ഫലം ആണ് ഇതൊക്കെ. ഇത് പുറത്തു വന്നതിനു ശേഷം റാങ്ക് കിട്ടിയ 14  പേർക്ക് വീണ്ടും പരീക്ഷ നടത്തി. അതിൽ റൂബി പങ്കെടുത്തില്ല. സൗരവും മറ്റൊരു രാഹുലും തോറ്റു. ഇതാണ് ബീഹാറിലെ സ്ഥിതി.

ടി.വി ക്കാർ ഇന്റർവ്യൂ നടത്തിയില്ലായിരുന്നുവെങ്കിൽ ഇവർ അടുത്ത BA/ BSc പരീക്ഷകളിലും റാങ്ക് വാങ്ങിയേനെ. അത് കഴിഞ്ഞു IAS ഉം പാസ്സായി നമ്മളെ ഭരിക്കാൻ വന്നേനെ.

നമ്മുടെ അബ്ദു റബ്ബോ ആദേഹത്തിന്റെ ആൾക്കാരോ അവിടെ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടോ എന്ന് കൂടി അന്വേഷിക്കേണ്ടി ഇരിക്കുന്നു. 




റൂബി 




                                                                      സൌരവ്






  

2016 ജൂൺ 6, തിങ്കളാഴ്‌ച

മത സഹിഷ്ണുത.

മരിച്ചിട്ടും തീരാത്ത പകയുമായി പള്ളി അധികാരികൾ.

 കുമരകം ആറ്റാമംഗലം  യാക്കോബ  സുറിയാനി ചർച്ച്  94 വയസ്സിൽ അന്തരിച്ച കുമരകം കവളപ്പാറ കുടുംബാംഗം ആയ മേരി ജോൺ എന്ന വായോ വൃദ്ധയുടെ  മൃത ദേഹം പള്ളിയിൽ അടക്കം ചെയ്യാൻ സമ്മതിച്ചില്ല.

മേരി ജോൺ ചെയ്ത കുറ്റം ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചു എന്നത്. ഏതാണ്ട് 70 വർഷം മുൻപ് ബീഹാറിലെ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ച കുറ്റം ആണ് പള്ളി അധികാരികൾ ഇത്രയും നീണ്ട കാലം മനസ്സിൽ വിഷം പോലെ സൂക്ഷിച്ച് ഇപ്പോൾ പുറത്തു വമിപ്പിച്ചത്‌.

മേരി ജോൺ  ബീഹാറിലെ  അസ്സംബ്ലി കൌൺസിൽ മെമ്പർ ഒക്കെ ആയി. അതിനു ശേഷം മകളോടും ചെറു മകളോടും (പ്രിയങ്ക ചോപ്ര എന്ന സിനിമാ നടി ) വാർദ്ധക്യ ജീവിതം മുംബയിൽ ആയിരുന്നു. അവരുടെ അന്ത്യാഭിലാഷം ആയിരുന്നു ആറ്റാമംഗലം പള്ളിയിൽ അന്ത്യ വിശ്രമം ആകണം എന്നത്. അതിനായി കുടുംബാംഗങ്ങൾ ഭൌതിക ശരീരം കോട്ടയത്ത്‌ എത്തിച്ചത്.

ഈ പള്ളി യാക്കോബായ സുറിയാനി കോട്ടയം ഭദ്രാസനത്തിൻ കീഴിലാണ്. അവരും ഇത് അംഗീകരിക്കുകയാണ് ചെയ്തത്.

ഇതാണ് ഇന്നത്തെ മത സഹിഷ്ണുത. മൃത ദേഹത്തോട് പോലും വൈരാഗ്യം കാട്ടുന്ന പള്ളിയും അനുയായികളും.




2016 ജൂൺ 5, ഞായറാഴ്‌ച

മുഹമ്മദാലി








മുഹമ്മദാലി-ജയരാജൻ ബോക്സിംഗ്  ട്രോൾ  പോലെ ഇത്രയധികം ട്രോളുകൾ  ഇതിനു മുൻപെങ്ങും ഒരു വിഷയത്തിലും  കേരള ചരിത്രത്തിൽ  ഉണ്ടായിട്ടില്ല. ഇത്രയധികം വൈവിധ്യം ഉള്ള ട്രോളുകളും മുൻപ് വന്നിട്ടില്ല.  അതായത് ഇതു ഒരു റിക്കോർഡ് ആണ്.അതിൽ മന്ത്രി ഇ.പി. ജയരാജന് അഭിമാനിക്കാം. മറ്റൊരു പ്രധാന പ്പെട്ട കാര്യം കൂടി ഉണ്ട്. മറ്റു ട്രോളുകൾ ഒരു വിഭാഗത്തിന് ദ്വേഷ്യവും പരിഭവവും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇതാകട്ടെ  ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങൾ മുഴുവൻ ചിരിച്ചാസ്വദിച്ച ഒരു ട്രോൾ ഉത്സവം ആയിരുന്നു. (ചിരിക്കാൻ വിമുഖത കാണിച്ചു മസിലു പിടിക്കുന്ന മാർക്സിസ്റ്റ് കാര് പോലും ചിരിച്ചു ).

അന്തരിച്ച ബോക്സിംഗ് ഇതിഹാസം  മുഹമ്മദാലി മലയാളി  ആണെന്നും ഗോൾഡ്‌ മെഡൽ നേടി കേരളത്തിന്റെപ്രശസ്തി ലോകം മുഴുവനും പരത്തി എന്നും മന്ത്രി  പറഞ്ഞതാണല്ലോ വിഷയം. ഈ പ്രസ്‌താവന  രണ്ടു കാര്യങ്ങൾ ആണ് തുറന്നു കാട്ടുന്നത്. ( ഏതൊക്കെയാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. തമ്മിൽ ഭേദം തൊമ്മൻ എന്ന് കരുതുന്നത് കൊണ്ട് ഇവര് ജയിച്ചു  വരുന്നു  എന്നേ ഉള്ളൂ).

ഒന്നാമത്തെയും പ്രധാനപ്പെട്ടതും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ കൂടപ്പിറപ്പായുള്ള അജ്ഞത ആണ്. പഠിക്കേണ്ട കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയം കളിച്ച് ബസിനു കല്ലെറിഞ്ഞും പഠിപ്പ് മുടക്കിയും നടന്നു എങ്ങിനെയെങ്കിലും ജയിച്ചു കയറും. ജ്ഞാനം കമ്മി. പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിജ്ഞാനം  ഒന്നും വേണ്ടല്ലോ. അന്യരെ തെറി വിളിക്കാനും അധിക്ഷേപിക്കാനുമുള്ള  അക്ഷര ജ്ഞാനവും ഭാഷാ വൈഭവവും മതി. പിന്നെ ഒരു അഡീഷനൽ ക്വാളിഫിക്കേഷൻ ആണ്  എതിരാളിയെ   അടിക്കാനും കുത്താനും ഉള്ള മെയ് ക്കരുത്ത്. അത് മാത്രം ആർജിച്ച് അവർ വളരുന്നു. സ്വാഭാവികമായും നേതാവ് ആകുന്നു.

കേരള രാഷ്ട്രീയ നേതാക്കൾ പൊട്ടക്കുളത്തിലെ തവളകളാണ്. കേരളത്തിനു പുറത്തു അവർക്കൊരു ലോകമില്ല. ആദിയും അന്തവും എല്ലാം കേരളമാണ്. ഭാരതത്തിൽ,ലോകത്ത് എന്തെല്ലാം കാര്യങ്ങൾ സംഭവിക്കുന്നു? അതൊന്നും അവരുടെ വിഷയമേ അല്ല. അവർക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞും കൂടാ. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകളിൽ എന്തെല്ലാം കാര്യങ്ങളെ കുറിച്ചാണ് ദിവസവും  ചർച്ചകൾ നടക്കുന്നത്. നമുക്ക് അറിയേണ്ടതും പ്രധാനപ്പെട്ടതുമായ പല കാര്യങ്ങൾ. അത്തരം  വിഷയങ്ങൾ എന്ത് കൊണ്ടാണ് മലയാളം ചാനലുകളിൽ വരാത്തത്? കാരണം ഒന്നേ ഉള്ളൂ. ചർച്ചയ്ക്ക് കേരളത്തിൽ നിന്നും ആളെ കിട്ടില്ല.  അതിനും വടക്കേ ഇന്ത്യയിൽ നിന്നും ആളെ ഇറക്കേണ്ടി വരും. (ബംഗാളികളെ അല്ല).

ഭാഷ ആണ് ഇതിനുള്ള കാരണം.മലയാളത്തിനപ്പുറം ഒരു ഭാഷയും ഇവർക്കറിയില്ല. ചിലർക്കൊക്കെ ഇംഗ്ലീഷ് വായിക്കാൻ അറിയും. ചിലർക്ക് ഇംഗ്ലീഷ് കേട്ടാൽ ഒരു വിധം മനസ്സിലാകും. പക്ഷെ ആർക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. അഞ്ചാം ക്ലാസ് തൊട്ട് പത്താം ക്ലാസ് വരെ ഇംഗ്ലീഷ് നിർബന്ധമായി പഠിക്കുന്ന നമ്മുടെ നാട്ടിലെ സ്കൂളുകളിൽ പഠിച്ചവർ ആണിവർ. എന്തിന് കുറെ നേതാക്കൾക്ക്‌ LLB വരെ ഉണ്ട്. അവർ പറയുന്ന ഇംഗ്ലീഷ് കേട്ടിട്ടില്ലേ? yes, no, I എന്നൊക്കെ പറഞ്ഞു വിക്കി വിക്കി നിൽക്കും. പണ്ട് മന്ത്രി ആയിരുന്ന ശ്രീമതി നഴ്സ് മാരുടെ സമ്മേളനത്തിൽ നടത്തിയ   പ്രസംഗം കേട്ടിട്ടുണ്ടല്ലോ. പിന്നെ പാർലമെന്റിൽ ഈയിടെ നടത്തിയ പ്രസംഗവും. ഇതാണ് നമ്മുടെ നിലവാരം. പഴയ മുഖ്യ മന്ത്രി ഡൽഹിയിൽ ഇംഗ്ലീഷ് പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുന്നത് കേട്ടിട്ടില്ലേ? LKG പിള്ളാര്‌ പറയുന്നത് പോലെ.

മാർക്സിസ്റ്റ്കാരാണെങ്കിൽ ആകെ പോകുന്നത്  കൊൽക്കൊത്തയിൽ ആണ്. ചിലപ്പോൾ ഡൽഹിയിലും.  PB യിൽ പങ്കെടുക്കാൻ. ബെംഗോളിൽ നിന്നും വരുന്ന സഖാക്കൾ ബംഗാളിയിൽ എന്തെങ്കിലും പറയും. കേരളത്തിൽ നിന്നുള്ളവർ മലയാളത്തിലും. പ്രത്യേകിച്ച് ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മനസ്സിലാകില്ല. മനസ്സിലാകേണ്ട കാര്യമൊന്നും ഇല്ലല്ലോ.  എല്ലാം യെച്ചൂരിയോ കാരാട്ടോ നിശ്ചയിച്ചു   വച്ചതു  പോലെ നടക്കും. അപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് കാർക്ക് അവിടെ ഭാഷ ഒരു പ്രശ്നം അല്ലാതാകുന്നു. മലയാളം മതി.  കോൺഗ്രസ്സുകാരാകട്ടെ ഹൈ ക്കമാണ്ട് വിളിക്കുമ്പോൾ അങ്ങോട്ട്‌ പോകും. അവിടെയും ഭാഷ പ്രശ്നമാകുന്നില്ല. അവര് ഹിന്ദിയിൽ ആജ്ഞാപിക്കും അത് തല കുലുക്കി കേട്ട് കോൺഗ്രസ്സുകാർ  ഇങ്ങു പോരും. തല കുലുക്കുന്നതും   മലയാളത്തിൽ.  

പിന്നെ പത്രം വായിക്കുന്നത്. മാർക്സിസ്റ്റ്കാര് ദേശാഭിമാനി വായിക്കുമ്പോൾ കോൺഗ്രസ്സുകാർ വീക്ഷണം വായിക്കും. രണ്ടിലും വാർത്ത ഒന്നും ഇല്ലാത്തത് കൊണ്ട് പത്ര വായനയിലൂടെ വിവരം വയ്ക്കാനുള്ള സാധ്യതയും ഇല്ലാതാകുന്നു. ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ആ പത്രങ്ങൾ വായിക്കാനും കഴിയില്ല. ചാനലും അവരവരുടെത് വയ്ക്കും. അതിലും ഒന്നും കിട്ടില്ല. അങ്ങിനെ കേരളമെന്ന O വട്ടത്തിനകത്ത് കഴിയുന്നു.

ഇനി രണ്ടാമത്തെ കാര്യം ഈ അജ്ഞതയിൽ നിന്നും ഉടലെടുത്ത എന്തിനും അർത്ഥമില്ലാതെ കയറി അഭിപ്രായം പറയുന്ന സ്വഭാവം ആണ്. അറിഞ്ഞൂടെങ്കിൽ മിണ്ടാതിരുന്നു കൂടെ? എന്തെങ്കിലും പറഞ്ഞു ആളാകാനുള്ള വ്യഗ്രത. 

പുതിയ തലമുറ രാഷ്ട്രീയക്കാരും ഇതേ സ്വഭാവം തന്നെ കാണിക്കുന്നത്. പഠിപ്പ് ഒക്കെ ഉണ്ടെങ്കിലും "മുൻപേ ഗമിക്കുന്ന ഗോവ് തന്റെ പിൻപേ ഗമിക്കുന്ന" സ്വഭാവം. അതൊന്നു മാറിയില്ലെങ്കിൽ കേരളത്തിന്റെ കാര്യം കഷ്ട്ടമാകും. 

2016 ജൂൺ 4, ശനിയാഴ്‌ച

പ്രകൃതി നശീകരണം







അതിരപ്പള്ളി ജല വൈദ്യുത പദ്ധതി തുടങ്ങും എന്ന് തന്നെയാണ്പുതിയ മുഖ്യ മന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയും പറയുന്നത്. എന്തോ തീരുമാനിച്ചുറച്ചത് പോലെയാണ് അവരുടെ പെരുമാറ്റവും ശരീര ഭാഷയും. പ്രകൃതി നശിപ്പിക്കും എന്ന ഉറച്ച തീരുമാനത്തോട് കൂടിയാണ് അവരുടെ പ്രഖ്യാപനവും നടപടികളും.

ഏക്കർ കണക്കിന് വന ഭൂമി ആണ് നഷ്ട്ടപ്പെടുന്നത്. കൂടാതെ ചാലക്കുടി പുഴയിലെ നീരോഴുക്കിനേയും ബാധിക്കും. കാടിലെയും പുഴയിലെയും ആവാസ വ്യവസ്ഥയെ ആണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.

ഇത്രയും നശിപ്പിച്ചിട്ട്  കിട്ടുന്നതെന്താണ്? കുറച്ചു വൈദ്യുതി. അതിനുള്ള സാമ്പത്തിക മുതൽ മുടക്ക് 1500 കോടി രൂപയിൽ അധികം ആണ്. ഉൽപ്പാദിപ്പിക്കുന്നതൊ ഏതാണ്ട് 30 മെഗാ വാട്ട് വൈദ്യുതിയും.

ദീർഘ വീക്ഷണം ഇല്ലായ്മയും, അധികാരം എന്തും ചെയ്യാനുള്ള അവകാശം ആണെന്ന മിഥ്യാ ധാരണയും, ഭാവി തലമുറകൾക്കും ഭൂമിയ്ക്ക് തന്നെയും വിതയുക്കുന്ന നാശത്തെ കുറിച്ചുള്ള അജ്ഞതയും ആണ് ഇത്രയും അപക്വമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ കാരണം. ഒരിക്കൽ നശിച്ച കാടും പുഴയും തിരിച്ചു കൊണ്ട്  വരാൻ കഴിയില്ല എന്ന സത്യം ഇവർ മനസ്സിലാക്കട്ടെ.