2014, ഏപ്രിൽ 15, ചൊവ്വാഴ്ച

ത്രികാല ജ്ഞാനി

ഉമ്മൻ ചാണ്ടി ത്രികാല ജ്ഞാനി ആണ്. അത് കൊണ്ടാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്.  അതിൻറെ അർത്ഥം പരാജയം വരുമ്പോൾ രാജി വയ്ക്കാമല്ലോ. അവിടെയും വാക്ക് പാലിച്ചു എന്നുള്ള ഒരു ആദർശ പരിവേഷം നേടാമല്ലോ.  ഉമ്മൻ ചാണ്ടിയെ ഒഴിവാക്കാൻ സോണിയ നേരത്തെ തീരുമാനിച്ചതാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പു വേളയിൽ പകരം ആളെ നോക്കി പോകുന്നതിലും ഭേദം  ഉമ്മൻ ചാണ്ടിയെ തന്നെ തുടരാൻ അനുവദിക്കുകയാണ് നല്ലതെന്ന് വിചാരിച്ചതിനാൽ ആണ് മുഖ്യ മന്ത്രി സ്ഥാനം നീട്ടി കിട്ടിയത്. എങ്ങിനെ എങ്കിലും മൂന്നാലു സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടുന്നെങ്കിൽ അത്രയും ആയല്ലോ. വടക്കേ ഇന്ത്യ മുഴുവൻ കൈ വിട്ടു പോകുകയാണല്ലോ. പിന്നെ ഇത്രയും നാൾ വിനീത വിധേയനായി നിന്ന ഒരാളെ, പ്രത്യേകിച്ചും ഒരു ക്രിസ്ത്യാനിയെ, അൽപ്പം മാന്യമായി പിരിച്ചു വിടണ്ടേ  എന്ന ഒരു പരിഗണനയും.

തെരഞ്ഞെടുപ്പു കഴിഞ്ഞ്  ഒരു കാരണവശാലും ഉമ്മൻ ചാണ്ടിയെ തുടരാൻ അനുവദിക്കുകയില്ല എന്നും തീർച്ചയായും പുറത്താക്കും എന്നും ഹൈ കമാൻഡ് തീരുമാനം എടുത്തു കഴിഞ്ഞു. കഴിഞ്ഞ കുറേ ക്കാലമായി ജനങ്ങൾക്കിടയിലും മറ്റു നേതാക്കൾക്കിടയിലും ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് വളരെ താഴോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്.  കോണ്‍ഗ്രസ്സിൻറെ  കേന്ദ്ര നേതാക്കളുടെ അഴിമതി നിലവാരം വച്ച് നോക്കിയാൽ ഇവിടത്തേത്‌ ഒന്നുമല്ല. 1,86,000 കോടിയുടെ കൽക്കരിപ്പാട അഴിമതിയും 1,76,000 കോടിയുടെ 2-ജി. സ്പെക്ട്രം അഴിമതിയുടെയും  മുന്നിൽ ചാണ്ടി ഒന്നുമല്ല. കഴിഞ്ഞ തവണ ആഭ്യന്തര മന്ത്രി സ്ഥാനം കൊണ്ട് തൃപ്തി പ്പെടാൻ വിധിച്ച രമേശ്‌ ചെന്നിത്തല മുഖ്യ മന്ത്രി കുപ്പായം തയ്ച്ചു വച്ചിട്ട് നാളേറെയായി. ആദർശം സുധീരനും ഹൈ കമാൻഡ് പറഞ്ഞാൽ റെഡി എന്ന നിലയിലാണ്. 

തന്നെ പുറത്താക്കും എന്ന തീരുമാനമാണ്  ജ്ഞാന ദൃഷ്ടി കൊണ്ട് ഉമ്മൻ ചാണ്ടി കണ്ടത്. അതിനാലാണ് പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത്  ഹൈക്കമാണ്ടിന് ഒരു മുഴം നീട്ടി എറിഞ്ഞത്. സരിതയുടെ പ്രശ്നം മുഖ്യ മന്ത്രിയെ വേട്ടയാടി കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്താണ് പറഞ്ഞത്?  "എത്ര അപമാനം സഹിച്ചാലും താൻ രാജി വയ്ക്കില്ല.മുഖ്യ മന്ത്രി ആയി തുടരും" എന്ന്.  സലിം രാജ് പ്രശ്നം തന്നെയും, ഓഫീസിനെയും, കുടുംബത്തെയും ബാധിച്ചപ്പോഴും താൻ സംശയത്തിൻറെ നിഴലിൽ ആയിരുന്നപ്പോഴും രാജി വയ്ക്കാൻ മുഖ്യ മന്ത്രി തയ്യാറായിരുന്നില്ല.  എന്താണ് പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം? സരിത-സലിം രാജ് കേസുകളിൽ സർക്കാരിൻറെയും മന്ത്രിസഭയുടെയും പ്രതിശ്ചായ നിലത്തു മുഖം കുത്തി വീണപ്പോൾ ഇല്ലാത്ത ധാർമിക   ഉത്തരവാദിത്വം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്  എങ്ങിനെ ഉണ്ടായി?    "പരാജയത്തിൻറെ  ധാർമിക   ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാൻ രാജി വയ്ക്കുന്നു." എന്ന  ഒരു പ്രഖ്യാപനം മെയ്‌ 16 നു കേൾക്കാം. എങ്ങിനെ എങ്കിലും ഒഴിഞ്ഞു പോകട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ