2020 മാർച്ച് 21, ശനിയാഴ്‌ച

മാമ്പഴം



ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര  മാവിൻ ചുവട്ടിൽ......


Image may contain: plant, tree, outdoor and nature



അങ്ങ് ഉയരത്തിൽ പഴുത്തു നിൽക്കുന്ന മാങ്ങകൾ. കൊതിയോടെ നോക്കി നിൽക്കുന്ന കുട്ടികൂട്ടം. എത്തിപ്പെടാൻ പറ്റാത്ത പൊക്കം. പാതി വഴിയിൽ ചിറകറ്റു വീണ മോഹങ്ങൾ എറിഞ്ഞ കമ്പുകളും കല്ലുകളും ആയി മാവിന് ചുറ്റും കിടക്കുന്നു. ഒരു കാറ്റോ ഒരു അണ്ണാനോ ഒന്ന് വരും മാവ് ഒന്ന് കുലുക്കും ഒരു മാങ്ങ താഴെ തള്ളിയിടും എന്ന പ്രതീക്ഷയോടെ കൂട്ടുകാരുമൊത്തു മാവിൻ ചോട്ടിൽ കഥ പറഞ്ഞു കളിച്ചു നടന്ന കാലം.

പള്ളിക്കൂടം അടച്ചാൽ ഇതൊക്കെ തന്നെ.മാവും പറങ്കിമാവും ഒക്കെ കേറിയിറങ്ങി കളിച്ചു നടക്കുന്ന കാലം. അവയൊക്കെ പൂത്തു കായ്ക്കുന്ന കാലവും.

കിളിച്ചുണ്ടൻ, മൂവാണ്ടൻ, നാട്ടുമാവ് തുടങ്ങി കുറെ മാവുകൾ. പിന്നെ ആകാശം മുട്ടെ നിൽക്കുന്ന കോമാവ്. നല്ല പൈനാപ്പിളിന്റെ രുചി ആണ് അതിലെ മാങ്ങ. ഒരു നാട്ടുമാവിൽ ചെറിയ ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള തേൻ രുചിയുള്ള ചക്കര മാങ്ങ.എങ്ങിനെ കറങ്ങിയാലും ഏതെങ്കിലും മാവിൻ ചോട്ടിൽ നിന്നും പഴുത്ത മാങ്ങ കിട്ടും. തൊലി കടിച്ചുരുരിഞ്ഞു കളഞ്ഞു കടിച്ചു തിന്നും ദേഹത്തൊക്കെ കുറെ വീഴ്ത്തി.

ജോലിക്കാരെ കൊണ്ട് പറിപ്പിച്ചു  പഴുപ്പിക്കാൻ വയ്ക്കും. കുട്ടയ്ക്കകത്തു വൈക്കോലിൽ വച്ച് ചാക്ക് മൂടി. നേരിട്ട് കിട്ടാതെ വരുമ്പോഴേ അതിൽ കൈ വയ്ക്കൂ. അതിനു അത്ര രുചി ഇല്ലല്ലോ.

ഇന്നിതാ കൈയെത്തി പറിക്കാൻ മാങ്ങ. മാവിന്റെ ഉയരത്തിൽ വീട്ടിലെ ടെറസിൽ നിന്നും. ആ പഴയ രുചി ഉണ്ടോ?..

പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ .. ഈണം മറന്നു പോയി.



2020 മാർച്ച് 11, ബുധനാഴ്‌ച

Body Shaming



 ***
എന്നെ കൊന്നു തരൂ എന്ന് വിലപിക്കുന്ന ഒരു കുഞ്ഞു അനുഭവിക്കുന്ന മനോവേദന ലോകം മുഴുവൻ ഏറ്റെടുത്തു. പൊക്കം കുറഞ്ഞതിന് സഹപാഠികൾ കളിയാക്കുന്നതിൽ മനം നൊന്തു കരയുന്ന ഹൃദയ സ്പർശിയായ രംഗം.

ക്വാഡന് സോളിഡാരിറ്റി പങ്കു വച്ച് ആയിരങ്ങൾ, പതിനായിരങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതി തങ്ങളുടെ ദുഃഖം  തങ്ങളുടെ അനുഭവം പങ്കു  
വച്ച്. സോഷ്യൽ മീഡിയയിലെ ഒരു ഹൈപ്പ് മാത്രമായി തീർന്നോ ഇതും? ഇത്തരം പരിഹാസങ്ങളെയും അധിക്ഷേപങ്ങളെയും അതി ജീവിച്ചു ഒരു പദവിയിൽ എത്തിയവർ പിന്നീട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ? കൂടെയുണ്ടായിരുന്നവരെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? മകനേ- അനിയാ  നിന്നെപ്പോലെ ഞാനും അനുഭവിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞവർ. ഇപ്പോഴും ഇങ്ങിനെ കുറെ ആളുകൾ ഉണ്ടെന്ന് അറിയുന്നുണ്ടോ? അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?

വളർച്ചയില്ലാത്ത കുഞ്ഞു മോളെ ഒക്കത്തെടുത്ത് 13 കിലോമീറ്റർ അകലെയുള്ള പ്രത്യേക സ്‌കൂളിൽ കൊണ്ടു പോയ കൗമാരക്കാരി അമ്മ. തിരിച്ചു വന്നു വൈകുന്നേരം വിളിക്കാൻ പോകാനുള്ള സാമ്പത്തിക പരാധീനത കൊണ്ട് മുഴുവൻ ദിവസം അവിടെ കാത്തു നിന്നു ആ  അമ്മ. അവിടെ തന്നെ ഒരു ആയയുടെ ജോലി എടുത്തു. സ്വന്തം  അനുഭവം മഞ്ജു എന്ന സുഹൃത്ത് ഒരു fb പോസ്റ്റിൽ പങ്കു വച്ചിരുന്നു. അത് കഴിഞ്ഞു അവിടെ പഠിച്ചു സ്പെഷ്യൽ ടീച്ചർ ആയി ആ സ്‌കൂളിൽ തന്നെ ടീച്ചർ ആയി കുഞ്ഞുങ്ങളെ നോക്കിയ  മഞ്ജുവിനോട് ബഹുമാനം തോന്നി.

ആസ്‌ട്രേലിയയിൽ പോകണ്ട. നമുക്ക് ചുറ്റും ഇത്തരം അവഗണന, അവഹേളനം അനുഭവിക്കുന്ന അനേകം കുട്ടികൾ- വളർന്നവർ വളരാത്തവർ ഉണ്ട്.ക്വാഡന്റെ മാനസികാവസ്ഥയിൽ എത്തിയവർ. അവരെ നമ്മൾ നോക്കാറുണ്ടോ? ശ്രദ്ധിക്കാറുണ്ടോ? ഇല്ല. അവർക്കു വേണ്ടി വിദ്യാലയങ്ങൾ ഉണ്ട്. അവിടെ ആരെങ്കിലും പോയി നോക്കാറുണ്ടോ? ആ കുട്ടികൾ എങ്ങനെ കഴിയുന്നു എന്ന് നോക്കാറും ഇല്ല. 

അടുത്തിടെ ശ്രീജിത്ത് രവീന്ദ്രൻ എന്ന അട്ടപ്പാടിക്കാരൻ യുവാവ് ഫേസ് ബുക്കിൽ വർഗീയത വളർത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അറസ്റ്റും സ്റ്റേഷനിൽ കൊണ്ട് പോകുന്നതും ഒക്കെ കാട്ടി ഒരു ആക്ഷേപ വീഡിയോ കേരള പോലീസ് തന്നെ ഇടുകയുണ്ടായി. അതിൽ വന്ന പ്രതികരണങ്ങൾ ആണ് വിചിത്രം. കറുത്തവൻ, വൃത്തി കെട്ടവൻ എന്നൊക്കെ രീതിയിലുള്ള അപമാനകരമായ അധിക്ഷേപങ്ങൾ. ഇന്നലെ ക്വാഡന്റെ അവസ്ഥയിൽ അനുതാപം പ്രകടിപ്പിച്ചവരും ആത്മരോഷം കൊണ്ടവരുമായ ആളുകൾ  തന്നെയാണ് ആ യുവാവിന്റെ നിറത്തിലും രൂപത്തിലും അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞു അപമാനിച്ചത്.

 ഇത് ആ കുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ കുറ്റം ആണെന്ന് ആരും പറയില്ലല്ലോ.  ജനിതക വൈകല്യം എന്ന് ശാസ്ത്രീയ വിശദീകരണം. അതിനു ആ പാവങ്ങളെ അപമാനിക്കുകയാണോ വേണ്ടത്?

 നമുക്ക് മാറാം. ക്വാഡൻ നമുക്ക് ഒരു പ്രചോദനം ആകട്ടെ. സോഷ്യൽ മീഡിയയിൽ അവസാനിപ്പിക്കാനല്ല. ഇത്തരം ആൾക്കാരെ പരിഹസിക്കാതിരിക്കാനും അവർക്ക് സഹായം ചെയ്യാനും ഉള്ള മനസ് നമുക്കുണ്ടാകാൻ.

2020 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

റേഡിയോ

No photo description available.






ഓർമ വച്ച നാള് മുതൽ അവൾ പാടുന്നതും പറയുന്നതും കേൾക്കുന്നു. സ്വീകരണ മുറിയിൽ ഉയർന്ന പ്രത്യേക പീഠത്തിൽ അവൾ രാജകീയമായി ഇരിക്കുന്നുണ്ടാകും. ഉദയഗീതത്തിൽ തുടങ്ങി വാർത്ത മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും. പിന്നെ....... എന്തെല്ലാം. 
ഫെബ്രുവരി 13.  ലോക റേഡിയോ ദിനം.

വീട്ടിലെ ആദ്യത്തെ റേഡിയോ നാഷണൽ എക്കോ. എക്കോ ബ്രാൻഡ് അവസാനിച്ചപ്പോൾ  മാറി അവസാനം ഫിലിപ്സ് - pride ൽ എത്തി. അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

എന്തൊക്കെ പരിപാടികൾ. വാർത്തകൾ. അറിവ് പകരുന്ന ധാരാളം പരിപാടികൾ. പിന്നെ പാട്ട്, നാടകം, സിനിമ (ചലച്ചിത്ര ശബ്ദരേഖ ) കഥകളി പദങ്ങൾ, ശാസ്ത്രീയ സംഗീതം. ഞായറാഴ്ച രാവിലത്തെ ബാലലോകം. രാത്രി 8 മണിയുടെ 1 മണിക്കൂർ നിങ്ങളാവശ്യപ്പെട്ട ചലചിത്ര ഗാനങ്ങൾ, അമ്മയും അച്ഛനും ഉൾപ്പടെ എല്ലാവരും റേഡിയോക്ക് ചുറ്റും കാണും. അടുക്കള ഒതുക്കി ജോലിക്ക് നിൽക്കുന്ന ചേച്ചിയും.

തലത് മഹമ്മൂദിനെ, റഫിയെ, ലതയെ ഒക്കെ കേൾപ്പിച്ച -ഗീഥ് ഗാത്താ ഗുൻ ഗുനാത്താ - അമിൻ സായ്നിയുടെ ബിനാക്കാ ഗീത് മാല...

റേഡിയോ വളരെയേറെ സ്വാധീനിച്ചു എന്നത് സത്യം. അറിവ് ലഭിക്കുന്നതിന്, കലാസ്വാദനത്തിന്. സംഗീതവും പാട്ടും പ്രത്യേകിച്ച്. 

ഇന്നും റേഡിയോയെ കൈവിട്ടില്ല. പാട്ട് കേൾക്കുക എന്നതിൽ മാത്രം ഒതുങ്ങി എന്ന് മാത്രം. ദൃശ്യമാധ്യമങ്ങൾ മറ്റു ദൗത്യങ്ങൾ ഏറ്റെടുത്തതോടൊപ്പം നമ്മളും കൂറ് മാറി.



2020 ഫെബ്രുവരി 1, ശനിയാഴ്‌ച

ആവിഷ്ക്കാര സ്വാതന്ത്ര്യം

ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലേ? ഏതു വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, അത് പോലും നമ്മുടെ ഭരണ ഘടന നല്കുന്നില്ലേ? സ്വാതന്ത്ര്യം ഇല്ല എന്ന് പറഞ്ഞാൽ ഇന്നലെ വരെ നമ്മൾ   വിശ്വസിച്ചേനെ. പക്ഷെ ഇന്നത്തെ സ്ഥിതി  അങ്ങിനെയല്ല. പൗരത്വ ഭേദഗതി നിയമത്തിനു വേണ്ടി ഭരണ ഘടന നമ്മൾ  പഠിച്ചു.  ലക്ഷോപലക്ഷം നിരക്ഷര കുക്ഷികളും ഇന്ന് ഭരണ ഘടന വായിച്ചവരാണ്. ഭരണ ഘടന വിഭാവനം ചെയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്താണ് എന്ന് അറിയുന്നവർ. നമ്മുടെ ശരീരത്തെ എങ്ങിനെ ആവിഷ്ക്കരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം. ഏതു വസ്ത്രവും  എങ്ങിനെയും  ധരിക്കാനുള്ള സ്വാതന്ത്ര്യം. നമ്മുടെ  ആവിഷ്ക്കാര സ്വാതന്ത്ര്യം.

പ്രിയങ്ക ചോപ്ര ധരിച്ച വേഷം ആണ് പ്രശ്നം. അതിനെതിരെ നിരൂപണങ്ങളും ആക്ഷപങ്ങളും ആണ് വന്നത്. മറച്ചു വച്ച് കൊണ്ടിരുന്ന ശരീരത്തിനെ പല ഭാഗങ്ങളും അനാവൃതമാക്കുന്ന ഒരു വസ്ത്ര ശകലമാണ് ഗ്രാമി അവാർഡ് വേളയിൽ അവർ ധരിച്ചത്. അതാണ് കുറെ യാഥാസ്ഥിതികർക്ക്  പ്രശ്നം.




 ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള വസ്ത്രം അല്ല. മദാമ്മമാര് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്  അവരുടെ രീതി അവരുടെ സംസ്‌കാരം. ബിക്കിനി ഇട്ടു കടപ്പുറത്തു അവരെ കാണാറില്ലേ?  അത് പോലെ നമ്മുടെ നാട്ടുകാരെ കാണാറുണ്ടോ? അവർ ആറ്റിൽ കുളിക്കുമ്പോഴും എല്ലാം മൂടിക്കെട്ടി അല്ലേ? ഇതൊക്കെയാണ് പാരമ്പര്യവാദികളുടെ വാദങ്ങൾ.

എന്താണ് ഇത്ര മറയ്ക്കാൻ ഉളളത്?  ശരീര ഭാഗങ്ങൾ അല്ലേ? എന്താണിത്ര ഒളിക്കാൻ?  ഇനിയും നമ്മൾ മാറാറായില്ലേ? പാശ്ചാത്യ സംസ്കാരം എന്ത് നല്ല സംസ്കാരോ- എന്ത് സ്വതന്ത്ര സംസ്കാരം. ഇതോളൊന്നും തെറ്റില്ല. 20 വർഷം മുൻപ് ജെന്നിഫർ ലോപ്പസ് ധരിച്ചത് നോക്കൂ. സത്യത്തിൽ ഇന്ത്യക്കാർ 20 വർഷം പിറകോട്ടാണ്. എന്നൊക്കെ പുരോഗമന വാദികൾ.

ഒരു 20 വർഷം മുൻപേ ( 17 വയസ്സ്  )  പ്രിയങ്ക ചോപ്ര  ധരിക്കേണ്ട വസ്ത്രമാണ് ഇത്  എന്ന് ഒരു രസികൻ പറഞ്ഞതിനോട് യോജിക്കുന്നു. ഇത് ഒരു ..80-90  വയസ്സായ ഇറക്കി വെട്ടിയ റൗക്ക ഇട്ട അമ്മൂമ്മ മാരെ പ്പോലെ ഒരു ഊഞ്ഞാൽ look ആയി. ഇത്  Body shaming ആണോ  അതോ ഡിസൈനർ Wendell  Rodriks പറഞ്ഞത് പോലെ Dress shaming ആണോ?

മനു സ്‌മൃതിയിൽ പറഞ്ഞത് പോലെ 'ന സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന പഴഞ്ചൻ ഫിലോസഫിയും  കൊണ്ടിരിക്കാതെ കൂടുതൽ പുരോഗമനപരമായി ചിന്തിച്ചു സ്ത്രീകൾ മുന്നേറട്ടെ.


2019 ഡിസംബർ 11, ബുധനാഴ്‌ച

നീതി നിഷേധം

Image may contain: 1 person, smiling, sitting





യുവതിയെ ബലാത്സംഗം ചെയ്ത്, ശേഷം പച്ചയ്ക്ക് തീ കൊളുത്തി   കൊലപ്പെടുത്തിയ കശ്മലന്മാരെ വെടി വച്ചു കൊന്ന ഹൈദരാബാദ് പൊലീസിന് കുങ്കുമ തിലകവും അനുമോദനങ്ങളുമായി ഭാരതത്തിലെ ജനം ഒന്നായി. എങ്ങും ആഹ്ലാദ പ്രകടനങ്ങളാണ്. കൊല്ലപ്പെട്ട ഡോക്ടർ ദിശയുടെ മാതാപിതാക്കളും സഹോദരിയും പ്രതികരിച്ചത് ' നീതി ലഭിച്ചു' എന്നാണ്. ഇത് കൃത്യമായ സന്ദേശം നൽകും  എന്നു പറഞ്ഞ അവർ പോലീസിനും സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിച്ചു.  2012 ൽ ഡൽഹിയിൽ വച്ച് കൂട്ട  ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട   നിർഭയ എന്ന 23 കാരിയുടെ   അമ്മ ആശാ ദേവി പറഞ്ഞത് - 'ഒരു മകൾക്ക് എങ്കിലും നീതി ലഭിച്ചു. ഈ വാർത്ത കഴിഞ്ഞ 7 വർഷമായി വേദന തരുന്ന തന്റെ മുറിവിൽ ഒരു വേദന സംഹാരി ആയി  എന്നാണ്.  ബലാത്സംഗത്തിനിരയായി ശേഷം കൊല  ചെയ്യപ്പെട്ടു സൗമ്യയുടെ  അമ്മ സുമതി പറഞ്ഞത്  'ഇത് പോലെ യുള്ള ശിക്ഷ കൊടുക്കണം. ഒരു പാട് ആശ്വാസമുണ്ട്' എന്നാണ്. കൂടാതെ ധാരാളം ആളുകൾ ഈ വെടി വയ്പ്പ് വളരെ ആവശ്യമായിരുന്നു, ബലാത്സംഗം നടത്തിയ അധമർ കൊല്ലപ്പെടേണ്ടവർ  തന്നെ എന്നും പറഞ്ഞു.


ഏറ്റു  മുട്ടലിൽ കൊല്ലപ്പെട്ടു എന്നും അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടി  വച്ചതാണ് എന്ന് പോലീസ് കമ്മീഷണർ സജ്ജനാർ പറയുകയുണ്ടായി. കൊന്നതിനെ ന്യായീകരിക്കുന്നവർക്ക് ഏറ്റുമുട്ടൽ ആണോ അല്ലയോ എന്നത് ഒരു പ്രശ്‌നമേ അല്ല. ആ നാല് പേരും  കൊല്ലപ്പെടേണ്ടവർ ആണെന്നും കൊന്നത് ശരിയാണെന്നും ആണ് അവരുടെ നിലപാട്. ചില രാഷ്ട്രീയക്കാർ ഇതിനെതിരെ പ്രതികരിച്ചു. 'പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല' എന്ന് ശശി തരൂർ എം..പി  പറഞ്ഞു. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്. ഭാര്യയുടെ ദുരൂഹ  മരണത്തിന് കേസിൽ പെട്ടിരിക്കുന്ന വ്യക്തിയാണ് തരൂർ. അത് പോലെ കുറേപ്പേർ. അവരൊഴികെ
 ബഹു  ഭൂരിഭാഗം ജനങ്ങളും പ്രതികൾ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കുക യാണ്. പോലീസ് വെടി വച്ച് കൊല്ലുന്നത് നിയമ സാധുത ഉള്ള ഒരു ശിക്ഷ വിധി അല്ലെന്നിരിക്കിലും  എന്താണ് ജനങ്ങൾ ഭൂരിപക്ഷവും  വെടിവയ്പ്പിന് അനുകൂലമായി  പ്രതികരിക്കുന്നത്? ഇരയ്ക്കു നീതി ലഭിച്ചു എന്ന് എന്ത് കൊണ്ട് അവർ വിശ്വസിക്കുന്നു?  അതിനുള്ള കാരണങ്ങൾ നമുക്ക് മുൻപിൽ തന്നെയുണ്ട്.

നീതി ലഭിക്കാനുള്ള, അന്തിമ വിധി വരാനുള്ള അത്യധികമായ കാല താമസം ആണ് ഇത്തരം ഒരു മാനസികാവസ്ഥയിൽ എല്ലാവരെയും കൊണ്ടെത്തിക്കുന്നത്. നീതിക്കു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്. മാസങ്ങൾ വർഷങ്ങൾ  നീളുന്ന കേസ് അന്വേഷണം, അത് പോലെ നീളുന്ന കോടതി  വിചാരണ. പിന്നെ  ഹൈക്കോടതി, സുപ്രീം കോടതി അവസാനം ദയാ ഹർജി. ഇത്രയും ആകുമ്പോഴേയ്ക്ക് വർഷങ്ങൾ അഞ്ചും പത്തും കഴിഞ്ഞിരിക്കും. സംഭവിക്കാനുള്ളത് മുഴുവൻ സംഭവിച്ചു കഴിഞ്ഞു ഇരയുടെ ജീവിതം ദുസ്സ ഹമായി തീർന്നിരിക്കും. ഇത്രയും വർഷങ്ങൾ കഴിഞ്ഞു വരുന്ന വിധി എന്തെങ്കിലും ആകട്ടെ അതിൽ അർഥം ഒന്നുമില്ല എന്നൊരു മാനസികാവസ്ഥയിലേക്ക് അവരെത്തും. ഇക്കാലം അത്രയും കുറ്റാരോപിതർ എന്ന ഒരു ലേബൽ മാത്രം പേറി പ്രതി ജയിലിനകത്തോ  പുറത്തോ ആയി ജീവിതം കഴിക്കും. സാമ്പിൾ ആയി ഒന്ന് രണ്ടു കേസുകൾ നോക്കാം.

27 വർഷം. 1992 - സിസ്റ്റർ അഭയയെ ബലാസംഗം ചെയ്തു കൊലപെടുത്തി. ഇപ്പോഴും വിചാരണ നടക്കുന്നു. പ്രതികളായ അച്ചനും കന്യാസ്ത്രീയും ഈ കാലഘട്ടം മുഴുവൻ സുഖിച്ചു ജീവിച്ചു.
25  വർഷം.1996 ലെ  സൂര്യനെല്ലി പീഡന കേസ്.  16 വയസ്സുള്ള പെൺകുട്ടിയെ നാട് നീളെ കൊണ്ട് നടന്നു ലൈംഗിക പീഡനം നടത്തിയ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം. 

12 വർഷം. 2007- ഇടുക്കി കൊലപാതകവും ബലാസംഗവും. അമ്മയെയും മകളെയും. രാജേന്ദ്രനും ജോമോനും വധ ശിക്ഷ. ഇനി സുപ്രീം കോടതി അപ്പീലുകൾ. 

8 വർഷം. 2011 - സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ കുറച്ചു സുപ്രീം കോടതി 7 വര്ഷം തടവ് ആക്കി.
വാളയാർ ബലാത്സംഗവും കൊലപാതകവും. 13 ഉം 6 ഉം വയസ്സായ രണ്ടു കുഞ്ഞു പെൺകുട്ടികളെ ബലാസംഗം ചെയ്തിട്ട് കൊല്ലുന്നു. പ്രതികളെ വെറുതെ വിടുന്നു. ഇനിയും നൂറു കണക്കിന് ഇത്തരത്തിലുള്ള കേസുകൾ ഉണ്ട്.

രാഷ്ട്രീയ ഇടപെടലുകൾ ആണ് ഈ കേസുകളിൽ എല്ലാം എന്ന് കാണാം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധികാര ദുർ വിനിയോഗം നടത്തി കേസുകൾ അട്ടിമറിക്കുന്നു. സിസ്റ്റർ അഭയയെ കൊന്ന  അച്ചന്മാരെയും   കന്യാസ്ത്രീകളെയും രക്ഷിക്കേണ്ടത് സഭയുടെ ആവശ്യമായി.ഇല്ലെങ്കിൽ അവിടെ നടക്കുന്ന ലൈംഗിക പീഡനങ്ങളും മറ്റു അനാശാസ്യ പ്രവർത്തികളും  പുറത്തു വരും. വോട്ട് ബാങ്ക് എന്ന നിലയിലും കോടികളുടെ കിലുക്കത്തിലും അത് രാഷ്ട്രീയക്കാർ സമർത്ഥമായി ഉപയോഗിച്ച് അന്വേഷണം വഴി തിരിച്ചു വിട്ട് യഥാർത്ഥ പ്രതികളെയും   ക്രിസ്ത്യൻ സഭയെയും രക്ഷിച്ചു.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വന്തം പാർട്ടിക്കാരെ രക്ഷിക്കേണ്ടത് പാർട്ടിയുടെ കടമ ആയി മാറുന്നു. സ്വാധീനം ഉപയോഗിച്ച് കേസ് അട്ടി  മറിക്കുന്നു. സൂര്യനെല്ലി കേസിൽ പി.ജെ കുര്യൻ എന്ന  കോൺഗ്രസ് കാരൻ ആരോപണ വിധേയൻ ആയിരുന്നു. അവസാനം കുര്യനെ കോടതി വെറുതെ വിട്ടു.  വാളയാർ കേസിൽ പ്രതികൾ സിപിഎം പാർട്ടിക്കാർ ആയിരുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതല പാർട്ടി ഏറ്റെടുത്തു. അതോടെ യഥാർത്ഥ പ്രതികൾ കുറ്റ വിമുക്തരായി. കിളിരൂർ കേസിൽ ഒരു വിഐപി ഉണ്ടെന്ന് വി.എസ് അച്യുതാനന്ദൻ ആവർത്തിച്ചു പറഞ്ഞല്ലോ. അപ്പോൾ ഈ വിഐപി യെ രക്ഷിക്കുക എന്നതാണ് പാർട്ടി ധർമം.

2019 നവംബർ 30, ശനിയാഴ്‌ച

വെള്ളിത്തിര



Image may contain: 1 person, indoor
   

പണത്തിന്റെ അതി പ്രസരം ഉള്ള സ്ഥലം ആണ് സിനിമ ഫീൽഡ്. കള്ളും കഞ്ചാവും പെണ്ണും സുലഭമായി ഉള്ള ഒരു പ്രത്യേക രാജ്യം. പിന്നെ പണവും. പണത്തിന്റെ ബലത്തിലും  ഗ്ലാമറിന്റെ തിളക്കത്തിലും അകത്തെ  വാർത്തകൾ ഒന്നും പുറത്തു വരില്ല. കുറ്റകൃത്യങ്ങൾ ഒതുക്കപ്പെടും. ഇവരുടെ പാർട്ടികളിൽ മയക്കുമരുന്ന് ഉണ്ട്. സെക്സ് ഉണ്ട്. നടനും നടിയും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്. എതിർക്കുന്നവരെ  ഒതുക്കും. കാസ്റ്റിംഗ് കൗച്ചുമായി വരുന്നവരെ ഒതുക്കുന്നത് കണ്ടിട്ടില്ലേ. 

മാഫിയകളാണ് സിനിമ ഭരിക്കുന്നത്. കള്ളപ്പണത്തിന്റെ അതിപ്രസരം. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സ്ഥലമാണ് സിനിമാ നിർമാണം. നോട്ട് പിൻവലിക്കൽ കൊണ്ട് കള്ളപ്പണം കുറഞ്ഞു എന്നൊരു നിർമാതാവ് പരസ്യമായി ടി.വി.യിൽ പറയുന്നത് കേട്ടല്ലോ. ഹവാല ഇടപാട് ധാരാളം നടക്കുന്നു. വിദേശത്തു നിന്നും കള്ളപ്പണം വരുന്നു. വെളുപ്പിക്കുന്നു. കുറെയേറെ പണം തിരിച്ച് ഗൾഫിലേക്ക് പോകുന്നു. എത്ര സിനിമാക്കാർക്ക് ഗൾഫിൽ ബിസിനസ് investment ഉണ്ട് എന്ന് നോക്കിയാൽ അറിയാം കള്ളപ്പണവും നികുതി വെട്ടിപ്പിന്റെ വ്യാപ്തിയും. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. അതോടെ സിനിമയിലെ ശതകോടി കളുടെ കള്ളപ്പണം അവസാനിക്കും. ഒപ്പം ആർഭാട വും മയക്കു മരുന്ന് പെൺ വാണിഭം ഒക്കെയും അവസാനിക്കും. നിർമാതാവിന്റെയും സംവിധായകന്റെയും നടന്റെയും പ്രശ്നങ്ങൾ അവിടെ തീരും.

കഞ്ചാവും LSD യും ഒക്കെ അടിച്ച് തലക്ക് വെളിവില്ലാതെ ഈ സിനിമാക്കാരമ്മാര് ഇടയ്ക്കിടെ കുറെ  കോപ്രായങ്ങൾ കാട്ടും. തമ്മിൽ പ്രശ്നമുണ്ടാക്കും. കുറെ ചാനലുകൾ ഇത് വാർത്തയാക്കും.  ഇത് സ്ഥിരം പരിപാടിയാ. ലഹരിയുടെ കെട്ട് ഇറങ്ങുമ്പോൾ ഇവമ്മാര് ഒന്നാകും. ഇടക്കിടെ കാശിനും പെണ്ണിനും വേണ്ടി അടി നടക്കും അത്ര മാത്രം. ഒരുത്തൻ പെട്ടാൽ എല്ലാവരും പെടും അത് കൊണ്ട് പിന്നെ ഒത്തുതീർപ്പ്.

ഈ വഴക്കുകളിൽ ഒക്കെ ജനങ്ങളെ വിഡ്ഡികളാക്കാൻ മസാലകൾ ചേർക്കും. ഒരു നായർ മേധാവിത്വം, ഒരു ദളിത പീഡനം, അല്ലെങ്കിൽ ഒരു മുസ്ലീം വിരുദ്ധത.വഴക്കിന്റെ  വിജയ ഫോർമുല.  സംഭവം ഹൗസ് ഫുൾ ആയി ഓടും. കഴിഞ്ഞ തമ്മിലടിയിൽ ദളിത പീഡനം ആയിരുന്നു ഇവമ്മാര് ഇറക്കിയ നമ്പർ. ഇത്തവണ മുസ്ലിം വിരുദ്ധത.

ഈ തമ്മിൽ തല്ലിനിടയിൽ ഈ നാറികൾ മാലിന്യം വാരി തമ്മിൽ എറിയും. അതിനിടയിൽ പെട്ടാൽ പാവം ജനം  നാറും. തേച്ചാലും കുളിച്ചാലും മാറില്ല. അവർക്ക് ഈ നാറ്റം ഒന്നും പ്രശ്നമേ അല്ല. കാരണം അവമ്മാര് അതിലാണ് ജീവിക്കുന്നത്. അത് കൊണ്ട് വിടാം ഇവരെ. എന്തെങ്കിലും ചെയ്യട്ടെ. നിലവാരം ഉള്ള സിനിമകൾ ഇവരുടെ കൈയിൽ നിന്നും വരില്ല എന്ന് നമുക്കറിയാമല്ലോ.

2019 മാർച്ച് 23, ശനിയാഴ്‌ച

വരൾച്ച










മൂന്നു നേരവും മുങ്ങിക്കുളിച്ചിരുന്ന മലയാളിക്ക്‌ ജലക്ഷാമം എന്ന് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. നിറഞ്ഞൊഴുകുന്ന 44 പുഴകളും കവിഞ്ഞു നിൽക്കുന്ന അനേകം കായലുകളും മലയാളികളുടെ അഹങ്കാരമായിരുന്നു. എല്ലാം നശിപ്പിച്ചു. കാട്ടുകളളന്മാരും അവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരും കൂടി നമ്മുടെ ജല സ്രോതസുകളും നശിപ്പിച്ചു. വനം നശിപ്പിച്ചു. നാട് നശിപ്പിച്ചു. വെള്ളം കിട്ടാക്കനിയായി. സത്യത്തെ അഭിമുഖീകരിച്ചല്ലേ പറ്റൂ. കാലം മാറി. വരൾച്ച തുടങ്ങിക്കഴിഞ്ഞു. അതി കഠിനമായ വരൾച്ചയാണ്‌ വരാൻ പോകുന്നത്. നാട്ടിൻ പുറങ്ങളിൽ കിണറുകൾ വരണ്ടു നഗരങ്ങളിൽ പൈപ്പുകളും. എന്നിട്ടും മലയാളിയുടെ അഹങ്കാരം കുറഞ്ഞില്ല ജല ധൂർത്ത് കൂടുകയും ചെയതു. ധാരാളം ജലം പാഴാക്കി കളയുന്നു. അടുക്കള ആണ് പ്രധാനം. അരി, പച്ചക്കറി തുടങ്ങിയവ കഴുകുന്ന വെള്ളം, കഴുകി വച്ചിരിക്കുന്ന പാത്രം, ഗ്ലാസ് വീണ്ടും കഴുകുന്ന വെള്ളം, കൈ കഴുകുന്നത് മിക്‌സി, ഗ്രൈൻഡർ കഴുകുന്നത് തുടങ്ങി അടുക്കളയിൽ സോപ്പുപയോഗി ക്കാത്ത വെള്ളം മുഴുവൻ ശേഖരിച്ച് ചെടികൾക്ക് ഉപയോഗിക്കാം. ദിവസം ശരാശരി 100 ലിറ്റർ വെള്ളം ഇത്തരത്തിൽ ഞങ്ങളുടെ അടുക്കളയിൽ ശേഖരിച്ച് പുനരുപയോഗം ചെയ്യുന്നു. ജല ദിനത്തിൽ ഇങ്ങിനെ ഒരു തീരുമാനം എടുക്കൂ.