2014 ഓഗസ്റ്റ് 12, ചൊവ്വാഴ്ച

Cancer ടൂത്ത് പേസ്റ്റ്







കോൾഗേറ്റ് ടോട്ടൽ എന്ന ടൂത്ത്  പേസ്റ്റ് കാൻസറിനു കാരണം ആകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. അമേരിക്കയുടെ   FDA , അതായത് ഫുഡ് & ഡ്രഗ് അഡ്മിനിസ്റ്റ്രെഷൻ, നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നു. അമേരിക്കയിലെ മരുന്നുകളുടെയും ആഹാര സാധനങ്ങളുടെയും ഗുണ നിലവാരം ഉറപ്പു വരുത്താൻ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്ന  ശക്തമായ   ഏജൻസി ആണ് FDA. അവരുടെ പഠനത്തിൽ ആണ് ഈ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാൻ എന്ന രാസ  വസ്തു കാൻസറിനു കാരണം ആകുന്നുവെന്ന് കണ്ടെത്തിയത്. ബാക്റ്റീരിയയെ നശിപ്പിക്കാനാണീ രാസ വസ്തു പേസ്റ്റിൽ  ഉപയോഗിക്കുന്നത്. 

 FDA തയ്യാറാക്കിയ 35 പേജുള്ള റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. നമ്മുടെ വിവരാകാശ നിയമം പോലത്തെ അമേരിക്കയുടെ  ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്‌ പ്രകാരം ഒരു കേസിൽ ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. അതിൻ പ്രകാരം കാൻസർ സെൽ വളർച്ചക്കും, ഹോർമോണ്‍ വ്യതിയാനത്തിനും  അസ്ഥി സംബന്ധമായതും മറ്റു ശരീര പ്രശ്നങ്ങൾക്കും കാരണം ആകുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ശക്തമായ നിയന്ത്രണ ഏജൻസി ആണെങ്കിലും  കോൾഗേറ്റിനെ പ്പോലെ വലിയ കമ്പനിയുടെ മുന്നിൽ  FDA ഒന്ന് മടിക്കുകയാണ്. ഇത് ബാൻ ചെയ്യാൻ വലിയ ജന സമ്മർദ്ദം വന്നു കഴിഞ്ഞു. വലിയ താമസമില്ലാതെ ഇത് അമേരിക്കയിലും ബ്രിട്ടനിലും നിരോധിക്കും.

രണ്ടു നേരവും കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്ന ഇന്ത്യാക്കാരന്റെ ഗതി എന്താകും. ലോകം മുഴുവൻ നിരോധിച്ചാലും നമ്മൾ ഇത് കൊണ്ട് നടക്കും.ആ കമ്പനി തരുന്ന നക്കാപ്പിച്ച വാങ്ങി ( അത് ദശ ലക്ഷ ക്കണക്കിന് ഡോളർ ആയിരിക്കും) നമ്മുടെ ഭരണാധികാരികൾ ഇവിടുത്തെ ജനങ്ങളെ ഒറ്റു കൊടുക്കും.  1994ൽ ഭോപ്പാലിൽ വിഷ വാതക ദുരന്തം ഉണ്ടായി ആയിരക്കണക്കിന് ആളുകൾ മരിച്ചിട്ടും അതിൻറെമേധാവി വാറൻ ആന്ടെർസനെ    മദ്ധ്യപ്രദേശ്    മുഖ്യ മന്ത്രി അർജുൻ സിംഗ് തന്നെ (കോണ്‍ഗ്രസ്) സംസ്ഥാന സർക്കാരിന്റെ പ്രത്യേക വിമാനത്തിൽ  സുരക്ഷിതമായി ഡൽഹിയിൽ എത്തിക്കുകയും അവിടെ നിന്ന് കേന്ദ്ര സർക്കാരിന്റെ   (കോണ്‍ഗ്രസ്) സഹായത്തോടെ അമേരിക്കയിൽ എത്തിക്കുകയും ചെയ്ത വഞ്ചകർ  ആണ് നമ്മുടെ ഭരണാധികാരികൾ. ( പണം കുറെ കിട്ടിക്കാണും).  ഉപയോഗ യോഗ്യമല്ലെന്ന് കണ്ട് ആഫ്രിക്കയിൽ നിന്നും പുറന്തള്ളിയ എലിസ ടെസ്റ്റിൻറെ കിറ്റ് കൊണ്ട് വന്ന് നമ്മുടെ പാവങ്ങളിൽ കുറെ നാൾ ടെസ്റ്റ് നടത്തി  യവർ ആണ് നമ്മുടെ ഭരണാധികാരികൾ (അതിലും കുറെ പണം ഉണ്ടാക്കിക്കാണും). അവർ കോൾഗേറ്റ് ടോട്ടൽ ഇൻഡ്യയിൽ നിരോധിക്കും എന്ന് ഒരു ആശയും വേണ്ട. അത് പോലെ കോടിക്കണക്കിന് രൂപ  പരസ്യത്തിനായി നൽകുന്ന കോൾഗേറ്റ് പേസ്റ്റിന്റെ ഈ വാർത്ത പ്രസിദ്ധീകരിക്കാൻ പത്ര ദൃശ്യ മാധ്യമങ്ങളും തയ്യാറാകും എന്ന് കരുതുക   വേണ്ട.

ഈ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ  പരസ്യം ശ്രദ്ധിച്ചിട്ടുണ്ടോ? "പല്ലിനും മോണയ്ക്കും അത്യുത്തമം എന്ന് ഡെന്റൽ ഡോക്ടർ മാർ സർട്ടിഫൈ ചെയ്തത്" എന്നാണ്. പണം വാങ്ങി ഡോക്ടർമാർ ചെയ്യുന്ന ദുഷിച്ച പ്രവൃത്തി.  വിഷം നല്ലതാണെന്ന് പറയുന്നത് ഡോക്ടർമാരുടെ കോഡ് ഓഫ് എത്തിക്സിൽ ഒന്നും വരില്ലായിരിക്കാം. 

ഇനി ഒരേ ഒരു മാർഗം മാത്രം. നമ്മൾ തന്നെ ബാൻ ചെയ്യുക എന്നതാണ്.  നാം കോൾഗേറ്റ് പേസ്റ്റ് വാങ്ങാതിരിക്കുക. അത് കൂടാതെ  കോൾഗേറ്റ്  ടൂത്ത്  പേസ്റ്റ് കാൻസർ വരാൻ കാരണമാകും  എന്ന് എല്ലാവരോടും പറയുക. ഈ വാർത്തയ്ക്ക്   മാക്സിമം പബ്ലിസിറ്റി  കൊടുക്കുക.   ഡെന്റൽ ഡോക്ടർ മാരും ഇത് വാങ്ങരുത് എന്ന് തങ്ങളുടെ അടുത്ത് വരുന്ന രോഗികളോട്   പറയണം. അങ്ങിനെ കാൻസർ എന്ന മാരക രോഗം പടർത്തുന്ന ഈ കോൾഗേറ്റ്   ടൂത്ത്  പേസ്റ്റ് നമുക്ക് ഒഴിവാക്കാം. സ്വയം രക്ഷിക്കാം. പല്ല് തേയ്ക്കാൻ പഴയ കാല ഉമിക്കരിയിലോട്ട് മടങ്ങണോ എന്നും ആലോചിക്കാം.

വാട്സ് ആപ്പ്-അഴിമതി

ഏതെങ്കിലും ഒരു പോലീസ് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയോ നിങ്ങളെ ശല്യപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ എന്ത് ചെയ്യണം എന്നാലോചിച്ച് ഇനി  വിഷമിക്കേണ്ട.   നിങ്ങളുടെ  സ്മാർട്ട് ഫോണിൽ നിന്നും  വാട്സ് ആപ്പ് വഴി 9910641064 ൽ  വിളിച്ച്  പരാതി പോലീസിൽ  രജിസ്റ്റർ ചെയ്യുക. കൂടാതെ  ഇതിനു തെളിവായി നിങ്ങൾ ഫോണിൽ റിക്കോർഡ് ചെയ്ത ശബ്ദത്തിന്റെയോ ദൃശ്യത്തിന്റെയോ ക്ലിപ്പിംഗ് കൂടി അയച്ചു കൊടുക്കുക.    ആ ക്ലിപ്പിന്റെ ആധികാരികത പരിശോധിച്ച് പരാതി സത്യമാണെങ്കിൽ    അഴിമതി വിരുദ്ധ നിയമത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും മറ്റും വകുപ്പുകളിൽ  കുറ്റക്കാരനായ ആ പോലീസ് ഉദ്യോഗസ്ഥന് എതിരെ   കേസ്  രജിസ്റ്റർ ചെയ്യും.  പോലീസ് കാരനെ ഉടനെ   അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്നും സസ്പെൻഡു ചെയ്യുകയും  ചെയ്യും. പോരേ?   

പക്ഷേ ഇത് കേരളത്തിൽ അല്ല.അങ്ങ് ഡൽഹിയിൽ ആണ്. ഡൽഹി പോലീസ് ആണ് വളരെ നൂതനമായ ഈ ആശയവുമായി ആദ്യം വരുന്നത്. വാട്സ് ആപ്പ് കൊണ്ട് തങ്ങളുടെ വരുമാനം കുറയുന്നു എന്ന് ടെലികോം കമ്പനികൾ  പരാതി പറയുന്നുണ്ടെങ്കിലും ജനങ്ങൾക്ക്‌ ഉപകാര പ്രദമായി ഇതുപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.  കേരളത്തിലും ഇത്തരത്തിലുള്ള ഒരു സംവിധാനം നടപ്പിലാക്കാവുന്നതെ ഉള്ളൂ. ഇവിടെ എല്ലാവരുടെയും കയ്യിൽ സ്മാർട്ട് ഫോണ്‍ ഉണ്ട്. പോലീസ് അതിക്രമങ്ങൾ ഇവിടെ അതിര് കടക്കുന്ന ന്നുണ്ട് താനും. വഴിയിൽ പതിയിരുന്നു ചാടി വീണ് ഹെൽമറ്റ് പിടിക്കുകയും, ചരക്കു ലോറികളിൽ പരിശോധന നടത്തുകയും എന്നിട്ട് ഒത്തു തീർപ്പിന് മറവിലേക്ക് മാറുകയും ചെയ്യുന്ന പോലീസ്കാരെ ധാരാളം കാണാറുണ്ടല്ലോ. പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നാലും തെറി പറച്ചിലും അടിയും തന്നെ. അത് പോലെ വെറുതെ വഴിയെ പോയാലും ഗതി ഇത് തന്നെ. 

ഡൽഹി പോലീസ് ഇത് തുടങ്ങുന്നതിനു മുൻപ് തന്നെ നമ്മുടെ നാട്ടിൽ ഈ ആപ്ലിക്കേഷൻ നടത്തിയിരുന്നു.  കൊല്ലത്ത് വച്ച് ഒരു നാടക നടിയെയും കൂട്ടുകാരനെയും ബൈക്കിൽ പോകുമ്പോൾ രാത്രി  പോലീസ് വെറുതെ  പിടികൂടി. തങ്ങൾ ആരാണെന്ന് പറഞ്ഞിട്ടും അതൊന്നും കാര്യമാക്കാതെ നേരം   വെളുക്കുന്നത്‌ വരെ ആ പാവം ചെറുപ്പക്കാരെ  പോലീസ് സ്റ്റേഷനിൽ ഇരുത്തി. പോലീസിന്റെ അസഭ്യം പറച്ചിലും മറ്റു സംസാരങ്ങളും ആ പെണ്‍ കുട്ടി ഫോണിൽ റിക്കോർഡ് ചെയ്തത് കൊണ്ട് സത്യം ലോകം അറിഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്താൻ നിർബ്ബന്ധിതരായി.കുറ്റക്കാരായ പോലീസിന്   സ്ഥലം മാറ്റം നൽകുകയും ചെയ്തു.

അഴിമതി നിർത്തലാക്കാൻ ഡൽഹി പോലീസ് കാണിച്ച ധൈര്യം കേരളാ പോലീസും കാണിക്കണം. കേരളത്തിലും അത്തരം ഒരു സംവിധാനം നടപ്പിലാക്കാനുള്ള ആർജ്ജവം മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പോലീസ് മേധാവിയും കാണിക്കണം. ഈ മാർഗം പോലീസ് വകുപ്പിൽ മാത്രം ഒതുക്കി നിർത്തേണ്ട. കേരളത്തിലെ എല്ലാ സർക്കാർ വകുപ്പുകളിലും  പൊതു ജനങ്ങളുമായി ഇടപെടുന്ന മറ്റു ഓഫീസുകളിലും പ്രാവർത്തികമാക്കണം. പക്ഷെ ഇത് ഇവിടെ നടക്കുമെന്ന് തോന്നുന്നില്ല. കാരണം അഴിമതി മുകളറ്റം വരെ വ്യാപിച്ചു കിടക്കുകയാണ്. പ്ലസ് ടൂ സ്കൂൾ അനുവദിച്ചത്,ബാർ പ്രശ്നം, മൂന്നാർ കയ്യേറ്റം, കായലും പൊതു സ്ഥലങ്ങളും കയ്യേറി ഫ്ലാറ്റ് പണിയൽ ഇവിടങ്ങളിലൊക്കെ മന്ത്രിമാർക്ക് നേരെയാണ് അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. അവർ നടപ്പാക്കാൻ മടിച്ചാൽ  ഈ ആശയം ജനങ്ങൾക്ക്‌ സ്വയം എന്ത് കൊണ്ട്  പ്രാവർത്തികമാക്കി ക്കൂടാ?  സർക്കാറുമായി ഇടപെടുന്ന സ്ഥലങ്ങളിൽ പോകുമ്പോൾ സ്മാർട്ട് ഫോണ്‍  തുറന്നു വയ്ക്കുക. ശബ്ദവും ദൃശ്യവും അത് പകർത്തിക്കൊണ്ടേ ഇരിക്കട്ടെ. അധികാരികൾ ഒന്നും ചെയ്യാൻ തയ്യാറായില്ലെങ്കിൽ മാധ്യമങ്ങൾക്ക് നൽകുക. ആ  പെണ്‍ കുട്ടിയെപ്പോലെ.   ഫോണിനോടൊപ്പം നമുക്കും സ്മാർട്ട് ആകാം.

2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

മുഖ്യ മന്ത്രി ആകണം

മാണിയ്ക്ക്  മുഖ്യ മന്ത്രി ആകണം.  ഗർഭിണികളുടെ ആശ പോലെ കുറെ നാളുകളായി അതിങ്ങിനെ  വളർന്നു വളർന്നു  വലുതായി ക്കൊണ്ടിരിക്കുന്നു. എത്ര നാളാണ് ചുമന്നു കൊണ്ട് നടക്കുന്നത്. അത് തൻറെ സിൽബന്ധികളിലൂടെ പതിയെ പുറത്തു ചാടിച്ചു. ആദ്യം പി.സി. ജോർജ് ആണ് രംഗത്ത് വന്നത്. അതോ ആദ്യം ആൻറ്റോ ആന്റണി ആണോ പറഞ്ഞത് ? ഏതായാലും രണ്ടു പേരും   പറഞ്ഞു. മുഖ്യ മന്ത്രി ആകാൻ എന്ത് കൊണ്ടും യോഗ്യനാണ് മാണി എന്ന്.   ലോക സഭ തെരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയതാണ്‌ ഈ പറച്ചിലുകൾ. മുഖ്യ മന്ത്രി ആകാൻ ആകെ ഒരു ചാൻസ് മാർക്സിസ്റ്റ് പാർട്ടി വിചാരിച്ചാൽ മാത്രം ആണ്.മാർക്സിസ്റ്റ് ക്യാമ്പിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടുമുണ്ട്. അതിനായി മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു സമ്മേളനത്തിൽ ശ്രീ മാണി പോയി പ്രസംഗിച്ചു. വിഷയം എക്കണോമിക്സ്. ഇത്രയും വർഷം  കേരളത്തിൻറെ ധന മന്ത്രിയായി ഇരുന്നിട്ട് എന്നും കടവും, ഓവർ ഡ്രാഫ്റ്റും, ട്രെഷറി പൂട്ടലുമായി കേരളത്തിൻറെ സാമ്പത്തിക സ്ഥിതിയെ പടു കുഴിയിൽ  എത്തിച്ച മാണി തന്നെ സാമ്പത്തിക കാര്യങ്ങൾ സംസാരിക്കാൻ ഏറ്റവും അർഹൻ എന്ന് മാർക്സിസ്റ്റ് കാർ വിചാരിച്ചത്  തോമസ്‌ ഐസക്കിനെക്കാളും ഭേദം എന്ന് അവർക്ക് തോന്നിയത് കൊണ്ടായിരിക്കാം.  മാണിയുടെ വേദ വാക്യങ്ങൾ കേട്ട് എല്ലാ സഖാക്കളും സന്തുഷ്ട്ടരായിഅനുമോദിച്ചു. പക്ഷേ തെരഞ്ഞെടുപ്പു അടുത്തു വന്നപ്പോൾ മാണി ഒന്നു കൂടി ആലോചിച്ചു. ഇനി ഈ വയസ്സു കാലത്ത് പിള്ളേരല്ലേ ആശ്രയം. മോനാണെങ്കിൽ  ഇത് വരെ ഒരു കര പിടിച്ചിട്ടില്ല. 2004 ൽ മൂവാറ്റുപുഴയിൽ തോറ്റു. 2009ൽ കോട്ടയത്ത് നിന്നും പാർലമെന്റിൽ എത്തിച്ചു. പല പ്രാവശ്യം മന്ത്രിക്കസേര അടുത്തെത്തി കൊതിപ്പിച്ചിട്ട്‌ ഉമ്മൻ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്സിലെ  ആത്മാർത്ഥ സ്നേഹിതരുടെ ഉള്ളഴിഞ്ഞ സഹായ സഹകരണം  കൊണ്ട് അത് നടക്കാതെ പോയി. വലിയ കഴിവൊന്നും ഇല്ല. എന്നാലും ഇത്തവണയെങ്കിലും   എന്തെങ്കിലും നടത്തി എടുക്കണം. പയ്യനും പ്രായമായി വരുന്നു. യു.ഡി.എഫ്. വിട്ടു പോയാൽ അത് നടക്കില്ല. അത് കൊണ്ട് തൽക്കാലം അവിടെ തന്നെ നിന്നു. 

അങ്ങിനെ മകൻ പാലമെന്റിൽ വീണ്ടും എത്തി.  പക്ഷേ  കഷ്ട്ട കാലത്തിന് കേന്ദ്രത്തിൽ  ബി.ജെ.പി. സർക്കാരാണ് അധികാരത്തിൽ വന്നത്. അതോടെ മകൻറെ മന്ത്രി മോഹം പൊലിഞ്ഞു. ഇനി എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇവിടെ ചെയ്യണം. മാണി ആലോചിച്ചു. അപ്പോഴാണ്‌ ബുദ്ധി തെളിഞ്ഞത്.  തനിക്കു എന്ത് കൊണ്ട് മുഖ്യ മന്ത്രി ആയിക്കൂടാ? ആർഎസ്.പി. കൂടെ ഇപ്പുറത്ത് വന്നതോട് കൂടി ഉമ്മൻ ചാണ്ടി കൂടുതൽ സ്ട്രോങ്ങ്‌ ആയി. ഇനി വെറുതെ വിരട്ടാൻ  പറ്റില്ല. മാത്രമല്ല കോണ്‍ഗ്രസ്സ് ഭാരതത്തിൽ ആകമാനം തോറ്റു തുന്നം പാടിയത് കൊണ്ട്  ഇപ്പോൾ ഹൈ ക്കാമാണ്ടിനെ ആർക്കും   ഒരു പേടിയും ഇല്ല. എല്ലാവരും ഇപ്പോൾ പാവം രാഹുൽ ഗാന്ധിയെ പരസ്യമായി തെറി പറയുകയാണ്‌. മുഖ്യ മന്ത്രി ആകണം എന്ന് പറയുമ്പോഴൊക്കെ മാർക്സിസ്റ്റ് കാർ ആത്മാർത്ഥമായി  പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ അനുകൂല നിലപാട് എടുക്കുന്നുണ്ട്. അതൊരു അടവാണ് എന്നറിയാനുള്ള ബുദ്ധി ഒക്കെ ഉണ്ട്. എന്നിരുന്നാലും ഒരു കൈ നോക്കാം. ആകെ സി.പി. ഐ. നേതാവ് പന്ന്യൻ  രവീന്ദ്രൻ ആണ് എതിരു നിൽക്കുന്നത്.  സ്വന്തം പാർട്ടി എവിടെയാണെന്ന് അന്വേഷിച്ചു നടക്കുന്നവർ ആണ് ഈ സി.പി.ഐ. ക്കാർ.ഇടയ്ക്കിടെ ഇങ്ങിനെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ പാർട്ടി ജീവിച്ചിരിപ്പില്ല എന്ന് ജനങ്ങൾ ധരിക്കും എന്ന് കരുതിയാണ് ഈ പറയുന്നത്. ബെന്നറ്റിനെ പ്പോലെ ഒരു കോടി യൊന്നും വേണ്ട എന്തെങ്കിലും കൊടുത്താൽ മതി  അവർ അട്ജസ്റ്റ് ചെയ്തു  കൊള്ളും. പിന്നെ എതിരു പറഞ്ഞത് ആ കാരണവർ ആണ്. അച്യുതാനന്ദൻ. അത് പിണറായി നോക്കിക്കൊള്ളും.

ജനങ്ങളെ സേവിക്കുകയാണ് മാണിയുടെ ഒരേ ഒരു ലക്ഷ്യം. എത്ര സേവിച്ചാലും അദേഹത്തിന് മതി വരില്ല. കഴിഞ്ഞ 49 വർഷമായി എം.എൽ.എ. ആണ്. ഒരേ നിയോജക മണ്ഡലത്തിൽ നിന്നും. ആർക്കും വഴി മാറിക്കൊടുക്കാതെ ഇന്നും എം.എൽ.എ. ആയി നിൽക്കുന്നത് ആ നാട്ടുകാരോടുള്ള സ്നേഹം കൊണ്ടും ജനങ്ങളെ സേവിക്കാതെ ഉറങ്ങാൻ കഴിയില്ല എന്നത് കൊണ്ടും മാത്രമാണ്. അത് പോലെയാണ്   മന്ത്രി ആകുന്നതും. കഴിവതും ധനകാര്യം തന്നെ എടുക്കും. എങ്ങിനെയെങ്കിലും കേരളത്തെ ഒന്ന് രക്ഷിക്കണ്ടേ. രണ്ട് മൂന്നു ദിവസത്തിനകം  സർക്കാർ  700 കോടി രൂപ കടം എടുക്കും.ഇതോടു കൂടി ഈ സാമ്പത്തിക വർഷത്തെ കടം 5400 കോടി ആകും. പിന്നെ ഓണമല്ലേ വരുന്നത്. ഓണച്ചിലവിനു വീണ്ടും ഒരു 1000 കോടി കൂടി കടമെടുക്കും. അങ്ങിനെ കടമെടുത്തു കൊണ്ടേ ഇരിക്കും. അതാണ്‌ ധന മന്ത്രിയുടെ ചുണ.

 പിന്നെ മുഖ്യ മന്ത്രി ക്കസേര. അത്  ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്?  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആഗ്രഹം.   കഴിഞ്ഞ 35 വർഷമായി മനസ്സിൽ കൊണ്ടു നടക്കുന്നതാണ്. 1979 ൽ പി.. കെ. വാസുദേവൻ നായർ രാജി വച്ചപ്പോൾ മുഖ്യ മന്ത്രി പദം  കൈപ്പിടിയിൽ വന്നതാണ്. പക്ഷെ കപ്പിനും ചുണ്ടിനും ഇടയ്ക്ക് കൈവിട്ടു  എന്ന് സായിപ്പ് പറയുന്നത് പോലെ പോയി. സി.എച്ച്.മുഹമ്മദ്‌ കോയ അത് അടിച്ചെടുത്തു. വേല  കയ്യിലിരിക്കട്ടെ. അങ്ങിനെ വിട്ടു കൊടുക്കാമോ?  മന്ത്രി സഭയ്ക്ക് കൊടുത്ത പിന്തുണ  മാണി പിൻ വലിച്ചു. രണ്ടേ രണ്ടു മാസം.  സി.എച്ച്.നെ  രാജി വയ്പ്പിച്ചു താഴെ ഇറക്കി. .  അപ്പോഴും മുഖ്യ മന്ത്രി ആകാനുള്ള അവസരം വരുമെന്ന് മോഹിച്ചത് നേര്. പക്ഷേ  എന്നും  കൂടെ നിന്ന നല്ലവരായ  കോണ്‍ഗ്രസ്സുകാർ പാലം വലിച്ചു. നിയമസഭ പിരിച്ചു വിട്ടു. ആ അവസരവും പോയി. എല്ലാ തെരഞ്ഞെടുപ്പിലും എം.എൽ.എ. ആകും. എന്നെങ്കിലും മുഖ്യ മന്ത്രി ആകാമെന്ന പ്രതീക്ഷ ഇല്ല എന്ന് പറയാൻ കഴിയില്ല. ഒരു ജീവിതമല്ലേ ഉള്ളൂ.  ഇനി കാത്തിരിക്കാൻ വയ്യ. പ്രായമായി. ഒരു മുടി പോലും  നരച്ചിട്ടില്ല എങ്കിലും വയസ്സ് 81 ആയി. അടുത്ത തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല. മത്സരിക്കാൻ കഴിയുമോ എന്നറിയില്ല. രാഹുൽ ഗാന്ധിയെ പോലെ തന്നെ ഒഴിവാക്കുമോ എന്നും പറയാൻ പറ്റില്ല. ഇടതു നിന്നും മുഖ്യ മന്ത്രി ആകാൻ പിണറായി കുപ്പായം തയ്പ്പിച്ചു കഴിഞ്ഞു.  അതാണ്‌ രണ്ടും കൽപ്പിച്ച് ഇപ്പോൾ  ഇറങ്ങി പുറപ്പെട്ടത്‌. 

അധികാര ക്കൊതിയല്ലേ ഇത് എന്ന് ജനങ്ങൾ ചോദിച്ചേക്കാം. കൊടി  വച്ച ഒന്നാം നമ്പർ കാറിൽ പോകാനുള്ള രാഷ്ട്രീയക്കാരുടെ ആർത്തി അല്ലെ ഇതെന്നും ചോദിച്ചേക്കാം. ഇപ്പോഴും എം.എൽ.എ പദവിയിൽ തൂങ്ങി കിടക്കുന്നത് എന്തിനാണ്. ഇങ്ങിനെ പല ചോദ്യങ്ങളും വന്നേക്കാം. അതൊക്കെ അസൂയക്കാര് ചോദിക്കുന്നതാണ്. അതിനൊക്കെ ഈ വിനയാന്വിതന്    ഒരു  മറുപടിയേ ഉള്ളൂ.  ജന സേവനം. അത് മാത്രം.

ഒരു കാര്യം കൂടി ഉണ്ട്. എല്ലാവരും പറയും മാണി മുഖ്യ മന്ത്രി പദത്തിന് സർവഥാ യോഗ്യനാണെന്ന്. പണ്ട് കോണ്‍ഗ്രസ് നേതാവ്  എം.എം. ജേക്കബ് പറഞ്ഞു. പിന്നെ  പലരും പറഞ്ഞു.  അടുത്തിടെ മുഖ്യ മന്ത്രി സാക്ഷാൽ  ഉമ്മൻ ചാണ്ടി വരെ പറഞ്ഞു. ( ഉള്ളിൽ ചാണ്ടി നന്നായി ചിരിച്ചു കാണും) പക്ഷെ കാര്യം നടക്കില്ല. അത്ര തന്നെ.  യോഗ്യനാണെന്ന് ആരൊക്കെ പറഞ്ഞാലും ഒരാൾ മാത്രം അത് സമ്മതിക്കില്ല.  സാക്ഷാൽ കെ.എം. മാണി. വിനയത്തിന്റെ മൂർത്തിമദ് ഭാവമായ അദ്ദേഹം പറയുന്നു. എനിക്ക് അങ്ങിനെ ഒരു ആഗ്രഹമേ ഇല്ല. ശരിയല്ലേ? ഇന്ന് വരെ മുഖ്യ മന്ത്രി ആകണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? ഇല്ല.

ഇനി ഒരു വഴിയേ ഉള്ളൂ. ബി.ജെ.പി.യുമായി ചങ്ങാത്തം സ്ഥാപിക്കുക. അടുത്ത തെരഞ്ഞെടുപ്പിൽ യോജിച്ചു ഒരു കൈ നോക്കാം. ഇപ്പോഴത്തെ ലോക സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കു വച്ച് നോക്കിയാൽ ബി.ജെ.പി യ്ക്ക് ചാൻസ് ഉണ്ട്. പിന്നെ മതേതര പാർട്ടികൾ പറയുമ്പോലെ ഹിന്ദുത്വം.  ഈ ക്രിസ്ത്യാനികൾ അങ്ങ് റോമിൽ നിന്നും വന്നതൊന്നും അല്ലല്ലോ. ഇവിടത്തെ നമ്പൂതിരിമാരും നായന്മാരും മതം മാറിയാണ് ക്രിസ്ത്യാനികൾ ഉണ്ടായത് എന്ന് അവര് തന്നെ പറയുന്നുണ്ട്. മോദിയുടെ ഭരണം വളരെ നല്ലതാണെന്ന് ഇവിടത്തെ പല ബിഷപ്പുമാരും പറയുന്നുമുണ്ട്. പിന്നെ എന്താണിത്ര   ആലോചിക്കാൻ ബഹു മുഖ്യ മന്ത്രി മാണീ .

2014 ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

1 കോടി രൂപ

തിരുവനന്തപുരം ലോക സഭ മണ്ഡലത്തിൽ ജനാധിപത്യ വിരുദ്ധമായ പല കാര്യങ്ങളും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  നടന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പരാജയ ഭീതി പിടി കൂടിയ കോണ്‍ഗ്രസ്സും ഇടതു മുന്നണിയും തെരഞ്ഞെടുപ്പു ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്, എന്തിന്  സാമാന്യ മര്യാദ പോലും ലംഘിച്ചാണ് ഇവിടെ പ്രവർത്തിച്ചത്. കോണ്‍ഗ്രസ്സ് സ്ഥാനാർഥി  ക്രിസ്തീയ മത നേതാക്കളെ തൻറെ വാസ സ്ഥലത്ത് വിളിച്ചു വരുത്തി അവർക്ക്പല പ്രലോഭനങ്ങളും, വിരുന്നും സൽക്കാരവും നൽകുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ  ജനങ്ങൾ കണ്ടതാണ്. അങ്ങിനെ തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനങ്ങൾ ആണ് അവിടെ നടന്നത്.  ജാതി, വർഗീയ  രാഷ്ട്രീയത്തിൻറെ ഏറ്റവും വൃത്തികെട്ട കളികൾ ആണ് ഇരു മുന്നണികളും  കളിച്ചത്. മതേതരത്തിൻറെ മൊത്ത ക്കച്ചവടക്കാരെന്നു സ്വയം പറഞ്ഞു നടക്കുന്ന ഇടതും കോണ്‍ഗ്രസ്സും വൻ തോതിൽ  വർഗീയ പ്രീണനം നടത്തിയാണ് കേരളത്തിൽ  ഇത്രയും വോട്ടും ഇത്രയും സീറ്റും നേടിയത് എന്നത് ഏവർക്കും അറിയാം. പണത്തിന്റെ സ്വാധീനം വൻ തോതിൽ വോട്ട് നേടാൻ ഉപയോഗിച്ചിട്ടുണ്ട്. പണം വാരി എറിയുകയായിരുന്നു വോട്ട് നേടാൻ വേണ്ടി എന്നും ജനങ്ങൾ പറയുമായിരുന്നു. അതിൻറെ തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വന്നത്. 

തിരുവനന്തപുരത്ത് മത്സരിച്ച  ഇടതു മുന്നണി സ്ഥാനാർഥിയിലൂടെ സി.പി.ഐ. യ്ക്ക് തെരഞ്ഞെടുപ്പിൽ 1 കോടി രൂപയാണ് കിട്ടിയിരിക്കുന്നത്. ഇത് പറയുന്നത് മറ്റാരുമല്ല. സി.പി.ഐ. പാർട്ടിയുടെ നേതാക്കൾ തന്നെയാണ്.  സ്ഥാനാർഥി ബെന്നറ്റ്‌ അബ്രഹാമിന്റെത്  ഒരു "പെയ്മെന്റ് സീറ്റ്' ആണെന്ന് തുടക്കം മുതൽ ജനനങ്ങൾ അടക്കം പറയുകയും പിന്നീട് പരസ്യമായി പറയുകയും ചെയ്ത കാര്യങ്ങൾ ആണ് ഇപ്പോൾ പാർട്ടി തന്നെ സമ്മതിക്കുന്നത്.  കുറ്റക്കാരായി സി.ദിവാകരൻ തുടങ്ങി 3 നേതാക്കളുടെ പേരുകൾ പാർട്ടി പറയുകയും ചെയ്തു. കൂടാതെ പന്ന്യൻ രവീന്ദ്രനും ഇതിൽ ഉത്തരവാദിത്വം  ഉണ്ടെന്ന് പാർട്ടിയുടെ അന്വേഷണ കമ്മീഷൻ പറയുകയുണ്ടായി.

ഇത് ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞു ഒഴിയാൻ കഴിയില്ല.  എന്താണ് ഇതിനർത്ഥം? ഒരു കോടി രൂപ വാങ്ങി പാർട്ടി സീറ്റ് നൽകി എന്നല്ലേ? ഇത്  തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ചട്ടങ്ങളുടെ  ലംഘനം അല്ലേ ? ഇൻഡ്യൻ ശിക്ഷാ നിയമങ്ങളുടെ  ലംഘനം അല്ലേ ?    ഈ ഒരു കോടി രൂപയുടെ സ്രോതസ്സ് അന്വേഷിക്കേണ്ടേ? അത് കൂടാതെ ഈ പണം എവിടെ ചെന്നെത്തി എന്നും എന്തിനായി വിനിയോഗിച്ചും എന്ന് അറിയണ്ടേ?  വോട്ടർമാരെ സ്വാധീനിക്കാൻ ഈ പണം ഉപയോഗിച്ചില്ല എന്ന് പറയാൻ കഴിയുമോ?  ഉത്തരവാദിത്വ പ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അതും പാർട്ടിയുടെ ഒരു അന്വേഷണ കമ്മീഷൻ. വ്യക്തമായ തെളിവുകൾ ഇല്ലാതെ അവർ ഇത്തരം ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകില്ലല്ലോ? ഇങ്ങിനെ ഉത്തരം കിട്ടേണ്ട അനേകം ചോദ്യങ്ങൾ ആണ് സി.പി.ഐ. യുടെ ഈ വെളിപ്പെടുത്തലിലൂടെ ഉയർന്നു വന്നിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന ജനങ്ങൾ ഇതിൻറെ സത്യാവസ്ഥ പുറത്തു വരാൻ കാത്തിരിക്കുന്നു.    

2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

സുരേഷ് ഗോപി

ആറന്മുള വിമാന ത്താവളത്തിന് വേണ്ടി മുഖ്യ മന്തി ഉമ്മൻ ചാണ്ടി കാണിക്കുന്ന അതിരു വിട്ട, വഴി വിട്ട ചെയ്തികൾക്ക് എതിരെ സുരേഷ് ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ്? കൂടുതൽ വ്യക്തമായി പറഞ്ഞാൽ സുരേഷ് ഗോപി പറഞ്ഞതാണ് ശരി. 

സാധാരണ ഈ സിനിമാ നടന്മാരും കലാകാരന്മാരും വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് എടുക്കുക പതിവില്ല. കാരണം അത് അവരുടെ ഭാവിയെ ബാധിക്കും. രാഷ്ട്രീയവും പറഞ്ഞിരുന്നാൽ പത്തു കാശ് ഉണ്ടാക്കാനുള്ള ചാൻസ് പോകും. പ്രത്യേകിച്ചും ഇടതു പക്ഷത്തിന് എതിരെ പറഞ്ഞാൽ ദേഹോപദ്രവം വരെ പ്രതീക്ഷിക്കാം. അതിനു വേണ്ടി ഒരു ക്വട്ടെഷൻ സംഘത്തെ ഏർപ്പെടുത്താൻ അവർക്ക് വളരെ എളുപ്പമാണ്. അത് കൊണ്ടാണ് കലാ കാരന്മാർ പേടിച്ചു നിൽക്കുന്നത്. അത് കൊണ്ടാണ് ഈ പാവം  എഴുത്തുകാർ പലരും ഇടതു പ്രസ്ഥാനങ്ങളെ അനുകൂലിച്ചു നിൽക്കുന്നത്. 

ആറന്മുള വിമാനത്താവളത്തിന്‌ കേന്ദ്ര, കേരള സർക്കാറുകൾ നൽകിയ എല്ലാ അനുമതികളും നിയമ വിരുദ്ധം ആണെന്ന്ഹരിത ട്രിബുണൽ പറഞ്ഞു കഴിഞ്ഞു.  കേരള ഹൈക്കോടതി  ആകട്ടെ  ഇതിനു വേണ്ടി  മണ്ണിട്ട്‌ നികത്തിയ വയലും തോടും മണ്ണ് മാറ്റി പൂർവ സ്ഥിതിയിൽ ആക്കണം എന്ന് വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്.  എന്നിട്ടും ഇത് നടപ്പിലാക്കും എന്നും പറഞ്ഞു ഈ മുഖ്യ മന്ത്രി നടക്കുന്നതിൻറെ കാരണം എന്താണ്? അച്ചുതാനന്ദൻ പറഞ്ഞത് പോലെ മദാമ്മ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രക്ക് ഇതിൽ മുതൽ മുടക്ക് ഉള്ളത് കൊണ്ടാണോ?

ഓരോ ആളിന്റെയും നെഞ്ചത്ത്‌ ഓരോ വിമാനത്താവളം കൊണ്ട് വരാൻ ആണ് മുഖ്യ മന്ത്രി ശ്രമിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. പരിസ്ഥിതിയെ പറ്റി മുഖ്യ മന്ത്രിക്കു വിവരം ഇല്ലെങ്കിൽ വിവരം ഉള്ളവരോട് ചോദിച്ചു മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. സത്യം അല്ലേ ? ഇത് ധന മന്ത്രി മാണിക്കും ബാധകമാണ്. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനത്തിന് എതിരെ യൂത്ത് കോണ്ഗ്രസ്സ് നേതാവ് ഡീൻ കുരിയാക്കോസ് പ്രതികരിച്ചു കണ്ടു. രാഹുൽ ഗാന്ധിയുടെ പുറകെ വാലാട്ടി നടന്നവർ കോണ്‍ഗ്രസ്സിന് ദയനീയ പരാജയം വന്നപ്പോൾ രാഹുലിനെ വിമർശിക്കാനും തള്ളിപ്പറയാനും തുടങ്ങിയത് നമ്മൾ കണ്ടല്ലോ. അതിലൊരാളാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ്. സുരേഷ് ഗോപി പറഞ്ഞത് സത്യമായതിനാൽ ആണ് മുതിർന്ന നേതാക്കൾ ഒന്നും പ്രതികരിക്കാതെ  കുട്ടി ക്കുരങ്ങന്മാരെ വിട്ടത്.

ഏതായാലും സുരേഷ് ഗോപി ശരിയായി പ്രതികരിച്ചു. അത് പോലെ സ്വന്തം അഭിപ്രായം ആരെയും പേടിക്കാതെ  തുറന്നു പറയാൻ ഈ കലാകാരന്മാർ തയ്യാറാകണം. ഇനിയെങ്കിലും. കാരണം ഇവിടെ ഇടതു പക്ഷം ശക്തിയെല്ലാം ക്ഷയിച്ച് ശിഥിലമായിക്കഴിഞ്ഞു. കോണ്‍ഗ്രസ്സും  ദേശീയ ഭൂപടത്തിൽ നാമ മാത്രമായി ക്കഴിഞ്ഞു. കുറെ ഏറാൻ മൂളികൾ മാത്രം.

2014 ഓഗസ്റ്റ് 3, ഞായറാഴ്‌ച

വൈസ് ചാൻസലർ

ഒരു വൈസ് ചാൻസലറുടെ നിയമനം കോടതി റദ്ദാക്കിയിരിക്കുന്നു. മധുര കാമരാജ് യുനിവേർസിറ്റി  വൈസ് ചാൻസലർ ആയിരുന്ന  കല്യാണി മണി വണനെ ആണ് മദ്രാസ്‌ ഹൈക്കോടതിപുറത്താക്കിയത്. ഇത് പോലെ മറ്റൊരു  വൈസ് ചാൻസലറെ   ഗവർണർ പുറത്താക്കിയിട്ട്  രണ്ടു മാസം തികഞ്ഞിട്ടില്ല. മഹാത്മാ ഗാന്ധി സർവകലാശാല വൈസ് വൈസ് ചാൻസലർ ആയിരുന്ന എ.വി.ജോർജിനെ ആണ് കേരള ഗവർണർ പിരിച്ചു വിട്ടത്.  

 ഇല്ലാത്തയോഗ്യതകൾ കാണിച്ച്‌ വൈസ് ചാൻസലർ പദവി കരസ്ഥമാക്കിയവർ ആണ് രണ്ടു പേരും.  കള്ള  ബയോ ഡേറ്റ ആണ് എ.വി.ജോർജ് നൽകിയത്.  ഒരു സ്വകാര്യ കോളേജിൽ പണി ചെയ്തിട്ട് ഒരു കേന്ദ്ര സർവകലാശാലയിൽ പ്രഫസ്സർ ആയിരുന്നു എന്ന കള്ളം ആണ് പുള്ളി തട്ടി വിട്ടത്. കല്യാണി മണി വണനും ഇത് പോലെ കള്ളം പറഞ്ഞിരുന്നു.  ഒരു സ്വകാര്യ കോളേജിൽ അസോസിയേറ്റ് പ്രോഫസ്സർ മാത്രം ആയിരുന്നു അവർ 10 വർഷം പ്രൊഫസ്സർ ആയിരുന്നു എന്ന്പറഞ്ഞു. യു.ജി.സി. നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യതകൾ ഇല്ലാത്തവരാണ് രണ്ടു പേരും. അതിനെ മറി കടക്കാനാണ് കള്ളത്തരം പറഞ്ഞതും കള്ള  സർറ്റിഫിക്കറ്റ്  നൽകിയതും. രണ്ടു പേരും രാഷ്ട്രീയ പിന്തുണയുള്ളവർ ആണ്. മന്ത്രി സഭയുടെ ശുപാർശയിൽ   ആണ് ഇവരെ നിയമിച്ചത്. അതിനർത്ഥം ഉമ്മൻ ചാണ്ടിക്കും ജയലളിതയ്ക്കും മുഖ്യ മന്ത്രി എന്ന നിലയിൽ  ഈ തട്ടിപ്പിനെപറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്നാണ്.

മാർക്ക്‌ തിരുത്തിയവനും, രണ്ടാം തവണ പാസ്സായവനും ഒക്കെയാണ് ഇന്ന് കേരളത്തിലെ സർവകലാശാല കളുടെ  വൈസ് ചാൻസലർ മാർ ആയി വരുന്നത്. പണ്ഡിത വരേണ്യർ അലങ്കരിച്ചിരുന്ന ആ പദവിയിൽ ആണ് ഇന്ന് യോഗ്യതയും നിലവാരവും ഇല്ലാത്തവർ കയറിപ്പറ്റുന്നത്  എന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിനു സംഭവിച്ച അപചയം ആണ് കാണിക്കുന്നത്. വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നവർക്കാണതിന്റെ ഉത്തരവാദിത്വം.  വിവരവും,വിദ്യാഭ്യാസവും, കഴിവും,പാണ്ഡിത്യവും ഉള്ള ആളുകൾ ഇല്ലാത്തതിനാൽ അല്ല ഈ കള്ള സർറ്റിഫിക്കറ്റ്  കാരെ   വൈസ് ചാൻസലർ പദവിയിൽ കുടിയിരുത്തുന്നത്. വൈസ് ചാൻസലർ പദവി രാഷ്ടീയ പാർട്ടികൾക്കും ജാതി സംഘടനകൾക്കും വീതം വച്ച് നൽകുന്നതാണിതിന് കാരണം.


കോളേജ് അദ്ധ്യാപകരുടെ കാര്യം അതിലും കഷ്ടമാണ്. പഠിപ്പിക്കുന്നതിൽ ഒഴിച്ച് എല്ലാക്കാര്യത്തിലും അവർക്ക് താൽപ്പര്യം ഉണ്ട്. ഗവേഷണം എന്ന വാക്കിൻറെ അർത്ഥം അവർക്കറിയാമോ എന്ന് സംശയം ആണ്.  മൂന്നരക്ക് കോളേജ് വിട്ടതിനു ശേഷം  കുട്ടികളുടെ നോട്ടും മറ്റും നോക്കാൻ ഒരു മണിക്കൂർ പോലും ഇരിക്കാൻ അധ്യാപകർ തയ്യാറല്ല.  നാലര മണിക്ക് പഞ്ച് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ്  അധ്യാപകർ സമരത്തിലാണ്. അങ്ങിനെയുള്ളവർ ഗവേഷണത്തിനു എങ്ങിനെ സമയം കണ്ടെത്തും?  ഇവരിൽ ഡോക്ടറേറ്റ് നേടിയവർ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയേണ്ടി വരും.  ഗവേഷണ പ്രബന്ധം ഉൾപ്പടെയാണ്  പലയിടത്തും ഇപ്പോൾ ഡോക്ടറേറ്റിന്റെ റേറ്റ്.  വിഷയം പോലും ഗൈഡ് തെരഞ്ഞെടുത്തു കൊള്ളും.

മദ്രാസ്‌ ഹൈക്കോടതി പറഞ്ഞത് കേൾക്കൂ "യു.ജി.സി. റെഗുലേഷൻ 2010 ൽ  നിഷ്ക്കർഷിച്ചിട്ടുള്ള  വിദ്യാഭ്യാസ യോഗ്യതകളും അർഹതാ മാനദണ്ഡങ്ങളും വൈസ് ചാൻസലർ പദവിക്ക് ആവശ്യമില്ല എന്ന് വന്നാൽ ഒരു യോഗ്യതയും ഇല്ലാത്ത ആരെയും  വൈസ് ചാൻസലർ ആക്കാമല്ലോ". ഇനി കേരളത്തിലെ മുഖ്യ മന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും.  കോടതി പറഞ്ഞത് കേൾക്കൂ  "യു.ജി.സി. റെഗുലേഷൻ 2010 ൽ  നിഷ്ക്കർഷിച്ചിട്ടുള്ള  അർഹതാ മാനദണ്ഡങ്ങൾ അനുസരിക്കാതെ   അവ നിർബ്ബന്ധം  ( മാൻഡേറ്ററി) അല്ല  എന്ന് തെറ്റിദ്ധാരണ പരത്തി കൊണ്ട് അതിനെ വെള്ള പൂശാൻ കഴിയില്ല." അത് കൊണ്ട് ഇനിയെങ്കിലും നാണം കെടാതെ യോഗ്യത ഉള്ളവരെ മാത്രം വൈസ് ചാൻസലർ ആയി നിയമിക്കുക.

2014 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

എം.എൽ.എ. ക്വാർട്ടേസ്

ഒരു ക്രിമിനൽ കേസിലെ പിടി കിട്ടാ  പ്രതി, കേരളം മുഴുവൻ പോലീസുകാർ അരിച്ചു പറക്കി അന്വേഷിച്ചു നടക്കുമ്പോൾ, എം.എൽ.എ. ക്വാർട്ടേസിൽ    സസുഖം  അനേക നാൾ ഒളിച്ചു താമസിച്ചു എന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. നിയമ സഭാ സാമാജികരുടെ മുറിയിൽ എങ്ങിനെ ഒളിച്ചു താമസിക്കാൻ കഴിയും എന്നുള്ളതാണ് ഇവിടത്തെ പ്രസക്തമായ ചോദ്യം. എം.എൽ.എ. ആയാലും മുൻ എം.എൽ.എ. ആയാലും ആ വ്യക്തി അറിയാതെ മറ്റൊരാൾ എങ്ങിനെ മുറിയിൽ കയറുകയും സുഖമായി കഴിയുകയും ചെയ്യും? ഇത്തരം ഗൌരവമേറിയ  ചോദ്യങ്ങളുടെ ഉത്തരങ്ങൾ അന്വേഷിക്കുന്നത്  അധികാരികൾക്കും, എം.എൽ.എ. മാർക്കും, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പടെ  എല്ലാവർക്കും അസുഖ കരവും ഹാനികരവും ആയി വരും എന്ന തിരിച്ചറിവാണ് അവിടെ അങ്ങിനെ ഒരു സംഭവമേ  നടന്നില്ല എന്ന രീതിയിൽ കാര്യങ്ങൾ  പരിണമിക്കാൻ ഇടയായത്. ആ പ്രതി അവിടെ താമസിച്ചതിന് യാതൊരു തെളിവുമില്ല, അയാളെ അവിടെ നിന്നും അല്ല പിടിച്ചത്,പിന്നെ എന്തിന് അയാളെ അവിടെ കൊണ്ട് പോയി തെളിവെടുക്കണം? ഇതാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.  

എം.എൽ.എ. ക്വാർട്ടേസിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പുതിയ കാര്യം ഒന്നുമല്ല. ക്വാർട്ടെർസ് ഉണ്ടായ കാലം തൊട്ടേ അത് ദുരുപയോഗം ചെയ്തു കൊണ്ടേ ഇരിക്കുന്നു. എം.എൽ.എ. മാർക്ക് നിയമ സഭ കൂടുന്ന കാലത്ത് താമസിക്കാൻ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങിയത്. പക്ഷേ ആ സമയത്തും എത്ര പേർ അവിടെ താമസിക്കുന്നു എന്ന് കണക്കെടുക്കേണ്ടി ഇരിക്കുന്നു. പാർട്ടി പ്രവർത്തനം നടത്താനും പാർട്ടിയിലെ മറ്റ് ആൾക്കാരെ താമസിപ്പിക്കാനും ആണ് ഈ മുറികൾ കൂടുതലും ഉപയോഗിച്ചിരുന്നത്.  നിയമ സഭ സമ്മേളനം കഴിഞ്ഞാൽ  എം.എൽ.എ.  മാർ തിരുവനന്തപുരത്ത് ചുറ്റി പ്പറ്റി നിൽക്കേണ്ട  ആവശ്യമില്ലല്ലോ.   അവരവരുടെ  നിയോജക മണ്ഡലങ്ങളിലേക്ക് മടങ്ങി പോവുകയാണല്ലോ വേണ്ടത്. അപ്പോഴും അവരുടെ  മുറികളിൽ മറ്റുള്ളവരെ താമസിപ്പിച്ചിരുന്നു എന്നത് പരസ്യമായ കാര്യമാണ്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളുമാണ് .   കേരളത്തിൽ ഇന്നേ വരെ ഉണ്ടായ ഓരോ എം.എൽ.എ. യ്ക്കും     അറിയാവുന്ന   സത്യം. അറിയില്ല എന്ന് നടിക്കുകയാണെങ്കിൽ അത് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു എന്ന് മാത്രം.  എം.എൽ.എ. ഹോസ്ടലിന്റെ ചുമതലയുള്ള സ്പീക്കർക്കും ഇത് അറിവുള്ള കാര്യം ആയിരിക്കണമല്ലോ.   കാരണം സ്പീക്കറും ഒരു എം.എൽ.എ. ആണ് എന്നതും എം.എൽ.എ എന്ന നിലയിൽ സ്പീക്കറും  ഇവിടത്തെ ഏതെങ്കിലും മുറി ഉപയോഗിച്ചിട്ടുണ്ടാകും എന്നതുമാണ്‌.  എം.എൽ.എ. ക്വാർട്ടെർസിൽ നടക്കുന്ന ഈ നിയമ ലംഘനങ്ങൾ  ഇപ്പോൾ പൊട്ടി മുളച്ച ഒരു സംഭവം ആണെന്നുള്ള രീതിയിലുള്ള അവതരണം മന:പൂർവ്വം  ആണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. കേരളത്തിൽ ഉള്ള 140 എം.എൽ.എ. മാരും ഒത്തൊരുമിച്ച്  ഇത് ആദ്യത്തെ സംഭവം ആണെന്ന് വരുത്തിത്തീർക്കാൻ ഒരുങ്ങി പ്പുറപ്പെട്ടാൽ ജനങ്ങൾക്ക്‌ എന്ത് ചെയ്യാൻ കഴിയും?

ഇനി എം.എൽ.എ. ക്വാർട്ടെർസിലെ  ഉദ്യോഗസ്ഥരുടെ കാര്യം. എം.എൽ.എ. മാരല്ല പുറത്തുള്ളവരാണ് അകത്തു താമസിക്കുന്നത് എന്ന് അവർക്കറിയില്ലേ? കാരണം അവരാണല്ലോ മുറി  അലോട്ട് ചെയ്യുന്നത്. പക്ഷേ അവരെ എങ്ങിനെ കുറ്റം പറയും? അവരെങ്ങിനെ നിയമവും നിയന്ത്രണവും   നടപ്പാക്കും?   ഇത്രയും എം.എൽ.എ. മാരെയും രാഷ്ട്രീയ പാർട്ടികളെയും ധിക്കരിക്കാൻ ആ പാവങ്ങൾക്ക്   കഴിയുമോ? അത് കൂടാതെ രാഷ്ട്രീയക്കാർപറയുന്നതും അനുസരിച്ച് കഴിഞ്ഞാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയും ചെയ്യും.

സ്പീക്കർ പദം ഒഴിയാൻ ആഗ്രഹിക്കുന്നു എന്ന് പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ച സ്പീക്കർ  എം.എൽ.എ. ക്വാർട്ടേസിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പരിഹരിക്കാൻ ഒരു സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയുണ്ടായി. അതിനു ശേഷം  കുറെ നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുകയുണ്ടായി.  പഴയ എം.എൽ.എ. മാർക്ക്  അഞ്ചു ദിവസത്തേക്ക് മാത്രമേ മുറി നൽകൂ, കുടുംബം മാത്രമേ അവരുടെ  കൂടെത്താമസിക്കാൻ പാടുള്ളൂ അങ്ങിനെ പലതും. ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം മുൻ എം.എൽ. എ. മാർക്ക്  അവിടെ മുറി കൊടുക്കേണ്ട ആവശ്യമെന്താണ്?  തലസ്ഥാനത്ത് വന്നു താമസിക്കാൻ വ്യക്തി പരമായി അല്ലാതെ  ജന സേവനത്തിനു വേണ്ടിയുള്ള   പ്രത്യേകിച്ച് കാര്യം വല്ലതും അവർക്കുണ്ടോ? അതും ദിവസം വെറും 10 രൂപ വാടകയ്ക്ക്.  വെറും ഒരു തട്ടുകട ചായയുടെ വിലയ്ക്ക് തലസ്ഥാനത്തെ ഹൃദയ ഭാഗത്ത്‌എല്ലാ സൌകര്യങ്ങളോടും താമസിക്കാൻ  ഒരു മുറി!   സാധാരണക്കാരൻ വലിയ തുകയ്ക്ക് ലോഡ്ജിലും ഹോട്ടലിലും താമസിക്കുമ്പോൾ പെൻഷനും മറ്റുമുള്ള  ഇവർക്ക് എന്തിന് ഇങ്ങിനെയൊരു ആനുകൂല്യം നൽകണം? മറ്റൊരു കാര്യം. എല്ലാ മുൻ  എം.എൽ. എ. മാരും നല്ല ഹോട്ടലുകളിൽ മുറി എടുത്തു താമസിക്കാൻ സാമ്പത്തികമായി കഴിവുള്ളവരാണ്.  അവരുടെ ആസ്തി അറിയണമെങ്കിൽ തെരഞ്ഞെടുപ്പിൽ അവർ കൊടുത്ത സത്യവാങ്ങ്മൂലം പരിശോധിച്ചാൽ കാണാമല്ലോ.  അങ്ങിനെയുള്ളവർക്ക് പാവപ്പെട്ട നികുതിദായകന്റെ ചിലവിൽ എന്തിനു ഇങ്ങിനെ ഒരു സൌജന്യം നൽകണം? ഇത്തരത്തിൽ 30 മുറികളാണ് ഇവിടുള്ളത്‌. ഇത് സാധാരണക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് നൽകിക്കൂടെ? അതിൽ നിന്നുമുള്ള വരുമാനം നിയമ സഭ നടക്കാത്ത   ദിവസങ്ങളിൽ നൽകേണ്ടി വരുന്ന അലവൻസുകൾക്ക് വേണ്ടി മുതൽ കൂട്ടാമല്ലോ. അത്രയെങ്കിലും സാധാരണക്കാരൻറെ  മുതുകിൽ കെട്ടി വയ്ക്കുന്ന സാമ്പത്തിക ഭാരത്തിനു ആശ്വാസംകിട്ടുമല്ലോ.