2016, മാർച്ച് 3, വ്യാഴാഴ്‌ച

ബംഗാളി & മലയാളി

വാട്സാപ്പിൽ കണ്ട ഒരു കാര്യം.

കൊച്ചിയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ കാറ് കഴുകുന്ന ബംഗാളി.ആഴ്ചയിൽ ഒരു കഴുകൽ. ഷാമ്പൂവും മറ്റും അയാൾ കൊണ്ടു വരും. അങ്ങിനെ മാസത്തിൽ 4. ഓരോ കഴുകലിനും 75  രൂപ വച്ച് മാസം ഓരോ കാറിനും 300 രൂപ. 200 ഫ്ലാറ്റ് ഉണ്ട്.200 കാറും കഴുകണം. അപ്പോൾ മൊത്തം  60,000 രൂപ മാസ വരുമാനം.

കഥയാണോ നടന്നതാണോ എന്നറിയില്ല. പക്ഷെ നടക്കുന്ന കാര്യം തന്നെ. കാരണം നാം സ്വയം കാറ് കഴുകാറില്ല. പ്രത്യേകിച്ചും ഫ്ലാറ്റിൽ ഉള്ളവർ  രണ്ടാമതായി മലയാളികൾ ഈ ജോലിയ്ക്ക് തയ്യാറല്ല. അത് കൊണ്ട് ഇത് സത്യമാകാനാണ് വഴി.  

ഇനി തിരുവനന്തപുരത്ത് ആയിരൂപ്പാറ എന്ന സ്ഥലത്ത്  തെങ്ങ് കയറ്റ കമ്പനിയെ നോക്കാം. മുതലാളി മലയാളി. മോഹൻ ദാസ്‌.  തൊഴിലാളികൾ ബംഗാളി. (മലയാളി അല്ലാത്തവരെ എല്ലാം നമ്മൾ ബംഗാളി എന്നാണല്ലോ വിളിക്കുന്നത്‌. പണ്ട് തെക്കേ ഇന്ത്യാ ക്കാരെ മുഴുവൻ, മലയാളിയേയും,  മദ്രാസി എന്ന് വടക്കേ ഇന്ത്യാക്കാർ വിളിച്ചിരുന്നത്‌ പോലെ). മോഹൻ ദാസിൻറെ പറമ്പിലെ തെങ്ങിൽ തേങ്ങയിടാൻ ആളില്ലാതെ വന്നപ്പോൾ മെഷീൻ ഉപയോഗിച്ച് സ്വയം കയറി നോക്കി. വലിയ കുഴപ്പമില്ല എന്ന് കണ്ട് ബംഗാളി തൊഴിലാളിയെ കണ്ടു പിടിച്ചു. അവൻ അവൻറെ ബന്ധുക്കളെ കൊണ്ട് വന്നു. അതൊരു കമ്പനി ആയി.  40 രൂപ ഒരു തെങ്ങിന്. മാസം ഓരോ തൊഴിലാളിയും 15000 മുതൽ 20000 രൂപ വരെ സമ്പാദിക്കുന്നു. മര്യാദയ്ക്ക്  ആത്മാർത്ഥമായി ജോലി ചെയ്യുന്നത് കൊണ്ട് ടിപ്പും കിട്ടും. അത് ദിവസ ചിലവിനു.  ഒരുത്തൻ 6 മാസം കഴിഞ്ഞു നാട്ടിൽ പോയപ്പോൾ ഒന്നര ലക്ഷം രൂപ സമ്പാദ്യം കൊണ്ടുപോയ  കഥ മുതലാളി പറഞ്ഞു.

ബംഗാളി തെങ്ങ് കയറ്റത്തിൽ 

ഒരിക്കൽ ടിവി യിൽ തെങ്ങിൽ നിന്നും കരിക്ക് പറിക്കുന്ന  ദൃശ്യം കണ്ടു. വയലിൻറെ കരയിലും, തോടിന്നരികിലും, വരമ്പത്തും നിൽക്കുന്ന തെങ്ങുകളിൽ നിന്നാണ് കരിക്ക് വെട്ടുന്നത്. ബംഗാളികൾ അല്ല മലയാളികൾ തന്നെ ജോലിക്കാർ. വെട്ടി താഴെ ഇടുന്നില്ല. തേങ്ങാക്കുല  ( അത് തന്നെ.  ശരിയായ പ്രയോഗം തന്നെ) കയറിൽ കെട്ടി താഴെ ഇറക്കുന്നു. റോഡരുകിൽ തന്നെ ഒരു വണ്ടിയിൽ കരിക്ക് കച്ചവടവും ഉണ്ട്. അതും മലയാളി. പ്രോഗ്രാമിന്റെ  കമന്ററി  ശ്രദ്ധിച്ചു.  സ്ഥലം കേരളമല്ല. ഗൾഫ്. ഒമാൻ. അവിടത്തെ സലാല ആണ് സ്ഥലം. തെങ്ങിൽ കയറുന്നത് മലയാളി, താഴെ സഹായത്തിനു മലയാളി. കരിക്ക്   വിൽക്കുന്നത് മലയാളി. ഇവർ അവിടെ ജനിച്ചവരല്ല. കേരളത്തിൽ ജനിച്ചവർ. ലക്ഷങ്ങൾ  കൊടുത്തു വിസ ശരിയാക്കി ഗൾഫിൽ പോയവർ. 

 ആ പണി  കേരളത്തിൽ ചെയ്തു കൂടെ എന്നൊരു ചോദ്യം  ഉദിക്കുന്നു.


                         സലാല 

അന്യ  രാജ്യത്ത് കിടന്നു കഷ്ട്ടപ്പെട്ട്  നാട്ടിലേയ്ക്ക്  കാശ് അയയ്ക്കുന്നു. വർഷത്തിൽ അല്ലെങ്കിൽ രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നു. എന്തുണ്ട് ലാഭം?  പ്രവാസി  ജീവിതത്തിന്റെ കഷ്ട്ടപ്പാട് പറഞ്ഞു എന്നും കരയുന്നു. എവിടെയാണ് നമുക്ക് പിഴച്ചത്?   

പറയാൻ കാരണം പലതും ഉണ്ട്. ഇവിടെ ശമ്പളം കുറവ്. ഗൾഫിലും ഇപ്പോൾ ശമ്പളം വളരെ കുറവ് തന്നെ. ഇവിടെ ചെലവ്. അവിടെ ജീവിക്കുന്ന പോലെ ജീവിച്ചാൽ, ഒരു മുറി,കുറേപ്പേർ,ഒന്നിച്ചു ഭക്ഷണം പാകം ചെയ്യൽ, മറ്റു ആർഭാടങ്ങൾ ഒന്നുമില്ല, ഇവിടെയും സമ്പാദിക്കാം.പക്ഷെ ഇവിടെ ജീവിത രീതി അതല്ല. ഇവിടെ സിനിമ പിന്നെ ബീവറേജസ് അങ്ങിനെ പലതും.  

9 അഭിപ്രായങ്ങൾ:

  1. നാട്ടില്‍ മാനാഭിമാനച്ചിന്ത!
    വിദേശത്താകുമ്പോള്‍ അതു പ്രശ്നമില്ലല്ലോ...
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിമാനത്തിന് കൊടുക്കുന്ന വില അല്ലെ തങ്കപ്പൻ ചേട്ടാ

      ഇല്ലാതാക്കൂ
  2. ഇവിടെയാവുമ്പോൾ നാലു മണി ആവുമ്പോഴേയ്ക്കും പണി നിറുത്തി തുണി മാറി ബൈക്കിൽ കയറാൻ ധൃതി.
    ഗൾഫിലാണെങ്കിൽ അത്തരം ധൃതിയില്ല മലയാളിയ്ക്ക്. കൂടുതൽ സമയം ജോലി ചെയ്ത് അർബാബിന് പരമാവതി ലാഭം കൊടുക്കാൻ മലയാളി പ്രതിജ്ഞാബദ്ധൻ.
    നാട്ടിൽ അങ്ങനെ മുതലാളി ചമയാൻ മലയാളി സമ്മതിയ്ക്കില്ല. അപ്പോ ളവന്റെ അവകാശബോധം ഉണരും!
    നമ്മളിനി എന്നു നന്നാവാനാ.....?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പാസ്സ്പോർട്ടും അർബാബിന്റെ കയ്യിൽ ആയിരിക്കും അല്ലേ വി.കെ.

      ഇല്ലാതാക്കൂ
  3. എല്ലാം ഇങ്ങനെ ഒക്കെ തന്നെ. പരിണാമങ്ങള്‍ പല കുഴപ്പങ്ങളും മനുഷ്യനില്‍ വരുത്തിയിട്ടുണ്ട്. ചെയ്യുന്നവനില്‍ മാത്രമല്ല ആ പരിണാമങ്ങള്‍, ചെയ്യിക്കുന്നവനിലും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വല്ലാത്ത പരിണാമം തന്നെ പട്ടേപ്പാടം. ജീവിതം ആണ് ഹോമിക്കപ്പെടുന്നത്.

      ഇല്ലാതാക്കൂ
  4. നാട്ടിൽ താണ ജൊലി ചെയ്താൽ കുറച്ചിലല്ലേ??

    മറുപടിഇല്ലാതാക്കൂ
  5. അന്യ നാട്ടിൽ ആരും അറിയില്ലല്ലോ. അല്ലെ സുധീ

    മറുപടിഇല്ലാതാക്കൂ
  6. ഈ ഞാനടക്കമുള്ളവർ
    സ്‍ായിപ്പിന്റെ കാറടക്കം
    ടോയിലറ്റ് കഴുകലും ,ആപ്പിൾ
    പൊട്ടിക്കലും ,മറ്റെല്ലാ സാധ പണികളും
    നടത്തുമ്പോൾ നാട്ടിൽ ചെന്നാൽ ഇതൊട്ടും ചെയ്യുകയില്ല...
    സ്വന്തം നാട്ടിൽ പണിയെടുക്കുവാൻ
    ഓരൊ മലയാളിയും ദുരഭിമാനം കാരണം
    വ്മുഖത കാട്ടുന്ന പ്രവണത തന്നെ ഇതിനെല്ലാത്തിനും
    കാരണം

    മറുപടിഇല്ലാതാക്കൂ