എത്ര ഭാഗ്യവാന്മാർ നിങ്ങൾ
എവിടെയും ചുറ്റി കറങ്ങി നടക്കാം
വഴിയിലും പറമ്പിലും പാടത്തും മുറ്റത്തും
തോന്നുമ്പോൾ മാത്രം തിരിച്ചെത്തിയാൽ മതി .
സ്വാതന്ത്ര്യം എത്ര നിങ്ങൾ ആസ്വദിക്കുന്നു
മേലെ ആകാശവും താഴെ ഭൂമിയും
ശുദ്ധ വായു ശ്വസിയ്ക്കാം ആവോളം
നിങ്ങൾക്ക് ഭാരതത്തിൽ.
ഞങ്ങളെ നോക്കൂ, ഇങ്ങ് അമേരിക്കയിൽ,
അടച്ചിട്ട വീട്ടിലോ അപ്പാർട്ട്മെന്റിലൊ
സ്വാതന്ത്ര്യം എന്തെന്നറിയാതെ
അച്ചടക്കത്തിന്റെ വാൾ മുനക്ക് കീഴെ.
ആന്ജ്ഞകൾക്കൊപ്പം തരുന്ന പോർക്കോ ചിക്കനോ
ദഹിക്കാതെ എന്നും ഉള്ളിൽ കിടക്കും
തുടലിന്റെ ബന്ധനത്തിൽ പുറത്തുള്ള നടപ്പ്
അതാണ് ഞങ്ങൾക്കുള്ള എല്ലിൻ കഷണം .
എത്ര സ്വാതന്ത്ര്യമാണവിടെ നിങ്ങൾക്ക്
ആരെയും നോക്കി മുറു മുറുക്കാം
എത്ര ഉച്ചത്തിലും കുരയ്ക്കാം
ആരുമായും കടിപിടി കൂടാം
ഞങ്ങളോ, വീടിനുള്ളിൽ പോലും നിസ്സഹായർ
ഉച്ചത്തിൽ ഒന്ന് കുരച്ചാലോ
അടുത്ത വീട്ടുകാരൻ കേസ് കൊടുക്കും
പുറത്തു തനിയെ ഇറങ്ങിയാൽ പിടിച്ചകത്താക്കും
നിങ്ങൾക്ക് ഏത് മൈൽ ക്കുറ്റിയിലും
കാല് പൊക്കാം, മൂത്രമൊഴിക്കാം
ഏത് പട്ടിയെയും നോക്കി കുരയ്ക്കാം
പരസ്യമായി എവിടെ വച്ചും ഇണ ചേരാം.
എത്ര ഭാഗ്യവാന്മാർ നിങ്ങൾ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ