2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

എം.എൽ.എ. ക്വാർട്ടേസ്

ഒരു ക്രിമിനൽ കേസിലെ പിടി കിട്ടാ  പ്രതി, കേരളം മുഴുവൻ പോലീസുകാർ അരിച്ചു പറക്കി അന്വേഷിച്ചു നടക്കുമ്പോൾ, എം.എൽ.എ. ക്വാർട്ടേസിൽ    സസുഖം  അനേക നാൾ ഒളിച്ചു താമസിച്ചു എന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. നിയമ സഭാ സാമാജികരുടെ മുറിയിൽ എങ്ങിനെ ഒളിച്ചു താമസിക്കാൻ കഴിയും എന്നുള്ളതാണ് ഇവിടത്തെ പ്രസക്തമായ ചോദ്യം. എം.എൽ.എ. ആയാലും മുൻ എം.എൽ.എ. ആയാലും ആ വ്യക്തി അറിയാതെ മറ്റൊരാൾ എങ്ങിനെ മുറിയിൽ കയറുകയും സുഖമായി കഴിയുകയും ചെയ്യും? ഇത്തരം ഗൌരവമേറിയ  ചോദ്യങ്ങളുടെ ഉത്തരങ്ങൾ അന്വേഷിക്കുന്നത്  അധികാരികൾക്കും, എം.എൽ.എ. മാർക്കും, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പടെ  എല്ലാവർക്കും അസുഖ കരവും ഹാനികരവും ആയി വരും എന്ന തിരിച്ചറിവാണ് അവിടെ അങ്ങിനെ ഒരു സംഭവമേ  നടന്നില്ല എന്ന രീതിയിൽ കാര്യങ്ങൾ  പരിണമിക്കാൻ ഇടയായത്. ആ പ്രതി അവിടെ താമസിച്ചതിന് യാതൊരു തെളിവുമില്ല, അയാളെ അവിടെ നിന്നും അല്ല പിടിച്ചത്,പിന്നെ എന്തിന് അയാളെ അവിടെ കൊണ്ട് പോയി തെളിവെടുക്കണം? ഇതാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.  

എം.എൽ.എ. ക്വാർട്ടേസിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പുതിയ കാര്യം ഒന്നുമല്ല. ക്വാർട്ടെർസ് ഉണ്ടായ കാലം തൊട്ടേ അത് ദുരുപയോഗം ചെയ്തു കൊണ്ടേ ഇരിക്കുന്നു. എം.എൽ.എ. മാർക്ക് നിയമ സഭ കൂടുന്ന കാലത്ത് താമസിക്കാൻ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങിയത്. പക്ഷേ ആ സമയത്തും എത്ര പേർ അവിടെ താമസിക്കുന്നു എന്ന് കണക്കെടുക്കേണ്ടി ഇരിക്കുന്നു. പാർട്ടി പ്രവർത്തനം നടത്താനും പാർട്ടിയിലെ മറ്റ് ആൾക്കാരെ താമസിപ്പിക്കാനും ആണ് ഈ മുറികൾ കൂടുതലും ഉപയോഗിച്ചിരുന്നത്.  നിയമ സഭ സമ്മേളനം കഴിഞ്ഞാൽ  എം.എൽ.എ.  മാർ തിരുവനന്തപുരത്ത് ചുറ്റി പ്പറ്റി നിൽക്കേണ്ട  ആവശ്യമില്ലല്ലോ.   അവരവരുടെ  നിയോജക മണ്ഡലങ്ങളിലേക്ക് മടങ്ങി പോവുകയാണല്ലോ വേണ്ടത്. അപ്പോഴും അവരുടെ  മുറികളിൽ മറ്റുള്ളവരെ താമസിപ്പിച്ചിരുന്നു എന്നത് പരസ്യമായ കാര്യമാണ്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളുമാണ് .   കേരളത്തിൽ ഇന്നേ വരെ ഉണ്ടായ ഓരോ എം.എൽ.എ. യ്ക്കും     അറിയാവുന്ന   സത്യം. അറിയില്ല എന്ന് നടിക്കുകയാണെങ്കിൽ അത് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു എന്ന് മാത്രം.  എം.എൽ.എ. ഹോസ്ടലിന്റെ ചുമതലയുള്ള സ്പീക്കർക്കും ഇത് അറിവുള്ള കാര്യം ആയിരിക്കണമല്ലോ.   കാരണം സ്പീക്കറും ഒരു എം.എൽ.എ. ആണ് എന്നതും എം.എൽ.എ എന്ന നിലയിൽ സ്പീക്കറും  ഇവിടത്തെ ഏതെങ്കിലും മുറി ഉപയോഗിച്ചിട്ടുണ്ടാകും എന്നതുമാണ്‌.  എം.എൽ.എ. ക്വാർട്ടെർസിൽ നടക്കുന്ന ഈ നിയമ ലംഘനങ്ങൾ  ഇപ്പോൾ പൊട്ടി മുളച്ച ഒരു സംഭവം ആണെന്നുള്ള രീതിയിലുള്ള അവതരണം മന:പൂർവ്വം  ആണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. കേരളത്തിൽ ഉള്ള 140 എം.എൽ.എ. മാരും ഒത്തൊരുമിച്ച്  ഇത് ആദ്യത്തെ സംഭവം ആണെന്ന് വരുത്തിത്തീർക്കാൻ ഒരുങ്ങി പ്പുറപ്പെട്ടാൽ ജനങ്ങൾക്ക്‌ എന്ത് ചെയ്യാൻ കഴിയും?

ഇനി എം.എൽ.എ. ക്വാർട്ടെർസിലെ  ഉദ്യോഗസ്ഥരുടെ കാര്യം. എം.എൽ.എ. മാരല്ല പുറത്തുള്ളവരാണ് അകത്തു താമസിക്കുന്നത് എന്ന് അവർക്കറിയില്ലേ? കാരണം അവരാണല്ലോ മുറി  അലോട്ട് ചെയ്യുന്നത്. പക്ഷേ അവരെ എങ്ങിനെ കുറ്റം പറയും? അവരെങ്ങിനെ നിയമവും നിയന്ത്രണവും   നടപ്പാക്കും?   ഇത്രയും എം.എൽ.എ. മാരെയും രാഷ്ട്രീയ പാർട്ടികളെയും ധിക്കരിക്കാൻ ആ പാവങ്ങൾക്ക്   കഴിയുമോ? അത് കൂടാതെ രാഷ്ട്രീയക്കാർപറയുന്നതും അനുസരിച്ച് കഴിഞ്ഞാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയും ചെയ്യും.

സ്പീക്കർ പദം ഒഴിയാൻ ആഗ്രഹിക്കുന്നു എന്ന് പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ച സ്പീക്കർ  എം.എൽ.എ. ക്വാർട്ടേസിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പരിഹരിക്കാൻ ഒരു സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയുണ്ടായി. അതിനു ശേഷം  കുറെ നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുകയുണ്ടായി.  പഴയ എം.എൽ.എ. മാർക്ക്  അഞ്ചു ദിവസത്തേക്ക് മാത്രമേ മുറി നൽകൂ, കുടുംബം മാത്രമേ അവരുടെ  കൂടെത്താമസിക്കാൻ പാടുള്ളൂ അങ്ങിനെ പലതും. ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം മുൻ എം.എൽ. എ. മാർക്ക്  അവിടെ മുറി കൊടുക്കേണ്ട ആവശ്യമെന്താണ്?  തലസ്ഥാനത്ത് വന്നു താമസിക്കാൻ വ്യക്തി പരമായി അല്ലാതെ  ജന സേവനത്തിനു വേണ്ടിയുള്ള   പ്രത്യേകിച്ച് കാര്യം വല്ലതും അവർക്കുണ്ടോ? അതും ദിവസം വെറും 10 രൂപ വാടകയ്ക്ക്.  വെറും ഒരു തട്ടുകട ചായയുടെ വിലയ്ക്ക് തലസ്ഥാനത്തെ ഹൃദയ ഭാഗത്ത്‌എല്ലാ സൌകര്യങ്ങളോടും താമസിക്കാൻ  ഒരു മുറി!   സാധാരണക്കാരൻ വലിയ തുകയ്ക്ക് ലോഡ്ജിലും ഹോട്ടലിലും താമസിക്കുമ്പോൾ പെൻഷനും മറ്റുമുള്ള  ഇവർക്ക് എന്തിന് ഇങ്ങിനെയൊരു ആനുകൂല്യം നൽകണം? മറ്റൊരു കാര്യം. എല്ലാ മുൻ  എം.എൽ. എ. മാരും നല്ല ഹോട്ടലുകളിൽ മുറി എടുത്തു താമസിക്കാൻ സാമ്പത്തികമായി കഴിവുള്ളവരാണ്.  അവരുടെ ആസ്തി അറിയണമെങ്കിൽ തെരഞ്ഞെടുപ്പിൽ അവർ കൊടുത്ത സത്യവാങ്ങ്മൂലം പരിശോധിച്ചാൽ കാണാമല്ലോ.  അങ്ങിനെയുള്ളവർക്ക് പാവപ്പെട്ട നികുതിദായകന്റെ ചിലവിൽ എന്തിനു ഇങ്ങിനെ ഒരു സൌജന്യം നൽകണം? ഇത്തരത്തിൽ 30 മുറികളാണ് ഇവിടുള്ളത്‌. ഇത് സാധാരണക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് നൽകിക്കൂടെ? അതിൽ നിന്നുമുള്ള വരുമാനം നിയമ സഭ നടക്കാത്ത   ദിവസങ്ങളിൽ നൽകേണ്ടി വരുന്ന അലവൻസുകൾക്ക് വേണ്ടി മുതൽ കൂട്ടാമല്ലോ. അത്രയെങ്കിലും സാധാരണക്കാരൻറെ  മുതുകിൽ കെട്ടി വയ്ക്കുന്ന സാമ്പത്തിക ഭാരത്തിനു ആശ്വാസംകിട്ടുമല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ