2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

അഴിമതി- മതി പ്രതിരോധ മന്ത്രി

ഇൻഡ്യൻ  നേവിയുടെ മറ്റൊരു അന്തർവാഹിനിയിലും തീ പിടിത്തം ഉണ്ടായിരിക്കുന്നു. രണ്ടു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൻറെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേവിയുടെ ചീഫ് ജോഷി രാജി സമർപ്പിച്ചു. ശരിയായി പറഞ്ഞാൽ രാജി വയ്ക്കേണ്ടത് പ്രതിരോധ മന്ത്രി ആണ്. കഴിഞ്ഞ ആഗസ്റ്റ്‌ 14 നു ഇതേ ക്ലാസിലുള്ള മറ്റൊരു അന്തർവാഹിനി പൊട്ടിത്തെറിയിൽ തകർന്നു പോവുകയും 18 നേവിക്കാർ മരിക്കുകയും ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ ആറു മാസ കാലയളവിനുള്ളിൽ ചെറുതും വലുതും ആയി 12 അപകടങ്ങളാണ് നേവിയിൽ ഉണ്ടായിട്ടുള്ളത്. ഇതിനൊന്നും ഒരു അന്വേഷണവും നടന്നതായി കേട്ടിട്ടില്ല. പ്രതിരോധ മന്ത്രാലയത്തി നല്ലേ ഇതിൻറെ ഉത്തരവാദിത്വം? അതിനു പകരം ജോഷിയുടെ രാജി വേഗത്തിൽ സ്വീകരിച്ച് ഇതിൽ നിന്നും തലയൂരാനുള്ള വ്യഗ്രതയാണ് മൻമോഹൻ സർക്കാർ കാണിച്ചത്.  ജോഷിയെ ബലിയാടാക്കി തടി രക്ഷിക്കാൻ പ്രതിരോധ മന്ത്രിയും.

മറ്റൊരു വശം കൂടിയുണ്ട്. എല്ലാ ആയുധ ഇടപാടിലും അഴിമതിയും കൈക്കൂലിയും ഉണ്ട്. ബൊഫൊർസ് അഴിമതിയുടെ കണക്കുകൾ എത്രയൊക്കെ മൂടി വച്ചിട്ടും ഇന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത് കാണാമല്ലോ. ഈ ആയുധങ്ങളുടെ  വില താരതമ്യം ചെയ്യാൻ പറ്റില്ല എന്ന നിലപാടാണ്   അഴിമതിക്ക്  കാരണം. ഓരോ ആയുധവും പ്രത്യേക രീതിയിൽ നിർമിച്ചതാണ് എന്നുള്ള നിർമാണ കമ്പനികളുടെ വാദം അംഗീകരിച്ചു സർക്കാർ അഴിമതിക്ക് കളമൊരുക്കുകയാണ്.അടുത്തിടെ നടന്ന ഹെലികോപ്ടർ അഴിമതിയിൽ കോണ്‍ഗ്രസ് പാർട്ടിക്ക് വലിയ പങ്കുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ടല്ലോ. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും കൈക്കൂലി കൊടുത്തിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി ശ്രീ ആന്റണി പ്രഖ്യാപിച്ചിട്ടുമുണ്ടല്ലോ.

ഈ അപകടങ്ങളെല്ലാം മോശം ഉപകരണങ്ങൾ കാരണം സംഭവിച്ചി ട്ടുള്ളതല്ല എന്ന് പറയാൻ കഴിയില്ലല്ലോ.  കൈക്കൂലി കൊടുക്കുമ്പോൾ സാധനങ്ങളുടെ ഗുണ നിലവാരം കുറക്കാനുള്ള സാധ്യതയും ഉണ്ടല്ലോ. അതിനാൽ ഈ രീതിയിലുള്ള ഒരു അന്വേഷണം ഉടൻ നടത്തണം. അതിനു ശേഷം ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു പ്രതിരോധ മന്ത്രി രാജി വയ്ക്കണം. ആദർശ ധീരൻ ആണല്ലോ അദ്ദേഹം.

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

എം.പി.- എം.എൽ.എ.-Privileges


പാർലമെന്റിലെയും   നിയമ സഭയിലെയും സാമാജികർക്ക് ഉള്ള പ്രത്യേക അവകാശങ്ങൾ സഭക്കുള്ളിലെ പ്രവർത്തനത്തിനു മാത്രമാണെന്ന സുപ്രീം കോടതി വിധി സാധാരണക്കാരന് വലിയ ആശ്വാസം നൽകുന്നതാണ്.സഭക്ക് പുറത്ത് ഇവർക്ക് പ്രത്യേക അവകാശങ്ങൾ ഇല്ലെന്നും സാധാരണക്കാരന് ബാധകമായ നിയമങ്ങൾ ഇവർക്കും തുല്യമായി ബാധകം ആണെന്നും ആ നിയമങ്ങളിൽ നിന്നും അവരെ ഒഴിവാക്കിയിട്ടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

നാം തെരഞ്ഞെടുത്ത് പാർലമെന്റിലേക്കും നിയമ സഭയിലേക്കും അയയ്ക്കുന്ന നമ്മുടെ പ്രതിനിധികൾ എന്നും നമ്മെക്കാൾ കൂടുതൽ അവകാശങ്ങൾക്കും പ്രത്യേക പരിഗണനക്കും വേണ്ടി മുറവിളി കൂട്ടുന്നവരാണ്. ജനങ്ങൾക്ക്‌ ആവശ്യമുള്ള എന്തെങ്കിലും ഒരു നിയമം പാസാക്കാതിരിക്കാനായി സഭയിൽ കിടന്നു ബഹളം ഉണ്ടാക്കുകയും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബില്ല് വലിച്ചു കീറി കളയാനോ, സ്പീക്കറെ തന്നെ ആക്രമിക്കാനോ ഈ സാമാജികർ ഒട്ടും മടിക്കാറില്ല. പക്ഷെ സ്വന്തം ശമ്പളമോ, അലവൻസോ, മറ്റ് ആനുകൂല്യങ്ങളോ കിട്ടാനുള്ള ബില്ല് യാതൊരു പ്രയാസവും ഇല്ലാതെ ഇവർ പാസ്സാക്കി എടുക്കുന്നത് കാണാമല്ലോ. തെലന്ഗാന ബിൽ അവതരണ സമയത്ത് കുരുമുളക് സ്പ്രേ അടിച്ച് സഹപ്രവർത്തകരെ ബോധ രഹിതരാക്കിയ പാർലമെന്റ് അംഗത്തെയും നമ്മൾ സഭയിൽ കണ്ടല്ലോ. ഇത്തരം പ്രവൃത്തികൾക്കെല്ലാം സഭയുടെ അകത്തുളള അവരുടെ അവകാശം അനുവാദം നൽകുന്നു. തെരഞ്ഞെടുത്തു വിട്ട ജനങ്ങൾക്ക്‌ അതിനാൽ ചോദ്യം ചെയ്യാൻ അധികാരമില്ല. ഇത് ശരിയായില്ല എന്ന് സ്പീക്കർക്ക് പറയാം.

ഇത്തരം അവകാശങ്ങൾ സഭക്ക് പുറത്തു പ്രാവർത്തികം ആക്കുന്നതും  ചോദ്യം ചെയ്യപ്പെടാതെ പോകണം എന്ന ഇവരുടെ ആവശ്യം ആണ് സുപ്രീം കോടതി ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞത്.   സ്വന്തം വാഹനങ്ങളിൽ ചുവന്ന ബോർഡ് വച്ച് എം.പി.യും എം.എൽ.എ.യും ഗതാഗത നിയമങ്ങൾ ലംഘിച്ച് പോകുന്നത് നമ്മൾ നിത്യേന കാണാറുണ്ടല്ലോ. അത് പോലെ പോലീസ് സ്റ്റെഷനിലെ കയ്യൂക്കും മറ്റും. അടുത്തിടെ സ്വകാര്യ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇവർക്ക് വി.ഐ.പി. പരിഗണനയും ഒരു പ്രോട്ടോകോൾ ഓഫീസറെയും  നൽകണമെന്ന് ഒരു കത്ത് അയച്ചിരുന്നു. അതാണ്‌  നമ്മുടെ പ്രതിനിധികൾ. ഇവർ ചെയ്യുന്ന അഴിമതിക്കും കുറ്റ കൃത്യങ്ങൾക്കും ഒരു മറയാക്കാൻ വേണ്ടിയാണ്  പ്രത്യേക അവകാശം ഇവർ ആവശ്യപ്പെടുന്നത്. ഏതായാലും സുപ്രീം കോടതി വിധി യോട് കൂടി നിയമ പാലകർ തങ്ങളുടെ കൃത്യ നിർവഹണം  ശരിയായി നടത്തുമെന്ന് പ്രതീക്ഷിക്കാം.

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

കോണ്‍ഗ്രസ്സ്-എൻ.എസ്.എസ്

കേരളത്തിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാർ, ചില മന്ത്രിമാരും, സത്യ പ്രതിജ്ഞ കഴിഞ്ഞാൽ,  ജാതി മത ഭേദ മന്യേ, നായർ സർവീസ് സൊസൈറ്റി യുടെ ആസ്ഥാനത്ത് ചെന്ന് മുഖം കാണിക്കാറുണ്ട്. പുതിയതായി നിയമിതനാകുന്ന കെ.പി.സി.സി. പ്രസിഡൻറ്റും ഇതേ പോലെ ചെയ്യാറുണ്ട്. മന്നത്ത് പദ്മനാഭൻറെ സമാധിയിൽ പുഷ്പാർച്ചന നടത്തി  ആദര പൂർവ്വം കൈ കൂപ്പി തൊഴുത്‌ തിരിച്ചു പോരും. മന്നം ഒരു മഹാ പുരുഷനോ ഒരു മഹാത്മാവോ ആണെന്നു കരുതി അല്ല ഇവരൊക്കെ അവിടെ പോകുന്നതും സമാധിയിൽ തല കുമ്പിടുന്നതും. അങ്ങിനെയെങ്കിൽ ഈ കോണ്‍ഗ്രസ്   നേതാക്കൾ ഒക്കെ എത്ര തവണ കാലാ കാലങ്ങളായി ഡൽഹിയിൽ പോകുന്നുണ്ട്. ഇത് വരെ ഒരിക്കലെങ്കിലും രാജ് ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ സമാധിയിൽ തൊഴുതിട്ടുണ്ടോ? ഇന്ദിരാ ഗാന്ധിയുടെ സമാധിയിൽ തൊഴുതിട്ടുണ്ടോ? ഇല്ല. കാരണം അതിൻറെ ആവശ്യമില്ല. അവിടെങ്ങും ജയിക്കാനുള്ള വോട്ട് ഇല്ലല്ലോ.അവിടെ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി യും ഇല്ലല്ലോ.ഇതൊരു വോട്ട് ബാങ്ക് രാഷ്ട്രീയം ആണ്. കേരളത്തിലെ ഒരു പ്രബല സമുദായത്തിൻറെ വോട്ട് കൈക്കലാക്കാനുള്ള അടവ്.

പക്ഷെ ഇടയ്ക്കിടെ, അവസരോചിതമായി ഇവർ ഈ സമുദായത്തെ തള്ളി പറയുകയും ചെയ്യും.  സമുദായ  സംഘടനകൾ   രാഷ്ട്രീയത്തിൽ ഇട പെടരുതെന്നും അവർക്ക് രാഷ്ട്രീയത്തിൽ സ്ഥാനമില്ല എന്നൊക്കെ ഉള്ള വാചകമടികൾ ഇടയ്ക്കിടെ കേൾക്കാം. അത് കഴിഞ്ഞ് രഹസ്യമായും പരസ്യമായും ചങ്ങനാശ്ശേരിയിൽ പോയി മാപ്പ് പറഞ്ഞ് കാര്യങ്ങൾ നേരെയാക്കും. ചങ്ങനാശ്ശേരിയിൽ  ഇരിക്കുന്നവരോ? ഈ സമുദായത്തിൻറെ സ്ഥായിയായ സ്വഭാവമായ പൊങ്ങച്ചത്തിന്റെ മൂർത്തിമദ് ഭാവങ്ങളാണ്. വെളുത്ത ഖദറും,അതിലും വെളുത്ത ചിരിയും ആയി വരുന്ന ഈ രാഷ്ട്രീയ കോമരങ്ങളുടെ ചായം തേച്ചു കറുപ്പിച്ച  തലമുടിയെക്കാൾ കറുപ്പാണ് മനസ്സിൽ എന്ന് തിരിച്ചറിയാൻ എൻ.എസ്.എസ്.ആസ്ഥാനത്ത്‌ ഇരിക്കുന്നവർക്ക് കഴിയുന്നുമില്ല. ഇടയ്ക്കിടെ താക്കോൽ സ്ഥാനത്ത് നായർ വരണം എന്നൊക്കെയുള്ള അർത്ഥമില്ലാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയും കൂർമ ബുദ്ധികളായ കോണ്‍ഗ്രസ്സ് കാർ അത് സാധിച്ചു കൊടുക്കുകയും ചെയ്യും.ഏത് തക്കോലായാലും സാധനം കോണ്‍ഗ്രസ് അല്ലേ? എൻ.എസ്.എസ്. ന് എന്ത് പ്രയോജനം?

ഏറ്റവും അവസാനം ചങ്ങനാശ്ശേരിയിൽ  കുളിച്ചു തൊഴാൻ പോയത് കെ.പി.സി.സി. പ്രസിഡൻറ്  വി.എം.സുധീരൻ ആണ്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിക്കഴിഞ്ഞ സുധീരനെ കാണാൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി തയ്യാറായില്ലത്രെ. ആഭ്യന്തര മന്ത്രി ആയി ചാർജ് എടുത്ത രമേശ്‌ ചെന്നിത്തല പുഷ്പാർച്ചന നടത്തിയതിനു ശേഷം സെക്രട്ടറിയെ മുറിയിൽ  ചെന്ന് കാണുക ആയിരുന്നു. അത്രയ്ക്ക് വേണ്ട എന്ന് സുധീരൻ കരുതി.  ഇതോടു കൂടി സുധീരനും വൈസ് പ്രസിഡൻറ്  വി.ഡി.സതീശനും എൻ.എസ്.എസ്.ന്  എതിരെ രംഗത്ത്  വന്നു. ഇരിക്കാൻ പറയുമ്പോൾ കിടക്കുന്നവർ ആകരുത് കോണ്‍ഗ്രസ് നേതാക്കൾ എന്ന് സതീശൻ. സതീശന്റെ അശ്ലീല ച്ചുവയുള്ള പ്രയോഗം കടമെടുത്തു തന്നെ പറയട്ടെ, ഇരിക്കാൻ പോലും പറയുന്നതിന് മുൻപ്‌ സമുദായ നേതാക്കളുടെ മുന്നിൽ കിടന്നു കൊടുത്ത് അതിൻറെ ഗുണ ഫലം അനുഭവിച്ചവരല്ലേ എന്നും കോണ്‍ഗ്രസ് നേതാക്കൾ? 

എസ്.എൻ.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശനും  കോണ്‍ഗ്രസ്സ് കാരുടെ ഇത്തരം കുടില തന്ത്രങ്ങൾ കുറെ അനുഭവിച്ച  ആളാണ്‌.  പക്ഷേ വെള്ളാപ്പള്ളിക്ക്  ബുദ്ധി ഉദിച്ചു. ഇടത്-വലത് രാഷ്ട്രീയ കളിയിൽ നിന്നും മാറി നരേന്ദ്ര മോഡിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. ഇനി വേണ്ടത്‌ എൻ.എസ്.എസ്‌. അത്തരം ഒരു തീരുമാനം എടുക്കുകയാണ്. കേരളത്തിലെ അന്തസ്സും ആഭിജാത്യവും ഉള്ള ഒരു പ്രബല സമുദായത്തിന്റെ സംഘടന ആണ് എൻ.എസ്.എസ്‌. അവർക്ക് ഇതിലും അർഹമായ ബഹുമാനം രാഷ്ട്രീയ കക്ഷികളിൽ നിന്നും കിട്ടണം.അല്ലാതെ ഭരണത്തിൽ ഇരിക്കുന്നവരുടെ ഭൽസനം ഏറ്റ് വാങ്ങരുത്. കേരളത്തിലെ നായർ എല്ലാം   എൻ.എസ്.എസ്സിൽ അംഗങ്ങൾ അല്ലെങ്കിലും സമുദായ സംഘടനയെ ആക്ഷേപിക്കുന്നത്   അവർക്കും അധിക്ഷേപമായി അനുഭവപ്പെടും.  എൻ.എസ്.എസ്സും നായർ സമുദായാംഗങ്ങളും ഇത്തവണത്തെ ലോക് സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിക്ക് പിന്തുണ നൽകുക ആയിരിക്കും അഭികാമ്യം. അതാണ്‌ നായർക്ക് അന്തസ്സും മാന്യതയും. 

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

HMV




ഹിസ്‌ മാസ്റ്റെർസ് വോയിസ് എന്ന് കേട്ടിട്ടില്ലേ? അത് പോലെ ആണ് ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ്സ്കാരും. മാസ്റ്റർ എന്ത് പറയുന്നുവോ അത് കേട്ട് തത്തമ്മ പറയുന്നതു പോലെ ഉരുവിട്ട് നടക്കും. സ്വന്തമായി അവർക്ക് അഭിപ്രായം ഒന്നും ഇല്ല. ഓരോ കാലത്തും അവർ ഒരു മാസ്റ്ററെ കണ്ടു പിടിക്കും. ഇങ്ങിനെ അനുസരിക്കാൻ. അനുസരിച്ച് ജീവിയ്ക്കാൻ.

കുറ്റവാളികൾ എന്ന് വിധിക്കപ്പെട്ട സാമാജികർക്ക് , എം.പി.മാരും എം.എൽ.എ.മാരും, സ്ഥാനം നഷ്ട്ടപ്പെടും എന്ന സുപ്രീം കോടതിയുടെ വിധിയെ അതി ജീവിക്കാൻ, കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി,  പ്രധാന മന്ത്രി മൻമോഹൻ സിങ്ങിൻറെ നേതൃത്വത്തിൽ പാർലമെന്റിൽ ഒരു ഓർഡിനൻസ്  കൊണ്ട് വന്നു. ഒരു ദിവസം രാഹുൽ ഗാന്ധി അജിത്‌ മാക്കൻ നടത്തിയ പത്ര സമ്മേളനത്തിൽ ഇടിച്ചു കയറി ചെന്ന് ഈ ഓർഡിനൻസ് ശുദ്ധ അസംബന്ധം ആണെന്നും ഇത് വലിച്ചു കീറി കളയുകയാണ് വേണ്ടത് എന്നും താൻ അങ്ങിനെയാണ് ചെയ്യുന്നതെന്നും. പ്രഖ്യാപിച്ചു. ഓർഡിനൻസിനെ പ്രകീർത്തിച്ചു കൊണ്ടിരുന്ന അജിത്‌ മാക്കൻ ഉടൻ ട്രാക്ക് മാറ്റി രാഹുൽ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞു. ഇത് കൊണ്ട് വന്ന  പ്രധാന മന്ത്രി മൻമോഹൻ സിങും മറ്റു എല്ലാ കോണ്‍ഗ്രസ് കാരും രാഹുൽ പറഞ്ഞത് നാണം കെട്ട് ഏറ്റു പറഞ്ഞു. ഇതാണ് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം.

രാജീവ് വധ ക്കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നു പേർക്ക് സുപ്രീം കോടതി വധ ശിക്ഷ ഇളവു ചെയ്ത് കൊടുത്തു. ഇവർ നൽകിയ ദയാ ഹർജി 11 വർഷം നടപടികൾ ഒന്നും എടുക്കാതെ രാഷ്ട്രപതി വച്ചത് കൊണ്ടാണ് വധ ശിക്ഷ ഇളവു ചെയ്തു കൊടുത്തത്.അതിനനുസൃതമായി തമിഴ്  നാട് സർക്കാർ അവരെ ജയിൽ വിമോചിതർ ആക്കാൻ തീരുമാനവും എടുത്തു. അപ്പോഴാണ്‌ രാഹുൽ ഗാന്ധി അഭിപ്രായം പറയുന്നത്. "ഇത് എൻറെ അച്ഛന്റെ കാര്യം മാത്രമല്ല, രാജ്യത്തിൻറെ കാര്യമാണ്."

നേതാവ് പറഞ്ഞു കഴിഞ്ഞാൽ അതേറ്റു പറയേണ്ട ബാധ്യത കോണ്‍ഗ്രസ് കാർക്ക് ഉണ്ടല്ലോ. അത് വരെ മിണ്ടാതിരുന്ന പ്രധാന മന്ത്രി മൻമോഹൻ സിംഗ് രംഗത്ത് വന്നു. " രാജീവ് ഗാന്ധിയുടെ വധം രാജ്യത്തിൻറെ ആത്മാവിന് നേർക്കുണ്ടായ ആക്രമണം ആണ്." ഇനി ഇതേ അഭിപ്രായം എല്ലാ കോണ്‍ഗ്രസ്സ് കാരും ഏറ്റു പാടും. രാജ്യത്തിൻറെ വിധി.

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

കെ.പി.സി.സി.

കേരളത്തിലെ പാർട്ടിയുടെ പ്രതിച്ഛായ ഒന്ന് നന്നാക്കാൻ വേണ്ടിയാണ് വി.എം. സുധീരനെ കെ.പി.സി.സി.യുടെ തലപ്പത്ത് പ്രതിഷ്ടിച്ചത്. പാർലമെൻറ് തെരെഞ്ഞെടുപ്പല്ലേ വരുന്നത്. എന്തെങ്കിലും രണ്ട് സീറ്റ് കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന വിചാരത്തിൽ സോണിയയും രാഹുലും കൂടി തീരുമാനിച്ചത്. പക്ഷെ അത് കൂടുതൽ പ്രശ്നമായി. കേരളത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളായ ഉമ്മൻ ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പും അവരുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി സുധീരൻ വരുമെന്ന് കണ്ട് അതിനെതിരായി. ഉമ്മൻ ചാണ്ടി പരസ്യമായി തൻറെ എതിർപ്പ് പ്രകടമാക്കി. സോണിയ വന്നപ്പോൾ സ്വീകരിക്കാൻ പോയില്ല.ഒരു മീറ്റിംഗിൽ അടുക്കള പെണ്ണുങ്ങളെ പോലെ മുഖം വീർപ്പിച്ച് സോണിയയോട് ഒന്നും മിണ്ടാതെ ഇരുന്നു. സോണിയയുടെ  യാത്രയയപ്പിനും പോയില്ല. ചെന്നിത്തലയെ ആഭ്യന്തര മന്ത്രി ആക്കിയതും സുധീരനെ അധ്യക്ഷൻ ആക്കിയതും ഉമ്മൻ ചാണ്ടിയെ മറി കടന്നാണ്. രണ്ടും അങ്ങേര്  അറിഞ്ഞത് പത്രങ്ങളിലൂടെ ആണ് താനും. ഇതിൽ ചെന്നിത്തലക്കും അതൃപ്തി ഉണ്ടെങ്കിലും വലുതായി പ്രകടം ആക്കാൻ പറ്റില്ല. കാരണം ഫ്ലൂക്കിനു ആഭ്യന്തര മന്ത്രി ആയതല്ലേ.

ഒരു പരിധിക്കപ്പുറം ഉമ്മൻ ചാണ്ടിക്ക് പ്രതികരിക്കാൻ ആവില്ല. കാരണം സരിത കേസ് മുഖ്യ മന്ത്രിയുടെ രാജി വരെ എത്തി നിന്ന സാഹചര്യത്തിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് അന്യായമായി ഉമ്മൻ ചാണ്ടിയെ സംരക്ഷിച്ചത് ഇതേ സോണിയയും രാഹുലും ആണല്ലോ. കേരളത്തിൻറെ ഭരണം കൈ വിട്ടു പോകാതിരിക്കാനാണ്‌ അന്ന് അവർ എല്ലാ സാമാന്യ മര്യാദകളും വിട്ട് ഉമ്മൻ ചാണ്ടിയെ കൈ വിടാതെ കാത്തു സൂക്ഷിച്ചത്. സരിത കേസ്, സലിം രാജ് കേസ്, ആറന്മുള വിമാനത്താവളം കേസ്, കരിമണൽ ഖനനം,പാറ ക്വാറി ൾക്ക് അനധികൃത ലൈസൻസ്, ലാവലിൻ കേസിലെ ഒത്തു കളി, ടി.പി. വധ കേസിലെ ഒത്തു കളി, പാമോലിൻ കേസിലെ കള്ളക്കളി, ഇതാ അവസാനമായി പുറത്തു വന്ന നിലമ്പൂർ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം തുടങ്ങി ഒരു ജന്മം മുഴുവൻ അകത്തു കിടക്കാവുന്ന കേസുകളാണ് ചുരുളഴിയാൻ പോകുന്നത്. ഇതെല്ലാം മറയ്ക്കാൻ ആദർശത്തിന്റെ മറവിൽ ആണ് സുധീരനെ ഇറക്കിയിരിക്കുന്നത്. ഈ കള്ളക്കളി ജനം തിരിച്ചറിയും എന്നതിൽ രണ്ടഭിപ്രായം ഇല്ല. ബി.ജെ.പി.യെ മാറ്റി നിർത്താൻ കോണ്‍ഗ്രസ്സിനെ പിന്തുണക്കും എന്ന് സി.പി.ഐ. നേതാവ് പറയുമ്പോൾ ഇടതു പാർട്ടികളുടെ ഒളിച്ചു കളി വ്യക്തമാണല്ലോ.

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

രാജീവ് ഗാന്ധി വധം

ചരിത്ര പ്രധാനമായ വിധിയിലൂടെ സുപ്രീം കോടതി രാജീവ് ഗാന്ധി വധ  കേസിലെ 3 പ്രതികളുടെ വധ ശിക്ഷ ജീവ പര്യന്ത മാക്കി ഇളവു ചെയ്തു.  ഇവരുടെ ദയാഹർജി നീണ്ട 11 വർഷം ആണ് ദയക്ക് വേണ്ടി  രാഷ്ട്രപതിയുടെ മുൻപിൽ  കാത്തു കിടന്നത്. യാതൊരു കാരണവും കാണിക്കാതെ ഈ പതിനൊന്നു വർഷം തീർപ്പാക്കത്തതു  ആയിരുന്നു വധ ശിക്ഷ ഇളവു ചെയ്യാൻ സുപ്രീം കോടതി കാരണമായി പറഞ്ഞത്.ദയാ ഹർജി തീർ പ്പാക്കുന്നതിൽ  ന്യായമായ സമയ പരിധി രാഷ്ട്രപതിയെ ധരിപ്പിക്കുവാനുള്ള ധാർമിക ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും കോടതി പറഞ്ഞു. 23 വർഷമായി ജയിൽ വാസം അനുഭവിക്കുന്ന ഈ പ്രതികൾക്ക് മോചനം നൽകാൻ സംസ്ഥാന സർക്കാറിന് കഴിയും എന്ന് കൂടി കോടതി പറഞ്ഞു.

ദയാ ഹർജികൾ തീർപ്പാക്കാതെ ഇങ്ങിനെ നിർത്തുന്നത് കേന്ദ്ര സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണ്. പലപ്പോഴും രാഷ്ടീയ കാരണങ്ങൾ ആണ് ഇതിനു പുറകിൽ. തമിഴ് നാടിലെ വോട്ട് ബാങ്ക് നഷ്ട പ്പെടാതിരിക്കാനാണ് ഈ ക്രൂരത കാട്ടിയത്. മൊത്തം 23 വർഷത്തെ ജയിൽ വാസം. തലയ്ക്കു മുകളിൽ കൊലക്കയർ തൂങ്ങി കിടന്നു കൊണ്ടുള്ള കൊല മരത്തിന്റെ നിഴലിലെ  11 വർഷത്തെ ജയിൽ വാസം. എന്തിനാണീ കൊടും ക്രൂരത? തമിഴ് നാട്ടിലെ കോണ്‍ഗ്രസ്സുകാരെയും ദ്രാവിഡ കഴകങ്ങളെയും ഒരു പോലെ സന്തോഷിപ്പിക്കാൻ ഉള്ള കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അവരുടെ സർക്കാരിന്റെയും കള്ളക്കളി ആയിരുന്നു ഇതിനു പുറകിൽ.  രാജീവ് ഗാന്ധി വധ കേസ് അന്വേഷണം തന്നെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. 

സുരക്ഷാ വീഴ്ചകളെ കണ്ടു പിടിക്കാൻ നിയോഗിച്ച ജസ്റ്റ്. ജെ.എസ്. വർമ കമ്മീഷൻ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ സുരക്ഷാ ക്രമീകരണങ്ങൾ പലതും തകരാറിൽ ആക്കി എന്നുള്ള പ്രധാന കാര്യം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നരസിംഹ റാവു സർക്കാർ  ആദ്യം ഇതിനെ തള്ളുകയും പിന്നീട് വലിയ സമ്മർദത്തിൻറെ പേരിൽ ഇത് സ്വീകരിക്കുകയും ചെയ്തു. പക്ഷെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ അട്ടി മറിയെ പറ്റി /  പങ്കിനെ പറ്റി  ഒരു നടപടിയും എടുക്കാതെ അത് പൂഴ്ത്തി വച്ചു. ഏറ്റവും അവസാനം വന്നത് അന്വേഷണ സംഘത്തിലെ എസ്.പി. വി.ത്യാഗ രാജൻ ഐ.പി.എസ്.പറഞ്ഞതായിരുന്നു. "എന്തിനാണ് തന്നോട് ബാറ്ററി വാങ്ങാൻ പറഞ്ഞത് എന്ന് തനിക്ക് അറിയില്ലായിരുന്നു" എന്നാണു പേരറിവാളൻ പറഞ്ഞത്. മൊഴി, പറയുന്നത് പോലെ ഓരോ വാക്കും  റിക്കോർഡ്‌ ചെയ്യണം എന്നാണ്  നിയമം അനുശാസിക്കുന്നതെങ്കിലും ഈ കുറ്റ സമ്മത മൊഴി ഇപ്പറഞ്ഞത്‌ ഇല്ലാതെയാണ് താൻ റിക്കോർഡ്‌ ചെയ്തത്‌ എന്ന് അടുത്ത കാലത്ത്  ത്യാഗ രാജൻ കുറ്റസമ്മതം നടത്തിയിരുന്നു. അങ്ങിനെ പലതും പുറത്തു വന്നു, പലതും പുറത്തു വരാതെ കിടക്കുന്നു. രാജീവ് ഗാന്ധിയുടെ വധം പൂർണമായും രാഷ്ട്രീയമായി മുതലെടുക്കണം എന്നുള്ള കോണ്‍ഗ്രസ് തന്ത്രം വിജയിച്ചു.  ഏതായാലും വധ ശിക്ഷയിൽ നിന്നും ഇവർ ഒഴിവായല്ലോ. അത്രയും നന്നായി.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

കേരള വികസനം

കേരളത്തിൻറെ വികസനം നരേന്ദ്ര മോഡിയെ കാണിക്കാനായി കേരള സർക്കാർ ഒരു പരസ്യം ഒരു ഗുജറാത്തി ദിന പത്രത്തിൽ നൽകിയിരിക്കുന്നു!കോഴിക്കോട് സൈബർ പാർക്കിൻറെ പരസ്യമാണ് കൊടുത്തിരിക്കുന്നത്‌. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ തലയിൽ ആയിരിക്കും  ഈ കുനഷ്ട്ട്ട് ബുദ്ധി ഉദിച്ചത് എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട. കാരണം എന്നൊക്കെ അധികാരത്തിൽ വന്നോ അന്നൊക്കെ വ്യവസായ വകുപ്പ് സ്ഥിരം കൈക്കലാക്കി വച്ചിരുന്ന അദ്ദേഹത്തിൻറെ കീഴിൽ കേരളത്തിലെ വ്യവസായം ആകെ മുരടിച്ചു പോയിരിക്കുകയാണ്. അപ്പോൾ പരസ്യത്തിൽ കൂടെയെങ്കിലും    വ്യവസായം ഒന്ന് വികസിപ്പിച്ചു കാണിക്കണ്ടേ? അതിനുള്ള എളുപ്പ വഴി ഇതാണല്ലോ. അല്ലെങ്കിൽ തന്നെ കേരളത്തിൻറെ വികസനം എല്ലാം ഇപ്പോൾ നടക്കുന്നത് പത്ര പരസ്യങ്ങളിലൂടെ മാതമാണ്.മുഖ്യ മന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വെളുക്കെ ചിരിക്കുന്ന പടങ്ങൾ അടങ്ങിയ പരസ്യങ്ങൾ ആണ് എല്ലാ ദിവസങ്ങളിലെയും പത്രങ്ങളിൽ. 1000 ദിനങ്ങൾ പൂർത്തിയാക്കിയതിന്റെയും, കാരുണ്യ ഭാഗ്യക്കുറിയുടെയും, നിർഭയ കേരളത്തിന്റെയും തുടങ്ങി സർക്കാർ ഇന്ന് പത്ര  പരസ്യങ്ങളിൽ മാത്രമാണ് നില നിൽക്കുന്നത്. എത്രയെത്ര കോടി രൂപയാണ് ഇങ്ങിനെ അനാവശ്യമായി ഉമ്മൻ ചാണ്ടി സർക്കാർ സർക്കാർ ഖജനാവിൽ നിന്നും എടുത്തു നശിപ്പിക്കുന്നത്?

നരേന്ദ്ര മോഡി ഗുജറാത്ത്-കേരള വികസനങ്ങളെ തൻറെ പ്രസംഗത്തിൽ താരതമ്യം ചെയ്തിരുന്നു. 1998ൽ ആണ് എൽ.എൻ.ജി.ടെർമിനൽ ഗുജറാത്തും കേരളവും തുടങ്ങിയത്.ഗുജറാത്ത്  2004ൽ 2000 കോടി ചിലവിൽ അത് പൂർത്തീകരിച്ചു. കേരളമോ? 16 വർഷത്തിനു ശേഷം   2014 ൽ. രണ്ടു മൂന്നാഴ്ച മുൻപേ. അതും  4200 കോടി രൂപ ചിലവിൽ. ഇതാണ് കുഞ്ഞാലിക്കുട്ടിയുടെ കേരള വികസന മോഡൽ.  5 ദശ ലക്ഷം ടണ്‍   സ്ഥാപിത ശേഷിയുടെ 10 ശതമാനം കുറവാണ്  ഈ എൽ.എൻ.ജി.ടെർമിനൽ പ്രവർത്തിക്കുന്നത്. അതിനാൽ നഷ്ട്ടത്തിലുമാണ്. ഇങ്ങിനെ പോയാൽ ഇത് മൊത്തം നഷ്ടം ആയിരിക്കുമെന്ന് കേന്ദ്ര പെട്രോളിയം സെക്രട്ടറി പറയുകയുണ്ടായി.  1991-96 ൽ 5 വർഷം 2001-2006ൽ 5 വർഷം ഇപ്പോൾ 3 വർഷം, അങ്ങിനെ 13 വർഷം വ്യവസായ മന്ത്രി ആയതിന്റെ വികസനം ആണ് ഇന്ന് കേരളത്തിൽ കാണുന്നത്. ഗുജറാത്തിൽ ചെറുകിട വ്യവസായ വികസനത്തിന്‌ ഇൻഡസ്റ്റ്രിയൽ എസ്റ്റെറ്റ്കൾ വളരെ സഹായം ചെയ്തു. കേരളത്തിൽ തുടങ്ങിയവ യെല്ലാം ഇന്നെവിടെയാണ്‌? എല്ലാം നശിച്ച് അന്യാധീന പെട്ടു പോയി. സോപ്പ്,ചീപ്പ്,കണ്ണാടി,പൌഡർ, പേസ്റ്റ്, ഉടുതുണി,ചെരുപ്പ്‌, പേന,ബുക്ക്, പെയിന്റ്, എന്ന് വേണ്ട ഉപ്പ് തൊട്ട്‌ കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾ  എല്ലാം അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരേണ്ടി ഇരിക്കുന്നു. ഇതാണ് കേരള മോഡൽ വികസനം. കൊച്ചി നഗരത്തിൻറെ ഹൃദയ ഭാഗത്തുള്ള സ്ഥലം സ്മാർട്ട് സിറ്റി എന്ന പേരിൽ വിദേശ വ്യവസായികൾക്ക്  തീറെഴുതി കൊടുത്തതല്ലേ ഐ.റ്റി. മേഖലയിലെ വികസനം? കേരളത്തിൻറെ വ്യവസായ വികസനം പ്രസംഗത്തിലും, പത്ര പരസ്യങ്ങളിലും റിയൽ എസ്റ്റെറ്റ് വ്യവസായത്തിലും മാത്രം ഒതുങ്ങി നിൽക്കുന്നു. ഇപ്പോഴിതാ കേരള വികസനം ഗുജറാത്തിലും എത്തിച്ചിരിക്കുന്നു.

2014, ഫെബ്രുവരി 12, ബുധനാഴ്‌ച

റെയിൽവേ ബഡ്ജറ്റ്

 ഇതാ മറ്റൊരു റെയിൽവേ ബഡ്ജറ്റ് കൂടി വന്നിരിക്കുന്നു. യു.പി.എ. സർക്കാരിന്റെ അവസാന ബഡ്ജറ്റ്. ( വോട്ട് ഓണ്‍ അക്കൌണ്ട് 2014). എല്ലാ കാലത്തെ എന്ന പോലെ ഇത്തവണയും കേരളത്തിന്‌ കുമ്പിളിൽ തന്നെ കഞ്ഞി. കേരളം ഇന്ത്യാ മഹാരാജ്യത്തിന്റെ പുറത്തുള്ള ഏതോ സാമന്ത സംസ്ഥാനം എന്ന രീതിയിൽ ആണ് കേന്ദ്രം എന്നും കേരളത്തോട് പെരുമാറിയിട്ടുള്ളത്. അവഗണനയുടെ കാഠിന്യം ഓരോ ബഡ്ജറ്റ്കഴിയുമ്പോഴും കൂടി ക്കൂടി വരുന്നു എന്ന് കാണാം. ഇത്തവണത്തെ ബഡ്ജറ്റിലും കേരളത്തിൻറെ അടിസ്ഥാന പരമായ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കുകയോ റെയിൽവേ വികസനത്തിനായി പണം വകയിരുത്തുകയൊ ചെയ്തിട്ടില്ല. കേരളത്തിൻറെ ഏറ്റവും അത്യാവശ്യമായ പാത ഇരട്ടിപ്പിക്കലിനും. വൈദ്യുതീകാരണത്തിനും ഒരു രൂപ പോലും ഇല്ല. പാലക്കാട് കോച്ച് ഫാക്ടറിയെ പറ്റിയും, ചേർത്തല വാഗണ്‍ ഫാക്ടറിയെ പറ്റിയും ഒരക്ഷരം പറയുന്നില്ല. നേമം റെയിൽവേ യാർഡ്‌നെപ്പറ്റി ഒന്നും ഇല്ല. ആകെ രണ്ടു തീവണ്ടി വരും എന്ന് പറയുന്നു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒരു തീവണ്ടി ഇതേ വരെ ഓടി തുടങ്ങിയിട്ടില്ല. അഥവാ വന്നാൽ തന്നെ ഇതെല്ലാം കൂടി എവിടെ ഓടും?പാളങ്ങൾ ഇപ്പോൾ തന്നെ അതിൻറെ പരമാവധിയിലും വളരെ കൂടുതൽ ഉപയോഗിക്കുകയാണ്. ഇടയ്ക്കിടെ പാളത്തിൽ വിള്ളൽ കാണുന്നത് ഇതിനാലാണ്.

കേരളത്തിൻറെ ന്യായമായ  ആവശ്യങ്ങൾ പർലമെന്റിലും കേന്ദ്ര റെയിൽ മന്ത്രാലയത്തിലും അവതരിപ്പിക്കാനും അവ നേടിയെടുക്കാനും ആണ് നമ്മൾ കുറെ എം.പി. മാരെ തെരഞ്ഞെടുത്തു ഡൽഹിക്ക് അയക്കുന്നത്. ആകെ 29 എം.പി.മാരാണ് കേരളത്തിൽ നിന്ന് പോയിരിക്കുന്നത്. ( 9 രാജ്യ സഭ ക്കാർ). മന്ത്രിമാരോ? അത് 8 എണ്ണം. കാബിനറ്റിലെ രണ്ടാമൻ ആയ, സോണിയയുടെ വിശ്വസ്തൻ, സർവ ശക്തനായ പ്രതിരോധ മന്ത്രി ആന്റണി ഉൾപ്പടെ. കാബിനറ്റ്‌ റാങ്കിൽ ഒരാൾ കൂടി. വയലാർ രവി. (ഇവരുടെ നാട്ടിലാണ് വാഗണ്‍ ഫാക്ടറി വരും എന്ന് പണ്ട് പറഞ്ഞത്.)  ഇത്രയും പേർ അവിടെ ഉള്ളപ്പോഴാണ് നമുക്ക് ഒന്നും കിട്ടാതെ പോകുന്നത്. ഇതിൻറെ അർഥം എന്താണ്?  ഇവരാരും കേരളത്തിൻറെ പ്രശ്നം കേന്ദ്രത്തിൽ അവതരിപ്പിക്കുന്നില്ല എന്നത് തന്നെ. ബഡ്ജറ്റ് കഴിഞ്ഞ ഉടനെയുള്ള ചാനൽ ചർച്ചയിൽ പി.സി.ചാക്കോ പറയുകയാണ്‌ കേരളത്തിൻറെ ആവശ്യങ്ങൾ മുൻ ഗണനാ ക്രമത്തിൽ എം.പി.മാർ  കേന്ദ്രത്തിൽ അവതരിപ്പിക്കാത്തതാണ് പ്രശ്നം എന്നാണു. അതാരുടെ കുറ്റമാണ്? എന്ത് കൊണ്ടാണ് അങ്ങിനെ ചെയ്യാത്തത്. അത് എം.പി.മാരുടെ കഴിവ് കേടല്ലേ? പെട്ടെന്ന് പൊട്ടി മുളയ്ക്കുന്ന ഒന്നല്ല ബഡ്ജറ്റ്. അതിന് വളരെ നേരെത്തെ തയ്യാറെടുപ്പുകൾ നടത്തുന്നു. അതനുസരിച്ച് കേരളത്തിൻറെ ആവശ്യങ്ങൾ എന്താണെന്ന് അറിഞ്ഞു, ചർച്ച ചെയ്ത് കൂട്ടായി അവ നടപ്പിലാക്കിക്കിട്ടാൻ ശ്രമിക്കുകയാണ് വേണ്ടത്.ഏതെങ്കിലും ഒരു  ബഡ്ജറ്റിന് മുൻപ് അവർ ഇത്തരം ഒരു കർമം ചെയ്തിട്ടുണ്ടോ? ഇല്ല. പാർലമെന്റ് കൂടാത്ത വേളയിൽ അവർ വിമാനത്തിൽ നാട്ടിലേക്ക് ടൂർ വരും.ഇടതു എം.പി. മാർ പിണറായിയുടെ കാൽ തൊട്ടു വന്ദിച്ചു ഇവിടെ കഴിയും. കോണ്‍ഗ്രസ് എം.പി. മാരാകട്ടെ സുധാകരനെ പോലെ ഗ്രൂപ്പ് വഴക്കിനു തിരി കൊളുത്തി തിരിച്ചു പോകും. ഇവിടത്തെ പ്രശ്നങ്ങൾ എന്താണെന്ന് അന്വേഷിക്കാൻ തങ്ങളുടെ നിയോജക മണ്ഡലത്തിൽ ഒരു മീറ്റിംഗ് പോലും ഒരു എം.പി. പോലും ഇന്ന് വരെ വിളിച്ചു കൂട്ടിയിട്ടില്ല എന്നുള്ളത് അതിശയമായി തോന്നുന്നില്ലേ?

ഈ എം.പി. മാർക്ക് ഇതൊന്നും അറിഞ്ഞു കൂടാ എന്നൊന്നും ധരിക്കരുത്. അവർ  ചെയ്യുന്നില്ല എന്ന് മാത്രം. ഡൽഹിയിലെ സുഖ ജീവിതത്തിനിടയിൽ എന്തിനു നാടിനു വേണ്ടി ബുദ്ധി മുട്ടണം?  അഞ്ചു വർഷത്തേക്ക് ആർക്കും ഒന്നും ചോദിക്കാൻ അവസരം ഇല്ലല്ലോ. അത് കഴിഞ്ഞും രാഷ്ട്രീയ,ഗ്രൂപ്പ് കളികളിൽ എങ്ങിനെയെങ്കിലും അടുത്ത അഞ്ചു വർഷം വീണ്ടും കയറിക്കൂടാം. പിന്നെ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ താൽപ്പര്യം എടുക്കേണ്ടത് കേരള സർക്കാർ ആണ്. നമ്മുടെ സർക്കാരിന് അതിനും സമയമില്ല. ഗ്രൂപ്പ് കളിയിൽ മുഴുകിയിരിക്കുക ആണവർ. ചെന്നിത്തല ആഭ്യന്തര മന്ത്രി ആയതിലും സുധീരൻ പ്രസിഡണ്ട്‌ ആയതിലും തുടർച്ചയായി രണ്ടു തവണ തോറ്റതിൽ ഉള്ള ക്ഷീണത്തിൽ ആണ് ഉമ്മൻ ചാണ്ടി. അവർക്കൊക്കെ നാടിൻറെ കാര്യം നോക്കാൻ എവിടെ സമയം?

ഏതായാലും ഇതിനൊരു മാറ്റം വന്നേ മതിയാകൂ. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൻറെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിവില്ലാത്ത നിലവിലുള്ള രാഷ്ട്രീയ പാർട്ടികളും എം.പി.മാർ ആരും വീണ്ടും പാർലമന്റ് കാണില്ല എന്ന് ജനങ്ങൾ തീരുമാനിക്കണം.

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

നിലവാരമില്ലാത്ത വൈസ് ചാൻസലർമാർ

മാർക്ക്‌ തിരുത്തിയവനും, രണ്ടാം തവണ പാസ്സായവനും ഒക്കെയാണ് ഇന്ന് കേരളത്തിലെ സർവകലാശാല കളുടെ വൈസ് ചാൻസലർ മാർ ആയി വരുന്നത്. പണ്ഡിത വരേണ്യർ അലങ്കരിച്ചിരുന്ന ആ പദവിയിൽ ആണ് ഇന്ന് അണ്ടനും അടകോടനും കയറിയിരുന്നു നിരങ്ങുന്നത് എന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിനു സംഭവിച്ച അപചയം ആണ് കാണിക്കുന്നത്. അധികാരം നിലനിർത്തുകയും   പണം സമ്പാദിക്കുകയും മാത്രം ലക്ഷ്യമാക്കിയിട്ടുള്ള രാഷ്ട്രീയ കോമരങ്ങൾ ആണ് വിദ്യാഭ്യാസ മേഖലയിലെ  ഈ ദുര്യോഗത്തിന് കാരണം. വിവരവും,വിദ്യാഭ്യാസവും, കഴിവും,പാണ്ഡിത്യവും ഉള്ള ആളുകൾ ഇല്ലാത്തതിനാൽ അല്ല ഈ എഭ്യന്മാരെ വൈസ് ചാൻസലർ പദവിയിൽ കുടിയിരുത്തുന്നത്. വൈസ് ചാൻസലർ പദവി രാഷ്ടീയ പാർട്ടികൾക്കും ജാതികൾക്കും വീതം വച്ച് നൽകുന്നത് കൊണ്ടാണിത്. കേരള സർവകലാശാല നായർക്കൊ,ഈഴവനോ, ഒരു ഹിന്ദുവിനൊ, മഹാത്മാ ഗാന്ധി ഒരു ക്രിസ്ത്യാനിക്ക് (കേരള കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലും ഒരു വിഭാഗത്തിന്), കോഴിക്കോട് തീർച്ചയായും ഒരു മുസ്ലീമിന് (അത് മുസ്ലിം ലീഗിന് തീറെഴുതിയിരിക്കുകയാണ്). ഇങ്ങിനെയാണ്‌  വിഭജനം. ഇത്തരത്തിൽ ആകുമ്പോൾ നിലവാരമുള്ള ഒരാളെ കണ്ടെത്താൻ പലപ്പോഴും കഴിയില്ല.  മുസ്ലിം ലീഗിനോട് കൂറുള്ള മുസ്ലീമും കേരള കോണ്‍ഗ്രസ്സിനോട് കൂറുള്ള ക്രിസ്ത്യാനിയും വേണമല്ലോ.

 അടുത്തിടെ മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ എ.വി.ജോർജ് കള്ള  ബയോ ഡേറ്റ നൽകിയതിന് ചാൻസലർ ആയ ഗവർണർ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിരുന്നു. കേരള കോണ്‍ഗ്രസ്സിന്റെ  ശക്തമായ പിന്തുണ ജോർജിന്  ഉള്ളത് കൊണ്ട് ഉമ്മൻ ചാണ്ടി അനുകൂലമായ  അഭിപ്രായം ഗവർണർക്ക് നൽകുകയും   ഗവർണർ അത് അംഗീകരിക്കുകയും ആയിരിക്കും അന്തിമമായി സംഭവിക്കുന്നത്‌. ഈ ഗവർണറും പണ്ടത്തെ രാഷ്ടീയക്കാരൻ ആണല്ലോ. അന്ന് രാഷ്ട്രീയത്തിൽ കാണിച്ച കൂറിന് പ്രതിഫലമായൊ, രാഷ്ടീയത്തിൽ നിന്നും ഒഴിവാക്കാനോ ആണല്ലോ ഗവർണർ ആക്കുന്നത്. 1993ൽ  യു.ഡി.എഫ്.ൻറെ നോമിനി ആയ ജെ.വി.വിളനിലം അംഗീകാരം ഇല്ലാത്ത ഡോക്ടറേറ്റ് കൊണ്ടാണ്   വൈസ് ചാൻസലർ ആയത് എന്ന് ആരോപണം വന്നിരുന്നു. ഇപ്പോഴിതാ കേരള സർവകലാശാലയിൽ രണ്ടാം വട്ടം എം.എസ്.സി. പാസ്സായ ഒരാളെ നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഈ ആൾക്ക് 60 വയസ്സ് തികയാറായത് കൊണ്ട് കാര്യങ്ങൾ നിയമത്തെ മാറി കടന്ന് ധൃതി പിടിച്ച് നടത്തുകയാണ്.

സമൂഹത്തിൽ അംഗീകാരം കിട്ടാൻ വേണ്ടി പേരിന് മുന്നിൽ  "അഡ്വ." എന്ന് വയ്ക്കാൻ മാത്രം  കോളേജിന്റെ പടി വാതിൽ കയറിയ  രാഷ്ട്രീയക്കാർക്ക് വിദ്യാഭ്യാസത്തിന്റെ മഹത്വമോ, അന്തസ്സത്തയൊ, ഭാവി തലമുറയ്ക്ക് അത് നൽകുന്ന പ്രയോജനമോ മനസ്സിലാകില്ല. ഇത്തരക്കാരെ തെരഞ്ഞെടുത്ത ജനം തന്നെ വിഡ്ഢി. 

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

Recuse- പിന്മാറ്റം

"ജഡ്ജിയായി ഹൈക്കോടതിയിൽ നിയമിതനായ ഞാൻ   ഭാരതത്തിൻറെ ഭരണ ഘടനയോട് സത്യസന്ധമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിൻറെ പരമാധികാരവും അഖണ്ഡതയും  ഉയർത്തിപ്പിടിക്കുമെന്നും,  ഉചിതമായും വിസ്വസ്ഥതയോടെയും, എൻറെ പരമാവധി  കഴിവും  അറിവും ,നിർണയ ശക്തിയും  ഉപയോഗിച്ച് എൻറെ പദവിയിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം ഭയമോ, പക്ഷപാതിത്വമോ, സ്നേഹമോ, വിദ്വേഷമോ കൂടാതെ  ഞാൻ  നിർവഹിക്കുമെന്നും, ഭാരതത്തിൻറെ ഭരണഘടനയും നിയമങ്ങളും ഞാൻ ഉയർത്തിപ്പിടിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു."

കറുത്ത മേലുടയാടയും അണിഞ്ഞ് ദൈവ നാമത്തിലോ/ സഗൌരവമായ പ്രസ്താവനയിലൂടെയോ ഭരണഘടനാനുസൃതം ജഡ്ജിമാർ എടുക്കുന്ന സത്യ പ്രതിജ്ഞ ആണ് ഇത്. വളരെ ദീർഘ വീക്ഷണത്തോട് കൂടിയാണ് ഈ സത്യ പ്രതിജ്ഞ എഴുതി ഉണ്ടാക്കിയത്. "എന്നിൽ  നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം ഭയമോ, പക്ഷപാതിത്വമോ, സ്നേഹമോ, വിദ്വേഷമോ കൂടാതെ  ഞാൻ  നിർവഹിക്കും" എ ന്നാണ് പ്രതിജ്ഞയുടെ ഒരു ഭാഗം. ഇതിൻറെ പശ്ചാത്തലത്തിൽ വേണം കേസുകൾ കേൾക്കുന്നതിൽ നിന്നും ജഡ്ജ്മാർ പിന്മാറുന്നത് നോക്കിക്കാണാൻ. ലാവലിൻ കേസിൽ നിന്നും കേരള ഹൈക്കോടതിയിലെ 4 ജഡ്ജ്മാർ ആണ് പിന്മാറിയത്. ആരും കാരണം പറഞ്ഞിട്ടില്ല ഒരാളൊഴികെ.അത്  ഇപ്പോഴത്തെ പ്രോസിക്കുഷൻ വക്കീലിൻറെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്നുള്ള കാരണം. നേരിട്ട് ആരും ഹൈക്കോടതിയിൽ പൊതുവെ എത്താറില്ലല്ലോ. അവരെല്ലാം എന്നെങ്കിലും ആരുടെയങ്കിലും കീഴിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. മറ്റു ജഡ്ജ് മാർ  കാരണം ഒന്നും പറഞ്ഞിട്ടില്ല.  ഇന്നത്തെ കാല ഘട്ടത്തിൽ നീതിക്ക് ജനങ്ങൾ പ്രതീക്ഷാ നിർഭരർ ആയി നോക്കുന്നത് നീതി ന്യായ കോടതികളെയാണ്. നിർഭയമായി, നിഷ്പക്ഷമായി അല്ലേ കേസുകൾ കേൾക്കുന്നത്?  ബഹുമാനപ്പെട്ട ജഡ്ജ്മാരുടെ അവകാശം ആയിരിക്കാം ഇത്. നിയമപരവും ആയിരിക്കാം. അനേക വർഷത്തെ അനുഭവ ജ്ഞാനത്തിൽ നിയമത്തെ പ്പറ്റി അവഗാഹം ഉള്ള പണ്ഡിതരായ  അവർ തെറ്റായി ഒന്നും  ചിന്തിക്കയില്ലല്ലൊ. 

പക്ഷെ ഒരു സംശയം അവശേഷിക്കുന്നു. കേരള ഹൈ ക്കോടതിയിലെ എല്ലാവരും ഇങ്ങിനെ മാറിയാൽ കേസ് മറ്റൊരു സംസ്ഥാനത്ത് പോകുമോ? എല്ലാ സംസ്ഥാന ഹൈക്കൊടതികളും നിരാകരിച്ചാൽ എന്തായിരിക്കും സ്ഥിതി? സുപ്രീം കോടതിയിൽ പോകുമോ? ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരും, സുപ്രീം കോടതി ചീഫ് ജസ്റ്റീസും ജഡ്ജ്മാരും കൂടിയാലോചിച്ച് ഇതിനൊരു പരിഹാരം കാണണം. കോടതി അലക്ഷ്യം എന്ന ഖഡ്ഗം തലയ്ക്കു മുകളിൽ ഡെമോക്ലിസിൻറെ വാള് പോലെ തൂങ്ങി നിൽക്കുന്നത്  കണ്ടു കൊണ്ടാണ് ഇതെഴുതുന്നത്. നമ്മൾ സാധാരണ പൌരന്മാർ ആണല്ലോ.


  1. recuse
    rɪˈkjuːz/
    verb
    N. AMER.
    1. 1.
      challenge (a judge or juror) as unqualified to perform legal duties because of a potential conflict of interest or lack of impartiality.
      "he was recused when he referred to the corporation as ‘a bunch of villains’"

കാശിനു വേണ്ടിയുള്ള സമരം.

മണൽ മാഫിയക്ക് എതിരെ ജസീറ എന്ന സ്ത്രീ   ഒറ്റയ്ക്ക്  നടത്തിയ സമരം   വളരെ ജന ശ്രദ്ധ പിടിച്ചു പറ്റി. കടപ്പുറത്ത് നിന്നും മണൽ വാരുന്നതിനെതിരെ കോഴിക്കോട് തുടങ്ങിയ സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടർന്ന് അവസാനം ഭാരതത്തിൻറെ ഭരണ സിരാ കേന്ദ്രമായ ഡൽഹിയിൽ വരെ എത്തി. ഒരു സാമൂഹിക പ്രശ്നത്തിൽ ഭരണാധികാരികളോട് ഒറ്റയ്ക്ക് പൊരുതുന്ന അവരോട് ബഹുമാനം തോന്നിയിരുന്നു. അന്നൊന്നും ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും അവർക്ക് പിന്തുണ നൽകിയില്ല. കോണ്‍ഗ്രസ്സ് ശക്തിയായി എതിർക്കുകയും ചെയ്തു.

രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യം കേട്ടിട്ടില്ലേ  " സമരത്തിൻറെ രൂപം മാറും ഭാവം മാറും"  അത് പോലെ  ഇവിടെ രൂപവും മാറി ഭാവവും  മാറി. ഇപ്പോൾ ജസീറ സമരം ചെയ്യുന്നത് മണൽ  വാരലിന് എതിരെയല്ല. ആരോ ഒരാൾ ഔദാര്യമായി വാഗ്ദാനം നൽകിയ പണം കിട്ടണം എന്ന് പറഞ്ഞ് അയാളുടെ വീട്ടു പടിക്കൽ ആണ്. എന്തൊരു സമരം. ആരെങ്കിലും കാശ് കൊടുക്കാം എന്ന് പറഞ്ഞാൽ അതിന് കൈ നീട്ടാൻ ഈ സ്ത്രീക്ക് നാണം ഇല്ലേ? ഇത്തരം ഒരു സമരത്തിന്‌ പിന്നിൽ ഇത് വരെ  സമരത്തിന്‌ പിന്തുണ നൽകാത്ത ഒരു രാഷ്ട്രീയ പാർട്ടി ആണെന്ന് എല്ലാവർക്കും അറിയാം. വഴി അടച്ചുള്ള ഒരു സമരത്തിന്‌ എതിരെ പരസ്യമായി പ്രതികരിച്ച മറ്റൊരു സ്ത്രീക്ക് ആ മനുഷ്യൻ 5 ലക്ഷം രൂപ നൽകിയിരുന്നു. അതിന് പകരം വീട്ടുകയാണ് പാർട്ടി. പണ്ട് ഇതേ പോലെ ലക്ഷങ്ങൾ കൈ നീട്ടി വാങ്ങിയ ഒരു മാർക്സിസ്റ്റ് പാർട്ടിക്കാരൻ അടുത്തിടെ ഇതിൽ പ്രതിഷേധിച്ചു ആ പണം തിരിച്ചു കൊടുക്കും എന്ന് പറഞ്ഞിരുന്നു. എന്തൊരു മനുഷ്യർ. 

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

റെയിൽവേ വികസനം കേരളത്തിൽ






ഇന്നലെ തിരുവനന്തപുരം കൊച്ചു വേളിയിൽ ട്രെയിൻ ഷണ്ടിങ്ങ് നടത്തുമ്പോൾ ഒരു കോച്ച് തകർന്നു വീണു. എഞ്ചിനിൽ ഘടിപ്പിച്ച്‌ വലിച്ചു  നീക്കിയപ്പോൾ  പൊളിഞ്ഞു വീഴുകയായിരുന്നു.   ഷണ്ടിങ്ങിനിടെ ആയതു കൊണ്ട്    ഒരു വലിയ ദുരന്തം ഒഴിവായി. മലയാളി എന്നത്തേയും പോലെ ഭാഗ്യം കൊണ്ടാണ് ഇത്തവണയും രക്ഷപ്പെട്ടത്. യാത്രക്കിടെ ആയിരുന്നെങ്കിൽ പൊളിഞ്ഞു വീണ  കോച്ചിനോടോപ്പം മറ്റു കോച്ചുകളും മറിഞ്ഞേനെ.  കാലപ്പഴക്കം ചെന്ന കോച്ചു ആയിരുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത്. നേരത്തെ ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഒരു തീവണ്ടിയുടെ കോച്ച് തകർന്ന സംഭവവും ഉണ്ടായിട്ടുണ്ട്. കേരളത്തിന്‌ എന്നും റെയിൽവേയുടെ അവഗണന മാത്രമാണുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ടിക്കറ്റ് എടുത്ത് മാന്യമായി യാത്ര ചെയ്യുന്നവരാണ് കേരളത്തിൽ മലയാളികൾ. എന്നിരുന്നാലും റെയിൽവേ അധികൃതരുടെ അവഗണനയും ഉദ്യോഗസ്ഥരുടെ ഉപദ്രവവും ഏറ്റവും കൂടുതൽ കേരളത്തിൽ ആണുള്ളത്. ഡൽഹി റെയിൽ ഭവനിൽ ഇരിക്കുന്ന മാന്യ ദേഹങ്ങൾ ഇങ്ങ് തെക്കേ അറ്റത്ത്‌ കേരളം ( അത് പോലും നേരെ ഉച്ചരിക്കാൻ ഈ പൊട്ടന്മാർക്കു അറിയില്ല - "കേരൾ" എന്നാണവർ പറയുന്നത്. തിരുവനന്തപുരത്തിന്    "ത്രിവേന്ധ്രം" എന്നും) എന്നൊരു സംസ്ഥാനം ഉണ്ടെന്ന്  അംഗീകരിക്കുന്നില്ല. അതിനാൽ ഇവിടെ ഒരു റെയിൽവേ വികസനവും നടത്തുന്നുമില്ല. റിപ്പയറിനായി കോച്ചും മറ്റും ചെന്നയിൽ കൊണ്ട് പോകും. പകരം അവർ തരുന്നതോ അവിടെ ഉപയോഗിച്ച് പഴകിയ,കാലഹരണപ്പെട്ട കോച്ചുകളും.

 ഇതിൻറെയൊക്കെ പ്രധാന കാരണം ഇവിടെ കേരളത്തിൽ നട്ടെല്ലുള്ള ഭരണാധികാരികൾ ഇല്ലാത്തതാണ്. ഡൽഹിയിൽ ചെന്ന് അധികാരികളുടെയും മന്ത്രിമാരുടെയും മുന്നിൽ കവാത്ത് മറന്ന് പഞ്ച പുശ്ചം അടക്കി നിൽക്കുന്ന ഏറാൻ മൂളികൾ ആണവർ. തിണ്ണ മിടുക്ക് കാണിക്കാൻ മാത്രമേ അവർക്ക് കഴിയുകയുള്ളൂ. ഇവിടെ കിടന്ന് വീമ്പിളക്കാൻ മാത്രം.  മറ്റൊരു കാര്യം ഇവരുടെ താൽപ്പര്യക്കുറവ്  ആണ്. എവിടെ പോകാനും വിമാനവും കൊടി വച്ച കാറും ഉള്ളപ്പോൾ ഇവർ എന്തിന് സാധാരണക്കാരെ പറ്റി ചിന്തിക്കണം?  ഈ സംഭവത്തിന്‌ ശേഷം നമ്മുടെ ആര്യാടൻ മന്ത്രി നിയമസഭയിൽ പറയുകയുണ്ടായി, കേരളത്തിൽ ഓടുന്ന 70% കോച്ചുകളും പഴയതും തുരുമ്പ് എടുത്തതും ആണെന്ന്! കൂടുതലും 25 വർഷത്തിൽ ഏറെ പഴക്കമുള്ളതാണെന്നും. ഒരു മന്ത്രി എന്ന നിലയിൽ വളരെ  നല്ല പ്രകടനം. അദ്ദേഹത്തിന് അഭിമാനിക്കാം. തിരുവനന്തപുരം -എറണാകുളം 216 കിലോമീറ്റർ ദൂരം ഡബിൾ ലൈൻ ആക്കാൻ 38 വർഷം കൊണ്ടും കഴിയാത്തവർ ആണ് നമ്മുടെ ഭരണാധികാരികൾ എന്നത് ലജ്ജ കൊണ്ട് നമ്മുടെ തല കുനിപ്പിക്കുന്നു. 

ഒ. രാജഗോപാൽ റെയിൽവേ സഹ മന്ത്രി ആയിരുന്നപ്പോൾ മാത്രമാണ് കേരളത്തിൽ എന്തെങ്കിലും വികസനം നടന്നത്. കേരള സർക്കാർ ചോദിക്കാതെ തന്നെ അർഹമായ സ്ഥാനം കേരളത്തിനു നൽകി. പുതിയ പാളങ്ങളും, തീവണ്ടികളും, സ്റ്റെഷനും,  വൈദ്യുതീകരണവും, തുടങ്ങി വൻ വികസനമാണ് ആ കാലഘട്ടത്തിൽ നടന്നത്. അതിനു മുന്നും പിന്നും എല്ലാം ശൂന്യം. ബി.ജെ.പി.സർക്കാരിന്റെ ഔദാര്യത്തിൽ ആണ് കേരളത്തിന്‌ മന്ത്രിയെ തന്നത്. മദ്ധ്യപ്രദേശിൽ നിന്നും രാജ്യ സഭയിൽ കൊണ്ട് വന്ന്‌ അദ്ദേഹത്തെ മന്ത്രി ആക്കിയത്. ഇന്നിതാ പറഞ്ഞു വച്ച പാലക്കാട് കൊച്ച് ഫാക്ടറി നഷ്ട്ടപ്പെടാൻ പോകുന്നു. ചേർത്തല വാഗണ്‍ ഫാക്ടറിയ്ക്കും അതെ ഗതി വരാൻ പോകുന്നു. അങ്ങിനെ വാഗ്ദാനങ്ങൾ പലതും നഷ്ട്ടപ്പെടും. യാത്രയിൽ പൊളിഞ്ഞ് തെറിച്ചു പോകുന്ന കോച്ചുകളുമായി ആജീവനാന്തം നമ്മൾ കഴിയേണ്ടി വരും. വരുന്ന കേന്ദ്ര മന്ത്രി സഭയിലും രാജഗോപാലിന് സാധ്യത ഉണ്ട്. തിരുവനന്തപുരത്തെ പ്രബുദ്ധരായ ജനങ്ങൾ തീരുമാനിക്കട്ടെ.