2015 ഡിസംബർ 30, ബുധനാഴ്‌ച

ബാർ വിധി






അങ്ങിനെ കേരളം കാത്തിരുന്ന വിധി വന്നു. 5 സ്റ്റാർ ബാറുകൾ ഒഴികെ എല്ലാം പൂട്ടിയ കേരള സർക്കാരിന്റെ ഉത്തരവ് നിയമ പരം എന്ന് സുപ്രീം കോടതി പറഞ്ഞു.

ഈ വിധി ആർക്കും ആശ്വാസം നൽകുന്നില്ല. 

*തങ്ങളുടെ സൌകര്യത്തിനു ബാർ നടത്താൻ വേണ്ടി കോടിക്കണക്കിനു കോഴ നൽകിയ ബാർ മുതലാളിമാർക്ക് ഈ വിധി തിരിച്ചടി ആയി.

*ബാർ മുതലാളിമാർക്ക് അനുമതി നൽകാം എന്ന് വാഗ്ദാനം ചെയ്തു കോഴ വാങ്ങിയ സർക്കാരിനും മന്ത്രിമാർക്കും ഈ  വിധി തിരിച്ചടിയായി.

*പാർട്ടി ഫണ്ട് പിരിവിനു ഏറ്റവും അനുയോജ്യരായ ബാർ മുതലാളിമാർക്ക് ഇങ്ങിനെ ഒരു ദുർഗതി വന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക്  ഈ വിധി തിരിച്ചടി ആയി.

*അധികാരത്തിൽ വന്നാലും ഇനി ഇതിൽ നിന്നും ഒരു മാറ്റം അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ്   പ്രതിപക്ഷത്തിനു ആശ്വാസകരം ആകുന്നില്ല.

*മദ്യ ലഭ്യത കുറയും എന്ന് പ്രതീക്ഷിച്ച സാധാരണക്കാർക്ക് ഈ വിധി അത്ര ആശ്വാസം നൽകുന്നില്ല. കാരണം പുറത്തു വരുന്ന സർക്കാർ കണക്കനുസരിച്ച് മദ്യത്തിന്റെ വിൽപ്പന കൂടി വരികയാണ്. 

മദ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചു വരികയാണ്. വലിയ വാചകം അടിക്കുന്നുവെങ്കിലും സർക്കാര് ബാറുകൾ പൂട്ടിയത് അതിനല്ല എന്ന് എല്ലാവർക്കും അറിയാം. മദ്യ വിൽപ്പന ശാലകളിലൂടെ വിൽപ്പന റിക്കോർഡ് ഭേദിച്ച് മുന്നോട്ടു പോവുകയാണ്. അത് പോലെ പുതിയ ബീയർ വൈൻ പാർലറുകൾ കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ എന്താണ് ഇതിന്റെ ഗുണം.

കഞ്ചാവ്,ഗുളിക തുടങ്ങിയ മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം പുതിയ തലമുറയിൽ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. സർക്കാരാകട്ടെ അതിലൊന്നും ശ്രദ്ധിക്കുന്നില്ല.

അപ്പോഴും മുഖ്യ മന്ത്രി ജനത്തിനെ വിഡ്ഢി കളാക്കുകയാണ്. ഉമ്മൻ ചാണ്ടി പറഞ്ഞത്  ആണ് രസം. " ഇത് ആർക്കും എതിരെയുള്ള ഒരു വിധി അല്ല."

എന്തൊരു തൊലിക്കട്ടി.  ബാറുടമകൾ കേസ് കൊടുത്തത് സർക്കാരിന്റെ നയത്തിനെതിരെ.   ആ വിധി അവർക്ക് പ്രതികൂലം. എന്നിട്ടും മുഖ്യ മന്ത്രി പറയുന്നു ആർക്കും എതിരെയുള്ള വിധി അല്ല എന്ന്. എന്താണ് അതിനർഥം? ഇനിയും ആശ കൈവെടിയണ്ട മുതലാളിമാരെ കാശ് തന്നാൽ അടുത്ത ഏപ്രിലിൽ പുതിയ മദ്യ നയം വരുമ്പോൾ ആലോചിക്കാം എന്ന്. ചാണ്ടി ആരാ മോൻ.



2015 ഡിസംബർ 29, ചൊവ്വാഴ്ച

ഫാസിറ്റ് അച്ഛൻ

സോണിയ ഗാന്ധിയുടെ അച്ഛൻ "ഫാസിറ്റ് ". ഇത് പറയുന്നത് മറ്റാരുമല്ല  കോണ്‍ ഗ്രസ്സിന്റെ മുഖ പത്രമായ 'കോണ്‍ഗ്രസ്സ് ദർശൻ' തന്നെ  ആണ്. സോണിയയുടെ അച്ഛൻ സ്റ്റെഫാനൊ മെയ്നോ ഇറ്റാലിയൻ ഫാസിസ്റ്റ് പടയാളി ആയിരുന്നുവെന്ന്  ആണ് ആ പത്രം പറയുന്നത്. മുംബയിൽ നിന്നും ഹിന്ദിയിലും മറാട്ടി യിലും പ്രസിദ്ധീകരിക്കുന്നതാണ് ഈ പത്രം. മുംബൈ കോണ്‍ഗ്രസ്സ് ചീഫ് സഞ്ജയ്‌ നിരുപം ആണ് ഈ പത്രത്തിന്റെ എഡിറ്റർ. 

സോണിയ യുടെ പൂർവ കാല ചരിത്രവും പത്രം പറയുന്നു.   എയർ ഹൊസ്റ്റസ്സ് ആകാനായിരുന്നു അവർക്ക് താൽപ്പര്യം. 1997 ൽ കോണ്‍ഗ്രസ് പാർട്ടിയുടെ  പ്രാഥമിക അംഗത്വം  എടുത്ത സോണിയ 62  ദിവസത്തിനകം കോണ്‍ഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് ആയി.

ബി.ജെ.പി. ഫാസിസ്റ്റ് ആണെന്ന് വിളിച്ചു പറഞ്ഞു നടക്കുന്ന കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റിന്റെ അച്ഛൻ ഇറ്റലിയിലെ ഫാസിസ്റ്റ് പടയാളി ആയിരുന്നുവെന്ന്. കഷ്ട്ടം.

അത് പോലെ പാർട്ടി അംഗത്വം എടുത്ത് ഒരു മാസത്തിനകം ആ പാർടിയുടെ പ്രസിഡന്റ്.

കോണ്‍ഗ്രസ്സ് തമ്മിലടിയിൽ ഒന്നാമത് എതിരിയിരിക്കുന്നു. പ്രധാന കാരണം അധികാരവും ധനവും ആണ്. അധികാരത്തിൽ ഇരിക്കുമ്പോൾ ആവോളം കയ്യിട്ടു വാരുന്നു.അതിനു അവസരം കിട്ടാതിരിക്കുമ്പോൾ അടി കൂടുന്നു.

ജവഹർലാൽ  നെഹ്‌റു  എങ്ങിനെ കാശ്മീർ പ്രശ്നത്തിൽ ഇടപെട്ടു അത് കുളം ആക്കി എന്ന് കൂടി ഈ ലേഖനം പറയുന്നു. ഏറ്റവും രസകരം പാർട്ടിയുടെ 131 ആം ജനംദിനം ആഘോഷിച്ച ആ ദിവസത്തിൽ തന്നെയാണ് ഇതെല്ലാം നടന്നത്. 

ഇനിയെങ്കിലും ഈ പാർട്ടിയിലെ അൽപ്പമെങ്കിലും ചിന്തിക്കുന്നവർ ( അങ്ങിനെ ആരെങ്കിലും ഉണ്ടോ?)  ഈ പുഴു ക്കുത്തുകളെ ഒഴിവാക്കി പാർട്ടിയ്ക്ക് പുതു ജീവൻ നൽകാൻ ശ്രമിക്കുക.
  

2015 ഡിസംബർ 27, ഞായറാഴ്‌ച

വയൽ നികത്തു നിയമം

 എല്ലാ നിയമവും ഉണ്ടാക്കുന്നത്‌ നമ്മുടെ നാട് നശിക്കാതിരിക്കാനാണ്. അതിലൂടെ നമ്മളും നശിക്കാതിരിക്കാൻ. പക്ഷെ കേരളത്തിൽ ഇത് നേരെ തിരിച്ചാണ്. നശീകരണം എങ്ങിനെ സാധിച്ചെടുക്കാം അതെങ്ങിനെ നിയമ വിധേയമാക്കാം എന്നുള്ള ചിന്തയിലാണ് നിയമം ഉണ്ടാക്കുന്നത്‌. ക്വാറി നിയമം ആയാലും, ഉയർന്ന കെട്ടിടങ്ങൾക്കുള്ള നിയമം ആയാലും മണൽ വാരൽ നിയമം ആയാലും, വന നശീകരണ നിയമം ആയാലും  അതൊക്കെ തന്നെ  എങ്ങിനെ നിയന്ത്രിച്ചു നാടിനെയും ഭാവി തലമുറയെയും  രക്ഷിക്കാം എന്നല്ല നമ്മുടെ ഭരണാധികാരികളും നിയമ നിർമാണ സഭയും നോക്കുന്നത്. മറിച്ച്  എങ്ങിനെ നശീകരണം നിയമ വിധേയമായി  പ്രകൃതിയെയും നാടിനെയുംകുളം തോണ്ടാം  എന്നാണു അവർ നോക്കുന്നത്.

ഇനിയുള്ള വനം എങ്കിലും നശിപ്പിക്കാതെ കാത്തു സൂക്ഷിക്കാൻ വേണ്ടി ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കി. എല്ലാ രാഷ്ട്രീയക്കാരും അതിനെ ശക്തി യുക്തം എതിർത്തു. പിന്നെ ഗാട്ഗിലിൽ വെള്ളം ചേർത്ത് കസ്തുരി രംഗൻ റിപ്പോർട്ട് വന്നു. അതിനെയും ഈ രാഷ്ട്രീയക്കാർ എതിർത്തു. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള കോണ്‍ഗ്രസ്സുകാർ, കേരള കോണ്‍ഗ്രസ്സുകാർ, മാർക്സിസ്റ്റ് കാർ എല്ലാവരും എതിർത്തു. എല്ലാവരും ജനങ്ങൾക്ക്‌ ബുദ്ധി മുട്ട് ഉണ്ടാകും എന്ന് പറഞ്ഞാണ് എതിർത്തത്. പക്ഷെ ജനങ്ങൾക്ക്‌ അല്ലായിരുന്നു ബുദ്ധിമുട്ട്. വൻകിട മുതലാളിമാർക്ക് ആയിരുന്നു ബുദ്ധിമുട്ട്. ഫ്ലാറ്റ് നിർമാതാക്കൾ, റിസോർട്ട്,ക്വാറി മുതലാളിമാർക്ക്. ആ മാഫിയകൾക്ക്‌ കൂട്ട് നിൽക്കുകയായിരുന്നു ബി.ജെ.പി ഒഴിച്ചുള്ള മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും.  

ഇപ്പോഴിതാ യാതൊരു നിയന്ത്രനവുമില്ലാതെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. അവയുടെ, അവയിൽ താമസിക്കുന്നവരുടെ സുരക്ഷ തീ പിടിക്കുമ്പോൾ ഉറപ്പാക്കാൻ ഉള്ള നിയമം നടപ്പാക്കണം എന്ന് ജേക്കബ് തോമസ്‌ എന്ന ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിക്ക് ദ്വേഷ്യം വന്നു. അയാളെ കൈകാര്യം ചെയ്യും എന്ന് ഭീഷണി പ്പെടുത്തി.

അധികാരി വർഗം ഇതൊക്കെ ചെയ്യുന്നത് ഈ നശീകരണ മാഫിയകളെ സഹായിക്കാനാണ്. അങ്ങിനെ സഹായിച്ചാൽ അവർക്ക് പണം കിട്ടും.സ്വത്തു വാരിക്കൂട്ടാം. ആർഭാടത്തോടെ ജീവിക്കാം. മക്കളും അടുത്ത തലമുറയും ആർഭാട പൂർവ്വം ജീവിക്കും. അതിനടുത്ത തലമുറയോ? വരും തലമുറകളോ? അതീ രാജ്യ ദ്രോഹികൾ ചിന്തിക്കുന്നില്ല. രാജ്യ ദ്രോഹികൾ എന്ന് ചുരുക്കണ്ട. പ്രപഞ്ച ദ്രോഹികൾ ആണിവർ.

എന്താണിവരുടെ ആർഭാടം? കൂടിയ വസ്ത്രം? അത് പറ്റില്ല. ജനങ്ങളെ പറ്റിയ്ക്കാൻ ഖദറോ ലളിതമായ വസ്ത്രമോ ധരിക്കേണ്ടി ഇരിക്കുന്നു. വില പിടിപ്പുള്ള കാറുകളും വീടുകളും പറ്റില്ല. പിന്നെ ആകെയുള്ളത് മദ്യവും മദിരാക്ഷിയും ആണ്. അതാനിവരുടെ ആകെ സുഖം. ബാക്കി ഉണ്ടാക്കിയ പണം മുഴുവൻ അടുത്ത തലമുറ ഇത് പോലെ കള്ളും പെണ്ണും പിടിച്ചു തുലയ്ക്കുന്നു.

വയൽ നികത്തു നിയമം കൊണ്ട് വന്നു.  ഈ നിയമം കൊണ്ട് വന്നത് നമ്മുടെ വയൽ നികത്താതിരിക്കാൻ അല്ല. ഇനിയുള്ള വയലുകൾ എങ്കിലും നികത്താതിരിക്കാൻ നോക്കുന്നതിനു പകരം  ബാക്കിയുള്ളവ കൂടി എങ്ങിനെ നിയമ വിധേയമായി നികത്താം എന്നുള്ളതാണ് ഇവർ നോക്കുന്നത്. അതിന്റെ ഭേദഗതി കൊണ്ട് വന്നു കൂടുതൽ എളുപ്പത്തിൽ നികത്താൻ ആണ് റവന്യു വകുപ്പ് നോക്കിയത്. അത് പുറത്തു കൊണ്ട് വന്നപ്പോൾ കെ.പി.സി.സി. ഒരു കമ്മിറ്റിയെ നിയമിച്ചിരിക്കുന്നു. പഠിയ്ക്കാൻ. അപ്പോൾ ഈ നിയമം കൊണ്ട് വരുമ്പോൾ പാർട്ടിയെ ഒന്നും അറിയിക്കില്ലേ?കുറെ മന്ത്രിമാരെയും എം.എൽ.എ . മാരെയും ഉണ്ടാക്കുക മാത്രാമാണോ പാർട്ടിയുടെ  ലക്‌ഷ്യം?

പാർട്ടി കമ്മിറ്റിയിൽ വി.ഡി. സതീശനാണ് നേതാവ്. തരം കിട്ടുമ്പോൾ മാത്രം, അതായത് അനുകൂല സാഹചര്യത്തിൽ മാത്രം പ്രകൃതി സ്നേഹം കാട്ടുകയും നേതൃത്വം അനുകൂലിക്കില്ല എന്ന വിഷയങ്ങളിൽ മാളത്തിലോളിക്കുകയും ചെയ്യുന്ന ഓർ വർഗ്ഗത്തിന്റെ പ്രതിനിധി ആണ് സതീശൻ. പ്രതാപൻ ഷാഫി എന്നിവരാണ് ഈ വർഗത്തിലെ മറ്റു ചിലർ.

 പക്ഷെ നെൽ വയൽ നികത്താൻ ഏറ്റവും   അനുയോജ്യനായ ഒരാളെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. ശിവദാസൻ നായർ  എം.എൽ.എ. ആറന്മുളയിൽ ഏക്കർ കണക്കിന്  നിലം  നികത്താൻ കൂട്ട് നിന്ന മഹാൻ. ആറന്മുള വിമാനത്താവളം എങ്ങിനെയെങ്കിലും വരുത്തും എന്ന് പ്ര തിജ്ഞഎടുത്ത മഹാൻ. ഏതായാലും കറക്റ്റ് ആളെ തന്നെ വയൽ നികത്തലിന് നിയോഗിച്ച സുധീരന്റെ ധീരമായ നിലപാടിന് അഭിവാദനങ്ങൾ. ഈ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചാൽ വയൽ കാണാൻ നമ്മൾ ഇനി തമിഴ് നാട്ടിൽ പോകേണ്ടി വരും.

ഇതാണ് വയൽ നികത്തു ശിവദാസൻ നായർ 


2015 ഡിസംബർ 26, ശനിയാഴ്‌ച

എന്നേം സിനിമേലെടുത്തു

ബഹു  പ്രസിഡന്റ്  ശുധീരൻ  സാറേ,

എന്നേം ഡി.സി.സി. ലെടുത്തു. അല്ലേ.   ഇന്നലെ മനോരമ പത്രം നോക്കിയപ്പയാണ്  സാറേ  കോയിക്കോട് ഡി.ശി.ശി. ലിസ്റ്റുമ്മേല് ഞമ്മടെ പേരും കണ്ടത്. തൊണ്ണൂറ്റാറ് പേരുടെ ലിസ്റ്റില് ഞമ്മളാ ശെക്രട്ടറി എന്നാ എഴുതിയിരിക്കുന്നത്. 

 സാറേ ഞമ്മള് കോണ്‍ഗ്രസ്സ് ഒന്നുമല്ല. കോയിക്കോട് ഡി.ശി.ശി   അപ്പീസിന്റെ ആടെ  ചായക്കട നടത്തുവാ ഞമ്മള്. കയിഞ്ഞ മാസം ചായേം വടേം ദോശേം ഒക്കെ കയിച്ച ബഹയില് ഡി.ശി.ശി   അപ്പീസില് വരുന്ന നിങ്ങടെ കോണ്‍ഗ്രസ്സുകാര് ഞമ്മക്ക് കുറെ പൈശ തരാനുണ്ട്. ( അവർക്ക് കടയില് പറ്റാ)  അവരുടെയൊക്കെ പേരെയുതി ഓര് തരാനുള്ള പൈശേം എയുതി വലിയ ഒരു കടലാശ് , 96 പേരുടെ  പേര് , ഏറ്റവും  അടിയില് ഞമ്മടെ പേര് കാതര്, എന്ന് എഴുതി ഒപ്പ് ഒരു ശൂ വരച്ച് ഞമ്മള്  ഡി.ശി.ശി. അപ്പീശി കൊടുത്തു. ആപ്പീശിലെ തൂപ്പ് കാരി  ജാനു ചായ കുടിക്കാൻ വന്നപ്പം ഓളുടെ കയ്യിലാ കൊടുത്തത്. ചോദിച്ചപ്പം ആടെ  ആരുമില്ലാ എല്ലാരും അങ്ങ് തിരുവനന്തപുരത്ത് പോയിരിക്കുവാ എന്ന് ഓള്  പറഞ്ഞു.  ഓള് തരാനുള്ള പൈശയും ആ കടലാസ്സില് എഴുതിയിട്ടുണ്ട്.  ആ പഹയത്തി അതെന്തുവാ എന്ന് നോക്കാതെ ആ ലിസ്റ്റ്  നേരെ  കെ.പി.സി.സി. ഓഫീസില് നിങ്ങക്ക് അയച്ചു തന്നു. നിങ്ങള് അത് കോയിക്കോട് ഡി.ശി.ശി ലിസ്റ്റ് ആക്കി. അങ്ങനാ മാഷെ ഞമ്മള് കോയിക്കോട് ഡി.ശി.ശിയില് ആയത്. ജാനൂന്റെ പേരും ലിസ്റ്റിൽ ഒണ്ട്. ഞമ്മള്  കാതര് എയുതിയിട്ട് ശൂ എന്ന് നീട്ടിയെയുതി ഒപ്പിട്ടത്  നിങ്ങള്  ശെക്രട്ടറി എന്ന് വായിച്ചാണ് ഞമ്മള് അതായത്.

 കയിഞ്ഞ 25 കൊല്ലമായി ഞമ്മള് ആടെ ചായക്കട നടത്തുന്നു. എത്ര കോണ്‍ഗ്രസ്സ്കാരെ ഞമ്മള് കണ്ടിരിക്കുന്നു. എത്ര കളികള് ഞമ്മള് കണ്ടു. എത്ര പേരുക്ക് സീറ്റ് കൊടുക്കാതിരുന്നു. എത്ര പേരെ വെട്ടി മാറ്റി. എത്ര പേരെ കുത്തി തിരുകി. എന്തോരം ഗ്രൂപ്പ്  കളിയാ ഞമ്മള് കണ്ടത്. പിന്നെ  ചെറിയാൻ ഫിലിപ്പ് സാര്  പറഞ്ഞ മറ്റെക്കാര്യവും.ഞമ്മക്ക് എല്ലാം അറിയാം സാറേ. നമ്മക്ക് നല്ല പരിചയം ഒണ്ട്. അത് കൊണ്ട് ഞമ്മള് ഇപ്പോഴത്തെ ഡി.ശി.ശി. നന്നായി നടത്തും ഭായീ. 

നന്ദി 
ജയ് ഹിന്ദ്‌, ജയ്‌ കോണ്‍ഗ്രസ്, ജയ്‌ സോണിയ ഗാന്ധി, ജയ്‌ രാഹുൽ ഗാന്ധി . പിന്നെ ജയ്‌ സുധീരൻ, ജയ്‌ ഉമ്മൻ ചാണ്ടി ജയ്‌ രമേശ്‌  ചെന്നിത്തല.

എന്ന്
ചായക്കട കാതർ  ഭായ് 

(ശ്രീജിത്ത്‌ എന്ന സുഹൃത്ത്‌ വാട്സാപ്പിൽ അയച്ചു തന്ന  സാധനം ഒന്ന് മിനുക്കി എടുത്തതാണ്)  

2015 ഡിസംബർ 25, വെള്ളിയാഴ്‌ച

കുമ്പസാരം





അടുത്തിടെ രാഷ്ട്രീയത്തിൽ കുമ്പസാരങ്ങൾ കൂടി വരുന്നു. പണ്ട് കാണിച്ച പോക്രിത്തരങ്ങൾ തെറ്റായി എന്ന് ഏറ്റു പറയുന്നു. അന്ന് സ്വന്തം നില ഭദ്രമാക്കാനും മറ്റവൻ  തനിക്കു ഭീഷണി ആകാതിരിക്കാൻ  അവനെ ഒതുക്കാനും, അവൻറെ  അവസരം കൂടി പിടിച്ചെടുക്കാനും, അധികാരവും പണവും ഉണ്ടാക്കാനും നടത്തിയ വൃത്തികെട്ട, നെറികെട്ട, കളികൾ,   അവലബിച്ച അധാർമികമായ മാർഗങ്ങളും പ്രവർത്തികളും അതൊക്കെ തെറ്റായിരുന്നു എന്ന തിരിച്ചറിവ്. അത് ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയക്കാർ കുറ്റം ഏറ്റു പറയുന്നത്.  മരണക്കിടക്കയിൽ കിടക്കുമ്പോഴും യാതൊരു കുറ്റ ബോധവും തോന്നാത്തവരാണ്  ഭൂരിഭാഗവും. "പാണ്ടി മണിയന്റെ"  കഥയിലെ  പോലെ ചാവാൻ കിടക്കുമ്പോഴും എന്തെങ്കിലും ആപ്പ് അടിച്ച് മറ്റുളളവരെ  കുടുക്കാൻ ശ്രമിക്കുന്നവരാണ് രാഷ്ട്രീയക്കാർ.

ഈ വരുന്ന കുമ്പസാരങ്ങളുടെ കാരണങ്ങൾ രണ്ടാണ്.  

1. ഏതാണ്ട് അവസാന കാലം  ഒക്കെ ആകുമ്പോൾ, ഇത്രയും കാലത്തെ കളികൾ കൊണ്ട് നേടിയത് ഒന്നും ശാശ്വതമല്ല എന്ന സത്യം അവർ തിരിച്ചറിയുന്നു. .ഇനി ഈ കളികൾ കൊണ്ട് അർത്ഥം ഇല്ല എന്നും അവർ മനസ്സിലാക്കുന്നു. പശ്ചാത്തപിക്കുന്നു. ജീവിതത്തിന്റെ അന്ത്യ വേളയിൽ ആണ് അവർ സത്യം പുറത്തു പറയാൻ തയ്യാറാകുന്നത്. മനസ്സിൽ ഇനി സൂക്ഷിക്കാൻ കഴിയില്ല എന്നൊരു സ്ഥിതി വരുമ്പോൾ.

2. രണ്ടാമത്തെ  കുമ്പസാരം വീണ്ടുമൊരു തട്ടിപ്പ് ആണ്. ഇത് വരെ തുടർന്നു വന്ന അധാർമിക രാഷ്ട്ട്രീയം, അധാർമിക ജീവിതം അഭംഗുരം  തുടരാൻ നടത്തുന്ന ഒരു കള്ളക്കളി. കുറ്റ ബോധമോ പശ്ചാത്താപമോ ഒന്നുമില്ല. ("പശ്ചാത്താപം മറ്റൊരു തെറ്റ് ചെയ്യാനുള്ള ഉൾപ്രേരണ ആണ്" എന്ന് അവതരണം ഭ്രാന്താലയം എന്ന നാടകത്തിൽ പറയുന്നുണ്ട്).  പാശ്ചാത്തപിക്കുന്നു എന്ന് മറ്റുള്ളവരെ ധരിപ്പിച്ച് ഒരു സിമ്പതി നേടി മറ്റുളളവരെ വിഡ്ഢി കളാക്കാനും സ്വയം മറ്റൊരു അധാർമിക കളി കളിക്കാനുമുള്ള ഒരു കപട നാടകം.

ശ്രീ എ. കെ. ആന്റണി പറയുകയുണ്ടായി വിദ്യാഭ്യാസ മേഖലയിൽ ആകെ അഴിമതി ആണ് എന്ന്. ഇത് ഒരു തരത്തിലുള്ള ഏറ്റു പറച്ചിൽ ആണ്. ഈ അഴിമതി ഉണ്ടാകാൻ  അദ്ദേഹവും ഉത്തരവാദി ആണ്. കേരളത്തിലെ സ്വാശ്രയ വിദ്യഭ്യാസത്തിനു തുടക്കം കുറിച്ചത് അദ്ദേഹമാണ്. സ്വാശ്രയ മേഖലയിൽ കോളേജ് തുടങ്ങാൻ ചോദിച്ചവർക്കൊക്കെ NOC കൊടുത്തു.യാതൊരു നിബന്ധനകളും ഇല്ലാതെ. ഇവർക്ക്  ഇത് നടത്താൻ കഴിവുണ്ടോ,സ്ഥലമുണ്ടോ എന്നൊന്നും നോക്കാതെ. എങ്ങിനെ നടത്തണം എന്ന് ഒരു നിയമവും നിബന്ധനയും നിയന്ത്രണവും  റൂളും വകുപ്പും ഒന്നുമില്ലാതെ ആണ് NOC കൊടുത്തത്. കോളേജുകൾ തുടങ്ങിക്കഴിഞ്ഞാണ്  നിയമം ഉണ്ടാക്കുന്നത്‌. അണ്ടി ആപ്പീസിൽ വരെ (കശുവണ്ടി ഫാക്ടറി) കോളേജുകൾ തുടങ്ങി. പ്രവേശനത്തിന് കുട്ടികളുടെ കയ്യിൽ നിന്നും വൻ തോതിൽ പണം വാങ്ങി. അൻപതും അറുപതും ലക്ഷം ഓരോ മെഡിക്കൽ സീറ്റിനും. നാലും അഞ്ചും ലക്ഷം എന്ജിനീയറിംഗ് സീറ്റിന്. സർക്കാരിന് ഒന്നും ചെയ്യാൻ വയ്യാതെ ആയി. കോളേജ് കാര് പറയുന്നത് പോലെ യാണ് നിയമം. ഇന്നും അത് തുടരുന്നു.

ഇതാണ് ആന്റണി ഇന്ന് തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ കുമ്പസാരം ആത്മാർത്ഥമായി ആണ്. സുഖമില്ലാതെ ചികിത്സയ്ക്ക് അമേരിക്കയിൽ പോകുന്നതിനു മുൻപ് കേരളത്തിൽ വന്നപ്പോഴാണ് വിദ്യാഭ്യാസ രംഗത്തെ അഴിമതിയെ കുറിച്ച് പറഞ്ഞത്. (അദ്ദേഹം അസുഖം ഭേദമായി തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കുന്നു). 

മറ്റൊരു കുമ്പസാരം ചെറിയാൻ ഫിലിപ്പ് നടത്തിയതാണ്. പണ്ട് കരുണാകരനെ ഇറക്കാൻ വലിയ ഗൂഡാലോചന നടന്നു എന്നും എ ഗ്രൂപ്പ് ആണ് അത് നടത്തിയത് എന്നും അതിലൊക്കെ തനിക്ക്  പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കരുണാകരനെ ഇറക്കി ആന്റണി വന്നതും ആന്റണിയെ ഇറക്കി ഉമ്മൻ ചാണ്ടി കയറിയതും ഒക്കെ ഗൂഡാലോചന ആയിരുന്നു എന്നും മറ്റു പലതും അദ്ദേഹം പറഞ്ഞു. ഇതും ആത്മാർത്ഥമായ കുമ്പസാരമാണ്. 

ഇനി മൂന്നാമത് നടന്ന ഒരു കുമ്പസാരം നോക്കാം. അത് നടത്തിയത് സാക്ഷാൽ ശ്രീമാൻ ഉമ്മൻ ചാണ്ടി. പണ്ട് കെ.പി. വിശ്വനാഥൻ മന്ത്രി സഭയിൽ നിന്നും രാജി വച്ചപ്പോൾ ആ രാജി സ്വീകരിച്ചത് തെറ്റായിപ്പോയി എന്ന് ഒരു ഏറ്റു പറച്ചിൽ. ഇത് മുൻപ് പറഞ്ഞ രണ്ടെണ്ണത്തിൽ  കൂട്ടാൻ പറ്റില്ല. ഇത് സ്വന്തം നില നിൽപ്പിനു വേണ്ടി പറഞ്ഞ ഒരു കുറ്റസമ്മതം ആണ്. വിശ്വനാഥൻ അന്ന് രാജി വച്ചിട്ട് അവസാനം കോടതി വെറുതെ വിട്ടു. തിരിച്ചു മന്ത്രി സ്ഥാനം കിട്ടിയതുമില്ല.  ആരെങ്കിലും പറയുന്നത് കേട്ട് മന്ത്രി സ്ഥാനം രാജി വച്ചാൽ കയ്യിലിരുന്ന അധികാരം പോയി  വെറുതെ നടക്കേണ്ടി വരും എന്ന് സമർഥിക്കാൻ ആണ് ഇങ്ങിനെ പറഞ്ഞത്.  അതായത് വിശ്വനാഥനെ പ്പോലെ താൻ രാജി വയ്ക്കേണ്ടതില്ല എന്നർത്ഥം.  അതായത് തട്ടിപ്പ്കുമ്പസാരം.

2015 ഡിസംബർ 23, ബുധനാഴ്‌ച

കൂട്ട് കച്ചവടം

ഒന്ന് നോക്കിയാൽ ഈ രാഷ്ട്രീയക്കാര് തമ്മിലുള്ള അടി നല്ലതാണ്. അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു പറഞ്ഞു രണ്ടു പേരുടെയും അഴിമതി പുറത്തു വരും.അരവിന്ദ് കേജിരിവാളിന്റെ അഴിമതി കണ്ടു പിടിക്കാൻ സി.ബി.ഐ. പോയി. കേജി രിവാൾ പറയുന്നത് ഇത് മോദിയും കൂട്ടരും കളിച്ച കളി ആണെന്നാണ്‌. അതിനു പരകരമായി അങ്ങേര് ജെയിറ്റ്ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. അതിപ്പോൾ മാന നഷ്ട്ട ക്കേസിൽ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ആയി കിടക്കുകയാണ്.എന്തെങ്കിലും ഒക്കെ പുറത്തു വരും. വരട്ടെ. നമ്മുടെ പണം കൊണ്ടാണല്ലോ ഇവന്മാരൊക്കെ കളിക്കുന്നത്.അത് കൊണ്ട് സത്യം ജനങ്ങൾ അറിയട്ടെ.

ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇതിൽ പരമ കള്ളന്മാർ ഉണ്ട്. എന്തൊക്കെ തങ്ങളിൽ വഴക്ക് കൂടിയാലും പരസ്യമായി തങ്ങളിൽ ചീത്ത വിളിച്ചാലും ഇവന്മാര് യോജിച്ചു ചെയ്ത കള്ളത്തരങ്ങൾ ഒരിക്കലും പുറത്തു പറയാത്തവർ. അത്തരം ഒരു കേസ് അറിയാം.

ഒരു എം.എൽ.എ. ഒരു എം.പി. രണ്ടു പേരും ഏകദേശം ഒരേ കക്ഷിക്കാർ. വേണമെങ്കിൽ ഭരണം പങ്കു വയ്ക്കുന്നവർ എന്ന് പറയാം.ഇവര് രണ്ടു പേരും കൂടി തമിഴ് നാട്ടിൽ വർഷങ്ങൾക്കു മുൻപേ തോട്ടം വാങ്ങി. വാങ്ങാൻ പണവും ആയി പോയത് അവരുടെ എതിർ കക്ഷിയിലെ ഒരു ജില്ലാ നേതാവ്. തോട്ടം ഏക്കര് കണക്കിന് വാങ്ങി. എത്രയാണെന്ന് ജില്ല നേതാവ് വെളിപ്പെടുത്തിയില്ല. അതൊരു ചിരിയിൽ ഒതുക്കി.  അയാളും കുറച്ചു വസ്തു വാങ്ങിക്കാണും.

കുറേക്കഴിഞ്ഞ് ഈ വാങ്ങിയ രണ്ടു നേതാക്കളും തമ്മിൽ പിണങ്ങി. പരസ്യമായി തെറി വിളി, തന്തയ്ക്കു വിളി വരെ എത്തി. എത്രയൊക്കെ തെറി പറഞ്ഞിട്ടും മറ്റെക്കാര്യം, തോട്ടം വാങ്ങിയത്, മാത്രം പുറത്തു വന്നില്ല.എതിർ കക്ഷിക്കാരനും ഒരക്ഷരം പുറത്തു പറഞ്ഞില്ല.

ഇതാണ് കൂട്ട് കച്ചവടം. എന്തൊക്കെ പറഞ്ഞാലും അഴിമതിയ്ക്കും അത് മൂടി വയ്ക്കാനും ഇവരെല്ലാം ഒന്നിച്ചു നിൽക്കും. ഇവർക്ക് വേണ്ടിയാണ് നമ്മൾ തൊണ്ട പൊട്ടുമാറു  ജയ്‌ വിളിക്കുന്നത്‌.

2015 ഡിസംബർ 22, ചൊവ്വാഴ്ച

പഴയ പാട്ട്

"ചെഞ്ചുണ്ടുകളിൽ പുഞ്ചിരി തൂകി
കണ്ടു നിന്നാൽ ഹൃദയം തുള്ളും
പൂത്ത പൂവിൽ വണ്ടുകൾ പോലെ 
കാത്തു നിൽക്കും യുവ ഹൃദയങ്ങൾ" 

പാലും പഴവും കൈകളിലേന്തി..... .എന്ന പ്രശസ്തമായ തമിഴ് ഗാനത്തിന്റെ   ട്യുണിൽ ആണ് ഈ പാട്ടൊഴുകി വരുന്നത്. സിനിമയോ നാടകമോ  ഗാനമേളയോ ഒന്നുമല്ല. ഒരു കവലയിൽ നിന്ന് ഒരാൾ പാടുന്നതാണ്. കയ്യിൽ വിൽപ്പനയ്ക്ക് പാട്ടു പുസ്തകവും ഉണ്ട്. അതിൽ നിന്നുള്ള പാട്ടുകളാണ്  രാഗത്തിൽ പാടുന്നത്. പാട്ട് പുസ്തകത്തിന്റെ സെയിൽസ് പ്രൊമോ.

സുന്ദരിയെ, കഥാ നായികയെ, അവതരിപ്പിക്കുകയാണ് കവി.

പണ്ട് കാലത്ത് മിയ്ക്ക കവലകളിലും കാണുന്ന കാഴ്ച ആണിത്. അടുത്ത പ്രദേശങ്ങളിൽ നടന്ന ഏതെങ്കിലും സംഭവത്തെ, കൊലപാതകമോ, ആത്മഹത്യയോ,ഒളിച്ചോട്ടമോ,പ്രേമ സംബന്ധിയായ കാര്യങ്ങളോ  ആസ്പദമാക്കി എഴുതുന്ന പാട്ടുകൾ പുസ്തക രൂപത്തിലാക്കി ഇങ്ങിനെ വഴി നീളെ കവി തന്നെ പാടി കച്ചവടം നടത്തുന്നു.

 ഇങ്ങിനെ ഒരു കവിയുടെ  ചിത്രീകരണം സ്ഥാനാർഥി സാറാമ്മ എന്ന സിനിമയിൽ  കാണാം. അടൂർ ഭാസി ഇങ്ങിനെയുള്ള കവി-കം-പാട്ടുകാരനെ അവതരിപ്പിക്കുന്നു. അതിൽ ഇത്തരത്തിൽ കുറെ പാട്ടുകൾ ഉണ്ട്. പാട്ടിനു അകമ്പടി ആയി ഉള്ള ഏക വാദ്യോപകരണം "ചപ്പ്ളാങ്കട്ട" എന്ന സാധനം. രണ്ടു ചെറിയ ചെത്തി മിനുക്കിയ തടിക്കഷണങ്ങൾ കൈപിടിയോടു കൂടി. ഒരു കൈപിടി തള്ളവിരലിലും  മറ്റേ കൈപിടി മറ്റു നാല് വിരലുകളിലും പിടിച്ചു ഒരു കയ്യിൽ തന്നെ വച്ച് അത് തങ്ങളിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ്  താളം.

സി.ഡി.യും യുടുബും ഫെസ് ബുക്കും ഒക്കെ വന്നപ്പോൾ ഇത്തരം പാട്ടുകൾ  അവസാനിച്ചു. പിന്നെ പുതിയ ഉപകരണങ്ങൾ വന്നപ്പോൾ   "ചപ്പ്ളാങ്കട്ട" യും അത് പോലെയുള്ള വാദ്യോപകരങ്ങളും കാല യവനികക്കുള്ളിൽ മറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് കേട്ട "ചെഞ്ചുണ്ടുകളിൽ" എന്ന പാട്ടിൻറെ മറ്റൊരു  ഭാഗം ഓർമയിൽ നിന്ന്  (പാലും പഴവും  അതെ രാഗം) 

"അമ്മയാണവളൊരു ശിശുവിൻറെ 
എങ്കിലുമൊരു  യൗവ്വന കാന്തി 
മിന്നിടുന്ന സുലോചനയെന്നാം 
ഭാസ്കരൻറെ സഹ ധർമിണിയാം"