2014, ജൂലൈ 24, വ്യാഴാഴ്‌ച

മന്ത്രിമാരുടെ ത്യാഗം

ഉദ്ഘാടനം ചെയ്യാനും,  മുഖ്യാതിഥി, വിശിഷ്ടാതിഥി, മുഖ്യ പ്രഭാഷകൻ തുടങ്ങിയ  ബഹു വിധ  വേഷങ്ങളിൽ   പൊതു ചടങ്ങുകളിൽ അഭിനയിക്കാനും  വിധിക്കപ്പെട്ട പാവം മന്ത്രിമാരുടെ നിസ്സഹായാവസ്ഥയും  ദൈന്യതയും വിവര മന്ത്രി കെ.സി. ജോസഫ് വിഷമത്തോടെ വിവരിക്കുന്നത് വായിച്ചപ്പോൾ അവരുടെ ദുര്യോഗത്തിൽ അതിയായ സങ്കടം തോന്നി. ( 24ലെ  മാതൃഭൂമി) ഉദ്ഘാടനം നടത്താതെ ജനങ്ങൾ അവരെ വെറുതെ വിടില്ലത്രേ.   ജനങ്ങൾക്ക്‌ വേണ്ടി അവർ സഹിക്കുന്ന ആ വലിയ  ത്യാഗത്തിൽ അവരോട് കൃതജ്ഞതയും തോന്നി.  ജൂലായ്‌ 15- ആറ്റുകാൽ പോലീസ് ഔട്ട്പോസ്റ്റ് ഉദ്ഘാടനം. അതിൽ  പങ്കെടുക്കുന്നത്  രണ്ടു മന്ത്രിമാർ. ജൂലായ്‌ 23 കോവളം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം അതിലും   2 മന്ത്രിമാർ.  അന്ന് തന്നെ സപ്ലെകോയുടെ  - റംസാൻ-ഓണം വിൽപ്പനമേളയുടെ ഉദ്ഘാടനം, അതിന്  മന്ത്രിമാർ 4. ഈ മൂന്നു സ്ഥലങ്ങളിലും   മുഖ്യ പ്രഭാഷകൻ ഒരേ മന്ത്രി. 4 മണിക്ക് കോവളത്ത്  മുഖ്യ പ്രഭാഷണം നടത്തിയിട്ട് 5 മണിക്ക് സപ്ലെകോയുടെ  മുഖ്യ പ്രഭാഷണത്തിന് ഈ  ബഹു:മന്ത്രി 20 കിലോമീറ്റർ സഞ്ചരിച്ച്  പുത്തരിക്കണ്ടത്ത്  എത്തിയിരിക്കുന്നു. ത്യാഗം എന്നല്ലാതെ മറ്റെന്തു വിളിക്കും ഇതിനെ? 

തിരുവനന്തപുരത്ത് ഒരു സാംസ്കാരിക സംഘടനയുടെ വി.ജെ.റ്റി. ഹാളിലെ  ഒരു ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചപ്പോൾ ആ ദിവസം അസൌകര്യം ഉണ്ടായിരുന്ന   മന്ത്രി അതിനു പകരം  അവരുടെ അടുത്ത ദിവസത്തെ പരിപാടിക്ക്   തന്നെ ഉൾപ്പെടുത്തണം എന്ന് ഇടനിലക്കാരനോട് പറഞ്ഞു ത്യാഗം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.  ഉദ്ഘാടകൻ ആയും മുഖ്യാതിഥി ആയും മറ്റു രണ്ടു  മന്ത്രിമാരെ  അടുത്ത ദിവസത്തേക്ക്‌ തരപ്പെടുത്തിയിരുന്ന സംഘാടകർ ആകട്ടെ ഈ മന്ത്രിയെ നിരാശപ്പെടുത്താതെ അടുത്ത ദിവസത്തെ വിശിഷ്ടാതിഥി ആക്കി അഡ്ജസ്റ്റ്‌ ചെയ്തു.

സർക്കാർപരിപാടികൾക്ക് പുറമേ സ്വർണക്കട, തുണിക്കട, ചിട്ടിക്കമ്പനി  തുടങ്ങിയവയുടെ ഉദ്ഘാടനം ചെയ്യുന്നതിനും അത്തരം മറ്റു  സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിലും  എത്ര താൽപ്പര്യം ആണീ മന്ത്രിമാർ കാണിക്കുന്നത് . തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും  ഒന്ന് 'ഷൈൻ' ചെയ്യാനുമാണ് അവരീ ദൗത്യം ഏറ്റെടുക്കുന്നത്.  തനിക്കും ജന സ്വാധീനവും   അണികളും ഉണ്ടെന്ന്  പാർട്ടി മേധാവികളെ ഒന്ന് "ഇംപ്രസ്സ്"  ചെയ്യിച്ച് ഒന്ന് പിടിച്ചു നിൽക്കാനും,   "ഒരു നിശ്ചയവും ഇല്ല ഒന്നിനും"എന്ന രീതിയിൽ രാഷ്ട്രീയം മാറിയിരിക്കുന്ന ഇക്കാലത്ത്  അധികാരത്തിൽ നിന്നും ചരിത്രത്തിൻറെ ചവറ്റു കുട്ടയിലേക്ക് തൂത്തെറിയുന്നതിനു  മുൻപ് പരമാവധി ശിലാ ഫലകങ്ങളിൽ തൻറെ പേര് പതിയാനും പത്രങ്ങളിലും ചാനലുകളിലും  പടവും വാർത്തയും വരാനുമുള്ള   വ്യഗ്രത ഒന്നു മാത്രമാണീ  ഉദ്ഘാടന പ്രകടനങ്ങൾക്ക് പിന്നിൽ.

കിട്ടുന്ന ഒരവസരവും ഇവർ വെറുതെ കളയാറില്ല. പത്രക്കാരുടെയും ടെലിവിഷൻ ചാനലുകാരുടെയും ക്യാമറയ്ക്ക് മുന്നിൽ സിനിമാ അവാർഡ് പ്രഖ്യാപിക്കാനും, സ്കൂളിലെ പരീക്ഷാ ഫലം പ്രഖ്യാപിക്കാനും  നമ്മുടെ മന്ത്രിമാർ  കാട്ടുന്ന ഉത്സാഹം  ഇവരുടെ ഉള്ളിലിരിപ്പ് വെളിപ്പെടുത്തുമല്ലോ. ഈ ഫല പ്രഖ്യാപനങ്ങൾക്ക് ഒരു സംസ്ഥാന മന്ത്രിയുടെ ആവശ്യം എന്താണ്? ഒരു സാധാരണ പത്ര ക്കുറിപ്പിലൂടെയും     ഇൻറർ നെറ്റിലൂടെയും അറിയിക്കാവുന്ന ഒരു  സാധാരണ കാര്യമാണ് എന്തോ മഹാ  കാര്യം ചെയ്യുന്നത് പോലെ  വലിയ ആർഭാടത്തോടെ മന്ത്രിമാർ പത്രക്കാരെ വിളിച്ചു കൂട്ടി   നടത്തുന്നത്. ഇതൊക്കെ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി അവർ തന്നെ ചെയ്യുന്ന കാര്യങ്ങൾ അല്ലെങ്കിൽ മറ്റെന്താണ്? 

ഇത് കൂടാതെ ഈ ഉദ്ഘാടന മഹാ മഹങ്ങളുടെ പരസ്യങ്ങൾ പത്രത്തിലും കൊടുക്കാറുണ്ട്. പൊതു ഖജനാവിൽ നിന്നും എടുത്ത പണം കൊണ്ട് ഇവരുടെ പടം വച്ച പത്ര പരസ്യങ്ങൾ. ചടങ്ങിൽ പങ്കെടുക്കുന്നില്ലെങ്കിലും  ഈ പരസ്യങ്ങളിലൊക്കെ മുഖ്യ മന്ത്രി ഒരു അഭിവാജ്യ ഘടകം ആണ്. ഇതെല്ലാം സർക്കാർ തന്നെ സംഘടിപ്പിക്കുന്ന  ചടങ്ങുകൾ ആണ്. ഇതിനൊക്കെ വരാൻ പറ്റില്ല എന്ന് പറഞ്ഞാൽ ആരാണ് മന്ത്രിമാരെ അഹങ്കാരികൾ എന്ന് തെറ്റിദ്ധരിക്കുന്നത്?    ലോക സഭ തെരഞ്ഞെടുപ്പു കാലത്ത് തൻറെ ചിരിച്ചു കൊണ്ടിരിക്കുന്ന പടമുള്ള ഫ്ലെക്സ് ബോർഡുകൾ ഒരു നഗര സഭാ സാമാജികൻറെ  സഹായത്തോടെ തിരുവനന്തപുരം നഗരം മുഴുവൻ പതിച്ച ഒരു മന്ത്രിയുടെ കഥയും നാട്ടിൽ  പാട്ടാണ്.  സ്വന്തം പരസ്യം നൽകാൻ ഏതറ്റം വരെയും പോകുന്ന ഈ മന്ത്രിമാർ ആണ്,  ഉദ്ഘാടനങ്ങൾക്ക്  തങ്ങളെ  വേണം എന്ന് ജനങ്ങൾ നിർബന്ധം പിടിക്കുന്നതായി   ചാരിത്ര പ്രസംഗം നടത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ