2014, മേയ് 31, ശനിയാഴ്‌ച

ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ്

 'ഇൻറർ  നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള' എന്ന ആണ്ടോടാണ്ട് കൊണ്ടാടുന്ന ചലച്ചിത്രോത്സവം,  പേരിൽ   ' ഇന്റർ നാഷണൽ'  എന്ന് ഉണ്ടെങ്കിലും അത്ര വലിയ  അന്താരാഷ്ട്ര   നിലവാരമുള്ള ഒരു ചലച്ചിത്രോത്സവം  ഒന്നും അല്ല. അതിൽ വരുന്നതും അത്ര നിലവാരമുള്ള ചിത്രങ്ങൾ  അല്ല. കുറെ വിദേശ ചിത്രങ്ങൾ കാണാം എന്നുള്ള ഒരു ഗുണം  ഉണ്ട്. ഈ ഉത്സവം നടത്താനായി ഒരു 'ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ്'  തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന  ഈ ഫെസ്റ്റിവൽ  ഇപ്പോൾ നടത്തുന്നത് തിരുവനന്തപുരം നഗരത്തിലെ സർക്കാർ വക 4 ഉൾപ്പടെ ഏതാണ്ട് 13 തിയേറ്ററുകളിൽ ആണ്. കഴിഞ്ഞ ഫെസ്റ്റിവലിൽ വളരെ അധികം തിരക്ക് അനുഭവപ്പെട്ടു. മൊത്തം തിയേറ്ററുകളിൽ ഉള്ള   സീറ്റുകളേക്കാൾ വളരെ അധികം പാസുകൾ ആണ്  കൊടുത്തത്.  ഗൌരവമായി സിനിമ കാണാൻ വരുന്നവരായാലും ഉത്സവത്തിന്‌ വരുന്നവർ ആയാലും   അടുത്ത  വർഷങ്ങളിലും തിരക്ക് കൂടുവാനാണ് സാധ്യത. അതിനെ ഒഴിവാക്കാനാണ് കുറെ   തിയേറ്ററുകളുടെ ഒരു സമുച്ചയം ആയ  ഫിലിം ഫെസ്റ്റിവൽ  കോംപ്ലക്സ് തുടങ്ങാൻ പോകുന്നത്. അനേകം കോടി രൂപ ഇതിനായി വേണ്ടി വരും. വർഷത്തിൽ വെറും 7 ദിവസം നീണ്ടു  നിൽക്കുന്ന ഈ ഒരു പരിപാടിക്ക് വേണ്ടി ഇത്രയും ഭീമമായ് തുക ചിലവാക്കുന്നത് ദുർവ്യയം അല്ലേ? ഫെസ്റ്റിവൽ കഴിഞ്ഞ് സാധാരണ സിനിമകൾ പ്രദർശിപ്പിക്കാം എന്നൊരു വാദം ഉയർത്തിയേക്കാം. അതിനു തക്ക ചിത്രങ്ങൾ ഇവിടെ ഇറങ്ങുമോ? ഇല്ല. ഇപ്പോൾ തന്നെ തിയേറ്ററുകൾ നഷ്ട്ടത്തിലാണ്. ഇനിയും കൂടുതൽ വന്നാൽ എന്താകും സ്ഥിതി?  അതിനാൽ   ഫെസ്റ്റിവൽ  കോംപ്ലക്സ് എന്ന ആശയം അവസാനിപ്പിച്ച് മറ്റ് വഴികൾ തേടുകയാണ് ബുദ്ധി.  കൂടാതെ പണി പൂർത്തിയായി കഴിഞ്ഞാൽ  ടാഗോർ തിയേറ്റർ കൂടി കിട്ടും. ഈ ഫെസ്റ്റിവൽ  കേരളത്തിൽ രണ്ടു സ്ഥലങ്ങളിൽ ഒരേ സമയം  നടത്താം.  തിരുവനന്തപുരത്തിനു പുറമേ   കോഴിക്കോടോ തൃശ്ശൂരോ മത്സര ചിത്രങ്ങളും തെരഞ്ഞെടുത്ത കുറെ ചിത്രങ്ങളും ഇതേ സമയം പ്രദർശിപ്പിക്കാം. തിരുവനന്തപുരത്ത് തിരക്ക് ഒഴിവാകുന്നതോടൊപ്പം വടക്കൻ കേരളത്തിലെ കാണികൾക്ക് പണവും സമയവും ലാഭിക്കുകയും ചെയ്യാം.

ജനോപകാര പ്രദമായ കാര്യങ്ങൾ ഒന്നും ചെയ്യാത്തത് ആണ് കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയം സംഭവിച്ചതിന്റെ  കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്  എന്ന് എല്ലാവർക്കും അറിയാം. പരാജയ കാരണങ്ങൾ വിശകലനം  ചെയ്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അത് മനസ്സിലാക്കുന്നു. എന്നിട്ടും പൊതു ഖജനാവിലെ പണം തെറ്റായ കാര്യങ്ങൾക്ക്  ധൂർത്ത് അടിക്കാനാണ്‌  ഈ ഭരണാധികാരികളുടെ ഭാവം. ലോക സഭയിൽ പരാജയപ്പെട്ടാലും കേരളത്തിൽ ഇനിയും മൂന്നു വർഷം ഭരിക്കാമല്ലൊ എന്ന ധാർഷ്ട്യം ആയിരിക്കും. ഈ പണം കൊണ്ട് നമുക്ക് അത്യാവശ്യമായ മറ്റെന്തെല്ലാം കാര്യങ്ങൾ ചെയ്യാം? നിലവിലുള്ള ആശുപത്രികളുടെ സൌകര്യങ്ങൾ മെച്ചപ്പെടുത്തുകയോ, പുതിയവ തുടങ്ങുകയോ ചെയ്യാം. സർക്കാർ വിദ്യാലയങ്ങളുടെ  സ്ഥിതി മെച്ചപ്പെടുത്താം, കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന ഹോട്ടലുകൾ പലയിടത്തും   തുടങ്ങാം. അങ്ങിനെ എത്രയെത്ര അത്യാവശ്യ കാര്യങ്ങൾ ആണ് കേരളത്തിൽ  ചെയ്യാനുള്ളത്? ഇതെല്ലാം മറ്റു വകുപ്പുകളുടെ കാര്യങ്ങളാണ് എന്നുള്ള മുടന്തൻ ന്യായം    ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർത്ഥിച്ചേക്കാം. ഏത് വകുപ്പ്  ആയാലും ദുർവ്യയം ഒഴിവാക്കാനും ജനങ്ങൾക്ക്‌ ഏറ്റവും അധികം ആവശ്യമുള്ള കാര്യങ്ങൾ നൽകാനും ഉള്ള   ഉത്തരവാദിത്വം സർക്കാരിനല്ലേ?  അതിനാൽ   ഫെസ്റ്റിവൽ  കോംപ്ലക്സ് നിർമാണം പോലുള്ള അനാവശ്യ കാര്യങ്ങൾ  ഒഴിവാക്കി പണം പാഴാക്കി കളയാതിരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ