2014, മേയ് 18, ഞായറാഴ്‌ച

പരാജയ കാരണം

രാഷ്ട്രീയ പാർട്ടികളുടെ ഇനിയുള്ള പ്രകടനം  ആണ് ഇത് വരെ നടന്നതിലും അസഹ്യം. തെരഞ്ഞെടുപ്പു പരാജയത്തിൻറെ കാരണം കണ്ടു പിടിക്കുക എന്ന  പ്രഹസനം!  ആ യജ്ഞം ഇനി   കുറെ ദിവസം  കാണും . കോണ്‍ഗ്രസ്സും   മാർക്സിസ്റ്റും എല്ലാം പല ദിവസം നീണ്ടു നിൽക്കുന്ന വിശകലനങ്ങൾ നടത്തും. ചായയും അണ്ടിപ്പരിപ്പും, അല്ലെങ്കിൽ പരിപ്പു വടയും കുറെ തിന്നു തീർക്കും. അവസാനം കേന്ദ്രത്തിലും  സംസ്ഥാനത്തും ഉള്ള   നേതാക്കൾക്കാർക്കും  യാതൊരു രീതിയിലും കുറ്റം വരാത്ത എന്തെങ്കിലും  അപഹാസ്യമായ കാരണം പറഞ്ഞ് ഈ പൊറാട്ട് നാടകം അവസാനിപ്പിക്കും. അങ്ങിനെ  അവർക്ക് വോട്ട് ചെയ്ത പാവങ്ങളെ വീണ്ടും വിഡ്ഢികൾ ആക്കും.  

കാരണം ഏറ്റവും ലളിതമായ രീതിയിൽ പറഞ്ഞാൽ,  ജനങ്ങൾക്ക് അവരെ വേണ്ടാത്തതിനാൽ വോട്ട് ചെയ്തില്ല എന്നതാണ്. എന്ത് കൊണ്ട് വേണ്ടാതായി എന്നതിന് കാരണം അവരുടെ ചെയ്തികൾ ഒന്ന് മാത്രമാണ്. അഴിമതിയിൽ  ലക്ഷങ്ങളെ നിഷ്പ്രഭമാക്കി  ലക്ഷക്കണക്കിന്‌ കോടികളുടെ അഴിമതി ആണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിയത്.  1,86000 കോടി രൂപയുടെ കൽക്കരി ഖനി അഴിമതി, 1,76000 കോടി രൂപയുടെ  2-ജി അഴിമതി,  സി.എ.ജി.ചൂണ്ടി കാണിച്ച  17000 കോടി രൂപയുടെ  ഇരുമ്പയിര്‌ അഴിമതി,  കോമണ്‍വെൽത്ത് ഗെയിംസ് അഴിമതി നടത്തിയതും ഇവരാണ്.     ടെട്ര  ട്രക്ക് അഴിമതി. അഴിമതി പുറത്തായപ്പോൾ   റദ്ദാക്കിയ  ഹെലികോപ്ടർ ഡീൽ.  അങ്ങിനെ എത്രയെത്ര  അഴിമതികൾ.   ഇവരുടെ  റയിൽ മന്ത്രി  ബൻസൽ 10 കോടി കൈക്കൂലി  കേസിൽ രാജി വച്ചു.   മന്ത്രിമാരും എം.പി. മാരും അഴിമതി കേസിൽ ജയിലിൽ കിടന്നത് ഇവരുടെ കാലത്താണ്.  ഇത്രയും അഴിമതി നടത്തിയ കോണ്‍ഗ്രസ് സർക്കാർ ഇനിയും ഒരവസരം കിട്ടിയാൽ ഇതിലും വലിയ അഴിമതി നടത്തും എന്നുള്ളത് തീർച്ചയല്ലേ?

2009 ലെ പ്രകടന പത്രികയിലെ 33% സ്ത്രീ സംവരണം ഇത്രയും വർഷം ഭരിച്ചിട്ടും നടപ്പാക്കാനുള്ള  ആർജവം കോണ്‍ഗ്രസ്സ്  കാണിച്ചില്ല.   കള്ളപ്പണം തടയാൻ ഇവർക്ക് താൽപ്പര്യമില്ല.  പുറം രാജ്യങ്ങളിൽ ഒളിപ്പിച്ച   കള്ളപ്പണം തിരിച്ചു  കൊണ്ട് വരാനായി  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച  സുപ്രീം കോടതിയുടെ ഉത്തരവ് പിൻവലിക്കണം എന്നാണു  കോണ്‍ഗ്രസ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത്!  

ഇത് കൂടാതെ കേരളത്തിലെ ഭരണം. സരിത, സലിം രാജ് കേസുകളിൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്കും അവരെ രക്ഷിക്കാനുള്ള  വഴിവിട്ട  പ്രവൃത്തികളും, ടി.പി. വധ കേസിൽ  നടത്തിയ ഒത്തു തീർപ്പ്,  പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലും  ഉള്ള വഴക്കും തമ്മിലടിയും, ബാർ ലൈസൻസിൽ മന്ത്രിസഭയുടെ നിലപാടും അഴിമതിയും, ഭൂമാഫിയ,ക്വാറി മാഫിയ എന്നിവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട്, തൃശൂർ-ചാലക്കുടി സീറ്റ് മാറ്റം,  ന്യുന പക്ഷ വർഗീയ  പ്രീണനം  തുടങ്ങി 1001 കാരണങ്ങൾ ആണ് കോണ്‍ഗ്രസ്സിനെ ജനങ്ങൾ വെറുക്കാൻ ഇടയാക്കിയത്. 

മാർക്സിസ്റ്റ് പാർട്ടിയുടെ പതനം ചരിത്രത്തിൻറെ അനിവാര്യത ആണ്. അതിന് ഒരു കാറ്റലിസ്റ്റ് എന്ന പോലെ  ത്വരിത പ്പെടുത്തുന്നു  എന്നത്  പിണറായി വിജയൻറെ  നിയോഗം. പിണറായി വിജയന്റെതാണ് പാർട്ടി. പിണിയാളുകളായി കുറെ ജയരാജന്മാരും. ചെലവ് നടക്കാൻ വേണ്ടി അവരെ പിൻതാങ്ങി ഒരു പ്രകാശ് കാരാട്ടും. ധാർഷ്ട്യം, അതാണവരുടെ മുഖ മുദ്ര.   കയ്യൂക്കിന്റെ ബലത്തിൽ ആണിന്ന് മാർക്സിസ്റ്റ് പാർട്ടി നില നിൽക്കുന്നത്. അതിന് അധികം ആയുസില്ല. 34 വർഷം ഭരിച്ച ബംഗാളിൽ നിന്നും തൂത്തെറിയപ്പെട്ട മാർക്സിസ്റ്റ് പാർട്ടിക്ക്  ദേശീയ പാർട്ടി എന്ന പദവിയും പൊയ്ക്കഴിഞ്ഞു.  ടി.പി. വധക്കേസിൽ  ഒത്തു തീർപ്പിലൂടെ നിയമത്തിന്റെ മുന്നിൽ കുറെയൊക്കെ സ്വയം  രക്ഷപ്പെടാനും  കൂട്ടു കാരെ രക്ഷപ്പെടുത്താനും പിണറായിക്ക്  കഴിഞ്ഞെങ്കിലും ജനങ്ങളുടെ കോടതിയിൽ  ഇവർക്കൊക്കെ ഉള്ള പങ്ക് വ്യക്തമാവുകയും ജനങ്ങൾ അതിനുള്ള ശിക്ഷ തെരഞ്ഞെടുപ്പിൽ നൽകുകയും ചെയ്തു. 

പിന്നെ രണ്ടു കൂട്ടർക്കും എങ്ങിനെ  സീറ്റുകൾ കിട്ടിയെന്നു ചോദിച്ചാൽ അത് ഇവിടത്തെ ജനങ്ങളുടെ സ്വയം കൃതാനർത്ഥം. വേണമെന്ന് വച്ച് ഇവർക്ക്  വോട്ട് ചെയ്‌തവർ വളരെ ചുരുക്കം.  ഇവർ രണ്ടു പേരുമല്ലാതെ  മറ്റൊരു വഴി തിരിയാനുള്ള ജനങ്ങളുടെ ഒരു വിമുഖത ആണ് ഇവർ വീണ്ടും വീണ്ടും തെരെഞ്ഞെടുക്കപ്പെടുന്നതിൻറെ കാരണം. ഇപ്പോഴത്തെ ഫലങ്ങൾ അതിനൊരു മാറ്റം വരുന്നതിൻറെ സൂചന ആണ് നൽകുന്നത്. 

രണ്ടു പേരുടെയും പരാജയ   വിശകലങ്ങളുടെ ഫലങ്ങൾ ഇപ്പോഴേക്കും പുറത്തു  വന്നു കാണും.  ഏ.കെ.ജി.സെന്ററിലെ ഒരു കാവൽക്കാരൻ ചുവന്ന ഷർട്ട് ധരിച്ചില്ല  എന്നോ, കെ.പി.സി.സി. ഓഫീസിനു മുന്നിൽ    ഒരു പൂച്ച കുറുകെ ചാടി ഖദറിൽ  ചവിട്ടി  എന്നോ ഉള്ള വയാകും അവർ കണ്ടു പിടിച്ച  കാരണങ്ങൾ.  കാവൽക്കാരനെയും പൂച്ചയെയും അടുത്ത തെരഞ്ഞെടുപ്പ് വരെ  സസ്പെൻഡ് ചെയ്ത് പ്രശ്നം പരിഹരിച്ചും കാണും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ