2014, ജനുവരി 10, വെള്ളിയാഴ്‌ച

കായിക താരങ്ങളുടെ യാത്ര

റാഞ്ചിയിൽ നടക്കുന്ന ദേശീയ സ്കൂൾ കായിക മേളയിൽ നമ്മുടെ ചുണക്കുട്ടികൾ മെഡൽ വാരിക്കൂട്ടുകയാണ്. രണ്ടാം ദിവസം അവസാനിക്കുമ്പോൾ 10 സ്വർണം ഉൾപ്പടെ 21 മെഡലുകളും 73 പോയിൻറുമായി കേരളം ഒന്നാം സ്ഥാനത്താണ്. നമ്മുടെ കുട്ടികളുടെ റാഞ്ചിയിലേയ്ക്കുള്ള യാത്ര ആയിരുന്നു പരിതാപകരം. കുട്ടികൾ  ജനറൽ കമ്പാർട്ട്മെന്റിൽ തിങ്ങി ഞെരുങ്ങി കഴിയണം. സീറ്റ് കിട്ടിയാൽ ഭാഗ്യം. നാട്ടിൽ  പോകുന്ന  അന്യ സംസ്ഥാന തൊഴിലാളികളുടെ തിക്കിലും തിരക്കിലും ആണ് ഓടാനും ചാടാനും പോകുന്ന ഈ പിഞ്ചു കുട്ടികൾ വിശ്രമവും, ഭക്ഷണവും ഉറക്കവും ഇല്ലാതെ രണ്ടു ദിനം കഴിയേണ്ടത്.  ഇതാ മറ്റൊരു ടീം കുട്ടികൾ ഇന്ന് പുറപ്പെട്ടു. 17 വയസ്സിനു താഴെയുള്ളവരുടെ ദേശീയ ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ ത്രിപുരയിലേക്ക്. 18 അംഗങ്ങൾക്ക് കിട്ടിയത് ആകെ 4 ബെർത്ത്‌. ഇരിക്കാനും കിടക്കാനും സ്ഥലമില്ലാതെ 4 ദിവസം ഈ കുട്ടികൾ യാത്ര ചെയ്യണം. ഇപ്പറഞ്ഞതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല.  കേരളത്തിന്‌ പുറത്തുള്ള മത്സരങ്ങൾക്ക് പോകുമ്പോൾ കേരള കായിക താരങ്ങൾക്ക് എല്ലാം കഴിഞ്ഞ കുറെ വർഷങ്ങളായി എന്നും സംഭവിക്കുന്ന കാര്യങ്ങൾ ആണിത്.  എല്ലാ തവണയും മാധ്യമങ്ങൾ ഇത് വലിയ വാർത്ത ആക്കി പ്രസിദ്ധീകരിക്കുകയും ചെയുന്നുണ്ട്. മാതൃ ഭൂമിയിലെ  ഇപ്പോഴത്തെ  ചിത്രങ്ങൾ, പ്രത്യേകിച്ച് വിശാഖ പട്ടണം റെയിൽവേ സ്റ്റെഷനിൽ  മറുനാടൻ മലയാളികൾ കുട്ടികളോട് കാണിച്ച സ്നേഹ വായ്പ്പ് കണ്ണ് നനയിച്ചു. 

ഇവിടെ ഒരു സ്പോർട്സ്‌ മന്ത്രി ഇല്ലേ? (ഉണ്ടോ?) ആ മനുഷ്യൻ ഈ പത്രം ഒന്നും വായിക്കാറില്ലേ? നാഴികയ്ക്ക് നാൽപ്പത് വട്ടം നമ്മുടെ മുഖ്യ മന്ത്രി ഡൽഹി ക്ക് പറക്കാറുണ്ടല്ലോ. സർക്കാർ കാര്യത്തിനും, പാർട്ടി കാര്യത്തിനും സ്വന്തം കാര്യത്തിനും. അത് പോലെ മറ്റു മന്ത്രിമാരും. വിദേശ യാത്ര ഉൾപ്പടെ. തിരുവനന്തപുരം തമ്പാന്നൂരിൽ വെള്ളം കെട്ടി നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് കണ്ടു പിടിക്കാൻ വരെ സംഘം ആയി വിദേശ യാത്ര നടത്തുന്നു. കോണ്‍ഗ്രസ്സും മാർക്സിസ്റ്റും നേതാക്കളും എം.എൽ. എ. മാരും ഇടയ്ക്കിടെ ഡൽഹി യാത്ര നടത്താറുണ്ടല്ലോ.  പാർട്ടി ഫണ്ട്‌ ഉപയോഗിച്ചാണതു എന്ന് പറയും.ശരി . കോർപ്പറേറ്റ് കാർ തരുന്ന ഫണ്ട് അല്ലേ  അത്. അതും ജനങ്ങളുടെ പണം ആണല്ലോ.  ഇങ്ങിനെ പൊതു ജനങ്ങളുടെ പണം സ്വന്തം വിമാന യാത്രക്കായി  ധൂർത്ത് അടി ക്കുന്നവർക്കു അതിൽ നിന്നും ഒരു പങ്ക് ഈ പാവം കുട്ടികളുടെ മാന്യമായ യാത്രക്ക് മാറ്റി വച്ച് കൂടെ?

അവസാന നിമിഷം ഒരു എം.പി. ഇടപെട്ട് ഒരു  ജനറൽ കമ്പാർട്ട്മെൻറ് ശരിയാക്കിയത്രേ. പേര് വെട്ടാതിരിയ്ക്കാൻ ഇടയ്ക്കിടെ പാർലമെന്റിൽ പോകുന്നു എന്നല്ലാതെ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്ത കേരള എം.പി. മാർക്ക് ഇത്തരം കാര്യങ്ങളിൽ എങ്കിലും ഒന്ന് ശ്രദ്ധ വച്ച് കൂടെ? 



1 അഭിപ്രായം:

  1. ഇപ്പോള്‍ സ്പോര്‍ട്സ് മന്ത്രി തിരുവന്ജൂര്‍ അല്ലെ..അഭ്യന്തരം പോയതിന്റെ ക്ഷീണം തീര്‍ന്നില്ല..

    മറുപടിഇല്ലാതാക്കൂ