2013, ജൂൺ 11, ചൊവ്വാഴ്ച

റോഡ്‌ സുരക്ഷ പ്രഖ്യാപനങ്ങൾ

 വാഹനങ്ങളിൽ കണ്ണാടി ജനാല കറുത്ത ഫിലിം ഒട്ടിച്ച് മറയ്ക്കു ന്നതിനെതിരായി ശക്തമായ നടപടി എടുക്കുമെന്ന് കേരള സർക്കാർ കുറെ മുമ്പേ പ്രഖ്യാപിച്ചു. പക്ഷെ കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ യെധേഷ്ടം  നിരത്തുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവയിലെ കറുപ്പ് എത്രയുണ്ട് എന്നു അളക്കാനായി ഒരു ഉപകരണം അടുത്ത കാലത്ത് വാങ്ങിയെന്നും പരിശോധന കർശനമാക്കുമെന്നും  സർക്കാർ പറയുന്നു. ഉടൻ കറുത്ത ഫിലിം മുഴുവൻ മാറ്റുമെന്ന്  കരുതിയവർക്ക് തെറ്റി. ഉപകരണങ്ങൾ കിടന്ന് തുരുമ്പിക്കും എന്നല്ലാതെ ഒന്നും നടക്കുകയില്ല എന്ന് നമുക്കറിയാം.

 നിയമം ലംഖിച്ചു തോന്നിവാസം പോലെ നമ്പർ എഴുതിയ, വാഹനങ്ങൾക്കെതിരെ കർശന നടപടി എന്ന് സർക്കാർ പ്രഖ്യാപിച്ചു. അതിലും ഇതു വരെ ഒന്നും ചെയ്തതായി അറിവില്ല. ഒന്നും ചെയ്യില്ല എന്നും ജനത്തിന് അറിയാം. 

എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണിൽ തുളഞ്ഞു കയറുന്ന ശക്തിയായ പ്രകാശം പരത്തുന്ന  ഹെഡ് ലൈറ്റുള്ള വാഹനങ്ങൾക്കെതിരെ ശക്തവും കർശനവും ആയ നടപടികൾ എടുക്കുമെന്നുള്ളതാണ്  സർക്കാരിന്റെ മറ്റൊരു പ്രഖ്യാപനം.നടപടികൾ ഒന്നും ഇല്ലാതെ അമിത വെളിച്ചം പരത്തി അപകട ഭീഷണിയായി  ആ വാഹനങ്ങൾ ഇപ്പോഴും ഓടുന്നു.

 വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വലിയ ഫ്ലെക്സ് പരസ്യ ബോർഡുകൾ റോഡരുകിൽ നിന്നും ട്രാഫിക് ഐലണ്ടുകളിൽ നിന്നും മാറ്റുമെന്നുള്ള  മറ്റൊരു  പ്രഖ്യാപനവും  വന്നു.അതിന്റെയും ഗതി ഇത് തന്നെ. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിരിക്കുന്ന (നാട്ടുകാരെ പറ്റിച്ചേ എന്ന ചിരി) ഫ്ലെക്സ് ബോർഡുകൾ അനധികൃതമായി റോഡുകൾ  മുഴുവൻ നിൽക്കു ന്നു.

 റോഡ്‌ സുരക്ഷക്കും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും  അത്യന്താപേക്ഷിതമായ കാര്യങ്ങൾ ആണ്  പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നത്. പക്ഷെ ഒരു കാര്യം. പ്രഖ്യാപനങ്ങൾ എല്ലാം "ശക്തവും കർശനവും" ആണെന്നുള്ള ഒരു സമാധാനം ആണ് ജനങ്ങൾക്കുള്ളത്‌..

കറുത്ത ഫിലിം ഒട്ടിക്കുന്നവരും, നമ്പർ ബോർഡുകളിൽ പടം വരക്കുന്നവരും, അമിത വെളിച്ചം ഉള്ള ബൾബുകൾ ഉപയോഗിക്കുന്നവരും, പരസ്യ ബോർഡുകൾ റോഡിൽ സ്ഥാപിക്കുന്നവരും പണവും അത് വഴി അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉള്ളവരും ആണ്. നിയമം അവർക്ക് ലംഖിക്കാൻ ഉള്ളതാണ്, അനുസരിക്കാൻ ഉള്ളതല്ല. അതാണ്‌ നിയമ പാലകർ അവരെ ഭയപ്പെടുന്നതും, നിയമം നടപ്പിലാക്കാൻ കഴിയാത്തതും. പാവപ്പെട്ടവൻറെ മേൽ കുതിര കയറിയും പെറ്റി യടിച്ചും നിയമ പാലകർ അവരുടെ "ഫ്രസ്ട്രെഷൻ" പുറത്തു വിടുന്നു. പാവം ജനം എല്ലാം സഹിച്ച്  കഴിയുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ