2014, മാർച്ച് 12, ബുധനാഴ്‌ച

ടി.പി.വധം -സത്യാന്വേഷണ പരീക്ഷണങ്ങൾ

മഹാത്മാ ഗാന്ധിക്ക് ശേഷം "സത്യാന്വേഷണ പരീക്ഷണങ്ങൾ" നടത്തിയ ഒരേ ഒരാൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരിക്കുമെന്നതിൽ സംശയം ഇല്ല. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിൽ ഗാന്ധിജിയുടെ പാത പിൻ തുടരുന്ന ഏക  മഹാത്മാവ്.  'എൻറെ സത്യാന്വേഷണ പരീക്ഷണ കഥ' എന്ന പേരിൽ ഗാന്ധിജി ആത്മകഥ എഴുതിയിട്ടുണ്ട്. അത്തരത്തിൽ ശ്രീ തിരുവഞ്ചൂരും ഒരു പുസ്തകം എഴുതിയിരിക്കുന്നു. ഇവിടെ അദ്ദേഹം  സത്യാന്വേഷണ രേഖകൾ ആണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. "ടി.പി.വധം സത്യാന്വേഷണ രേഖകൾ" എന്നതാണ്  അദ്ദേഹത്തിന്റെ പുസ്തകം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണ സമയത്ത് ആഭ്യന്തര മന്ത്രി, അതായത് പോലീസ് മന്ത്രി, എന്ന നിലയിൽ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷവും സത്യം തേടിയുള്ള യാത്രയും ഒക്കെയാണീ പുസ്തകത്തിൽ എന്ന് പറയപ്പെടുന്നു.

പുസ്തകത്തിൻറെ അവലോകനത്തിൽ നിന്നും ഉള്ളടക്കത്തെക്കുറിച്ച് കുറച്ച് വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. കൂടുതൽ ഉന്നതരായ പ്രതികൾ ഉണ്ടാകാമെന്ന നിഗമനത്തിൽ ആണ് അന്വേഷണ സംഘം എത്തിച്ചേർന്നത് എന്നും, എന്നാൽ അതിന് ഉപോദ്ബലകമായ തെളിവുകൾ ലഭിച്ചില്ല എന്നും  പുസ്തകത്തിൽ തിരുവഞ്ചൂർ  എഴുതിയിട്ടുണ്ട്   എന്ന് പറയുന്നു. എന്തൊരു ശുദ്ധ ഭോഷ്ക് ആണിത്. തെളിവ് ഒന്നും  ലഭിക്കാതെ എങ്ങിനെയാണ് അന്വേഷണ സംഘം അങ്ങിനെ ഒരു നിഗമനത്തിൽ എത്തിയത്?  അത് എങ്ങിനെയെന്ന കാരണം    അന്വേഷിക്കേണ്ട ഉത്തര വാദിത്വം ഒരു ആഭ്യന്തര മന്ത്രി എന്ന നിലയിൽ തിരുവഞ്ചൂരിനു ഉണ്ടായിരുന്നില്ലേ? അത് നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടില്ലേ?   അഥവാ ഒരു ഉൾവിളി  പോലെയോ ദൈവ വിളി പോലെയോ അങ്ങിനെ ഒരു നിഗമനത്തിൽ  അന്വേഷണ സംഘം എത്തിയെങ്കിൽ   എന്ത് കൊണ്ട് തുടരന്വേഷണം നടത്തിയില്ല? ഉന്നതരായ പ്രതികൾ എന്ന് പറയുമ്പോൾ  അമേരിക്കൻ പ്രസിഡന്റ് ഒന്നുമല്ലല്ലോ.ഇന്ത്യൻ നിയമ വ്യവസ്ഥക്കുള്ളിൽ വരുന്ന ഇന്ത്യൻ പൌരന്മാരല്ലേ. അപ്പോൾ അന്വേഷണം എന്ത് കൊണ്ടാണ് നിർത്തിയത്?  ആഭ്യന്തര മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോൾ കെ.പി.സി.സി. പ്രസിഡന്റും പങ്കെടുത്തു എന്ന് ചാനലുകളിൽ വന്ന വാർത്ത തെറ്റാണെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്.  മന്ത്രിയുടെ മുറിയിലേക്ക് വന്ന കോണ്‍ഗ്രസ്സ്  പ്രസിഡന്റ് പോലീസ് ഉദ്യോഗസ്ഥരെ കണ്ടു തിരിച്ചു പോകുമ്പോൾ താൻ മുറിയിലേക്ക് വിളിച്ചു സംസാരിച്ചതാണെന്ന് തിരുവഞ്ചൂർ പറയുന്നു. ഇങ്ങിനെ ഒരു മീറ്റിംഗിൽ അനുവാദം ചോദിക്കാതെ ഇടിച്ചു കേറാൻ ഏതു കോണ്‍ഗ്രസ് കാരനാണ് ധൈര്യപ്പെടുന്നത്? ആ മുറിക്ക് പുറത്തു ഒരു പോലീസകാരൻ പോലും കാവൽ ഇല്ലായിരുന്നോ? 

പോലീസ്കാർ  കേസ് അന്വേഷിക്കുമ്പോൾ മന്ത്രിക്കെന്തിനാണ്  മാനസിക സംഘർഷം ഉണ്ടാകുന്നത്? പ്രതികളുടെയും അവരെ സംരക്ഷിക്കുന്നവരുടെയും ഭാഗത്ത്‌ നിന്ന് പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികം ആണ്.  കേസ് അന്വേഷണം  സത്യസന്ധമാണെങ്കിൽ മന്ത്രിക്ക് മാനസിക സംഘർഷം വരേണ്ട ആവശ്യമില്ല. അതിനർത്ഥം കേസ് അന്വേഷണത്തിൽ കളവു കാണിക്കാൻ മന്ത്രിക്ക് ഉന്നതരിൽ നിന്നും സമ്മർദം ഉണ്ടായിരുന്നു എന്നാണ്. പൊതു സമൂഹവും പത്ര ദൃശ്യ മാധ്യമങ്ങളും കേസ് അന്വേഷണത്തെ സസൂക്ഷ്മം വിശകലം ചെയ്യുമ്പോഴും  വിടാതെ പിന്തുടരുകയും  ചെയ്യുമ്പോൾ കേസ് അട്ടിമറിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടായിരുന്നു. അതായിരിക്കാം ഇത്രയും വലിയ മാനസിക സംഘർഷം.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പ്രസ്താവനകൾ മാത്രമാണീ പുസ്തകത്തിൽ എന്ന് തോന്നുന്നു.  ഉത്തരങ്ങളേക്കാൾ വളരെയേറെ ചോദ്യങ്ങൾ ആണ് ഈ 'സത്യാന്വേഷണ രേഖകൾ' ഉയർത്തുന്നത്. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആണ് സ്ഥാനം ഒഴിഞ്ഞത് എന്നും പറയുന്നു. ചിരി വരുന്നുണ്ടോ? ആഭ്യന്തര മന്ത്രി സ്ഥാനത്തു   നിന്നും അദേഹത്തെ എങ്ങിനെ മാറ്റി  എന്നതും ചെന്നിത്തല എങ്ങിനെ ആ സ്ഥാനം പിടിച്ചെടുത്തു എന്നതും  കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം.ഈ പുസ്തകത്തിൻറെ അവതാരിക എഴുതിയിരിക്കുന്നത് വധിക്കപ്പെട്ട ടി.പി.യുടെ ഭാര്യ ശ്രീമതി രമ ആണ്. നല്ല വാക്ക് പറയുന്ന ആരെങ്കിലും ഒരാൾ വേണ്ടേ അവതാരിക എഴുതാൻ എന്ന് വച്ചാകാം അവരെ കൊണ്ടെഴുതിച്ചത്. ഏതായാലും ഈ പുസ്തകത്തിന്‌ അവതാരിക എഴുതേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. അടുത്ത പതിപ്പ് പുറത്തിറക്കുമ്പോൾ അത് ചെയ്‌താൽ നന്നായിരുന്നു.

ഗാന്ധിജിയുടെ ആത്മകഥയും    തിരുവഞ്ചൂരിന്റെ കഥയും  ആയി ഒരുപാട് സാമ്യങ്ങൾ   ഉണ്ട്. ഗാന്ധിജി   തൻറെ ആത്മ കഥയിൽ താൻ കള്ളം പറഞ്ഞതും അച്ഛന് മുൻപിൽ അതിന് കുറ്റസമ്മതം നടത്തിയതും  എഴുതിയിട്ടുണ്ട്. അത്ര സത്യ സന്ധനായിരുന്നു അദ്ദേഹം. സത്യാന്വേഷണ രേഖകളുടെ കഥാകൃത്തും ഇത് പോലെ കള്ളം പറയുകയും പിന്നീട് കുറ്റ സമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്. ഒരുദാഹരണം. ശാലു മേനോനെ അറിയില്ല എന്ന് പറഞ്ഞ  ആൾ, പിന്നീട് അവരുടെ വീട്ടിൽ പോയെന്നും കരിക്ക് കുടിച്ചെന്നും പറഞ്ഞിട്ടുണ്ടല്ലോ. അങ്ങിനെ പലതും. ശരിയായ ഒരു ഗാന്ധിയൻ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ