2014, ജനുവരി 22, ബുധനാഴ്‌ച

വിദ്യാഭ്യാസ മന്ത്രിയും സ്കൂളും

" സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ കഴിയും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ നടക്കാവ്  സ്കൂൾ ഒരു  മാതൃകയാണ്.   ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ സാധിക്കും".  ഉദ്ഘാടന പ്രസംഗത്തിൽ,ഡിസംബർ 27 ന്, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് പറഞ്ഞ കാര്യങ്ങളാണ്. അതേ റബ്ബ് ആണ് തിരുവനന്തപുരം അട്ടക്കുളങ്ങര സർക്കാർ  സെൻട്രൽ ഹൈ സ്കൂൾ കൊമ്പൗണ്ടിലുള്ള 2 ഏക്കർ സ്ഥലം ബസ് സ്റ്റാൻഡും  വാണിജ്യ സമുച്ചയവും നിർമിക്കുന്നതിന്  കൊടുക്കാൻ ഉത്തരവിട്ടത്. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്ന രാഷ്ട്രീയക്കാരുടെ സ്ഥിരം സ്വഭാവം.


കോഴിക്കോട്‌ നടക്കാവ് ഗവണ്മെന്റ് ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ  ആണ് ഇപ്പോൾ  അന്താരാഷ്‌ട്ര നിലവാരത്തിൽ ആക്കിയത്.
നല്ല പരീക്ഷണ ശാലകൾ,വായനശാല, ഹോക്കി,ഫുട് ബോൾ, മറ്റു  കളിസ്ഥലങ്ങൾ തുടങ്ങി എല്ലാം നല്ല നിലവാരത്തിൽ ഉള്ളവയാണ്. എം.എൽ.എ. ഫണ്ടും മറ്റു സാമ്പത്തിക സഹായവും ഉപയോഗിച്ച് ഒരു സാധാരണ സർക്കാർ വിദ്യാലയത്തെ ഇത്രയും പരിഷ്കരിച്ചതും നല്ല നിലയിൽ ആക്കിയതും പ്രിസം എന്ന പദ്ധതിയിലൂടെ  അവിടത്തെ എം.എൽ.എ. ആയ ശ്രീ എ. പ്രദീപ്‌ കുമാർ ന്റെ കഠിന പരിശ്രമം ഒന്ന് കൊണ്ടു മാത്രമാണ്. ഐ.ഐ.എം. എൻ.ഐ.ടി. ഐ.എസ്.ആർ. ഒ. എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായവും ലഭിച്ചു.


എന്ത് കൊണ്ട് അട്ടക്കുളങ്ങര സ്കൂളും നടക്കാവ്  മാതൃകയിൽ വികസിപ്പിച്ചു കൂടാ? ഈ സ്കൂളിന് അഞ്ചര ഏക്കർ സ്ഥലം സ്വന്തമായുണ്ട്.നല്ല രീതിയിൽ കളിസ്ഥലവും മറ്റ് അനുബന്ധ സൌകര്യങ്ങളും ഇവിടെ ഉണ്ടാക്കാം. എം.എൽ.എ. ഫണ്ട്‌, എം.പി.ഫണ്ട്‌ മറ്റ് സാമ്പത്തിക സഹായം എന്നിവ ഇതിന്റെ വികസനത്തിന്‌ ഉപയോഗിക്കാം. കോഴിക്കോട് ഒരു സ്വകാര്യ സംഘടനയുടെ സാമ്പത്തിക സഹായവും ലഭിച്ചു. തിരുവനന്തപുരത്ത് അത്തരത്തിൽ നൂറ് കണക്കിന് കോടീശ്വരൻമാരുണ്ട്. സഹായിക്കാൻ   മനസ്സു കൂടി ഉള്ളവർ.  ഇവിടത്തെ എം.എൽ.എ. ആയ ശിവകുമാർ   മന്ത്രി കൂടിയാണ്. അതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ നടത്തി എടുക്കാൻ സാധിക്കുകയും ചെയ്യും. നിലവാരം ഉയർത്തുകയാണെങ്കിൽ കുട്ടികളെ കൊണ്ട് പള്ളിക്കൂടം നിറയും എന്നുള്ളതിന് സംശയമില്ല. 5000 ത്തിൽ ഏറെ കുട്ടികൾ പഠിക്കുന്ന  സർക്കാർ  സ്കൂൾ, കോട്ടണ്‍ ഹിൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്‌, ഒരു ഉദാഹരണമായി തിരുവനന്തപുരത്ത് തന്നെ ഉണ്ടല്ലോ. അത് പോലെ, അതിനേക്കാൾ മെച്ചമായ സൌകര്യങ്ങളുള്ള ഒരു വിദ്യാലയം ആക്കി ഇതിനെ മാറ്റാം. അതിനാൽ നഗരത്തിൻറെ ഹൃദയ ഭാഗത്തുള്ള  സ്കൂളിൻറെ  സ്ഥലം ബസ് സ്റ്റാൻഡും  വാണിജ്യ സമുച്ചയവും നിർമിക്കുന്നതിന്  നൽകാതെ, നിലവിലുള്ള സ്കൂളിനെ  ഉയർന്ന നിലവാരത്തിലുള്ള ഒരു വിദ്യാലയം ആക്കുകയാണ് വേണ്ടത്. എല്ലാം കച്ചവട ക്കണ്ണ്‍ കൊണ്ട് കാണാതെ ഭാവി തലമുറയ്ക്ക് വേണ്ടി, സ്വകാര്യ വിദ്യാലയങ്ങളിലെ അമിത ഫീസ്‌ നൽകാൻ കഴിവില്ലാത്ത പാവപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി,   എന്തെങ്കിലും ഒന്നു ചെയ്യൂ നിങ്ങൾ, ജനങ്ങൾ അധികാരത്തിലേറ്റിയ മന്ത്രിമാരേ. 

2 അഭിപ്രായങ്ങൾ:

  1. സംഗതി ശരിയാണ് -
    എല്ലാത്തിനും ഒരു സമയവും സൌകര്യവും കിട്ടണ്ടേ - പ്രതീക്ഷിക്കു സഹോദര -
    ഇതാണ് മറുപടി!

    മറുപടിഇല്ലാതാക്കൂ
  2. പ്രതീക്ഷ ഒരു ചൂൽ ആയി മാറി ഇവരെ തൂത്ത് ഏറിയും. സമീപ ഭാവിയിൽ തന്നെ.

    മറുപടിഇല്ലാതാക്കൂ