2014, മാർച്ച് 20, വ്യാഴാഴ്‌ച

സിസ്റ്റർ അഭയ

മതേതര  രാഷ്ട്രം  എന്ന് ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്ന ഭാരത മഹാ രാജ്യത്തിലെ  ഒരു സംസ്ഥാനമായ കേരളത്തിലെ ഭരണ കൂടങ്ങൾ എന്നും മത പ്രീണനത്തിനു പ്രാമുഖ്യം നൽകുന്നു എന്നത് ജനാധിപത്യ വിശ്വാസികൾക്കെല്ലാം ഒരു വെല്ലു വിളിയാണ്.  കേന്ദ്ര സർക്കാരുകളും  ഇതിന്  അനുകൂല മനോഭാവം  ആണ് കൈക്കൊള്ളുന്നത് എന്നത് ഇത് കൂടുതൽ ഗൌരവം ഉള്ളതാക്കുന്നു.  ചില  നീതിന്യായ കോടതികൾ മാത്രമാണിന്ന് മതേതര വിശ്വാസികൾക്ക്  ഒരു അഭയം. സിസ്റ്റർ അഭയ കേസ് പുനരന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. കേസന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നും, അന്വേഷണ ഉദ്യോഗസ്ഥർ തന്നെ തെളിവുകൾ നശിപ്പിച്ചു എന്നും,കേസിൽ പ്രതികളെ രക്ഷിക്കാൻ ബോധ പൂർവമായ ശ്രമങ്ങൾ നടന്നുവെന്നും കോടതി കണ്ടെത്തി. ഇങ്ങിനെയൊന്നും നടന്നിട്ടില്ല എന്ന സി.ബി.ഐ. കോടതി വിധിയെ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ  ഉത്തരവ് പുറപ്പെടുവിച്ചത്.

1992 മാർച്ച് 27 ന് ആണ് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിൽ അഭയ കൊല്ലപ്പെടുന്നത്. കോണ്‍വെന്റിന്റെ കിണറ്റിൽ  അഭയയുടെ മൃതദേഹം കണ്ടെത്തി. ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല. അന്ന് കേരളം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് മുഖ്യ മന്ത്രി കെ. കരുണാകരൻ. ആഭ്യന്തരം, അതായത് പോലീസ്, മുഖ്യ മന്ത്രിയുടെ കയ്യിൽ. റെവന്യൂ, നിയമ മന്ത്രി എന്നത്തേയും പോലെ കെ.എം. മാണി. ധന മന്ത്രി ഇന്നത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. അത് കഴിഞ്ഞ് കേസ് സി.ബി.ഐ.ക്ക് അന്വേഷണത്തിന് നൽകി.  'കൂട്ടിലെ തത്ത' 17 വർഷം  ഈ കേസ് അന്വേഷിച്ചു. പല തവണ ഇത് കൊലപാതകം ആണെന്നുള്ളതിന്‌ തെളിവില്ല എന്ന് കോടതിയിൽ പറഞ്ഞു. അവസാനം 2008 ലാണ് 3 പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.ഫാദർ കോട്ടൂർ,ഫാദർ പുത്രുക്കയിൽ, സിസ്റർ സ്റ്റെഫി എന്നിവർ. ഈ കേസ് അട്ടിമറിക്കാൻ എല്ലാ ഭാഗത്ത്‌ നിന്നും ആത്മാർഥമായ ശ്രമം നടന്നു.

ക്രൈസ്തവ സഭാംഗങ്ങൾ ആയ കേരള രാഷ്ട്രീയത്തിലെ ഉന്നതരും മത മേലധ്യക്ഷരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പണ്ടേ ആരോപണം ഉണ്ടായിരുന്നു. അവരെ രക്ഷിക്കാനും സഭയുടെ അന്തസ്സ് നില നിർത്താനും അന്നത്തെ സർക്കാർ ഇടപെടലുകൾ നടത്തിയിരുന്നു എന്നും അതിനാലാണ് തെളിവ് നശിപ്പിക്കാൻ പോലും പോലീസ് ധൈര്യപെട്ടത് എന്നും നാട്ടിൽ പാട്ടായിരുന്നു.സഭയുടെ ശക്തി നോക്കണേ. അതിനനുസരിച്ച് ആടുന്ന രാഷ്ട്രീയക്കാരും. അടുത്തിടെ ഒരു കോണ്‍ഗ്രസ്സ് ലോക സഭ സ്ഥാനാർഥിയെ  ഒരു ബിഷപ്പ് തലങ്ങും വിലങ്ങും വഴക്ക് പറഞ്ഞു. വഴക്ക് കേട്ട ഡീൻ കുരിയാക്കോസിന് ഒരു നാണവും ഇല്ല. ബിഷപ്പിന് അത് പറയാൻ അവകാശം ഉണ്ടെന്ന് പറഞ്ഞ് തന്റെ തൊലിക്കട്ടി അദ്ദേഹം കാണിച്ചു. ( എങ്ങിനെയാണ് അവകാശം കിട്ടിയതെന്ന് ആർക്കറിയാം). ഇതിനു പകരം ആ ബിഷപ്പിനെ  ഒരു കോണ്‍ഗ്രസ് എം.എൽ.എ. "നികൃഷ്ട ജീവി"  എന്ന്  വിളിച്ചു. അതിന്  മാപ്പ് പറയാൻ എന്തൊരു ആൾ തിരക്കായിരുന്നു. ഉമ്മൻ ചാണ്ടി, സുധീരൻ, സതീശൻ  വരെ ക്യു  ആയി   നിൽക്കുകയായിരുന്നു  ഒന്ന് മാപ്പ് പറയാൻ. സംഭവം കുരിശ് ആയല്ലോ എന്ന് വിളിച്ചു കഴിഞ്ഞപ്പോഴാ ബൽറാമിന്  മനസ്സിലായത്‌ .ഉടൻ ബൽറാം  മാപ്പും  പറഞ്ഞു. കുറച്ചുനാൾ മുൻപ് എൻ.എസ.എസ്സിന്റെ സെക്രട്ടറി സുകുമാരൻ നായരെ ഒരു കോണ്‍ഗ്രസ് എം.എൽ.എ   "നായന്മാരുടെ  കോപ്പ്' എന്ന് പറഞ്ഞ് അധിക്ഷേപിച്ചു. മാപ്പ് പോയിട്ട് അത് ശരിയായില്ല എന്ന് പറയാൻ പോലും ആരും ഇല്ലായിരുന്നു.  മത നേതാക്കളുടെ പുറകെ നടക്കേണ്ട കാര്യം രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ല എന്ന് കൂടി ഇന്ന് ബിഷപ്പിന് മുൻപിൽ  മാപ്പ് പറഞ്ഞ സതീശൻ  ഉൾപ്പടെ ഇവരെല്ലാം പറഞ്ഞു. അതെ ആൾക്കാരാണ് ബിഷപ്പിൻറെ പുറകെ നടക്കുന്നത്. അതായത് കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത്‌  ഇന്നും പള്ളിയും പട്ടക്കാരും ആണ്. ബിഷപ്പിനെ തൊട്ടാൽ ഭരണം പോക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ