2014, നവംബർ 5, ബുധനാഴ്‌ച

ബാർ കോഴ

5 കോടി രൂപയുടെ അഴിമതി ആരോപണം ആണ് ഇവിടെ ഉയർന്നിരിയ്ക്കുന്നത്. അതിൽ  1 കോടി രൂപ നേരിട്ട് കൈപ്പറ്റി.  കോഴ വാങ്ങിയത് കേരളത്തിലെ ധന മന്ത്രി. മന്ത്രി സഭയിലെ രണ്ടാം (മൂന്നാം) സ്ഥാനക്കാരൻ.  കഴിഞ്ഞ 50 വർഷ ക്കാലമായി നിയമ സഭാംഗം. ഒരേ മണ്ഡലം പ്രതിനിധീകരിയ്ക്കുന്നു. കേരള രാഷ്ട്രീയത്തിൽ പ്രമുഖൻ. 1960 ൽ   കോണ്‍ഗ്രസ്സിൽ നിന്നും വിട്ട്  പുതിയ പാർട്ടി ഉണ്ടാക്കിയ ആൾ.  പിളരുംതോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന റബ്ബർ പാർട്ടിയുടെ അനിഷേധ്യ നേതാവ്. മാണി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷൻ സാക്ഷാൽ കെ.എം.മാണി.

കേരളത്തിലെ ബാർ (മദ്യ ശാല)  അസോസിയേഷൻ വർക്കിംഗ്‌ പ്രസിഡന്റ് ആണ് ഈ ആരോപണം പരസ്യമായി ഉന്നയിച്ചത്. ഒരു ടി.വി. ചാനലിൽ, അഭിമുഖത്തിൽ. ബാറുകൾ തുറക്കാൻ സഹായിയ്ക്കാം എന്ന വാഗ്ദാനം നൽകിയാണ്‌ പണം വാങ്ങിയത്. അത്  നൽകിയതോ   മാണിയുടെ പാലായിലുള്ള സ്വന്തം വീട്ടിൽ വച്ച് എന്നും. ആദ്യം 15 ലക്ഷം കൊടുത്തു, പിന്നെ 85 ലക്ഷം. കാര്യം നടക്കാത്തത് കൊണ്ട് ബാക്കി 4 കോടി കൊടുത്തില്ല. ഈ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നും തെളിവുകൾ ഹാജരാക്കാം എന്നും ആരോപകൻ പറഞ്ഞു.  ഇന്നും പറയുന്നു. വേണമെങ്കിൽ നുണ പരിശോധനയ്ക്ക് വിധേയനാകാം എന്നും.

ഈ കോഴ ആരോപണത്തിന്  പിന്നിൽ വലിയ   ഗൂഡാലോചന ഉണ്ടെന്നും ഉടൻ അന്വേഷണം വേണമെന്നും  കെ.എം.മാണി പറഞ്ഞു.  മാണി കോണ്‍ഗ്രസ്സിലെ പ്രമുഖൻ പി.സി. ജോർജ്ജ് പറഞ്ഞതാകട്ടെ  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആണീ  ഈ  ഗൂഡാലോചനയ്ക്ക് പിന്നിൽ എന്നാണ്. കോണ്‍ഗ്രസ്സിലെ ടി.എൻ. പ്രതാപൻ പറഞ്ഞത് മാണി വിശദീകരിയ്ക്കണം എന്നാണ്. ഉമ്മൻ ചാണ്ടി വിരട്ടിയപ്പോൾ  പ്രതാപന്  തൻറെ വാക്കുകൾ  വിഴുങ്ങേണ്ടി വന്നു.

ആരോപണം മാണി നിഷേധിച്ചു കഴിഞ്ഞു."ഈ വയസ്സാൻ കാലത്ത്...." എന്നിങ്ങിനെ പറഞ്ഞാണ് അദ്ദേഹം  ഒഴിഞ്ഞത്.സാധാരണ എന്തെങ്കിലും ഒരു ആരോപണം വന്നാൽ  ഈ രാഷ്ട്രീയക്കാരൊക്കെ പറയുന്ന സ്ഥിരം വാചകം ഉണ്ടല്ലോ. 'ഇത് സത്യമാണെന്ന് തെളിഞ്ഞാൽ ഞാൻ പൊതു ജീവിതം അവസാനിപ്പിയ്ക്കാം' എന്ന്. പക്ഷേ  ശ്രീ മാണി അങ്ങിനെ ഒരു പ്രഖ്യാപനം നടത്തിയില്ല എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. എന്താണ് അതിനർത്ഥം?

പക്ഷേ ആരോപണം നടത്തിയ ആൾ  ഇവിടെ അങ്ങിനെ പറഞ്ഞു. ഇത് തെറ്റാണെന്ന് തെളിഞ്ഞാൽ താൻ ആത്മാഹൂതി ചെയ്യും എന്ന്. അതും   ശ്രദ്ധേയമാണ്.

മാണിയ്ക്ക് കോഴ നൽകിയ വിവരം താൻ മുഖ്യ മന്ത്രിയോട് പറഞ്ഞു എന്നും അങ്ങിനെ ആർക്കും കോഴ നൽകേണ്ട ആവശ്യം ഇല്ല എന്ന് അദ്ദേഹം പറഞ്ഞു എന്നും ആരോപകൻ പറഞ്ഞു.

വളരെ വിചിത്രവും പരിഹാസ്യവും ബാലിശവും  ആയ പ്രതികരണങ്ങൾ ആണ് മുഖ്യ മന്ത്രിയിൽ നിന്നും, സുധീരനിൽ നിന്നും കോണ്‍ഗസ്സിന്റെ ചാവേർ നേതാക്കളിൽ നിന്നും വന്നതും വന്നു കൊണ്ടിരിയ്ക്കുന്നതും.

ആരോപണം പുറത്തു വന്ന  ഉടൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ ആരോപണം തെറ്റാണ്. മാണിയ്ക്ക് പണം നൽകിയിട്ടില്ല എന്ന് തനിയ്ക്ക് നേരിട്ട്  ബോധ്യം ഉണ്ട്  എന്ന്.  മുഖ്യ മന്ത്രിയ്ക്ക് എങ്ങിനെയാണ്  നേരിട്ടു  അറിവ് വന്നത് ? മുഖ്യ മന്ത്രിയാണോ ബാർ മുതലാളിമാർ ആർക്കൊക്കെ കോഴ നൽകണമെന്ന് തീരുമാനിച്ചതും കൊടുത്തതും? മറ്റൊരു കാര്യം. മാണി സ്വന്തം വീട്ടിനുള്ളിൽ, സ്വന്തം മുറിയിൽ വച്ച് നടത്തുന്ന എല്ലാ കാര്യങ്ങളും മുഖ്യ മന്ത്രി കാണുന്നുണ്ടോ? അതോ മാണിയുടെ ഓരോ ചലനവും 24 മണിയ്ക്കൂറും  നിരീക്ഷിയ്ക്കുക്കാൻ  ഉമ്മൻ ചാണ്ടി  ചാരന്മാരെ നിയോഗിച്ചിട്ടുണ്ടോ?  മുഖ്യ മന്ത്രി ഇങ്ങിനെ പറഞ്ഞതിൻറെ അർത്ഥം കോഴക്കാര്യം മുഖ്യ മന്ത്രിയ്ക്ക് വ്യക്തമായി   അറിയാമായിരുന്നു എന്നാണെന്ന്  അനുമാനിച്ചു  കൂടെ?

സുധീരനും കുഞ്ഞാലിക്കുട്ടിയും എല്ലാം ഇങ്ങിനെ മാണിയെ പിന്തുണച്ച് അഭിപ്രായങ്ങൾ പറഞ്ഞു.അത് സ്വാഭാവികം. യു.ഡി.എഫ്. നില നിൽക്കേണ്ടത് അവരുടെ ആവശ്യം ആണല്ലോ.  ഇ വരെല്ലാം പറഞ്ഞ മറ്റൊരു കാര്യം ഇത് ജനങ്ങൾ വിശ്വസിക്കില്ല എന്നാണ്. ഇത്രയും ആധികാരികമായി ഒരാൾ കോഴ നൽകിയെന്ന് പറയുമ്പോൾ ജനം എങ്ങിനെ  വിശ്വസിക്കാതിരിക്കണം?  ഇവരെല്ലാം  പറയുന്ന   മറ്റൊരു കാരണം മാണി 50 വർഷമായി  രാഷ്ടീയ രംഗത്തുണ്ട് എന്നാണ്. സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമ എന്നൊന്നും ഇവർ തീർത്തു പറയുന്നില്ല.  50 വർഷം  പുറത്തു വരാതിരുന്നു അഴിമതി  അൻപത്തി ഒന്നാം വർഷം പുറത്തു വന്നു കൂടേ? ചിദംബരം,ഷീലാ ദീക്ഷിത് തുടങ്ങി എത്രയോ കോണ്‍ഗ്രസ്സ് നേതാക്കൾ  അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ്.  "മാണി കാശ് വാങ്ങുന്ന കാര്യം പാലാക്കാർക്ക് എല്ലാവർക്കും അറിയാം" എന്ന് കൂടി ആരോപകൻ പറയുകയുണ്ടായി എന്നോർക്കണം.

ഈ ആരോപണം സത്യമല്ല എന്ന് നേരിട്ട് അറിയാവുന്നത് കൊണ്ട് അന്വേഷണം ഇല്ല എന്നാണ് മുഖ്യ മന്ത്രി പറഞ്ഞത്. വി.എസ്. അച്യുതാനന്ദൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് കൊണ്ട് മറ്റ് മാർഗങ്ങൾ ഇല്ലാതെ, മാണിയോട് കൂടിയാലോചിച്ച് സർക്കാറിന് അത് പ്രഖ്യാപിയ്ക്കേണ്ടി വന്നു. സി.പി.എം. ആകട്ടെ സരിത കേസിൽ എന്ന പോലെ ഇവിടെ മാണിയെ സംരക്ഷിയ്ക്കാനുള്ള വ്യഗ്രത ആണ് കാണിയ്ക്കുന്നത്.ഇതിൽ എന്തന്വേഷണം വേണമെന്ന് തീരുമാനിയ്ക്കാൻ അവർക്ക് പാർടി പി.ബി. കൂടണമത്രേ .  അച്യുതാനന്ദൻ ആവശ്യപ്പെട്ട സി.ബി.ഐ.അന്വേഷണം വേണ്ട എന്ന് മുഖ്യ മന്ത്രി പറയുന്നു. കാരണം എന്താണെന്നോ? ആദ്യം വിജിലൻസ് അന്വേഷണം പറഞ്ഞു, അത് ചെയ്തു. ഇങ്ങിനെ  ഇടയ്ക്കിടെ മാറ്റി പറയാൻ പാടില്ല എന്ന്! പാവം പ്രതിപക്ഷ നേതാവ്. ആദ്യം സി.ബി.ഐ. എന്ന് പറഞ്ഞായിരുന്നുവെങ്കിൽ ഉടൻ ഉമ്മൻ ചാണ്ടി അത് പ്രഖ്യാപിയ്ക്കുമായിരുന്നു. കഷ്ട്ടമായിപ്പോയി.  ഇനി അടുത്ത  രസം കേൾക്കണോ. ആഭ്യന്തര മന്ത്രി പറയുകയാണ്‌   ഏത് അന്വേഷണം വേണം എന്ന് പ്രതിപക്ഷത്ത് ആകെ 'കണ്‍ഫൂഷൻ' ആണെന്ന്. അല്ലായിരുന്നുവെങ്കിൽ  കാര്യം പ്രതിപക്ഷം പറഞ്ഞ പോലെ നടന്നേനെ!

പ്രതി പക്ഷം ഒറ്റ സ്വരത്തിൽ പറയാത്തത് കൊണ്ടാണ് അന്വേഷണം നടക്കാത്തത് എന്നാണു മുഖ്യ മന്ത്രി പറയുന്നത്. അങ്ങിനെയെങ്കിൽ കെ.എം.മാണി    പരസ്യമായി ഉന്നയിച്ച ഗൂഡാലോചനയെ പറ്റി   മുഖ്യ മന്ത്രി ഒന്നും പറയാത്തത് എന്ത്?  സർക്കാർ ചീഫ് വിപ്പിന്റെ    മുഖ്യ മന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ച് ഉള്ള  അന്വേഷണ  ആവശ്യം എന്ത് കൊണ്ട് അംഗീകരിയ്ക്കുന്നില്ല? ചീഫ് വിപ്പ് പറഞ്ഞ 15 കോടിയുടെ കോഴ എന്ത് കൊണ്ട് അന്വേഷിയ്ക്കുന്നില്ല?


 അഴിമതി ആരോപണം എങ്ങിനെ അന്വേഷിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷം ആണെന്നാണോ മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നത്? ഒരു ആരോപണം ഉണ്ടായാൽ അത് അന്വേഷിയ്ക്കുന്നതിനു ഇന്ത്യയിൽ നിയമങ്ങൾ ഉണ്ട്. തനിയ്ക്ക് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് അന്വേഷണം വേണ്ട എന്ന് പറയാൻ മുഖ്യമന്ത്രിയ്ക്ക് എന്തധികാരം ആണുള്ളത്? പ്രഥമ ദൃഷ്ട്യാ കേസ് ഇല്ല എന്ന് തീരുമാനിയ്ക്കാൻ മുഖ്യ മന്ത്രിയ്ക്ക് ഏത് നിയമം ആണ് അധികാരം നൽകിയത്? അങ്ങിനെ പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ  സ്വാധീനിയ്ക്കുകയല്ലേ ചെയ്യുന്നത്? അത് പോലെ പ്രതിപക്ഷം പറയുന്നത് പോലെ അന്വേഷണം നടത്തുകയാണോ ഒരു സർക്കാരിന്റെ ഉത്തരവാദിത്വം? ഇങ്ങിനെയൊക്കെ ആണെങ്കിൽ  ഇവിടെ ഇൻഡ്യൻ പീനൽ കോഡും ക്രിമിനൽ പീനൽ കോഡും   ഭരണഘടനയും  പോലീസും ഒന്നും വേണ്ടല്ലോ. ഭരണ പക്ഷവും പ്രതി പക്ഷവും മാത്രം മതിയല്ലോ.


ഇങ്ങിനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രമാണ് ഇവിടെ  ഉള്ളത്. ഇതെല്ലാം വെളിവാക്കുന്നത് ഭരണ പക്ഷത്തെ ആർക്കും ഒട്ടും ആത്മ വിശ്വാസം ഇല്ല എന്നാണ്. ആരോപകൻ ഇത്ര പരസ്യമായി വീണ്ടും  വെല്ലു വിളിയ്ക്കുന്നത് കൊണ്ട്  അതിൽ സത്യം ഉണ്ടാകാം എന്ന് ഇവരെല്ലാം ന്യായമായും  സംശയിയ്ക്കുന്നു. ഇവരുടെയും ചാനലിൽ വരുന്ന ഇവരുടെ വക്താക്കളുടെയും ശരീര ഭാഷ നോക്കൂ. എല്ലാവരും യാന്ത്രികമായാണ് പെരുമാറുന്നത്. കോഴ സംഭാഷണത്തിന്റെ  ശബ്ദ രേഖ ഉണ്ടെന്ന് പറയുമ്പോൾ പിസി. ജോർജ്ജ് പറയുന്നത് അത് മിമിക്രിക്കാർ ചെയ്തതു ആകാം എന്നാണ്. അപ്പോൾ ശബ്ദ രേഖ തെളിവായി ഉണ്ടെന്ന് ഇവർ സമ്മതിയ്ക്കുകയാണ്.  പിന്നെ ജനങ്ങളുടെ കാര്യം. ശക്തമായ അഴിമതി ആരോപണം ആയതു കൊണ്ട് അവർക്കതിൽ പൂർണ വിശ്വാസം ആണുള്ളത്. ലാലു പ്രസാദ് യാദവ്, സുഖ് രാം, രാജ,കനിമൊഴി,സുരേഷ് കൽമാഡി, ജയലളിത തുടങ്ങിയ അനേകം പേരുടെ അഴിമതിയും അവർ ജയിലിൽ കിടന്നതും  ജനം കണ്ടു കൊണ്ടിരിയ്ക്കുകയാണല്ലോ. അത് കൊണ്ട് ഇവിടെ  അഴിമതി നടന്നില്ല എന്ന ഇവരുടെ വാദം ജനങ്ങൾ അംഗീകരിയ്ക്കുന്നില്ല.   50 വർഷം അല്ല 100 വർഷം രാഷ്ട്രീയത്തിൽ  ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും അഴിമതി അഴിമതി ആണ്. മാത്രമല്ല സത്യം ജനങ്ങൾക്ക്‌ അറിയുക തന്നെ വേണം.

2 അഭിപ്രായങ്ങൾ:

  1. 50 വർഷം അല്ല 100 വർഷം രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും അഴിമതി അഴിമതി ആണ്. മാത്രമല്ല സത്യം ജനങ്ങൾക്ക്‌ അറിയുക തന്നെ വേണം.

    മറുപടിഇല്ലാതാക്കൂ