വീണ്ടും ഒരു നീറ്റ് പരീക്ഷാ ഫലം കൂടി വന്നു.എവിടെയാണ് പ്രവേശനം കിട്ടുന്നു എന്ന് ആദി പൂണ്ട മാതാപിതാക്കൾ. (മക്കൾക്ക് അത്ര ആധി ഒന്നും ഇല്ല.) മക്കളെ ഡോക്ടർ മാരാക്കാൻ പാട് പെടുന്ന അച്ഛനമ്മമാർ.മക്കൾ അതിനൊത്തുയരുന്നോ എന്നതാണ് നോക്കേണ്ടത്. ഓരോ വർഷവും അഞ്ചര ലക്ഷം ആണ് ഫീസ്. പിന്നെ മറ്റു ചിലവുകളും. നമ്മുടെ നാട്ടിൽ അത്രയും ഫീസ് കൊടുക്കാൻ കഴിവില്ലാത്ത എത്രയെത്ര മാതാപിതാക്കൾ. ഇതൊന്നു വായിക്കൂ.
മൂത്ത മകൻ ഡോക്ടർ. രണ്ടാമത്തെ മകൾ ഡോക്ടർ. ഇളയ മകൻ രണ്ടാം വർഷം ഡോക്ടർ വിദ്യാർത്ഥി. ഡോക്ടർ മാരായ അച്ഛനമ്മമാർ അല്ല. പണക്കാരായ അച്ഛനമ്മമാർ അല്ല. ഒരു ആദിവാസി കുടുംബം. നേര്യമംഗലം, മാമലക്കണ്ടം ഇളംപ്ലാശ്ശേരിയിൽ താമസം. അടുത്തു സൗകര്യമായ സ്‌കൂളുകൾ ഇല്ല. കിലോമീറ്റർ നടന്നു വേണം സ്‌കൂളിൽ എത്താൻ.അടുത്തു കോളേജുകളില്ല. എന്നിട്ടും മൂന്നു പേരും പഠിച്ചു. ഡോക്ടർമാരായി. അച്ഛനുമമ്മയും കൂലി വേല ചെയ്തു. അദ്ധ്വാനിച്ചു. മക്കളെ നന്നായി പഠിപ്പിക്കണം എന്നൊരാഗ്രഹം മാത്രം. കുറച്ചു സഹായം മാതാ അമൃതാനന്ദ മയി ചെയ്തു. റബ്ബർ വെട്ടിയും ഈറ്റ വെട്ടിയും അച്ഛൻ രാഘവനും അമ്മ പുഷ്പയും മക്കളെ ഈ നിലയിൽ എത്തിച്ചു. മകൻ ഹോമിയോ ഡോക്ടർ, ജോലിയും കിട്ടി. മകൾ എം.ബി.ബി.എസ് കഴിഞ്ഞു എം.ഡി. ക്കു പഠിക്കുന്നു. ഇളയ മകൻ ആയുർവേദ വിദ്യാർത്ഥി. പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പട പൊരുതി ജയിച്ച ഒരു കുടുംബം. മക്കൾക്ക് പഠിക്കാൻ വേണ്ടി അത്യദ്ധ്വാനം ചെയ്ത അച്ഛനുമമ്മയും. അവരുടെ ആഗ്രഹത്തിനൊത്തുയർന്നു പഠിച്ച മക്കൾ.