2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

1 കോടി രൂപ

തിരുവനന്തപുരം ലോക സഭ മണ്ഡലത്തിൽ ജനാധിപത്യ വിരുദ്ധമായ പല കാര്യങ്ങളും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  നടന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പരാജയ ഭീതി പിടി കൂടിയ കോണ്‍ഗ്രസ്സും ഇടതു മുന്നണിയും തെരഞ്ഞെടുപ്പു ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്, എന്തിന്  സാമാന്യ മര്യാദ പോലും ലംഘിച്ചാണ് ഇവിടെ പ്രവർത്തിച്ചത്. കോണ്‍ഗ്രസ്സ് സ്ഥാനാർഥി  ക്രിസ്തീയ മത നേതാക്കളെ തൻറെ വാസ സ്ഥലത്ത് വിളിച്ചു വരുത്തി അവർക്ക്പല പ്രലോഭനങ്ങളും, വിരുന്നും സൽക്കാരവും നൽകുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ  ജനങ്ങൾ കണ്ടതാണ്. അങ്ങിനെ തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനങ്ങൾ ആണ് അവിടെ നടന്നത്.  ജാതി, വർഗീയ  രാഷ്ട്രീയത്തിൻറെ ഏറ്റവും വൃത്തികെട്ട കളികൾ ആണ് ഇരു മുന്നണികളും  കളിച്ചത്. മതേതരത്തിൻറെ മൊത്ത ക്കച്ചവടക്കാരെന്നു സ്വയം പറഞ്ഞു നടക്കുന്ന ഇടതും കോണ്‍ഗ്രസ്സും വൻ തോതിൽ  വർഗീയ പ്രീണനം നടത്തിയാണ് കേരളത്തിൽ  ഇത്രയും വോട്ടും ഇത്രയും സീറ്റും നേടിയത് എന്നത് ഏവർക്കും അറിയാം. പണത്തിന്റെ സ്വാധീനം വൻ തോതിൽ വോട്ട് നേടാൻ ഉപയോഗിച്ചിട്ടുണ്ട്. പണം വാരി എറിയുകയായിരുന്നു വോട്ട് നേടാൻ വേണ്ടി എന്നും ജനങ്ങൾ പറയുമായിരുന്നു. അതിൻറെ തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വന്നത്. 

തിരുവനന്തപുരത്ത് മത്സരിച്ച  ഇടതു മുന്നണി സ്ഥാനാർഥിയിലൂടെ സി.പി.ഐ. യ്ക്ക് തെരഞ്ഞെടുപ്പിൽ 1 കോടി രൂപയാണ് കിട്ടിയിരിക്കുന്നത്. ഇത് പറയുന്നത് മറ്റാരുമല്ല. സി.പി.ഐ. പാർട്ടിയുടെ നേതാക്കൾ തന്നെയാണ്.  സ്ഥാനാർഥി ബെന്നറ്റ്‌ അബ്രഹാമിന്റെത്  ഒരു "പെയ്മെന്റ് സീറ്റ്' ആണെന്ന് തുടക്കം മുതൽ ജനനങ്ങൾ അടക്കം പറയുകയും പിന്നീട് പരസ്യമായി പറയുകയും ചെയ്ത കാര്യങ്ങൾ ആണ് ഇപ്പോൾ പാർട്ടി തന്നെ സമ്മതിക്കുന്നത്.  കുറ്റക്കാരായി സി.ദിവാകരൻ തുടങ്ങി 3 നേതാക്കളുടെ പേരുകൾ പാർട്ടി പറയുകയും ചെയ്തു. കൂടാതെ പന്ന്യൻ രവീന്ദ്രനും ഇതിൽ ഉത്തരവാദിത്വം  ഉണ്ടെന്ന് പാർട്ടിയുടെ അന്വേഷണ കമ്മീഷൻ പറയുകയുണ്ടായി.

ഇത് ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞു ഒഴിയാൻ കഴിയില്ല.  എന്താണ് ഇതിനർത്ഥം? ഒരു കോടി രൂപ വാങ്ങി പാർട്ടി സീറ്റ് നൽകി എന്നല്ലേ? ഇത്  തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ചട്ടങ്ങളുടെ  ലംഘനം അല്ലേ ? ഇൻഡ്യൻ ശിക്ഷാ നിയമങ്ങളുടെ  ലംഘനം അല്ലേ ?    ഈ ഒരു കോടി രൂപയുടെ സ്രോതസ്സ് അന്വേഷിക്കേണ്ടേ? അത് കൂടാതെ ഈ പണം എവിടെ ചെന്നെത്തി എന്നും എന്തിനായി വിനിയോഗിച്ചും എന്ന് അറിയണ്ടേ?  വോട്ടർമാരെ സ്വാധീനിക്കാൻ ഈ പണം ഉപയോഗിച്ചില്ല എന്ന് പറയാൻ കഴിയുമോ?  ഉത്തരവാദിത്വ പ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അതും പാർട്ടിയുടെ ഒരു അന്വേഷണ കമ്മീഷൻ. വ്യക്തമായ തെളിവുകൾ ഇല്ലാതെ അവർ ഇത്തരം ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകില്ലല്ലോ? ഇങ്ങിനെ ഉത്തരം കിട്ടേണ്ട അനേകം ചോദ്യങ്ങൾ ആണ് സി.പി.ഐ. യുടെ ഈ വെളിപ്പെടുത്തലിലൂടെ ഉയർന്നു വന്നിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന ജനങ്ങൾ ഇതിൻറെ സത്യാവസ്ഥ പുറത്തു വരാൻ കാത്തിരിക്കുന്നു.    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ