2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

ഡൽഹി റെസിഡന്റ് കമ്മീഷണർ


കേരള ഗവർണർ ശ്രീ സദാശിവം  ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുന്നതിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം ആണ് ഉണ്ടായിരിയ്ക്കുന്നത്. ആചാര്യ മര്യാദ സംഹിത അനുസരിച്ച് കേരളത്തിന്റെ ഡൽഹിയിലുള്ള റെസിഡന്റ് കമ്മീഷണർ ആണ് ഗവർണറെ സ്വീകരിയ്ക്കാൻ എത്തേണ്ടി ഇരുന്നത്. റെസിഡന്റ് കമ്മീഷണർക്ക്‌  ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ എത്താൻ കഴിയാതെ വന്നാൽ അഡിഷനൽ  റെസിഡന്റ് കമ്മീഷണർ  വിമാനത്താവളത്തിൽ എത്തി സ്വീകരിയ്ക്കണം. ഇവിടെ രണ്ടു പേരും ഗവർണറെ സ്വീകരിയ്ക്കാൻ എത്തിയില്ല.   ഓഫീസിലുള്ള ഒരു ഉദ്യോഗസ്ഥൻ  ആണ് അവിടെ എത്തിയത്. ആചാര്യ മര്യാദ ലംഘനത്തിന് ഉപരി ഗവർണറെയും ആ പദവിയെയും അവഹേളിയ്ക്കുക ആണുണ്ടായത്.

ഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന എല്ലാ കേരള സർക്കാർ ഓഫീസുകളുടെയും തലവൻ ആയിട്ടാണ് റെസിഡന്റ് കമ്മീഷണറെ നിയമിച്ചിരിയ്ക്കുന്നത്. ഒരു സീനിയർ ഐ.എ.എസ്. ഓഫീസർ ആണ്. വിശാലമായ കേരള ഹൌസിൽ ആണ് അദ്ദേഹത്തിൻറെ ഓഫീസ്.   സെക്രട്ടറി പദവിയിൽ ഉള്ള  മറ്റൊരു  ഐ.എ.എസ്കാരനാണ് അഡിഷനൽ  റെസിഡന്റ് കമ്മീഷണർ.  കണ്‍ട്രോളർ, പ്രോട്ടോക്കോൾ ഓഫീസർ,ലാ ഓഫീസർ, തുടങ്ങി മറ്റു കുറെ തസ്തികകളിൽ  കൂടി ഇവിടെ ഉദ്യോഗസ്ഥർ  ഉണ്ട്. കേരള ഓഫീസുകളുടെ തലവൻ എന്ന് പറയുന്നുണ്ട് എങ്കിലും എന്തൊക്കെ ജോലികളാണ്ചെയ്യുന്നത് എന്ന് വലിയ വ്യക്തത ഒന്നും ഇല്ല. കേരളത്തിന്റെ കാര്യങ്ങൾ കേന്ദ്ര മന്ത്രിമാർക്ക് മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകളിലും അവതരിപ്പിയ്ക്കുകയും നടത്തി കിട്ടുകയും ചെയ്യാൻ ലൈസണ്‍ ഓഫീസർമാർധാരാളം ഉണ്ട്. പിന്നെ ഇക്കാര്യങ്ങൾ ഒക്കെ നടത്തിക്കിട്ടാൻ  ചീഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും മത്രിമാരും കേരളത്തിൽനിന്നും ഇടയ്ക്കിടെ ഡൽഹിസന്ദർശിയ്ക്കാറുണ്ട്. അങ്ങിനെ നോക്കുമ്പോൾ  റെസിഡന്റ്, അഡിഷനൽ  റെസിഡന്റ് കമ്മീഷണർമാർക്ക് ഈ വലിയ പദവിയും ശമ്പളവും അലവൻസുകളും കിട്ടുന്നു എന്നല്ലാതെ   ജോലി ഒന്നും ഇല്ല എന്ന് തന്നെ വേണം കരുതാൻ.

ഡൽഹിയിലെ ഈ ഡെപ്യുട്ടേഷൻ പോസ്റ്റുകൾ സുഖിയ്ക്കാനുള്ള പദവികൾ ആണെന്നാണ്‌ ജന സംസാരം.  സുഖ താമസം, ഭക്ഷണം,  ഡെപ്യുട്ടേഷൻ അലവൻസുകൾ,  സർവ്വോപരി ജോലിയൊന്നും ചെയ്യാതെ സുഖിച്ചു കഴിയാനുള്ള അവസരം. അതാണ്‌   ഈ ഡൽഹി  ഡെപ്യുട്ടേഷൻ   പോസ്റ്റുകൾ.  ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരാണ്കൂടുതലും ഈ ഡൽഹി പോസ്റ്റുകളിൽ ഇടം നേടുന്നത്. അല്ലാത്തവർ ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയം ആണ്. ഉത്തരേന്ത്യക്കാർക്ക് ആകുമ്പോൾ നാടിനടുത്തു ആണെന്ന ഒരു സൌകര്യവും പിന്നെ കേന്ദ്ര വകുപ്പുകളിലുള്ള അവരുടെ  സുഹൃത്തുക്കളും ആയി  ചേരാം  എന്ന സൌകര്യവും കൂടി ഉണ്ട്.

കേരള സർക്കാരും ഗൗരവമായ ഒരു മനോഭാവം അല്ല ഈ ഒഫീസിനോടുള്ളത്‌ എന്ന് മനസ്സിലാക്കാൻ ആർക്കും കഴിയും.  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും ചെല്ലുമ്പോൾ സുഖ സൌകര്യങ്ങൾ ഒരുക്കാനുള്ള ഒരു വേദി ആയിട്ട് മാത്രമാണ് അവർ ഇ ഓഫീസിനെ കാണുന്നത്. അഡിഷനൽ  റെസിഡന്റ് കമ്മീഷണർ   രചന ഷാ ആണെന്നാണ്‌ പത്രങ്ങളും ചാനലുകളും എല്ലാം പറഞ്ഞത്.  ആരാണെന്ന് സർക്കാരിന്റെ വെബ്‌ സൈറ്റും (kerala.gov.in). റെസിഡന്റ് കമ്മീഷണറുടെ വെബ്‌ സൈറ്റും(gokdelhi.kerala.gov.in) എടുത്തു നോക്കൂ. അതനുസരിച്ച് ബിശ്വനാഥ് സിൻഹ ആണ് അഡിഷനൽ  റെസിഡന്റ് കമ്മീഷണർ. അതൊന്നു തിരുത്താൻ പോലും സർക്കാരിന് സമയമില്ല. മഹാരാഷ്ട്ര സർക്കാരിന്റെ   വെബ്‌ സൈറ്റിൽ   കേരള   അഡിഷനൽ  റെസിഡന്റ് കമ്മീഷണർ   ആയി  രചന ഷായുടെ പേരാണ് കൊടുത്തിരിയ്ക്കുന്നത്. സത്യത്തിൽ ആ പദവിയിൽ നിലവിൽ ആരാണെന്ന് എങ്ങിനെ അറിയും? ഡൽഹിയിലുള്ള റെസിഡന്റ് കമ്മീഷണറുടെ ഓഫീസിൻറെ പ്രവർത്തനങ്ങളെ കുറിച്ചും, ഇത്രയും ഉദ്യോഗസ്ഥർ വേണമോ എന്നും ഇത്രയും പണം ആ ഓഫീസിനു വേണ്ടി ചിലവാക്കണോ എന്നും   വിശദമായ  ഒരു അന്വേഷണം നടത്തേണ്ടത് ഇത്തരുണത്തിൽ ആവശ്യമായി വന്നിരിയ്ക്കുന്നു.

 വിമാനത്താവളത്തിൽ മാത്രമല്ല  കേരള ഹൌസിൽ പ്പോലും ഗവർണർ എത്തിയപ്പോൾ ഈ രണ്ടു ഉന്നത ഉദ്യോഗസ്ഥരും ഇല്ലായിരുന്നു. കണ്‍ട്രോളറും ഇല്ല.  ആകെ ഉണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ ആകട്ടെ ഔദ്യോഗിക സ്വീകരണം നൽകാൻതയ്യാറായതുമില്ല. അങ്ങിനെ ആദ്യ സന്ദർശനത്തിൽ തന്നെ വെറും ഒരു സാധാരണക്കാരനായി ഗവർണർക്ക്‌ സർക്കാർ വക തണുപ്പൻ സൽക്കാരം ആണ് ലഭിച്ചത്. വലിയ ആർഭാടം ആഗ്രഹിയ്ക്കുന്ന ആളല്ല ശ്രീ സദാശിവം എന്നത് അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ നിന്നുമറിയാം. ഹിസ്‌ എക്സ്സ്ലൻസി എന്ന വിളി വേണ്ട ബഹുമാനപ്പെട്ട ഗവർണർ എന്ന് മതി എന്ന് പറഞ്ഞ ഗവർണർ ആണ് അദ്ദേഹം. പക്ഷെ എന്നിട്ടും ഒരു സാമാന്യ മര്യാദ കാണിയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ധിക്കാര പരമായ സമീപനം ആണ് അവർ കൈക്കൊണ്ടത്. മനപൂർവമായ അവഗണന പോലെ.

എന്ത് നടന്നാലും രാഷ്ട്രീയക്കാർ അതിനൊരു 'ഗൂഡാലോചന' യുടെ പരിവേഷം നൽകാറുണ്ടല്ലോ. അവർക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടായിരിയ്ക്കാം  അങ്ങിനെ ആരോപിയ്ക്കുന്നത്. .പലയിടത്തും അത് ശരിയായി വന്നിട്ടുമുണ്ട്. അത്തരത്തിൽ ഒന്നിന് ഇവിടെ പ്രസക്തി ഉണ്ടോ എന്ന് ചിന്തിയ്ക്കണം.  ശ്രീ സദാശിവം  ഗവർണർആയി വരുന്നതിനു  പലർക്കും  വലിയ എതിർപ്പ്ഉണ്ടായിരുന്നു. പിന്നീടതുമായി ഒത്തു ചേർന്ന് പോവുകയായിരുന്നു.  അതിൻറെ പ്രതിഫലനം ഈ സംഭവത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിയ്ക്കുന്നത് ഉചിതമായിരിയ്ക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ