2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

മഹാത്മാ ചാണ്ടി

"നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യൻറെ മുഖം സങ്കൽപ്പിച്ചു നോക്കുക. എന്നിട്ട് നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാൾക്ക്‌ ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെടുമോ  എന്ന് സ്വയം ചോദിച്ചു നോക്കുക."  ഇത് പറഞ്ഞത് ആരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മഹാത്മാ ഗാന്ധി.അല്ലാതെ ഇത്  പറയാൻ മാത്രം മനുഷ്യ സ്നേഹി മറ്റാരുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അറുപത്തി എട്ടാം വാർഷിക ദിനാഘോഷത്തിൽ ഇത് നമ്മെ ഓർമിപ്പിച്ചത് മറ്റാരുമല്ല. നമ്മുടെ മുഖ്യ മന്ത്രി.   ഗാന്ധിജി ജീവിച്ചിരുന്നപ്പോൾ  ജനിക്കാൻ ഭാഗ്യം ചെയ്ത മനുഷ്യൻ.  ഗാന്ധിജിയുടെ ആദർശത്തിൽ ആകൃഷ്ട്ടനായി ഗാന്ധിജി തുടങ്ങി വച്ച ഇന്ത്യൻ നാഷണൽ കോണ്‍ ഗ്രസ്സിൽ ചേർന്ന് കേരളത്തിൻറെ മുഖ്യ മന്ത്രി പദത്തിൽ എത്തി ജനങ്ങളെ സേവിക്കുന്ന  ശ്രീ ഉമ്മൻ ചാണ്ടി ആണ് ഇത് സ്വയം ഓർമിക്കുകയും നമ്മളെ ഉദ്ബോധിപ്പിക്കുകയും ചെയ്തത്.  വിദ്യാർത്ഥി കാലഘട്ടം മുതൽ ഗാന്ധി കോണ്‍ഗ്രസ്സിൽ ആയിരുന്നിട്ടും ഈ എഴുപതാം വയസ്സിൽ ആണ് വാർധ സന്ദർശിക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയത്.

മാതൃഭൂമി ദിന പ്പത്രത്തിൽ എഴുതിയ " ബാപ്പു കുടിയുടെ മുന്നിൽ " എന്ന ലേഖനത്തിലൂടെ ആണ് വാർധയിലെ അദ്ദേഹത്തിൻറെ അനുഭവങ്ങൾ പങ്കു വയ്ച്ചത്‌. ഇപ്പോഴത്തെ കേരളത്തിലെ തിളച്ചു മറിയുന്ന  ബാർ പ്രശ്നം കൊണ്ട് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ശീർഷകം അൽപ്പം "കണ്‍ഫൂഷൻ' ആയി. ഇനി ബാപ്പു കുടിയിൽ മുന്നിൽ ആയോ എന്നാണോ എന്ന് സംശയം. തന്റെ നിലപാട് ന്യായീകരിക്കാൻ ഗാന്ധിയേയും കുടിയനാക്കിയോ എന്ന്. ഏതായാലുംഈ അവസരത്തിൽ തന്നെ  ശ്രീ ഉമ്മൻ ചാണ്ടി മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകൾ  ഓർമിച്ചത്‌ നന്നായി.  കുടുംബ നാഥന്റെ മദ്യപാനം കൊണ്ട് തകർന്ന കുടംബങ്ങളിലെ,  ഒരു നേരത്തെ ആഹാരം കിട്ടാതെ അലയുന്ന നിസ്സഹായരായ   അനേകരുടെ മുഖം മനസ്സിൽ കാണുക. അടച്ചിട്ട ബാറുകൾ തുറക്കുന്നത് കൊണ്ട് ആ പാവങ്ങൾക്ക് ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെടുമോ എന്ന് സ്വയം ചോദിച്ചു നോക്കുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ