2014, നവംബർ 21, വെള്ളിയാഴ്‌ച

ബാർ പക്ഷ യാത്ര

സമ്പൂർണ്ണ  മദ്യ നിരോധനം എന്ന മഹത്തായ ആശയം  സധൈര്യം പ്രഖ്യാപിച്ച്   ആ സന്ദേശം ജനങ്ങളിൽ എത്തിയ്ക്കാൻ വേണ്ടി  കാസർകോട് നിന്നും തിരുവനന്തപുരം വരെ  "ജന പക്ഷ യാത്ര" എന്ന വഴി യാത്ര നടത്തുന്ന  വി.എം. സുധീരന് വഴിച്ചിലവിനുള്ള കാശ്  കൊടുക്കാൻ മദ്യ ക്കച്ചവടക്കാർ  തന്നെ  വേണം എന്നത് എത്ര രസകരവും വിചിത്രവും  ആയിരിയ്ക്കുന്നു?

 തൃശ്ശൂർ ഉള്ള ഓക്ക് ട്രീ ബാർ ഹോട്ടൽ ആണ് സുധീരന്റെ യാത്രയ്ക്ക് 5000 രൂപ സംഭാവന നൽകിയത്. അഴിമതി നടത്തിയാലും   എന്തൊക്കെ കള്ളത്തരം കാണിച്ചാലും, പറഞ്ഞാലും കോണ്‍ഗ്രസ്സ് കാർ സത്യ സന്ധരാണ് എന്ന് എല്ലാവരും സമ്മതിയ്ക്കേണ്ടി വരും. കാരണം  ആ വാങ്ങിയ പണത്തിന് അവർ  കൃത്യമായി രസീതും  നൽകി. കളവിൽ ചതിയില്ല അവർക്ക്. ആ രസീത് ആണ് ഇപ്പോൾ സുധീരന്റെ കള്ളക്കളി പുറത്തു കൊണ്ട് വന്നിരിയ്ക്കുന്നത്‌. അതിലും രസകരം ആണ് ഈ പണം കൊടുത്ത ബാറിന്റെ മുതലാളി ആരെന്ന് അന്വേഷിച്ചാൽ. സുധീരന്റെ ഭാര്യയുടെ ചേച്ചി ആണ് ഓക്ക് ട്രീ ബാർ  മുതലാളി. എങ്ങിനെയുണ്ട്? നാട്ടുകാരും ബാർ മുതലാളിമാരും എല്ലാം സുധീരന് എതിര്. ഇതാ സ്വന്തം വീട്ടുകാരും എതിരാകുന്നു.

25000 രൂപയാണ് കോണ്‍ഗ്രസ്സുകാർ ഈ ബാറുകാരോട് ആവശ്യപ്പെട്ടത്. അവസാനം 5000 ത്തിൽ ഒതുക്കി. ചങ്ങനാശ്ശേരി ഒരു ബാറിൽ നിന്നും പണം ചോദിച്ചതായും വാർത്ത പുറത്തു വന്നിട്ടുണ്ട്. ഇങ്ങിനെ പല ബാറുകളിൽ നിന്നും  വൻ തോതിൽ പണം വാങ്ങുന്നു എന്നാണ് കേൾക്കുന്നത്.

ബാറുകളിൽ നിന്നുള്ള പണപ്പിരിവ് കൊണ്ട് സുധീരന്റെ ആദർശം മുഖം മൂടി  വെളിപ്പെട്ടല്ലോ. മദ്യ നിരോധനത്തിന്  സുധീരന് തുടക്കം മുതലേ  താൽപ്പര്യമില്ല. 418 ബാറുകൾ തുറക്കുന്നതിനും സുധീരന് വലിയ എതിർപ്പ് ഒന്നുമില്ലായിരുന്നു. പക്ഷേ ബാർ മുതലാളിമാരിൽ നിന്നും ന്യായമായ ഒരു സംഭാവന പ്രതീക്ഷിച്ചു. കണക്കിൽ ഇല്ലാത്ത മദ്യവും സെക്കന്ഡ് മദ്യവും, സ്പിരിറ്റും  വിറ്റും നികുതി ഒഴിവാക്കിയും മറ്റും അമിത ലാഭം കൊയ്യുന്നവരാണ്  മദ്യ ക്കച്ചവടക്കാർ. കോടികൾ ലോണ്‍ എടുത്താണ് പാവപ്പെട്ട മുതലാളിമാർ കഴിഞ്ഞു കൂടുന്നത് എന്നൊക്കെ ബിജു രമേശ്‌ പറയും. ബാർ നടത്തി പൊളിഞ്ഞ ഏതെങ്കിലും മനുഷ്യൻ ഈ കേരള ക്കരയിൽ ഉണ്ടോ? പണ്ട് ഷാപ്പിൽ കറി വിളമ്പി നിന്നവരിൽ എത്രയോ പേർ ബാർ മുതലാളിമാരായി കോടീശ്വരൻ മാർ ആയി. അങ്ങിനെ അവർ ഉണ്ടാക്കുന്നതിൻറെ ഒരു പങ്ക് അതിനു കൂട്ട് നിൽക്കുന്ന അധികാരികൾക്ക് നൽകുന്നത് സ്വാഭാവികം. അധികാരികൾ   അത്  പ്രതീക്ഷിയ്ക്കുന്നതും അതിലേറെ സ്വാഭാവികം. അങ്ങിനെ ഉള്ള പ്രതീക്ഷയെ തകിടം മറിച്ചു കൊണ്ടാണ് ഈ 418 ബാറുകളും തുറക്കാമെന്ന വാഗ്ദാനം നൽകി   ബാറുകാരുടെ കാശ് മറ്റൊരു ആൾ വാങ്ങിയത്. പിന്നെ ഒരേ ഒരു വഴി മാത്രം. മദ്യ നിരോധനം. അങ്ങിനെ ആണ് ബാറുകൾ തുറക്കാൻ സുധീരൻ അനുവദിയ്ക്കാതെ ഇരുന്നത്. സുധീരന് ഒരു മദ്യ നിരോധന ആദർശ പരിവേഷം കിട്ടുന്നതിൽ രോഷാകുലനായാണ് ഉമ്മൻ ചാണ്ടി  കഷായ കുറിപ്പടി പോലെ ഒരു തുണ്ടു  കടലാസിൽ മദ്യ നയം എഴുതി കാട്ടി സുധീരനെ അടിച്ചു മലർത്തിയത്. അങ്ങിനെ ഗോദയിൽ പരാജയപ്പെട്ട സുധീരൻ നഷ്ട്ടപ്പെട്ട പ്രതിച്ഛായ ഒപ്പിച്ചെടുക്കാൻ നടത്തുന്ന യാത്രയാണ് ഇതെന്നും പറയുന്നു.

ഈ സുധീരൻ മറ്റു കോണ്‍ഗ്രസ്സുകാരെ പോലെ, ഉമ്മൻ ചാണ്ടി ,കെ. ബാബു എന്നിവരെ പോലെ  തന്നെ,ഒരു നിഷ്ക്കളങ്കൻ ആണ്. മന്ത്രി അടൂർ പ്രകാശിന് ബാർ ഉണ്ടോ എന്ന ചോദ്യത്തിന് "എനിയ്ക്കറിയില്ല" എന്നാണ് സുധീരൻ മറുപടി നൽകിയത്. എത്ര സത്യസന്ധൻ!

ഈ യാത്രയ്ക്ക് ആയി INTUC നേതാവ് ഹഫീസ് 50000 രൂപ ആവശ്യപ്പെട്ടു എന്നും ഭീഷണിപ്പെടുത്തി എന്നും   ചങ്ങനാശ്ശേരിയിലെ ഒരു കരാറുകാരൻ നൗഷാദ് വെളിപ്പെടുത്തി.

വലിയൊരു പണപ്പിരിവിന് ഉള്ള യാത്രയാണിത്. ഓരോ ബൂത്ത് കമ്മിറ്റിയും 15000 രൂപ വീതം ആണ് സുധീരന് പിരിച്ചു  നൽകേണ്ടത്. 22 000 ബൂത്ത്‌ കമ്മിറ്റികൾ.  മൊത്തം 33 കോടി. പിരിയ്ക്കുന്നവർക്ക് പുട്ടടിയ്ക്കാൻ 22 കോടി. കെ.പി.സി..സിയ്ക്ക് 11 കോടി.  ബാർ തുറക്കുന്നതിൽ കിട്ടാതെ പോയ തുക ഈ പിരിവിൽ കൂടി പരിഹരിയ്ക്കാം എന്നതാണ് ഐഡിയ എന്ന് ഒരു ആരോപണം. 

ഈ ജന പക്ഷ യാത്രയ്ക്ക് ജനം ഇല്ലേ  ഇല്ല.കോണ്‍ഗ്രസ്സ് പ-പ്രവർത്തകർ പോലുമില്ല. സഹകരിയ്ക്കാത്തതിന് അട്ടപ്പാടിയിൽ 5 നേതാക്കളെ സുധീരൻ സസ്പെൻഡ് ചെയ്തു. ഇതൊരു ഗ്രൂപ്പ് കളിയാണ്. എല്ലാ ഗ്രൂപ്പ് നേതാക്കളും തങ്ങളുടെ ഗ്രൂപ്പുകാരോട് ഇതിൽ പങ്കെടുക്കണ്ട എന്ന് പറഞ്ഞു കഴിഞ്ഞു. പിന്നെ പിരിയ്ക്കുമ്പോൾ വെട്ടിയ്ക്കുന്നതും  പിരിവിന്റെ കമ്മീഷനും കൂടി കിട്ടുന്ന ആകർഷണത്തിൽ  കുറെ പിരിവുകാർ മാത്രമാണ് സുധീരന്റെ ജന പക്ഷം.


2 അഭിപ്രായങ്ങൾ:

  1. ഒരു പക്ഷേ കേന്ദ്രത്തിലെ കോൺഗ്രസ്സിനു കൊടുക്കാനും 
    കേരളത്തിലെ നേതാക്കൾ പണം പിരിക്കേണ്ടി വരും. 
    കേന്ദ്രത്തിലിപ്പോൾ അവർക്ക് വരുമാനത്തിന് മാർഗ്ഗമൊന്നുമില്ലല്ലോ? 
    ഡൽഹിയിലുള്ളവർ ഇപ്പോൾ എന്തിനും ഏതിനും നോക്കുന്നത് 
    ഒരു പക്ഷേ കേരളത്തിലേക്കായിരിക്കും. 

    മറുപടിഇല്ലാതാക്കൂ
  2. ആൾ രൂപൻ, കേന്ദ്രത്തിലെ അഴിമതിയുമായി ഇവിടത്തെ ഇത് വരെ അറിഞ്ഞ അഴിമതികൾ താരതമ്യം ചെയ്യാൻ കഴിയില്ല. 1,76000 കോടി 1,86000 കോടി ഇവയൊക്കെ ആണ് കോണ്‍ഗ്രസ്സിന്റെ കേന്ദ്ര പിരിവ്. കേന്ദ്ര പിരിവ് സംസ്ഥാനങ്ങൾക്ക് കൂടി അവകാശ പ്പെട്ടത് എന്ന് പറഞ്ഞ് ചാണ്ടിക്കും സുധീരനും പങ്ക് ചോദിയ്ക്കാം.

    മറുപടിഇല്ലാതാക്കൂ