2016, നവംബർ 19, ശനിയാഴ്‌ച

പേന മാലിന്യം

പേന കൊണ്ട് എഴുതി തുടങ്ങുന്ന കാലത്തു മഷി പേന ആയിരുന്നു കുട്ടികൾക്ക്. ഫൗണ്ടൻ പെൻ. കയ്യക്ഷരം നന്നാകാൻ മഷി പേന വേണം എന്നായിരുന്നു അന്ന് പറഞ്ഞത്. കുറെ കഴിയുമ്പോൾ  പേന ''ലീക്ക്'' ആകും. പിടിച്ചെഴുതുന്ന ഭാഗത്തു കൂടിയാണ് മഷി നിറയ്ക്കുന്നത്. അവിടെ കൂടി മഷി അൽപ്പാൽപ്പം പുറത്തു വന്നു വിരലുകളിൽ പുരളുന്ന സംഭവം. അന്നും  ബാൾ പെൻ ഉണ്ടായിരുന്നു. മുകളിൽ ഞെക്കുമ്പം എഴുതാൻ പാകത്തിൽ  റീഫിൽ പുറത്തു വരുന്ന സ്പ്രിങ് ഉള്ള പേനകൾ. 

അന്ന് സാധാരണ കമ്പനികളുടെ പേനകൾ ആയിരുന്നു കുട്ടികൾക്ക്. സാറന്മാര് അൽപ്പം കൂടിയ പേന. അന്നും ചൈന പേന ഉണ്ടായിരുന്നു. made in  China. യൂത്ത്‌, ഹീറോ. യൂത്ത് പേനയുടെ ക്യാപ്പ് വെള്ളി നിറം. ഹീറോ ക്യാപ് സ്വർണ നിറം.

മുതിർന്നവരുടെ പേന ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കാറില്ലായിരുന്നു. അച്ഛൻ ഉപയോഗിച്ചിരുന്നത്  പാർക്കർ പേന ആയിരുന്നു. പാർക്കറിന്റെ പല തരം. പാർക്കർ 21. പിന്നെ പാർക്കർ 51.  സ്വർണം പൂശിയ ക്യാപ്പ്. (14 ക്യാരറ്റ് എന്ന് അതിൽ എഴുതിയിട്ടുണ്ട്)   ആ പാർക്കർ 51   ഇന്നും ഞാൻ  സൂക്ഷിച്ചു വച്ചിട്ടുണ്ട്.


                                                  Parker 51


കാലം മാറി. മഷി പേനകൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. പകരം ബോൾ പേനകൾ നിറഞ്ഞു. പല തരം ബാൾ പേനകൾ. മഷി പോലെ എഴുതാവുന്ന ജെൽ പേനകൾ. ഒപ്പിടാൻ ഉള്ള സൈൻ പേനകൾ തുടങ്ങി വിവിധ തരങ്ങൾ. പണ്ട് കാലത്തുള്ള  അടപ്പില്ലാത്ത സ്പ്രിങ് ഉള്ള പേനകൾ അപ്രക്ത്യക്ഷമായി.   അടപ്പുള്ള പേനകൾ വന്നു. മാറ്റിയിടാവുന്ന റീഫില്ലുകളും അടുത്ത കാലം വരെ ഉണ്ടായിരുന്നു.

''ഉപയോഗിച്ചു കളയുക'' - ത്രോ എവേ സംസ്കാരത്തിന്റെ ഭാഗമായി ഒരു റീഫിൽ തീരുമ്പോൾ പേനയും   വലിച്ചെറിയുന്ന പേനകൾ വന്നതാണ് പുതിയ വിപ്ലവം. അതാണ്  നാടിന്റെ ദുരിതവും.ഇപ്പോൾ റീഫില്ലുകൾ കിട്ടാനില്ല. കിട്ടിയാലും ആരും വാങ്ങില്ല. അതിനു പകരം രണ്ടോ മൂന്നോ രൂപ കൊടുത്താൽ പേന   കിട്ടും. ഉപയോഗിച്ചു കഴിഞ്ഞു കളയുക പുതിയ പേന വാങ്ങുക. ഈ കളയുന്ന പേനകൾ ഒക്കെ ഉണ്ടാക്കിയിരിക്കുന്നത് പ്ലാസ്റ്റിക് കൊണ്ടാണ്. അത്രയും പ്ലാസ്റ്റിക് ആണ് നമ്മുടെ മണ്ണിൽ കുന്നു കൂടുന്നത്. ഒരിക്കലും നശിക്കാതെ ഇങ്ങിനെ കിടക്കും. ഇത് ഒന്നോ രണ്ടോ പേന അല്ല. ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് പേനകൾ ആണ് നമ്മൾ ഈ ഭൂമിയിലേയ്ക്ക് തള്ളുന്നത്.


                      ഉപയോഗിച്ചു കളഞ്ഞ പേനകൾ

സ്‌കൂളുകളും കോളേജുകളും ആയി കേരളത്തിൽ  15000 ത്തിനു മുകളിൽ കാണും. ഓരോ സ്‌കൂളിൽ നിന്നും ശരാശരി 1  ലക്ഷം പേനയാണ് ഓരോ വർഷവും  ഉപയോഗത്തിന് ശേഷം കളയുന്നത്. അങ്ങിനെ 15000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാകുമ്പോഴൊ?  15000   ലക്ഷം. അതായത് 150 കോടി?  ഈ  മാലിന്യം ഒരിക്കലും നശിക്കാതെ  ഇങ്ങിനെ കുന്നു കൂടി ക്കൊണ്ടിരിക്കുന്നു.


       
       പഴയ വലിച്ചെറിഞ്ഞ പേന ശേഖരിച്ച്‌  കുട്ടികൾ


ഈ സംസ്കാരം മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിനായി കുട്ടികളുടെ ഇടയിൽ ബോധവൽക്കരണം നടത്തണം.പേന വലിച്ചെറിയുന്നതിന് പകരം റീഫിൽ മാറ്റിയിടാൻ അവരെ പ്രേരിപ്പിക്കണം. മാതാപിതാക്കൾ ആണ് ആദ്യം പറഞ്ഞു മനസ്സിലാക്കേണ്ടത്. അധ്യാപകരുടെ  മനസ്സും സേവനവും  കൂടി  വേണം  പൂർണതയിൽ എത്താൻ.

ഉപയോഗിച്ചു  വലിച്ചെറിയുന്ന പേനകൾക്കു പകരം നൽകാൻ ആവശ്യത്തിന് റീഫില്ലുകൾ വേണ്ടി വരും. അതിനു അന്യ സംസ്ഥാന കമ്പനികളെ ആശ്രയിക്കാതെ സ്റ്റാൻഡേർഡ് സൈസ് റീഫിൽ കേരളത്തിലെ ഏതെങ്കിലും പൊതു മേഖല വ്യവസായ സ്ഥാപനത്തിൽ നിർമിക്കണം. (ഒന്നോ രണ്ടോ ലക്ഷം രൂപയുടെ മെഷീൻ മതി അതിന്. ഇനി അതിനു വേണ്ടി ഒരു '' കേരള റീഫിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ'' ഉണ്ടാക്കാതിരുന്നാൽ മതി) അത്തരം റീഫില്ലുകൾ സൗജന്യമായോ, കുറഞ്ഞ വിലയ്‌ക്കോ വിദ്യാർത്ഥികൾക്ക് സ്ഥിരമായി സ്‌കൂളുകളിൽ നിന്നും നൽകണം. അങ്ങിനെയെങ്കിൽ പുതിയ പേനയ്ക്കു പകരം റീഫിൽ മാറ്റിയിടാൻ വിദ്യാർത്ഥികൾ തയ്യാറാകും.  ആ റീഫില്ലിനു പറ്റിയ പേനകളും ആ ഫാക്ടറിയിൽ നിർമിക്കാം. അതോടെ പേനയും കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയും.

പ്ലാസ്റ്റിക് പേനയ്ക്കു പകരം മണ്ണിൽ അലിയുന്ന (ബയോ ഡിഗ്രെഡബിൾ) എന്തെങ്കിലും വസ്തുക്കൾ കൊണ്ട് പേന നിർമിക്കുന്ന കാര്യം ആലോചിക്കണം. മണ്ണ്,പഴയ പത്രക്കടലാസ് തുടങ്ങിയവ ഉപയോഗിച്ചു പേന  ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഒക്കെ കാണും. എളുപ്പം നോക്കി നമ്മൾ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കുന്നു എന്നേ ഉള്ളൂ. ഭരണാധികാരികൾ ഇതിൽ താൽപര്യമെടുക്കണം. നശിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെ രക്ഷിക്കാനുള്ള ബാധ്യത ഓരോ ആൾക്കും ഉണ്ട് എന്നൊരു ബോധം നമുക്ക് വേണം.

14 അഭിപ്രായങ്ങൾ:

  1. പേന..... പഴയ കുറെ പേനകൾ....അതിൽ അന്നത്തെ ഹീറോ... ഈ ഹീറോ പേനകൾ തന്നെയായിരുന്നു അല്ലെ.. ഇന്ന് പ്ലാസ്റ്റിക് നിർമിതമായ ധാരാളം പേനകൾ മാർക്കറ്റിൽ ലഭ്യം. പ്ലാസ്റ്റിക് നിർമ്മാർജനം ഇങ്ങനെ ചില ചെറിയ കാര്യങ്ങൾ എന്ന് നാം കരുതി തള്ളുന്ന ഇതുപോലുള്ള ചില വലിയ ശ്രമങ്ങളിലൂടെ പല കാര്യങ്ങളിലും വിജയം കണ്ടെത്തുവാനാകും. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ പേപ്പർ വൈസ്റ്റിൽ കഴിവതും പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന് നിർദ്ദേശമുണ്ട്. കുറേപ്പേർ ഒക്കെ അത് ചെവിക്കൊള്ളും. ഇങ്ങനെയുള്ള ചില ശ്രമങ്ങളിലൂടെയേ നമുക്ക് ഇവയെ നിർമ്മാർജനം ചെയ്യാൻ കഴിയൂ.. ഇതിനൊക്കെ ബദലായി പ്രകൃതിക്കു ഹാനികരമാവാത്ത മറ്റു ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കിയാൽ മാത്രേ ഈ ശ്രമങ്ങൾ വിജയിക്കൂ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിനു ഭരണാധികാരികൾക്കു വിവരം വേണം. പ്രകൃതി സ്നേഹവും. നമുക്കും പല കാര്യങ്ങൾ ചെയ്യാനുണ്ട് ഗീത

      ഇല്ലാതാക്കൂ
  2. റെയ്നോൾഡ്സ് പേന ആണെന്ന് തോന്നുന്നു ആദ്യമായി നമ്മുടെ നാട്ടിൽ ഇത്തരം പേന 1987 മറ്റോ അവതരിപ്പിച്ചത് അന്ന് പ്രീഡിഗ്രിക്കു പഠിക്കുന്ന സമയം ജിഎം പെൻ മദ്രാസ് ആണെന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയായിരുന്നു ഫ്രാൻസ് അത് കഴിഞ്ഞു ആ പേന കളുടെ ക്വാളിറ്റി നഷ്ടമാകുന്നത് മനസ്സിലായി പിന്നെ റോട്രോമാക്ക് ലീക്കത്തെ ലീക്കത്തെ ലവ് ഹോ ജായേ രവീണ തണ്ടൊന്റെ പരസ്യവുമായി വന്നത് പക്ഷെ അതൊന്നും ഹീറോ പേനയുടെയും ബിസ്മി പേനയും ബ്രിൽ ക്യാമൽ മറക്കാൻ കരണമാവുന്നില്ല
    സത്യമാണ് ബിപിൻ മാഷെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ബൈജൂ. ആദ്യം ഇവിടെ ഇറങ്ങിയത് റെയ്നോൾഡ് തന്നെ. പിന്നെ ഒരു വരവായിരുന്നു ബോൾ പേനകളുടെ. അന്ന് പൈലറ്റ് പേനയും ഉണ്ടായിരുന്നു. ജപ്പാൻ പൈലറ്റ്.

      ഇല്ലാതാക്കൂ
  3. എട്ടാം ക്ലാസ്സിലെത്തിയപ്പോഴാണ് ഒരു ഹീറോ പേന കിട്ടിയത്. എന്തൊരു സന്തോഷായിരുന്നു... ഡിഗ്രി കഴിയുന്നത്‌വരെ കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ എഴുത്ത് കുറവും പേനകള്‍ കൂടുതലുമാണെന്ന് ഞാന്‍ കുട്ടികളോട് പറയാറുണ്ട്‌..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുബി പറഞ്ഞതാണ് ശരി. പേന കൂടുതൽ എഴുത്ത് കുറവ്. പ്രീ ഡിഗ്രിക്കും മഷിപ്പേന തന്നെ നിർബന്ധമായിരുന്നു. ഡിഗ്രി ആയപ്പോഴാണ് മഷിപ്പേന കൈവിട്ടത്. പക്ഷെ പരീക്ഷക്ക് ,മഷിപ്പേന നിർബന്ധവും.

      ഇല്ലാതാക്കൂ
  4. വളരെ സത്യം. പ്രസക്തവും ആരും ശ്രദ്ധിക്കാത്തതും ആയ വിഷയം.. കുട്ടികളെ അദ്ധ്യാപകർ നിർബന്ധിച്ചു മഷിപ്പേന ഉപയോഗിക്കാൻ ശീലിപ്പിക്കണം...













    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെയാണ്അ വേണ്ടത് പക്ഷെ അ തിനു അധ്യാപകർ തന്നെ ബാൾ പേന അല്ലെ ഉപയോഗിക്കുന്നത് പുനലൂരാനെ.

      ഇല്ലാതാക്കൂ
  5. പേന മാത്രമല്ല അനേകം പ്ലാസ്റ്റിക് സാധനങ്ങൾ നാം ദിവ സേന വലിച്ചെറിയുന്നുണ്ട്
    ഇവിടങ്ങളിലൊക്കെ ചെയ്യുന്ന
    പോലെ പ്ലസിക്ക് ,ചില്ല് , ജനറൽ
    വെയ്സ്റ്റ്ക എന്നിങ്ങനെ പ്രത്യേക റീ-സൈക്കിൾ ബോധവൽക്കരണമാണ് നമുക്ക് വേണ്ടത് ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളീ . റീ സൈക്കിൾ ആയാലും ധാരാളം അന്തരീക്ഷ മലിനീകരണം ഉണ്ടാകും. അത് കൊണ്ട് ഉപയോഗം കുറയ്ക്കുകയാണ് നല്ലതു.

      ഇല്ലാതാക്കൂ
  6. അമ്പരപ്പിച്ച പോസ്റ്റ്‌.

    കേരള റീഫിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ" ഉണ്ടാക്കാതിരുന്നാൽ മതി)ഹാ ഹാ ഹാ.എങ്ങനെ ചിരിക്കാതിരിക്കും?

    മറുപടിഇല്ലാതാക്കൂ
  7. ഞാനൊക്കെ നാലരവരെയുള്ള ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കാലത്ത് ഫൌണ്ടന്‍പേന ഉപയോഗിക്കാന്‍ പാടില്ലെന്നുണ്ടായിരുന്നു.നിബ്ബ് വലിച്ചൂരിയെടുക്കുന്ന സ്റ്റീല്‍പേന ഉപയോഗിക്കാം.കാലണയ്ക്ക്മൂന്നോനാലോ മഷിക്കട്ട കിട്ടും.മഷിക്കട്ട വെള്ളത്തില്‍ ചാലിച്ച്‌ കുപ്പിയിലാക്കി എഴുതാനായി കൊണ്ടുപോകണം.എഴുതികഴിഞ്ഞാല്‍ മഷിഒപ്പാനായി ഒപ്പുകടലാസൊ,ചോക്കോ കരുതണം.അന്നൊക്കെ കൂടുതല്‍ സ്ഥലത്തും എഴുതാന്‍ ഉപയോഗിച്ചിരുന്നത് സ്റ്റീല്‍ പേനയായിരുന്നു.ആറാംക്ലാസില്‍ ആയപ്പോഴാണ് എനിക്ക് പൌണ്ടന്‍പേന കിട്ടിയത്.ഇപ്പോഴും എനിക്ക് മഷിപ്പേനയോടുത്തന്നെയാണ് താല്പര്യം.
    റീഫില്‍ പേന വന്നതോടെയാണ് ഈ വലിച്ചെറിയല്‍ കൂടിയത്‌.ഇപ്പോള്‍ റീഫില്‍ ഇല്ലല്ലോ.പേന വലിച്ചെറിഞ്ഞ് പുതിയത് വാങ്ങുന്ന സ്ഥിതിയായി...

    ബിപിന്‍ സാറിന്‍റെ ഫോണ്ട് കളര്‍ ചെയിഞ്ച് എന്‍റെ കണ്ണിനെ ബുദ്ധിമുട്ടിലാക്കുന്നു.വായിക്കാന്‍ പലപ്പോഴും കഴിയുന്നില്ല .ഒരു മൂടല്‍....അതാണ്‌
    എല്ലാപോസ്റ്റുകളും മുഴുവന്‍ വായിച്ചുതീര്‍ക്കാന്‍ കഴിയാത്തത്...
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  8. kalm mari kadha mari ene njanokka parayan thanna samayamilla, kalathinoth kolavum maranam. touch screen aadhi pathiyam sthapicha ee kalath kuthanai touchinta stikkanu vangi kodukkandath

    മറുപടിഇല്ലാതാക്കൂ