2014, ഏപ്രിൽ 1, ചൊവ്വാഴ്ച

എ.കെ.ആന്റണി

ടി.പി. വധ ത്തിലെ ഗൂഡാലോചനയേക്കാൾ അതി ഭയങ്കരമായ ഗൂഡാലോചനയാണ്     കേസ് അന്വേഷണം അട്ടിമറിക്കാൻ   കോണ്‍ഗ്രസ്സും മാർക്സിസ്റ്റും തമ്മിൽ നടന്നത് എന്ന് ഒന്ന് കൂടി അടിവരയിട്ട് തെളിയിക്കുകയാണ് അന്വേഷണം വേണ്ട എന്നുള്ള സി.ബി.ഐ. നിലപാട്.  ടി.പി.ചന്ദ്രശേഖരൻ വധ കേസിൽ തുടക്കത്തിൽ കുറച്ചു ആരംഭ ശൂരത്വം കാണിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കാര്യത്തോടടുത്തപ്പോൾ ചുവടു മാറ്റി. മാർക്സിസ്റ്റ് പാർട്ടിയുടെ യുടെ ഉന്നത നേതാക്കളുടെ അറിവോടും ആശീർവാദത്തോടും കൂടിയാണീ കൊലപാതകം നടന്നതെന്ന് പറഞ്ഞ മന്ത്രി പതിയെ പിന്മാറ്റം തുടങ്ങി. മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴെ കിടയിലുള്ള രണ്ടു നേതാക്കളെ കുറ്റക്കാരാക്കി കേസ് അവസാനിപ്പിച്ചു. കാരണം അപ്പോഴാണ്‌ മന്ത്രിയുടെ ശാലു ബന്ധവും ഉമ്മൻ ചാണ്ടിയുടെ സരിത ബന്ധവും പുറത്തു  വന്നതും  കാര്യങ്ങൾ ഇവരുടെ രണ്ടു പേരുടെയും രാജി വരെ എത്തി ചേർന്നതും. ഇവിടെയാണ്‌  ഒത്തു തീർപ്പിനുള്ള ഗൂഡാലോചന തുടങ്ങിയത്. ഇവരുടെ സരിത, ശാലു കേസുകൾക്ക്   പകരം പിണറായി വിജയൻറെ ലാവലിനും, ടി.പി.  വധക്കേസും ഒതുക്കി തീർക്കാനുള്ള   ധാരണ ആയെന്നാണ്‌ മാധ്യമങ്ങളും ചാനലുകളും രാഷ്ട്രീയ നേതാക്കളും  പറഞ്ഞത്.  ജനങ്ങളെ കബളിപ്പിക്കാനായി, മുഖം  രക്ഷിക്കാനായി കോണ്‍ഗ്രസ് സർക്കാർ  ടി.പി. കേസ്  സി.ബി ഐ.ക്ക് വിട്ടു.  കോടതി വിധി പറഞ്ഞ കേസ് സി.ബി ഐ എടുക്കില്ല എന്ന് എല്ലാവർക്കും അറിയാം. ലോക്കൽ പോലീസ് അന്വേഷിച്ചാൽ  പൂർണ വിവരം കിട്ടുമായിരുന്ന കേസ് ആണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി ഐ.ക്ക് കൊടുത്തത്. സി.ബി ഐ. തള്ളുമ്പോൾ അവരുടെ മുകളിൽ  കുറ്റം ചുമത്തി തങ്ങൾക്കു രക്ഷപ്പെടാം എന്നുള്ള തിരുവഞ്ചൂരിന്റെയും ഉമ്മൻ ചാണ്ടിയുടെയും കൂർമ ബുദ്ധി. സംഗതി അവർ വിചാരിച്ച പോലെ തന്നെ നടന്നു.

ഈ ഒത്തു തീർപ്പ് കോണ്‍ഗ്രസ് ഹൈ കമാണ്ടിന്റെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു എന്നതിനുള്ള തെളിവാണ് ഇപ്പോൾ  എ.കെ.ആന്റണി നടത്തിയ പ്രസ്താവനയിലൂടെ പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണ  കോണ്‍ഗ്രസ്സ്  സ്വീകരിക്കും എന്നാണു കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്ന കേന്ദ്രത്തിലെ രണ്ടാമനായ, സോണിയയുടെ വിശ്വസ്തനായ എ.കെ.ആന്റണി പ്രഖ്യാപിച്ചത്. എന്താണിതിന്  അർത്ഥം ? സി.പി. എമ്മിന് അഹിതമായത് ഒന്നും കോണ്‍ഗ്രസ്സ് ഒരിക്കലും ചെയ്യില്ല.  അഴിമതിക്കാരായ  രണ്ടു പാർട്ടികൾ തമ്മിലുള്ള അവിഹിത ബന്ധം. പിന്നെ  കോണ്‍ഗ്രസ്സും  മാർക്സിസ്റ്റും ഇവിടെ തമ്മിൽ മത്സരിക്കുന്നതോ? അത് വെറും ഒരു കളി. ജനങ്ങളെ വിഡ്ഢികളാക്കാൻ. തമ്മിൽ ആവേശ പൂർവ്വം മത്സരിക്കുന്ന പാർട്ടികളിൽ ഒന്നിൻറെ നേതാവ് പരസ്യമായി അവർ തമ്മിലുള്ള ഒത്തു  കളി വെളിപ്പെടുത്തുന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലു വിളി ആണ്. കോണ്‍ഗ്രസ്സിന് വോട്ട് ചെയ്താലും അവരുടെ ബദ്ധ ശത്രു എന്ന് തെറ്റിധരിച്ചു സി.പി.എമ്മിന് വോട്ട് ചെയ്താലും അത് പോകുന്നത് കോണ്‍ഗ്രസ്സിനാണ് എന്നുള്ള സത്യം ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കണം. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സ് - സി.പി.എം. കൂട്ടുകെട്ടിനെ  തോൽപ്പിക്കുക എന്നതാണ് അവഹേള ത്തിനു പകരം ചോദിക്കാനായി ജനങ്ങൾ ചെയ്യേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ