2017, മാർച്ച് 25, ശനിയാഴ്‌ച

വരൾച്ച

സ്വയം അനുഭവിക്കാതെ ഒന്നും മനസിലാക്കില്ല എന്ന മനോഭാവമാണ് മലയാളിയുടെ ശാപം. കാടാകെ കത്തിയെരിയുന്ന, നാടാകെ വരളുന്നു, നദികൾ വറ്റി വരണ്ടു. കിണറുകൾ വറ്റി. കുടിക്കാൻ വെള്ളമില്ലാതെ വലിയൊരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് കേരളം. രൂക്ഷമായ വരൾച്ചയുടെ  ദൃശ്യങ്ങളും വാർത്തകളും കൊണ്ട് മാധ്യമങ്ങൾ നിറയുന്നു. എന്നിട്ടും ''എനിക്കും കുടുംബത്തിനും കുളിക്കാനും നനയ്ക്കാനും കുടിക്കാനും ഉള്ള വെള്ളം കിട്ടുന്നുണ്ട്. പിന്നെ പാലക്കാടും വയനാട്ടിലും നാട്ടിൻപുറങ്ങളിലും ഉള്ള വരളുന്ന കഥകൾ ഞാനെന്തിന് കാണണം? "   ഇതാണ് ഒരു മലയാളിയുടെ മനോഭാവം. 

രാവിലെ നടക്കാനിറങ്ങുമ്പോൾ കാണുന്ന കാഴ്ചകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. ഹോസിലൂടെ മുറ്റവും ചെടിയും സമൃദ്ധമായി നനയ്ക്കുന്ന വീട്ടുകാർ ധാരാളം. ഓരോ തുള്ളിയും അമൃതം ആണെന്ന് കേൾക്കുന്ന അതെ മനുഷ്യരാണ് ഇങ്ങിനെ വെള്ളം പാഴാക്കിക്കളയുന്നത്. ചെടിക്കു ആവശ്യമുള്ളതിലും വളരെ അധികം വെള്ളം ആണ് ഒഴിക്കുന്നത് എന്നത് മറ്റൊരു കാര്യം.വീട്ടിൽ ഉപയോഗിച്ചു കളയുന്ന വെള്ളം കൊണ്ട് ചെടി നനക്കാൻ കഴിയുമ്പോഴാണ് ഇത്തരം ദുർവ്യയം. അരി, പച്ചക്കറി ഒക്കെ കഴുകുന്ന വെള്ളം, സോപ്പ് ഇട്ടു  കഴുകിയതിനു ശേഷം സൂക്ഷിക്കുന്ന  പാത്രങ്ങൾ  ഉപയോഗത്തിന് എടുക്കുമ്പോൾ വീണ്ടും കഴുകുന്ന വെള്ളം ഇതൊക്കെ സംഭരിച്ചു ചെടികൾ നനയ്ക്കാൻ ഉപയോഗിയ്ക്കാം. ഇന്നെല്ലാവരും വാഷിങ് മെഷീൻ ആണല്ലോ ഉപയോഗിക്കുന്നത്. ( ഇത്രയും സൂര്യ പ്രകാശം സുലഭമായിട്ടും 'ഡ്രയർ' കൂടിയുള്ള 'ആട്ടോമാറ്റിക്' വാങ്ങുന്ന വിവരദോഷം ആണ് മലയാളികൾ കാണിക്കുന്നത് എന്നത് മറ്റൊരു കാര്യം)  സോപ്പ് പൊടി പോയതിനു  ശേഷം അവസാനത്തെ രണ്ടു കഴുകൽ പുറത്തെടുത്തു ബക്കറ്റിൽ ആക്കിയാൽ ആ വെള്ളവും ചെടികൾക്ക് ഉപയോഗിക്കാം. അത് സംഭരിക്കാനും ഉപയോഗിക്കാനുമുള്ള മനസ്സ് മതി. അടുക്കളയിൽ നിന്നും ഒരു പ്രത്യേക പൈപ്പ് ഇട്ടാൽ കാര്യം  കുറേക്കൂടി എളുപ്പമായി. ഏതാണ്ട് 60-70  ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ ഓരോ ദിവസവും വീട്ടിൽ നിന്നും കിട്ടുന്നത്. 25 ചട്ടിയിലുള്ള ചെടികൾ, 25  അടി ഫ്‌ളവർ ട്രഫിലെ ചെറു ചെടികൾ വേപ്പ്, മുരിങ്ങ തുടങ്ങി പറമ്പിലെ 5 ചെടികൾ, 10 മൂട് മരച്ചീനി എന്നിവ ഇങ്ങിനെ പാഴാക്കിക്കളയുന്ന വെള്ളം ഉപയോഗിച്ചു നനയ്ക്കുന്ന സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്. എയർ കണ്ടീഷനറിൽ നിന്നും വീഴുന്ന വെള്ളം ഒരു ചെടിയ്ക്കു മതിയാകും.. 

നഗരങ്ങൾ ഫ്‌ളാറ്റുകൾ കൊണ്ട് നിറഞ്ഞല്ലോ. ഫ്‌ളാറ്റുകളിൽ മഴ വെള്ള സംഭരണം നിർബന്ധമാക്കണം.  അതോടൊപ്പം വാഷിങ് മെഷീനിലെ ജലം ഫ്ലഷ് ടാങ്കിൽ ഉപയോഗിക്കാനും കഴിയണം. അങ്ങിനെ  പലതും ചെയ്യാൻ കഴിയും.  സാധാരണക്കാർക്ക് മതമല്ല ഈ മിതത്വം വേണ്ടത്. വരേണ്യ വർഗങ്ങളുടെയും  മന്ത്രി മന്ദിരങ്ങളിലെയും ജല ദുർവ്യയവും   അവസാനിപ്പിക്കണം. പണം ധാരാളം ഉണ്ടെങ്കിലും വെള്ളം അതിനു പകരം വെള്ളം മാത്രമല്ലേ ഉള്ളൂ.  അടുത്ത ഒരു മഴ വരെ മാത്രമാണ് നമ്മുടെ പ്രശ്നങ്ങൾ എന്ന് കരുതി ആശ്വസിക്കേണ്ട. ഇതൊരു തുടക്കമാണ്. ഇതിലും രൂക്ഷമായിരിക്കും വരും കാലം. അത് കൊണ്ട് ജലം സംരക്ഷിക്കുക എന്നത് നമ്മുടെ നില നിൽപ്പിനു അത്യന്താപേക്ഷിതമാണ്.

8 അഭിപ്രായങ്ങൾ:

  1. വാഷിംഗ്‌ മെഷീനിൽ നിന്നുള്ള വെള്ളം,സിങ്കിൽ നിന്നുള്ള വെള്ളം ഇതൊക്കെ ഒരു വലിയ വീപ്പയിൽ ശേഖരിച്ച്‌ ചെടികൾക്ക്‌ ഒഴിക്കുന്ന രീതി എന്റെ വീട്ടിൽ ആവിഷ്കരിച്ചിട്ടുണ്ട്‌.ചെടികൾ നിറഞ്ഞ്‌ പൂക്കുന്നു.മരങ്ങൾക്കും സന്തോഷം.നമുക്കും സന്തോഷം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ സുധീ. സന്തോഷം. മറ്റുള്ളവരുടെ ദുർവ്യയത്തിനു നമുക്ക് ഇങ്ങിനെ പരിഹാരം കാണാം. സ്വയം ഇനി എന്ന് ചിന്തിക്കുമോ ആവോ?

      ഇല്ലാതാക്കൂ
  2. വരൾച്ച വരുമ്പോൾ മാത്രം നാം ഇതൊക്കെ ഓർമ്മിക്കും..ദീർഘകാല അടിസ്ഥാനത്തിൽ ഉള്ള പ്രവർത്തനം കൊണ്ടേ ഫലമുള്ളൂ..ആശംസകൾ
















    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാടെല്ലാം വെട്ടി വെളുപ്പിച്ചു. കായലെല്ലാം കയ്യേറി. അധികാരികൾ പണമുണ്ടാക്കുന്നു.

      ഇല്ലാതാക്കൂ
  3. പുനലൂരാൻ എഴുതിയ പോലെ വരൾച്ചയുണ്ടാവുമ്പോഴാണ് നമ്മൾ ഇതൊക്കെ ഓർക്കാ... മഴ പെയ്താൽ മറക്കുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മുബി. സ്വാർത്ഥത. അതാണ് ഇതിനൊക്കെ കാരണം.

      ഇല്ലാതാക്കൂ
  4. സ്വയം അനുഭവിക്കാതെ
    ഒന്നും മനസിലാക്കില്ല എന്ന
    മനോഭാവമാണ് മലയാളിയുടെ ശാപം.

    കാടാകെ കത്തിയെരിയുന്ന,
    നാടാകെ വരളുന്നു, നദികൾ വറ്റി
    വരണ്ടു. കിണറുകൾ വറ്റി. കുടിക്കാൻ വെള്ളമില്ലാതെ വലിയൊരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് കേരളം.
    രൂക്ഷമായ വരൾച്ചയുടെ
    ദൃശ്യങ്ങളും വാർത്തകളും കൊണ്ട്
    മാധ്യമങ്ങൾ നിറയുന്നു. എന്നിട്ടും '
    'എനിക്കും കുടുംബത്തിനും കുളിക്കാനും നനയ്ക്കാനും കുടിക്കാനും ഉള്ള വെള്ളം കിട്ടുന്നുണ്ട്.
    പിന്നെ പാലക്കാടും വയനാട്ടിലും നാട്ടിൻപുറങ്ങളിലും ഉള്ള വരളുന്ന
    കഥകൾ ഞാനെന്തിന് കാണണം? "
    ഇതാണ് വരൾച്ച ബാധിച്ച മനസ്സുള്ള ഒരു
    ശരാശരി മലയാളിയുടെ മനോഭാവം...!

    അവന് കേൾക്കാനും കാണാനും പ്രതികരിക്കാനുമൊക്കെ
    നവ മാധ്യമങ്ങളടക്കം എല്ലാ മാധ്യമങ്ങളും തന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ അല്ലേ

    മറുപടിഇല്ലാതാക്കൂ