2014, ഫെബ്രുവരി 26, ബുധനാഴ്‌ച

എം.പി.- എം.എൽ.എ.-Privileges


പാർലമെന്റിലെയും   നിയമ സഭയിലെയും സാമാജികർക്ക് ഉള്ള പ്രത്യേക അവകാശങ്ങൾ സഭക്കുള്ളിലെ പ്രവർത്തനത്തിനു മാത്രമാണെന്ന സുപ്രീം കോടതി വിധി സാധാരണക്കാരന് വലിയ ആശ്വാസം നൽകുന്നതാണ്.സഭക്ക് പുറത്ത് ഇവർക്ക് പ്രത്യേക അവകാശങ്ങൾ ഇല്ലെന്നും സാധാരണക്കാരന് ബാധകമായ നിയമങ്ങൾ ഇവർക്കും തുല്യമായി ബാധകം ആണെന്നും ആ നിയമങ്ങളിൽ നിന്നും അവരെ ഒഴിവാക്കിയിട്ടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

നാം തെരഞ്ഞെടുത്ത് പാർലമെന്റിലേക്കും നിയമ സഭയിലേക്കും അയയ്ക്കുന്ന നമ്മുടെ പ്രതിനിധികൾ എന്നും നമ്മെക്കാൾ കൂടുതൽ അവകാശങ്ങൾക്കും പ്രത്യേക പരിഗണനക്കും വേണ്ടി മുറവിളി കൂട്ടുന്നവരാണ്. ജനങ്ങൾക്ക്‌ ആവശ്യമുള്ള എന്തെങ്കിലും ഒരു നിയമം പാസാക്കാതിരിക്കാനായി സഭയിൽ കിടന്നു ബഹളം ഉണ്ടാക്കുകയും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബില്ല് വലിച്ചു കീറി കളയാനോ, സ്പീക്കറെ തന്നെ ആക്രമിക്കാനോ ഈ സാമാജികർ ഒട്ടും മടിക്കാറില്ല. പക്ഷെ സ്വന്തം ശമ്പളമോ, അലവൻസോ, മറ്റ് ആനുകൂല്യങ്ങളോ കിട്ടാനുള്ള ബില്ല് യാതൊരു പ്രയാസവും ഇല്ലാതെ ഇവർ പാസ്സാക്കി എടുക്കുന്നത് കാണാമല്ലോ. തെലന്ഗാന ബിൽ അവതരണ സമയത്ത് കുരുമുളക് സ്പ്രേ അടിച്ച് സഹപ്രവർത്തകരെ ബോധ രഹിതരാക്കിയ പാർലമെന്റ് അംഗത്തെയും നമ്മൾ സഭയിൽ കണ്ടല്ലോ. ഇത്തരം പ്രവൃത്തികൾക്കെല്ലാം സഭയുടെ അകത്തുളള അവരുടെ അവകാശം അനുവാദം നൽകുന്നു. തെരഞ്ഞെടുത്തു വിട്ട ജനങ്ങൾക്ക്‌ അതിനാൽ ചോദ്യം ചെയ്യാൻ അധികാരമില്ല. ഇത് ശരിയായില്ല എന്ന് സ്പീക്കർക്ക് പറയാം.

ഇത്തരം അവകാശങ്ങൾ സഭക്ക് പുറത്തു പ്രാവർത്തികം ആക്കുന്നതും  ചോദ്യം ചെയ്യപ്പെടാതെ പോകണം എന്ന ഇവരുടെ ആവശ്യം ആണ് സുപ്രീം കോടതി ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞത്.   സ്വന്തം വാഹനങ്ങളിൽ ചുവന്ന ബോർഡ് വച്ച് എം.പി.യും എം.എൽ.എ.യും ഗതാഗത നിയമങ്ങൾ ലംഘിച്ച് പോകുന്നത് നമ്മൾ നിത്യേന കാണാറുണ്ടല്ലോ. അത് പോലെ പോലീസ് സ്റ്റെഷനിലെ കയ്യൂക്കും മറ്റും. അടുത്തിടെ സ്വകാര്യ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇവർക്ക് വി.ഐ.പി. പരിഗണനയും ഒരു പ്രോട്ടോകോൾ ഓഫീസറെയും  നൽകണമെന്ന് ഒരു കത്ത് അയച്ചിരുന്നു. അതാണ്‌  നമ്മുടെ പ്രതിനിധികൾ. ഇവർ ചെയ്യുന്ന അഴിമതിക്കും കുറ്റ കൃത്യങ്ങൾക്കും ഒരു മറയാക്കാൻ വേണ്ടിയാണ്  പ്രത്യേക അവകാശം ഇവർ ആവശ്യപ്പെടുന്നത്. ഏതായാലും സുപ്രീം കോടതി വിധി യോട് കൂടി നിയമ പാലകർ തങ്ങളുടെ കൃത്യ നിർവഹണം  ശരിയായി നടത്തുമെന്ന് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ