2014 ഒക്‌ടോബർ 11, ശനിയാഴ്‌ച

സിനിമാ കാരുണ്യം

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നമ്മുടെ സിനിമാ താരങ്ങൾ  ഒട്ടും പിന്നിലല്ല.  മോഹൻലാൽ അവയവ ദാനം വാഗ്ദാനം ചെയ്തു.. മമ്മൂട്ടി 250 രോഗികൾക്ക് ചികിത്സാ ചെലവ് വഹിയ്ക്കാം എന്ന് പ്രഖ്യാപിച്ചു.  അങ്ങിനെ പല പല കാര്യങ്ങളും. സുരേഷ് ഗോപിയും ദിലീപും അത് പോലെ മറ്റെല്ലാ  സിനിമാ താരങ്ങളും  എന്തെങ്കിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട് എന്ന് തോന്നുന്നു. പലതും അറിയുന്നത്  ഈ താരങ്ങൾ   പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ  പത്രങ്ങളിൽ  കാണുമ്പോഴാണ്. ഇന്നലെ   'സുകൃതം' എന്ന കേരള സർക്കാരിന്റെ ക്യാൻസർ ചികിത്സാ പദ്ധതി ജനങ്ങൾക്ക്‌ സമർപ്പിച്ചത് മമ്മൂട്ടി ആണ്. അത് ടിവി യിലും കാണിച്ചിരുന്നു. അങ്ങിനെ നമ്മുടെ താരങ്ങൾ എല്ലാം കാരുണ്യവാന്മാർ ആണ്.

സിനിമയിൽ മറ്റു മേഖലകളിൽ, അതായത് നിർമാണ, സംവിധാന, സാങ്കേതിക  മേഖലകളിൽ, പ്രവർത്തിയ്ക്കുന്നവരും ഇത് പോലെ കാരുണ്യം കാണിയ്ക്കുന്നുണ്ടാകാം.

ജനങ്ങൾക്ക്‌ ഇങ്ങിനെ കാരുണ്യം വാരിക്കോരി കൊടുക്കുമ്പോഴും സ്വന്തം സഹ പ്രവർത്തകരോട് ഈ താരങ്ങൾക്കും മറ്റു സിനിമാക്കാർക്കും  അത്ര കാരുണ്യമുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിയ്ക്കുന്നു.

" ആറു മണിയ്ക്കൂർ നീണ്ട ശസ്ത്രക്രിയ..സംസാരിയ്ക്കാൻ ശബ്ദം പൊങ്ങാതെ കുറെ നാളുകൾ.എന്റെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ ഭാര്യയോട് സിനിമാ രംഗത്തെ പലരെയും വിളിച്ചു വിവരം പറയാൻ പറഞ്ഞു.....കാശിനു വേണ്ടിയായിരുന്നില്ല. മെഡിക്കൽ കോളേജ് ആയിരുന്നതിനാൽ ചികിത്സ വലിയ ബാധ്യതയൊന്നു മായിരുന്നില്ല......പൈസ കയ്യിലുണ്ടായിരുന്നു...... ആദ്യം ചിലർ ഫോണെടുത്തു.അസുഖ വിവരമറിഞ്ഞതിൽ പിന്നെ മിണ്ടാട്ടമില്ല......ഒരു ഫോണ്‍ കാൾ, ഒരു സുഖ വിവരം തിരക്കൽ. ഒന്നുമുണ്ടായില്ല." (മാതൃഭൂമി)

 'ശരത്ചന്ദ്രൻ വയനാട്' പറഞ്ഞ കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത്.

ഭരതനോടൊപ്പം 15 ചിത്രങ്ങൾ ഉൾപ്പടെ 40 ഓളം ചിത്രങ്ങളിൽ സംവിധാന സഹായി, "അന്നൊരിയ്ക്കൽ" " നന്മ" എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ആൾ.  ശരത്ചന്ദ്രൻ വയനാട്.

എങ്ങിനെയെയുണ്ട് നമ്മുടെ സിനിമാക്കാരുടെ ജീവ കാരുണ്യം? എക്കാലവും  പണത്തിന്റെയും, ആഡംബരത്തിന്റെയും, പ്രശസ്തിയുടെയും നടുവിൽ ജീവിയ്ക്കാം എന്നായിരിയ്ക്കും ഇവരുടെ വിശ്വാസം.

അദ്ദേഹം വേഗം  ആരോഗ്യവനാകട്ടെ എന്നും  പുതിയ ചിതവുമായി  (കുയിൽ)വരട്ടെ എന്നും ആശംസിയ്ക്കാം.

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

തരൂർ


കോണ്‍ഗ്രസ്ശിഥിലമായി ക്കൊണ്ടിരിയ്ക്കുകയാണ്. ചരിത്രം നോക്കിയാൽ ഭാരതത്തിനു സ്വാതന്ത്ര്യം നേടാനുള്ള ഒരു വേദി ആയി രൂപം കൊണ്ടതാണ്  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന സംഘടന.  സ്വാതന്ത്ര്യത്തിനു ശേഷം അതിൻറെ പ്രസക്തി നഷ്ട്ടപ്പെട്ടു എന്നും അതിനാൽ  കോണ്‍ഗ്രസ്സ്  പിരിച്ചു വിടണമെന്നും, അന്നത്തെ നേതാക്കളുടെ സ്വഭാവം മനസ്സിലാക്കിയ  മഹാത്മാ ഗാന്ധി പറഞ്ഞു. പക്ഷേ   അധികാര ക്കൊതി മൂത്ത കുറെ ആളുകൾ കൌശലത്തിൽ അതിനെ ഒരു രാഷ്ട്രീയ പാർട്ടി ആക്കി രൂപാന്തരപ്പെടുത്തി ആ പേരിൻറെ  പ്രഭാവം മുതലെടുത്ത്‌ ഭാരതത്തിന്റെ ഭരണം കൈവശപ്പെടുത്തുകയും ആ പ്രക്രിയ തുടരുക  ആയിരുന്നു എന്നും  കാണാം.  

അധികാരം എന്ന അപ്പക്കഷണം ഒന്ന് മാത്രമാണ് കോണ്‍ഗ്രസ്സ്  പാർട്ടി നശിയ്ക്കാതെ നിൽക്കുന്നതിന്റെ ഒരേ ഒരു കാരണം. കഴിഞ്ഞ പത്തു വർഷത്തെ കേന്ദ്ര ഭരണത്തിൻറെ ബാക്കി പത്രം ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി മാതം ആണല്ലോ. 1,76000 കോടി രൂപയുടെ 2 ജി. അഴിമതി. 1,86000 കോടി രൂപയുടെ കൽക്കരി ഖനി അഴിമതി. ഇത് ഏറ്റവും വലിയ രണ്ടെണ്ണം. ഇത് പോലെ മറ്റനേകം അഴിമതികൾ ഉണ്ട്. ഹെലികോപ്റ്റർ  അഴിമതി, ടെട്ര ടട്രക്ക് അഴിമതി, കോമണ്‍ വെൽത്ത് ഗെയിംസ് അഴിമതി തുടങ്ങി ധാരാളം. ഇത്തരം  അഴിമതികൾ ആണ് കോണ്‍ഗ്രസ്സുകാരെ എല്ലാം ഒന്നിച്ചു നിർത്താൻ പ്രേരകമാകുന്നത്. ഇതിൻറെ ഗുണം കിട്ടിയവർ  ഇനിയും കിട്ടും എന്ന പ്രതീക്ഷയിലും കിട്ടാത്തവർ ഇനിയെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലും ഒത്തൊരുമയോടെ  കോണ്‍ഗ്രസ്സിൽ കൂടി നിൽക്കുന്നു.

ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ  അധികാരത്തിൽ വരുമെന്നറിഞ്ഞ ആ   നിമിഷം ഇവരുടെയെല്ലാം പ്രതീക്ഷ അസ്തമിച്ചു. അന്ന് തുടങ്ങിയതാണ്‌ കോണ്‍ഗ്രസ്സിൽ തമ്മിലടി.  തെരഞ്ഞെടുപ്പു ഫലം പുറത്തു  വന്നു കൊണ്ടിരിയ്ക്കുമ്പോൾ തന്നെ കോണ്‍ ഗ്രസ്സ് നേതാക്കൾ തമ്മിൽ കുറ്റപ്പെടുത്തൽ തുടങ്ങി. പരാജയത്തിൻറെ ഉത്തരവാദിത്വം അന്യോന്യം പഴി ചാരി കോണ്‍ഗ്രസ്സിൽ ആഭ്യന്തര കലഹം തുടങ്ങി. രാഹുൽ ഗാന്ധി എന്ന പേര് കേട്ടാൽ പേടിച്ചു  വിറയ്ക്കുന്ന, അങ്ങേരുടെ മുന്നിൽ താണു വണങ്ങി പഞ്ച പുശ്ചം അടക്കി നിന്നിരുന്ന നേതാക്കൾ എല്ലാം തലയുയർത്തി തുടങ്ങി. രാഹുൽ ഗാന്ധിയ്ക്ക് എന്നും  താങ്ങും തണലുമായി നിന്ന, രാഹുലിനെ വളർത്തി കൊണ്ടു വന്ന, സോണിയ കുടുംബത്തിന്റെ വിനീത വിധേയനും വിശ്വസ്തനും ആയ ദിഗ് വിജയ്‌ സിംഗ് ആണ് രാഹുലിന് എതിരെ ആദ്യം തിരിഞ്ഞത്. തെരഞ്ഞെടുപ്പു  തോൽവിയ്ക്ക് ഉത്തരവാദി രാഹുൽ ആണെന്ന്  ദിഗ് വിജയ്‌ പറഞ്ഞു. ഭരിയ്ക്കാൻ പറ്റിയ ആളല്ല രാഹുൽ എന്ന് കൂടി ദിഗ് വിജയ്‌ പറഞ്ഞു. തുടർന്ന്  നേതാക്കളുടെ ഒരു ഒഴുക്കായിരിന്നു, രാഹുലിനെ കുറ്റപ്പെടുത്തി.    ക്യാപ്ടൻ അമരീന്ദർ സിംഗ്, മിലിന്ദ് ദേവ്റ അങ്ങിനെ കുറെ ആളുകൾ.  നമ്മുടെ പഴയ ഭക്ഷ്യ മന്ത്രി കെ.വി. തോമസ്‌ ആകട്ടെ ഒരു പടി കൂടി കടന്ന് പ്രിയങ്കയ്ക്ക് ഉത്തരവാദിത്വ പ്പെട്ട സ്ഥാനം കൊടുക്കണം എന്ന് വരെ പറഞ്ഞു. കേരളത്തിലെ നേതാക്കളും ചിലരെല്ലാം ഈ സത്യം പതിയെ പറഞ്ഞു. ചില യൂത്ത്  നേതാക്കളും രാഹുലിനെ വിമർശിച്ചു .  രാഹുലിനെ വിമർശിച്ചതിന്  രാജസ്ഥാൻ എം.എൽ.എ.   ബൻവർ ലാൽ ശർമയെ സസ്പെൻഡ്  ചെയ്തു. അത് പോലെ കേരളത്തിലെ ടി.എച്. മുസ്തഫയെയും   സസ്പെൻഡ് ചെയ്തു.

അധികാരം ഇല്ലാതെ ഒരു നിമിഷം പോലും  നിൽക്കാൻ കോണ്‍ഗ്രസ് കാർക്ക് കഴിയില്ല എന്ന സത്യം ആണ് ഇവിടെ വെളിവാകുന്നത്.

 മോദിയുടെ ചടുലമാർന്ന ഭരണ രീതിയിൽ വിറളി പിടിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ്സ് കാർ . പറയുക, പ്രവർത്തിയ്ക്കാതിരിയ്ക്കുക എന്ന കോണ്‍ഗ്രസ്സിന്റെ ശൈലിയിൽ നിന്നും തീർത്തും വ്യത്യസ്തമായി, പറയുന്നത് ഉടൻ  ചെയ്തു കാണിയ്ക്കുക എന്ന  മോദി ശൈലി കോണ്‍ഗ്രസ്സ് കാർക്ക് ഉൾക്കൊള്ളാൻ കഴിയാതെ വന്നിരിയ്ക്കുകയാണ്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ രാജ്യത്തെ സ്വച്ഛം ആക്കണമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചു. ഒന്നര മാസത്തിനു ശേഷം ഗാന്ധി ജയന്തി ദിനത്തിൽ അതിൻറെ പദ്ധതി പ്രഖ്യാപിയ്ക്കുകയും തുടക്കം കുറിയ്ക്കുകയും ചെയ്തു. ഭാരതത്തെ പൂർണമായും മാലിന്യ മുക്തമാക്കണം എന്നാണു മോദി പറഞ്ഞത്. അത് എല്ലാ മേഖലകളും ശുചിയാക്കാൻ ഉള്ള പദ്ധതി ആണ്. ഗാന്ധി ജയന്തി ദിവസം മാത്രം ഒരു ചൂലും എടുത്ത് ഫോട്ടോയ്ക്ക് നിന്ന് കൊടുക്കുന്ന ശുചീകരണം അല്ല. നിരന്തരം ചെയ്യേണ്ട ഒരു പ്രക്രിയ. സ്വാതന്ത്ര്യം കിട്ടി ഇത്രയും നാൾ കോണ്‍ഗ്രസ്സ് ഭരണത്തിൽ   ഭാരതത്തിൽ അടിഞ്ഞു കൂടിയ മാലിന്യം ആണ് പരിസ്ഥിതിയ്ക്ക് നാശം വരാതെ സംസ്കരിയ്ക്കേണ്ടത്. ഗംഗ ശുദ്ധീകരണം പോലുള്ള ബ്രിഹത് പദ്ധതികൾ. അതിനു ന്യായമായും ഭാരതത്തിലെ ഓരോ പൌരന്റെയും സഹായവും പങ്കാളിത്തവും അനിവാര്യമാണ്. അതിനാണ് ഓരോ പൌരനേയും പ്രധാന മന്ത്രി ഇതിലേയ്ക്ക് ക്ഷണിച്ചത്. ഭാരതത്തിലെ വിവിധ തുറകളിൽ ഉള്ള വ്യക്തികളെ പ്രത്യേകം പേരെടുത്ത് പറഞ്ഞു അദ്ദേഹം ക്ഷണിച്ചു.അതിൽ കേരളത്തിൽനിന്നും ഉള്ള എം.പി. ശശി തരൂരും ഉൾപ്പെട്ടു. കോണ്‍ഗ്രസ്സ് ടിക്കറ്റിൽ ജയിച്ച ആൾ. അത് പോലെ കോണ്‍ഗ്രസ്സ് നാമ നിർദ്ദേശം ചെയ്ത സച്ചിൻ തെണ്ടുൽക്കറെയുംക്ഷണിച്ചു.

 തരൂർ മോദിയുടെ ഈ പദ്ധതി നല്ലതാണെന്ന് പറയുകയും ചെയ്തു പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ്സുകാർക്ക് അതത്രരസിച്ചില്ല. അവരിപ്പോൾ തരൂരിന് എതിരെ അച്ചടക്ക ലംഘനം എന്ന വാൾ എടുത്തിരിയ്ക്കുകയാണ്. നമ്മുടെ കോണ്‍ഗ്രസ്സ് കാർക്ക് നേരിട്ട് കാര്യം പറയുന്ന സ്വഭാവം ഇല്ലല്ലോ.എല്ലാം ഒളിവ് പരിപാടിയാണ്.  വളഞ്ഞ വഴിയാണ് അവർക്ക്.സുധീരൻ പറയുന്നതിന് പറയുന്നതിന് പകരം ഒരു ചോട്ടാ നേതാവിനെ കൊണ്ട് പറയിയ്ക്കും. പിന്നെ അത് പതുക്കെ സംസാര വിഷയം ആകും. പിന്നെ ആരെയാണെന്ന് പേര് പറയാതെ അയാളെ അധിക്ഷേപിച്ച് അവരുടെ പത്രത്തിൽ ഒരു മുഖ പ്രസംഗവും എഴുതും. കോണ്‍ഗ്രസ്സുകാർ പോലും വായിയ്ക്കാത്ത പത്രം ആണത്. ചാനലുകൾ ഉള്ളത് കൊണ്ട് പത്രത്തിൽ വന്നത് ജനങ്ങൾ  അറിയും.  ഇത്തവണ എം.ലിജു വിനെ കൊണ്ടാണ് തുടക്കം കുറിച്ചത്. അത് പതിയെ ചൂടായി മാധ്യമങ്ങൾ   ഏറ്റെടുത്തപ്പോൾ എല്ലാ നേതാക്കളും രംഗത്ത് വന്നു.  ഏതായാലും  ഇനിയിപ്പോൾ തരൂരിന് എതിരെ നടപടി എടുക്കാൻ ആലോചിയ്ക്കുകയാണ്. പണ്ട് ഹൈ കമാൻഡ് സ്ട്രോങ്ങ്‌ ആയിരുന്ന കാലത്ത് തരൂരിന് എതിരെ ഒരക്ഷരം പറയാൻ ധൈര്യം കാണിയ്ക്കാത്ത  നേതാക്കൾ ആണ് ഇപ്പോൾ അച്ചടക്ക ലംഘനം എന്ന് പറയുന്നത് എന്ന് കാണുമ്പോൾ കാലത്തിന്റെ ഗതിയും  കോണ്‍ഗ്രസ്സുകാരുടെ അവസരവാദി വും എത്ര വിചിത്രം ആണെന്ന് അതിശയിച്ചു പോകും.

മോദി ആരാണ്? ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രി. ഭാരതത്തെ മാലിന്യ വിമുക്തം ആക്കാനുള്ള ഒരു പദ്ധതി ആണ് അദ്ദേഹം പ്രഖ്യാപിച്ച  സ്വച്ഛ ഭാരത്‌ അഭിയാൻ. അത് വ്യക്തി പരമായ ഒരു പദ്ധതി അല്ല. വ്യക്തമായധാരണയോടു കൂടി ഉണ്ടാക്കിയ ഒരു പദ്ധതി. അതൊരു സ്വകാര്യ പദ്ധതി അല്ല. സർക്കാർ പദ്ധതി ആണ്. മാലിന്യ വിമുക്തമായ നാടിനു വേണ്ടിയുള്ള പദ്ധതി.   ശശി തരൂർ അതിൽ പങ്കെടുക്കാനുള്ള പ്രധാന മന്ത്രിയുടെ ക്ഷണം സ്വീകരിച്ചതിൽ എന്താണ് തെറ്റ്? ഒ രു പാർലമെന്റ് അംഗം എന്ന നിലയിൽ സാധാരണ പൌരനേക്കാൾ കൂടുതൽ ഉത്തരവാദിത്വം അദ്ദേഹത്തിനില്ലേ?   ആ പദ്ധതിയുടെ ഗുണ ഗണങ്ങൾ പറഞ്ഞതിൽ എന്താണ് തെറ്റ്?കോണ്‍ഗ്രസ്സുകാർ കൊണ്ട് വന്ന നിർമൽ ഭാരത്‌ പദ്ധതി ഒരു വലിയ പരാജയം ആയിരുന്നുവെന്നു എല്ലാവർക്കും അറിയാം. അത് കൊണ്ട് കൂടിയാണ് ദീർഘ വീക്ഷണത്തോട് കൂടിയുള്ള മോദിയുടെ പദ്ധതിയ്ക്ക് തരൂർ പിന്തുണ പ[പ്രഖ്യാപിച്ചത്.കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതിയെ പിന്തുണയ്ക്കാൻ ഒരു പാർലമെന്റ് അംഗത്തിന് അവകാശമില്ലേ?  അത് ഉത്തരവാദിത്വമല്ലേ? ഒരു പ്രധാന മന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങൾ നല്ലതാണെന്ന് പറയാൻ പാടില്ലേ?

 ഇങ്ങിനെ പോയാൽ കൂടുതൽ കോണ്‍ഗ്രസ്സുകാർ മോദിയെ പ്രകീർത്തിയ്ക്കും എന്ന ഭയമാണ് കോണ്‍ഗ്രസ്സിനുള്ളത്.  മോദിയിൽ, അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ  ആകൃഷ്ടരായി  കൂടുതൽ കോണ്‍ഗ്രസ്സുകാർ അങ്ങോട്ടേയ്ക്ക് തിരിയുമോ എന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തെ ഗ്രസിച്ചിരിയ്ക്കുന്നു. തരൂരിന് ഒരു ചെറിയ മരുന്ന് കൊടുത്തില്ലെങ്കിൽ മറ്റുള്ളവരും മോദിയെപ്രശംസിച്ചു തുടങ്ങും എന്നതാണ് അച്ചടക്ക നടപടിയ്ക്ക് പിന്നിലുള്ള കോണ്‍ഗ്രസ്സിന്റെ ചേതോവികാരം. പക്ഷേ ജന വികാരം നിയന്ത്രിയ്ക്കാൻ കോണ്‍ഗ്രസ്സിന് കഴിയില്ല. കാരണം എന്താണ് വികസനം, എന്താണ് ആത്മാർഥത, എന്താണ് ദേശ സ്നേഹം എന്ന് ജനങ്ങൾ ഇന്ന് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. അവർ അതിനൊപ്പം തന്നെ ആയിരിയ്ക്കും.

2014 ഒക്‌ടോബർ 5, ഞായറാഴ്‌ച

Boycott Kochi One Day

സഞ്ജു സാംസണ്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ നാം ആഹ്ലാദിച്ചു. കാരണം നമുക്ക് പരിചയം ഉള്ള നാട്ടുകാരൻ പയ്യൻ എന്ന പരിഗണന തന്നെ. പല നല്ല കളിക്കാരും മലയാളി ആണെന്നുള്ള ഒറ്റക്കാരണം കൊണ്ട് അഖിലേന്ത്യതലത്തിൽ വളരെ സുന്ദരമായി തഴയപ്പെടുന്നു എന്നുള്ളതും അതിനിടയിൽ സഞ്ജുവിന് അവസരം കിട്ടിയല്ലോ എന്ന ചിന്തയും നമ്മുടെ ആഹ്ലാദം വർധിപ്പിച്ചു.  ഇവിടെ സഞ്ജു ആണെങ്കിൽ നല്ല കളിക്കാരൻ. കേരളത്തിൻറെ രഞ്ജി കളിക്കാരൻ. ഇന്ത്യൻ അണ്ടർ 19 ന്റെ വൈസ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയലിന് വേണ്ടി ഐ.പി.എലിൽ നന്നായി കളിച്ചു. 2014 ൽ ആസ്ട്രേലിയയിൽ ഇന്ത്യൻ A ടീമിന്റെ ഏറ്റവും കൂടുതൽ റണ്‍ നേടിയ ആൾ. (244 - 7 ഇന്നിങ്ങ്സ്). അങ്ങിനെ ഇന്നത്തെ നിലവാരത്തിൽ ഇന്ത്യയുടെ കളിക്കാരിൽ കേമൻ.

ഇംഗ്ലണ്ടിൽ നടക്കുന്ന 5 ഒണ്‍ ഡേയ്ക്കും ഒരു T-20 നു മുള്ള ടീമിലേയ്ക്ക് ആണ് സഞ്ജു വിനെ തെരഞ്ഞെടുത്തത്. പക്ഷേ കളിക്കളത്തിൽ ഇറങ്ങാൻ സമ്മതിച്ചില്ല. 6  കളികളിലും കാഴ്ചക്കാരനായി ഗാലറിയിൽ ഇരിയ്ക്കേണ്ടി വന്നു. ഇത് മനപൂർവം അല്ലെങ്കിൽ പിന്നെ എന്താണ്? സഞ്ജുവിന് വേണ്ടി സംസാരിയ്ക്കാൻ ആരുമില്ല. മറ്റു കളിക്കാരെല്ലാം ഏതെങ്കിലും "വേറെ അപ്പൻ" (ഗോഡ് ഫാദർ) ഉള്ളത് കൊണ്ട് എല്ലായിടവും ഇടിച്ചു കയറുന്നു. കഴിവുള്ള, കഴിവ് തെളിയിച്ച പാവം സന്ജുമാർ തഴയപ്പെടുന്നു.

കേരളത്തിനും ഒരു ക്രിക്കറ്റ് അസോസിയേഷൻ ഉണ്ട്. സ്റ്റെഡിയം പണിയിലും അത് പോലെയുള്ള കാര്യങ്ങളിലും തട്ടിപ്പ് നടത്തി പത്തു കാശുണ്ടാക്കുക എന്നല്ലാതെ കേരളത്തിലെ കളിക്കാർക്ക്‌ വേണ്ടി ഒന്നും  അസോസിയേഷൻ  ചെയ്യില്ല. കേരളത്തിലെ രാഷ്ട്രീയക്കാർ ആകട്ടെ അതിനും അപ്പുറത്താണ്. കളി എന്താണെന്ന് അറിഞ്ഞു കൂടാ.  ലോക കപ്പ് പോലുള്ള ഏതെങ്കിലും മത്സര സമയങ്ങളിൽ ഒരു ടീ ഷർട്ടും എടുത്ത് അണിഞ്ഞ് മത്തങ്ങാ പോലുള്ള വയറും കുലുക്കി നിൽക്കാനല്ലാതെ ഒന്നിനും കഴിവില്ല. വടക്കേ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ നോക്കൂ. ശരദ് പവാർ. അമ്മായി അപ്പൻ ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു എന്നൊരു ബന്ധം മാത്രമേ ക്രിക്കറ്റും ആയുള്ളൂ. 2001 മുതൽ 10 വർഷം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്. 2010 മുതൽ ICC യുടെ ചെയർമാൻ. അത് പോലെ അരുണ്‍ ജൈറ്റ്ലിയെ നോക്കൂ. അങ്ങിനെ എത്രയെത്ര രാഷ്ട്രീയക്കാരാണ് പ്രധാനപ്പെട്ട ഇടങ്ങളിൽ കയറി പറ്റിയത്. അത് പോലെ ഒരു സ്ഥാനത്ത് എത്തി BCCI ൽ  നമ്മുടെ ഏതെങ്കിലും നേതാക്കൾ എത്തിയോ? ഇവിടെ തമ്മിൽ തല്ലിയും, കൊന്നും കൊലവിളി നടത്തിയും തിണ്ണ മിടുക്ക് കാണിയ്ക്കാനും അല്ലാതെ ഒന്നും ചെയ്യാൻ ഇവർക്ക് കഴിവില്ല. അതിൻറെ തിക്ത ഫലം സഞ്ജുവിനെ പ്പോലെ യുള്ള അനേകം കായിക താരങ്ങൾ അനുഭവിയ്ക്കുന്നു.

പിന്നെ നമ്മുടെ നാട്ടുകാരാണ്. കളിയെ പറ്റി ഒരു ചുക്കും അറിയില്ലെങ്കിലും അതിൻറെ പിറകെ വാലും ആട്ടി പോകും. ലോക കപ്പ് ഫുട്ബാൾ വന്നപ്പോൾ അന്യ രാജ്യങ്ങളുടെ ജേർസി വാങ്ങാനും അവരുടെ താരങ്ങളുടെ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിയ്ക്കാനും കോടികൾ ആണ് കേരളത്തിലെ കുറെ മണ്ടന്മാർ ചിലവഴിച്ചത്. ആർക്കും പ്രയോജനമില്ലാതെ പണം വലിച്ചെറി യുന്നതിനു പകരം ആ പണം പാവപ്പെട്ട കുറെ ഫുട്ട്ബാൾ കളിക്കാർക്ക്‌ നൽകിയിരുന്നുവെങ്കിൽ അവർ നല്ല ബൂട്ടു വാങ്ങിയേനെ. ( കാശ്  ഇല്ലാത്തതിനാൽ സാധാരണ ഷൂ ഇട്ടാണ് കൂടുതൽ പേരും കളിയ്ക്കുന്നത്.). 

അതിലും കൂടുതൽ ആണ് ക്രിക്കറ്റ് ജ്വരം.  "എത്ര റണ്‍ ആയി, എത്ര വിക്കറ്റ് പോയി"  ഇത്രയും ആണ് കളിയെ പറ്റി ആകെ ഉള്ള അറിവ്. ഇടിച്ചു തള്ളി  ക്യു വിൽ നിന്ന് ടിക്കറ്റ് വാങ്ങി വെയിലായാലും മഴയായാലും സ്റ്റെഡിയത്തിൽ എത്തും. എന്താണ് അവിടെ സംഭവിയ്ക്കുന്നത് എന്ന് പോലും കാണാൻ പറ്റാത്ത ദൂരത്തിൽ ഇരുന്ന് ബഹളം ഉണ്ടാക്കി ആത്മ നിർവൃതി അടയുന്ന വിഡ്ഢികൾ.

കഴിഞ്ഞ തവണ ടീമിൽ കയറ്റി കളിയ്ക്കാൻ ഇറക്കാത്ത സഞ്ജുവിനെ ഇത്തവണ ടീമിൽ  കയറ്റിയതേ ഇല്ല.  എന്താണ് കാരണം? സഞ്ജുവിന്റെ ഹോം സ്റ്റേറ്റിൽ  ഉള്ള കളിയ്ക്ക് എങ്കിലും സഞ്ജുവിന് അവസരം നൽകാമായിരുന്നു.  അങ്ങിനെ നൽകാതിരുന്നത് കേരളക്കാരോട് നടത്തിയ പരസ്യമായ ,ധിക്കാരപരമായ വെല്ലു വിളി ആണ്. സഞ്ജുവിന് അവസരം നൽകിയില്ല എങ്കിലും നീയൊന്നും ഒരു ചുക്കും ചെയ്യില്ല,  ഒറ്റ അക്ഷരം മിണ്ടാതെ വായു നോക്കികളെ പ്പോലെ, വിഡ്ഢികളെ പ്പോലെ സ്റ്റേഡിയത്തിൽ പോയി കണ്ട് BCCI യ്ക്ക് കാശുണ്ടാക്കി കൊടുക്കും എന്ന അവരുടെ ധാർഷ്ട്യം.

നമ്മെ ഇത്രയും അവഹേളിച്ചതിനു ഒരു തക്ക മറുപടി കൊടുക്കണ്ടേ?

No Sanju
no  Kochi One Day
Boycott Kochi.

2014 ഒക്‌ടോബർ 4, ശനിയാഴ്‌ച

ഡൽഹി റെസിഡന്റ് കമ്മീഷണർ


കേരള ഗവർണർ ശ്രീ സദാശിവം  ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുന്നതിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം ആണ് ഉണ്ടായിരിയ്ക്കുന്നത്. ആചാര്യ മര്യാദ സംഹിത അനുസരിച്ച് കേരളത്തിന്റെ ഡൽഹിയിലുള്ള റെസിഡന്റ് കമ്മീഷണർ ആണ് ഗവർണറെ സ്വീകരിയ്ക്കാൻ എത്തേണ്ടി ഇരുന്നത്. റെസിഡന്റ് കമ്മീഷണർക്ക്‌  ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ എത്താൻ കഴിയാതെ വന്നാൽ അഡിഷനൽ  റെസിഡന്റ് കമ്മീഷണർ  വിമാനത്താവളത്തിൽ എത്തി സ്വീകരിയ്ക്കണം. ഇവിടെ രണ്ടു പേരും ഗവർണറെ സ്വീകരിയ്ക്കാൻ എത്തിയില്ല.   ഓഫീസിലുള്ള ഒരു ഉദ്യോഗസ്ഥൻ  ആണ് അവിടെ എത്തിയത്. ആചാര്യ മര്യാദ ലംഘനത്തിന് ഉപരി ഗവർണറെയും ആ പദവിയെയും അവഹേളിയ്ക്കുക ആണുണ്ടായത്.

ഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന എല്ലാ കേരള സർക്കാർ ഓഫീസുകളുടെയും തലവൻ ആയിട്ടാണ് റെസിഡന്റ് കമ്മീഷണറെ നിയമിച്ചിരിയ്ക്കുന്നത്. ഒരു സീനിയർ ഐ.എ.എസ്. ഓഫീസർ ആണ്. വിശാലമായ കേരള ഹൌസിൽ ആണ് അദ്ദേഹത്തിൻറെ ഓഫീസ്.   സെക്രട്ടറി പദവിയിൽ ഉള്ള  മറ്റൊരു  ഐ.എ.എസ്കാരനാണ് അഡിഷനൽ  റെസിഡന്റ് കമ്മീഷണർ.  കണ്‍ട്രോളർ, പ്രോട്ടോക്കോൾ ഓഫീസർ,ലാ ഓഫീസർ, തുടങ്ങി മറ്റു കുറെ തസ്തികകളിൽ  കൂടി ഇവിടെ ഉദ്യോഗസ്ഥർ  ഉണ്ട്. കേരള ഓഫീസുകളുടെ തലവൻ എന്ന് പറയുന്നുണ്ട് എങ്കിലും എന്തൊക്കെ ജോലികളാണ്ചെയ്യുന്നത് എന്ന് വലിയ വ്യക്തത ഒന്നും ഇല്ല. കേരളത്തിന്റെ കാര്യങ്ങൾ കേന്ദ്ര മന്ത്രിമാർക്ക് മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകളിലും അവതരിപ്പിയ്ക്കുകയും നടത്തി കിട്ടുകയും ചെയ്യാൻ ലൈസണ്‍ ഓഫീസർമാർധാരാളം ഉണ്ട്. പിന്നെ ഇക്കാര്യങ്ങൾ ഒക്കെ നടത്തിക്കിട്ടാൻ  ചീഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും മത്രിമാരും കേരളത്തിൽനിന്നും ഇടയ്ക്കിടെ ഡൽഹിസന്ദർശിയ്ക്കാറുണ്ട്. അങ്ങിനെ നോക്കുമ്പോൾ  റെസിഡന്റ്, അഡിഷനൽ  റെസിഡന്റ് കമ്മീഷണർമാർക്ക് ഈ വലിയ പദവിയും ശമ്പളവും അലവൻസുകളും കിട്ടുന്നു എന്നല്ലാതെ   ജോലി ഒന്നും ഇല്ല എന്ന് തന്നെ വേണം കരുതാൻ.

ഡൽഹിയിലെ ഈ ഡെപ്യുട്ടേഷൻ പോസ്റ്റുകൾ സുഖിയ്ക്കാനുള്ള പദവികൾ ആണെന്നാണ്‌ ജന സംസാരം.  സുഖ താമസം, ഭക്ഷണം,  ഡെപ്യുട്ടേഷൻ അലവൻസുകൾ,  സർവ്വോപരി ജോലിയൊന്നും ചെയ്യാതെ സുഖിച്ചു കഴിയാനുള്ള അവസരം. അതാണ്‌   ഈ ഡൽഹി  ഡെപ്യുട്ടേഷൻ   പോസ്റ്റുകൾ.  ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരാണ്കൂടുതലും ഈ ഡൽഹി പോസ്റ്റുകളിൽ ഇടം നേടുന്നത്. അല്ലാത്തവർ ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയം ആണ്. ഉത്തരേന്ത്യക്കാർക്ക് ആകുമ്പോൾ നാടിനടുത്തു ആണെന്ന ഒരു സൌകര്യവും പിന്നെ കേന്ദ്ര വകുപ്പുകളിലുള്ള അവരുടെ  സുഹൃത്തുക്കളും ആയി  ചേരാം  എന്ന സൌകര്യവും കൂടി ഉണ്ട്.

കേരള സർക്കാരും ഗൗരവമായ ഒരു മനോഭാവം അല്ല ഈ ഒഫീസിനോടുള്ളത്‌ എന്ന് മനസ്സിലാക്കാൻ ആർക്കും കഴിയും.  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും ചെല്ലുമ്പോൾ സുഖ സൌകര്യങ്ങൾ ഒരുക്കാനുള്ള ഒരു വേദി ആയിട്ട് മാത്രമാണ് അവർ ഇ ഓഫീസിനെ കാണുന്നത്. അഡിഷനൽ  റെസിഡന്റ് കമ്മീഷണർ   രചന ഷാ ആണെന്നാണ്‌ പത്രങ്ങളും ചാനലുകളും എല്ലാം പറഞ്ഞത്.  ആരാണെന്ന് സർക്കാരിന്റെ വെബ്‌ സൈറ്റും (kerala.gov.in). റെസിഡന്റ് കമ്മീഷണറുടെ വെബ്‌ സൈറ്റും(gokdelhi.kerala.gov.in) എടുത്തു നോക്കൂ. അതനുസരിച്ച് ബിശ്വനാഥ് സിൻഹ ആണ് അഡിഷനൽ  റെസിഡന്റ് കമ്മീഷണർ. അതൊന്നു തിരുത്താൻ പോലും സർക്കാരിന് സമയമില്ല. മഹാരാഷ്ട്ര സർക്കാരിന്റെ   വെബ്‌ സൈറ്റിൽ   കേരള   അഡിഷനൽ  റെസിഡന്റ് കമ്മീഷണർ   ആയി  രചന ഷായുടെ പേരാണ് കൊടുത്തിരിയ്ക്കുന്നത്. സത്യത്തിൽ ആ പദവിയിൽ നിലവിൽ ആരാണെന്ന് എങ്ങിനെ അറിയും? ഡൽഹിയിലുള്ള റെസിഡന്റ് കമ്മീഷണറുടെ ഓഫീസിൻറെ പ്രവർത്തനങ്ങളെ കുറിച്ചും, ഇത്രയും ഉദ്യോഗസ്ഥർ വേണമോ എന്നും ഇത്രയും പണം ആ ഓഫീസിനു വേണ്ടി ചിലവാക്കണോ എന്നും   വിശദമായ  ഒരു അന്വേഷണം നടത്തേണ്ടത് ഇത്തരുണത്തിൽ ആവശ്യമായി വന്നിരിയ്ക്കുന്നു.

 വിമാനത്താവളത്തിൽ മാത്രമല്ല  കേരള ഹൌസിൽ പ്പോലും ഗവർണർ എത്തിയപ്പോൾ ഈ രണ്ടു ഉന്നത ഉദ്യോഗസ്ഥരും ഇല്ലായിരുന്നു. കണ്‍ട്രോളറും ഇല്ല.  ആകെ ഉണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ ആകട്ടെ ഔദ്യോഗിക സ്വീകരണം നൽകാൻതയ്യാറായതുമില്ല. അങ്ങിനെ ആദ്യ സന്ദർശനത്തിൽ തന്നെ വെറും ഒരു സാധാരണക്കാരനായി ഗവർണർക്ക്‌ സർക്കാർ വക തണുപ്പൻ സൽക്കാരം ആണ് ലഭിച്ചത്. വലിയ ആർഭാടം ആഗ്രഹിയ്ക്കുന്ന ആളല്ല ശ്രീ സദാശിവം എന്നത് അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ നിന്നുമറിയാം. ഹിസ്‌ എക്സ്സ്ലൻസി എന്ന വിളി വേണ്ട ബഹുമാനപ്പെട്ട ഗവർണർ എന്ന് മതി എന്ന് പറഞ്ഞ ഗവർണർ ആണ് അദ്ദേഹം. പക്ഷെ എന്നിട്ടും ഒരു സാമാന്യ മര്യാദ കാണിയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ധിക്കാര പരമായ സമീപനം ആണ് അവർ കൈക്കൊണ്ടത്. മനപൂർവമായ അവഗണന പോലെ.

എന്ത് നടന്നാലും രാഷ്ട്രീയക്കാർ അതിനൊരു 'ഗൂഡാലോചന' യുടെ പരിവേഷം നൽകാറുണ്ടല്ലോ. അവർക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടായിരിയ്ക്കാം  അങ്ങിനെ ആരോപിയ്ക്കുന്നത്. .പലയിടത്തും അത് ശരിയായി വന്നിട്ടുമുണ്ട്. അത്തരത്തിൽ ഒന്നിന് ഇവിടെ പ്രസക്തി ഉണ്ടോ എന്ന് ചിന്തിയ്ക്കണം.  ശ്രീ സദാശിവം  ഗവർണർആയി വരുന്നതിനു  പലർക്കും  വലിയ എതിർപ്പ്ഉണ്ടായിരുന്നു. പിന്നീടതുമായി ഒത്തു ചേർന്ന് പോവുകയായിരുന്നു.  അതിൻറെ പ്രതിഫലനം ഈ സംഭവത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിയ്ക്കുന്നത് ഉചിതമായിരിയ്ക്കും.

2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

പോലീസ് നായാട്ട്

നാട്ടിലുള്ള പോത്തിനെയും കാളയെയും പന്നിയെയും എല്ലാം തിന്ന് മടുത്തിട്ട്  ഇതാ വേട്ടക്കാർ കാട്ടിലേയ്ക്ക് കയറിയിരിയ്ക്കുന്നു. ക്വാറി,മരം  മാഫിയകൾ സർക്കാർ സഹായത്തോടെ കാടായ കാടെല്ലാം വെട്ടിത്തെളിച്ചു. കോടതികളുടെയും   ഹരിത ട്രിബുണലിന്റെയും ദയയിൽ,  മാനവ സ്നേഹികളായ കുറെ മനുഷ്യരുടെ നിസ്വാർത്ഥ മായ പ്രവർത്തനങ്ങളുടെ ഫലത്തിൽ അൽപ്പം വനമെങ്കിലും അവശേഷിയ്ക്കുന്നു.അവിടെയാണ് കുറെ മൃഗങ്ങൾ മഴുവിന്റെയും കൊടാലിയുടെയും വെട്ട് ഏത് നേരവും പ്രതീക്ഷിച്ചു ജീവിയ്ക്കുന്നത്. അവിടെയാണ് ഖദറും കാക്കിയും ധരിച്ച കാട്ടാളന്മാർ തോക്കുമായി കയറിയത്.

വനം കാത്ത് സൂക്ഷിയ്ക്കാനാണ് വന പാലകർ ഉള്ളത്. അത് പോലെ അതിക്രമങ്ങളും കയ്യേറ്റങ്ങളും തടയാൻ പോലീസും. കാട്ടിനുള്ളിലെ വേട്ടയും,കയ്യേറ്റവും ഒക്കെ തടയേണ്ടവർ. അവർ തന്നെ കാട്ടു മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നു. ദേവികുളം കാട്ടു പോത്ത് വേട്ടക്കേസിൽ  ഒന്നാം പ്രതി  പൊലീസുകാര നായ കംബിളികണ്ടം മനോജ്‌ ആണ്.  

മനോജ്‌ പറയുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ ആണ്. ദേവികുളം സ്റേഷനിലെ ഒരു പോലീസ് കാരനായ പ്രജീഷിന്റെ നേതൃത്വത്തിൽ ഇവിടെ സ്ഥിരം വേട്ട നടക്കാറുണ്ട്.  കാട്ടു പോത്തിനെ കൊന്ന അതേ  സ്ഥലത്ത് മുൻപ് മ്ലാവിനെ കൊന്ന്ഇറച്ചി എടുത്തിരുന്നു എന്ന് മനോജ്‌ പറയുന്നു. കാട്ടുപോത്ത് കേസിലെ പ്രതികൾ എല്ലാം മ്ലാവ് വേട്ടയിലും പങ്കെടുത്തിരുന്നു. എസ.പി. റാങ്കിൽ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരം വെട്ടകളിൽ പങ്കെടുക്കാറുണ്ട്. പോലീസ് വേട്ട സംഘങ്ങൾക്ക് പുറമേ സ്വകാര്യ വേട്ട സംഘങ്ങളിലും പോലീസുകാർ പങ്കെടുക്കാറുണ്ട്. അത് പോലെ വെടിയിൽ  പങ്കെടുത്തില്ലെങ്കിലും പല മേലുദ്യോഗസ്ഥർക്കും വെടിയിറച്ചി എത്തിക്കാറുണ്ട്‌.  മിയ്ക്കവാറും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ട്.

അത് പോലെ രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. നേരിട്ട് വെടി വയ്ക്കാൻ അവർ പോകാറില്ല. അവർക്ക് ഈ വെടി  അറിയില്ലല്ലോ. പച്ചയിറച്ചി അല്ലേ പഥ്യം.  പക്ഷെ വെടിയിറച്ചിയുടെ പങ്ക്  അവർക്കും കിട്ടും. 

വെടിയിറച്ചിയുടെ പ്രത്യേക രുചി കൊണ്ടൊന്നും അല്ല ഈ കാട്ടു മൃഗങ്ങളെ കൊല്ലുന്നത്. ഒരു "ത്രിൽ'. അവരുടെ ഉള്ളിലുള്ള "കൊല്ലാനുള്ള സഹജവാസന" യുടെ ബഹിർസ്ഫുരണം ആണ്ഈ വേട്ട. ഇത്രയും നികൃഷ്ട വാസനയുള്ളവർ മനുഷ്യരോടും  ഇത്രയും ക്രൂരവും നീചവും ആയല്ലേ പെരുമാറുള്ളൂ?നന്മയെ സംരക്ഷിക്കേണ്ടവർ,പോലീസുകാർ,ഇത്രയും തിന്മ ചെയ്യുന്നവർആയാൽ എങ്ങിനെ ?


ഇത്രയും ഭീകരവും ഗുരുതരവും ആയ പ്രശ്നം ഉണ്ടായിട്ടും അധികാര കേന്ദ്രങ്ങൾ ഉണർന്നിട്ടില്ല. അത്  പതിവ് പോലെ ആലസ്യത്തിൽ ആണ്. വെടിയിറച്ചിയുടെ രുചി ആസ്വദിച്ചു മയങ്ങി യതാണോ? ഈ കേസും തേഞ്ഞു മാഞ്ഞു പോകും. ഈ ക്രൂരന്മാർക്കു മുന്നിൽ പാവം ജനങ്ങൾ എന്നും വേട്ട മൃഗങ്ങൾ.

2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച

യേശുജീൻസ്


 സ്ത്രീകൾ ജീൻസ് ഇട്ട് മറ്റുള്ളവരെ വിഷമിപ്പിയ്ക്കരുത്" യേശുദാസ് ആണ് പറഞ്ഞത്.

വയസ്സ് 74 ആയി. ഇപ്പോഴും ഇങ്ങേർക്ക് ഈ ചിന്ത മാറിയില്ലേ? ജീൻസ്  ധരിച്ചാൽ അപ്പുറത്ത് എന്താണെന്ന് നോക്കാൻ ആളുകള് താല്പര്യപ്പെടുമത്രേ. ഇതെന്താ ജീൻസിനകത്ത് എന്താണെന്ന് ആൾക്കാർക്ക് അറിഞ്ഞു കൂടെ?

ഇത് ഒരു തരം രോഗമാണ്. സ്വാതി തിരുനാൾ സംഗീത കോളേജിലെ ചടങ്ങ്. കേരളീയ സാരി ധരിച്ച തരുണീ മണികളാണ് താലപ്പൊലിയേന്തി സ്വീകരിച്ചതും പുഷ്പ വൃഷ്ടി നടത്തിയതും.  സദസ്സിലെ സ്ത്രീകളിലും  അധികവും.  സാരി വേഷം ധരിച്ചവർ. ജീൻസ്ധാരികളെ ആരെയും കണ്ടില്ല. യേശുദാസിന് ഒരു അപകർഷതാ ബോധം തോന്നിക്കാണും. താടിയും മുടിയും കറുപ്പിച്ചാലും പ്രായം കുറയില്ലല്ലോ. അപ്പോഴാണ്‌ എന്നാൽ പെണ്‍ മണികളെ അൽപ്പം ഉപദേശിച്ചു കളയാം എന്ന് തോന്നിയത്.

യേശുദാസിന് പുള്ളിയ്ക്ക് തോന്നിയ അഭിപ്രായം പറയാം. അതങ്ങേരുടെ അഭിപ്രായ സ്വാതന്ത്ര്യം. 

ധരിയ്ക്കുന്നവർക്കു അത് ധരിയ്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. 

ആരാണീ യേശുദാസ്? നല്ലൊരു പാട്ടുകാരൻ. നല്ല കവികൾ രചിച്ച മനോഹരമായ ഗാനങ്ങൾ നല്ലൊരു സംഗീത സവിധായകനിലൂടെ ഭാവ സുന്ദരമായ രാഗവും താളവും നേടി യേശുദാസിൽ എത്തിയപ്പോൾ അത് മധുരമായി ആലപിച്ച് മലയാളികളെ കേൾപ്പിച്ചു.  ഒരു സാമൂഹിക പ്രവർത്തകനൊ ഒന്നും അല്ല. പണ്ട് 1971 ലെ ഭാരത-പാക് യുദ്ധ സമയത്ത് ഒരു വണ്ടിയിൽ  വിദ്യാലയങ്ങളും കലാലയങ്ങളും സന്ദർശിച്ച് പാടി   ദേശീയ നിധിയിലേയ്ക്ക്  സംഭാവന പിരിച്ചതാണ് ആകെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തനം. ബാക്കി സമയമൊക്കെ സ്വന്തം കാര്യം നോക്കി കഴിഞ്ഞ ഒരുബിസിനസ്കാരൻ.

 ഏതായാലും ചാനലുകാർക്ക് ചർച്ചയ്ക്ക് ഒരു വിഷയം വീണു കിട്ടി. മാറിയും തിരിഞ്ഞും രണ്ടു ദിവസം കുറെ മണ്ടന്മാരുടെ (ഇവിടെ മണ്ടികൾ) അഭിപ്രായങ്ങൾ കേട്ടിരിക്കണം.

അത്  പോലെ മഹിളാ സംഘടനകൾ എല്ലാം ചാടി വീഴും. പ്രസ്താവനകളും ഭീഷണികളും ആയി. ഒരു കൊറിയൻ ടൂറിസ്റ്റ് നോട് കൊറിയ എവിടാ ആഫ്രിക്കയിലാണോ എന്ന് ചോദിച്ച, കൊറിയയിലും മഹിളാ കോണ്‍ഗ്രസ് ഉണ്ടോ എന്ന് ചോദിച്ച ഒരു മഹിളാ നേതാവ് അതിനിടെ പ്രസ്താവന ഇറക്കി കഴിഞ്ഞു. യേശുദാസിന്റെ പറച്ചിൽ കാരണം സ്ത്രീകൾക്ക് "മുറിവ് പറ്റി" എന്ന്. എവിടെയാണ്?

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച

സ്വച്ഛ ഭാരതം

ഒക്ടോബർ 2 ഗാന്ധി ജയന്തി. അലക്കിത്തേച്ചു ഭദ്രമായി അലമാരിയിൽ മടക്കി വച്ചിരിയ്ക്കുന്ന ഗാന്ധി ത്തൊപ്പി കോണ്‍ഗ്രസ്സുകാർ പുറത്തെടുക്കുന്ന വർഷത്തിലെ രണ്ടു ദിവസങ്ങളിൽ ഒന്ന്. മറ്റൊന്ന് ഗാന്ധിയുടെ ചരമ ദിനമായ ജനുവരി 30 നും. ഗാന്ധി ജയന്തി ദിവസം ചുളിവു മാറാത്ത ഖാദർ വസ്ത്രങ്ങളും ഗാന്ധി തൊപ്പിയും ധരിച്ച്  കുറെ നേതാക്കൾ   കോണ്‍ഗ്രസ് ഓഫീസിൽ കൂടി ശുചിത്വത്തെ കുറിച്ച് കുറെ പ്രഖ്യാപനങ്ങൾ നടത്തി പിരിഞ്ഞു പോകുന്ന കാഴ്ചയാണ് നമ്മൾ വർഷങ്ങളായി കണ്ടു കൊണ്ടിരിയ്ക്കുന്നത്. ഡൽഹിയിൽ ആണെങ്കിൽ പ്രധാന മന്ത്രിയും മറ്റും  രാജ് ഘട്ടിൽ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തും.  ഗാന്ധിയുടെ പിൻ തലമുറ എന്ന് സാധാരണ  ജനങ്ങളിൽ എന്നും  തെറ്റിദ്ധാരണ  ഉണ്ടാക്കുന്ന ഗാന്ധി പേരുകാരനായ രാഹുൽ ഗാന്ധി എന്ന കോണ്‍ഗ്രസ്സ് വൈസ്  പ്രസിഡന്റ്  ആകട്ടെ കഴിഞ്ഞ വർഷം ഗാന്ധി ജയന്തിയിൽ രാജ് ഘാട്ടിൽ പോകാതെ ഒഴിഞ്ഞു മാറുകയും ചെയ്തു. കേരളത്തിൽ കെ.പി.സി.സി. ആസ്ഥാനത്ത് കത്തിച്ചു വച്ച നില വിളക്കിനു മുൻപിൽ വച്ച മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മുൻപിൽ കുറെ നേരം ഇരുന്നതിനു ശേഷം പത്ര പ്രതിനിധികൾക്കായി മുഖ്യ മന്ത്രിയുടെയും  കെ.പി.സി.സി.  പ്രസിഡണ്ടിന്റെയും  വക ഓരോ  പ്രസ്താവനകളും നൽകി ഉച്ചയ്ക്ക്    വീ ട്ടിൽ പോയി എല്ലാവരും വിഭവ സമൃദ്ധമായ ഭക്ഷണം കഴിയ്ക്കും. മഹാത്മാ ഗാന്ധി ലാളിത്യത്തിന്റെയും വക്താവ് ആയിരുന്നതു കൊണ്ട് ഭക്ഷണത്തിലൂടെ  അതും ആഘോഷിക്കണമല്ലോ. പിന്നെ സർക്കാർ ശമ്പളം പറ്റുന്ന തൂപ്പ് ജോലിക്കാർ മന്ത്രി മന്ദിരങ്ങളും കോണ്‍ഗ്രസ് ഓഫീസും വൃത്തിയാക്കി കൊടുക്കുന്നതിനാൽ  വൃത്തിയാക്കലും ആയി. മുസ്ലിം ലീഗിന് ഗാന്ധി ജയന്തി ആഘോഷം ഇല്ലാത്തത് കൊണ്ട് ഏതായാലും നിലവിളക്ക് കത്തിച്ചു വയ്ക്കുന്ന പതിവ് കോണ്‍ഗ്രസ്സ്കാർ ഇന്നും തുടരുന്നു.

ഇത്തവണത്തെ ഗാന്ധി ജയന്തി ഇതിൽ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. അതിനു വളരെ പ്രത്യേകതകൾ ഉണ്ട്.ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി ഭാരതം  സ്വച്ഛവും വൃത്തിയും ആക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് സ്വയം അതിനായി ഇറങ്ങുകയാണ്.  വെറും പ്രഖ്യാപനവും ആഹ്വാനവും അല്ല അത് . പ്രധാന മന്ത്രി നരേന്ദ്ര മോദി   സ്വയം ഒരു ചൂലും ആയി ശുചിയാക്കൾ  യജ്ഞത്തിൽ പങ്കു ചേരുകയും നേതൃത്വം നൽകുകയും ആണ്.

"സ്വച്ഛ ഭാരത്‌ മിഷൻ" എന്ന ബൃഹത്തായ പദ്ധതിയാണ് ഈ ഗാന്ധി ജയന്തി ദിനത്തിൽ സമാരംഭിയ്ക്കുന്നത്.   സ്വച്ഛ നിർമല ഭാരത ത്തിനു വേണ്ടിയുള്ള അതി വിപുലമായ ബഹുജന പ്രസ്ഥാനം. ശുചിത്വം എന്നത് ഗാന്ധിജിയ്ക്ക് ഏറ്റവും പ്രീയപ്പെട്ടതായിരുന്നു. 2019 ൽ ഗാന്ധിജിയുടെ 150 ആം ജയന്തി ആഘോഷിയ്ക്കുന്ന വേളയിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം ആയിരിയ്ക്കും നിർമല ഭാരതം. വീടും, ജോലിസ്ഥലവും, ചുറ്റുപാടും ഗ്രാമവും നഗരവും എല്ലാം ശുചി ആക്കണം എന്നാണ്  മോദി  ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ തന്നെ ശ്രീ മോദി ഇക്കാര്യം പറഞ്ഞിരുന്നു.
ഒക്ടോബർ 2 ന്എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഓഫീസുകളിൽ ഹാജരാകണം എന്നും ഓഫീസും പരിസരവും ശുചി ആക്കുന്നതിനോടൊപ്പം "ശുചിത്വ പ്രതിജ്ഞ" എടുക്കുകയും വേണം എന്നും നിർദ്ദേശം ഉണ്ട്. അങ്ങിനെ ജന പങ്കാളിത്തത്തോടെ ഈ വിപുലമായ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്‌. അതിന് എല്ലാ സംസ്ഥാന സർക്കാരുകളുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും എല്ലാവരുടെയും സഹകരണം വേണമെന്ന് എല്ലാവർക്കുമറിയാം.

എന്തിനും ഏതിനും സമ്മേളങ്ങൾ നടത്തുക എന്നതാണ് കേരള സർക്കാർ ചെയ്യുന്ന ഒരേ ഒരു കാര്യം.  പണം ഉണ്ടാക്കാൻ പറ്റുന്നിടത്തൊക്കെ അത് ചെയ്യുന്നുണ്ട് , അത് വേറെ കാര്യം. എന്നത്തേയും  പോലെ  ഗാന്ധി ജയന്തി ദിനത്തിൽ ഒരു വലിയ മഹാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. മുഖ്യ മന്ത്രിയും മൂന്നു മന്ത്രിമാരും എം.പി.യും എം.എൽഎ.യും പിന്നെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പഞ്ചായത്ത് അംഗങ്ങളും എല്ലാവരും പങ്കെടുക്കുന്നുണ്ട്.  ആഹ്വാനങ്ങളുടെ ഒരു പ്രളയം ആയിരിയ്ക്കും അവിടെ ഉണ്ടാകാൻ പോകുന്നത്. ഓരോ പ്രാസംഗികകരുടെയും  വക ഉദ്ബോധനങ്ങളും ആഹ്വാനങ്ങളും കൊണ്ട് കേൾവിക്കാർ പൊറുതിമുട്ടും. നിർബ്ബന്ധിതരായ പാവം സ്കൂൾ കുട്ടികളും സർക്കാർ ഉദ്യോഗസ്ഥരും  പിന്നെ ചിലപ്പോൾ വാടക സദസ്യരും  മാത്രം ആയിരിക്കും കേൾവിക്കാർ. അവർക്ക് എണീറ്റ്‌ പോകാനും പറ്റില്ലല്ലോ.

ഈ പ്രസ്താവനകളും ഉദ്ബോധനങ്ങളും അല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ ഈ സർക്കാർ തയ്യാറല്ല എന്നത് അവരുടെ ഇത് വരെയുള്ള പ്രവൃത്തികളിൽനിന്നും വ്യക്തമാണ്. വ്യക്തി  ശുചിത്വം അവരുടെ അജണ്ടയിൽ ഇല്ല.  എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മാനദണ്ഡങ്ങളും ലംഘിച്ചു പുതിയ സ്കൂളുകൾ അനുവദിച്ച സർക്കാർ നിലവിലുള്ള സ്കൂളുകളിലെ മൂത്രപ്പുരകളെ പറ്റി ഒന്ന് ചിന്തിച്ചോ? ഉമ്മൻ ചാണ്ടി തന്നെ പ്രഖ്യാപിച്ച കണക്കു പ്രകാരം 196 സർക്കാർ സ്കൂളുകളിൽ മൂത്രപ്പുര  ഇല്ല. സർവ ശിക്ഷാ അഭയാൻ കേന്ദ്ര സർക്കാരിന് കൊടുത്ത കണക്ക് എൽ. പി. യും യു. പി.യും കൂടി 216 സ്കൂൾ  എന്നാണു. അത് പോലെ 1011 എയിഡഡ സ്കൂളുകൾ മൂത്രപ്പുര ഇല്ലാത്തവയാണ്‌. അടുത്ത വർഷം ഇതിനെതിരെ നടപടി എടുക്കും എന്ന് പറയുന്നു. അത് വരെ പെണ്‍ കുട്ടികൾ ഉൾപ്പടെയുള്ളവർ എന്ത് ചെയ്യും? ഇത്രയും ഗുരുതരമായ പ്രശ്നം വരെ ലാഘവ മനോഭാവത്തോടെയാണ് ഇവർഎടുക്കുന്നത് എന്നതിന് തെളിവാണല്ലോ ഇത്.  ചവർ, മാലിന്യ സംസ്കരണത്തിൽ ഒരു താൽപ്പര്യവും ഈ സർക്കാർ എടുക്കുന്നില്ല. നാട് മുഴുവൻ മാലിന്യം കൂടിക്കിടന്ന് ഈച്ചയും മറ്റും പെരുകി നാട് രോഗത്തിന്റെ ഭീഷണിയിൽ ആണ്. പല നഗരങ്ങളിലും ഡെങ്കിയും എലിപ്പനി, കുരങ്ങു പനി , എബോള എന്നീ മാരക രോഗങ്ങൾ   പടർന്നു പിടിയ്ക്കുകയാണ്. ദൈവത്തിന്റെ കരുണ ഒന്ന് കൊണ്ട് മാത്രമാണ് ജനം രക്ഷപ്പെടുന്നത്.  തിരുവനന്തപുരത്ത് മാലിന്യ സംസ്കരണ പ്ലാൻറ് അടച്ചു പൂട്ടിയിട്ട് 2 വർഷം ആകുന്നു. പകരം ഒരു സംവിധാനം  സർക്കാർ ഉണ്ടാക്കിയില്ല.  ഈ രണ്ടു വർഷമായി തിരുവനന്തപുരത്ത്  കുന്നു കൂടിയ 2 ലക്ഷം ടണ്‍ മാലിന്യം എന്ത് ചെയ്തു എന്ന് ഈ സർക്കാർ നോക്കിയോ?  കുറെയേറെ കത്തിച്ചു. ബാക്കി നഗരത്തിൽ തന്നെ കുന്നു കൂടി അഴുകി കൊണ്ടിരിയ്ക്കുന്നു. കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാൽ അസുഖം വരുമെന്ന് പരസ്യത്തിൽ സർക്കാർ തന്നെ പറയുന്നുണ്ട്.  ഒരു ദിവസം 230 ടണ്‍ എന്ന കണക്കിൽ  മാലിന്യം ക്ലിഫ് ഹൌസ് സ്ഥിതി ചെയ്യുന്ന നഗരത്തിൽ  ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു. കേരളം മുഴുവൻ ഇതാണ് സ്ഥിതി. ഇങ്ങിനെ ഓരോ മേഖലയിലും എല്ലാത്തരത്തിലും ഉള്ള  മാലിന്യം കുന്നു കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗ ബോധവൽക്കരണത്തിനായി ഒരു സമ്മേളനത്തിലും ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യ മന്ത്രി പങ്കെടുക്കുന്നു. അതും വലിയ ആഹ്വാനങ്ങളിൽ അവസാനിയ്ക്കും. റോഡരുകിൽ മുഴുവൻ മുഖ്യ മന്ത്രിയുടെയും മന്ത്രിമാരുടെയും പടു കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ആണ്. അതൊന്നു ഒഴിവാക്കാൻ എന്തേ ഒന്നും ചെയ്യാത്തത്? ഈ ആഹ്വാനങ്ങൾ ഒഴിവാക്കി പ്ലാസ്റ്റിക്കിനു നിയന്ത്രണം കൊണ്ട് വരാത്തത് എന്ത് കൊണ്ടാണ്?അത് പ്ലാസ്റ്റിക് നിർമാണകമ്പനികളെയും കച്ചവടക്കാരെയും  വെറുപ്പിയ്ക്കും എന്നറിയാവുന്നതുകൊണ്ട്. അങ്ങിനെ നോക്കുമ്പോൾ "ശുചിത്വം" എന്നത് കേരളത്തിലെ ഭരണാധികാരികൾക്കും കോണ്‍ഗ്രസ്സ്കാർക്കും ഗാന്ധി ജയന്തി ദിനത്തിൽ പ്രഖ്യാപനം നടത്താനും, ഉദ്ബോധനവും ആഹ്വാനവും നടത്താനും ഉള്ള ഒരു വാക്ക് മാത്രമാണ്. ശുചിത്വം കൊണ്ടുവരാൻ വ്യക്തമായ പദ്ധതികൾആസൂത്രണം ചെയ്യുകയാണ് ആദ്യം വേണ്ടത്. "സ്വച്ഛ ഭാരത്‌ മിഷൻ" മോദി വിഭാവനം ചെയ്ത വലിയ ഒരു പദ്ധതിയാണ്. ആവശ്യത്തിന്  പണവും  ഉണ്ട്. നമ്മുടെ ട്രെഷറി ആക്രി സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം ആയി ഉപയോഗിയ്ക്കാവുന്ന സ്ഥിതി ആക്കിയല്ലോ ഇത്രയും നാളത്തെ ഭരണം കൊണ്ട്.സ്വച്ഛ കേരളത്തിന്‌ വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിയ്ക്കുക. ആവശ്യമുള്ള  പണം കേന്ദ്രത്തിൽ നിന്നും കണ്ടെത്താം. അതിന്  വേണ്ടത് ആർജവം ആണ്വേണ്ടത്. ദേശ സ്നേഹവും. കാടും മേടും മലയും വെട്ടിത്തെളിച്ച്, കായലും പുഴയും നികത്തി നാടിനെ പരിസ്ഥിതിയെ നശിപ്പിച്ച്  മരുഭൂമി പോലെ " ക്ലീൻ" ആക്കുന്ന 'ക്ലീനിംഗ്' അല്ല നമുക്ക് വേണ്ടത്.