2014, ഏപ്രിൽ 8, ചൊവ്വാഴ്ച

കൈരളി പീപ്പിൾ "ദൃശ്യ തെളിവ്"

"മല പോലെ വന്നത് എലി പോലെ പോയി" എന്ന് പറഞ്ഞാൽ അത് ആ പഴഞ്ചൊല്ലിന് അപമാനം ആണ്. എലി പോലെയല്ല "കൃമി" പോലെയാണ് കൈരളി പീപ്പിൾ ചാനലിൻറെ ലോകത്തെ ഞെട്ടിക്കുന്ന "എക്സ്ക്ലൂസീവ്" വാർത്ത വന്നത്. കള്ളക്കടത്തുകാരൻ ഫയാസിന്റെ ഉന്നത തല രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്ന "ദൃശ്യ തെളിവുകൾ"  പുറത്തു വിടുന്നു എന്ന് പറഞ്ഞ് ജനങ്ങളെയാകെ കൈരളി പീപ്പിൾ വിഡ്ഢികളാക്കിയത്. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ അതാ വരുന്നു "ദൃശ്യ തെളിവുകൾ".   ഫയാസ് രമേശ്‌ ചെന്നിത്തലയുമായി നിൽക്കുന്ന ഒരു ഫോട്ടോ! കഴിഞ്ഞു. ഒരു തീപ്പൊരി പോലും ഉണ്ടാക്കാത്ത നനഞ്ഞ ഓല പടക്കം.

സാധാരണ എന്തെങ്കിലും സംഭവിച്ചതിനു ശേഷം ആണ് അതിനെ പറ്റി ചർച്ച ചെയ്യുന്നത്. ഇത് തല തിരിച്ച് തുടങ്ങി. ആദ്യം ചർച്ച. എന്തിനെ പറ്റി?   വരാൻ പോകുന്ന ഒരു സംഭവത്തെ കുറിച്ച്. എങ്ങിനെയുണ്ട് ചാനലിന്റെ ബുദ്ധി? എന്താണ് വരാൻ പോകുന്നത് എന്ന് ചർച്ചയിൽ പങ്കെടുക്കുന്ന ആർക്കും അറിഞ്ഞു കൂടാ. എന്നിട്ടും 1 മണിക്കൂർ നീണ്ട ചർച്ച. ചാനൽ ചർച്ചകളുടെ അർത്ഥം ഇപ്പോൾ ജനങ്ങൾക്ക്‌ കൂടുതൽ വ്യക്തമായി കാണുമല്ലോ. സെബാസ്റ്റ്യൻ പോൾ, ഭാസുരേന്ദ്ര ബാബു തുടങ്ങിയവർ  കണ്ണും അടച്ച് ചർച്ചയിൽ പങ്കെടുത്തത് മനസ്സിലാക്കാം. അവർ ചാനലിന്റെ പാർട്ടിക്കാരാണ്.  പാർട്ടി പറഞ്ഞാൽ ഒരു മണിക്കൂർ അല്ല 2 മണിക്കൂർ ആയാലും വന്നിരുന്നേ പറ്റൂ. പക്ഷേ ഇല്ലാത്ത ഒരു കാര്യത്തെ പറ്റി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പാർട്ടിക്കാരൻ ആയ ശരശ്ചന്ദ്ര പ്രസാദ് എന്തിന് വന്നൂ എന്നുള്ളതാണ് മനസ്സിലാകാത്തത്.  വന്നതിനു ശേഷമാണ് ചാനലിന്റെ കളി മനസ്സിലായത്‌ എങ്കിൽ "എക്സ്ക്ലൂസീവ്  സാധനം" കാണിച്ചതിന് ശേഷം ചർച്ച ആകാം എന്ന് പറഞ്ഞ് എണീറ്റ്‌ പോവുക ആയിരുന്നു വേണ്ടത്. കോണ്‍ഗ്രസ്സ് പാർട്ടി അദ്ദേഹത്തെ പറ്റിക്കുക ആയിരിക്കും  ചെയ്തത്. പിന്നെ ചാനലുകളിൽ എങ്ങും ഒരു ചാൻസും കിട്ടാതെ നടക്കുന്ന അദ്ദേഹം കിട്ടിയ അവസരം ഒന്ന് "ഷൈൻ" ചെയ്യാം എന്ന് വിചാരിച്ചും കാണും. 

അഭിപ്രായം പറയാൻ ചിലരെ "ടെലിഫോണ്‍  ലൈനിൽ" കിട്ടുകയും ചെയ്തു. ഇതിനു തയ്യാറായി നിന്ന മാർക്സിസ്റ്റ് കാർ. ഇന്നലെ വരെ അങ്ങോട്ടും ഇങ്ങോട്ടും തെറി വിളിച്ച, ഇന്ന് പാർട്ടിക്ക്  "ആദരണീയനായ", പുത്തൻ കൂറ് കാണിക്കാൻ ബാധ്യസ്ഥനായ,  ബെർലിൻ കുഞ്ഞനന്തൻ നായർ.  പിന്നീട് കാര്യങ്ങൾ എല്ലാം അറിയുന്ന സാക്ഷാൽ കോടിയേരി. കുറെയേറെ പറഞ്ഞിട്ടും  ഉദ്ദേശിച്ച  കാര്യത്തിലേക്ക് എത്താത്തതിനാൽ അവതാരകൻ ചോദിക്കേണ്ടി വന്നു. "ചെന്നിത്തല രാജി വയ്ക്കണം അല്ലേ?"  കോടിയേരി സമ്മതിച്ചു.

പാർട്ടി ചാനൽ ആയാലും പാർട്ടിക്ക് വേണ്ടി ആയാലും വാർത്തകളും "എക്സ്ക്ലൂസീവ് കളും "  അവതരിപ്പിക്കുന്നതിന് ഒരു രീതി ഉണ്ട്. അവതരണം ഇഫക്റ്റീവ് ആകാൻ മാർഗങ്ങൾ ഉണ്ട്. ഇവിടെ അവതാരകൻ അതിൽ ദയനീയമായി പരാജയപ്പെട്ടു. അവതാരാകന്റെ "ഓവർ എന്തൂസിയാസം" ആണ് കുഴപ്പം ചെയ്തത്.    ചാനലും  പാർട്ടിയും ജനങ്ങളുടെ മുന്നിൽ അപഹാസ്യമാവുകയാണ് ചെയ്തത്. ഇത്രയും വിളംബരങ്ങളും അവകാശ വാദങ്ങളും നടത്താതെ, ചർച്ചയും ഒഴിവാക്കി, ആ ഫോട്ടോയും ഗൾഫുകാരൻറെ അഭിമുഖവും മാത്രം കാണിച്ചു വിട്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ ആഘാതം ഉണ്ടാക്കാൻ കഴിഞ്ഞേനെ. ഇതിൻറെ ദുരൂഹതകളും, അർത്ഥ വ്യാപ്തിയും മറ്റെല്ലാ കാര്യങ്ങളും ജനങ്ങൾ സ്വയം ചിന്തിച്ച് ചെന്നിത്തലയെ അവർ ന്യായമായും സംശയിച്ചേനെ. 

1 അഭിപ്രായം:

  1. എന്തെല്ലാം കാണണം മാധ്യമങ്ങൾ സ്വാതന്ത്ര്യം ദുരുപയോഗവും ചെയ്യുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ