2017, ഡിസംബർ 30, ശനിയാഴ്‌ച

മുഖം മൂടി

കബന്ധങ്ങളുടെ കരാള താണ്ഡവമാണ് സോഷ്യൽ മീഡിയയിൽ.  മുഖമില്ലാത്ത  എഴുത്തുകളുടെ ഒരു കൂമ്പാരം. ഫേസ് ബുക്ക് എന്നാണു പേരെങ്കിലും ഫേസ് ഇല്ലാത്തവരാണ് അധികവും. മുഖമില്ലാത്തവരും മുഖം മൂടി അണിഞ്ഞവരും അസഭ്യങ്ങളും അശ്ലീലങ്ങളും കൊണ്ട് സൈബർ ഇടം നിറക്കുന്നു. നേരിട്ട് പറയാൻ ധൈര്യമില്ലാത്ത ഭീരുക്കളായ ഇവർ ഒളിഞ്ഞിരുന്ന് തെറി വിളിക്കു ന്നു. സ്വന്തം രൂപം വെളിച്ചത്താവില്ല എന്നും  പിടിക്കപ്പെടില്ല എന്നും ഉള്ള  ഒറ്റ ധൈര്യത്തിലാണ് അസഭ്യം പറയുന്നത്. Crowd psychology പോലെയുള്ള മനോ രോഗം.  

ഈ   മനോരോഗികൾ രണ്ടു തരമുണ്ട്. തെറി വിളിക്കുന്നതിലും അശ്ലീലം പറയുന്നതിലും ആത്മസംതൃപ്തി അടയുന്നവർ. മറ്റേത്  സൈബർ പോരാളിക ളാണ്. ആർക്കോ  വേണ്ടി തെറി വിളിക്കാൻ  മുഖം പണയം വച്ചവർ.    പോരാളികളെ  പോറ്റി വളർത്തുന്ന നേതാവിന്റെ നിർദ്ദേശം കിട്ടിയാൽ   ട്രോളും തെറിയും കൊണ്ട് ഭടന്മാർ  ഇരകളെ ആക്രമിക്കും. വലിയ സൈന്യ മുള്ള വർക്കാണ് ജയം. കൂട്ടം ചേർന്ന് ആക്രമിക്കാനും ആക്രമണം നീട്ടിക്കൊണ്ടു പോകാനും അവർക്കു കഴിയും. പ്രധാന മന്ത്രിയെയും  മുഖ്യ മന്ത്രിയെയുമൊ ക്കെ  കേട്ടാലറയ്ക്കുന്ന പദ പ്രയോഗം കൊണ്ടാണ് അഭി സംബോധന ചെയ്യുന്നത്. ഇതാണോ ജനാധിപത്യം എന്ന് പലപ്പോഴും തോന്നിപ്പോകും. 

പാർവതീ എന്ന നടിയുടെ മേൽ നടത്തിയ തെറി  ആക്രമണം ആരുടെയോ  സൈബർ സൈന്യത്തിന്റേതായിരുന്നു. സമാന മനസ്കരായ മറ്റു സൈന്യങ്ങളും ആക്രമണത്തിൽ കൂടെ ചേർന്നു. വ്യത്യസ്ത താൽപ്പര്യമാണ് ഓരോ സൈന്യത്തിന്റേത് എങ്കിലും പാർവതിയെ ഒതുക്കുക എന്ന പൊതു താൽപ്പര്യം അവരെ ഒന്നിപ്പിച്ചു. മമ്മൂട്ടി ഫാൻസ്‌ ആയാലും, മെയിൽ ഷോവിനിസ്റ്റ് ഗ്രൂപ്പ് ആയാലും, സിനിമാ നിർമാതാക്കൾ-സംവിധായകർ-അഭിനേതാക്കൾ ആരായാലും അവർ ഒന്നിച്ചു. ഇതാണ് എപ്പോഴും സംഭവിക്കുന്നത്. അങ്ങിനെ ആക്രമണത്തിന്റെ വ്യാപ്തിയും കടുപ്പവും വർധിക്കും.  നമ്മുടെ പൊലീസിന് പലതും ചെയ്യാൻ കഴിയും. ആക്രമണം എവിടെ നിന്നാണ് ഉണ്ടായത് എന്ന് വ്യക്തമായി അറിഞ്ഞു കേസ് എടുക്കാൻ കഴിയും. ഒരിക്കൽ കേസ് എടുത്തു ശിക്ഷിച്ചാൽ ( മറ്റു തെളിവുകൾ ആവശ്യമില്ലാത്തതിനാൽ ഒരു മാസത്തിനകം ശിക്ഷ വിധിക്കാം എന്നാണു വിദഗ്ധർ പറയുന്നത്. പക്ഷെ പല കാരണങ്ങൾ കൊണ്ടും അതൊന്നും നടക്കാറില്ല. ഇങ്ങിനെ പ്രസിദ്ധരായ ആരെങ്കിലും പരാതി കൊടുത്താൽ മാത്രം  വഴിപാടു പോലെ കേസ് എടുക്കും. അത്ര തന്നെ. 

ഇനി മമ്മൂട്ടിയുടെ പുരുഷാധിപത്യ  സിനിമാ ശകലം നോക്കാം.  ആ പെൺ പോലീസ് ഓഫിസർമാരുടെ ഡയലോഗ്, യൂണിഫോമിന്റെ മുകളിലെ ബട്ടൻസ് ഊരിയുള്ള പോക്ക്, ഭാഷ  **** . അതൊക്കെ സ്ത്രീ വാദികൾ കാണണമായി രുന്നു. അതൊക്കെ പോട്ടെ. തനിക്കു മുകളിൽ IPS കാരി എന്ന അപകർഷതാ ബോധം ആണ് മമ്മൂട്ടി എന്ന സർക്കിൾ ഇൻസ്‌പെക്ടറെ കൊണ്ട് ആ പോക്രിത്തരം മുഴുവൻ കാണിച്ചത്. നായകൻ അത്രയെങ്കിലും ചെയ്തില്ലെങ്കിൽ സിനിമാ ഓടൂല്ല. അതാണ് ആ രംഗത്തിന്റെ സ്വാഭാവിക പരിണാമം.








2017, ഡിസംബർ 28, വ്യാഴാഴ്‌ച

കുറ്റസമ്മതം.

22  വർഷങ്ങൾക്കു ശേഷം ഒരു കുറ്റസമ്മതം. കരുണാകരനെ പുറത്താക്കാൻ കൂട്ടു നിൽക്കേണ്ടായിരുന്നു എന്ന് എംഎം ഹസൻ പറഞ്ഞിരിക്കുന്നു. അന്ന് ആന്റണി പറഞ്ഞതാണ് തന്നോടും ഉമ്മൻ ചാണ്ടിയോടും. കരുണാകരനെ തള്ളി താഴെയിടല്ലേ എന്ന്.  ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഭാരം ഇറക്കി വച്ച് ആശ്വസിക്കാൻ ചെയ്തത് എന്നൊന്നും കരുതണ്ട. കാരണം അത്രയ്ക്ക് മനക്കട്ടി ഉളളവരാണീ രാഷ്ട്രീയക്കാർ. അവർക്കു മനഃസാക്ഷിക്കുത്തു എന്നൊരു സംഭവമേ ഇല്ല. മനസാക്ഷി ഉണ്ടെങ്കിലല്ലേ കുത്തു ഉണ്ടാകൂ. ഇവരുടെ ഇടയിൽ തൊഴുത്തിൽ കുത്തു മാത്രമാണുളളത്. അപ്പോൾ ഈ കുറ്റസമ്മതത്തിനു മറ്റു കാരണങ്ങൾ ആണുളളത്. ഇപ്പോൾ ഹസന് കെപിസിസി പ്രസിഡൻറ് ഒരു താൽക്കാലിക ചുമതല ആണ്. തമ്മിലടി കൊണ്ട്  തൽക്കാലം മാറാൻ വഴിയില്ല. എന്നാലും അതൊന്നു ഉറപ്പിക്കുക.    അത് മാത്രമല്ല. രാഹുൽ ഗാന്ധി പ്രസിഡന്റ് ആയി വന്ന സ്ഥിതിക്ക് വിഎം സുധീരനന്റെ വാക്കുകൾക്കു വില ഉണ്ടാകും. അങ്ങിനെയെങ്കിൽ ഈ വഴി അല്ലേ എളുപ്പം? . ആന്റണിയുടെയും സുധീരന്റേയും ഗു ഡ് ബുക്സിൽ ആവുക. കസേര നില നിർത്തുന്നതോടൊപ്പം അധികാരം കളിക്കുക.  ഇതാണ് ഹസന്റെ ബുദ്ധി.





അന്ന് കരുണാകരനെ ഒതുക്കാൻ ചാണ്ടിക്ക് കൂട്ടു നിന്നെങ്കിൽ ഇന്ന് അതെ ചാണ്ടിയെ ഒതുക്കാൻ ....


2017, ഡിസംബർ 15, വെള്ളിയാഴ്‌ച

ആവിഷ്കാര സ്വാതന്ത്ര്യം

പവിത്രൻ തീക്കുനി. വിപ്ലവ കവി. എന്ന് പറഞ്ഞാൽ മനസ്സിലാകുമല്ലോ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുന്ന ഇടതു പക്ഷ കവി.   "മയ്യത്താവുവോളം പോത്തു തിന്നണോന്നുണ്ട്" എന്നെഴുതിയ കവി. പണ്ടൊക്കെ പറയുന്നത് പോലെ   തൂലിക പടവാളാക്കിയ കവി. മറ്റൊരു വാൾ കഴുത്തിന് നേരെ വരുമ്പോൾ പടവാളും ഉറയിലിട്ടു  ഓടി. തല ഇല്ലെങ്കിൽ പിന്നെ എങ്ങിനെ കവിത എഴുതും? തൂലിക എങ്ങിനെ സാമൂഹ്യ സേവനത്തിനു ഉപയോഗിക്കും?  അത് കൊണ്ട് ആദ്യം സ്വന്തം ജീവൻ സുരക്ഷിതമാക്കട്ടെ. 







പവിത്രൻ തീക്കുനി ചെയ്തതും അത് തന്നെ. രാത്രിയിൽ എഴുതിയ 'പർദ്ദ' എന്ന കവിത നേരം പുലരുന്നതിനു മുൻപ് തന്നെ പിൻവലിച്ചു ജീവനും കൊണ്ട് ഓടി. പറഞ്ഞതും വിഴുങ്ങി, കാലിൽ സാഷ്ട്ടാംഗം വീണ് സമസ്‌താപാരാധവും പൊറുക്കേണമേ എന്ന് അപേക്ഷിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം, സഹിഷ്ണുത - എത്ര മനോഹരമായ പദങ്ങൾ. യാതൊരു എതിർപ്പും വരില്ല എന്ന് പൂർണ വിശ്വാസ മുള്ളിടത്തു ഉപയോഗിച്ചു മാന്യനാകാൻ പറ്റിയ പദങ്ങൾ.തല കൊയ്യും എന്ന് ഭീഷണി ഉള്ളിടത്തോ? പഞ്ചപുച്ഛം അടക്കി നിൽക്കുക. പക്ഷെ മറ്റേ വാക്കുണ്ടല്ലോ, പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യം, അത് വിടരുത്. അത് പ്രസംഗിച്ചു നടക്കണം.





സഹിഷ്ണുത ഉള്ളവരുടെ ദൈവങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് തെറിയും എഴുതുക.പ്രശസ്തി, അത് മറ്റവർ വാങ്ങിത്തരും

2017, ഡിസംബർ 5, ചൊവ്വാഴ്ച

ചുഴലിക്കാറ്റ്

മരണം 6കുറെ ആയി. കടലിൽ എത്ര പേർ അകപ്പെട്ടു, എത്ര പേർക്ക് ജീവഹാനി സംഭവിച്ചു എന്നൊന്നും ആർക്കും അറിയില്ല. അതിശക്തമായി തുടരുന്ന പേമാരിയും കാറ്റും. സമയത്തു മുന്നറിയിപ്പ് നൽകുന്നതുൾപ്പടെയുള്ള ദുരന്ത നിവാരണ നടപടികൾ  എടുക്കാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടത് കൊണ്ടാണ്  നില ഇത്രയും രൂക്ഷമായത്, ഇത്രയും മരണങ്ങൾ നടന്നത്. അതിന്റെ കൂടുതൽ തെളിവുകൾ ആണ് പുറത്തു വരുന്നത്. ഓഖി ചുഴലിക്കാറ്റ് രൂപപെടുന്നതിനെയും അതിന്റെ ആഘാതങ്ങളെയും കുറിച്ച് വിശദമായ വിവരങ്ങൾ ആണ് ലഭ്യമായത്. എന്നിട്ടും യാതൊരു നടപടികളും എടുക്കാതെ സർക്കാർ അലംഭാവം കാട്ടി. സെൻ കുമാറിനും ജേക്കബ് തോമസിനും എതിരെ കേസ് എടുക്കുന്നതിനും, ജോയ്‌സ് ജോർജിന്റെയും മറ്റു മാർക്കിസ്റ്റ് കാരുടെയും മൂന്നാർ കയ്യേറ്റം സംരക്ഷിക്കുന്നതിനും അൻവറിന്റെ പാർക്ക് രക്ഷിക്കാൻ പുതിയ നിയമം കൊണ്ട് വരുന്നതിനും ഒക്കെയുള്ള തിരക്കിനടിയിൽ പിണറായിക്ക് കുറെ പാവങ്ങളുടെ ജീവൻ രക്ഷിക്കാൻ എവിടെ സമയം?


2017, ഡിസംബർ 2, ശനിയാഴ്‌ച

എംഎൽഎ സംസ്കാരം





"നിന്നെ ആരാടീ ഇങ്ങോട്ടു എടുത്തോണ്ട് വന്നത്" ഒരു എം.എൽ.എ. ഡ്യൂട്ടി  ചെയ്യുന്ന ഒരു   ഡെപ്യൂട്ടി കളക്റ്ററോട് ചോദിക്കുന്നതാണ് ഇത്.  പാറശ്ശാല MLA ഹരീന്ദ്രകുമാർ ആണ് ഈ വീരൻ. ഏതു പാർട്ടിക്കാരനാണ് എന്ന്പ്രത്യേകം പറയേണ്ട ല്ലോ.കാരണം ഇത്തരം സ്വഭാവം സിപിഎമ്മിന്റെ  പാരമ്പര്യമാണ്. മന്ത്രി എംഎം മണി സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെ വട്ടിന് ഊളമ്പാറ കൊണ്ട് പോകണമെന്ന് പറഞ്ഞു.  മറ്റൊരു സബ് കളക്ടർ പ്രേം കുമാറിന് തലയ്ക്കു സുഖമില്ലെന്നു മണി  പറഞ്ഞു. സബ് കളക്ടർ കോപ്പി അടിച്ചു ജയിച്ചതാണ് എന്ന് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. ഇപ്പോൾ പാറശ്ശാല എംഎൽഎ യും ഇങ്ങിനെ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നു.

മന്ത്രിമാരും എംഎൽഎ മാരും നടത്തുന്ന ഇത്തരം  അന്തസ്സില്ലാത്ത  പ്രതികരണങ്ങൾ സർക്കാരിന് യോജിച്ചതല്ല എന്ന് മുഖ്യ മന്ത്രി പറഞ്ഞിട്ടില്ല. അതാണ് നമ്മുടെ മുഖ്യ മന്ത്രി. 

ഇത്രയും ആയിട്ടും ഒരൊറ്റ ഉദ്യോഗസ്ഥനും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. മന്ത്രിമാരുടെയും മറ്റും ചീത്ത വിളി കേൾക്കാൻ ഏതു കോഡ് ഓഫ് കോണ്ടക്ട് ആണ് ഇവരെ നിർബന്ധിതരാക്കുന്നത്?  ഒരു കൂട്ടം ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ പൃഷ്ടം താങ്ങി പത്തു കാശു ണ്ടാക്കാൻ നോക്കും. ഡെപ്യുട്ടി കളക്ടറെ വിരട്ടിയതിൽ അവരുടെ തന്നെ  ഒരു കീഴുദ്യോഗസ്ഥനും (ബി.ഡി.ഓ) ഉണ്ടെന്നു കേൾക്കുന്നു.മറ്റേ കൂട്ടർ   രാഷ്ട്രീയക്കാരുടെ ആട്ടും തൂപ്പും സഹിച്ചു കഴിഞ്ഞോളും. അതാണ് രാഷ്ട്രീയക്കാർ ഇവരെ ഇങ്ങിനെ തെറി പറയുന്നത്.

ഹാദിയായുടെ സുഖവിവരം തേടി ഓടി  നടന്ന വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെ  കാണാനില്ല. ഉത്തരേന്ത്യ യിൽ ഒരു പെൺകുട്ടിയ്ക്ക് ചെവി വേദന വന്നാൽ ചാനലിൽ വന്നു ഘോര ഘോരം പ്രസംഗിക്കുന്ന ഒറ്റ വനിതാ പ്രവർത്തകയെയും കണ്ടില്ല. എല്ലാവരും ഫോൺ ഓഫ് ആക്കി വച്ച് വടക്കോട്ടു നോക്കിയിരിക്കുകയാണ്.  അവിടന്നെ ന്തെങ്കിലും കിട്ടുമോ എന്ന് നോക്കി. സ്ത്രീകളെ അസഭ്യം പറയുന്നതും ജോലി തടയുന്നതും ജാമ്യമില്ലാ കുറ്റമാണ്. MLA ക്കെതിരെ  ആര് കേസ് എടുക്കും?