2017, ജൂൺ 14, ബുധനാഴ്‌ച

മദ്യ നയം

കേരളത്തിൽ ഇനി  മദ്യത്തിൽ നീന്തി കുളിക്കാം . ത്രീ സ്റ്റാർ മുതൽ മുകളിലോട്ടുള്ള എല്ലാ ഹോട്ടലുകൾക്കും ഇടതു മുന്നണി സർക്കാർ  ബാർ അനുമതി നൽകിക്കഴിഞ്ഞു. മദ്യ വർജ്ജനം ആണ്  അന്തിമ ലക്ഷ്യം എന്ന് ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെ  ''മദ്യ വർജ്ജനം'' എന്നതിനർത്ഥം കൂടുതൽ ബാറുകൾ തുറക്കുക എന്നതാണ്!

ഇത്തരമൊരു  മദ്യ നയം ഇടതു മുന്നണി കൊണ്ട് വരുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു, ഇവരെ അന്ധമായി വിശ്വസിച്ചു  ഇവർക്ക് വോട്ട് ചെയ്ത ആളുകൾക്കൊഴികെ. കാരണം മദ്യ ലോബിയുടെ സഹായം ഇല്ലാതെ ഇവർക്ക് നില  നിൽക്കാൻ കഴിയില്ല എന്നത് തന്നെ. മദ്യ മുതലാളിമാർക്ക് അനുകൂലമായ നിലപാട് ആയിരിക്കും തങ്ങളുടേത് എന്ന്  തിരഞ്ഞെടുപ്പ് സമയത്തു തന്നെ ഒളിഞ്ഞും തളിഞ്ഞും ഇടതു മുന്നണി വ്യക്തമാക്കിയിരുന്നു. ബാറുകൾ തുറക്കും എന്ന്  ബാർ മുതലാളിമാർക്ക് രഹസ്യമായി ഉറപ്പു നൽകുകയും ചെയ്തിരുന്നു എന്നതാണ് പ്രചരിക്കുന്ന വാർത്തകൾ. മുതലാളിമാർ സ്റ്റാറുകൾ കൂട്ടി പുതിയ ഹോട്ടലുകൾ കെട്ടിപ്പൊക്കിയത് ഇത്തരം ഒരുറപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എന്നും വാർത്തകൾ പുറത്തു വന്നു.  മാണിക്കെതിരെ കോഴ ആരോപണം വന്നപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്നും പ്രതികാര നടപടികൾ ഭയന്നാണ് കൈക്കൂലി കൊടുത്തു എന്ന സത്യം പറയാത്തത് എന്ന് പറഞ്ഞ  അനേകം ബാറുടമകൾ ഉണ്ടായിരുന്നു.  അവരെല്ലാം പുതിയ ഇടതു മുന്നണി അധികാരത്തിൽ വരുമ്പോൾ സത്യം വെളിപ്പെടുത്തും എന്ന് വിശ്വസിച്ച കുറെ ജനങ്ങൾ ഉണ്ടായിരുന്നു. പക്ഷെ  ഒരൊറ്റ ബാർ മുതലാളിയും സത്യംവിളിച്ചു പറഞ്ഞില്ല. കാരണം അത്തരം വെളിപ്പെടുത്തലുകൾ  ബാറുകൾക്കനുകൂല നിലപാടെടുക്കുന്നതിന് എന്തെങ്കിലും രീതിയിൽ തങ്ങൾക്കു തടസ്സം ആകുമോ എന്ന്  പുതിയ ഇടതു മുന്നണി  ഭരണ കൂടം ഭയപ്പെട്ടു. കോഴ കൊടുത്തവരെ ബാർ ലൈസൻസ് നൽകുന്നതിൽ നിന്നും ഹൈക്കോടതി വിലക്കുകയോ മറ്റോ ചെയ്‌താൽ കളി ആകെ തെറ്റും. അത് കൊണ്ട് സത്യം പുറത്തു പറയണ്ട എന്നുപദേശിച്ചു  അതിനു തടയിട്ടത് ഇടതു മുന്നണിയാണ്,  ബാർ മുതലാളിമാർക്ക് അനുകൂല മദ്യ നയം നടപ്പിലാക്കും എന്ന ഉറപ്പു നൽകിക്കൊണ്ട്.

മദ്യ മുതലാളിമാർക്ക് അനുകൂല നിലപാട് വെളിപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് കഴിഞ്ഞയാഴ്ച സംഭവിച്ചത്.  2014 ൽ ഇറക്കിയ ഒരു ഉത്തരവ് പ്രകാരം ചേർത്തല-തിരുവനന്തപുരം, കുറ്റിപ്പുറം-വളപട്ടണം പാതകൾ ദേശീയ പാത അല്ലെന്നും ആ പാതയോരത്തെ ബാർ തുറക്കാൻ അനുമതി നൽകണമെന്നും കാണിച്ചു ഹൈക്കോടതിയിൽ ബാർ മുതലാളിമാർ കൊടുത്ത ഹർജി വന്നപ്പോൾ സർക്കാർ ഒരക്ഷരം മിണ്ടാതെ ഇരുന്നു..പൊതു മരാമത്തു വകുപ്പ് എതിർ കക്ഷി ആയിട്ടും സർക്കാർ അനങ്ങിയില്ല. പൊതു മരാമത്തു മന്ത്രി തീർത്തും പറയുന്നു. ഇത് രണ്ടും ദേശീയ പാത തന്നെ എന്ന്. സർക്കാരിന്റെ വക  ഒരു അഡ്വക്കേറ്റ് ജനറൽ ഉണ്ട്. ഇങ്ങിനെ കേസുകൾ വരുമ്പോൾ സർക്കാരിന് വേണ്ടി വാദിക്കാനാണ് ശമ്പളവും കൊടുത്തു അദ്ദേഹത്തെ  ഇരുത്തിയിരിക്കുന്നത്.അങ്ങേര് ഒന്നും മിണ്ടിയില്ല. ആലോചിച്ചു തീരുമാനിക്കാൻ കോടതി സർക്കാരിനോട് പറഞ്ഞപ്പോൾ എക്സൈസ് കമ്മീഷണർ എ.ജി. യോട് ഉപദേശം ചോദിച്ചു.അങ്ങേര് പറഞ്ഞു അപ്പീൽ പോകണ്ട. കോടതിയിൽ മാധ്യമങ്ങളെ ഒഴിവാക്കിയത് കൊണ്ട് ഈ കള്ളക്കളികൾ പുറത്തു വരാൻ കുറെ ദിവസങ്ങൾ എടുത്തു.  അതിനകം  തന്നെ ഒരു വിശദീകരണവും ചോദിക്കാതെ സർക്കാർ കുറെ ബാറുകൾക്കു അനുമതിയും നൽകി. ഇപ്പോൾ പൊതു താൽപ്പര്യമായി ഒരാൾ അപ്പീൽ പോയപ്പോഴാണ് സർക്കാരിന്റെ ഈ കള്ളക്കളികൾ പുറത്തു വന്നത്. കോടതിയെ മുതലെടുക്കരുതെന്നു  കോടതി സർക്കാരിനു താക്കീത് നൽകി. അതോടെ തുറന്ന ബാറുകൾ എല്ലാം വീണ്ടും അടയ്‌ക്കേണ്ടിയും വന്നു. കേരളത്തിലെ എല്ലാ ബാറുകളും എങ്ങിനെയെങ്കിലും തുറക്കണം എന്ന ഇടതു സർക്കാരിന്റെ നയം ആണ് ഇതിൽ നിന്നെല്ലാം വെളിപ്പെടുന്നത്.

ബാറുകൾ തുറക്കാൻ വേണ്ടി എന്തൊക്കെ ന്യായങ്ങൾ ആണ് ഇവർ പറഞ്ഞത്? മദ്യം വിൽക്കുന്ന പണം കൂടി കണ്ടു കൊണ്ടാണ് ബഡ്ജറ്റ് ഉണ്ടാക്കിയത് എന്നാണു ധന മന്ത്രി പറഞ്ഞത്‌. മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്ന പണം കൊണ്ടാണോ ബഡ്ജറ്റ് ഉണ്ടാക്കേണ്ടത്? അനേകം കടുംബങ്ങൾ തകരും. എന്നാലും സർക്കാരിന് കാശ് വേണം എന്ന നികൃഷ്ട ചിന്തയാണ് ഇടത് സർക്കാരിനുള്ളത്.  25756.32 കോടി രൂപ ധന കമ്മിയാണ് 2017-18 ലെ ബഡ്ജറ്റ് കാണിക്കുന്നത്.  റവന്യു കമ്മിയാകട്ടെ 16043.14 കോടി. പൊതു  കടവും  ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. അതായത്  പുറത്തു നിന്നും സംസ്ഥാനം   വാങ്ങിക്കൂട്ടിയ കടം. ഇന്നത്  1,80,921.23 കോടിയാണ്. കഴിഞ്ഞ സർക്കാർ അധികാരമൊഴിയുമ്പോൾ ഉണ്ടായിരുന്നത് 1,57,370.33 കോടി. ഈ ഒരു വർഷം കൊണ്ട് 23,550.90 കോടി  കൂടുതൽ കടം പിണറായി വിജയൻ സർക്കാർ  ഉണ്ടാക്കി വച്ചു. അടുത്ത സാമ്പത്തിക വർഷാവസാനം വീണ്ടുമൊരു 26000 കോടി വർദ്ധിച്ചു കടം 2,07,026.81 കോടിയാകും എന്ന് ധന മന്ത്രി തന്നെ പറയുന്നു. എന്നിട്ടും മനുഷ്യന്റെ കരൾ ഉരുക്കുന്ന മദ്യം വിറ്റു വേണമോ കേരള സർക്കാർ പണം ഉണ്ടാക്കാൻ? മറ്റെല്ലാറ്റിനും പണം കണ്ടെത്താൻ കിഫ്‌ബി ഉണ്ടല്ലോ. എന്നിട്ടു മദ്യത്തിൽ വരുന്ന കമ്മി നികത്താൻ അത് ഉപയോഗിച്ചു കൂടെ?  മദ്യനയം പുറത്തു വന്നതോടു കൂടി ധന മന്ത്രി തോമസ് ഐസക്ക്  തന്റെയും നയം മാറ്റി, '' മദ്യത്തിൽ നിന്നുള്ള വരുമാനം ബഡ്ജറ്റിൽ വലിയ വ്യത്യാസം വരുത്തിന്നില്ല" എന്ന്. 

ബാറുകൾ തുറക്കാൻ വേണ്ടി ഇടതു സർക്കാറിന്റെ മറ്റൊരു വ്യാജ പ്രചാരണം ടൂറിസം മേഖല തകരുമെന്നും  മദ്യ നിയന്ത്രണം ടൂറിസത്തിനു വലിയ തിരിച്ചടി ഉണ്ടാക്കുമെന്നുമാണ്.  എല്ലാ ടൂറിസ്റ്റുകളും മദ്യപിക്കാനാണ്  കേരളത്തിൽ വരുന്നത് എന്നാണ് ഇവർ പറയുന്നത്. ടൂറിസ്റ്റുകൾ വരുന്നത് നാട് കാണാനാണ്. ഓരോ രാജ്യത്തു ചെല്ലുമ്പോഴും അവിടത്തെ നിയമവും ആചാരവും അനുസരിച്ചാണല്ലോ ടൂറിസ്റ്റുകൾ പെരുമാറേണ്ടത്?  അത് സഞ്ചാരികൾക്കു അറിയുകയും ചെയ്യാം. പക്ഷേ  24 മണിക്കൂറും മദ്യപിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് ഇടതു മുന്നണി പറയുന്നത്. ബാറുകൾ അടഞ്ഞതു കൊണ്ട് ടൂറിസ്റ്റുകൾ വരാതായെന്ന്!  ഇനി സത്യം എന്താണെന്ന് നോക്കാം. ഇക്കഴിഞ്ഞ വർഷം,  അതായത് 2016   ൽ വിനോദ സഞ്ചാരികളുടെ വരവിൽ 5.71% ശതമാനം വർധനയാണുണ്ടായത്. 1  കോടി  42 ലക്ഷം സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. വിദേശത്തു നിന്നുള്ള സഞ്ചാരികൾ 10.38 ലക്ഷം- ഈ വർഷം 6.23% വർധന! വിദേശ നാണ്യ വരുമാനം 7749.51 കോടി അതായത് 11.51%  വർധന. എന്നിട്ടാണ് സി.പി.എം. പറയുന്നത് ടൂറിസത്തിനു തിരിച്ചടി ആയെന്ന്.   ടൂറിസം വകുപ്പിന്റെ കണക്കുകൾ പുറത്തു  വന്നതിനു ശേഷം അൽപ്പം ഇളിഭ്യതയോട് കൂടിയാണെങ്കിലും മന്ത്രി കടകം പള്ളി സുരേന്ദ്രൻ ടൂറിസത്തിന്റെ വളർച്ച പരസ്യമായി സമ്മതിക്കുകയുണ്ടായി. പക്ഷെ ഈ  വളർച്ച കണക്കുകൾ ഒന്നും നമ്മുടെ  ധന മന്ത്രി അറിഞ്ഞ ലക്ഷണമില്ല.  അദ്ദേഹത്തിന്റെ  ഒരു പ്രസ്താവന കണ്ടു."ടൂറിസം ഉൾപ്പടെയുള്ള  പല മേഖലകളിലുമുണ്ടായ മാന്ദ്യമാണ് മദ്യ നയം മാറ്റാനുള്ള കാരണം". 

ദിവസം 12 മണിക്കൂർ ആണ് സർക്കാർ മദ്യപിക്കാൻ സൗകര്യം ഒരുക്കി യിരിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെ നോൺ -സ്റ്റോപ്പ് കുടി.. മദ്യ വർജനം ആണ് സർക്കാരിന് താൽപ്പര്യമെങ്കിൽ ഇത്രയും മണിക്കൂറുകൾ കുടിക്കാൻ എന്തിനു അവസരം കൊടുക്കണം? രാവിലെ ബ്രെക് ഫാസ്റ്റ് കഴിഞ്ഞു ജനം നേരെ വെള്ളമടി തുടങ്ങട്ടെ എന്നാണോ സർക്കാർ ഉ ദ്ദേശിക്കുന്നത്?  അത് പോലെ വൈകുന്നേരം 4 മണിക്കു ചായക്ക്‌ പകരം മദ്യം കഴിക്കാമെന്നോ? ഏതായാലും സമ്പൂർണ മദ്യ വർജനം ലക്ഷ്യം ആയ ഇടതു മുന്നണി സർക്കാർ   ''മദ്യ വർജ്ജന''  സമയമെങ്കിലും അൽപ്പം കൂട്ടിക്കൂടെ?  മദ്യപാന സമയം ഉച്ചക്ക് 12 മുതൽ 3 വരെയും പിന്നെ വെകുന്നേരം  6 മുതൽ രാത്രി 10 വരെ ആക്കിയാൽ പോരേ? 

മദ്യപിക്കാനുള്ള പ്രായം 21 ൽ നിന്നും ഉയർത്തി  23  ആക്കി.തികച്ചും അപ്രായോഗികമായ ഒരു കാര്യം ഏതോ മഹാ കാര്യം പോലെ അവതരിപ്പിക്കുകയാണ് സർക്കാർ. അങ്ങിനെ മദ്യം വിൽക്കുന്നവർ ശിക്ഷിക്കപ്പെടും എന്നൊരു വകുപ്പ് കൂടി! ഇനി ജനന സർട്ടിഫിക്കറ്റും കൊണ്ട് മദ്യം കഴിക്കാൻ പോകണമെന്നാണോ? ഇത് ആത്മാർത്ഥമായി പറയുകയാണ് എങ്കിൽ മദ്യം കഴിക്കുന്നവർക്ക് പെർമിറ്റ് കാർഡ് ഏർപ്പെടുത്തണം. കാർഡ് നോക്കി മാത്രം ഗദ്യം വിൽക്കുക.

പുതിയ മദ്യ നയം വന്നതോടെ 150 ബാറുകൾ തുറക്കുമെന്നാണ് പറയുന്നത്. അത് പോലെ നിലവിലുള്ള ബീയർ-വൈൻ പാർലറുകൾ ബാറുകളായി മാറും.പുതിയ ബാറുകൾ വനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല. ത്രീ സ്റ്റാറിനു  മുകളിൽ  ആകണമെന്ന് മാത്രം. അങ്ങിനെയെങ്കിൽ ഇനിയും പുതിയ ബാറുകൾ ഉണ്ടാകും. ബാറുകളുടെ എണ്ണം ആയിരം കടന്നു പോകും. മലയാളിക്ക് ഇഷ്ട്ടം പോലെ മദ്യപിക്കാം.സർക്കാർ കൂടെയുണ്ട്.

3 അഭിപ്രായങ്ങൾ:

  1. വി എസ്സിനെക്കാണിച്ച്‌ പര …………ച്ചേ പിണറായിയെ കെട്ടിച്ചപ്പോഴേ ഓർത്തതാ കേരളം ഈ ജന്തുക്കൾ കുട്ടിച്ചോറാക്കുമെന്ന്.

    ഈ സാധനത്തിനെന്നാത്തിനാ തിന്നാനും തൂറാനും പെടുക്കാനും വരെ ഉപദേശികൾ?ഉപദേശികളെ വെച്ച്‌ ഭരിക്കാനാണെങ്കിൽ സർക്കാർ സെക്രട്ടിമാർ എന്നാത്തിനാ??നാശം !ഈ ഭരണം ഒന്ന് ഒടുങ്ങിപ്പണ്ടാരടങ്ങിയാ മതിയാരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ഉടനെ നടക്കുന്ന ലക്ഷണം കാണുന്നില്ല സുധീ. സഹിക്കുക

      ഇല്ലാതാക്കൂ
  2. കേരളത്തിൽ ഇനി മദ്യത്തിൽ നീന്തി കുളിക്കാം .
    ത്രീ സ്റ്റാർ മുതൽ മുകളിലോട്ടുള്ള എല്ലാ ഹോട്ടലുകൾക്കും
    ഇടതു മുന്നണി സർക്കാർ ബാർ അനുമതി നൽകിക്കഴിഞ്ഞു.
    മദ്യ വർജ്ജനം ആണ് അന്തിമ ലക്ഷ്യം എന്ന് ഇപ്പോഴും ഉരുവിട്ടു
    കൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെ ''മദ്യ വർജ്ജനം'' എന്നതിനർത്ഥം
    കൂടുതൽ ബാറുകൾ തുറക്കുക എന്നതാണ്!
    കൊള്ളാം കുടിയൻമാരായ നുമ്മ മലയാളികളുടെ ഭാഗ്യം ..!

    മറുപടിഇല്ലാതാക്കൂ