2014 മേയ് 31, ശനിയാഴ്‌ച

ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ്

 'ഇൻറർ  നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള' എന്ന ആണ്ടോടാണ്ട് കൊണ്ടാടുന്ന ചലച്ചിത്രോത്സവം,  പേരിൽ   ' ഇന്റർ നാഷണൽ'  എന്ന് ഉണ്ടെങ്കിലും അത്ര വലിയ  അന്താരാഷ്ട്ര   നിലവാരമുള്ള ഒരു ചലച്ചിത്രോത്സവം  ഒന്നും അല്ല. അതിൽ വരുന്നതും അത്ര നിലവാരമുള്ള ചിത്രങ്ങൾ  അല്ല. കുറെ വിദേശ ചിത്രങ്ങൾ കാണാം എന്നുള്ള ഒരു ഗുണം  ഉണ്ട്. ഈ ഉത്സവം നടത്താനായി ഒരു 'ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ്'  തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന  ഈ ഫെസ്റ്റിവൽ  ഇപ്പോൾ നടത്തുന്നത് തിരുവനന്തപുരം നഗരത്തിലെ സർക്കാർ വക 4 ഉൾപ്പടെ ഏതാണ്ട് 13 തിയേറ്ററുകളിൽ ആണ്. കഴിഞ്ഞ ഫെസ്റ്റിവലിൽ വളരെ അധികം തിരക്ക് അനുഭവപ്പെട്ടു. മൊത്തം തിയേറ്ററുകളിൽ ഉള്ള   സീറ്റുകളേക്കാൾ വളരെ അധികം പാസുകൾ ആണ്  കൊടുത്തത്.  ഗൌരവമായി സിനിമ കാണാൻ വരുന്നവരായാലും ഉത്സവത്തിന്‌ വരുന്നവർ ആയാലും   അടുത്ത  വർഷങ്ങളിലും തിരക്ക് കൂടുവാനാണ് സാധ്യത. അതിനെ ഒഴിവാക്കാനാണ് കുറെ   തിയേറ്ററുകളുടെ ഒരു സമുച്ചയം ആയ  ഫിലിം ഫെസ്റ്റിവൽ  കോംപ്ലക്സ് തുടങ്ങാൻ പോകുന്നത്. അനേകം കോടി രൂപ ഇതിനായി വേണ്ടി വരും. വർഷത്തിൽ വെറും 7 ദിവസം നീണ്ടു  നിൽക്കുന്ന ഈ ഒരു പരിപാടിക്ക് വേണ്ടി ഇത്രയും ഭീമമായ് തുക ചിലവാക്കുന്നത് ദുർവ്യയം അല്ലേ? ഫെസ്റ്റിവൽ കഴിഞ്ഞ് സാധാരണ സിനിമകൾ പ്രദർശിപ്പിക്കാം എന്നൊരു വാദം ഉയർത്തിയേക്കാം. അതിനു തക്ക ചിത്രങ്ങൾ ഇവിടെ ഇറങ്ങുമോ? ഇല്ല. ഇപ്പോൾ തന്നെ തിയേറ്ററുകൾ നഷ്ട്ടത്തിലാണ്. ഇനിയും കൂടുതൽ വന്നാൽ എന്താകും സ്ഥിതി?  അതിനാൽ   ഫെസ്റ്റിവൽ  കോംപ്ലക്സ് എന്ന ആശയം അവസാനിപ്പിച്ച് മറ്റ് വഴികൾ തേടുകയാണ് ബുദ്ധി.  കൂടാതെ പണി പൂർത്തിയായി കഴിഞ്ഞാൽ  ടാഗോർ തിയേറ്റർ കൂടി കിട്ടും. ഈ ഫെസ്റ്റിവൽ  കേരളത്തിൽ രണ്ടു സ്ഥലങ്ങളിൽ ഒരേ സമയം  നടത്താം.  തിരുവനന്തപുരത്തിനു പുറമേ   കോഴിക്കോടോ തൃശ്ശൂരോ മത്സര ചിത്രങ്ങളും തെരഞ്ഞെടുത്ത കുറെ ചിത്രങ്ങളും ഇതേ സമയം പ്രദർശിപ്പിക്കാം. തിരുവനന്തപുരത്ത് തിരക്ക് ഒഴിവാകുന്നതോടൊപ്പം വടക്കൻ കേരളത്തിലെ കാണികൾക്ക് പണവും സമയവും ലാഭിക്കുകയും ചെയ്യാം.

ജനോപകാര പ്രദമായ കാര്യങ്ങൾ ഒന്നും ചെയ്യാത്തത് ആണ് കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയം സംഭവിച്ചതിന്റെ  കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്  എന്ന് എല്ലാവർക്കും അറിയാം. പരാജയ കാരണങ്ങൾ വിശകലനം  ചെയ്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അത് മനസ്സിലാക്കുന്നു. എന്നിട്ടും പൊതു ഖജനാവിലെ പണം തെറ്റായ കാര്യങ്ങൾക്ക്  ധൂർത്ത് അടിക്കാനാണ്‌  ഈ ഭരണാധികാരികളുടെ ഭാവം. ലോക സഭയിൽ പരാജയപ്പെട്ടാലും കേരളത്തിൽ ഇനിയും മൂന്നു വർഷം ഭരിക്കാമല്ലൊ എന്ന ധാർഷ്ട്യം ആയിരിക്കും. ഈ പണം കൊണ്ട് നമുക്ക് അത്യാവശ്യമായ മറ്റെന്തെല്ലാം കാര്യങ്ങൾ ചെയ്യാം? നിലവിലുള്ള ആശുപത്രികളുടെ സൌകര്യങ്ങൾ മെച്ചപ്പെടുത്തുകയോ, പുതിയവ തുടങ്ങുകയോ ചെയ്യാം. സർക്കാർ വിദ്യാലയങ്ങളുടെ  സ്ഥിതി മെച്ചപ്പെടുത്താം, കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന ഹോട്ടലുകൾ പലയിടത്തും   തുടങ്ങാം. അങ്ങിനെ എത്രയെത്ര അത്യാവശ്യ കാര്യങ്ങൾ ആണ് കേരളത്തിൽ  ചെയ്യാനുള്ളത്? ഇതെല്ലാം മറ്റു വകുപ്പുകളുടെ കാര്യങ്ങളാണ് എന്നുള്ള മുടന്തൻ ന്യായം    ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർത്ഥിച്ചേക്കാം. ഏത് വകുപ്പ്  ആയാലും ദുർവ്യയം ഒഴിവാക്കാനും ജനങ്ങൾക്ക്‌ ഏറ്റവും അധികം ആവശ്യമുള്ള കാര്യങ്ങൾ നൽകാനും ഉള്ള   ഉത്തരവാദിത്വം സർക്കാരിനല്ലേ?  അതിനാൽ   ഫെസ്റ്റിവൽ  കോംപ്ലക്സ് നിർമാണം പോലുള്ള അനാവശ്യ കാര്യങ്ങൾ  ഒഴിവാക്കി പണം പാഴാക്കി കളയാതിരിക്കുക.

2014 മേയ് 30, വെള്ളിയാഴ്‌ച

രാഹുലിനെ ജോക്കർ...

ഹൈക്കമാൻഡ് എന്ന് കേൾക്കുമ്പോൾ   പഞ്ച പുശ്ചം അടക്കി     നിന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാർ എല്ലാം ഇതാ   ഹൈക്കമാൻഡിനെ പരസ്യമായി   അധിക്ഷേപിക്കാനും അസഭ്യം പറയാനും കുറ്റപ്പെടുത്താനും ഉള്ള ധൈര്യം കാണിച്ചിരിക്കുന്നു. എന്നും സോണിയയുടെയും, രാഹുലിന്റെയും വിനീത വിധേയരായി , തിരു വായ്ക്കെതിർവായ്‌ ഇല്ലാതെ   ഓച്ഛാനിച്ചു നിന്ന രമേശ്‌ ചെന്നിത്തല, കണ്ണൂർ തോറ്റ പഴയ എം.പി. കെ. സുധാകരൻ,  കാസർകോട് തോറ്റ ടി. സിദ്ദിക്ക്, കെ.സി. അബു എന്നിവർ കേന്ദ്ര നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് നടത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം സോണിയയുടെയും രാഹുലിന്റെയും  തലയിൽ കെട്ടി വയുക്കുകയുണ്ടായി. രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള ധൈര്യം വേണമെന്ന് സുധാകരൻ പറയുകയുണ്ടായി. ഒരിക്കലും വസ്ത്രം ധരിക്കാത്ത രാജാവിന്റെ പട്ടുടയാടകളെ വർണ്ണിച്ചും പ്രകീർത്തിച്ചും ജീവിത കാലം കഴിച്ചു കൂട്ടി സ്ഥാന മാനങ്ങൾ നേടിയ സുധാകരൻറെ നാക്ക് ഇത് വരെ  എവിടെ ആയിരുന്നു?    ടി.എച്. മുസ്തഫ ഒരു ചുവടു കൂടി മുന്നോട്ടു പോയി, പണ്ട് കാലത്ത്  പ്രധാന മന്ത്രി മൻമോഹൻ സിംഗ്  വരെ പേടിച്ചിരുന്ന   രാഹുലിനെ ജോക്കർ എന്ന് വിളി ക്കുകയും ഉണ്ടായി.

എന്ത് മാറ്റമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്ക് വന്നത്. ഇന്നലെ വരെ ഹൈക്കമാൻഡ് എന്ന് കേൾക്കുമ്പോൾ  മുട്ട് വിറച്ച് നിന്നിരുന്നവരാണ്  ഇവരെല്ലാം. കൊച്ചു കുട്ടികളെ പേടിപ്പിക്കാനായി അമ്മമാർ  മറുത, മാടൻ എന്നൊക്കെ പറയുന്നത് പോലെ വിമതന്മാരെ അമർച്ച ചെയ്യാനും  ഭിന്നാഭിപ്രായത്തെ ഒതുക്കാനും ഉപയോഗിച്ചിരുന്ന  ഹൈക്കമാൻഡ് എന്ന സാധനം ആകെ ശക്തി ക്ഷയിച്ചു പോയി.  ഔദ്യോഗിക പ്രതി പക്ഷ കക്ഷി എന്ന സ്ഥാനം പോലും നഷ്ട്ടപ്പെട്ട അവർക്ക് ആകെ 44 എം.പി. മാർ. അതിൽ 9 ഉം കേരളത്തിൽ നിന്നുള്ളവർ. ഇനി ഇവരൊക്കെ എന്ത് പറഞ്ഞാലും മുഖത്തൊരു കുത്ത് വച്ച് കൊടുത്താൽ പോലും തിരിച്ച് 'ക മ ' എന്നൊരക്ഷരം പറയാൻ ശക്തി ഇല്ലാത്തവർ ആയിപ്പോയി സോണിയയും രാഹുലും. അത് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഇവർ ഇത്രയും ധൈര്യം കാട്ടിയത്. രാജി വയ്ക്കേണ്ടി വരും എന്ന് പേടിച്ചിരുന്ന ഉമ്മൻ ചാണ്ടി പോലും ഇപ്പോൾ ധൈര്യം കാട്ടി തുടങ്ങിയല്ലോ. 

കോണ്‍ഗ്രസ്സിനെ  സംബന്ധിച്ചിടത്തോളം ഇതൊരു നല്ല തുടക്കമാണ്.  കഴിവില്ലാത്ത നേതൃത്വത്തെ പുറന്തള്ളി പുതിയ കേന്ദ്ര നേതൃത്വത്തെ കൊണ്ട് വരാനുള്ള നല്ലൊരു അവസരം. പക്ഷെ കാര്യ സാധ്യത്തിനു വേണ്ടി കാലു പിടിക്കുന്ന കോണ്‍ഗ്രസ്സ് കാരുടെ സ്ഥിരം സ്വഭാവം ഇല്ലാത്ത നേതാക്കന്മാരെ കണ്ടു പിടിക്കണം.  അത്  കുറച്ചു പ്രയാസം ആയിരിക്കും, പ്രത്യേകിച്ച് കേരളത്തിൽ നിന്നും. ശിഥിലമായി കഴിഞ്ഞ പാർട്ടിയെ പുനരുദ്ധരിക്കുക അത്ര എളുപ്പമല്ല. ചിലപ്പോൾ പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ സാധ്യമായേക്കാം. ദേശീയ കക്ഷി അല്ലാതായി ഭാരത്തിന്റെ ഭൂപടത്തിൽ നിന്നും ഇടത് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഇടതു അല്ലെങ്കിൽ കോണ്‍ഗ്രസ്സ്  എന്ന സ്ഥിരം ചിന്തയിൽ നിന്നും കേരളത്തിലെ ജനങ്ങൾ മാറിക്കഴിഞ്ഞു.  അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ അത് വ്യക്തമാകുകയും ചെയ്യും.

2014 മേയ് 28, ബുധനാഴ്‌ച

ഹരിത ട്രിബുണൽ വിധി

കേരളം കാത്തിരുന്ന വിധിയാണ്  ഹരിത  ട്രിബുണൽ    നൽകിയത്. ആറന്മുള വിമാന താവളത്തിന് നൽകിയ എല്ലാ പാരിസ്ഥിക അനുമതികളും റദ്ദ് ചെയ്തു കൊണ്ടുള്ള വിധി മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ചെകിടത്ത് കിട്ടിയ ഒരു അടി ആണ്. കേരളത്തിലെ പ്രകൃതി സ്നേഹികളായ എല്ലാവർക്കും ആശ്വാസവും സന്തോഷവും പകരുന്ന കോടതി ഉത്തരവ്.

പ്രകൃതിയെയും പരിസ്ഥിതിയെയും പൂർണമായും നശിപ്പിക്കുന്ന ആറന്മുള വിമാന താവള പദ്ധതിക്ക് വേണ്ടി ഏറ്റവും ശക്തമായി വാദിച്ചതും ഏതു വിധേനയും അത് നിർമ്മിക്കും എന്ന് വാശി പിടിച്ചതും ഉമ്മൻ ചാണ്ടി ആണ്. വഴി വിട്ട്, നിയമങ്ങളെ കാറ്റിൽ പറത്തി അതിനു എല്ലാ അനുമതികളും നൽകിയതും അദ്ദേഹത്തിന്റെ സർക്കാർ ആണ്. പരിസ്ഥിതി നാശം ഉണ്ടാകും എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടു കൂടി. അദ്ദേഹത്തിന്റെ തന്നെ  വാക്കുകൾ കേൾക്കൂ "വരാനുള്ള നാശം മുഴുവൻ എയർ പോർട്ടിന്റെ ഇത് വരെ ഉള്ള നിർമാ ണ പ്രവർത്ത നം കൊണ്ടു സംഭവിച്ചു കഴിഞ്ഞു"   ജൂലായ്‌ 17 നു നടത്തിയ പത്ര സമ്മേളനത്തിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത്. വിമാന ത്താവള നിർമാണം ബലപ്പെടുത്തുവാനായി   സർക്കാർ 10 ശതമാനം ഓഹരി എടുക്കുക കൂടി ചെയ്തു. ഈ കേസ് കേൾക്കാൻ ട്രിബുണലിന് അധികാരം ഇല്ല എന്നായിരുന്നു സർക്കാർ വാദിച്ചത്. ഇപ്പോൾ  തോറ്റപ്പോൾ പതിയെ നില പാട് മാറ്റുകയാണ്. മന്ത്രി കെ. ബാബു പറയുകയാണ്‌. ഇതൊരു സ്വകാര്യ സംരംഭമാണ് എന്ന് മന്ത്രി അടൂർ പ്രകാശും ഇത് തന്നെ പറയുന്നു. അപ്പോൾ സർക്കാർ മുടക്കിയ 10 ശതമാനം പണമോ?

ഉമ്മൻ ചാണ്ടി പരാജയങ്ങൾ ഓരോന്നായി ഏറ്റു വാങ്ങുകയാണ്.  മാനദണ്ഡമില്ലാതെ  ബാറുകൾ അനുവദിക്കാനുള്ള നീക്കം പാളി. ഇക്കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ 3 സിറ്റിംഗ് സീറ്റുകൾ നഷ്ട്ടപ്പെട്ടു .  ഇതാ ഇപ്പോൾ ആറന്മുള വിമാന ത്താവള നിർമാണവും പൊളിഞ്ഞു.

2014 മേയ് 27, ചൊവ്വാഴ്ച

മോദി സത്യ പ്രതിജ്ഞ-ഉമ്മൻ ചാണ്ടി

ശ്രീ നരേന്ദ്ര മോദി   പ്രധാന മന്തിയായി സ്ഥാനാരോഹണം നടത്തിയ  പ്രൌഡ ഗംഭീരമായമായ  സത്യ പ്രതിജ്ഞാ ചടങ്ങിൽ കേരള മുഖ്യ മന്ത്രി പങ്കെടുക്കാത്തത് അനൌചിത്യമായിപ്പോയി. അത് മുഖ്യ മന്ത്രിയുടെ അതി ബുദ്ധിയും അല്പത്വവും  ആണ് പ്രകടമാക്കുന്നത്.  കഴിഞ്ഞ 10 വർഷക്കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ കൂടെ  നിന്ന  ശ്രീ  ഉമ്മൻ ചാണ്ടിക്ക് മറ്റൊരു പാർട്ടി അധികാരത്തിൽ വരുന്നതിൻറെ അസഹിഷ്ണുത ആകാം. അല്ലെങ്കിൽ അപകർഷത ആകാം. എന്തായാലും  മുഖ്യ മന്ത്രിയുടെ ഈ പ്രവൃത്തി കേരളത്തിന്‌ അപമാനകരം ആണ്. ഏത് പാർട്ടിയുടെ പ്രതിനിധി ആയാലും നരേന്ദ്ര മോഡി ഭാരതത്തിൻറെ പ്രധാന മന്ത്രി ആയാണ് സത്യ പ്രതിന്ജ്ഞ ചെയ്യുന്നത്. അർഹമായ ആളുകളില്ലാത്തതിനാൽ കഴിഞ്ഞ 10 വർഷം ഭരണത്തിൽ ഇരുന്ന, നേരിട്ട് ലോക സഭയിൽ എത്താൻ കഴിവില്ലാത്തതിനാൽ രാജ്യ സഭ എന്ന കുറുക്കു വഴിയിലൂടെ പാരലമെന്റിൽ എത്തിയ ,  ഒത്തു തീർപ്പ് പ്രധാന മന്ത്രിയെ പോലെ  അല്ല മോദി .  543 അംഗങ്ങളുള്ള   ലോക സഭയിൽ പകുതിയിലധികം  അംഗ സംഖ്യ ഉള്ള  ഒരു രാഷ്ട്രീയ പാർട്ടിയുടെ 282 എം.പി.മാരുടെ   നേതാവാണ്‌ മോഡി. സഖ്യ കക്ഷികൾ ഉൾപ്പടെ 336 എം.പി.മാർ ( 62 ശതമാനം) തെരഞ്ഞെടുത്തനേതാവ്.  തെരഞ്ഞെടുപ്പിന് ശേഷം  പ്രധാന മന്ത്രിയെ പ്രഖ്യാപിക്കാം എന്നുള്ള കോണ്‍ഗ്രസ്സിന്റെയും അങ്ങിനെ ജയിച്ചാൽ  പ്രധാന മന്ത്രി ആകാം എന്നുള്ള   രാഹുൽ   ഗാന്ധിയുടെയും ഒളിച്ചു കളി  അല്ലാതെ, പ്രധാന മന്ത്രി സ്ഥാനാർഥി എന്ന് ഭാരതീയ ജനതാ പാർട്ടി അഭിമാനപൂർവ്വം അവതരിപ്പിച്ച് ജനങ്ങൾ ഒന്നടങ്കം തെരഞ്ഞെടുത്തതാണ് മോദി യെ.   ഫെഡറൽ വ്യവസ്ഥയിൽ  ഭരണ ഘടന പ്രകാരം  പ്രധാന  മന്ത്രി ആണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന ഭാരതത്തിൻറെ ഭരണാധികാരി. പ്രോട്ടോക്കോൾ നോക്കിയാൽ പ്രധാന മന്ത്രി കഴിഞ്ഞ്, കേന്ദ്ര കാബിനറ്റ്‌ മന്ത്രിമാർക്കും താഴെ ഏഴാമതാണ് സംസ്ഥാന മുഖ്യ മന്ത്രി.

സത്യ  പ്രതിജ്ഞയ്ക്ക്   പോകണ്ട   എന്ന്  മുഖ്യ മന്ത്രിയ്ക്ക്    മുകളിൽ നിന്നും ആജ്ഞ വന്നു കാണും.  എന്താണതിനു കാരണം എന്ന് ചോദിക്കാനുള്ള ആർജവം അദ്ദേഹത്തിന് ഇല്ലാതെ പോയി. ആജ്ഞ പുറപ്പെടുവിച്ച  മദാമ്മ മകനോടൊപ്പം ചടങ്ങിനു പോയല്ലോ. പിന്നെ കോണ്‍ഗ്രസ്സ് മുഖ്യ മന്ത്രിമാർക്ക് എന്താണ് അയിത്തം?  അസൗകര്യം മൂലമാണ് പോകാഞ്ഞത്‌ എന്ന് മുഖ്യ മന്ത്രി പറയുന്നു. വ്യക്തി പരമായ അസൌകര്യങ്ങൾ ആണോ? അദ്ദേഹത്തിൻറെ മകളുടെ വിവാഹം രണ്ടു ദിവസം മുൻപേ  ആയിരുന്നല്ലോ. (എല്ലാവർക്കും മാതൃകയായി അത് വളരെ ലളിതമായ ഒരു ചടങ്ങ് ആക്കിയത് നന്നായി.)  എന്നിരുന്നാലും ഒരു മുഖ്യ മന്ത്രി എന്ന നിലയിൽ  ഭരണ പരമായ കാര്യങ്ങൾക്ക് അല്ലേ   വ്യക്തി പരമായ  സൗകര്യങ്ങളെ ക്കാൾ മുൻഗണന നൽകേണ്ടത്?  ഒരു തരത്തിൽ പറഞ്ഞാൽ ഉമ്മൻ ചാണ്ടി മോദിയോട് നന്ദി പറയണം. അദ്ദേഹം  അധികാരത്തിൽ തുടരുന്നത് തന്നെ മോദി വന്നത് കൊണ്ടാണ്. കോണ്‍ഗ്രസ്സിന് കൂടുതൽ സീറ്റ് കിട്ടിയിരുന്നു എങ്കിൽ  തീരുമാനിച്ചിരുന്നത് പോലെ  കൂടുതൽ ശക്തിയാർജിച്ച സോണിയ ശ്രീ  ചാണ്ടിയെ  പഴയ കാര്യങ്ങളുടെ പേരിൽ പുറത്താക്കുക  തന്നെ  ചെയ്തേനെ.

ഏതായാലും മുഖ്യ മന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതേ ഇല്ല. അവിടെ പാകിസ്ഥാൻ പ്രധാന മന്ത്രി ഉൾപ്പടെ  സാർക് രാജ്യങ്ങളിലെ എല്ലാ  ഭരണാധികാരികളും, ഭാരതത്തിലെ എല്ലാ പ്രധാനപ്പെട്ട വ്യക്തികളും  സന്നിഹിതരായിരുന്നു.  

കേരളത്തിൻറെ ഗതി എന്നും ഇത് തന്നെ. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണാധികാരികൾ കേരളത്തെ സ്ഥിരം അവഗണിക്കുന്നു.  അതിനൊരു മാറ്റമായി 1977 ൽ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും 1999 ൽ എൻ .ഡി.എ. വന്നപ്പോഴും പ്രതിപക്ഷ പാർട്ടികളാണ് ഇവിടെ അധികാരത്തിൽ. അർഹതപ്പെട്ടത് ഒന്നും നേടിയെടുക്കാൻ കഴിവില്ലാത്ത കേരള ഭരണം. കരുണ തോന്നി മധ്യ പ്രദേശിൽ നിന്നുമുള്ള മലയാളി രാജ്യ സഭ അംഗത്തെ മന്ത്രി ആക്കി 99 ൽ  കേരളത്തിന്‌ പ്രാതിനിധ്യം നൽകി. കേരളത്തിൽ റെയിൽവേയിൽ എന്തെങ്കിലും വികസനം നടന്നിട്ടുണ്ടെങ്കിൽ അത് ഓ. രാജഗോപാലിന്റെ കാലത്ത് മാത്രമാണ്. മോദിയെ കണ്ട് സംസാരിച്ചതിന്  മന്ത്രി ഷിബു വിനെ കൊണ്ട് മാപ്പ് പറയിച്ചവരാണ് ചാണ്ടിയും കൂട്ടു കോണ്‍ഗ്രസ്സുകാരും. ഈ മനോഭാവം മാറ്റണം.   കേരളത്തിന്‌  ഗുണം ചെയ്യുന്ന സർക്കാർ ആണ് അധികാരത്തിൽ വന്ന മോദി സർക്കാർ എന്ന് ഇവർ മനസ്സിലാക്കണം.  അതു കൊണ്ട് അപകർഷതാ ബോധവും മിഥ്യാഭിമാനവും  വെടിഞ്ഞ് കേന്ദ്ര ത്തിൽ നിന്നും അർഹമായി കിട്ടേണ്ടത് വാങ്ങാനുള്ള കടമ മുഖ്യ മന്തി ആയ ഉമ്മൻ ചാണ്ടിക്ക്  ഉണ്ട്.

2014 മേയ് 25, ഞായറാഴ്‌ച

ചന്ദ്രിക മുഖ പ്രസംഗം

സത്യത്തിനു നേരെ മുഖ പ്രസംഗമെഴുതിയത്കൊണ്ട് (വീക്ഷണം  )   അത് സത്യം അല്ലാതാകുന്നില്ല. അത് പോലെ ചന്ദ്രിക  പറഞ്ഞു എന്ന കാരണം  കൊണ്ടും  സത്യം സത്യം അല്ലാതാകുന്നില്ല.

കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ കാരണങ്ങൾ ഓരോന്നായി നിരത്തി ചന്ദ്രിക ദിനപ്പത്രം എഴുതിയ മുഖപ്രസംഗം  കോണ്‍ഗ്രസ്സിലെ കേരളത്തിലെ മേലാളന്മാർക്ക് അത്ര രസിച്ചില്ല. ഒന്നാമത്തെ കാരണം പറഞ്ഞത് രാഹുലിന്റെ കഴിവില്ലായ്മ എന്നാണ്.  അല്ലെങ്കിലും സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണല്ലോ. അത് ഉൾക്കൊള്ളാനുള്ള സാമാന്യ മര്യാദ അവർ കാണിച്ചില്ല. അത് മാത്രമല്ല. ഇവിടെ മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിന്റെ സാമന്തന്മാർ  ആണ് എന്ന് കോണ്‍ഗ്രസ്സും കരുതുന്നു അതിൽ അത്ര വലിയ തെറ്റ് ഒന്നുമില്ല എന്ന രീതിയിൽ ലീഗും പെരുമാറുന്നു. എങ്ങിനെയായാലും സ്വന്തം കാര്യം സാധിച്ചെടുക്കുക എന്നതാണല്ലോ ലീഗിൻറെ ലക്ഷ്യം.  കോണ്‍ഗ്രസ്സുകാർ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിരട്ടി. കുട്ടി സ്വത സിദ്ധമായ മെയ് വഴക്കത്തോടെ ഒഴിഞ്ഞു മാറി. പക്ഷെ അതാ വരുന്നു കേന്ദ്രത്തിൽ നിന്നും വിളി. സാക്ഷാൽ അഹമ്മദ് പട്ടേൽ. സോണിയാ ജി യുടെ പൊളിറ്റിക്കൽ സെക്രട്ടറി. പിന്നെ വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ . കോയി ബിരിയാണിയ്ക്കും നെയ്ച്ചോറിനും,  പോത്ത് വരട്ടിയതിനും ഓർഡർ പോയി. തങ്ങളുടെ വീടിൻറെ അടുക്കളയിൽ  എല്ലാവരും കൂടി.   സന്തോഷത്തോടെ  ബിരിയാണിയും അനുസാരികളും വാരി ചെലുത്തി. കോഴിയുടെ കാൽ കടിച്ചു പറിച്ചു.   " ഓൻ, അഹമ്മദ്  ഞമ്മടെ ആളാ". തങ്ങള് പറഞ്ഞു. കൈ നക്കി  യോഗം പിരിഞ്ഞു. ബാക്കി വന്ന ബിരിയാണിയും കോയി ഇറച്ചിയും പുറത്തു കാത്തു നിന്ന പത്രക്കാർക്ക് മൃഷ്ട്ടാഹ്ന ഭോജനം.     ലീഗ് നേതൃത്വം ചന്ദ്രിക പത്രാധിപസമിതിയെ താക്കീത് ചെയ്തു എന്ന് പത്രക്കാരും എഴുതി. ലീഗിനും സന്തോഷം  പത്രക്കാർക്കും സന്തോഷം.കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ  സന്തോഷം. .

ഈ ലീഗുകാരെ മാത്രം എന്തിനു പുലഭ്യം പറയുന്നു. ഇതേ കാരണം   ഉമ്മൻ ചാണ്ടി പറഞ്ഞു . രമേശ്‌ ചെന്നിത്തല അൽപ്പം കൂടി കടത്തി പറഞ്ഞു. കേന്ദ്രത്തിലെ മൂരാച്ചി നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാത്തത് കൊണ്ടാണ് 12 സീറ്റ് എങ്കിലും കിട്ടിയത് എന്ന്. പിന്നെ ചോട്ടാ നേതാക്കൾ  പലരും പറഞ്ഞു.  അങ്ങിനെ കോണ്‍ഗ്രസ്സ് കാർ എല്ലാം കേന്ദ്ര നേതൃത്വത്തെ കുറ്റം പറഞ്ഞു. അവിടെയും സ്ഥിതി മോശമല്ല. കേന്ദ്ര നേതാക്കളും രാഹുലിനെയും സോണിയയെയും തോൽവിയുടെ ഉത്തരവാദികൾ ആക്കി. കൂടെ താങ്ങി നിന്നിരുന്ന ശരദ് പവാർ വരെ ഇവരുടെ നേതൃത്വം ആണ് തോൽവിയുടെ കാരണം എന്ന് പരസ്യമായി കുറ്റപ്പെടുത്തി. അതൊരു സത്യം ആണെന്ന് എല്ലാ കോണ്‍ഗ്രസ്സുകാർക്കും അറിയുകയും ചെയ്യാം. ഭാരതത്തിലുള്ള എല്ലാവർക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ് രാഹുൽ കഴിവില്ലാത്ത ഒരു നേതാവ് ആണെന്ന്.

ചന്ദ്രിക പറഞ്ഞ കാര്യങ്ങൾ മുൻഗണനാ ക്രമത്തിൽ ഒരു മാറ്റം വരുത്തേണ്ടതായി ഇരിക്കുന്നു. ( ഇനി അത് കൊണ്ടാണോ  കൊങ്ങ്രസ്സുകാർ ലീഗിനെ വഴക്ക് പറഞ്ഞത്?)     ഒന്നാമത്തെ കാരണം കോണ്‍ഗ്രസ്കാർ  നടത്തിയ ലക്ഷക്കണക്കിന്‌ കോടിയുടെ അഴിമതി ആണ്. രണ്ടാമത്തെ കാരണം ഭരണ പരാജയവും അത് മൂലമുണ്ടായ അതി ഭയങ്കര വിലക്കയറ്റവും ആണ്. മൂന്നാമതാണ് രാഹുൽ ഗാന്ധിയുടെ കഴിവില്ലായ്മ വരുന്നത്. പിന്നെ പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള ഏറ്റു മുട്ടൽ ഒന്നും ഉണ്ടായില്ല. കാരണം കോണ്‍ഗ്രസ്സിന് ഒരു പ്രത്യയ ശാസ്ത്രമേ ഇല്ലായിരുന്നു. എങ്ങിനെയെങ്കിലും ഭരണത്തിൽ വരുക, അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുക  എന്ന ഒരേ ഒരു ഉദ്ദേശം മാത്രം.

വർഗീയതയിലൂടെ വോട്ട്  നേടാമെന്ന കാലം കഴിഞ്ഞു എന്നത് യു.പി.യിലെ മായവതിയുടെയും മുലായം സിങ്ങിന്റെയും പതനത്തിൽ നിന്നും വ്യക്തമായി കഴിഞ്ഞു. വർഗീയ  വോട്ടിൻറെ അടിസ്ഥാനത്തിൽ മാത്രമാണ് മുസ്ലീമിന്റെ രക്ഷകൻ എന്ന് അവകാശ പ്പെട്ടിരുന്ന മുലായവും പിന്നോക്കക്കാരുടെ രക്ഷക ആയ മായാവതിയും ഉയർന്നു വന്നതും അധികാരത്തിൽ കയറിയതും.   കേരളത്തിലും സ്ഥിതി വ്യത്യാസം ആകാൻ പോകുന്നില്ല. മതേതര ത്തിന്റെ പേരിൽ  മലപ്പുറവും പൊന്നാനിയും എന്നും കയ്യിൽ നിൽക്കും എന്ന ധാരണ ലീഗിനും വേണ്ട.

2014 മേയ് 20, ചൊവ്വാഴ്ച

വയൽ നികത്തൽ

തെരഞ്ഞെടുപ്പു ഫലം വരുന്നതും കാത്ത്,  ആര് ഭരണത്തിൽ വരുമെന്നും മറ്റും ഉള്ള ചർച്ചകളിൽ മുഴുകി, ജനം  മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇരുന്ന സമയത്താണ്  കേരളത്തിന്റെ  പരിസ്ഥിതിയിലും, കൃഷിയിലും, ഭക്ഷ്യോൽപ്പാദനത്തിലും  അതി ഭയങ്കര  വിനാശം വരുത്തുന്ന  ഒരു നിയമ ഭേദഗതിയുമായി  കേരള സർക്കാർ  മുന്നോട്ടു പോകാൻ ശ്രമിക്കുന്നത്. കേരളത്തിലെ വയലും തണ്ണീർത്തടങ്ങളും നികത്താൻ  സ്വകാര്യ വ്യക്തികളെ അനുവദിക്കുന്ന ഒരു നിയമം ആണ് അവർ കൊണ്ടു വരാൻ  പോകുന്നത്. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു ഒരാഴ്ച മുൻപാണ് ഭേദഗതികൾക്ക് രൂപം നൽകാൻ സർക്കാർ നിയോഗിച്ച യു.ഡി.എഫ് .ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചത്. 

കേരളത്തിൻറെ പരിസ്ഥിതിയെയും, ആവാസ വ്യവസ്ഥയെയും, കാലാവസ്ഥയെയും,  ജല ലഭ്യതയേയും,  നെൽകൃഷിയെയും,  ഭക്ഷ്യോൽപ്പാദനത്തെയും ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഒരു നിയമ ഭേടഗതിക്കാണ് ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള നെൽവയൽ സംരക്ഷണ നിയമം അനുസരിച്ച് പൊതു ആവശ്യത്തിനു മാത്രമേ നെൽവയൽ നികത്താൻ പാടുള്ളൂ. മറ്റു ഭൂമി ലഭ്യമല്ലാതെ വരുമ്പോൾ മാത്രം, ചുറ്റുമുള്ള നെൽവയലുകൾക്ക് ദോഷമാകാത്ത രീതിയിൽ. അങ്ങിനെ ഇപ്പോൾ   ഭൂ മാഫിയക്ക് നെൽവയൽ നികത്തൽ അത്ര എളുപ്പമല്ലാതെ ഇരിക്കുകയാണ്. അവരെ സഹായിക്കാനും കേരളത്തിലെ വയലുകൾ നശിപ്പിക്കാനുമുള്ള ഒരു ഗൂഡ നീക്കമാണ് സർക്കാർ നടത്തുന്നത്.  സ്വകാര്യ വ്യക്തികൾക്ക് വയൽ നികത്താൻ അനുമതി നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വീട് വയ്ക്കാനും വ്യവസായം തുടങ്ങാനും ഒക്കെ ഇനി വയൽ നികത്താൻ അനുവാദം കൊടുക്കും. കൂടാതെ പൊതു കാര്യത്തിനു എന്ന് പറഞ്ഞാൽ സർക്കാരിനും വയൽ നികത്താൻ അധികാരം ഉണ്ടാകും.

8 ലക്ഷം ഹെക്ടർ നെൽ വയൽ ഉണ്ടായിരുന്നു 1970 ൽ. അത് 2000 ആണ്ട് ആയപ്പോഴേക്കും വെറും 2 ലക്ഷം  ഹെക്ടർ ആയി കുറഞ്ഞു.  മാറി മാറി വന്ന സർക്കാറുകൾ ഭൂ മാഫിയക്ക് വയലുകൾ നികത്താൻ ഒത്താശ ചെയ്തു കൊടുത്തതാണ് നെൽവയലുകൾ ഇത്രയും നശിക്കാൻ ഇടയായത്. ആറന്മുള വിമാനത്താവളം ഒരുദാഹരണം. കഴിഞ്ഞ ഇടതു സർക്കാർ എല്ലാ നിയമവും കാറ്റിൽ പറത്തി  വയൽ  നികത്താൻ അനുമതി നൽകി. തുടർന്ന് വന്ന ചാണ്ടി സർക്കാർ കഴിഞ്ഞ സർക്കാരിന്റെ തെറ്റ് തിരുത്താതെ അതിൻറെ മറവിൽ കൂടുതൽ നാശങ്ങൾക്ക് ഓശാന പാടി.

ഭൂമിയുടെ വിപണി വില ഈടാക്കിയാണ് ഇത് ചെയ്യുന്നത് എന്ന പരിഹാസ്യമായ ഒരു  ന്യായം സർക്കാർ പറയുന്നുണ്ട്. അങ്ങിനെ കിട്ടുന്ന പണം ഭക്ഷ്യ സുരക്ഷാ ഫണ്ടിലേക്ക് വകയിരുത്തും എന്നും സ്ഥലത്തെ കൃഷി നഷ്ട്ടത്തിനു പകരം ആണീ പണം എന്നും പറയുന്നു.   24 മണിക്കൂറും മദ്യം ഒഴുക്കിയിട്ടു കുടിക്കരുത്‌ എന്ന്  ജനങ്ങളെ  ഉൽബോധിപ്പിക്കുന്നു എന്ന് പറയുമ്പോലെ   ഉള്ള അപഹാസ്യമായ ഒന്നാണിത്. ഭക്ഷ്യ സുരക്ഷാ ഫണ്ടിൽ  കിട്ടുന്ന പണം കൊണ്ട് ആന്ധ്രയിൽ നിന്നും അരി വാങ്ങും എന്നാണോ?    വിലയാണോ ഇവിടെ പ്രധാനം? അത്രയും പണം കൊടുത്താൽ ഈ നെൽ വയൽ  തിരിച്ചു കിട്ടുമോ?  പരിസ്ഥിതിക്ക് എൽക്കുന്ന ആഘാതം കുറയുമോ? വരൾച്ച കുറയുമോ? നാട് നശിച്ചായാലും അഴിമതിയിലൂടെ പണം ഉണ്ടാക്കണം എന്ന അധികാരികളുടെ ഗൂഡോദ്ദേശം ആണ് ഇതിനു പിറകിൽ. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യ സ്നേഹികളായ എല്ലാവർക്കും ഉണ്ട്.

2014 മേയ് 19, തിങ്കളാഴ്‌ച

രാജി

കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്‌ അമ്മയും വൈസ് പ്രസിഡണ്ട്‌ മോനും രാജി വയ്ക്കാൻ തയ്യാറായിരിക്കുന്നു. ചിരി വരുന്നോ? ഇന്ന് കൂടിയ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ആണ് അവർ രണ്ടു പേരും രാജി സന്നദ്ധത പ്രകടിപ്പിച്ചത്. സമിതി അംഗങ്ങൾക്കെല്ലാം ഇതൊരു ഷോക്ക് ആയിരുന്നു. അവരെല്ലാം അമ്മാ അമ്മാ എന്ന് വിളിച്ചു  വലിയ വായിൽ പൊട്ടി  പൊട്ടിക്കരഞ്ഞു. എന്നിട്ട് രണ്ടു പേരോടും കേണപേക്ഷിച്ചു. രാജി പിൻ വലിക്കൂ, പിൻ വലിക്കൂ. ഇത്രയും ആത്മാർത്ഥമായി പറഞ്ഞാൽ പിന്നെന്തു ചെയ്യും? രണ്ട് പേരും രാജി പിൻവലിച്ചു. എല്ലാപേർക്കും ആശ്വാസമായി അങ്ങിനെ  പ്രവർത്തക സമിതി യോഗം പിരിഞ്ഞു.

പ്രവർത്തക സമിതി അംഗങ്ങളുടെ ആത്മാർത്ഥത ചോദ്യം ചെയ്യാൻ കഴിയില്ല. കാരണം അമ്മയും മോനും ഇല്ലെങ്കിൽ പാർട്ടി ഇല്ല അതോടെ അവരും ഇല്ലാതാകും. സോണിയ രാജി വച്ചാൽ പകരം വയ്ക്കാൻ ആരുണ്ട്‌? മോനുണ്ട്‌.  രാഹുലും രാജി വച്ചാലോ? . പിന്നെ ആകെ ഉള്ളത് പ്രിയങ്ക ആണ്. ഭർത്താവ് ആ വദ്ര കാരണം പ്രിയ മോൾക്ക്‌ പുറത്തിറങ്ങാൻ വയ്യാതെ ആയി. അപ്പോൾ അതോടെ പാർട്ടി അവസാനിക്കും. അതാണ്‌ അമ്മയും മോനും രാജി വയ്ക്കരുത് എന്ന് കരഞ്ഞപേക്ഷിച്ചത്. ഇവർക്ക് പകരം നിൽക്കാൻ ഒരാൾ പാർട്ടിയിൽ ഇല്ല. ആകെ അൽപ്പമെങ്കിലും ആണത്വം ഉള്ള പ്രണാബ് ഉണ്ടായിരുന്നു. അങ്ങേരെ പിടിച്ചു പ്രസിഡന്റും ആക്കി. പിന്നെ ഉള്ളതെല്ലാം  താറു താങ്ങികളും  കഴിവില്ലാത്തവരും ആണ്.

ഇന്ദിരാ ഗാന്ധി തൊട്ടുള്ള ഗാന്ധി കുടുംബം പാർട്ടിയെ അങ്ങിനെ ആക്കി. ചുറ്റും കൂടി നിന്നവർക്കാകട്ടെ ഗാന്ധി കുടുംബത്തിന്റെ പേരിൽ ഭരണത്തിൽ കയറാനും കയ്യിട്ടു വാരാനും അവസരം ലഭിച്ചു. അത് കൊണ്ട് പാർട്ടി ഇങ്ങിനെ പോകട്ടെ എന്ന് അവരും വിചാരിച്ചു. പകരം വയ്ക്കാൻ ആളില്ലാതെ അന്യം നിന്ന് പോകുന്ന പാർട്ടി. കഷ്ട്ടം.