2014, നവംബർ 30, ഞായറാഴ്‌ച

ഹൌസ് ബോട്ടുകൾ

താനുണ്ടാക്കിയ മദ്യ നയത്തിന് എതിരെ മുഖ്യ മന്ത്രി തന്നെ രംഗത്ത് വന്ന പരിഹാസ്യമായ കാഴ്ചയാണ് കേരളം കാണുന്നത്. പുതിയ മദ്യ നയം ടൂറിസം മേഖലയെ ബാധിയ്ക്കുന്നു എന്നാണ് മുഖ്യ മന്ത്രിയുടെ ഓഫീസ് പറയുന്നത്.  മദ്യ നയം ഉണ്ടാക്കിയ കഥ അറിയാവുന്ന ജനങ്ങൾക്ക്‌ ഇത് വലിയ അത്ഭുതം ഒന്നും അല്ല.  കേരളം എന്ന സംസ്ഥാനത്തിലെ മദ്യ നയം   ഒരു തുണ്ട്  കീറ  കടലാസിൽ ആണ്  അവതരിച്ചത് എന്നത് കൊണ്ട് മാത്രം ജനങ്ങൾക്ക്‌ കാര്യം മനസ്സിലായി. മദ്യ നയത്തിൽ ഒരു പോയിന്റ്‌ കൂടുതൽ നേടി മുന്നിൽ നിന്ന സുധീരനെ ഒതുക്കാൻ  ഒരു രാത്രി മുഴുവൻ തല പുകഞ്ഞ് ആലോചിച്ച് കോഴി മൂന്നു വട്ടം കൂവുന്നതിനു മുൻപ് മുഖ്യ മന്ത്രി  കണ്ടു പിടിച്ച ഒരു മാർഗമാണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ മദ്യ നയം എന്നത് കേരള ജനതയ്ക്കാകെ അപമാനകരം ആയി തുടരുന്നു.

സംസ്ഥാന തല ബാങ്കിംഗ് അവലോകന സമിതിയ്ക്ക് മുഖ്യ മന്ത്രിയുടെ ഓഫീസ് സമർപ്പിച്ച നിർദേശത്തിൽ ആണ് ഇത് വന്നത്. സമിതി ആകട്ടെ ഇത് അവരുടെ അജണ്ട ആക്കുകയും ചെയ്തു. കായൽ ടൂറിസത്തിന് മദ്യ നിരോധനം തിരിച്ചടി ആകുന്നുവെന്നും അതിനാൽ 525 ൽ പരം ഹൌസ് ബോട്ടുകൾ ബാങ്കിന് വായ്പ തിരിച്ചടയ്ക്കാൻ ആകാതെ കഷ്ട്ടപ്പെടുക ആണെന്നും അവരുടെ വായ്പ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിയ്ക്കണം എന്നുമായിരുന്നു നിവേദനം.

സംഭവം വിവാദം ആയതോടെ എല്ലാവരും മലക്കം മറിഞ്ഞു. ഓഫീസ് നൽകിയ നിർദ്ദേശം അല്ല എന്നും ഹൌസ് ബോട്ടുകാർ തന്ന നിവേദനം സ്ഥിരം ചെയ്യുന്നത് പോലെ സമിതിയ്ക്ക് സമർപ്പിയ്ക്കുക മാത്രം ആയിരുന്നു എന്നും മുഖ്യ മന്ത്രിയും ഓഫീസും പ്രഖ്യാപിച്ചു കൈ കഴുകി. ബാങ്കിംഗ് സമിതി ആകട്ടെ പതുക്കെ ആ നിർദ്ദേശം അജണ്ടയിൽ നിന്നും മാറ്റി.

ഈ സംഭവം  രണ്ടു കാര്യങ്ങൾ ആണ് വെളിപ്പെടുത്തുന്നത്. ഒന്ന് മദ്യ നയത്തിന്റെ പാളിച്ചകൾ.ശരിയായി ആലോചിയ്ക്കാതെ സുധീരനെ ഒതുക്കാൻ വേണ്ടി മുഖ്യ മന്ത്രിയും പിണിയാളുകളും കൂടി ചെയ്ത ഒരു കൃത്യം ആണ് ഇന്ന് കേരളത്തിന്റെ മദ്യ നയം ആയി വന്നത് എന്നത്.  രണ്ടാമത്തെ കാര്യം  ഹൌസ് ബോട്ടുകൾ അനധികൃത മദ്യ  ശാലകളായി പ്രവർത്തിയ്ക്കുന്നു എന്നത്.നിയമ പരമായി ഈ ബോട്ടുകളിൽ മദ്യം വിളമ്പാൻ പാടില്ല. പക്ഷേ ഇന്ന് ഈ ബോട്ടുകൾ എല്ലാം മദ്യ ശാലകൾ ആണ്. മദ്യ നയം മാറിയത് കൊണ്ട്  മോറട്ടോറിയം വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഇവർ ബോട്ടുകളിൽ ഇപ്പോഴും മദ്യം നൽകുന്നു എന്നും അത് കുറഞ്ഞു എന്നും ആണ് അർത്ഥം വരുന്നത്. അങ്ങിനെ ഉള്ള അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നു എന്ന്   അംഗീകരിയ്ക്കുക ആണ് നിവേദനം നൽകിയതിലൂടെ മുഖ്യ മന്ത്രി ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ